2010-07-04

ജഡ്‌ജിമാര്‍ അറിയുന്നതിന്‌



തെരുവോരങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവ്‌ പ്രാബല്യത്തിലാക്കിയതിനു ശേഷം വരുന്ന ആദ്യത്തെ ചൊവ്വാഴ്‌ച. പ്രകടനങ്ങളും പൊതുയോഗങ്ങളും ഗതാഗതത്തിന്‌ തടസ്സമാവില്ലെന്നതിനാല്‍ ജനജീവിതം കൂടുതല്‍ സുഗമമാവുമെന്ന്‌ പ്രതീക്ഷിക്കണം. പക്ഷേ, കേരള ഹൈക്കോടതിയില്‍ നിന്ന്‌ ഏറെക്കുറെ നാല്‌ കിലോമീറ്റര്‍ മാത്രം അകലെ ഗതാഗതത്തിന്‌ വലിയ ബുദ്ധിമുട്ട്‌. അപ്രതീക്ഷിതമായ കാരണങ്ങളാലൊന്നുമല്ല ഈ തടസ്സം. 


കൊച്ചി നഗരത്തില്‍ കലൂരിനടുത്തുള്ള വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്റെ ദേവാലയത്തില്‍ ചൊവ്വാഴ്‌ചത്തെ പ്രത്യേക നൊവേനക്ക്‌ എത്തിയവരുടെ തിരക്കാണ്‌ തടസ്സത്തിന്‌ കാരണം. തെരുവോരങ്ങളിലെ പൊതു സമ്മേളനം നിരോധിക്കാന്‍ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രനും പി എസ്‌ ഗോപിനാഥനും മുന്നോട്ടുവെച്ച എല്ലാ ന്യായങ്ങളും ഇവിടെയും ബാധകമാണ്‌. ആയിരത്തിലേറെ വരുന്ന ജനക്കൂട്ടം ദിവസം പലവട്ടം നടക്കുന്ന നൊവേനക്ക്‌ എത്തുന്നുണ്ട്‌. ഗതാഗതം തടസ്സപ്പെടുന്നു, പൊതു ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവുന്നു. അതിലും വലിയ അപകട സാധ്യത നിലനില്‍ക്കുന്നു (കോടതിയുടെ നിരീക്ഷണ പ്രകാരം). റോഡരികത്ത്‌ കൂട്ടം കൂടി നില്‍ക്കുന്ന ജനക്കൂട്ടതിനിടയിലേക്ക്‌ ഒരു വാഹനം പാഞ്ഞുകയറിയാല്‍... ദുരന്തത്തിന്റെ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. തീര്‍ത്തും അപകടകരമായ സാഹചര്യത്തില്‍ വര്‍ഷങ്ങളായി എല്ലാ ആഴ്‌ചയും അരങ്ങേറുന്ന ഈ പതിവ്‌ നിരോധിക്കാന്‍ ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ സി എന്‍ രാമചന്ദ്രനും പി എസ്‌ ഗോപിനാഥനും തയ്യാറാകുമോ?

പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും ചൂണ്ടിക്കാട്ടിയത്‌ ആറ്റുകാല്‍ പൊങ്കാലയെയാണ്‌. അതുപക്ഷേ, വര്‍ഷത്തിലൊരിക്കല്‍ മാത്രം അരങ്ങേറുന്ന ആരാധനാ രീതിയാണ്‌. മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ഒരു ദിവസം നടക്കുന്നതുകൊണ്ടും സ്‌ത്രീകളെക്കൊണ്ട്‌ തിരുവനന്തപുരം നഗരം നിറയുമെന്നതിനാലും അന്നേ ദിവസം അവിടെ വാഹന ഗതാഗതം ഉണ്ടാവാറില്ല. അതുകൊണ്ട്‌ പൊങ്കാലക്കിടയിലേക്ക്‌ വാഹനം പാഞ്ഞുകയറി അപകടം ഉണ്ടാവില്ല. അന്നേ ദിവസം പുരുഷന്‍മാര്‍ നഗരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ നിയന്ത്രിക്കപ്പെടും. മനോവൈകല്യമുള്ള പുരുഷന്‍മാര്‍ സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറുന്നതു മൂലം ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനും സാധ്യതയില്ല. 


ഇവിടെ കേരള ഹൈക്കോടതിയുടെ ഉമ്മറത്ത്‌ എല്ലാ ചൊവ്വാഴ്‌ചയും ആവര്‍ത്തിക്കുന്ന അന്തോണീസ്‌ പുണ്യവാളന്റെ നൊവേനയില്‍ ഇതൊന്നുമല്ല സ്ഥിതി. തിരക്കേറിയ റോഡരികത്ത്‌, പലപ്പോഴും വാഹനങ്ങളോട്‌ തൊട്ടുരുമ്മി പ്രാര്‍ഥനാനിരതരായവര്‍ നില്‍ക്കുന്നുണ്ടാവും, ആയിരക്കണക്കിനാളുകള്‍ ഒത്തുചേരുന്നു. പൊതുയോഗങ്ങളോ പ്രകടനങ്ങളോ ആണെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട്‌ അവസാനിക്കും. ഇവിടെ നൊവേനകള്‍ പലതുള്ളതിനാല്‍ ദിവസം മുഴുവന്‍ ആളുകള്‍ തിങ്ങിനിറയും. നിരോധിക്കാന്‍ സര്‍വഥാ യോഗ്യമെന്ന്‌ അര്‍ഥം. ഏറ്റവും ചുരുങ്ങിയത്‌ പ്രധാന പാതയില്‍ നിന്ന്‌ നൂറ്‌ മീറ്ററെങ്കിലും മാറിവേണം ഇത്തരം പ്രാര്‍ഥനകള്‍ നടത്താനെന്നെങ്കിലും ഉത്തരവിടേണ്ടതാണ്‌. സാധിക്കുമോ കോടതിക്ക്‌!

അങ്ങനെയൊരു ഉത്തരവിട്ടാല്‍ അത്‌ ചോദ്യം ചെയ്യാന്‍ ഭരണഘടനയില്‍ ആരാധനാ സ്വാതന്ത്ര്യം എന്ന വകുപ്പുണ്ട്‌. ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയപ്പെടുന്നത്‌ കൂടുതല്‍ ഗുരുതര പ്രശ്‌നവുമാവും. അത്തരം ചില ഭരണഘടനാദത്തമായ സ്വാതന്ത്ര്യങ്ങള്‍ രാജ്യത്ത്‌ വേറെയുമുണ്ടെന്ന്‌ കോടതികള്‍ പലപ്പോഴും മറക്കുന്നു. നഗരവാസികളുടെ കൈയടി ലഭിക്കുമെന്നത്‌ ഈ മറവിക്ക്‌ ഒരു കാരണമാവാം. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന എഴുതിത്തയ്യാറാക്കുമ്പോള്‍ സമത്വ, സുന്ദരമായ രാജ്യം എന്ന സങ്കല്‍പ്പം തന്നെയാണ്‌ അതിന്റെ ശില്‍പ്പികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ട്‌ മാത്രം സമത്വ, സുന്ദര സങ്കല്‍പ്പം പ്രാവര്‍ത്തികമാവില്ലെന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങള്‍ ശങ്കാലേശമില്ലാത്ത വിധത്തില്‍ അവര്‍ നിര്‍വചിച്ചത്‌. 


ഭരണഘടനയിലെയും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങളിലെയും അക്ഷരങ്ങള്‍ പ്രായോഗിക രൂപത്തില്‍ ജനങ്ങളിലേക്ക്‌ എത്തണമെങ്കില്‍ ഒരുപാട്‌ യുദ്ധങ്ങള്‍ നടക്കേണ്ടതുണ്ട്‌ എന്ന തിരിച്ചറിവിന്റെ ഫലം. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവിടെ സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടക്കുന്നത്‌. ചിലതൊക്കെ അക്രമത്തിന്റെ പാതയിലേക്ക്‌ വഴി തിരിഞ്ഞുപോയിട്ടുണ്ടാവാം, ചില സമരങ്ങള്‍ ജനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ടുകള്‍ സമ്മാനിച്ചിട്ടുണ്ടാവാം. പക്ഷേ, അത്തരം സംഭവങ്ങളെ മാത്രം മുന്‍നിര്‍ത്തി ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ വിലയിരുത്താന്‍ സാധിക്കുമോ എന്നത്‌ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്‌.

ജനാധിപത്യ റിപ്പബ്ലിക്കായി വിഭാവനം ചെയ്‌ത രാജ്യത്തെ സോഷ്യലിസ്റ്റ്‌ കൂടിയാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്‌ത രാജ്യമാണ്‌ നമ്മുടേത്‌. എല്ലാവര്‍ക്കും ഒരേ അവകാശവും ജീവിത സൗകര്യങ്ങളും ഉണ്ടാവണമെന്ന ലക്ഷ്യം. ഇത്‌ കഴിഞ്ഞ്‌ ദശകങ്ങള്‍ പിന്നിട്ട ശേഷവും തമിഴ്‌നാട്ടിലെ ദളിത്‌ വംശജര്‍ ക്ഷേത്രത്തില്‍ പ്രവേശം കിട്ടുന്നതിനായി സമരം ചെയ്യുകയാണ്‌. സാമൂഹിക ജീവിതത്തിന്റെ ചില മേഖലകളില്‍ ജാതിയുടെയോ തൊലിയുടെ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവേശം നിഷേധിക്കപ്പെട്ടാല്‍ അത്‌ ചോദ്യം ചെയ്യപ്പെടും. ആവശ്യം അംഗീകരിക്കാതെ വന്നാല്‍ ബലം പ്രയോഗിച്ച്‌ നേടിയെടുക്കാന്‍ ശ്രമമുണ്ടാവും. അതിന്‌ ചിലപ്പോള്‍ തെരുവില്‍ ഇറങ്ങേണ്ടിവരും. അത്‌ തടയാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷവുമുണ്ടാവും. മുന്നോട്ടുള്ള യാത്ര അങ്ങനെത്തന്നെയാണ്‌. അത്തരം മുന്നേറ്റങ്ങളെ തടയാന്‍ ന്യായാസനങ്ങള്‍ ശ്രമിക്കുമ്പോള്‍ അത്‌ അപകടകരമായ രാഷ്‌ട്രീയമായി വിലയിരുത്തേണ്ടതുണ്ട്‌. നിരോധിച്ചേ അടങ്ങൂ എന്നാണെങ്കില്‍ പ്രതിഷേധങ്ങളുയരാത്ത സ്ഥിതി കൊണ്ടുവരാന്‍ കൂടി ശ്രമിക്കണം.

ഇന്ധന വില കൂട്ടാനും പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുമേലുള്ള സര്‍ക്കാറിന്റെ നിയന്ത്രണം നീക്കാനും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ കഴിഞ്ഞയാഴ്‌ച തീരുമാനിച്ചു. ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്ന തീരുമാനത്തില്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികം. സംഘടിത രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പണിമുടക്കുകള്‍ക്ക്‌ ആഹ്വാനം ചെയ്യുന്നു. ഇവിടെ ബന്ദ്‌ നിരോധിച്ചിട്ടുണ്ട്‌ എന്ന ന്യായം പറഞ്ഞ്‌ പ്രതിഷേധത്തെ തടയാന്‍ കോടതിക്ക്‌ സാധിക്കുമോ? ഇന്ധന വില കൂട്ടുകയും വിലക്കുമേലുള്ള സര്‍ക്കാര്‍ നിയന്ത്രണം നീക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക്‌ കൈകാര്യം ചെയ്യാനാകുമോ? അങ്ങനെ കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും കോടതി തീരുമാനിച്ചാല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ഭരണഘടനയുടെ പുതിയ പതിപ്പ്‌ ഒരെണ്ണം ജഡ്‌ജിക്ക്‌ അയച്ചുകൊടുക്കും. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്നും അത്തരം തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിന്‌ പരിമിതിയുണ്ടെന്നുമുള്ള വ്യവസ്ഥ പ്രത്യേകം ചൂണ്ടിക്കാട്ടും. 


അപ്പോള്‍ പിന്നെ കേന്ദ്ര തീരുമാനം മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ജനം എന്ത്‌ ചെയ്യണമെന്ന്‌ കൂടി ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രനും പി എസ്‌ ഗോപിനാഥനും പറഞ്ഞു തരേണ്ടതുണ്ട്‌.
സാമ്പത്തിക ഉദാരവത്‌കരണ, ആഗോളവത്‌കരണ നടപടികള്‍ ആരംഭിച്ചതോടെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ സമര്‍ഥമായി നടപ്പാക്കാന്‍ തുടങ്ങിയ അരാഷ്‌ട്രീയവത്‌കരണ ശ്രമങ്ങളെ രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചത്‌ കേരളത്തിലെ ക്രിസ്‌തീയ സഭാ നേതൃത്വമായിരുന്നു. ബന്ദിനും ഹര്‍ത്താലിനുമെതിരായ പ്രസ്‌താവനകള്‍ സഭാ നേതൃത്വത്തില്‍ നിന്നുണ്ടായി. കലാലയങ്ങളെ രാഷ്‌ട്രീയമുക്തമാക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങി. ഇതേ നേതാക്കള്‍ തന്നെ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ പണിമുടക്കിന്‌ ആഹ്വാനം ചെയ്യുന്നതും തെരുവോരങ്ങളില്‍ ധര്‍ണയിരിക്കുന്നതും നമ്മള്‍ കണ്ടു. സ്വന്തം തടിക്ക്‌ കൊള്ളുമെന്നായപ്പോള്‍, ന്യായമോ അന്യായമോ എന്നത്‌ വേറെ കാര്യം, നിലപാടുകളില്‍ ഭേദഗതി വേണമെന്നായി.

വിപണിയെ അടിസ്ഥാനമാക്കി നീങ്ങുന്ന, രാഷ്‌ട്രീയമില്ലാത്ത ഒരു ജനതയെ സൃഷ്‌ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്‌ കോടതികള്‍ കൂടി അരുനില്‍ക്കുന്നുവെന്നതിന്റെ തെളിവുകളില്‍ ഒന്നായി മാത്രമേ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെ കാണാനാവൂ. നീതിന്യായ നിര്‍വഹണത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്നതല്ല ഈ ഉത്തരവുകളെന്നതും ശ്രദ്ധേയമാണ്‌. നീതിന്യായ നിര്‍വഹണത്തില്‍ എന്തെങ്കിലും ശ്രദ്ധ കോടതികള്‍ പുലര്‍ത്തുന്നുണ്ടോ എന്നത്‌ കൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്‌. കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ `ലൗ ജിഹാദ്‌' പ്രശ്‌നത്തില്‍ ഒരു ജസ്റ്റിസ്‌ നടത്തിയ നിരീക്ഷണങ്ങള്‍ മറവിയിലേക്ക്‌ മായാറായിട്ടില്ല. ഈ നിരീക്ഷണങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട്‌ മറ്റൊരു ഹൈക്കോടതി ജഡ്‌ജിയും നിലപാടെടുത്തു. 


`ലൗ ജിഹാദ്‌' എന്നത്‌ സംഘടിതമായി നടക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന ആദ്യത്തെ ജഡ്‌ജിയുടെ നിരീക്ഷണത്തെത്തുടര്‍ന്ന്‌ സൃഷ്‌ടിക്കപ്പെട്ട സാമൂഹികമായ അസ്വസ്ഥതകള്‍ ആരുടെ ഉത്തരവാദിത്വത്തില്‍ വരുന്നതാണ്‌ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നില്ല. വേണ്ടത്ര പരിശോധനകള്‍ കൂടാതെ, അനാവശ്യമായ ചില നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ജഡ്‌ജിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ വ്യക്തതയുമില്ല. ഒറ്റപ്പെട്ട പരാതികളെ പൊതുവത്‌കരിച്ച്‌ നിരീക്ഷണങ്ങള്‍ നടത്തിയതിന്‌ ഉത്തമ ഉദാഹരണമായിരുന്നു `ലൗ ജിഹാദ്‌' കേസ്‌. അതേ നിലപാടാണ്‌ സമരങ്ങളുണ്ടാവുമ്പോള്‍ ഗതാഗത തടസ്സമുണ്ടാവുന്നുവെന്നൊക്കെ ചൂണ്ടിക്കാണിച്ച്‌ സമര്‍പ്പിക്കപ്പെടുന്ന പരാതികളും മറ്റും പരിഗണിക്കുമ്പോള്‍ കോടതികള്‍ തുടരുന്നത്‌. ഇത്തരം വിധികള്‍ വിമര്‍ശ വിധേയമാവുമ്പോള്‍ കോടതിയലക്ഷ്യമെന്ന വാളുയര്‍ത്തും. അപ്പോഴും ചെറുതാവുന്നത്‌ നീതിന്യായ സംവിധാനം തന്നെയാണെന്ന ചിന്ത കോടതികള്‍ക്ക്‌ ഉണ്ടാവുന്നില്ല.

സിഗരറ്റ്‌ വില്‍ക്കാം പക്ഷേ, അത്‌ കത്തിക്കാന്‍ തീ കൊടുക്കരുത്‌, കൊച്ചിയിലെ കൊതുകുകളെ ഇല്ലാതാക്കാന്‍ നഗരസഭ ഉടന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ വിപ്ലവങ്ങള്‍ മാത്രമേ, നമ്മുടെ ന്യായാസനങ്ങള്‍ക്ക്‌ ഇക്കാലത്തിനിടെ നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത്‌ കൂടി ഓര്‍ക്കേണ്ടതുണ്ട്‌. സാമൂഹിക മാറ്റങ്ങള്‍ക്ക്‌ നിദാനമായ നിയമ നിര്‍മാണങ്ങളെല്ലാം വര്‍ഷങ്ങള്‍ നീണ്ട സമരത്തിന്റെ ഫലങ്ങളായിരുന്നു. പതിനാല്‌ വയസ്സ്‌ വരെ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പത്ത്‌ വര്‍ഷത്തിനകം നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഭരണഘടനാ ശില്‍പ്പികള്‍ രേഖപ്പെടുത്തിയത്‌. പക്ഷേ, ആറ്‌ മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ അറുപതാണ്ട്‌ കാത്തിരിക്കേണ്ടിവന്നു. 


ഭരണഘടനാ വ്യവസ്ഥപ്രകാരം കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ ഭരണകൂടത്തോട്‌ ചോദിക്കാന്‍ നിഷ്‌ണാതരായ ന്യായാധിപന്‍മാര്‍ ഇവിടെ ഉണ്ടായിരുന്നില്ലേ? അറുപതാണ്ടിന്‌ ശേഷം നിയമമെങ്കിലുമുണ്ടാവുമ്പോള്‍ അതിന്റെ പിന്നില്‍ ചില സമരങ്ങളുടെ സ്വാധീനമെങ്കിലുമില്ലേ? ഏറ്റവും ചുരുങ്ങിയത്‌ മധ്യേന്ത്യയില്‍ ആധിപത്യമുറപ്പിച്ച മാവോയിസ്റ്റുകളുടെ സ്വാധീനമെങ്കിലും. അത്‌ മനസ്സിലാവണമെങ്കില്‍ ജഡ്‌ജിമാര്‍ക്ക്‌ അവര്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച്‌ അറിവുണ്ടാവണം. ആ അറിവ്‌ ഇല്ലാതാവുമ്പോഴാണ്‌ നഗരങ്ങളിലെ സമ്പന്ന വിഭാഗക്കാരുടെ പ്രശംസ മാത്രം ലക്ഷ്യമിട്ട്‌ പേനകള്‍ ചലിക്കുന്നത്‌. ഉത്തരവാദിത്വശൂന്യമായ നിരീക്ഷണങ്ങള്‍ക്ക്‌ നാവ്‌ വഴങ്ങുന്നത്‌.

6 comments:

  1. ദൈവാനുഗ്രഹികളായ സത്യസന്ധനിയമനീതിപാലകരെ അപമാനിക്കുന്ന കപടവേഷധാരികളുടെ അധികാരദുർവ്വിനിയോഗം തുറന്നുകാണിക്കപ്പെടുകതന്നെവേണം.സത്യനിഷ്ഠ നിയമപ്രവർത്തകരുടെ നീതിബാദ്ധ്യതയാണത്.

    ReplyDelete
  2. സത്യം സത്യം സത്യം.
    രാജീവിന്റെ പോസ്റ്റിന് ഇതാണു കമന്റ്.

    ReplyDelete
  3. പ്രസ്ക്തമായ നിരീക്ഷണങ്ങൾ.

    ReplyDelete
  4. രാജീവ്‌ അഭിനന്ദനങ്ങള്‍...........

    വളരെ സമയോചിതമായ ഒരു ലേഖനം .

    ReplyDelete
  5. കോടതിവിധികള്‍ ഇന്ന് ന്യായത്തിന് മേലല്ല അത് വ്യക്തമായി പാലൊളി പറഞ്ഞു അത് കോടതി അലക്ഷ്യമായി കോടതികള്‍ ചെയ്തു കൂട്ടുന്ന അന്യായങ്ങള്‍ വിചാരണ ചെയ്യാന്‍ വ്യവസ്ഥയില്ല എന്നതാണ് കോടതികള്‍ എന്തും പറയാന്‍ തയാറാകുന്നത് ..സാമൂഹ്യ പ്രശനത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി വരാത്ത ,അഥവാ കാണാത്ത കോടതികള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് .കോടതികള്‍ സ്വമേതായ ഇടപെടേണ്ട അനേക പ്രശ്നങ്ങള്‍ ഇവിടെ നിലവിലുണ്ട്
    അതിലൊന്നും കോടതിക്ക് ജനസാമാന്യത്തിന്റെ മനസറിയണ്ട ..ഒരു വ്യവസായ വര്‍ഗ്ഗത്തിന്റെ ലാഭമാണ് കോടതിക്ക് പഥ്യം

    ReplyDelete