2010-06-12
ഫല്‍ഗുനേട്ടന്...
ഇരുപത് വര്‍ഷം മുമ്പത്തെ എറണാകുളം നഗരം. കാനന്‍ ഷെഡ് റോഡിലെ സി പി എം ഓഫീസിലേക്ക് എസ് എഫ് ഐ നേതാവായിരുന്ന പ്രവീണിനെയും (ഇന്ന് അഡ്വ. പ്രവീണ്‍) കൂട്ടരെയും കാണാന്‍ കൂട്ടിക്കൊണ്ടുപോയത് അനില്‍ കുമാറായിരുന്നു (കൊച്ചിന്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായ അഡ്വ. അനില്‍ കുമാര്‍). എല്ലാവരും നല്ല സഖാക്കളാണല്ലോ എന്ന് കുശലം പറഞ്ഞപ്പോള്‍ അനിലിന്റെ മറുപടി ഇതായിരുന്നു - `യഥാര്‍ഥ സഖാക്കളെ കാണണമെങ്കില്‍ കണ്ണൂരുകാരെയും വടകരക്കാരെയും കാണണം. നല്ല സഖാക്കളാണവര്‍, വലിയ സ്‌നേഹമുള്ളവരും.'
കണ്ണൂര്‍, വടക സഖാക്കളുടെ സാമ്പിള്‍ കണ്ടത് രാജീവന്‍ കാവുമ്പായിയിലും പി കെ ഫല്‍ഗുനനിലുമായിരുന്നു. പ്രസ് അക്കാദമിയില്‍ പഠിക്കുമ്പോള്‍ രാജീവന്‍. എതിര്‍ക്കാം, തല്ലുകൂടാം, വേണമെങ്കില്‍ തല്ലുകയുമാവാം പക്ഷേ, ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്തയാള്‍. വടകരക്കാരന്‍ സഖാവിനെ കാണാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.
ദേശാഭിമാനിയില്‍ നിന്ന് കൈരളിയിലേക്ക് ചേക്കേറി പാലക്കാട് റിപ്പോര്‍ട്ടറായി നിയമിതനായ കാലം. ഒറ്റക്കൊരു ബ്യൂറോ കൊണ്ടുനടക്കുന്നതിലെ ആവേശവും പരിഭ്രമവുമായി പാലക്കാട്ടെത്തി. മുമ്പ് ജോലി ചെയ്‌തിരുന്ന സ്ഥാപനമായതിനാല്‍ നേരെ പോയത് ദേശാഭിമാനി ബ്യൂറോയിലേക്ക്. വിക്‌ടോറിയ കോളെജിന് സമീപത്തെ പഴയ വീട്. രണ്ടര വര്‍ഷത്തോളം നീണ്ട ദേശാഭിമാനി ജീവിതത്തിനിടെ കേട്ട് മാത്രം പരിചയമുള്ള പേരായിരുന്നു ഫല്‍ഗുനന്‍, ആളെ കണ്ടിട്ടില്ല.
പഴയ വീടിന്റെ വരാന്തയിലേക്ക് ചായ്‌ച്ച് മേഞ്ഞ ഓടില്‍ തലമുട്ടാതെ തടിച്ചുകൂറ്റനായ ഒരാള്‍ ഇറങ്ങിവന്നു. മുഖം നിറയുന്ന രോമക്കൂട്ടം. പുറത്തേക്ക് തള്ളി ചോര തുളുമ്പി നില്‍ക്കുന്ന കണ്ണുകള്‍. ഒറ്റനോട്ടത്തില്‍ ആരും അടുക്കാന്‍ മടിക്കുന്ന ശരീര പ്രകൃതം. ശരീരത്തിന് യോജിക്കുന്നതായിരുന്നില്ല ശബ്‌ദം. പെരുമാറ്റവും.
`നീ എന്നു മുതലാ തുടങ്ങുന്നേ' അപരിചിതമായ വടകര സ്ലാങ്ങില്‍ തുടക്കം. അന്നോളം കണ്ടിട്ടില്ലെങ്കിലും നീ എന്ന ഒരൊറ്റ സംബോധന കൊണ്ട് ചങ്ങാത്തം സ്ഥാപിക്കപ്പെട്ടിരുന്നു. ഏറെ ജൂനിയറാണെന്ന തോന്നല്‍ എനിക്കുണ്ടായതേയില്ല. തനിക്കൊപ്പമുള്ളയാള്‍ എന്ന നിലയില്‍ സംസാരിച്ചു. തനിക്കൊപ്പമുള്ളയാള്‍ എന്ന നിലയില്‍ കൊണ്ടുനടന്നു പിന്നെയങ്ങോട്ട് ഒന്നര വര്‍ഷം, അവിടെ നിന്ന് മടങ്ങുമ്പോഴേക്കും ജീവിതത്തില്‍ സംഭവിച്ച എല്ലാറ്റിലും പി കെ ഫല്‍ഗുനന്റെ നനുത്ത ശബ്‌ദത്തിന്റെ ഇടപെടലുണ്ടായിരുന്നു. എനിക്ക് മാത്രമല്ല, പാലക്കാട്ടെ പത്രപ്രവര്‍ത്തകര്‍ക്കാകെ സ്വീകാര്യമായിരുന്നു ഈ ശബ്‌ദം. എതിര്‍ക്കാം, കലഹിക്കാം, രോഷത്തോടെ പ്രതികരിക്കാം, പക്ഷേ, ഒരിക്കലും നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല ആര്‍ക്കും.
വാര്‍ത്താ ശേഖരണത്തിനുള്ള യാത്രകള്‍ മിക്കവാറും ഒന്നിച്ചായി. മടിയുണ്ടായിരുന്നതേയില്ല ആര്‍ക്കും. ഏത് സാഹസികതക്കും കൂടെ നില്‍ക്കും. ആളിയാറിലെ അണക്കെട്ടില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ വിഷ്വലെടുത്തത്...തമിഴ്‌നാട്ടിലെ സുരക്ഷാ ജീവനക്കാര്‍ അനുവദിക്കില്ലെന്ന് അറിയാമായിരുന്നു. വിഷ്വലെടുക്കാന്‍ പോവുകയാണെന്ന് ഫല്‍ഗുനേട്ടനോട് പറഞ്ഞു. നീ വേഗം എടുത്തിട്ട് പോര്, എന്ത് സംഭവിച്ചാലും നോക്കാമെന്ന് മറുപടി. വിഷ്വലെടുക്കാന്‍ തുടങ്ങിയപ്പോള്‍ പലഭാഗത്തു നിന്ന് ഒച്ചയും വിളിയും ഓടിക്കൂടലും. വണ്ടിയുടെ മുന്‍ സീറ്റില്‍ നിന്ന് ഫല്‍ഗുനന്‍ എന്ന വലിയ മനുഷ്യന്‍ ഇറങ്ങി നിന്നപ്പോള്‍ എതിര്‍ക്കാന്‍ എത്തിയവര്‍ ഒന്നറച്ചു. വണ്ടിയില്‍ നിന്നിറങ്ങി സിഗരറ്റ് കത്തിച്ച് വലിക്കുന്ന ഈ മനുഷ്യന്‍ വെറും പാവമാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ!
വിഷ്വലെടുത്ത് മടങ്ങുമ്പോള്‍ നേര്‍ത്ത ചിരിയോടെ ഫല്‍ഗുനേട്ടന്‍ - `അവരെങ്ങാനും നിങ്ങളെ തല്ലിയിരുന്നുവെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനേ?'
പത്രപ്രവര്‍ത്തകന്റെ ജീവിതത്തില്‍ സാധാരണമായ മറ്റ് നിരവധി സംഘര്‍ഷങ്ങളിലും ഈ ചിരിയും നനുത്ത ശബ്‌ദവും സഹായമായി ഉണ്ടായിരുന്നു. പലഘട്ടങ്ങളെയും നേരിടാനുള്ള വലിയ ആയുധം നിസ്സംഗതയാണെന്ന് പഠിപ്പിക്കുകയായിരുന്നു. പാലക്കാടു നിന്ന് പിരിഞ്ഞതിന് ശേഷം കാണലും വിളിക്കലും വല്ലപ്പോഴുമായി. വല്ലപ്പോഴുമുള്ള കാഴ്‌ചയും വിളിയും പരിഭവത്തില്‍ മുങ്ങിയിരുന്നില്ല. ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ സംസാരിച്ചു, തീര്‍ത്തും അത്മാര്‍ഥമായി.
ഞാന്‍ കൊച്ചിയില്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോള്‍ പി കെ ഫല്‍ഗുനന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. ഇടക്ക് രണ്ട് വട്ടം വീട്ടില്‍ വന്നു. `ഞാന്‍ രണ്ട് ദിവസം ഒളിച്ചു താമസിക്കാന്‍ വന്നതാണ്. തിരക്കും ഫോണുമില്ലാതെ. വടകരയിലെ വീട്ടില്‍പ്പോയാലും തിരക്കുണ്ടാവും. ഇവിടെയാവുമ്പോള്‍ ആരുമറിയില്ല'. പായ വിരിച്ച് നീണ്ട് നിവര്‍ന്ന് കിടന്നു, സ്വസ്ഥമായി ഉറങ്ങി. ഔപചാരികതകള്‍ക്കൊന്നും ഇടയില്ലാതെ താമസിച്ചു, മടങ്ങി. വടകരക്കാരനായ സഖാവിന്റെ എല്ലാ നന്മകളുമായി.
ഇപ്പോള്‍ വീണ്ടും ഔപചാരികതള്‍ക്കൊന്നും ഇട ബാക്കിവെക്കാതെ മടങ്ങിയിരിക്കുന്നു. നനുത്ത ശബ്‌ദവും ചിരിയും ഇനി കാണാനാവില്ല. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ എട്ടാം വാര്‍ഡില്‍ കാണുമ്പോള്‍ മുഖത്ത് ശാന്തത മാത്രം. ശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്ന് ഗായത്രി രണ്ടോ മൂന്നോ വട്ടം പറഞ്ഞു. മരണം വിശ്വസിക്കാന്‍ പ്രയാസം. ആദ്യം കണ്ടപ്പോള്‍ നീയെന്ന് അഭിസംബോധന ചെയ്‌ത ഓര്‍മ ഗായത്രിക്കുമുണ്ട്. ആ വിളി ഒട്ടും അലോസരപ്പെടുത്തിയില്ലെന്നതും.
പത്രപ്രവര്‍ത്തകര്‍ എല്ലാവരെക്കുറിച്ചും എഴുതും. അവരെക്കുറിച്ച് എഴുതാന്‍ ആരുമുണ്ടാവാറില്ല. ഇതൊരു സ്വന്തം ഇടമാണ്, ഫല്‍ഗുനേട്ടനെ സ്‌നേഹത്തോടെ ഓര്‍ക്കാന്‍...
Subscribe to:
Post Comments (Atom)
നിങ്ങളോര്ത്തതുകൊണ്ട് ഞങ്ങളറിയുന്നു.
ReplyDeleteആദരാഞ്ജലികള്‍
Condolence.
ReplyDeleteവരികളില്‍ കൂടി അദ്ദേഹത്തെ വായിച്ചെടുക്കുന്നു.ചിലതെല്ലാം ബാക്കിയാക്കി ചിലര്‍ മറയുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ നൊമ്പരമുള്ള, നോവുള്ള ഒരു ലേഖനമായിരുന്നു ഇപ്രാവിശ്യം എഴുതിയത് ..മനസിന്റെ കൂടെ സധൈര്യമായി നിഴലുപോലെ നടന്നവര്‍ ,അവര്‍ക്ക് പിന്നാലെ അനുഗമിക്കുന്നവര്‍ അവരുടെ ഒക്കെ വിടവാങ്ങല്‍ മനസിലേക്ക് ഇരച്ചുകയറുന്ന ശൂന്യത അവ വല്ലാത്ത ആലോചനയിലേക്ക് നമ്മെ കൊണ്ട് പോകും
ReplyDeleteഎഴുതണം ഇങ്ങനെയുള്ള വേറിട്ട പത്രക്കാരെ കുറിച്ച് എഴുതണം .സാമൂഹ്യ ജീവിതത്തിന്റെ സ്പന്തങ്ങള്‍ ജനങ്ങളുടെ അറിവിലേക്കും, ബോധങ്ങളിലേക്കും എത്തികുന്നവരെ പ്രത്യേകിച്ച് ഫല്‍ഗുനേട്ടനെ പോലെയുള്ളവര്‍ ജനം അറിയണം അതിനു സഹപ്രവര്‍ത്തകര്‍ തന്നെ എഴുതണം .
പിന്നെ എല്ലായിടത്തും ഉണ്ട് നല്ല സഖാക്കള്‍ രാജീവ്....
നമ്മള്‍ പലപ്പോഴും നമ്മുടെ അറിവില്‍ നിന്നുകൊണ്ട് മുന്‍വിധിയോടെ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് അത് അറിയാതെ പോക്കുന്നത് .
അഭിനന്ദനങ്ങള്‍.....