2010-06-17

മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയുംകഴിഞ്ഞ ദീപാവലിത്തലേന്ന്‌ ഗോവയിലെ മഡ്‌ഗാവില്‍ സ്‌ഫോടനമുണ്ടായി രണ്ട്‌ പേര്‍ മരിച്ചു. സ്‌ഫോടനാനന്തരം പോലീസ്‌ നടത്തിയ തിരച്ചിലില്‍ മറ്റ്‌ ചില സ്ഥലങ്ങളില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തു. പരമ്പര സ്‌ഫോടനങ്ങള്‍ നടത്തി വര്‍ഗീയ സ്‌പര്‍ധ സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്ന്‌ വിലയിരുത്തപ്പെട്ടു. സ്‌ഫോടകവസ്‌തു സ്‌കൂട്ടറില്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പൊട്ടിത്തെറിച്ചാണ്‌ മല്‍ഗോണ്ട പാട്ടീല്‍, യോഗേഷ്‌ നായിക്ക്‌ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന്‌ പോലീസ്‌ പറയുന്നു. 


സനാതന്‍ സംസ്ഥാന്‍ എന്ന തീവ്ര ഹൈന്ദവ സംഘടനയില്‍ അംഗങ്ങളാണ്‌ മരിച്ചവരെന്ന്‌ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗോവയിലെ പോണ്ടയിലെ രാംനാതിയിലുള്ള സനാതന്‍ ആശ്രമത്തിലാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷമായി മല്‍ഗോണ്ട പാട്ടീല്‍ താമസിച്ചിരുന്നത്‌. സംസ്ഥാനിന്റെ പ്രചാരണ വിഭാഗത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. സംസ്ഥാനിന്റെ സ്ഥാപകനും ആത്മീയ നേതാവുമായി അറിയപ്പെടുന്ന ജയന്ത്‌ ബാലാജി അത്‌വാലെ അടക്കമുള്ളവരുമായി മല്‍ഗോണ്ട പാട്ടീലിന്‌ ബന്ധമുണ്ടാവണം. പല തവണ, പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ടാവണം. സംസ്ഥാനിലെ മറ്റ്‌ സ്ഥിരം അന്തേവാസികളുമായും പാട്ടീല്‍ ബന്ധപ്പെടാതിരിക്കാന്‍ തരമില്ല. ഇതുവെച്ച്‌ അത്‌വാലെക്കോ സംസ്ഥാനിലെ മറ്റ്‌ അംഗങ്ങള്‍ക്കോ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ പറയാനാവുമോ? അല്ലെങ്കില്‍ ആ നിലക്കൊരു അന്വേഷണം ഗോവ പോലീസോ പിന്നീട്‌ കേസ്‌ ഏറ്റെടുത്ത നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോ നടത്തിയിട്ടുണ്ടോ? കേസില്‍ എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്‌ സനാതന്‍ സംസ്ഥാനിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്‌ എന്ന്‌ മാത്രമാണ്‌.

2002ല്‍ ഗുജറാത്തില്‍ നടന്ന ആസൂത്രിതമായ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്ന്‌ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ചിലര്‍, അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ട്‌. വംശഹത്യ നടക്കുമ്പോള്‍ ഇവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇത്‌ തെളിയിക്കുമെന്ന്‌ പറഞ്ഞത്‌ ഗുജറാത്തില്‍ എ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാറാണ്‌. ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സി ഡിയാക്കി സമര്‍പ്പിക്കുകയും ചെയ്‌തു. ഏതെങ്കിലും ഏജന്‍സി ഇതേക്കുറിച്ച്‌ അന്വേഷിച്ചോ? ഇക്കാലത്തിനിടെ എന്തെങ്കിലും നടപടിയുണ്ടായോ? ടെലിഫോണില്‍ സംസാരിച്ചതിന്റെയൊക്കെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോഡിക്കെതിരെ കേസെടുക്കാനാവില്ലല്ലോ! കനമുള്ള തെളിവുകളെന്തെങ്കിലും കൊണ്ടുവന്നാല്‍ എന്തെങ്കെലും ചെയ്യാമെന്നതാണ്‌ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ നിലപാട്‌. അവരായിട്ട്‌ അന്വേഷിച്ച്‌ തെളിവൊന്നും കണ്ടെത്താന്‍ ഉദ്ദേശിക്കുന്നുമില്ല.

ഇത്തരം അയഞ്ഞ നിലപാടുകള്‍ ചിലരുടെ കാര്യത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതാണ്‌ ഐ സി എസ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി എന്ന കേരളത്തിന്റെ സ്വന്തം `കൊടും ഭീകര'ന്റെയും ഭാര്യ സൂഫിയ മഅ്‌ദനിയുടെയും ചരിത്രം നല്‍കുന്ന പാഠം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായവരില്‍ പതിനാലാം സ്ഥാനത്തായിരുന്നു മഅ്‌ദനി. ഒമ്പത്‌ വര്‍ഷത്തോളം നീണ്ട, ഒരിക്കല്‍ പോലും ജാമ്യം ലഭിക്കാത്ത, വിചാരണത്തടവിനൊടുവില്‍ കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനി കുറ്റവിമുക്തനാക്കപ്പെട്ടു. വിധി ചോദ്യം ചെയ്‌ത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച മദ്രാസ്‌ ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുക മാത്രമല്ല, മഅ്‌ദനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സംശയലേശമില്ലാതെ വ്യക്തമാക്കുകയും ചെയ്‌തു. 


കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ്‌ തമിഴ്‌നാട്‌ പോലീസ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ കേസില്‍ ആരോപണവിധേയനായ അല്‍ ഉമ്മ നേതാവ്‌ എസ്‌ എ ബാഷയുടെ ഫോണില്‍ നിന്ന്‌ ഒരു വിളി മഅ്‌ദനിയുടെ ഫോണിലേക്ക്‌ വന്നുവെന്നത്‌ മാത്രമാണ്‌ കോടതിക്കു മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവ്‌. ഒന്നര മിനുട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ വിളി. ആ വിളിയിലാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ ഗൂഢാലോചനയില്‍ മഅ്‌ദനി പങ്കാളിയായത്‌ എന്ന്‌ വിശ്വസിക്കാന്‍ കോടതിക്ക്‌ സാധിച്ചില്ല.
തമിഴ്‌നാട്‌ സര്‍ക്കാറിന്റെ ബസ്സില്‍ നിന്ന്‌ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ട്‌ കൊച്ചി നഗരത്തിന്‌ സമീപത്തുള്ള കളമശ്ശേരിയിലേക്ക്‌ തട്ടിക്കൊണ്ടുപോയി കത്തിച്ച, രാജ്യ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ, ഭീകര പ്രവര്‍ത്തനത്തിന്റെ ഗൂഢാലോചനയിലും ഫോണ്‍ മുഖ്യ പങ്ക്‌ വഹിച്ചു. കത്തിക്കുന്നതിന്‌ മുമ്പും പിമ്പും അക്രമികള്‍ സുഫിയ മഅ്‌ദനിയെ ഫോണില്‍ വിളിച്ചുവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ബസ്സ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്‌ദനിയെ പ്രതി ചേര്‍ത്തു. 


2008 ജൂലൈയില്‍ ബംഗളുരൂവിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഇപ്പോള്‍ മഅ്‌ദനിയെ പ്രതിചേര്‍ത്തിരിക്കുന്നതും ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണെന്നാണ്‌ ലഭ്യമായ വിവരം. കര്‍ണാടക പോലീസും ദേശീയ അന്വേഷണ ഏജന്‍സിയും വേണ്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ ബദ്ധശ്രദ്ധരായതിനാല്‍, മറ്റ്‌ തെളിവുകളെന്തെങ്കിലുമുണ്ടായിരുന്നുവെങ്കില്‍, ഇതിനകം പുറത്തുവരുമായിരുന്നു. സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനെന്ന്‌ ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറുമായി മഅ്‌ദനി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണം സ്‌ഫോടനത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ്‌. ഇതിനകം സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ആരോപണവിധേയരുടെ പട്ടികയില്‍ 32 അംഗങ്ങളുണ്ട്‌. ഇതില്‍ 31-ാം സ്ഥാനത്താണ്‌ മഅ്‌ദനി. താന്‍ മഅ്‌ദനിയുമായി സംസാരിച്ചിരുന്നുവെന്ന്‌ തടിയന്റവിട നസീറാണ്‌ പോലീസിന്‌ മൊഴി നല്‍കിയത്‌. സൂഫിയ മഅ്‌ദനിയെയും ഫോണില്‍ വിളിച്ചിരുന്നുവെന്ന്‌ നസീര്‍ മൊഴി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഅ്‌ദനിയെ മാത്രം പട്ടികയില്‍ ചേര്‍ത്താല്‍ മതിയെന്ന്‌ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.

രാജ്യത്ത്‌ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്‌ പോലീസ്‌ ആരോപിക്കുന്ന കൊടും ഭീകരനാണ്‌ തടിയന്റവിട നസീര്‍. ആ നസീറിന്റെ മൊഴി വിശ്വാസത്തിലെടുത്ത്‌ മഅ്‌ദനിക്കു മേല്‍ കുറ്റം ചുമത്താന്‍ കര്‍ണാടക പോലീസ്‌ തീരുമാനിക്കുമ്പോള്‍ മറ്റ്‌ ചില കൗതുകങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടിവരും. സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഭീകരരെ സഹായിക്കുകയാണെന്ന്‌ ആരോപണം ഉന്നയിക്കുന്നത്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുതല്‍ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിവരെയുള്ളവരാണ്‌. ഭരണകൂടത്തിന്റെ ഭാഗമായി മുന്‍കാലത്ത്‌ പ്രവര്‍ത്തിക്കുകയും വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍. തടിയന്റവിട നസീര്‍ പറയുന്നതിനേക്കാള്‍ വില ഇവരുടെ വാക്കുകള്‍ക്കുണ്ടാവുമല്ലോ. എന്നിട്ടും ഭീകരരെ സഹായിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 


ആരോപണങ്ങള്‍ ആര്‍ക്കുമുന്നയിക്കാം, വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാനാവൂ എന്നാണ്‌ ഇതിന്‌ പറയുന്ന ന്യായം. ഈ ന്യായം തടിയന്റവിടെ നസീര്‍ നല്‍കിയ മൊഴി (യഥാര്‍ഥത്തില്‍ തടിയന്റവിട നസീറിന്റെത്‌ ആരോപണം മാത്രമാണ്‌, അത്‌ നേരോ നുണയോ എന്ന്‌ തെളിയിക്കേണ്ടത്‌ പോലീസാണ്‌) മാത്രം കണക്കിലെടുത്ത്‌ മഅ്‌ദനിയെ പ്രതി ചേര്‍ക്കുന്നത്‌ എങ്ങനെ? നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കാര്യമായ തെളിവുകളെന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ മഅ്‌ദനിക്ക്‌ കര്‍ണാടക പോലീസ്‌ നേരത്തെ തന്നെ വിലങ്ങ്‌ തീര്‍ക്കുമായിരുന്നു. ആരോപണവിധേയരുടെ പട്ടികയില്‍ 31-ാം സ്ഥാനത്തേക്ക്‌ താഴ്‌ത്തുകയുമില്ലായിരുന്നു.
`നീതിപൂര്‍വമായ അന്വേഷണ'ത്തിന്റെ ആനുകൂല്യം സനാതന്‍ സംസ്ഥാനിന്റെ ഭാരവാഹികള്‍ക്കും നരേന്ദ്ര മോഡിക്കും ലഭിക്കുന്നതു പോലെ മഅ്‌ദനിക്ക്‌ ലഭിക്കാതിരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. കര്‍ണാടക ഭരിക്കുന്നത്‌ ബി ജെ പി സര്‍ക്കാറാണ്‌. മുത്തലിക്കിനും കൂട്ടര്‍ക്കും `പരീക്ഷണ'ങ്ങള്‍ നടത്താന്‍ മൗനാനുവാദം നല്‍കുന്ന സര്‍ക്കാര്‍. കേരളത്തില്‍ പാര്‍ട്ടിക്ക്‌ വേരിറക്കാന്‍ സാധിക്കാത്തതിന്റെ മുഖ്യ കാരണം, വേണ്ടവിധത്തിലുള്ള വര്‍ഗീയ ധ്രുവീകരണം മലയാളി സമൂഹത്തില്‍ ഉണ്ടായിട്ടില്ല എന്നതാണെന്ന്‌ ബി ജെ പി വിലയിരുത്തുന്നുണ്ട്‌. ഭീകരവാദത്തിന്റെ വേരുകള്‍ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന്‌ സ്ഥാപിച്ചെടുത്താല്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാവും എന്നതാണ്‌ പ്രതീക്ഷ. അതിന്‌ പോലീസിനെ ഉപയോഗിക്കുന്നുവെന്ന്‌ മാത്രം. 


ഇന്ത്യയിലെ പോലീസ്‌ സേനയുടെ ചരിത്രം പരിശോധിച്ചാല്‍ വര്‍ഗീയവത്‌കരണം വ്യക്തമാണ്‌. തലശ്ശേരി കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ്‌ ജോസഫ്‌ വിതയത്തില്‍ കമ്മീഷന്റെത്‌ തുടങ്ങി ബോംബെ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ശ്രീകൃഷ്‌ണ കമ്മീഷന്റെ വരെ റിപ്പോര്‍ട്ടില്‍ പോലീസ്‌ സേനയിലെ ഹൈന്ദവ വര്‍ഗീയവത്‌കരണത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇത്‌ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ശിപാര്‍ശയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹൈന്ദവ വര്‍ഗീയതയെ അധികാരത്തിലേക്കുള്ള പാതയില്‍ ഉപയോഗപ്പെടുത്താന്‍ മടിക്കാതിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറുകളും ആസുരമായ വര്‍ഗീയതയെ അധികാരലബ്‌ധിക്കുള്ള മാര്‍ഗമാക്കിയ ബി ജെ പിയും റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്ന്‌ നടിച്ചു. ഇക്കാലത്തിനിടെ സാധുത ചോദ്യം ചെയ്യപ്പെട്ട ഏറ്റുമുട്ടല്‍ കൊലകള്‍ പരിശോധിച്ചാലും വര്‍ഗീയതയുടെ അംശങ്ങള്‍ കാണാനാവും. ഇത്തരമൊരു പോലീസ്‌ സംവിധാനം കൂടി നിലവിലുള്ളപ്പോള്‍ ബി ജെ പി സര്‍ക്കാറുകള്‍ക്ക്‌ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്‌.

കുറ്റപത്രം പരിഗണിച്ച കോടതി മഅ്‌ദനിക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചതും ശ്രദ്ധേയമാണ്‌. പി ഡി പി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവായ മഅ്‌ദനിയെ ഇതിനകം കര്‍ണാടക പോലീസ്‌ ചോദ്യം ചെയ്‌തതാണ്‌. ഇനി ചോദ്യം ചെയ്യാന്‍ എത്തിയാലും സഹകരിക്കുമെന്ന്‌ മഅ്‌ദനി വ്യക്തമാക്കിയിട്ടുണ്ട്‌. കോടതി നടപടികള്‍ക്ക്‌ വിധേയനാവാന്‍ തയ്യാറാണെന്ന്‌ പരസ്യമായി പലതവണ പറയുകയും ചെയ്‌തു. എന്നിട്ടും ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കേണ്ട ആവശ്യമെന്ത്‌? കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ്‌ അയച്ചിട്ട്‌ ഹാജരാവാതിരുന്നുവെങ്കില്‍ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുന്നതില്‍ സാംഗത്യമുണ്ട്‌. 


കോടതി നടപടികള്‍ക്ക്‌ വിധേയനാവാമെന്ന്‌ സ്വമേധയാ സമ്മതിക്കുന്ന ഒരാള്‍ക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയിലും സംശയമുണ്ടാവും. ജാമ്യം ലഭിക്കില്ല എന്ന പ്രതീതി ജനിച്ചാലേ കേരളത്തിലെ പി ഡി പിക്കാര്‍ പ്രകോപിതരാവൂ, അവര്‍ അറസ്റ്റ്‌ തടയാന്‍ ശ്രമിക്കൂ. അത്തരം സംഗതികളെന്തെങ്കിലുമുണ്ടായില്ലെങ്കില്‍ ഉദ്ദിഷ്‌ട ഫല സിദ്ധി സംഭവിച്ചില്ലെന്നു വരാം. അപ്പോള്‍ പിന്നെ ജാമ്യമില്ലാ വാറണ്ട്‌ തന്നെ വേണം. നരേന്ദ്ര മോഡിയോട്‌ കോടതികള്‍ വിധേയത്വം കാണിച്ചതിന്‌ തെളിവുകള്‍ പലതുണ്ട്‌. യെദിയൂരപ്പയോടും അതേ വിധേയത്വമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.