2010-06-15
ചതി, ചതി മാത്രം
ഉറങ്ങിക്കിടന്ന ഒരു ജനതയുടെ ശ്വാസനാളത്തിലേക്ക് വിഷവാതകം തുറന്നുവിട്ടിട്ട് വര്‍ഷം 26 ആവുന്നു. കീടനാശിനി നിര്‍മിക്കാന്‍ വേണ്ടി യൂനിയന്‍ കാര്‍ബൈഡ് കമ്പനി ശേഖരിച്ച മാരകമായ വിഷരാസവസ്‌തുവും ഉത്‌പാദനത്തിന് ശേഷം പുറന്തള്ളുന്ന വിഷമാലിന്യവും ഭൂഗര്‍ഭ ജലത്തെയും അന്തരീക്ഷത്തെയും വിഷമയമാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 40 ആയിട്ടുണ്ടാവും. ചോര്‍ച്ചക്ക് ശേഷം പൂട്ടിയിട്ട പ്ലാന്റില്‍ ഇപ്പോഴും ടണ്‍ കണക്കിന് വിഷവസ്‌തുക്കളുണ്ട്. വിഷവാതകം ശ്വസിച്ച് ഉടന്‍ മരിച്ചവരും ജീവച്ഛവമായി തുടര്‍ന്ന് പിന്നീട് മരണത്തിലെത്തിയവരും കാല്‍ ലക്ഷത്തോളമാണ്. ശാരീരിക അസ്വസ്ഥതകളുമായി ജീവിതം തുടരുന്നവര്‍ ലക്ഷങ്ങളാണ്. വിഷത്തിന്റെ കാഠിന്യം മൂലം വൈകല്യങ്ങളോടെ ജനിച്ചു വീണവരും ആയിരക്കണക്കിനുണ്ട്.
ഇത്രയും ഭീതിദമായ വസ്‌തുതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഒന്നും അറിഞ്ഞുകൂടെന്നാണ് നമ്മുടെ ഭരണ നേതൃത്വത്തിലുള്ളവര്‍ പറയുന്നത്. എത്ര പേര്‍ മരിച്ചുവെന്നതിന് കൃത്യമായ കണക്കില്ല, ദുരന്തത്തിന് ഇരയായി തുടര്‍ ജീവിതം നയിക്കുന്നവര്‍ എത്രയുണ്ടെന്ന് അറിയില്ല, വാതകചോര്‍ച്ചക്ക് ഉത്തരവാദിയാരാണെന്ന് അറിയില്ല, ഉത്തരവാദിയാണെന്ന് ആരോപിക്കപ്പെടുന്നയാള്‍ ജാമ്യം നേടി അമേരിക്കയിലേക്ക് കടന്നത് എങ്ങനെയാണെന്നുമറിയില്ല. അറിയാതിരിക്കുകയല്ല, അറിയില്ലെന്ന് നടിക്കുകയോ അറിയേണ്ടെന്ന് കരുതുകയോ ആണെന്ന് വേണം മനസ്സിലാക്കാന്‍. അറിഞ്ഞ കാര്യങ്ങളില്‍ തന്നെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് തോന്നിയതുമില്ല. അതുകൊണ്ടാണ് ടണ്‍ കണക്കിന് വിഷവസ്‌തുക്കള്‍ ഇപ്പോഴും ശേഷിക്കുന്ന ഭോപ്പാലിലെ പ്ലാന്റ് മ്യൂസിയമാക്കി മാറ്റാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശും മധ്യപ്രദേശിലെ ഭോപ്പാല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള മന്ത്രി ബാബു ലാല്‍ ഗൗറും ചേര്‍ന്ന് ആലോചിച്ചത്.
വിഷമാലിന്യം നീക്കി ഭൂഗര്‍ഭ ജലം വീണ്ടും വിഷലിപ്‌തമാവുന്നത് തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ഇതുവരെ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറായില്ല. അടുത്തൊരു തലമുറക്കെങ്കിലും ശുദ്ധജലം കിട്ടാനുള്ള സാധ്യതയാണ് ഇവര്‍ അടച്ചത്. യൂനിയന്‍ കാര്‍ബൈഡോ, പിന്നീട് ആ കമ്പനി ഏറ്റെടുത്ത ഡൗ കെമിക്കല്‍സോ മാലിന്യം നീക്കുമെന്നോ അല്ലെങ്കില്‍ അതിനുള്ള ചെലവ് വഹിക്കുമെന്നോ ഇവര്‍ കരുതിയിരുന്നോ? അങ്ങനെ കരുതിയിരുന്നുവെങ്കില്‍ അതിനുവേണ്ട നടപടികളെന്തെങ്കിലും സ്വീകരിച്ചിരുന്നോ? ഇല്ലെന്ന് മാത്രമല്ല, യൂനിയന്‍ കാര്‍ബൈഡിനെയും ഡൗ കെമിക്കല്‍സിനെയും ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി നിര്‍ത്താന്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണ് ചെയ്‌തത്. ആന്‍ഡേഴ്‌സണിനെ ജാമ്യം നല്‍കി അമേരിക്കയിലേക്ക് പോകാന്‍ എല്ലാ സൗകര്യവും ഒരുക്കി നല്‍കിയതു മുതല്‍ യൂനിയന്‍ കാര്‍ബൈഡിനെ ഡൗ വാങ്ങിയതു വരെയുള്ള സംഭവങ്ങളിലെല്ലാം ഇത് വ്യക്തവുമാണ്.
1984 ഡിസംബര്‍ രണ്ടിന് രാത്രിയും മൂന്നിന് പുലര്‍ച്ചെയുമായാണ് വിഷവാതകം ചോര്‍ന്നത്. ഡിസംബര്‍ ഏഴിന് ആന്‍ഡേഴ്‌സണ്‍ ഭോപ്പാല്‍ സന്ദര്‍ശിച്ചു. പോലീസ് അറസ്റ്റ് ചെയ്‌ത ആന്‍ഡേഴ്‌സണിനെ മണിക്കൂറുകള്‍ക്കം ജാമ്യം നല്‍കി, മധ്യപ്രദേശ് സര്‍ക്കാറിന്റെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് ആചാരോപചാരങ്ങളോടെ മടക്കി അയക്കാന്‍ അര്‍ജുന്‍ സിംഗ് (മധ്യപ്രദേശ് മുഖ്യമന്ത്രി) മുതല്‍ രാജീവ് ഗാന്ധി (പ്രധാനമന്ത്രി) വരെയുള്ളവര്‍ ജാഗരൂകരായി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ആന്‍ഡേഴ്‌സണിനെ വേഗം ഭോപ്പാലില്‍ നിന്ന് മാറ്റുകയായിരുന്നുവെന്നാണ് അര്‍ജുന്‍ സിംഗ് അന്ന് വിശദീകരിച്ചത്. ഇപ്പോള്‍ ഇതേ വാദം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അമേരിക്കക്കും ഇന്ത്യന്‍ ഭരണകൂടത്തിനും കൊല്ലപ്പെട്ട ആയിരങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടതായിരുന്നു ആന്‍ഡേഴ്‌സണിന്റെ ജീവനെന്നും അതിനാല്‍ സുരക്ഷിതനാക്കുന്നതിന് ഡല്‍ഹിയിലേക്ക് മാറ്റിയെന്നും ആശ്വസിക്കുക. ഡല്‍ഹിയിലും സുരക്ഷ പോരെന്ന് തോന്നിയതിനാലാണോ അമേരിക്കയിലേക്ക് മടങ്ങാന്‍ അനുവദിച്ചത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരമുണ്ടാവില്ല.
ആന്‍ഡേഴ്‌സണിനെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യുന്നത് ഒഴിവാക്കി സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കി, അമേരിക്കയിലെ സ്വന്തം എസ്റ്റേറ്റില്‍ സുഖജീവിതം ഒരുക്കിക്കൊടുത്തുവെങ്കില്‍ അതിന്റെ പിന്നില്‍ യു എസ് സമ്മര്‍ദം അത്രമേലുണ്ടായിക്കാണണം. അത് മാത്രമല്ല, ആന്‍ഡേഴ്‌സണ്‍ പുറത്തുപറയാന്‍ ഇടയുള്ള ചില കാര്യങ്ങളെങ്കിലും ഇന്ത്യന്‍ ഭരണാധികാരികളെ ബുദ്ധിമുട്ടിലാക്കുമെന്ന ഭീതിയും ഉണ്ടായിട്ടുണ്ടാവണം.
ആന്‍ഡേഴ്‌സണിന് രക്ഷാപാതയൊരുക്കിയതോടെ അവസാനിക്കുന്നില്ല ചതിയുടെ ചരിത്രം. യൂനിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന് രക്ഷപ്പെടാനും ഇന്ത്യന്‍ ഭരണകൂടം അവസരമൊരുക്കിക്കൊടുത്തു. ഭോപ്പാലിലെ പ്ലാന്റ് നടത്തിയിരുന്നത് യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു. അമേരിക്കയിലെ യൂനിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഇന്ത്യയിലെ സന്തതി.
കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിലുണ്ടായിരുന്ന ഓഹരികളൊക്കെ 1994ല്‍ യൂനിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ വിറ്റൊഴിഞ്ഞു. ഇന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായിരിക്കെയാണ് ഈ വില്‍പ്പന നടന്നത്. ഓഹരികള്‍ വിറ്റൊഴിയണമെങ്കില്‍ നിയമപ്രകാരം അതിന് അനുമതികള്‍ വാങ്ങേണ്ടതുണ്ട്. ഭോപ്പാലിലെ ഇരകള്‍ക്ക് മതിയായ നഷ്‌ടപരിഹാരം ലഭ്യമാവാതിരിക്കെ, അവിടുത്തെ വിഷവസ്‌തുക്കള്‍ നീക്കാന്‍ നടപടിയൊന്നും സ്വീകരിക്കാതിരിക്കെ, ഓഹരികള്‍ വിറ്റൊഴിഞ്ഞ് പോകാന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന് അനുമതി ലഭിച്ചത് എങ്ങനെയെന്ന് വിശദീകരിക്കേണ്ട ബാധ്യത ഡോ. മന്‍മോഹന്‍ സിംഗിനുമുണ്ട്.
2001ല്‍ യൂനിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനെ ഡൗ കെമിക്കല്‍സ് വാങ്ങിയപ്പോഴാണ് ചതിയുടെ അടുത്ത അധ്യായം. കമ്പനികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്നത് അപൂര്‍വമായ സംഗതിയല്ല. ഒരു കമ്പനി വാങ്ങുമ്പോള്‍ അതിന്റെ ആസ്‌തികള്‍ മാത്രമല്ല ബാധ്യതകള്‍ കൂടിയാണ് വാങ്ങുന്നത്. പക്ഷേ, യൂനിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ് വാങ്ങിയപ്പോള്‍ ഭോപ്പാലെന്ന ബാധ്യത ഏറ്റെടുത്തില്ല. ഈ ബാധ്യത ഏറ്റെടുക്കാതെ വില്‍പ്പന നടത്തുന്നതിനെ ഇന്ത്യന്‍ ഭരണകൂടം ചോദ്യം ചെയ്‌തതുമില്ല. 1994ല്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിലെ ഓഹരികളെല്ലാം കോര്‍പ്പറേഷന്‍ വിറ്റിരുന്നതിനാല്‍ ഭോപ്പാലെന്ന ബാധ്യത ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നാണ് ഡൗ വാദിക്കുന്നത്. ഈ വാദത്തിന് പിന്തുണയേകാന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിയെപ്പോലുള്ള അഭിഭാഷകര്‍ പിന്നീടുണ്ടാവുകയും ചെയ്‌തു. കാര്‍ബൈഡ് കോര്‍പ്പറേഷന്റെ വില്‍പ്പനക്കാലത്ത് ഭോപ്പാലിന്റെ ഉത്തരവാദിത്വ പ്രശ്‌നം ഇന്ത്യ ഉന്നയിച്ചിരുന്നോ എന്നതും അറിയില്ലെന്നാണ് ഇപ്പോഴത്തെ കമ്പനി കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്. ഇക്കാര്യം കൈകാര്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ ആരാണെന്നതും അറിയില്ല.
ഭോപ്പാലിലെ മാലിന്യങ്ങള്‍ നീക്കുന്നതിനായി 100 കോടി രൂപ ഡൗ കെമിക്കല്‍സ് കെട്ടിവെക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 100 കോടി രൂപ കെട്ടിവെക്കാന്‍ രാസവസ്‌തു, വളം വകുപ്പ് നിര്‍ദേശം നല്‍കി. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് രാം വിലാസ് പാസ്വാന്‍ രാസവസ്‌തു, വളം വകുപ്പ് കൈകാര്യം ചെയ്യുമ്പോഴായിരുന്നു ഇത്. എന്നാല്‍ അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം, വാണിജ്യ മന്ത്രിയായിരുന്ന കമല്‍നാഥ് തുടങ്ങിയവരെല്ലാം ഡൗ കെമിക്കല്‍സിനൊപ്പം നിന്നു. 100 കോടി കെട്ടിവെക്കാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. പിന്നെ അതേക്കുറിച്ചും ആര്‍ക്കും അറിവില്ലാതായി. ഇപ്പോഴും അറിവുണ്ടാവാന്‍ തരമില്ല.
ഇപ്പോള്‍ കാല്‍നൂറ്റാണ്ടിനു ശേഷം വിചാരണക്കോടതി ലഘുവായ ഒരു ശിക്ഷ വിധിക്കുകയും പ്രതികള്‍ക്ക് കൈയോടെ ജാമ്യം അനുവദിക്കുകയും ചെയ്‌തപ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ മെല്ലെപ്പോക്കിനെ പഴിക്കുകയാണ് നിയമമന്ത്രി വീരപ്പ മൊയ്‌ലി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ആന്‍ഡേഴ്‌സണിനെ രാജ്യം വിടാന്‍ സഹായിച്ചതിലും യൂനിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന് (പിന്നീട് ഡൗവിനും) ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിയാന്‍ അവസരമുണ്ടാക്കിയതിലും ഒരു ഖേദവും ഇവര്‍ക്കാര്‍ക്കുമില്ല. ഇക്കാലത്തിനിടെ ഭോപ്പാലിലെ വിഷബാധയേറ്റ അഞ്ച് ലക്ഷത്തിലധികം വരുന്നയാളുകള്‍ക്കായി അപകട ഇന്‍ഷ്വറന്‍സുള്‍പ്പെടെ നഷ്‌ടപരിഹാരമായി ലഭിച്ചത് 47 കോടി ഡോളറാണ്. ഇത് രൂപയിലാക്കി അഞ്ച് ലക്ഷം പേര്‍ക്ക് പങ്കുവെച്ചാല്‍ ആളോഹരി പന്ത്രണ്ടായിരത്തോളം രൂപയേ വരൂ. ഇന്നത്തെ നിലക്ക് ഒരു മാസത്തെ മരുന്നിന് പോലും ഇത് മതിയാകാതെ വന്നേക്കും. ഈ പണം തന്നെ കിട്ടാത്തവരും ധാരാളം.
ഇത് നീതിനിഷേധമായിട്ടോ അവഗണനയായിട്ടുപോലുമോ നമ്മുടെ ഭരണകൂടം കണക്കാക്കുന്നുണ്ടെന്ന് കരുതാനാവില്ല. ഭോപ്പാലിലെ പ്ലാന്റില്‍ വിഷമാലിന്യങ്ങളൊന്നും ശേഷിക്കുന്നില്ലെന്ന് സ്ഥാപിച്ച് അതൊരു മ്യൂസിയമാക്കി മനോഹരമാക്കുന്നതിലാണ് അവര്‍ക്ക് കൗതുകം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയൊരു മന്ത്രിസഭാ സമിതി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഡൗ കെമിക്കല്‍സില്‍ നിന്ന് 100 കോടി ഈടാക്കുന്നതിനെ എതിര്‍ത്ത പി ചിദംബരമാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. അംഗങ്ങളില്‍ ഭൂരിഭാഗവും മുമ്പ് ഡൗ കെമിക്കല്‍സിനെ തുണച്ചവരും. അവരില്‍ നിന്ന് എന്ത് മറിമായമാണ്, പ്രായം ആഴത്തില്‍ വരകള്‍ വീഴ്‌ത്തിയിട്ടും പ്രക്ഷോഭം തുടരുന്ന ഭോപ്പാലിലെ നിസ്സഹായര്‍ പ്രതീക്ഷിക്കുക? ഏതാനും ലക്ഷങ്ങളോ? വിഷം കൊടുത്തതിനും ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നതിനും മാത്രമല്ല, 26 കൊല്ലം ദുരിതത്തില്‍ ജിവിക്കാന്‍ വിധിച്ചതിനും മന്‍മോഹന്‍ സിംഗും കൂട്ടരും നഷ്‌ടപരിഹാരം നല്‍കുമോ?
ഇക്കാലത്തിനിടെ യൂനിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനെയും ആന്‍ഡേഴ്‌സണിനെയും സഹായിച്ചതിന് മാപ്പ് ചോദിക്കുമോ? ഒന്നും ഉണ്ടാവാന്‍ ഇടയില്ല.
തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട ഭോപ്പാലിലെ ഏതാനും ലക്ഷം പേരിലല്ല ഇന്ത്യയുടെ പുരോഗതി എന്ന് മന്‍മോഹന്‍ സിംഗിന് നന്നായി അറിയാം. അത് ഡൗവിനെപ്പോലെയും ജനറല്‍ ഇല്‌ക്‌ട്രിക്കല്‍സിനെപ്പോലെയുമുള്ള വന്‍കിട ബഹുരാഷ്‌ട്ര ഭീമമന്‍മാരുടെ കൈയിലാണ്. അതുകൊണ്ടാണ് ഒരു കൂട്ടക്കുരുതിക്ക് ശേഷം കാര്‍ബൈഡിനും ഡൗവിനും ചെയ്‌തു കൊടുത്ത സഹായങ്ങള്‍ ജനറല്‍ ഇലക്‌ട്രിക്കല്‍സ് പോലുള്ളവക്ക് മുന്‍കൂട്ടി ചെയ്‌തുകൊടുക്കാന്‍ മന്‍മോഹന്‍ സിംഗ് തിടുക്കം കൂട്ടുന്നത്. ആണവ അപകടമുണ്ടായാല്‍ റിയാക്‌ടറും മറ്റ് സാമഗ്രികളും വിതരണം ചെയ്യുന്ന വിദേശ കമ്പനികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് നിയമം മൂലം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ഭോപ്പാലിലോ മറ്റേതെങ്കിലും പ്രദേശത്തോ ചെറുത്തുനില്‍പ്പുകള്‍ പ്രതീക്ഷിക്കുന്നില്ല. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചാല്‍ കുത്താന്‍ മുദ്രകളുണ്ട്, മാവോയിസ്റ്റ്, തീവ്രവാദി... ഇല്ലാതാക്കാന്‍ ഏറ്റുമുട്ടല്‍ രീതികളുമുണ്ട്.
Subscribe to:
Post Comments (Atom)
ഇപ്പോള്‍ ഈ ചതിയന്‍ മാര്‍ നടത്തുന്ന ഈ പൊറാട്ട് നാടകങ്ങള്‍ പെരും ചതിയായ ഈ കോടതി വിധിയും ഇനിയും ദുരന്തങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ജനതയുടെ അവകാശ സമരങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്കു വിടുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. അതിന് പാര്‍ട്ടി ഭേദമന്യെ രാഷ്ട്രീയം കളിക്കുക എന്ന പതിവ് വഞ്ചനാ നാടകമാണ് അരങ്ങേറുന്നത്. ചര്‍ച്ച ആന്‍ഡേഴ്സണെ ചുറ്റിപറ്റി അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദുരന്തത്തിന്റെ ഇരകള്‍ക്ക് എന്ത് നഷ്ടപരിഹാരം വാങ്ങിക്കൊടൂക്കാന്‍ സാധിക്കുമെന്നല്ല ഏതൊക്കെ രീതിയില്‍ ഈ വിഷയം കുഴിച്ചു മൂടാം എന്നാണ് ഇന്ത്യ ഭരിക്കുന്ന അമേരിക്കന്‍ കാവല്‍ പട്ടികള്‍ നോക്കുന്നത്. അങ്ങോട്ടൂം ഇങ്ങോട്ടും കുറ്റം പറഞ്ഞ് അവസാനിപ്പിച്ചാല്‍ തീരും ഇന്ത്യയിലെ കുത്തക മാധ്യമങ്ങളുടെ കടിയും.
ReplyDeleteഓഹരി കമ്പോള സൂചികയിലുണ്ടാകുന്ന ഏതെങ്കിലും മാറ്റം സര്‍ക്കാറിനെ പെട്ടെന്ന് ജാഗ രൂഗരാക്കും കാരണം ഇവിട്റ്റെയുള്ള മേലാള വര്‍ഗ്ഗത്തെ മേല് വേദനിക്കാതെ പോറ്റേണ്ടതുണ്ടല്ലോ , അത് പോലെ ബില്യണുകള്‍ക്കുള്ള ആയുധ കരാറുകള്‍ ഒപ്പിടുന്ന തിരക്കിലും , ഭീക്കര വിരുദ്ധ യുദ്ധം എന്ന പൊറാട്ട് നാടങ്ങള്‍ക്കിടയിലും , ചത്ത് പുഴുത്ത് പോകുന്ന പട്ടിണീപാവങ്ങളെ നോക്കാന്‍ എവിടെയാണ് സിംഗുമാര്‍ക്കും മറ്റും സമയം.
ReplyDeleteമികച്ച ലേഖനം രാജീവ് ഭായ്.പൊറാട്ട് നാടകത്തിലെ അടുത്ത എപ്പിസോഡ് ഇതാ."ഭോപ്പാല്‍: പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ധേശം."
ReplyDeleteഇല്ലെങ്കില്‍ ഒറ്റയെണ്ണത്തിന്‍റേം തല ഉടലിന്മേല്‍ ചിരിച്ചോണ്ടിരിക്കില്ലാന്ന്.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ഫെയിം ചിദംബരസ്വാമികള്‍ അവര്‍കളാണ് അധ്യക്ഷന്‍.മറ്റൊരു പുലി കമല്‍നാഥുമുണ്ട് 'സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍' ടീമില്‍.എന്തൊക്കെയായാലും 'ഡോ കെമിക്കല്‍സുമായി' സ്വാമികള്‍ക്കും കമല്‍നാഥ് ജി ക്കും 'ബസ്റ്റാന്‍ഡില്‍ വെച്ച് കണ്ട പരിചയം' പോലുമില്ലാത്തതിനാല്‍ 'റിപ്പോര്‍ട്ട്' കലക്കനാവും.സംശ്യല്ല.(കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിംഗ്‌വി ഡോ കെമിക്കല്‍സിന്‍റെ ലീഗല്‍ റപ്രസന്‍റേറ്റീവ് ആണെന്നൊക്കെ പറയുന്നത് തത്ക്കാലം കാര്യാക്കേണ്ട.)
മറ്റൊന്ന് ഹെഡ്‌ലി വിഷയത്തില്‍ ഇവരുടെയൊക്കെ ഇഛാശക്തി നാം നേരിട്ടറിഞ്ഞതാണല്ലോ.റിപ്പോര്‍ട്ട് മേശപ്പുറത്തെത്തേണ്ട താമസമേയൊള്ളൂ.ആന്‍ഡേഴ്സനെ തൂക്കിയെടുത്ത് ഭോപ്പാലില്‍ കൊണ്ട് വന്ന് മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിക്കുമെന്നും 101 ഏത്തമിടുവിപ്പിക്കുമെന്നും ശേഷം നമ്മുടെ പോലീസിന്‍റെ ഫേവറേറ്റ് ഇനമായ കുനിച്ച് നിര്‍ത്തിയുള്ള കൂമ്പിനിടി അരങ്ങേറുമെന്നും ന്യായമായും പ്രതീക്ഷിക്കാം.