പ്ലേഗ് ഒഴിഞ്ഞതിന്റെ സ്മാരകം - മുഹമ്മദ് ഖുലി ഖുത്തബ് ഷാ 1591ല്‍ സ്ഥാപിച്ച നാല് കൂറ്റന്‍ സ്തൂപങ്ങളുടെ ചരിത്രം ഇതാണ്. ഒരു നഗരത്തിന്റെയും ദേശത്തിന്റെയും രാജ്യത്തിന്റെയും പ്രതീകമായി ചാര്‍മിനാര്‍ പിന്നീട് മാറി. സംസ്‌കാര സമ്പന്നതയുടെയും പൈതൃകത്തിന്റെയുമൊക്കെ തെളിവായി ഇത് ഉയര്‍ത്തിക്കാട്ടപ്പെട്ടു. 400 വര്‍ഷത്തിനിപ്പുറം ചാര്‍മിനാറിനെ മറയാക്കി മറ്റൊരു പ്ലേഗിന്റെ സാധ്യത തേടുകയാണ് ചിലര്‍. ഇത്തരം പ്ലേഗിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളോട് കൂറു കാട്ടുകയും അതിനെ അധികാരമുറപ്പിക്കാനുള്ള വളമായി ഉപയോഗിക്കുകയും ചെയ്ത ചരിത്രമുള്ളവര്‍ ഹൈദരാബാദില്‍ അത് ആവര്‍ത്തിക്കാനും ശ്രമിക്കുന്നു.
ഭാഗ്യലക്ഷ്മി ദേവാലയമെന്ന് അവകാശപ്പെടുന്ന, ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ഇടത്തിന് താത്കാലിക മേല്‍ക്കൂരയുണ്ടാക്കാന്‍, ദീപാവലിയോടടുത്ത ദിവസങ്ങളില്‍ നീക്കം നടന്നതും അതിന് ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുവാദം നല്‍കിയതും രാജ്യത്തെ മതനിരപേക്ഷ മനസ്സുകളെ പലതും ഓര്‍മിപ്പിക്കുന്നുണ്ടാകണം. എങ്ങനെയാണ് വ്രണങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത് എന്നും അതില്‍ക്കുത്തി പുണ്ണാക്കുന്നത് എങ്ങനെ എന്നും.
ഭാഗ്യലക്ഷ്മി ക്ഷേത്രമായി പരിഗണിക്കപ്പെടുന്ന സ്ഥലത്ത് കഴിഞ്ഞമാസം 30നും 31നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എല്ലാം രാത്രിയുടെ മറവില്‍. പുരാവസ്തു ഗവേഷണ വകുപ്പ് സംരക്ഷിത സ്മാരകമാക്കിയ ഒരു കെട്ടിടത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. 200 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. നിയമങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ചാര്‍മിനാറിന്റെ ഭിത്തിയോട് ചേര്‍ന്ന്, ഇരുട്ടിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമം നടന്നതിന്റെ ലക്ഷ്യമെന്ത്? 30ന് രാത്രി നടന്ന ശ്രമങ്ങള്‍ മാലോകരെല്ലാം അറിഞ്ഞതിന് ശേഷവും അവിടെ സുരക്ഷാ ക്രമീകരണമേര്‍പ്പെടുത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ തയ്യാറായില്ല. 31ന് രാത്രി വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ തുടര്‍ന്നു. രാത്രിയുടെ മറവില്‍, നിയമവിരുദ്ധമായ നിര്‍മാണത്തിന് ഭരണകൂടം മൗനാനുവാദം നല്‍കിയെങ്കില്‍ അവരുടെ ഉദ്ദേശ്യമെന്ത്?
31ന് രാത്രി നിര്‍മാണം തടയാന്‍ ഒരു സംഘമെത്തി. ചെറിയ കല്ല് പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കാറുള്ള ഹൈദരാബാദിലെ ഏറെ ദുര്‍ബലമായ സാമുദായിക സന്തുലിതാവസ്ഥ, സംഘര്‍ഷഭരിതമാകാന്‍ ഇതിലപ്പുറം ഒന്നും വേണ്ടിവന്നില്ല. ഇത്തരം നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം ഐ എം) എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. പൈതൃകമായി സംരക്ഷിക്കുന്ന ചാര്‍മിനാറിന് തകരാറൊന്നും സംഭവിക്കരുതെന്ന് എടുത്തുപറഞ്ഞ കോടതി, ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശിച്ചു.
തല്‍സ്ഥിതി തുടരാനുള്ള നിര്‍ദേശം നടപ്പാക്കുകയാണെന്ന പേരില്‍ ടാര്‍പായ കൊണ്ട് താത്കാലിക മേല്‍ക്കൂര പണിയാനാണ് കിരണ്‍ കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. അനധികൃത നിര്‍മാണത്തിനുള്ള ശ്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് ഔദ്യോഗിക പിന്തുണയോടെയുള്ള നിര്‍മാണം മറുപടിയായി ലഭിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. സംഘര്‍ഷം ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കുമൊക്കെ വളര്‍ന്നു. ചെറിയ ഭൂരിപക്ഷം മാത്രമുള്ള കിരണ്‍കുമാര്‍ റെഡ്ഢി സര്‍ക്കാറിനും കേവല ഭൂരിപക്ഷമില്ലാത്ത ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനുമുള്ള പിന്തുണ പിന്‍വലിക്കാന്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം ഐ എം) തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. എം ഐ എമ്മിന്റെ പിന്തുണ കോണ്‍ഗ്രസിന് അത്യാവശ്യമായതിനാല്‍ അനുരഞ്ജന ശ്രമങ്ങള്‍ ഉടനുണ്ടാകും. ഹൈദരാബാദ് ശാന്തമായ വ്യവസായ ഹബ്ബായി പുര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും. പക്ഷേ, ചാര്‍മിനാറിന് സമീപത്തുള്ള വിത്തില്‍ വെള്ളമൊഴിച്ചത് മൂലമുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ക്ക് എന്ത് മറുപടിയാകും കോണ്‍ഗ്രസ് പിന്നീട് പറയുക.
ലോക്‌സഭയില്‍ 44 എം പിമാരാണ് ആന്ധ്രയില്‍ നിന്നുള്ളത്. 2004ലും 2009ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട് ഈ സംസ്ഥാനം. കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതില്‍ കൈയയഞ്ഞ സംഭാവന. വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണം, മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ അധികാരമോഹവും തുടര്‍ന്നുള്ള പുറത്തുപോക്കും, ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചുയര്‍ന്ന അക്രമാസക്ത സമരം, വിഭജനത്തിനെതിരെ ഇതര പ്രദേശങ്ങളിലുണ്ടായ ജനവികാരം എന്നിങ്ങനെ പലകാരണങ്ങളാല്‍ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയും ആടിയുലയുകയാണ്.
കിരണ്‍ കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ എന്ന് തിട്ടമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. തെലുങ്കാന രാഷ്ട്ര സമിതിയും വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസും സൃഷ്ടിക്കാനിടയുള്ള ആഘാതം അത്ര വലുതാണ്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍. ഇവരുമായി കൂട്ടുചേര്‍ന്ന് ബി ജെ പി ശക്തിയാര്‍ജിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇവിടെ പയറ്റാവുന്ന തന്ത്രം, ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുക എന്നതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തല്‍സ്ഥിതി തുടരണം എന്ന കോടതിയുടെ നിര്‍ദേശം പാലിക്കാനെന്ന പേരില്‍ മേല്‍ക്കൂര കെട്ടാന്‍ അനുവാദം നല്‍കരുത് (അത് ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടലാണെങ്കില്‍പ്പോലും) എന്ന ആഭ്യന്തര മന്ത്രിയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശത്തെ മറികടന്ന്, മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി പ്രവര്‍ത്തിച്ചത് ഒന്നും കാണാതെയായിരിക്കില്ലല്ലോ!
ബാബരി മസ്ജിദ് ഉദാഹരണമായി മുന്നിലുണ്ട്. മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടത് 1949ലെ ഒരു രാത്രിയിലാണ്. ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു, യുനൈറ്റഡ് പ്രൊവിന്‍സസിന്റെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് കത്തെഴുതിയിരുന്നു. വിഗ്രങ്ങള്‍ നീക്കം ചെയ്യുന്നത് വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് മറുപടി നല്‍കി, ഭൂരിപക്ഷ സമുദായത്തെ പിണക്കാതെ നോക്കി ഗോവിന്ദ് വല്ലഭ് പന്ത്. വര്‍ഷങ്ങള്‍ക്കിപ്പുറം ബാബരി മസ്ജിദിനുള്ളില്‍ കര്‍സേവക്കും ശിലാന്യാസത്തിനും അനുവാദം നല്‍കിയത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്. ബാബരി മസ്ജിദിനെ തകര്‍ത്തെറിഞ്ഞ കര്‍സേവ നടക്കുമ്പോള്‍ പി വി നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. ഹിന്ദുത്വ വര്‍ഗീയതയുടെ അസന്തുഷ്ടിക്ക് കാരണമാകുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും എക്കാലത്തും പിന്നാക്കമായിരുന്നുവെന്ന് ചുരുക്കം. അതുതന്നെ ഹൈദരാബാദിലും ആവര്‍ത്തിക്കുന്നതുകൊണ്ടാണ് ചാര്‍മിനാറിന്റെ ഓരത്ത് പാതിരാത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതത് എന്ന വാദം ശക്തമായി ഉന്നയിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് സാധിച്ചിരുന്നു. അതിനൊരു സാധൂകരണമായി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇവിടെ ചാര്‍മിനാറിന്റെ കാര്യത്തില്‍ അത്തരം വാദങ്ങള്‍ക്കൊന്നും സാധ്യതയില്ല. പ്ലേഗ് ബാധ അവസാനിച്ചതിന്റെ സ്മരണക്ക് കെട്ടിടം നിര്‍മിച്ചത്, ഭാഗ്യലക്ഷ്മി ക്ഷേത്രം തകര്‍ത്താണെന്ന് വാദിക്കുക എളുപ്പവുമല്ല. 1992ല്‍ പുരാവസ്തുവകുപ്പ് ചാര്‍മിനാറിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ഭാഗ്യലക്ഷ്മി ക്ഷേത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയത് ഏറെ പ്രസക്തമാണ്. ചാര്‍മിനാറിനോട് ചേര്‍ന്ന ഭാഗം ഭാഗ്യലക്ഷ്മി ക്ഷേത്രമായി പരിഗണിക്കാന്‍ തുടങ്ങിയിട്ട് പത്തോ പന്ത്രണ്ടോ വര്‍ഷമേ ആയിട്ടുള്ളൂവെന്ന് അന്നവര്‍ വ്യക്തമാക്കി. പ്രമുഖ ചരിത്രകാരന്‍മാരാരും ക്ഷേത്രം നിലനിന്നിരുന്നുവെന്ന വാദത്തെ പിന്തുണക്കുന്നില്ല.
1979ലാണ് ഭാഗ്യലക്ഷ്മി ക്ഷേത്രത്തെച്ചൊല്ലിയുള്ള ആദ്യത്തെ സംഘര്‍ഷം. മസ്ജിദും മദ്‌റസയുമൊക്കെ പ്രവര്‍ത്തിക്കുന്ന ചാര്‍മിനാറിനോട് ചേര്‍ന്ന് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ നടന്ന ശ്രമം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. അവഗണിക്കപ്പെട്ട് കിടന്നിരുന്ന ക്ഷേത്രത്തെ പുനരുദ്ധരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ വര്‍ഗീയവാദികളായ ന്യൂനപക്ഷക്കാര്‍ എതിര്‍ക്കുന്നുവെന്ന പ്രചാരണം ഇതോടെ ഹിന്ദുത്വവാദികള്‍ ആംഭിച്ചു. വസ്തുത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍, ഗോവിന്ദ് വല്ലഭ് പന്തുമാരുടെ പിന്‍മുറക്കാര്‍ തയ്യാറായില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഒരു ടാര്‍പായ വലിച്ചുകെട്ടുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഇത്രമാത്രം എതിര്‍ക്കുന്നത് എന്തിനെന്നാണ് പൊതുവില്‍ ചോദിക്കപ്പെടുക. ആ ചോദ്യം പൊതുവായി ചോദിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിക്കാന്‍ സാധിച്ചുവെന്നതാണ് സംഘ് പരിവാരത്തിന്റെ വിജയം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കി തന്ത്രം മെനയുമ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും സംഘ്പരിവാറിന് ഭാവിയിലെ കൊയ്ത്ത് ഉറപ്പിച്ച് നല്‍കുകയാണ്. ഇപ്പോഴത്തെ സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മിയെ ദര്‍ശിക്കാന്‍ ചാര്‍മിനാറിന് സമീപം രൂപപ്പെടുന്ന നീണ്ട നിരകള്‍ ഭാവിയിലേക്കുള്ള ചൂണ്ടാണിയാണ്.
ഇപ്പോള്‍ വലിച്ച് കെട്ടുന്ന ഒരു ടാര്‍പായ, നാളെ അവകാശ സ്ഥാപനമാകുമെന്നും മറ്റന്നാള്‍ അടിസ്ഥാന ശിലയാകുമെന്നും തിരിച്ചറിയുന്നു ന്യൂനപക്ഷങ്ങള്‍. ആ തിരിച്ചറിവ് അനുഭവത്തില്‍ നിന്നാണ്. അതുകൊണ്ടാണ് 1979 മുതലിങ്ങോട്ട് പലകുറി അവര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. അത് ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തോടോ അവരുടെ ദേവതയോടോ ഉള്ള എതിര്‍പ്പല്ല, മറിച്ച് തങ്ങളുടെ അടിവേര് വരെ തോണ്ടാവുന്ന വിധത്തില്‍ അരങ്ങേറിയേക്കാവുന്ന അട്ടിമറികളെക്കുറിച്ചുള്ള ഭീതിയാണ്. വര്‍ഗീയ ചേരിതിരിവ് ശക്തമാണ് ഹൈദരാബാദില്‍. അതുകൊണ്ടാണ് ചെറിയ കല്ല് പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നത്. കാരണങ്ങള്‍ പലതുണ്ട്. ന്യൂനപക്ഷമായ മുസ്‌ലിംകള്‍, ആന്ധ്രയുടെ തലസ്ഥാനവും സാമ്പത്തിക കേന്ദ്രവുമായ ഹൈദരാബാദില്‍ സ്വാധീന ശക്തിയാണെന്നത് അതില്‍ ഒരു കാരണം. ഈ സാമ്പത്തിക മുന്നാക്കാവസ്ഥ തകര്‍ക്കുക എന്നത് കൂടിയാണ് സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷത്തിന്റെ ലക്ഷ്യം. അതിന് അവസരമൊരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ നല്‍കിയ രാഷ്ട്രീയ സന്ദേശം ആ പാര്‍ട്ടിക്ക് മനസ്സിലായില്ലെന്ന് വേണം കരുതാന്‍.
ദക്ഷിണേന്ത്യയില്‍ വിരിഞ്ഞ ആദ്യത്തെ താമര തണ്ട് ചീഞ്ഞ് അഴുകിത്തുടങ്ങുമ്പോള്‍ പുതിയൊരു വഴി കാണേണ്ടതുണ്ട് സംഘ് പരിവാരത്തിന്. ഒരു ക്ഷേത്രം കാക്കാനുള്ള സമരവും അതിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാവുന്ന വര്‍ഗീയ സംഘര്‍ഷവും - പലയിടത്ത് പരീക്ഷിച്ച് വിജയിച്ച ഈ വഴിയേക്കാള്‍ മികച്ച മറ്റെന്തുണ്ട് സംഘ് പരിവാരത്തിന് മുന്നില്‍.
നന്ദി, ഇത്രയും വിവരങ്ങള്‍ക്ക്
ReplyDelete