2010-06-24
സഭ ഗാലറിയിലല്ല
വിശുദ്ധ ജോര്‍ജ് ഗീവര്‍ഗീസ് സഹദായുടെ പേരില്‍ ഇടപ്പള്ളിയിലുള്ള പുരാതനമായ പള്ളി. അതിനു കീഴില്‍ ഒരു ലോവര്‍ പ്രൈമറിയും ആണ്‍, പെണ്‍ ഭേദം തിരിഞ്ഞുള്ള ഹൈസ്‌കൂളുകളും. ഇതില്‍ വിശുദ്ധ ജോര്‍ജിന്റെ പേരിലുള്ള സ്‌കൂളില്‍ നിന്ന് എണ്‍പതുകളുടെ അവസാനത്തിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. `പാലായിലെ പാതിരിമാര്‍ക്കും പാലക്കാട്ടെ പട്ടന്‍മാര്‍ക്കും കോഴിക്കോട്ടെ കോയമാര്‍ക്കും വിദ്യാഭ്യാസ മേഖലയാകെ തീറുകൊടുത്തൊരു സര്‍ക്കാറേ....' എന്നു തുടങ്ങിയ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ മുദ്രവാക്യം അന്തരീക്ഷത്തില്‍ സജീവമായി നിന്നിരുന്ന കാലം.
ഈണത്തിന്റെ പ്രത്യേകത കൊണ്ട് മുദ്രാവാക്യം മനസ്സില്‍ എളുപ്പത്തില്‍ പതിഞ്ഞിരുന്നുവെങ്കിലും വിശുദ്ധ ജോര്‍ജിന്റെ പേരിലുള്ള, കത്തോലിക്കാ സഭ നടത്തുന്ന എയിഡഡ് സ്‌കൂളില്‍ കച്ചവടമാണെന്ന് തോന്നിയിരുന്നില്ല. അധ്യാപകരില്‍ ഭൂരിഭാഗവും ക്രിസ്‌തുമത വിശ്വാസികളായിരുന്നുവെങ്കിലും സ്‌കൂളിന്റെ അന്തരീക്ഷത്തില്‍ ഒരിക്കലും ക്രൈസ്‌തവ വിശ്വാസത്തിന്റെ മുദ്രകളുണ്ടായിരുന്നില്ല. അന്തപ്പന്‍ സാറോ അന്നാമ്മ ടീച്ചറോ യേശു ക്രിസ്‌തുവിന്റെ മഹത്വമോ ക്രിസ്‌തു മതത്തിന്റെ മേന്‍മയോ വിവരിക്കാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചതായി ഓര്‍മയില്ല. ബൈബിള്‍ പുതിയ നിയമം പഠിപ്പിക്കുന്ന കാറ്റികിസം പീരിയഡ് ആഴ്‌ചയിലൊരിക്കല്‍ നടന്നിരുന്നു. ആ സമയത്ത് ഇതര മതവിശ്വാസികള്‍ക്ക് ധാര്‍മിക മൂല്യങ്ങളെക്കുറിച്ച് പ്രത്യേകം ക്ലാസ്സ്. എല്ലാ വെള്ളിയാഴ്‌ചയും ഉച്ചഭക്ഷണത്തിന് ക്ലാസ് പിരിഞ്ഞിരുന്നത് പന്ത്രണ്ടരക്കാണ്. സ്‌കൂളില്‍ തീര്‍ത്തും ന്യൂനപക്ഷമായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നിസ്‌കരിക്കാന്‍ വേണ്ടി.
വിശുദ്ധ ജോര്‍ജിന്റെ നാമധേയത്തിലുള്ള സ്‌കൂളില്‍ നിന്ന് പീന്നിട് പഠിക്കാനെത്തിയത് എറണാകുളം തേവരയിലെ തിരു ഹൃദയ കലാലയത്തിലായിരുന്നു. കത്തോലിക്കാ സഭയുടെ കീഴിലുള്ള മറ്റൊരു പ്രമുഖ സ്ഥാപനം. സ്‌കൂളില്‍ കന്യാസ്‌ത്രീകളായ അധ്യാപകര്‍ മുന്നോ നാലോ പേരുണ്ടായിരുന്നു. ഇവിടെ ശുഭ്ര വസ്‌ത്രധാരികളായ അച്ചന്‍മാരാണ് മാനേജര്‍, പ്രിന്‍സിപ്പല്‍ തുടങ്ങി ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. അധികാര സ്ഥാനങ്ങളില്‍ സഭാ നേതൃത്വത്തിന്റെ നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ കോളജിന്റെ അന്തരീക്ഷത്തില്‍ പറയത്തക്ക ക്രൈസ്‌തവ ചിഹ്നങ്ങളുണ്ടായിരുന്നില്ല. ദിവസാരംഭത്തില്‍ കോളജ് മുഴുവന്‍ മുഴങ്ങിയിരുന്ന പ്രാര്‍ഥന പോലും ഇത്തരം ചിഹ്നങ്ങളില്‍ നിന്ന് മുക്തം. കോളജ് ജീവനക്കാരന്‍ തന്നെയായിരുന്ന ജോണ്‍ പ്രാര്‍ഥനക്ക് നല്‍കിയ ഈണത്തില്‍ നിന്ന് പോലും ക്രൈസ്‌തവികത ഒഴിവായി നിന്നു.
മലയാളി സമൂഹത്തിന് വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്‌തവ സഭകള്‍ ചെയ്യുന്ന മഹത്തായ സേവനത്തെക്കുറിച്ച് ബോധ്യം നല്‍കാന്‍ വേണ്ടി, ബോധപൂര്‍വം ചിഹ്നങ്ങളെ ഒഴിവാക്കി നിര്‍ത്തിയതാകാം. പക്ഷേ, അതിനുള്ള ബുദ്ധിയും വിവേകവും അന്നത്തെ സഭാ നേതൃത്വത്തിനുണ്ടായിരുന്നു. വര്‍ഗീയമായ നിലപാടുകളുടെയും ചെയ്‌തികളുടെയും പേരില്‍ മുന്‍കാലങ്ങളിലും അന്നും സഭ കുറ്റപ്പെടുത്തപ്പെട്ടിരുന്നുവെങ്കില്‍ കൂടി.
ഈ രണ്ട് വിദ്യലയാന്തരീക്ഷങ്ങള്‍ കുറച്ച് വിശദീകരിച്ച് രേഖപ്പെടുത്തേണ്ടിവന്നത്, താമരശ്ശേരി രൂപത പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ പുലര്‍ത്തേണ്ട വിശ്വാസദാര്‍ഢ്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതാണ് മാര്‍ഗനിര്‍ദേശം. `ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണ ഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ് നമ്മുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്. ഇത്തരത്തില്‍ നിയമിതരാവുന്ന അധ്യാപകര്‍ക്ക് ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നത് മറക്കരുത്. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്‌തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്' - മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
വിശുദ്ധ ജോര്‍ജിന്റെ സ്‌കൂളില്‍ അന്തപ്പന്‍ സാറും അന്നാമ്മ ടീച്ചറും ഇനി പഴയപോലെ പ്രവര്‍ത്തിച്ചാല്‍ മതിയാവില്ലെന്ന് ചുരുക്കം. വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നാല്‍ സ്വയം വിട്ടുനില്‍ക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. അവരുടെ അധ്യാപന രീതികളുടെ പ്രത്യേകതകളാല്‍ അത്തരം പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കുട്ടികള്‍ പ്രേരിതരാവണമെന്നുകൂടിയാണ്.
ഭരണഘടനാ ദത്തമായ പ്രത്യേക അധികാരത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് താമരശ്ശേരി രൂപത മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് മതത്തില്‍ വിശ്വസിക്കാനും അനുവാദമുള്ളതുപോലെ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വെല്ലുവിളിയുയര്‍ത്താത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും പ്രത്യയശാസ്‌ത്രങ്ങളിലും വിശ്വസിക്കാനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട് എന്നത് സഭാ നേതാക്കള്‍ മറന്നുപോയതുപോലെ തോന്നുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശവും ഭരണഘടനാദത്തമാണ്. ഇവയെ വെല്ലുവിളിച്ച് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സഭാ നേതൃത്വത്തിന് സാധിക്കില്ല എന്നതും അവര്‍ ഓര്‍മിക്കേണ്ടതായിരുന്നു.
അധ്യാപകരുടെ രാഷ്‌ട്രീയ വിശ്വാസങ്ങളെ നിയന്ത്രിക്കുക എന്നത് മാത്രമല്ല ഇതിലൂടെ സഭ ചെയ്യുന്നത്, മറിച്ച് നേരിട്ട് രാഷ്‌ട്രീയത്തില്‍ ഇടപെടുക കൂടിയാണ്. ക്രൈസ്‌തവ വിശ്വാസത്തോട് പൊരുത്തപ്പെടാത്ത പ്രത്യയശാസ്‌ത്രങ്ങളില്‍ വിശ്വസിക്കാന്‍ പാടില്ല എന്ന നിബന്ധന ആ മതം മുന്നോട്ടുവെക്കുന്ന ഉയര്‍ന്ന മാനവിക ദര്‍ശനങ്ങള്‍ക്ക് വിരുദ്ധവുമാണ്. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമേകണമെന്ന സിദ്ധാന്തത്തെ തീര്‍ത്തും അവഗണിച്ച് ലോകത്ത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാനാവില്ല തന്നെ. ആ നിലക്ക് ഏത് പ്രത്യയശാസ്‌ത്രങ്ങളാണ് മത വിശ്വാസത്തിന് എതിരായി വരുന്നത് എന്നത് സഭാ നേതൃത്വം തന്നെ വ്യക്തമാക്കി തരേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയെയാകെ രാഷ്‌ട്രീയവത്‌കരിക്കാനും നിരീശ്വരവത്‌കരിക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നതുകൊണ്ട് ലക്ഷ്യമിടുന്നത് എവിടെയാണെന്ന് ഏറെക്കുറെ വ്യക്തമാണ്. `മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടായപ്പോള്‍ എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്‌ത് മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നു. ഈ മാറ്റം തൃപ്‌തികരമായി നടപ്പാക്കപ്പെട്ടില്ലെങ്കിലോ, സമാനമായ പാഠ ഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലോ തര്‍ക്കം ഉന്നയിക്കുന്നതില്‍ അര്‍ഥമുണ്ട്. അത്തരം സംഗതികളൊന്നും നിലവിലില്ലാതിരിക്കെ ഇത്തരമൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത് പരോക്ഷമായെങ്കിലും വര്‍ഗീയതയായി കാണേണ്ടിവരും.
സംസ്ഥാനത്ത് ഇതര മതവിഭാഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നടത്തുന്നുണ്ട്. അവരില്‍ ചിലര്‍ക്കെങ്കിലും ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശങ്ങളുമുണ്ട്. ഈ അവകാശങ്ങളില്ലാത്തവരുടെ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് നേരിട്ടാണ് നിയമനങ്ങള്‍ നടത്തുന്നത്. അവരെല്ലാം ഇത്തരം മാനദണ്ഡങ്ങളുമായി രംഗത്തിറങ്ങിയാല്‍ അത് സ്വാഗതാര്‍ഹമാവുമോ?
ഭരണഘടനാദത്തമായ അവകാശങ്ങളുടെ നിര്‍വഹണം മാത്രമായല്ല സഭക്കു കീഴിലെ സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിന് ലക്ഷങ്ങള്‍ ഡൊനേഷന്‍ നല്‍കണം, പ്രത്യേകിച്ച് എയിഡഡ് സ്ഥാപനമാണെങ്കില്‍. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തിരിച്ച് നിരക്ക് കൂടും. കോളേജധ്യാപക നിയമനമാണെങ്കില്‍ ദശലക്ഷങ്ങള്‍ നല്‍കേണ്ടിവരും. ഇങ്ങനെ നിയമിതരാവുന്നവരോട് പ്രത്യയശാസ്‌ത്രത്തോടുള്ള വിയോജിപ്പും വിശ്വാസത്തോടുള്ള കൂറും പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ല തന്നെ. അങ്ങനെ വേണമെങ്കില്‍ നിയമനത്തിന്റെ കാര്യത്തില്‍ കൂടി ക്രിസ്‌തീയ വിശ്വാസ പ്രമാണങ്ങള്‍ പ്രാബല്യത്തിലാക്കട്ടെ. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കട്ടെ, ചുങ്കക്കാരെ മാറ്റിനിര്‍ത്തട്ടെ. സാധിക്കുമോ സഭാ നേതാക്കള്‍ക്ക്.
മറ്റൊരു കാര്യം കൂടിയുണ്ട്. ഏതാനും വര്‍ഷങ്ങളായി പള്ളികളില്‍ വായിച്ചുകേള്‍പ്പിക്കുന്ന ഇടയലേഖനങ്ങള്‍ ഊന്നിപ്പറയുന്നത് `നമ്മുടെ വിശ്വാസ സ്വാതന്ത്ര്യ'ത്തെക്കുറിച്ചാണ്. സ്വന്തം വിശ്വാസസ്വാതന്ത്ര്യത്തെക്കുറിച്ച് ഇങ്ങനെ വ്യാകുലരായ ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ ഇതരവിഭാഗം വിദ്യാര്‍ഥികള്‍ക്ക് മഫ്‌ത ധരിക്കാനും അധ്യാപകര്‍ക്ക് ഇതര ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും കഴിയാതെ വരിക എന്ന വൈരുദ്ധ്യം വിചിത്രമാണ്!
കേരളത്തില്‍ സ്വാശ്രയ കോളജുകളും കോഴ്‌സുകളും ആരംഭിക്കുന്നതോടനുബന്ധിച്ച് ആരംഭിച്ച അരാഷ്‌ട്രീയവത്‌കരണ ശ്രമത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ സഭാ നിര്‍ദേശങ്ങളെയും കാണാനാവൂ. ക്യാമ്പസുകളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് വാദിച്ചതിന്റെ മുന്‍പന്തിയില്‍ സഭയായിരുന്നു. വിദ്യാര്‍ഥി സംഘടനകളെ നിരോധിക്കണമെന്ന് വരെ അവര്‍ ആവശ്യപ്പെട്ടു. വിവിധ വ്യവഹാരങ്ങളില്‍ കോടതികള്‍ പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനം പലയിടങ്ങളിലും നിയന്ത്രിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്. രാഷ്‌ട്രീയമില്ലാതെ ഒരു വിദ്യാഭ്യാസവും പൂര്‍ത്തിയാവുന്നില്ലെന്ന് ക്രൈസ്‌തവ സഭാ നേതൃത്വങ്ങള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
ഇതര മത വിഭാഗങ്ങള്‍ക്കൊന്നും രാഷ്‌ട്രീയത്തോട് ഇത്രമാത്രം വിയോജിപ്പോ എതിര്‍പ്പോ ഇല്ലെന്നത് കൂടി കണക്കിലെടുക്കണം. ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രൈസ്‌തവരേക്കാളധികം ചോദ്യം ചെയ്യപ്പെടുന്നവരാണ് മുസ്‌ലിംകള്‍. ആരോപിക്കപ്പെടുന്ന വിഭജനോത്തരവാദിത്വത്തിന്റെ പേരില്‍ ഇപ്പോഴും ക്രൂശിതരാവുന്നവര്‍. പുതിയ ആഗോള സാഹചര്യത്തില്‍ സ്വന്തം വിശ്വാസവും വ്യക്തിത്വവും നിലനിര്‍ത്താന്‍ ഇത്രയധികം പാടുപെടേണ്ടിവരുന്ന ഒരു വിഭാഗം ലോകത്ത് വേറെയില്ല. അവരും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സജീവമാണ്. പക്ഷേ, അവരൊന്നും ഇത്തരം നിബന്ധനകള്‍ക്കോ, അരാഷ്‌ട്രീയവത്‌കരണത്തിനോ തയ്യാറാവുന്നില്ല. ചുറ്റുവട്ടത്ത് നടക്കുന്നതിനൊപ്പം ആഗോളതലത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നതിനാലാണത്. രാഷ്‌ട്രീയം നിഷേധിക്കുക എന്നത്, ചെറുത്തുനില്‍പ്പുകളെ ഇല്ലാതാക്കാനാണ് എന്ന തിരിച്ചറിയല്‍ അവര്‍ക്കുണ്ട്. ചെറുത്തുനില്‍പ്പുകള്‍ ഇല്ലാതാവേണ്ടത് ആരുടെ ആവശ്യമാണെന്നും അവര്‍ അറിയുന്നുണ്ട്.
ഇത്തരം അറിവുകള്‍ ഇല്ലാത്തവരല്ല, സഭാ നേതൃത്വം. അതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിതരാവുന്ന അധ്യാപകര്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്‌ഘോഷിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ മഫ്‌ത ധരിക്കുന്നത് നിരോധിക്കുന്നത്. ഒട്ടും ഉദാസീനമല്ലാത്ത രാഷ്‌ട്രീയം ഇതിലുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഭരണകൂടം പിന്തുണക്കുന്ന, അധിനിവേശത്തെ ന്യായീകരിക്കുകയും അതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയം. ലൗ ജിഹാദ് എന്ന സംഘപരിവാര്‍ പ്രേരിതമായ പ്രചാരണത്തിന് ജില്ല തിരിച്ചുള്ള ഇരകളുടെ കണക്ക് പ്രസിദ്ധീകരിച്ച് ആധികാരികതയുടെ പരിവേഷം ചാര്‍ത്താന്‍ ഇവര്‍ യത്‌നിച്ചിരുന്നുവെന്ന് കൂടി ഓര്‍ക്കുക.
തൊട്ടതിനും പിടിച്ചതിനും ഇടയലേഖനങ്ങള്‍ പുറത്തിറക്കി, വിശ്വാസത്തിന്റെ പേരില്‍ നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോര്‍വിളികള്‍ മുഴക്കുന്നവര്‍, രാഷ്‌ട്രീയ വിരുദ്ധത സൃഷ്‌ടിച്ച്, സാമ്രാജ്യത്വത്തിനും കമ്പോളാധിപത്യത്തിനും കീഴ്‌പെടാന്‍ തയ്യാറുള്ള തലമുറയെ സൃഷ്‌ടിച്ചെടുക്കുക എന്ന ദൗത്യത്തിലാണോ എന്ന് സംശയിച്ചുപോയാല്‍ തെറ്റ് പറയാനാവില്ല. പണം, അധികാരം എന്നിവക്കുമേല്‍ സഭയും അതിന്റെ നേതാക്കളും സ്ഥാപിച്ചെടുത്ത മേല്‍ക്കോയ്‌മ തുടരാനും സമുഹം അരാഷ്‌ട്രീയമാവേണ്ടത് അനിവാര്യമാണ്.
Subscribe to:
Post Comments (Atom)
കേരളത്തിലെ ക്രിസ്തീയ സഭയുടെ വിദ്യാഭ്യാസ രംഗത്തെ ഇരട്ടത്താപ്പുകള്‍ ചൂണ്ടിക്കാണിക്കാനും കാര്യങ്ങള്‍ തുറന്നടിച്ചു പറയാനും രാജീവ് നടത്തിയ ശ്രമം തികച്ചും അഭിനന്ദനീയം തന്നെ! ഭരണഘടനയില്‍ ഉണ്ട് എന്നു പറയപ്പെടുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങളെല്ലാം കാണിക്കുന്ന പേക്കൂത്തുകള്‍ തന്നെ ഇതും! പക്ഷേ, 'എന്തും ചെയ്യാം ' എന്ന ഒരു ധാര്‍ഷ്ട്യം സഭയ്ക്കുണ്ടെന്നു തോന്നാറുണ്ട്.
ReplyDeleteസമാന വിഷയത്തില്‍ എന്റെ പോസ്റ്റ് ഇവിടെ:
ReplyDeletehttp://pulchaadi.blogspot.com/2010/06/blog-post.html
അക്ഷരവലുപ്പം കൂടിയതിനാല് വായിക്കാന് ലേശം ബുദ്ധിമുട്ടി
ReplyDeleteമാര്‍ റെമീജിയോസിന്റെ "വിവാദ!!" സര്‍ക്കുലര്‍
ReplyDeleteരാജീവ്, നല്ല ലേഖനം. ഈയിടെയായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന ഈ രീതിയിലുള്ള നിലപാടുകളും നിര്‍ദേശങ്ങളും ഇടയ ലേഖനങ്ങളും വളരെ വിചിത്രം തന്നെ. വിശ്വാസത്തിനു മേലെ ബിസിനസ് ആവശ്യങ്ങള്‍ കൂടുന്നത് കൊണ്ടാവാം, ഈ രീതിയിലുള്ള നിലപാടുകള്‍ വെളിയില്‍ വരുന്നത്.. മറ്റു ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്കൊന്നും ഇതില്‍ പങ്കില്ലെങ്കിലും അവരാരും ഇതിനെതിരെയോ അനുകൂലമായോ ഒന്നും മിണ്ടാത്തത് അതിലും കഷ്ടം. സമൂഹത്തില്‍ നിന്ന് ക്രൈസ്തവരെ ഒന്നാകെ വെറുപ്പിച്ചു നിര്‍ത്താന്‍ പോന്ന ഈ രീതികളില്‍ നിന്ന് കത്തോലിക്ക സഭ ഇനിയെങ്കിലും ഒന്ന് പിന്മാറിയിരുന്നെന്കില്‍ എന്നാശിക്കുന്നു.
ReplyDeleteVERY GOOD POST..GOOD LUCK
ReplyDelete