2012-11-08

ആരുടെ തിരഞ്ഞെടുപ്പ്? ആരുടെ പ്രസിഡന്റ്?



നാടകീയമാക്കുക എന്നാല്‍ സംഭവങ്ങള്‍ക്ക് ഇല്ലാത്ത വലിപ്പം സൃഷ്ടിക്കുക എന്നത്  കൂടിയാണ്. മനോരഞ്ജകമായി മാറിയാല്‍ കാണികള്‍, യാഥാര്‍ഥ്യം മറന്ന് നാടകത്തില്‍ ലയിക്കും. അതാണ് നാടകകര്‍ത്താവിന്റെ വിജയം. ബരാക് ഒബാമക്ക് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമൂഴം ലഭിക്കുമ്പോള്‍ രംഗങ്ങള്‍ മനോരഞ്ജകമാക്കി മാറ്റി നാടകം വിജയിപ്പിച്ചതിന്റെ ഹരമുണ്ടാകും അതിന്റെ ആസൂത്രകര്‍ക്ക്. ഇന്നലെ വോട്ടെണ്ണല്‍ അവസാനിക്കുവോളം നാടകീയത നിലനിര്‍ത്താന്‍ സാധിച്ചു. അഭിപ്രായ സര്‍വേകളുടെ ഫലങ്ങള്‍ മുതല്‍ സാന്‍ഡി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വരെ ഇതിന് ഉപയോഗിക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മലയാളത്തിലെ ഏറ്റവും ചെറിയ ദിനപത്രം വരെ വലിയക്ഷരം നിരത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതിന്റെ ഗുണമെന്താണ്?


ദക്ഷിണാഫ്രിക്കയിലോ ബ്രിട്ടനിലോ ആണ്  ഇത്തരമൊരു തിരഞ്ഞെടുപ്പ് മത്സരം നടന്നത് എങ്കില്‍ ഇത്രയധികം നാടകീയത സൃഷ്ടിക്കപ്പെടുകയും അത് മലയാളത്തില്‍ വലിയക്ഷരത്തിന് യോഗ്യമാകുകയും ചെയ്യുമായിരുന്നോ?
അമേരിക്കയുടെ പ്രസിഡന്റ് എന്നാല്‍ ലോകത്തിന്റെയാകെ പ്രസിഡന്റാണ്. ഭൂഗോളത്തിലുണ്ടാകുന്ന സകല പ്രശ്‌നങ്ങളിലും ഇടപെടാനും ആയുധമുപയോഗിച്ച് പോലും പരിഹാരത്തിന് ശ്രമിക്കാനും ലൈസന്‍സുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് സര്‍വചരാചരങ്ങളുടെയും പ്രസിഡന്റാകാതെ തരമില്ലല്ലോ! യാങ്കി പഴമനസ്സിന്റെ ഈ ഊറ്റംകൊള്ളലിന്, ലോക ജനതയുടെ മനസ്സില്‍ ഇടമില്ലാതായോ എന്ന സംശയം ഇപ്പോഴുണ്ട്.


ഖജനാവ് കാലിയാകുകയും കടം പെരുകകയും ചെയ്ത് ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് ഇപ്പോഴുമില്ലേ എന്ന് ഇടക്കിടെ തടവി നോക്കേണ്ട സാഹചര്യം വന്നതിനാല്‍ സംശയം ബലവത്താണ്. അതുകൊണ്ടു തന്നെ വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത് അമേരിക്കക്കാരാണെങ്കില്‍ കൂടി, മത്സരത്തിന് സാര്‍വദേശീയ പരിവേഷം സൃഷ്ടിച്ച്, തിരഞ്ഞെടുക്കപ്പെടുന്നത് തങ്ങളുടെ ഭാഗധേയം കൂടി നിര്‍ണയിക്കാന്‍ നിയുക്തനായയാളാണെന്ന തോന്നല്‍ സൃഷ്ടിക്കുക - ആ തന്ത്രം വിജയകരമായി നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്ന് വീതം വെക്കപ്പെട്ട വോട്ടിന്റെ അവസാന കണക്കില്‍ വ്യക്തമാണ്. ഷേവിംഗ് ബ്ലേഡും കവിളും തമ്മിലുള്ള അകലമേ വിജയിയും പരാജിതനും തമ്മിലുണ്ടാകൂ എന്ന പ്രവചനങ്ങളെ അട്ടിമറിച്ച് ഇലക്ടറല്‍ കോളജിലെ 303 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ഒബാമ അനായാസ വിജയം നേടിയിരിക്കുന്നു.


2008ല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപിന്തുണ കുറഞ്ഞ പ്രസിഡന്റെന്ന റെക്കോര്‍ഡുമായി ജോര്‍ജ് ബുഷ് (ജൂനിയര്‍) വൈറ്റ് ഹൗസിലെ കസേരയിലിരിക്കെ, മത്സരിക്കാനിറങ്ങിയ റിപ്പബ്ലിക്കന്‍ ജോണ്‍ മെക്കയിനെന്ന ദുര്‍ബലനെ പരാജയപ്പെടുത്തുമ്പോള്‍ ഇലക്ടറല്‍ കോളജില്‍ 365 അംഗങ്ങളുടെ പിന്തുണയാണ് ഒബാമ നേടിയത്. അധികാരത്തിലേറിയതിനു ശേഷമുള്ള നാല് വര്‍ഷം ഒബാമയെ സംബന്ധിച്ച് അത്രത്തോളം ഗുണകരമായിരുന്നില്ല. അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങളും വഹിച്ച് ഇറാഖില്‍ നിന്ന് ശവപ്പെട്ടികളെത്തുന്നത് കുറക്കാനായെങ്കിലും അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങള്‍ ബോധ്യപ്പെട്ട്, ജോര്‍ജ് ബുഷ് (ജൂനിയര്‍) പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ ഖജനാവിനെ എത്രത്തോളം കാലിയാക്കിയെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ശക്തമായി.


നികുതി പരിഷ്‌കരണത്തിന് സമയമെടുത്തു. തൊഴിലില്ലായ്മ പരിഹരിക്കാനായി സ്വീകരിച്ച നടപടികള്‍ ഫലം കണ്ടില്ല. പുറം തൊഴില്‍ കരാറുകള്‍ കുറക്കാന്‍ ശ്രമിച്ചപ്പോള്‍, അതുവരെ തോളില്‍ കൈയിട്ട് നിന്ന മന്‍മോഹന്‍ സിംഗ് വരെ നീരസം കാട്ടി. സാമുഹിക സുരക്ഷാ പദ്ധതികള്‍ വ്യാപിപ്പിക്കാനും ബേങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഉറപ്പാക്കാനും ശ്രമിച്ചപ്പോള്‍ ഇടതു പക്ഷക്കാരനെന്ന ദുഷ്‌പേര് കേട്ടു. മുതലാളിത്ത സമ്പദ് വ്യവസ്ഥ പിന്തുടരുന്ന ഭരണകൂടത്തിന്റെ മുകളിലിരിക്കുന്നയാള്‍ക്ക് ഇതിലും വലിയൊരു ദുഷ്‌പേര് കേള്‍ക്കാനുണ്ടോ?


പ്രതിസന്ധി നേരിടാനായി കടം വാങ്ങി. പൊതുകടം ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനത്തോളമെത്തിയപ്പോള്‍ അക്കാലം വരെ ഉപദേഷ്ടാക്കളായി നിന്നവര്‍ പിന്‍വാങ്ങി. വായ്പാ തിരിച്ചടവ് മുടങ്ങി രാജ്യം കടത്തിന്റെ കുടിശ്ശികക്കാരനാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിട്ടു പോലും മൊത്തം കടത്തിന്റെ പരിധിയുയര്‍ത്തി സഹായിക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ തയ്യാറായില്ല. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചിലത് മാറ്റിവെക്കാന്‍ സമ്മതിച്ചതിന് ശേഷമാണ് കടത്തിന്റെ പരിധിയുയര്‍ത്താന്‍ സമ്മതിച്ചത്. കടത്തിന്‍മേല്‍ കടം കയറി മുടിഞ്ഞ ഗ്രീസിനോട് രാജ്യത്തെ താരതമ്യപ്പെടുത്തുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. സമ്പത്ത് മുഴുവന്‍ ജനസംഖ്യയുടെ ഒരു ശതമാനം കൈവശം വെക്കുകയാണെന്ന് ആരോപിച്ചും 99 ശതമാനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടും പിടിച്ചെടുക്കല്‍ പ്രസ്ഥാനക്കാര്‍ തെരുവുകളില്‍ തമ്പടിച്ചത് പുറമെ.


വായ്പയെടുക്കാനുള്ള ശേഷി കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് പ്രഖ്യാപനം നടത്തിയതോടെ ഓഹരി വിപണികള്‍ കൂപ്പ് കുത്തി. ഈ അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടയാളെന്ന ആരോപണമാണ് ബരാക് ഒബാമ നേരിട്ടത്. ജോര്‍ജ് ബുഷ് സൃഷ്ടിച്ചു നല്‍കിയത് പോലൊരു അനുകൂല അന്തരീക്ഷമല്ല, മറിച്ച് പ്രതികൂലമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത് എന്ന് അര്‍ഥം. എന്നിട്ടും 303 ഇലക്ടറല്‍ വോട്ട് നേടാനായെങ്കില്‍ അത് അനായാസ വിജയമെന്ന് തന്നെ പറയേണ്ടിവരും. ഫ്‌ളോറിഡയിലെ ഫലം വരാനുമിരിക്കുന്നു.


ഇത് മനസ്സിലാക്കാന്‍ സര്‍വേ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് വിശ്വസിക്കുക പ്രയാസം. ഏജന്‍സികളുടെ കണക്കുകള്‍ വസ്തുനിഷ്ഠമായിരുന്നുവെന്നും അവസാന നിമിഷം ആഞ്ഞടിച്ച സാന്‍ഡി ചുഴലിക്കാറ്റ് കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് കാട്ടിയ മികവ് ജനമനസ്സിലെ ഏതിര്‍ വികാരങ്ങളെയാകെ പറത്തിക്കളഞ്ഞുവെന്നും വിശ്വസിക്കുന്നത് യുക്തിസഹമാകില്ല. അപ്പോള്‍ പിന്നെ ജനവികാരമളക്കുന്നതില്‍ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന് കരുതണം. സ്വയം സംഭവിച്ചതല്ല, മനഃപൂര്‍വമുണ്ടാക്കിയതാണെന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍. 71.2 കോടി ഡോളര്‍ ചെലവിട്ട്  ഒബാമയും മിറ്റ് റോംനീയും സംഘടിപ്പിച്ച പ്രചാരണ മഹോത്സവമാണ് അന്തരീക്ഷ സൃഷ്ടിയില്‍ മുഖ്യം. ബാക്കി ജോലിയാണ് അഭിപ്രായ സര്‍വേ സംഘാടകരായ ഏജന്‍സികളും അമേരിക്കന്‍ മാധ്യമങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചത്. അതില്‍ അഭിരമിച്ച ആഗോള മാധ്യമങ്ങള്‍, തിരഞ്ഞെടുപ്പുത്സവത്തിന് മുമ്പും പിമ്പും അമേരിക്കയെന്ന പാപ്പര്‍ സൃഷ്ടിക്കാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചതേയില്ല.


അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രംഗത്ത് യഥാര്‍ഥത്തില്‍ നടന്ന, സംസ്‌കാരസമ്പന്നരെന്ന് അവകാശപ്പെടുന്നവരുടെ മനസ്സില്‍ അടിഞ്ഞിരിക്കുന്ന വെറുപ്പിന്റെയും വംശീയ വിദ്വേഷത്തിന്റെയും പ്രകടനം കണ്ടതുമില്ല.
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ 2007ല്‍ ഒബാമ ശ്രമം തുടങ്ങിയ അന്നു മുതല്‍ അദ്ദേഹത്തിന്റെ മതമേതെന്ന ചോദ്യം ഉയരുന്നതാണ്. ക്രിസ്തുമതത്തിലുള്ള തന്റെ വിശ്വാസം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. അഞ്ച് വര്‍ഷത്തിനിപ്പുറം ഇത് വീണ്ടും പ്രചാരണ രംഗത്തുയര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വെള്ളമനസ്സുകാര്‍ക്ക് മടിയുണ്ടായില്ല. ബരാക് ഒബാമ പിതൃശൂന്യനെന്ന ആരോപണമുയര്‍ത്തുക വഴി, പാവം സ്ത്രീയുടെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തുകയും ചെയ്തു. ഈ ചരിത്രം പേറുന്ന പാതി കറുത്ത വര്‍ഗക്കാരനായ ഒരാളെ വീണ്ടും പ്രസിഡന്റാക്കണോ എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം. മിറ്റ് റോംനീയെന്ന മോര്‍മണിന്, ഒബാമയെ ശക്തമായ മത്സരത്തിലേക്ക് എത്തിക്കാന്‍ ഇത്തരം ചോദ്യങ്ങള്‍ സഹായിച്ചുവെന്ന വിലയിരുത്തല്‍ കൂടിയുണ്ടാകുമ്പോള്‍ ലോകത്തെ നിയന്ത്രിക്കുന്നുവെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ മനസ്സിലെ മാലിന്യത്തിന്റെ അളവ് ബോധ്യപ്പെടും. ഇത്തരം നീച തന്ത്രങ്ങളെ മറച്ചുവെച്ചാണ് മത്സരം 'ക്ലോസ് കോളാ'ണെന്ന് സര്‍വേകള്‍ ഉദ്‌ഘോഷിച്ചത്.


അമേരിക്കയുടെ ആഭ്യന്തര സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ എന്ത് നടപടികളാണ് ഒബാമ തുടര്‍ന്ന് സ്വീകരിക്കാന്‍ പോകുന്നത് എന്നതിലോ എന്തൊക്കെ ബദല്‍ മാര്‍ഗങ്ങളാണ് മിറ്റ് റോംനി മുന്നോട്ടുവെക്കുന്നത് എന്നതിലോ ആരും താത്പര്യം പ്രകടിപ്പിച്ചില്ല. അത്തരം വിവരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്നുവെങ്കില്‍ അമേരിക്ക അകപ്പെട്ടിരിക്കുന്ന അതിഭയാനകമായ കടത്തിന്റെ ആഴം ലോകത്തിന് ബോധ്യപ്പെടും. കടത്തിന്‍മേല്‍ കെട്ടിയുയര്‍ത്തപ്പെട്ട ഗോപുരത്തിനെ ആശ്രയിക്കുന്നത് അപകടമാണെന്ന് ഇതര രാഷ്ട്രങ്ങള്‍ മനസ്സിലാക്കും. ഈ ഗോപുരത്തിലെ  മുഖ്യ ഘടകങ്ങളായ കൊടികെട്ടിയ കമ്പനികളെല്ലാം പാപ്പരാണെന്ന് തിരിച്ചറിയും. പല്ല് നഷ്ടപ്പെട്ട പാമ്പിനെ ആര് വിലവെക്കും. അത്തരമൊരു അവസ്ഥയുണ്ടാകരുത് എങ്കില്‍ മത്സരത്തിന്റെ കടുപ്പത്തെക്കുറിച്ച് മാത്രം ചര്‍ച്ചകള്‍ നടക്കണം. അതിന് പാകത്തിലൊരു അന്തരീക്ഷം ആഗോള തലത്തില്‍ സൃഷ്ടിക്കുന്നതില്‍ നാടകകര്‍ത്താവ് വിജയിച്ചിരിക്കുന്നു.


വിജയി ഒബാമയായാലും റോംനീയയാലും ആഗോള വിഭവങ്ങളെ മുഴുവന്‍ ചൂഷണം ചെയ്ത് സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കുക (ഇപ്പോഴത്തെ അവസ്ഥയില്‍ കടത്തിന്റെ ഭാരം കുറക്കുക) എന്ന നയത്തില്‍ മാറ്റമുണ്ടാകില്ലെന്നത് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഉറപ്പാണ്. ഇറാഖും അഫ്ഗാനിസ്ഥാനും പിന്നിട്ട് ഇറാനെയോ ഉത്തര കൊറിയയെയോ സുഡാനെയോ ഒക്കെ അവര്‍ ലക്ഷ്യമിട്ടേക്കാം. സ്വന്തം സൈന്യത്തെ ഇറക്കിത്തന്നെയാകണമെന്നില്ല. ആഭ്യന്തര കലാപം സൃഷ്ടിക്കുന്നതിന് ആയുധവും പണവും സംഭാവന ചെയ്താകാം. പാക്കിസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് നിരന്തരം പറന്ന് ആക്രമണം നടത്തുന്ന ആളില്ലാവിമാനങ്ങള്‍ മറ്റു ചില പ്രദേശങ്ങളിലേക്ക് കൂടി പറന്നേക്കാം. ആയുധങ്ങളോ ആണവ  ഉപകരണങ്ങളോ വാഗ്ദാനം ചെയ്ത് കമ്പോളങ്ങള്‍ തുറന്നു നല്‍കാന്‍ നിര്‍ബന്ധം ചെലുത്തും. സബ്‌സിഡികള്‍ വെട്ടിക്കുറക്കാന്‍ പ്രേരിപ്പിച്ച് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുകയും ചെയ്യും. ഊഹ വിപണികളില്‍ ഇടപെടുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കി ആഭ്യന്തര കമ്പനികളുടെ വിളവെടുപ്പ് സമൃദ്ധമാക്കുകയും ചെയ്യും.


ഈ ഊറ്റിയെടുക്കലിന് ചങ്കെടുപ്പോടെ നേതൃത്വം നല്‍കേണ്ടയാളെ കണ്ടെത്താനുള്ള മത്സരത്തെയാണ് കണ്ണിമ ചിമ്മാതെ നമ്മളുള്‍പ്പെടെയുള്ളവര്‍ നോക്കിയിരുന്നത്. അങ്ങനെ നോക്കിയിരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചുവെന്നതിലാണ് അവന്റെ വിജയം, അതാണ് കമ്പോളങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതും. ഒബാമയും റോംനീയും കൂടി ചെലവിട്ട 71.2 കോടി ഡോളറിന്റെ  യഥാര്‍ഥ ഉടമകളില്‍ വാള്‍മാര്‍ട്ടിനെപ്പോലുള്ള കമ്പനികളുണ്ട്. സംഭാവന നല്‍കിയവന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒബാമ വരും നാളുകളില്‍ തത്രപ്പെടുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലെ തെരുവുകളിലുമുണ്ടാകും.


ഒബാമ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതോടെ അമേരിക്കയിലെ ആരോഗ്യ രക്ഷാ പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്ന് ഉറപ്പ്. നിലവില്‍ ഇന്‍ഷ്വറന്‍സിന്റെ പരിധിയിലില്ലാത്ത മൂന്ന് കോടി പൗരന്‍മാര്‍ക്ക് മുഴുവന്‍ ആരോഗ്യ രക്ഷാ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. 2.8 ലക്ഷം കോടി ഡോളര്‍ ചെലവ് വരുന്ന ഈ പദ്ധതിയെ അടിമുടി ഉടച്ചു വാര്‍ക്കുമ്പോള്‍ വന്‍ തുക ബാധ്യതയായുണ്ടാകും. അതു മൂലം ഖജനാവിലുണ്ടാകുന്ന കുറവ് പരിഹരിക്കപ്പെടുന്നതിന് നമ്മുടെതുള്‍പ്പെടെ കമ്പോളങ്ങളെയാകും ആശ്രയിക്കുക. അത് പൂര്‍ണമായി അറിഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലത്തെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം സ്വാഗതം ചെയ്യുന്നത്. അതേക്കുറിച്ചൊന്നുമോര്‍ക്കാതെ ഒരു അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഹരം നാം പങ്കിടുകയും ചെയ്യുന്നു.

No comments:

Post a Comment