2012-11-19

താക്കറെയുടെ അവകാശികള്‍




'അസമില്‍ ചുട്ടെരിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ ജീവന് പകരം ചോദിക്കു'മെന്ന പിതൃശൂന്യ സന്ദേശം കൂട്ട എസ് എം എസ്സുകളായി പറന്നപ്പോള്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്ന കാഴ്ച രാജ്യം കണ്ടത് ഏതാനും മാസം മുമ്പാണ്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ഉപജീവനാര്‍ഥം വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരുടെ മനസ്സില്‍ ഭീതി എത്രത്തോളം വളര്‍ന്ന് നില്‍ക്കുന്നുവെന്നതിന് തെളിവായിരുന്നു അത്. എന്തുകൊണ്ടാണ് ഈ ഭീതി എന്ന ചോദ്യം അന്ന് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


ബാലാസാഹേബ് കേശവ് താക്കറെയുടെ ഭൗതിക ശരീരം ഓര്‍മയാത്തീരുമ്പോള്‍ ഭീതി ജനിപ്പിച്ച് അധികാരം കൊയ്യുക എന്ന തന്ത്രം മറവിയില്‍ നിന്ന് തിരികെയെത്തുന്നു. ഇപ്പോഴത്തെ പലായനങ്ങള്‍ പഴയ സംഭവങ്ങള്‍ ബാക്കിയാക്കിയ ഭീതിയുടെ കൂടി ഉത്പന്നമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അടിസ്ഥാന സിദ്ധാന്തം വെറുപ്പിന്റേതാണ്. വംശമഹിമയെന്ന മിഥ്യാധാരണയില്‍ കുടുങ്ങി, ജൂതരെ ഉന്‍മൂലനം ചെയ്ത അഡോള്‍ഫ് ഹിറ്റ്‌ലറെ മാതൃകാ പുരുഷനാക്കിയ ഒരാളില്‍ നിന്ന് മറ്റൊരു സിദ്ധാന്തവും പ്രതീക്ഷിക്കാനും സാധിക്കില്ല. ബാലസാഹേബിന്റെ മരണ ശേഷവും ഇങ്ങിനെ എഴുതേണ്ടിവരുന്നത് വിദ്വേഷത്തിന്റെ ആ രാഷ്ട്രീയം കുടുതല്‍ ശക്തമായി തുടരുമെന്ന സൂചനകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നതു കൊണ്ടാണ്. ബാല്‍ താക്കറെ ജീവനോടെയിരിക്കുമ്പോള്‍ തന്നെ മരുമകന്‍ രാജ് താക്കറെ അത് കാട്ടിത്തന്നതുകൊണ്ടാണ്.


നിയതമായ അളവുകളില്‍ നിന്ന് ഭിന്നമായതാണ് കാര്‍ട്ടൂണിസ്റ്റിന്റെ അളവുകള്‍. നേരേ കാണുമ്പോള്‍ ലഭിക്കുന്നതില്‍ നിന്ന് ഭിന്നമായ അര്‍ഥം ഇത്തരം അളവുകള്‍ സൃഷ്ടിക്കും. ആസ്വാദക ശ്രദ്ധയെ ആകര്‍ഷിക്കും വിധത്തിലുള്ള അര്‍ഥങ്ങള്‍. ഫ്രീ പ്രസ് ജര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്ന ബാല്‍ താക്കറെക്ക്, സ്ഥാപനം നിര്‍ദേശിച്ച അളവുകള്‍ ബോധ്യമായതേയില്ല. കമ്മ്യൂണിസത്തോട് അനുഭാവം പ്രകടിപ്പിച്ച്, തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി വാദിച്ച്, ട്രേഡ് യൂനിയനുകളെ പ്രോത്സാഹിപ്പിച്ച ഫ്രീ പ്രസ് ജര്‍ണലിന്റെ നിലപാടുകളെ അംഗീകരിക്കാന്‍ ജന്മി - സവര്‍ണ കോയ്മ  മനസ്സില്‍ സൂക്ഷിച്ച ബാല്‍ താക്കറെ തയ്യാറാകാത്തതില്‍ അത്ഭുതമില്ല. ഫ്രീ പ്രസ് ജര്‍ണലും സ്വന്തം പ്രസിദ്ധീകരണമായ  'മാര്‍മികും' പിന്നിടുമ്പോഴേക്കും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ബാല്‍ താക്കറെ നിശ്ചയിച്ച് കഴിഞ്ഞിരുന്നു.


ഉപജീവനമാര്‍ഗം തേടി ബോംബെയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യക്കാരും (മലയാളികളുള്‍പ്പെടെ എല്ലാവരും 'മദ്രാസി'കളാണ് അന്ന്) ഗുജറാത്തികളും മറാത്തക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയാണെന്നായിരുന്നു താക്കറെയുടെ സിദ്ധാന്തം. രാജ്യത്തെവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ഭരണ ഘടന നല്‍കുന്ന അവകാശം ബാല്‍ താക്കറെക്ക് മുന്നില്‍ തടസ്സമായില്ല. 1966ല്‍ രൂപവത്കരിച്ച ശിവ സേന (ശിവാജിയുടെ സൈന്യം) ബോംബെയിലെ തെരുവുകളില്‍ ദക്ഷിണേന്ത്യക്കാരെയും ഗുജറാത്തികളെയും  വേട്ടയാടി. മഹാരാഷ്ട്രയുടെ മണ്ണ് മറാത്തക്കാര്‍ക്ക്, മഹാരാഷ്ട്രയിലെ തൊഴിലവസരങ്ങള്‍ മറാത്തക്കാര്‍ക്ക് എന്നതായിരുന്നു മുദ്രാവാക്യം. രാജ്യത്തന്റെ വടക്ക് - കിഴക്കന്‍ മേഖലയിലുള്ളവര്‍ ബംഗളുരൂവില്‍ നിന്നും ചെന്നൈയില്‍ നിന്നുമൊക്കെ പലായനം ചെയ്യപ്പെടുമ്പോള്‍ അതിന്റെ അണിയറയില്‍ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ അലയൊലികള്‍ കേള്‍ക്കാനാകും.


മണ്ണിന്റെ മക്കള്‍ വാദം തീവ്രമായി ഉന്നയിച്ച ബാല്‍ താക്കറെക്കും അദ്ദേഹത്തിന്റെ ശിവസേനക്കും സ്വാധീനമുറപ്പിക്കാന്‍ അവസരമൊരുക്കുന്നതില്‍, കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റേതായ പങ്ക് വഹിച്ചു. സാമ്പത്തിക തലസ്ഥാനമായി വ്യവഹരിക്കപ്പെട്ട ബോംബെയുടെ മണ്ണില്‍ തൊഴിലാളി സംഘടനകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വേരുറപ്പിക്കുന്നതില്‍ വിറളി പൂണ്ടാണ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനക്ക് പിന്തുണ നല്‍കിയത്. സി പി ഐ നേതാവായിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തിയതോടെ സൃഷ്ടിക്കപ്പെട്ട ഭീതിയുടെ അന്തരീക്ഷം സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുന്നത് പിന്നീട് കണ്ടു. തൊഴിലാളി സംഘടനാ നേതാക്കള്‍ ആക്രമിക്കപ്പെടുന്നത് പതിവാകുക കൂടി  ചെയ്തതോടെ കോണ്‍ഗ്രസിന്റെ ആഗ്രഹം സഫലമായി. പക്ഷേ, അവരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ശിവസേന വളര്‍ന്നു. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച്, വ്യവസായികളെയും സിനിമാ  താരങ്ങളെയും ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി, അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് അനര്‍ഹമായത് പിടിച്ചുവാങ്ങി...ശിവസേന  വളര്‍ന്നു. അതിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ബാല്‍ താക്കറെയും. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയപ്പോഴും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശിവസേനയില്‍ അന്യമായിരുന്നു. താക്കറെ പറയുന്നതായി വേദവാക്യം.


മണ്ണിന്റെ മക്കള്‍ വാദത്തില്‍ നിന്ന് തീവ്ര ഹിന്ദുത്വ വാദത്തിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തീവ്ര ഹിന്ദുത്വ വാദത്തിന്റെ ഒരു മുഖം മൂടി മാത്രമായിരുന്നു മണ്ണിന്റെ മക്കള്‍ വാദം. മഹാരാഷ്ട്രയിലെ ഒരു മന്ദിര്‍-മസ്ജിദ് തര്‍ക്കം മുതലെടുത്താണ് ബാല്‍ താക്കറെ 1960ല്‍ സാന്നിധ്യമറിയിക്കുന്നത്. തന്റെ ലക്ഷ്യങ്ങളുടെ സാധൂകരണത്തിന് ഉതകും വിധത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം വികസിച്ചിട്ടില്ലെന്ന് മനസ്സിലാക്കി,  'മറാത്ത മാനു' വിലേക്ക് തത്കാലം ചുരുങ്ങിയതാണെന്ന് കരുതണം. ബാബരി മസ്ജിദ് നില നിന്ന സ്ഥലം രാമജന്മഭൂമിയാണെന്നും അവിടെ ക്ഷേത്രം പണിയണമെന്നുമുള്ള ആവശ്യത്തില്‍ ബി  ജെ പി തീ കയറ്റുകയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യം താക്കറെ ശരിക്ക് മുതലെടുത്തു. കോണ്‍ഗ്രസിലെയും അതില്‍ നിന്നടര്‍ന്ന് രൂപം കൊണ്ട എന്‍ സി പിയുടെയും നേതാക്കളുമായി അടുത്ത ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ ശിവസേന - ബി ജെ പി സഖ്യം പ്രാവര്‍ത്തിമാക്കി. ആര് അധികാരത്തിലിരുന്നാലും 'മാതോശ്രീ'യില്‍ നിന്നുള്ള കല്‍പ്പനകള്‍ കല്ലേപ്പിളര്‍ക്കുമെന്ന് ഉറപ്പാക്കി.


മണ്ഡല്‍ വിരുദ്ധ സമരത്തെ തെരുവില്‍ ആളിക്കത്തിച്ച ശിവസേനക്കാര്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം അരങ്ങേറിയ മുംബൈ കലാപത്തില്‍ സ്വന്തം പങ്ക് താക്കറെ ആഗ്രഹിച്ചലുമേറെ ഭംഗിയായി നിറവേറ്റി. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണം. അതിലൂടെ സൃഷ്ടിച്ചെടുത്ത കൊടിയ ഭീതിയുടെ മറവില്‍ അധികാര സ്ഥാപനം. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോഡി ആവര്‍ത്തിച്ച വംശഹത്യക്ക് പ്രേരണ ബാല്‍ താക്കറെയില്‍ നിന്നായിരുന്നുവെന്ന് വേണം കരുതാന്‍. മുംബൈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ ശിവസേനയുടെ പങ്കിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, രാജ്യത്തെ നിയമ, നീതി നിര്‍ഹണ സംവിധാനങ്ങള്‍ 'മാതോശ്രീ'യുടെ മുന്നിലേക്ക് എത്തിനോക്കി മടങ്ങി. പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത ബാല്‍ താക്കറെയെ എത്രയും വേഗം മോചിപ്പിച്ച്, മാതോശ്രീയുടെ സുരക്ഷിത്വത്തിലേക്ക് എത്തിക്കാന്‍ ഭരണ സംവിധാനം തന്നെ തിടുക്കം കാട്ടി. മാതോശ്രീയുടെ മുന്നില്‍ പിന്നീടൊരിക്കലും ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ നിഴല്‍ പോലും വീണില്ല. അത്തരത്തിലെന്തെങ്കിലുമുണ്ടായാല്‍ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ശിവസേനക്കാരുടെ വികാരം ഏകോപിപ്പിക്കാന്‍ 1966 മുതലിങ്ങോട്ടുള്ള കാലം കൊണ്ട് ബാല്‍ താക്കറെക്ക് സാധിച്ചു.


ഇപ്പോള്‍ മരണാസന്നനായെന്ന വാര്‍ത്ത പരക്കുമ്പോള്‍ തന്നെ മുംബൈ തെരുവുകളില്‍ കടകള്‍ക്ക് ഷട്ടര്‍ വീണത് അതുകൊണ്ടാണ്. മരണം സ്ഥിരീകരിച്ച് വാര്‍ത്തയെത്തുമ്പോള്‍ ആരും ആഹ്വാനം ചെയ്യാതെ ഹര്‍ത്താലോ ബന്ദോ ആചരിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നേതാവിനോടുള്ള സ്‌നേഹം മൂലം  കച്ചവടം ഉപേക്ഷിക്കുന്നതല്ല, മനസ്സുകളില്‍ സൃഷ്ടിക്കപ്പെട്ട ഭീതി മായാതെ നിലനില്‍ക്കുന്നത് മൂലം ഉപേക്ഷിച്ച് പോകുന്നതാണ്.


അത്തരം ഉപേക്ഷിക്കലുകള്‍ സ്വന്തം കുടുംബത്തിലുമുണ്ടായി. മക്കളിലൊരാള്‍ വീടുപേക്ഷിച്ചു. മറ്റൊരു മകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉദ്ധവിനെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠിച്ച് പിന്തുടര്‍ച്ചയുറപ്പാക്കിയപ്പോള്‍, അമ്മാവനേക്കാള്‍ വീറ്, മറാത്ത വാദത്തില്‍ കാട്ടിയ മരുമകന്‍ രാജ് താക്കറെ 'മാതോശ്രീ' ഉപേക്ഷിച്ചിറങ്ങി. ദക്ഷിണേന്ത്യക്കാരെയും ഗുജറാത്തികളെയും ലക്ഷ്യമിട്ട് അമ്മാവന്‍ വളര്‍ന്ന കഥകള്‍ കേട്ടുപഠിച്ച രാജ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുണ്ടാക്കിയപ്പോള്‍ ലക്ഷ്യമിട്ടത് വടക്കേ ഇന്ത്യക്കാരായ കുടിയേറ്റക്കാരെ. ബീഹാറില്‍ നിന്നും  ഉത്തര്‍ പ്രദേശില്‍ നിന്നും അഷ്ടിക്ക് വക തേടി മുംബൈയിലെ തെരുവുകളിലെത്തിയവരുടെ ജീവന് വില പേശിക്കൊണ്ട് രാജ് പാര്‍ട്ടിയെ വളര്‍ത്തി. വദ്വേഷവും വെറുപ്പും നിറഞ്ഞ, പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ രാജ്യത്തിന്റെ വിവിധ കോടതികളില്‍ നിന്ന് വാറണ്ടുകളുണ്ടായപ്പോള്‍, അതിനെ അവഗണിച്ച് അമ്മാവന്റെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയെന്ന് ഉറപ്പിച്ചു. രാജിന്റെ പിണക്കം മാറ്റി, ഉദ്ധവിനൊപ്പം നിര്‍ത്തി ശിവസേനയുടെ പ്രതാപം വീണ്ടെടുക്കാന്‍ അവസാനനാളുകളില്‍ ബാല്‍ താക്കറെ ശ്രമിച്ചിരുന്നു. തന്റെ അസാന്നിധ്യത്തില്‍ രാജിന്റെ തീവ്രതയാകും നേട്ടമുണ്ടാക്കുക എന്ന തിരിച്ചറിവ്.


അത്തരമൊരു ഏറ്റുമുട്ടലിന്റെ ഭീതി മഹാരാഷ്ട്രക്കും രാജ്യത്തിനുമുണ്ട്. ശിവസേനയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് സ്ഥാപിച്ചെടുക്കേണ്ടത് ഉദ്ധവിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ബാല്‍ താക്കറെ ഇല്ലാതായതോടെ ശിവസേനയുടെ പ്രസക്തിയില്ലാതായെന്നും ഇനിയെല്ലാം നവ നിര്‍മാണ്‍ സേനയാണെന്നും തെളിയിക്കേണ്ടത് രാജിന്റെ ആവശ്യവും. ഇവ ഏറ്റുമുട്ടാനുള്ള സാധ്യത ഏറെയാണ്. കാരണം, മണ്ണിന്റെ മക്കള്‍ - തീവ്ര ഹിന്ദുത്വ വാദങ്ങള്‍ക്കപ്പുറത്ത്, സൃഷ്ടിച്ചെടുക്കുന്ന ഭീതിയില്‍ നിന്ന് കറന്നെടുക്കുന്ന കോടികളാണ് യഥാര്‍ഥ മൂലധനം. അതിന്റെ ബലത്തിലാണ് വിശ്വസ്തരായ സൈനികരുടെ നിലനില്‍പ്പ്. എന്തിനും തയ്യാറുള്ള ഇത്തരം സൈനികരാണ് മൂലധനം ഇരട്ടിപ്പിച്ച്, സംഘടനയെ നിലനിര്‍ത്തുന്നത്. ഈ ചക്രത്തിലൊരു വിള്ളലുണ്ടാകാതെ നോക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിക്കും. ഇവിടെ ഏറ്റുമുട്ടല്‍ നേരിട്ടാകില്ലെന്ന്  ഉറപ്പ്. നിസ്സഹായരായ ബീഹാറികളെയോ ഉത്തര്‍ പ്രദേശുകാരെയോ വടക്ക് - കിഴക്കന്‍ പ്രദേശ വാസികളെയോ ഒക്കെ ഇരകളാക്കിക്കൊണ്ടായിരിക്കും പടപ്പുറപ്പാട്. പിച്ചില്‍ കരിയോയിലൊഴിച്ച്, ഇന്ത്യാ - പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം മുടക്കി, ദേശീയ വികാരം വളര്‍ത്തി, വിളവെടുത്തത് പോലുള്ള താക്കറെയുടെ തന്ത്രങ്ങള്‍ മറ്റ് രീതികളില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം.


മഹാരാഷ്ട്ര നിയമസഭയിലും ലോക് സഭയിലും ശിവ സേനയുടെ അംഗബലം താഴേക്കാണ്. ബാല്‍ താക്കറെയില്ലാതായതോടെ കൂടുതല്‍ ദുര്‍ബലമായ ശിവസേനയെ ക്ഷയിപ്പിക്കാന്‍ രാജ് ശ്രമിക്കും. അതിന് രാജ് സ്വീകരിക്കാനിടയുള്ള തന്ത്രങ്ങളാകും സ്വാധീനം നിലനിര്‍ത്തുന്നതിന് വേണ്ടി ഉദ്ധവ് സ്വീകരിക്കാനിടയുള്ള തന്ത്രങ്ങളേക്കാള്‍ ശ്രദ്ധേയമാകുക. എന്തായാലും നിയതമായ അളവുകളെ മാറ്റിമറിച്ച് ബാലസാഹേബ് സൃഷ്ടിച്ചെടുത്ത വികല വീക്ഷണങ്ങള്‍ നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത. അതിന്റെ അവകാശി ആരായാലും.


No comments:

Post a Comment