2010-07-06
കണക്കില്‍ മനം മോഹിച്ച്
ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ 12 മാസങ്ങളെ നാല് മാസം വീതമുള്ള ഖണ്ഡങ്ങളായി തിരിച്ച് ധന നയം തീരുമാനിക്കുകയാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ പതിവ്. ഈ പതിവനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നയപ്രഖ്യാപനം നടക്കേണ്ടത് ഈ മാസം 27നാണ്. പക്ഷേ, ഇതിന് മൂന്നാഴ്‌ച മുമ്പ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ അര ശതമാനം വീതം വര്‍ധന വരുത്താന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചു. വിപണിയിലേക്ക് പണമൊഴുകാന്‍ പാകത്തിലുള്ള മാറ്റമായിരിക്കും 27ന് പ്രഖ്യാപിക്കുക എന്ന് പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ സാമ്പത്തിക മേഖലയെ അമ്പരിപ്പിക്കുന്നതായിരുന്നു റിസര്‍വ് ബേങ്കിന്റെ അപ്രതീക്ഷിത തീരുമാനം. 27ന് ആദ്യ നയ പുനരവലോകനം നടക്കാനിരിക്കെ തിടുക്കപ്പെട്ട് നിരക്ക് വര്‍ധന നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നതാണ് ഉയര്‍ന്ന പ്രധാന ചോദ്യം.
രാജ്യത്തെ ബേങ്കുകളില്‍ പണത്തിന്റെ കുറവുണ്ടായാല്‍ റിസര്‍വ് ബേങ്കില്‍ നിന്ന് കടമെടുക്കാന്‍ അവസരമുണ്ട്. ഇങ്ങനെ കടമെടുക്കുന്നതിന് നല്‍കേണ്ട പലിശ നിരക്കാണ് റിപ്പോ. അഞ്ച് ശതമാനമായിരുന്ന റിപ്പോ അര ശതമാനം കൂട്ടി അഞ്ചരയാക്കുമ്പോള്‍ സാധാരണക്കാരന്റെ കണക്കില്‍ അതൊരു വലിയ വര്‍ധനയല്ല. പക്ഷേ, ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ നിന്ന് കടമെടുക്കുന്ന തുകയുടെ വലിപ്പം കണക്കിലെടുത്താല്‍ ഈ അര ശതമാനമെന്നത് ശതകോടികളോ സഹസ്രകോടികളോ ആവാം. രാജ്യത്തെ ബേങ്കുകളില്‍ നിന്ന് റിസര്‍വ് ബേങ്ക് നിക്ഷേപമായി സ്വീകരിക്കുന്ന തുകക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. അതും അര ശതമാനം കൂട്ടി നാലാക്കിയിട്ടുണ്ട്. ഈ രണ്ട് തീരുമാനങ്ങളും വിപണിയിലുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ നിന്ന് വായ്‌പ എടുക്കുന്ന തോത് കുറയും. കൂടുതല്‍ പലിശക്ക് വായ്‌പ എടുക്കാന്‍ ബേങ്കുകള്‍ ഇഷ്‌ടപ്പെടില്ല. അത്തരത്തില്‍ വായ്‌പ എടുത്താല്‍ അതിന് ആനുപാതിയമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്‌പയുടെ നിരക്കില്‍ വര്‍ധന വരുത്തേണ്ടിവരും. അത് വായ്‌പാ വിതരണത്തെ ബാധിക്കും. റിവേഴ്‌സ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കൂടുതല്‍ പണം റിസര്‍വ് ബേങ്കില്‍ നിക്ഷേപമായി നല്‍കാന്‍ ബേങ്കുകള്‍ക്ക് താത്‌പര്യമുണ്ടാവും. വിപണിയിലേക്ക് ഒഴുക്കേണ്ട പണം റിസര്‍വ് ബേങ്കിലേക്ക് കൂടുതലായി എത്തിപ്പെടുകയാവും ഫലം.
വിപണിയെ പരമാവധി പ്രോത്സാഹിപ്പിക്കുകയും കഴിയാവുന്നത്ര കാര്യങ്ങളെല്ലാം വിപണിയുടെ തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വിപണിയിലെ പണമൊഴുക്ക് നിയന്ത്രിക്കാന്‍ റിസര്‍വ് ബേങ്ക് തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നതില്‍ വൈരുധ്യമുണ്ട്. ഈ വൈരുധ്യം രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗവുമാണ്.
രാജ്യത്ത് പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലെത്തിയിട്ട് മാസങ്ങളായി. അവശ്യവസ്‌തുക്കളുടെ വിലയിലുണ്ടാവുന്ന വര്‍ധനയാണ് പണപ്പെരുപ്പ നിരക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. പണപ്പെരുപ്പ നിരക്ക് പത്ത് ശതമാനത്തിലധികമായിരിക്കെയാണ് ഇന്ധന വില വര്‍ധിപ്പിക്കാനും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം നീക്കാനും തീരുമാനിച്ചത്. ഈ തീരുമാനത്തോടെ സ്വാഭാവികമായും അവശ്യവസ്‌തുക്കളുടെ വില വീണ്ടും ഉയരാന്‍ അത് കാരണമാകുമെന്ന് ഉറപ്പ്. അത് അറിയാതെയല്ല ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി വില വര്‍ധിപ്പിക്കാനും നിയന്ത്രണം നീക്കാനും തീരുമാനമെടുത്തത്. എണ്ണക്കമ്പനിയുടെ നഷ്‌ടം നികത്താന്‍ വേണ്ടിയാണ് വില കൂട്ടിയത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം, ഈ വിശദീകരണം ഒരേ സമയം കളവും ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലുമാണ്.
എണ്ണക്കമ്പനികള്‍ നഷ്‌ടം സഹിച്ച് ഇന്ധന വില്‍പ്പന നടത്തുന്നില്ല. അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് ഉത്‌പന്നങ്ങളാക്കി ആഭ്യന്തര വിപണിയില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് വില്‍ക്കുമ്പോള്‍ കമ്പനിക്കുണ്ടാവുന്ന ബാധ്യത സര്‍ക്കാര്‍ നികത്തി നല്‍കുകയായിരുന്നു പതിവ്. അതിനാണ് സര്‍ക്കാര്‍ സബ്‌സിഡി എന്ന് പറഞ്ഞിരുന്നത്. സബ്‌സിഡികള്‍ പടിപടിയായി ഒഴിവാക്കി സാമൂഹിക ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുന്ന അവസ്ഥയുണ്ടാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് 1984ല്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ മുതലിങ്ങോട്ടുള്ളവയൊക്കെ പ്രവര്‍ത്തിച്ചിരുന്നത്. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ധനമന്ത്രിസ്ഥാനത്തെത്തിയപ്പോള്‍ ഈ പ്രക്രിയക്ക് പുതിയ ദിശാബോധവും ഗതിവേഗവും കൈവരികയും ചെയ്‌തു. അതിന്റെ മറ്റൊരു ഘട്ടമാണ് ഇപ്പോള്‍ എണ്ണമന്ത്രി മുരളി ദേവ്‌റയിലൂടെ മന്‍മോഹന്‍ നടപ്പാക്കിയത്. ഇന്ധന മേഖലയില്‍ കൈവെച്ചിരിക്കുന്ന അംബാനി സഹോദരന്‍മാരുമായും മറ്റും അടുത്ത ബന്ധം പുലര്‍ത്തുന്ന ദേവ്‌റക്ക് വില നിയന്ത്രണം നീക്കിക്കൊടുക്കുക എന്നത് വ്യവസായ കുടുംബ ആവശ്യം കൂടിയായിരുന്നു.
ഇതിന്റെ ഫലമായി അവശ്യവസ്‌തുക്കളുടെ വില വര്‍ധിക്കുകയും പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുകയും ചെയ്‌താല്‍ അത് യു പി എ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കും. മാസങ്ങള്‍ക്കകം ബീഹാര്‍ നിയമസഭയിലേക്കും അടുത്ത വര്‍ഷാരംഭത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് നിയമസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കുകയും ചെയ്യും. സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് കൂടുതല്‍ ഒഴിഞ്ഞു നില്‍ക്കുകയും അംബാനിമാരെപ്പോലുള്ളവരെ സഹായിക്കുകയും ചെയ്യുന്നതിനൊപ്പം തിരഞ്ഞെടുപ്പ് തിരിച്ചടി ഒഴിവാക്കുക എന്നത് കൂടി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യമാണ്. അതിനുള്ള കുറുക്കുവഴിയാണ് റിസര്‍വ് ബേങ്കിലൂടെ മന്‍മോഹന്‍ സിംഗ് തേടിയത്. ബേങ്കിന്റെ ഇപ്പോഴത്തെ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്‌തനാണ്. 2005 മുതല്‍ 2007 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായിരുന്നയാള്‍.
ഇന്ധന വില വര്‍ധിപ്പിച്ചതിനു പിറകെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകുന്നത് തടയുക. വിപണിയിലേക്ക് പണമൊഴുകുന്നത് നിയന്ത്രിച്ചാല്‍ വില്‍പ്പനയില്‍ ഇടിവുണ്ടാവും. അത് പണപ്പെരുപ്പ നിരക്കിനെ സ്വാധീനിക്കും. അതായത് ഇന്ധന വില വര്‍ധിപ്പിച്ചതിന്റെ ആഘാതം പ്രതിഫലിക്കുന്ന മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക് വിലയിരുത്തുമ്പോള്‍ അതില്‍ വലിയ മാറ്റം ദൃശ്യമാവില്ല. ഇന്ധന വില കൂടിയത് അവശ്യവസ്‌തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടില്ലെന്ന് കണക്കുകളിലൂടെ സമര്‍ഥിക്കാന്‍ പ്രധാനമന്ത്രിക്കും സാമ്പത്തിക വിശാരദന്‍മാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതിലൂടെ സാധിക്കും. പ്രതിപക്ഷത്തിന് പണപ്പെരുപ്പ നിരക്കിലെ വര്‍ധന ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമാവില്ല. ഈ പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണ് നയ അവലോകനത്തിന് മൂന്നാഴ്‌ച മാത്രം ശേഷിക്കെ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചത്.
കാര്യങ്ങള്‍ കണക്കില്‍ ഭദ്രമായിരിക്കുക എന്നതിനാണല്ലോ പ്രധാനമന്ത്രിയും സര്‍ക്കാറുകളും പ്രാമുഖ്യം നല്‍കുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പോലും, ഏഴ് ശതമാനത്തിലധികമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണ്. ദാരിദ്ര്യത്തില്‍ ഉഴലുന്ന ഗ്രാമങ്ങളും സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളും എണ്ണിയാലൊടുങ്ങാത്ത വിധത്തില്‍ നിലനില്‍ക്കുന്നുവെന്നത് ഈ കണക്കിലെ കളിയെ ബാധിക്കില്ല. കണക്കിലെ കളികള്‍ക്കാണ് അടിസ്ഥാന യാഥാര്‍ഥ്യങ്ങളേക്കാള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നത് എന്നതിനാല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടവുമുണ്ടാവില്ല.
കണക്കിന്റെ ഈ കളിക്ക് ഒരു വശം കൂടിയുണ്ട്. ദേശീയ തൊഴിലുറപ്പ്, ഗ്രാമീണ ഭവന നിര്‍മാണം, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മുഴുവന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങി സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇതിലേക്കായി ആയിരക്കണക്കിന് കോടി രൂപ നീക്കിവെച്ചതിന്റെ കണക്കുകള്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി പറയാറുമുണ്ട്. ഇത്തരം പദ്ധതികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണം യാതൊരു ബുദ്ധിമുട്ടും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുപിടിക്കുക കൂടിയാണ് ഇന്ധന വില വര്‍ധനയിലൂടെയും മറ്റും ചെയ്യുന്നത്. ജനങ്ങള്‍ നല്‍കുന്ന നികുതി തന്നെയാണ് സര്‍ക്കാറിന്റെ വരുമാനം. പക്ഷേ, അത് ഏത് വിധത്തില്‍ പിരിക്കുന്നുവെന്നതും ആരില്‍ നിന്നൊക്കെ കൂടുതല്‍ പിരിക്കുന്നുവെന്നതും പ്രധാനമാണ്.
ആദായ നികുതി ചട്ടങ്ങള്‍ പുതുക്കുകയാണ് ധനമന്ത്രി. പത്ത് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ വര്‍ഷത്തില്‍ നല്‍കേണ്ട നികുതി പത്ത് ശതമാനമാക്കി പരിമിതപ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെയാണ് ഇന്ധന വില വര്‍ധിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ പിഴിയുന്നത്. ഇത് മറച്ചുവെക്കുക എന്ന തന്ത്രം കൂടിയാണ് പണപ്പെരുപ്പ നിരക്കിന്റെ തോത് പിടിച്ചുനിര്‍ത്താനുദ്ദേശിച്ചുള്ള റിസര്‍വ് ബേങ്കിന്റെ തീരുമാനത്തിന്റെ കാതല്‍. കണക്കിലെ അഡ്‌ജസ്റ്റ്‌മെന്റുകള്‍ കൃത്യമാക്കുന്നതിനിടെ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥയും അതുണ്ടാക്കുന്ന വലിയ അതൃപ്‌തിയും കാണാതെ പോവുകയാണ്. ഈ അതൃപ്‌തി തിരഞ്ഞെടുപ്പുകളിലാവില്ല പ്രതിഫലിക്കുക എന്ന് ഇനിയും മനസ്സിലാവുന്നില്ല എന്നതാണ് വലിയ ദുരന്തം.
Subscribe to:
Post Comments (Atom)
അല്ലങ്കിലും കേന്ദ്രഭരണം സാധാരണകാരന്റെ പ്രശനങ്ങള്‍ക്ക് ഒരിക്കലും പരിഹാരം കണ്ടിട്ടില്ല മുതലാളിത്ത നയങ്ങള്‍ നടപ്പാക്കുന്ന ഒരു സര്‍ക്കാര്‍ സാധാരണ കാരന്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരില്ല .വിലകയറ്റം ഇത്ര രൂക്ഷമായിട്ടും ഫലപ്രദമായ എന്ത് നിലപാടാണ് ഉണ്ടായത് ...അത് മാത്രമാണ് ഈ പറഞ്ഞതിന്റെ തെളിവ്
ReplyDelete