കള്ളപ്പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടുമെത്തുകയാണ്. മൂന്ന് ദശാബ്ദത്തിന് മുമ്പ് സ്വിസ് ബേങ്ക് എന്ന പ്രയോഗം അത്ര പരിചിതമായിരുന്നില്ല, എങ്കില്‍ ഇപ്പോഴത് സുപരിചിതമാണ്. ആ വ്യത്യാസം മാത്രമേയുള്ളൂ. സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങിയപ്പോള്‍ കമ്മീഷനായി കോടികള്‍ കൈമറിഞ്ഞുവെന്നും അത് സൂക്ഷിച്ചത് സ്വിസ് ബേങ്കിലെ അക്കൗണ്ടിലാണെന്നുമായിരുന്നു മൂന്ന് ദശകം മുമ്പുയര്‍ന്ന ആരോപണം. അന്ന് തൊട്ടിന്നോളം കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന വിവിധ രാജ്യങ്ങളെക്കുറിച്ചും അവിടെ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്ന കണക്കില്ലാത്ത പണത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടായില്ല. ആ പണത്തിന്റെ അളവെത്ര? അത് രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ സ്വീകരിച്ച വഴിയെന്ത്? കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പയറഞ്ഞാഴി എന്നായിരുന്നു ഇന്ത്യാ ഭരണകൂടത്തിന്റെ മറുപടി.
ഹോങ്കോംഗ് ആന്‍ഡ് ഷാങ്‌ഹൈ ബേങ്കിംഗ് കോര്‍പ്പറേഷന്റെ (എച്ച് എസ് ബി സി) സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാഖകളില്‍ മുകേഷ് - അനില്‍ അംബാനിമാര്‍ക്ക് 100 കോടി രൂപ വീതവും കോണ്‍ഗ്രസ് എം പിയായ അനു ടാന്‍ഡന് 125 കോടി രൂപയും അവരുടെ ഭര്‍ത്താവായിരുന്ന സന്ദീപ് ടാന്‍ഡന് (പരേതന്‍) 125 കോടി രൂപയും നിക്ഷേപമുണ്ടെന്ന് അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. കള്ളപ്പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ചെറിയ ഇടവേളക്ക് ശേഷം, കൊഴുക്കാന്‍ ഇതാണ് കാരണമായത്. ആരോപണം തങ്ങളുടെ സല്‍ക്കീര്‍ത്തിയെ കളങ്കപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന് അംബാനിമാര്‍ പ്രതികരിച്ചു. പണവും പ്രശസ്തിയുമുള്ളവരെ കരിവാരിത്തേക്കുക എന്നത് ജീവിത വ്രതമായി എടുത്തയാളാണ് കെജ്‌രിവാളെന്നും അത്തരക്കാരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും മറുപടി നല്‍കി. അംബാനിമാര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ പൊടുന്നനെ പ്രതികരിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. മുകേഷ് - അനില്‍ അംബാനിമാര്‍ എത്രത്തോളം മഹത്തുക്കളാണെന്ന് കൂടുതല്‍ അറിയുന്നത് ആ പാര്‍ട്ടിക്കാണെന്നതിനാല്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ 5,00 കോടിയും റിലയന്‍സിന്റെ കീഴിലുള്ള മോടെക്ക് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ 2,100 കോടിയും ബാലന്‍സുണ്ട്, ജെറ്റ് എയര്‍വെയ്‌സിന്റെ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ അക്കൗണ്ടില്‍ 80 കോടിയുണ്ട് തുടങ്ങിയ ആരോപണങ്ങളും കെജ്‌രിവാള്‍ ഉന്നയിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള എല്ലാ സഹായവും എച്ച് എസ് ബി സി ബേങ്ക് ചെയ്തുകൊടുക്കുന്നുവെന്നും ആരോപണമുണ്ട്. സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ആരോപിച്ച് കോടതി വ്യവഹാരത്തിന് തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയും എച്ച് എസ് ബി സി ബേങ്കും.
എച്ച് എസ് ബി സിയുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാഖയില്‍ പണം സൂക്ഷിച്ചിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്രാന്‍സ് കൈമാറിയിരുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി എഴുന്നൂറോളം പേരുകളുണ്ട് ആ പട്ടികയില്‍. ലഭ്യമായ പത്ത് പേരുകള്‍ പുറത്തുവിടുന്നുവെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഫ്രാന്‍സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, അതൊന്നും പുറത്തു പറയാന്‍ അന്താരാഷ്ട്ര കരാറുകള്‍ സമ്മതിക്കില്ല. കള്ളപ്പണം സൂക്ഷിച്ചവരില്‍ നിന്ന് നികുതി ഈടാക്കാന്‍ മാത്രമേ കരാറുകള്‍ പ്രകാരം അനുമതിയുള്ളൂ. നികുതി ഈടാക്കുന്നതോടെ കള്ളപ്പണം വെള്ളപ്പണമായി മാറുമെന്നാണ് സര്‍ക്കാറിന്റെ വാദം. നികുതി ഈടാക്കുന്നതോടെ വിശുദ്ധി കൈവരുന്നതാണോ ഈ പണം? കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന അന്താരാഷ്ട്ര കരാറുകളുണ്ടെങ്കില്‍ (ഇരട്ട നികുതി ഒഴിവാക്കല്‍ കരാറാണ് അതില്‍ പ്രധാനം) അത് അനുസരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടോ?
ലീക്‌റ്റെന്‍സ്റ്റീനെന്ന ദ്വീപ് രാഷ്ട്രത്തിലെ ബേങ്കുകളില്‍ പണം സൂക്ഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ജര്‍മനി കൈമാറിയപ്പോഴും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജര്‍മനി കൈമാറിയ പട്ടിക പരസ്യപ്പെടുത്തിയാല്‍ ഇതര രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് അത് തടസ്സമാകുമെന്നായിരുന്നു അന്നത്തെ ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ വാദം. അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥ, കൂടുതല്‍ വിവരം ലഭിക്കുന്നതിന് തടസ്സമാകല്‍ എന്നിവ മാത്രമാണ് വിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതിനുള്ള കാരണങ്ങളെന്ന് കരുതാനാകില്ല. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിച്ചു നല്‍കുന്നതില്‍ വര്‍ഷങ്ങളോളം 'സ്തുത്യര്‍ഹ'മായ സേവനം അനുഷ്ഠിച്ച ഹസന്‍ അലി ഖാനും കാശിനാഥ് തപുരിയയും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രണ്ട് മുഖ്യമന്ത്രിമാരുടെ (പിന്നീട് ഇഹലോകവാസം വെടിഞ്ഞു) അനധികൃത സമ്പാദ്യം വെളുപ്പിച്ച് നല്‍കിയതിനെക്കുറിച്ചു പറഞ്ഞിരുന്നു. കള്ളപ്പണക്കാരില്‍ ഇങ്ങനെ രാഷ്ട്രീയ നേതാക്കളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍, അവര്‍ക്ക് നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ പലതും പട്ടികയിലുണ്ടാകാം. അതെല്ലാം പുറത്തുവന്നാല്‍ മുകേഷിനെക്കുറിച്ച്
ആരോപണമുയര്‍ന്നപ്പോഴുണ്ടായതിനേക്കാള്‍ വലിയ മനോവിഷമം കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുമുണ്ടാകും. എന്തിന് കള്ളപ്പണത്തെക്കുറിച്ച് കുറഞ്ഞ കാലം വേവലാതി കൊണ്ട ബി ജെ പിക്ക് പോലും പൊള്ളാം. വിവരങ്ങള്‍ രഹസ്യമായിരിക്കേണ്ടതിന്റെ പ്രാധാന്യമിതാണ്.
ഏത് വിധത്തിലാണ് ഈ പണം ഉത്പാദിപ്പിക്കപ്പെടുന്നത് എന്നത് കൂടി പരിശോധിച്ചാലേ നികുതിയൊടുക്കുന്നതോടെ ഇല്ലാതാകുന്ന കുറ്റമാണോ ഇത് വ്യക്തമാകൂ. ഒരു സ്രോതസ്സ് അഴിമതിയാണ്. ക്രമവിരുദ്ധമായത് ചെയ്യുന്നതിന് ലഭിക്കുന്ന കോഴ, വന്‍കിട കരാറുകളില്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണം ലാക്കാക്കി നടത്തുന്ന ഇടപെടലിന് പ്രതിഫലമായ കമ്മീഷന്‍, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി നേടുന്ന കൊള്ള ലാഭം എന്നിങ്ങനെ പല രൂപത്തിലാണ് ഉത്പാദനം നടക്കുന്നത്. റിലയന്‍സ് പോലുള്ള സ്ഥാപനങ്ങളുടെ കാര്യത്തിലാകുമ്പോള്‍ കള്ളപ്പണത്തിന്റെ ഉത്പാദനം രാജ്യത്തെ എല്ലാ സാധാരണക്കാരുടെയും ചെലവിലായിരിക്കും. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന കൃഷ്ണ - ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനം മാത്രം മതി തെളിവായിട്ട്. രാജ്യത്തിന്റെ പ്രകൃതി സ്രോതസ്സ് ചൂഷണം ചെയ്യുന്നതിന് വേണ്ടിവരുന്ന നിക്ഷേപത്തിന് ആനുപാതികമായ ലാഭം കമ്പനിയുണ്ടാക്കുന്നത് ചോദ്യം ചെയ്യാനാകില്ല. പക്ഷേ, ഖനനം ആരംഭിക്കുന്നതിന് വേണ്ടിവന്ന നിക്ഷേപത്തിന്റെ തോത് പെരുപ്പിച്ച് കാട്ടി അനര്‍ഹമായ ലാഭമുണ്ടാക്കുകയാണെങ്കിലോ?
മൂലധന നിക്ഷേപമായി ആദ്യം കണക്കാക്കിയത് 240 കോടി ഡോളര്‍. ഇത് പിന്നീട് നാലിരട്ടി വര്‍ധിപ്പിച്ച് 880 കോടി ഡോളറാക്കി. പെരുപ്പിച്ച കണക്ക് അനുവദിച്ച് നല്‍കിയ സര്‍ക്കാര്‍ റിലയന്‍സിന്റെ അനര്‍ഹമായ ലാഭമെടുക്കലിന് അവസരമൊരുക്കി. ഇത്തരം അവസരമൊരുക്കലിന് കൈമാറ്റം ചെയ്യപ്പെട്ട കോടികള്‍ കള്ളപ്പണമാകുമ്പോള്‍, അനര്‍ഹമായുണ്ടാക്കുന്ന ലാഭവും അതേ ഇനത്തിലാകും. വാതക വില സംബന്ധിച്ച് നേരത്തെയുണ്ടാക്കിയ ധാരണാ പത്രങ്ങള്‍ മാറ്റിയെഴുതാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പിന്നീട് സമ്മര്‍ദം ചെലുത്തിയത്. നേരത്തെ നിശ്ചയിച്ചതിന്റെ ഇരട്ടി വിലക്ക് വാതകം വില്‍ക്കാന്‍ അനുവാദം ലഭിച്ചു. പ്രകൃതി വിഭവത്തിന് വില നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് വിധിച്ച പരമോന്നത നീതിപീഠവും വിധി വന്നതിന് പിറകെ വില വര്‍ധിപ്പിച്ച് നല്‍കാന്‍ ഉത്സാഹിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയും റിലയന്‍സിന് തുണയായി. നേരത്തെ നിശ്ചയിച്ച വില, യുക്തിയുടെ പിന്‍ബലമില്ലാത്ത ന്യായങ്ങള്‍ നിരത്തി വര്‍ധിപ്പിച്ചെടുത്ത് കോടികള്‍ സമാഹരിക്കുമ്പോള്‍ അത് വെള്ളപ്പണമോ കള്ളപ്പണമോ? ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വാതകം കൂടിയ വിലക്ക് വാങ്ങി കമ്പനിയുടെ ലാഭത്തിലേക്ക് മുതല്‍ക്കൂട്ടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാധാരണക്കാരുടെ വീക്ഷണത്തിലാണെങ്കില്‍ അത് കള്ളപ്പണം തന്നെ. നികുതി ഈടാക്കി വെളിപ്പിക്കാവുന്നതാണ് ഈ പണമെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അവര്‍ ഈ മാഫിയയുടെ കണ്ണികളാകാതെ തരമില്ല തന്നെ.
നിക്ഷേപം പെരുപ്പിച്ച് കാട്ടി, ഉത്പന്ന വില സ്വന്തമിഷ്ടത്തിന് അനുസരിച്ച് വര്‍ധിപ്പിച്ചെടുത്ത് ലാഭമുണ്ടാക്കുന്ന ഇത്തരം കമ്പനികളുടെ കാര്യത്തില്‍ കണക്ക് പരിശോധന പോലും പാടില്ലെന്ന് വാദിക്കുന്ന ഭരണകൂടമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പരിശോധന വേണമെന്ന വ്യവസ്ഥ പാലിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ജയ്പാല്‍ റെഡ്ഢിക്ക് എണ്ണ മന്ത്രാലയത്തിന്റെ ചുമതല നഷ്ടമായി. പകരം വന്ന വീരപ്പ മൊയ്‌ലി കണക്ക് പരിശോധനക്ക് അനുവാദം നല്‍കി. പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പരിശോധന വേണ്ടെന്നും നിര്‍ദേശിച്ചു. സി എ ജിയുടെ പരിശോധനകള്‍ക്ക് ഉപാധികള്‍ മുന്നോട്ടുവെച്ച് തങ്ങള്‍ എത്രത്തോളം വലിയവരാണെന്ന് റിലയന്‍സ് സ്ഥാപിക്കുകയും ചെയ്തു.
സ്വിറ്റ്‌സര്‍ലന്‍ഡിലെയോ ലീക്‌റ്റെന്‍സ്റ്റീനിലെയോ കേമാന്‍ ദ്വീപുകളിലെയോ ബേങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളാണ് രാജ്യത്തിന്റെ ഭരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഈ പണത്തെ, മൗറീഷ്യസിലോ മറ്റോ രജിസ്റ്റര്‍ ചെയ്യുന്ന വ്യാജ കമ്പനികളിലൂടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപമായി എത്തിച്ച് അവര്‍ വെളുപ്പിച്ചെടുക്കുകയും ചെയ്യും. നികുതി നല്‍കാതെയുള്ള ഇത്തരം വെളുപ്പിക്കലുകള്‍ക്ക് അനുവാദം നല്‍കുന്ന ഭരണകൂടം അനധികൃത സമ്പാദ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ അന്വേഷിക്കുമെന്ന് കരുതുന്നത് മൗഢ്യമാകും. വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ മുഖാന്തിരം ഇത്തരം പണം ബോംബെ, ഡല്‍ഹി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് പ്രവഹിപ്പിച്ച്, ലാഭമെടുത്ത് മടങ്ങുന്നുമുണ്ട്. അതിനും വേണ്ട സൗകര്യങ്ങള്‍ നമ്മുടെ ഭരണകൂടം ചെയ്ത് കൊടുത്തിരിക്കുന്നു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടപെടാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അനുവാദം, സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗം മാത്രമല്ല. അത്തരം സൗകര്യങ്ങളൊക്കെ കള്ളപ്പണത്തിന്റെ ഉത്പാദകര്‍ക്കും സൂക്ഷിപ്പുകാര്‍ക്കും ചെയ്തു കൊടുക്കുന്ന ഭരണകൂടം അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുമോ? ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ പുറത്തുവിട്ട പട്ടിക പോലും, മുകേഷ് അംബാനിയോ എച്ച് എസ് ബി സി ബേങ്കോ നല്‍കുന്ന അപകീര്‍ത്തിക്കേസുകളുടെ വിചാരണ ഘട്ടമാകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ലയിച്ച് തീര്‍ന്നിട്ടുണ്ടാകും.
സമ്പത്തും സ്വാധീനവുമുള്ള പ്രശസ്തരെ അപകീര്‍ത്തിപ്പെടുത്താനല്ല, പ്രകീര്‍ത്തിച്ച് സമ്പത്തുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതുണ്ടാക്കുന്ന പാരതന്ത്ര്യം അമൃതിനോളം മഹത്തരമാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമുണ്ട്. ആ നിലവാരത്തിലേക്ക് ഉയരാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക എന്നതേ ചെയ്യാനുള്ളൂ. നാണം കെട്ടും പണമുണ്ടാക്കിയാല്‍...നാണക്കേടാ പണം തീര്‍ത്തിടും...
No comments:
Post a Comment