രാജ്യം ഭരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്... ജനങ്ങള്‍ നേരത്തെ അനുഭവിച്ചിരുന്ന, ആസ്വദിക്കുന്നുവെന്ന് ഇപ്പോഴവര്‍ക്ക് തോന്നുന്ന സ്വാതന്ത്ര്യം ലഭ്യമാക്കിയതിന്റെ ഉത്തരവാദികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി. മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നതും അതേ പാര്‍ട്ടി തന്നെ. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച് നേടിയ സ്വാതന്ത്ര്യത്തിന്റെ അതിരുകളെ പുതിയ വിഹായസ്സുകളിലേക്ക് വളര്‍ത്തുകയാണ് തങ്ങളെന്ന് അവകാശപ്പെടുന്നു കൂടിയുണ്ട് കോണ്‍ഗ്രസ്.
ഭരണവിഭാഗത്തേക്കാളേറെ ഊര്‍ജസ്വലമാണ് രാജ്യത്തെ നീതിന്യായ സംവിധാനം. തെരുവിലൊരു പ്രകടനമോ തെരുവോരത്തൊരു യോഗമോ ചേര്‍ന്നാല്‍ അത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്‍മേല്‍ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ച് കൂലംകഷമായി ചിന്തിക്കുന്ന വിഭാഗം. സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അത്തരം തടസ്സങ്ങളെ നിരോധിക്കാനും ആ നിരോധത്തെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കാനും മുന്‍കൈ എടുക്കുന്ന ഔന്നത്യം.
ഇവക്കിടയിലാണ് സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റില്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്റെ പേരിലും ആ അഭിപ്രായപ്രകടനം ഇഷ്ടമായെന്ന് പറഞ്ഞതിന്റെ പേരിലും രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റിലാകുന്നത്. അഭിപ്രായസ്വാതന്ത്ര്യമോ സഞ്ചാരസ്വതന്ത്ര്യമോ എന്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും അംഗീകരിക്കാത്ത ചരിത്രത്തിന്റെ ഉടമയെക്കുറിച്ച്, ബാലസാഹെബ് കേശവ് താക്കറെ എന്ന പേര് പോലും ഉപയോഗിക്കാതെ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് കേസും അറസ്റ്റും. ഷഹീന്‍ ധാദയുടെയും രേണു ശ്രീനിവാസന്റെയും മേല്‍ ആദ്യം ചുമത്തിയ കുറ്റം മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പാകത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നതായിരുന്നു. ''ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിന് സ്വാഭാവിക അന്ത്യമാകുമ്പോള്‍ കടകളടച്ചും പുറത്തിറങ്ങാതെയും ജനം സ്വയം പിന്‍വലിയുന്നത് സ്വന്തമിഷ്ടപ്രകാരമല്ല, മറിച്ച് നിര്‍ബന്ധം മൂലമാണ്'' എന്നാണ് ഷഹീന്‍ ധാദ അഭിപ്രായപ്പെട്ടത്. മറ്റൊരാള്‍ രേഖപ്പെടുത്തിയ ഈ അഭിപ്രായം പങ്ക് വെക്കുക മാത്രമാണ് ചെയ്തത് എന്നും പറയപ്പെടുന്നു. മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുള്ള ശ്രമം ഇതില്‍ എവിടെ എന്ന തോന്നല്‍ മഹാരാഷ്ട്ര പോലീസിന് പിന്നീടുണ്ടായി. കുറ്റം, പൊതു സമൂഹത്തില്‍ ഭീതി പടര്‍ത്താന്‍ സാധ്യതയുള്ള അഭിപ്രായം പ്രകടിപ്പിച്ചുവെന്നതാക്കി മാറ്റിയത് അപ്പോഴാണ്.
സഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതിന് ഭരണകൂടവും അതിന്റെ വിവിധ കൈവഴികളും സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ അഭിപ്രായപ്രകടനങ്ങള്‍ പരിധികള്‍ ലംഘിക്കുന്നത് പതിവാണ്. പലപ്പോഴും അത് അപകീര്‍ത്തികരമാകാറുമുണ്ട്. അത്തരത്തില്‍ ആക്രമിക്കപ്പെടുന്നവരില്‍ പ്രമുഖന്‍ ഒരു പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ്. അപ്പോഴൊന്നുമുണ്ടാകാത്ത വിധത്തിലുള്ള പ്രതികരണം, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണ്? 'ബാല്‍ താക്കറെയും അദ്ദേഹം രൂപം നല്‍കിയ അക്രമോത്സുക സംഘടനാ സംവിധാനവും സൃഷ്ടിച്ച ഭീതിയില്‍ ജനങ്ങള്‍ മാത്രമല്ല, ഭരണകൂടം പോലും ആഴ്ന്നതുകൊണ്ട്' എന്ന ഒരൊറ്റ മറുപടിയേ ഇതിനുള്ളൂ. അതുകൊണ്ടാണ് ചിലരുടെ കാര്യത്തില്‍ അസാധാരണമാം വിധത്തിലുള്ള സഹിഷ്ണുത ഭരണകൂടം കാട്ടുന്നത്. മറ്റ് ചിലരുടെ കാര്യത്തില്‍ മാന്യമായ വിമര്‍ശം പോലും ഉള്‍ക്കൊള്ളാതിരിക്കുന്നതും.
കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതം അവസാനിപ്പിച്ച് മണ്ണിന്റെ മക്കള്‍ വാദത്തിലേക്കും തീവ്ര ഹിന്ദുത്വ വാദത്തിലേക്കും മാറിയ ശേഷം ബാല്‍ താക്കറെ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ വിദ്വേഷം വളര്‍ത്തും വിധത്തിലുള്ളത് എത്രയുണ്ടാകും? ആ അഭിപ്രായങ്ങളെയും ആഹ്വാനങ്ങളെയും മാനിച്ച് ദക്ഷിണേന്ത്യക്കാരെ ശിവസേനക്കാര്‍ ലക്ഷ്യമിട്ടപ്പോള്‍ സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ച് താക്കറെയെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. താക്കറെയുമായി തെറ്റി സ്വന്തം പാര്‍ട്ടിയുമായി രംഗത്തുവന്ന രാജ് താക്കറെ, ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമൊക്കെ എത്തി മുംബൈയില്‍ ഉപജീവനമാര്‍ഗം തേടിയവര്‍ക്കെതിരെ, സ്വന്തം അനുയായികളെ തിരിച്ചുവിട്ടപ്പോഴും അറസ്റ്റിന് ധൈര്യമുണ്ടായില്ല നമ്മുടെ ഭരണകൂടത്തിന്.
ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം മുംബൈയില്‍ കലാപമുണ്ടായപ്പോള്‍ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക്, ശിവസൈനികരെ തിരിച്ചുവിട്ടതിന്റെ പേരില്‍ പേരിനൊരു അറസ്റ്റുണ്ടായത് മാത്രമാണ് ഏക അപവാദം. ന്യൂനപക്ഷങ്ങളുടെ ജീവനെടുക്കാന്‍ പാകത്തില്‍ അനുയായികളില്‍ വിദ്വേഷം നിറച്ചതിന് നിയമ നടപടികളൊന്നും താക്കറെ നേരിട്ടതായി അറിവില്ല. ആറ് വര്‍ഷത്തേക്ക് വോട്ടവകാശം നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി, ജനായത്തത്തില്‍ വിശ്വസിക്കാത്ത, അഡോള്‍ഫ് ഹിറ്റ്‌ലറെ മാതൃകാപുരുഷനായി കണ്ട, താക്കറെക്ക് ഒരലങ്കാരം മാത്രമായേ അനുഭവപ്പെട്ടിട്ടുണ്ടാകൂ.
സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, ജനങ്ങളുടെ രോഷമൊഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിതിക്കാന്‍ പാകത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടുവെന്ന ആരോപണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുണ്ട്. ഹിന്ദുത്വ തീവ്രവാദികളുടെ വംശഹത്യാ ശ്രമത്തിനിടെ സര്‍വതും നഷ്ടപ്പെട്ട അഭയാര്‍ഥികള്‍ക്കായി ക്യാമ്പുകള്‍ നടത്തുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, കുട്ടികളെ പെറ്റുകൂട്ടാനുള്ള കേന്ദ്രങ്ങള്‍ തുറന്നു നല്‍കണമോ എന്ന് ചോദിച്ചതും മറ്റാരുമല്ല. 'നാമഞ്ച് നമുക്കഞ്ച്' എന്നും 'ആശങ്ക ജനിപ്പിക്കും വിധത്തില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നവരെ പാഠം പഠിപ്പിക്കണ'മെന്നും മോഡി ആഹ്വാനം ചെയ്തപ്പോള്‍ അത് മതങ്ങള്‍ക്കിടയില്‍ ശത്രുത വര്‍ധിപ്പിക്കാനുള്ള ശ്രമമായോ പൊതു സമൂഹത്തില്‍ ഭീതി വിതക്കാനുള്ള നീക്കമായോ നമ്മുടെ ഭരണ സംവിധാനത്തിന് തോന്നിയതേയില്ല. ഗുജറാത്തിലെ ഭരണസംവിധാനം മോഡി എന്ന ഏകാധിപതിയുടെ നിയന്ത്രണത്തിലായതിനാല്‍ അത് ചലിക്കാതിരിക്കുന്നത് സ്വാഭാവികം. പക്ഷേ, ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ മോഡിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ സംവിധാനത്തെ സമീപിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തോന്നയിത് പോലുമില്ല.
ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ എതിരാക്കി, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതികൂല ചലനമുണ്ടാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്ന് ചുരുക്കം. ഇപ്പോള്‍ താക്കറെയെ പരോക്ഷമായി പരാമര്‍ശിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഉടന്‍ നടപടിക്ക് തയ്യാറാകുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് നിര്‍ത്തുക എന്നത് കൂടിയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ നെറ്റ് പേജിലെ അഭിപ്രായപ്രകടനം ക്രമസമാധാന പ്രശ്‌നമൊന്നും സൃഷ്ടിക്കാതെ നോക്കാന്‍ തങ്ങള്‍ക്ക് ശേഷിയില്ലെന്ന് പരസ്യമായി സമ്മതിക്കുകയാണ്. അല്ലെങ്കില്‍, താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും തങ്ങള്‍ അനുവദിക്കില്ലെന്ന് ദ്യോതിപ്പിച്ച്, നേതാവ് നഷ്ടമായതോടെ അനുയായിക്കൂട്ടത്തിലുണ്ടായ അനിശ്ചിതാവസ്ഥയെ അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് പൃഥ്വിരാജ് ചവാന്‍ സര്‍ക്കാര്‍. ഇതൊന്നുമല്ലെങ്കില്‍, പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം തുടര്‍ന്നിട്ടും താക്കറെയോടും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളോടും കൂറ് പുലര്‍ത്തുന്നവര്‍ മഹാരാഷ്ട്രയിലെ ഭരണ സംവിധാനത്തില്‍ സര്‍വസ്വതന്ത്രരായി തുടരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അത്തരക്കാരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ത്രാണിയില്ലെന്നും.
ചാര്‍മിനാറിന്റെ പരിസരത്ത്, ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന് സ്ഥലമുറപ്പിക്കാന്‍ തത്രപ്പെടുന്ന, സംഘ് പരിവാര്‍ ശക്തികള്‍ക്ക്, തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് സഹായം ചെയ്തു കൊടുക്കാന്‍ ആന്ധ്രാ പ്രദേശിലെ കിരണ്‍കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിട്ട് ദിവസങ്ങളായതേയുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് നിര്‍ത്തുകയും അതിന്റെ നേട്ടം കൊയ്യുകയും ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിന്റെത്. അത് കണക്കിലെടുക്കുമ്പോള്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിലെ അസഹിഷ്ണുതക്ക് വിശാലമായ അര്‍ഥങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ ഉദ്ദേശ്യങ്ങള്‍ക്കപ്പുറത്തുള്ള അര്‍ഥം. 1966ല്‍ ശിവസേന സ്ഥാപിച്ചതു മുതലിങ്ങോട്ട് വര്‍ഷങ്ങള്‍ ചെലവിട്ട് ബാല്‍ താക്കറെ സൃഷ്ടിച്ചെടുത്ത ഭീതിയുടെ തടവറ, അദ്ദേഹത്തിന്റെ കാലശേഷവും മാറ്റമില്ലാതെ തുടരുമെന്ന സന്ദേശം നല്‍കിയിരിക്കുന്നു ഈ അറസ്റ്റിലൂടെ. താക്കറെ മഹാനായിരുന്നുവെന്നും താനദ്ദേഹത്തെ യഥാര്‍ഥത്തില്‍ ബഹുമാനിക്കുന്നുവെന്നും ജാമ്യത്തിലിറങ്ങിയ ഷഹീനും രേണുവും പറയുമ്പോള്‍ തടവറയുടെ ഭിത്തിക്ക് കനമേറുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. തടവറക്ക് കനമേറുന്നതിന്റെ ഫലം ശിവസേനയോ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയോ സ്വന്തമാക്കുന്നത് വൈകാതെ കാണാനായേക്കും.
വിമര്‍ശങ്ങളുയര്‍ന്നതോടെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടികളെ തള്ളിപ്പറഞ്ഞ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ രംഗത്തുവന്നിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര ഡി ജി പി ഉത്തരവിടുകയും ചെയ്തിരിക്കുന്നു. അറസ്റ്റിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തെ ഇല്ലാതാക്കാന്‍ ഇതൊന്നും മതിയാകില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെ നിയന്ത്രിക്കാന്‍ നിയമ ഭേദഗതി നിര്‍ദേശിച്ചയാളാണ് മന്ത്രി കപില്‍ സിബല്‍. വിവര സാങ്കേതിക വിദ്യാ നിയമം അഭിപ്രായവ്യത്യാസം തുറന്നു പറയുന്നതിന് തടസ്സമാകരുതെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ളതുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍, കപില്‍ സിബലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പറയുന്നതു പോലെ ലഭ്യമായിരുന്നുവെങ്കില്‍ ഷഹീനും രേണുവും തങ്ങളുടെ പ്രവൃത്തിയില്‍ ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കില്ലായിരുന്നു.
വിദ്വേഷം ജനിപ്പിക്കും വിധത്തില്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെങ്കില്‍, ഷഹീനും രേണുവും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുമായിരുന്നു. പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ച് സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തയ്യാറായ ഉന്നതമായ നീതിന്യായ ബോധം, വായമൂടിക്കെട്ടാന്‍ നിര്‍ബന്ധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് വേവലാതിപ്പെട്ടിട്ടുണ്ടോ എന്നതിലും സംശയമുണ്ട്. വംശോന്‍മൂലനത്തിന് പ്രേരണ നല്‍കും വിധത്തില്‍ സംസാരിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തായയപ്പോള്‍ പോലും ഇടപെടാന്‍ മടിച്ചിരുന്നു ഈ ജൂഡീഷ്യല്‍ ആക്ടിവിസം. ഭരണഘടനയുടെ തൂണുകളും അതിന്റെ ഭാഗമായുള്ള ഇതര വിഭാഗങ്ങളുമൊക്കെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ തീവ്ര വലതുപക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നോ എന്ന സംശയം ബലപ്പെടുകയാണ്.
No comments:
Post a Comment