2010-07-22

തമസ്‌കരണത്തിലും രാഷ്‌ട്രീയമുണ്ട്‌



നിഷ്‌പക്ഷം, സത്യസന്ധം, സമഗ്രം - ലോകത്തെ ഏത്‌ മാധ്യമ സ്ഥാപനവും സ്വയം അവകാശപ്പെടുന്ന ഗുണങ്ങളാണിവ. ക്യൂബന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രാന്‍മ മുതല്‍ അധിനിവേശാനുഗുണമായും കുത്തകക്കമ്പനികളുടെ പ്രചാരണാര്‍ഥവും പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വരെ ഇത്‌ അവകാശപ്പെടും. ഇന്ത്യയിലെ മാധ്യമങ്ങളും ഈ ഗുണങ്ങള്‍ അവകാശപ്പെടുന്നവരാണ്‌. കേരളത്തിലേക്ക്‌ വരുമ്പോള്‍ ഇവക്കൊപ്പം മതേതര, ജനാധിപത്യ സ്വഭാവം കൂടി അവകാശപ്പെട്ടേക്കാം. മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താല്‍ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണുതാനും. ഇവ നിലനിര്‍ത്തുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടിവരുമെന്നത്‌ വസ്‌തുത മാത്രം. നിലനിര്‍ത്തേണ്ടവ നിലനിര്‍ത്താതിരിക്കുക മാത്രമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മറിച്ച്‌ ജനങ്ങളിലെത്തേണ്ട ചില വിവരങ്ങളെങ്കിലും സമര്‍ഥമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്‌. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട്‌ അടുത്തിടെ പുറത്തുവന്ന കാര്യങ്ങളെ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ ഏത്‌ വിധത്തില്‍ കൈകാര്യം ചെയ്‌തുവെന്ന്‌ പരിശോധിച്ചാല്‍ ഇത്‌ വ്യക്തവുമാണ്‌.

അബ്‌ദുന്നാസര്‍ മഅ്‌ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ ചേര്‍ത്തത്‌, കോളജ്‌ അധ്യാപകന്റെ കൈവെട്ടിയത്‌, തുടര്‍ന്ന്‌ വ്യാപകമായി നടന്ന പരിശോധനകളില്‍ ബോംബും മറ്റ്‌ മാരകായുധങ്ങളും പിടിച്ചത്‌ തുടങ്ങി സംഭവ ബഹുലമായ ദിനങ്ങളാണ്‌ മുന്നിലൂടെ കടന്നുപോയത്‌. ഇതിനെല്ലാം വലിയ പ്രാമുഖ്യം നമ്മുടെ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. വാര്‍ത്തയുടെ പ്രാധാന്യം പത്രങ്ങളോ ചാനലുകളോ നിശ്ചയിക്കുമ്പോള്‍ നമ്മുടെ തൊട്ടടുത്ത്‌ നടന്ന സംഭവങ്ങള്‍ക്ക്‌ പ്രാമുഖ്യം ലഭിക്കുക സ്വാഭാവികമാണ്‌. സാങ്കേതികമായി പത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ പ്രോക്‌സിമിറ്റിക്ക്‌ നല്‍കേണ്ട പ്രാമുഖ്യം പഠിക്കുന്നുണ്ട്‌. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല, ആധികാരികമായ വിവരങ്ങളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും പഠിക്കും. പ്രോക്‌സിമിറ്റിക്ക്‌ പ്രാമുഖ്യം നല്‍കണമെന്ന പാഠം പ്രാവര്‍ത്തികമാക്കുന്നവര്‍ രണ്ടാമത്തെ പാഠം മറന്നുപോവാറുമുണ്ട്‌. 


പ്രോക്‌സിമിറ്റിയുടെ മാനദണ്ഡം പ്രയോഗിച്ചാല്‍ ഒഴിവാക്കാവുന്ന അകലം രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗക്കും ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിലെ മക്ക മസ്‌ജിദിനും മഹാരാഷ്‌ട്രയിലെ മലേഗാവിനുമുണ്ടെന്ന്‌ തോന്നുന്നില്ല. ഇവിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ അതിന്‌ വലിയ പ്രാധാന്യം നല്‍കുകയും ചെയ്‌തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്‌സ്‌പ്രസില്‍ സ്‌ഫോടനമുണ്ടായി 67 പേര്‍ മരിച്ചപ്പോഴും നമുക്ക്‌ വലിയ വാര്‍ത്തയായിരുന്നു. 2006ലും 2007ലുമായി നടന്ന ഈ സംഭവങ്ങളെക്കുറിച്ച്‌ വിവിധ ഏജന്‍സികള്‍ ഇക്കാലത്തിനിടെ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന്‌ ഇതുവരെ മനസ്സിലാക്കാനായത്‌ സ്‌ഫോടനത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചത്‌ ഹിന്ദുത്വ തീവ്രവാദ സംഘടനകളോ അത്തരം സംഘടനകളില്‍ അംഗങ്ങളായവരോ ആണെന്നാണ്‌. ഹിന്ദുത്വ ഭീകരത എന്നത്‌ പ്രചാരണമല്ല, നിലനില്‍ക്കുന്നതാണെന്ന്‌ ഭരണാധികാരികള്‍ പോലും സമ്മതിക്കുകയും ചെയ്‌തിരിക്കുന്നു. 


ഈ കേസുകളില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്‌ അടുത്ത ദിവസങ്ങളിലാണ്‌. രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ (ആര്‍ എസ്‌ എസ്‌) തന്ത്രങ്ങളാവിഷ്‌കരിക്കുന്ന സുപ്രധാന സമിതികളില്‍ അംഗങ്ങളായിരിക്കുന്ന ചിലരെ സ്‌ഫോടനക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ചോദ്യം ചെയ്‌തു. ആര്‍ എസ്‌ എസ്സിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അംഗമായ ഇന്ദ്രേഷ്‌ കുമാറിലേക്ക്‌ അന്വേഷണം കേന്ദ്രീകരിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഏറ്റവുമൊടുവില്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന്‌ വരെ.

ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ എന്ന ചാനലാണ്‌. മേല്‍പറഞ്ഞ സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന സംഘം പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന്‌ ലഭിച്ച സംഭാഷണങ്ങളാണ്‌ തങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ അവകാശപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത, അതിന്റെ ആധികാരിതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടുതന്നെ, മലയാളത്തിലെ മുഖ്യധാര എന്ന്‌ അവകാശപ്പെടുന്ന പത്രങ്ങളും ചാനലുകളും എന്തുകൊണ്ട്‌ തമസ്‌കരിച്ചുവെന്ന്‌ ആലോചിക്കേണ്ടതുണ്ട്‌. ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലെ ഹെഡ്‌ലൈന്‍സ്‌ ടുഡേയുടെ ഓഫീസ്‌ ആര്‍ എസ്‌ എസ്‌, ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയാണ്‌ മലയാള മനോരമ പത്രം നല്‍കിയത്‌. ആക്രമണത്തിനുള്ള കാരണം അവസാന വരികളില്‍ പറഞ്ഞപ്പോള്‍ ഉപരാഷ്‌ട്രപതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത നല്‍കിയതാണ്‌ പ്രകോപനമുണ്ടാക്കിയതെന്ന്‌ പറഞ്ഞുപോയെന്ന്‌ മാത്രം. അശോക്‌ വര്‍ഷ്‌നെയ്‌, അശോക്‌ ബെരി എന്നീ ആര്‍ എസ്‌ എസ്‌ നേതാക്കളെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത അവര്‍ നല്‍കിയതേയില്ല. മാതൃഭൂമിയാകട്ടെ ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതേയില്ല. ഏത്‌ വാര്‍ത്ത കൊടുക്കണം, ഏത്‌ കൊടുക്കരുത്‌ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം ആ പത്രങ്ങളുടേത്‌ മാത്രമാണ്‌. ആധികാരികമല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ കൊടുക്കാതിരുന്നതുമാവാം. പക്ഷേ, ഇത്തരം തിരിച്ചറിവുകള്‍ എല്ലാ കാര്യത്തിലുമുണ്ടാവാറില്ല എന്നത്‌ മറക്കാന്‍ സാധിക്കില്ല. 


`ലൗ ജിഹാദ്‌' എന്ന പ്രചാരണമുണ്ടായപ്പോള്‍ ഈ പക്വതയും വിവേചനബുദ്ധിയും ഈ പത്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. മനോരമയിലും മാതൃഭൂമിയിലും തന്നെയാണ്‌ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പത്രപ്രവര്‍ത്തകരുള്ളത്‌. അവരൊക്കെ ആലോചിച്ചാണ്‌ ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാര്‍ത്ത കൊടുക്കേണ്ട എന്ന്‌ തീരുമാനിക്കുന്നത്‌. ഇതേയാളുകള്‍ തന്നെയാണ്‌ ലൗ ജിഹാദിന്റെ വാര്‍ത്തക്ക്‌ വലിയ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചതും. മഅ്‌ദനിയുമായി തടിയന്റവിട നസീര്‍ ഫോണില്‍ സംസാരിച്ചുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന്‌ ലഭിച്ചപ്പോള്‍ ആധികാരികതയില്‍ സംശയം തോന്നാതിരുന്നവരാണ്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരിതയെ സംശയിച്ചത്‌. ബാംഗ്ലൂര്‍ പോലീസ്‌ രഹസ്യമായി ബംഗ്ലാദേശില്‍ പോയി തടിയന്റവിട നസീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ കേന്ദ്ര ഇന്റലിജന്‍സിന്‌ വിവരം നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌ ഉണ്ടായതെന്നും ഒന്നാം പേജില്‍ ബഹുവര്‍ണ തലക്കെട്ട്‌ നിരത്തിയവര്‍ക്കും ഹെഡ്‌ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം തോന്നി. 


ഹെഡ്‌ലൈന്‍സ്‌ ടുഡേ ചാനലിനെയാണോ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്‌തുതയെയാണോ ഇവര്‍ സംശയിച്ചത്‌? നേതാക്കളില്‍ ആരെയെങ്കിലും വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌ മുസ്‌ലിം ബന്ധങ്ങളുള്ള ഏതെങ്കിലും സംഘടനയായിരുന്നുവെങ്കില്‍ ഇവര്‍ക്ക്‌ സംശയമുണ്ടാവുമായിരുന്നോ? ഇല്ലെന്ന്‌ വേണം മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍.

ഇതിലും മനോഹരമാണ്‌ ആധികാരികത വിട്ടു കളിക്കില്ലെന്ന ശപഥം നിലനിര്‍ത്താന്‍ യത്‌നിക്കുന്ന ദി ഹിന്ദു ദിനപ്രത്രത്തിന്റെ കഥ. ഇന്ത്യയില്‍ എവിടെ നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ചും അന്വേഷണ ഏജന്‍സികള്‍ക്കുപോലുമില്ലാത്ത കൃത്യതയോടെ എഴുതുന്നയാളാണ്‌ ആ പത്രത്തിലെ പ്രവീണ്‍ സ്വാമി എന്ന ലേഖകന്‍. ആര്‍ എസ്‌ എസ്‌ ബന്ധവും ഹിന്ദുത്വ ഭീകര പ്രവര്‍ത്തനത്തിന്റെ നിലനില്‍പ്പും പുറത്തുവന്നിട്ടും ഇതേവരെ ഹിന്ദു അത്‌ സംബന്ധിച്ച റിപ്പോര്‍ട്ടൊന്നും നല്‍കിയില്ല. പ്രവീണ്‍ സ്വാമിയുടെ എഴുത്തുകളുമുണ്ടായില്ല. ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്ന ഇശ്‌റത്‌ ജഹാനും മലയാളിയായ ജാവീദ്‌ ഗുലാം ശൈഖും ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകരാണെന്ന്‌ ശക്തിയുക്തം സമര്‍ത്ഥിച്ചയാളാണ്‌ പ്രവീണ്‍ സ്വാമി. ഇവര്‍ എങ്ങനെയാണ്‌ അഹമ്മദാബാദിലെത്തിയത്‌ എന്നത്‌ സംബന്ധിച്ച്‌ ഇതുവരെ നടന്ന അന്വേഷണങ്ങളിലൊന്നും വ്യക്തതയുണ്ടായില്ല. പക്ഷേ, ഇശ്‌റത്തും ഗുലാം ശൈഖും സഞ്ചരിച്ച ഇന്‍ഡിക്ക കാര്‍ ഏതുവഴിയിലൂടെയൊക്കെ സഞ്ചരിച്ചുവെന്ന്‌ പ്രവീണ്‍ സ്വാമി ലേഖനമെഴുതിയിരുന്നു. അത്രശക്തമാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ സ്വാമിക്കുള്ള സ്രോതസ്സുകള്‍. എന്നിട്ടും മക്ക മസ്‌ജിദ്‌, മലേഗാവ്‌, അജ്‌മീര്‍ ദര്‍ഗ, സംഝോത എക്‌സ്‌പ്രസ്‌ എന്നിവയുമായി ബന്ധപ്പെട്ട ഒരു വിവരം പോലും പ്രവീണ്‍ സ്വാമിക്ക്‌ ലഭിച്ചതേയില്ല.  


അതേസമയം ഹിന്ദു മറ്റൊരു കാര്യം ചെയ്‌തു. ഇന്ദ്രേഷ്‌ കുമാര്‍ എന്ന ആര്‍ എസ്‌ എസ്‌ നേതാവ്‌ നല്‍കിയ പ്രസ്‌താവന പ്രസിദ്ധീകരിച്ചു. ആക്രമണങ്ങളുമായി ബന്ധമില്ല, അക്രമത്തില്‍ വിശ്വസിക്കുന്നയാളല്ല താന്‍ എന്നതായിരുന്നു ഇന്ദ്രേഷിന്റെ പ്രസ്‌താവന. ആ പ്രസ്‌താവന പ്രസിദ്ധീകരിച്ചപ്പോള്‍ പോലും അതിന്‌ ഇടയാക്കിയ സംഭവങ്ങളെക്കുറിച്ച്‌ പത്രം മൗനം പാലിച്ചു.

അപകടം ഇവിടെ തീരുന്നില്ല. ഇത്തരം വാര്‍ത്തകളെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌ മാധ്യമം, സിറാജ്‌, തേജസ്‌, ചന്ദ്രിക, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളാണ്‌. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍. ദേശീയ ദിനപ്പത്രങ്ങളിലോ ചാനലുകളിലോ വന്ന റിപ്പോര്‍ട്ടുകള്‍ തര്‍ജമ ചെയ്‌ത്‌ പ്രസിദ്ധീകരിക്കുകയാണ്‌ ഇവയെല്ലാം ചെയ്യുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസ്‌, കൈവെട്ട്‌ കേസ്‌ എന്നിവയില്‍ അതാത്‌ ദിവസങ്ങളിലുണ്ടാവുന്ന സംഭവ വികാസങ്ങള്‍ നല്‍കുന്നതിനൊപ്പമാണ്‌ ഇതും പ്രസിദ്ധീകരിച്ചത്‌. പക്ഷേ, മാധ്യമ ശസ്‌ത്രക്രിയ നടത്തുന്ന ചില വിശാദരന്‍മാര്‍ മുസ്‌ലിം പത്രങ്ങളെല്ലാം ആര്‍ എസ്‌ എസിന്റെ ഭീകര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നായിരിക്കും നാളെ പറയുക. മുസ്‌ലിം പത്രങ്ങളെല്ലാം ചേര്‍ന്ന്‌ ആര്‍ എസ്‌ എസ്സിനെതിരായ വാര്‍ത്തകള്‍ നല്‍കി എന്ന പൊതു ധാരണ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. മുഖ്യധാരയിലൊന്നും കാണാത്ത വാര്‍ത്തകള്‍ ഇവര്‍ ചേര്‍ന്ന്‌ സൃഷ്‌ടിച്ചതാണെന്ന്‌ വരെ വേണമെങ്കില്‍ വ്യാഖ്യാനമുണ്ടാവാം.

ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുമ്പോള്‍ ഒരു വിഭാഗത്തിനുമേല്‍ നിലനില്‍ക്കുന്ന സംശയങ്ങളുടെ കനം വര്‍ധിക്കുകയാണ്‌. ഇതറിയാത്തവരല്ല ഈ പത്രങ്ങളുടെയൊന്നും മേല്‍ത്തട്ടിലും കീഴ്‌ത്തട്ടിലും ഇരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇത്തരം തിരഞ്ഞെടുത്ത തമസ്‌കരണങ്ങളെ, അതിന്‌ പറയുന്ന കാരണങ്ങളെല്ലാം ഇവര്‍ വലിയ പ്രാമുഖ്യം നല്‍കിയ വാര്‍ത്തകളുടെ കാര്യത്തിലും പറയാനാവും, നിഷ്‌കളങ്കമായി കാണാനാവില്ല. മഅ്‌ദനിയെ എന്‍ ഐ എ ചോദ്യം ചെയ്‌തുവെന്ന്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കുന്ന ചാനലുകള്‍ ആര്‍ എസ്‌ എസ്സിന്റെ ദേശീയ നേതാവിനെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത പോലും കൊടുക്കാതിരിക്കുമ്പോള്‍ അത്‌ ബോധപൂര്‍വം തന്നെയാണ്‌. മഹാത്‌മാഗാന്ധിയെ വധിച്ച നാഥുറാ ഗോഡ്‌സെ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകനായിരുന്നുവെന്ന വസ്‌തുത പോലും മറച്ചുവെക്കാന്‍ വെമ്പുന്നവര്‍ ഇതെല്ലാം മറച്ചുവെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പുണ്ണ്‌ വ്രണമാവുന്നതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവാം.

8 comments:

  1. കാര്യങ്ങള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വളരെ വ്യക്തമാണു 'മുഖ്യാധാരാ' എന്ന ഒാമനപേരിലറിയപെടുന്നവരുടേ നിലപാടുകള്‍. എത്ര ഭംഗിയായാണു അവര്‍ ഉപരാഷ്ട്രപതിയെ വധിക്കാനുള്ള ഗൂഡാലോചന വാര്‍ത്ത 'മുക്കിയത്‌'. ഈ പത്രങ്ങളും ചാനലുകളും മുക്കിയ വാര്‍ത്തകളില്‍ എതെങ്കിലുമൊരു മുസ്ളിം നാമധാരി ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ അത്‌ ഒാണം പോലെ ക്രിസ്മസ്‌ പോലെ ഒാരോ നിമിഷവും ആഘോഷിക്കുമായിരുന്നു. അവരുദ്ദേശിക്കാത്തവരാണു പ്രതികള്‍ എന്ന് കണ്ടപ്പോള്‍ അതൊരു വാര്‍ത്ത പോലും ആയില്ല. ഡോ. എം എസ്‌ ജയപ്രകാശിനോ, കെ പി രാമനുണ്ണിക്കോ ഒരു പത്രത്തില്‍ ലേഖനമെഴുതണമെങ്കില്‍ ഈ 'മുഖ്യധാര'ക്കാരുടെയും അവരെ നിലവറയില്ലാതെ പിന്തുണക്കുന്ന് ഫാഷിസ്റ്റ്‌-യുക്തിവാദികളൂടെയും അനുമത്‌ വേണം എന്ന് പോലുമായിരിക്കുന്നു സ്ഥിതിഗതികള്‍. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

    ReplyDelete
  2. മാതൃഭൂമി, മനോരമ തുടങ്ങിയ മുഖ്യധാര മാധ്യമങ്ങള്‍ ആര്‍ എസ് എസ് ഇനെ പേടിച്ച് മിണ്ടാതെ ഇരിക്കുകയാനു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്.
    അതോ ഹിന്ദു,ജൈന, ക്രിസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ ഈ വാര്‍ത്തകളെല്ലാം പൂഴ്ത്തി വെച്ചിരിക്കുകയാന്‍ എന്നാണോ ?

    തേജസ്സും സിറാജും അച്ചടിച്ച് കൂട്ടുന്നതാന്‍ സത്യം എന്ന് വിശ്വസിക്കുന്ന ഒരാളെ വിഡ്ഢി എന്നെ വിളിക്കാന്‍ കഴിയൂ.

    ഹിന്ദു തീവ്രവാദികള്‍ക്ക് ഇത് വരെ ഹിന്ദു സമുദായത്തിന്റെ പിന്തുണ കിട്ടിയിട്ടില്ല . എന്തിനേറെ പറയുന്നു ആര്‍ എസ് എസ് വരെ അവരെ തള്ളി പറഞ്ഞു കഴിഞ്ഞു.

    ReplyDelete
  3. വൃതാസുരന്‍ :"ഹിന്ദു തീവ്രവാദികള്‍ക്ക് ഇത് വരെ ഹിന്ദു സമുദായത്തിന്റെ പിന്തുണ കിട്ടിയിട്ടില്ല . എന്തിനേറെ പറയുന്നു ആര്‍ എസ് എസ് വരെ അവരെ തള്ളി പറഞ്ഞു കഴിഞ്ഞു"

    ആദ്യവരി സത്യം രണ്ടാമത്തെ വരി ഗോമഡി! ഹ ഹ ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷത്തിണ്റ്റെ പിന്തുണ ലഭിക്കാത്ത ഹിന്ദു തീവ്രവാദികളാണു ആര്‍ എസ്‌ എസ്‌. അതേ ആര്‍ എസ്‌ എസ്‌ ആരെ, എന്ത്‌ തള്ളിപറഞ്ഞു എന്നാണു പറയുന്നത്‌?!! ഇന്ത്യാരാജ്യത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍, രഷ്ട്രപിതാവിണ്റ്റെ കൊലപാതകം, ബാബരി മസ്ജിദ്‌ പൊളിച്ചത്‌, വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ബോംബ്‌ സ്ഫോടനങ്ങള്‍ (നന്ദേഡ്‌, മാലഗോവ്‌, ഗോവ, സംജോത എക്സ്പ്രസ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍.........) അങ്ങിനെ തെളിഞ്ഞതും തെളിയാത്തതുമായ എത്രയോ സ്ഫോടനങ്ങള്‍ ഇവയിലൊക്കെ ആര്‍ എസ്‌ എസിണ്റ്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്ക്‌ വളരെ വ്യക്തമാണു. എന്നിട്ട്‌ അതേ ആര്‍ എസ്‌ എസ്‌ 'തള്ളി പറഞ്ഞുവെത്രെ'!! ചരിത്രബോധമില്ലാത്തവരോട്‌ പറയുബ്ബോള്‍ അവരത്‌ തൊണ്ടതൊടാതെ വിഴുങ്ങിയേക്കാം. എല്ലാവരെയും അതിനു കിട്ടില്ല. ആര്‍ എസ്‌ എസ്‌ എന്നുള്ളത്‌ ഹിന്ദു ഭീകരതയുടേ മൂര്‍ത്ത ഭാവമാണു. എന്‍ ഡി എഫും ആര്‍ എസ്‌ എസും എന്തിലാണു വ്യത്യാസമുള്ളത്‌? ഒരു വിഭാഗം കാക്കി ട്രൌസര്‍ അണിഞ്ഞ്‌ ഭീകരത അവതരിപ്പിക്കുബ്ബോള്‍ മറുവിഭാഗം അത്രതന്നെ കാണിച്ചില്ലെങ്കിലും അതുപോലെ ആകാന്‍ ശ്രമം നടത്തുന്നു. രണ്ടും നാടിനാപത്താണെന്ന് മനസ്സിലാക്കിയവരാണു ഭൂരിഭാഗവും.

    ReplyDelete
  4. രാജീവേ,
    ഇവിടെ നിലനില്‍ക്കുന്ന പൊതുബോധം സവര്‍ണമാണ്. അവര്‍ണര്‍ (ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ,മുസ്ലിങ്ങളില്‍ ഒരു വിഭാഗം ഉള്‍പ്പെടെ)വരെ അതു പിന്‍പറ്റുന്നവരാണ്. അതുകൊണ്ട് ദലിതര്‍, ആദിവാസികള്‍,മുസ്ലിങ്ങള്‍,ചിലപ്പോള്‍ മറ്റ് ബിസി വിഭാഗങ്ങള്‍ പ്രതിസ്ഥാനത്തു വരുന്ന വാര്‍ത്തകളേ അവര്‍ക്കു ദഹിക്കൂ. ദഹിക്കാത്ത വാര്‍ത്ത കൊടുത്താല്‍ പത്രത്തിനും ചാനലിനും ഓട്ടവും കുറയും. സവര്‍ണര്‍(അവരെയാണ് ഈ ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്) ഒരിക്കലും ഇത്തരത്തിലുള്ള ഒരു കുറ്റവും ചെയ്യില്ല എന്നത് ആ പൊതുബോധത്തിന്റെ അവിഭാജ്യ ഭാഗമാണ്. നാഴികയ്ക്കു നാല്‍പ്പതുവട്ടം സവര്‍ണവിരോധം വിളമ്പുന്ന ബ്ലോഗര്‍മാര്‍ വരെ മുസ്ലിമിന്റെ കാര്യം വരുമ്പോള്‍ ഈ സവര്‍ണ പൊതുബോധത്തിന്റെ ഭാഗമാവുന്നു. മീഡിയയുടെ സ്വാധീനം അത്രയ്ക്കുണ്ട്.
    സമാനമായ പോസ്റ്റുകള്‍ കാണുക:
    1.ഭീകരവാദികളോട് ഇരട്ടത്താപ്പ് !
    2.ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം
    3.സംഝോത എക്സ്പ്രസ് സ്ഫോടനം നടത്തിയത് ഹിന്ദുത്വ ശക്തികള്‍?
    ഒരു കാര്യം ഉറപ്പിക്കാം. ഇവിടത്തെ പുരോഗാമികളും മതേതരക്കാരും മുകളിലെ പോസ്റ്റുകള്‍ അവഗണിച്ചപോലെ ഇതും കണ്ടില്ലെന്നു നടിക്കും. അത്രയും ശക്തമാണ് സവര്‍ണ പൊതുബോധം.

    ReplyDelete
  5. ആര്‍ എസ്സ് എസ്സ് ഒരു അഹിംസാവാദി സംഘമാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല.
    മാലേഗാവ് സ്ഫോടനത്തിന് പിന്നില്‍ ഉള്ളവരെ
    സംരക്ഷിക്കാനോ പിന്തുണക്കാനോ അവര്‍ തയാറായില്ല എന്നു മാത്രമേ പറഞ്ഞൊള്ളു.

    ReplyDelete
  6. http://dauthyam.blogspot.com/2010/07/blog-post.html


    same post ......
    ഇതിലേതാണ് ഒറിജിനല്‍ ?????

    ReplyDelete
  7. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത, അതിന്റെ ആധികാരിതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടുതന്നെ, മലയാളത്തിലെ മുഖ്യധാര എന്ന്‌ അവകാശപ്പെടുന്ന പത്രങ്ങളും ചാനലുകളും എന്തുകൊണ്ട്‌ തമസ്‌കരിച്ചുവെന്ന്‌ ആലോചിക്കേണ്ടതുണ്ട്

    അറിയാനുള്ള പൌരന്റെ മൌലികമായ അവകാശം കലര്‍പ്പില്ലാതെ, വൈകാതെ അവന്റെ പൌരബോധത്തിന്റെ മനോമണ്ഡലങ്ങളില്‍ എത്തിക്കുക എന്ന ശ്രേഷ്ടമായ കര്‍മ്മത്തിന്റെ അമരക്കാര്‍ ആകേണ്ടുന്ന മാധ്യമങ്ങള്‍ പിറന്ന മണ്ണിന്റെ ഒറ്റുകാരായ പിന്നാപ്പുറ കഥകളാണ് ആ നിരയിലെ പുതിയ തലമുറയിലേക്കു പകരുവാന്‍ കഴിയുന്നത്‌ . പിഴച്ചപോയ ഉത്തരവാദിത്വത്തിന്റെ പാപഭാരവുമായി സ്വന്തം മനസാക്ഷിക്ക് മുന്നില്‍ സമ്പന്നനായി നിക്കുമ്പോളും സ്വയം വെറുക്കപ്പെട്ടവനായ അവനുനേരെ അവന്‍ വഞ്ചിച്ച സ്വന്തം മനസാക്ഷിയുടെ വിരല്‍ പൊള്ളുന്ന ചോദ്യങ്ങളായികൂമ്പിച്ചു ചൂണ്ടിനില്‍ക്കും .

    ReplyDelete
  8. സത്യാന്വേഷി യുടെ ബ്ലോഗ്‌ കണ്ടു... താങ്കള്‍ ആ പേര് മാറ്റുന്നതാണ് നല്ലത്. സത്യത്തെ അന്വേഷിചില്ലെങ്ങിലും കുയപമില്ല... പക്ഷെ അസത്യത്തെ എങ്ങനെ പുലംബികൊണ്ട് നടക്കരുത്. തങ്ങളുടെ അഭിപ്രായത്തില്‍ ഇസ്ലാമിക തീവ്രവാദ എന്ന് ഒന്ന് ഇല്ല. പക്ഷെ സത്യത്തില്‍ ഉള്ളത് ഹിന്ദു തീവ്രവാദം ആണ്. അത് എല്ലാ ഭരണകൂടങ്ങളും കൂടി മുസ്ലിമുകളുടെ പുറത്തു കെട്ടി വക്കുന്നു... വിഡ്ഢിത്തം പറയുനതിനും ഒരു കണകില്ലേ സുഹൃത്തേ? കണ്ണ് തുറന്നു ലോകത്ത് മുയുവന്‍ നോഒകൂ.. ആഫ്രിക്കയില്‍ , പാകിസ്ഥാനില്‍, . യൂറോപ്പില്‍, അമേരികയില്‍ ഇന്തോനേഷ്യ, ഭാരതം എല്ലായിടത്തും ഇസ്ലാമിക തീവ്രവാദം ആണ് ഇന്ന് ലോകത്തിനെ നാശത്തിനു ശ്രമികുനത്... ഇസ്ലാമിക തീവ്രവാദം ഇല്ലായിരുനെങ്ങില്‍ ഇന്ന് ലോക ജനനത്ത വളരെ പുരോഗതി നേടിയേനെ... അതെങ്ങനെ... മനുഷ്യനെ തിരിച്ചു ഇരുട്ടിന്റെ പാതയില്‍ നടത്താനല്ലേ ശ്രമം...

    ReplyDelete