2015-01-01

നാഗ്പൂരില്‍ നിന്ന് തത്സമയം (വര്‍ഷം 2014)


വരും വര്‍ഷങ്ങളില്‍ രാജ്യത്തെ സാമൂഹിക - രാഷ്ട്രീയ സാഹചര്യം ഏത് വിധത്തില്‍ മാറുമെന്നതില്‍ വലിയ സൂചനകള്‍ നല്‍കിക്കൊണ്ടാണ് 2014 കടന്നുപോകുന്നത്. കോണ്‍ഗ്രസിനെ തറപറ്റിച്ച്, ലോക്‌സഭയില്‍ ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയതും സ്വന്തം പാര്‍ട്ടിയെപ്പോലും അപ്രസക്തമാക്കും വിധത്തിലുള്ള താന്‍പോരിമ പ്രകടിപ്പിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും വലിയ സംഭവങ്ങള്‍ തന്നെ. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ വിജയിക്കുകയോ വിജയത്തോടടുത്ത മുന്നേറ്റം നടത്തുകയോ ചെയ്തിരിക്കുന്നു ബി ജെ പി. 25 വര്‍ഷം കൂടെനിന്ന ശിവസേനയെ തള്ളിക്കളഞ്ഞ് മത്സരിച്ച മഹാരാഷ്ട്രയില്‍ അവരുണ്ടാക്കിയ നേട്ടമാണ് അതിലെടുത്ത് പറയേണ്ടത്. ജമ്മു കാശ്മീരില്‍ നടത്തിയ മുന്നേറ്റവും. ഇതിലൊക്കെ പ്രധാനം, കഴിഞ്ഞ വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ  പിറന്നാള്‍ ദിനത്തില്‍ സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത്, നാഗ്പൂരിലെ ആസ്ഥാനത്ത് നടത്തിയ പ്രസംഗം രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയായ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തതാണ്. ഔദ്യോഗിക സംവിധാനങ്ങളാകെ സംഘിന്റെ വക്താക്കളാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ഇതിലൂടെ ഭരണകൂടം ചെയ്തത്. അതുകൊണ്ടാണ് പോയ വര്‍ഷത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസമായി ഈ തത്സമയ സംപ്രേഷണം മാറുന്നതും.


ദൂരദര്‍ശനിലൂടെയുള്ള സംപ്രേഷണം കാണുന്നവരുടെ എണ്ണം കുറവായിരിക്കുമെങ്കിലും അതുയര്‍ത്തിവിടുന്ന തര്‍ക്കങ്ങളിലൂടെ, ഹൈന്ദവ ആഘോഷാവസരങ്ങള്‍ രാജ്യത്തിന്റെ പൊതുവായ ഒന്നായി മാറിയിരിക്കുന്നുവെന്നും അതിന്റെ കാര്‍മികസ്ഥാനം സംഘ്പരിവാരത്തിനാണെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഭൂരിപക്ഷ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജ അവകാശവാദം ആവര്‍ത്തിക്കുന്ന ആര്‍ എസ് എസ്സിന് അത്തരമൊരു സ്ഥാനമുണ്ടെന്ന തോന്നല്‍ ഭൂരിപക്ഷ സമുദായത്തില്‍ സൃഷ്ടിക്കാന്‍ ഇത്തരം 'ഔദ്യോഗിക' പരിപാടികള്‍ സഹായിക്കും. ഇതര സമുദായാംഗങ്ങളോടുള്ള ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കാനും ഇതിലൂടെ സാധിക്കുമെന്നും സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു.


നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തിയാലും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉടനൊന്നും ആരംഭിക്കില്ലെന്ന പ്രതീക്ഷിച്ച സംഘ്പരിവാര്‍ വിമര്‍ശകര്‍ ധാരാളമുണ്ടായിരുന്നു രാജ്യത്ത്. ഇന്ത്യയുടെ മതനിരപേക്ഷചര്യയും സാംസ്‌കാരിക വൈവിധ്യവും അത്തരം ശ്രമങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനും തടസ്സം കൂടാതെ പിന്തുടരുന്നതിനും വിഘാതമാകുമെന്നും ആഗോളവത്കരണത്തിന് വേഗം കൂട്ടാന്‍ പാകത്തിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മൂന്നോട്ടുപോകുമ്പോള്‍ ഹിന്ദുത്വ അജന്‍ഡയുടെ പ്രയോഗവത്കരണം മുന്‍ഗണനാപട്ടികയിലെ പ്രഥമസ്ഥാനത്തുണ്ടാകില്ലെന്നുമായിരുന്നു വാദങ്ങള്‍. ഇത്തരം വാദങ്ങള്‍ അപ്രസക്തമാക്കും വിധത്തില്‍  തികച്ചും ആസൂത്രിതമായി സ്വന്തം അജന്‍ഡ ആവര്‍ത്തിച്ച്, അതിന് അനുകൂലമായ മനോനില ജനങ്ങളിലുണ്ടാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.


സാമ്പത്തികപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുകയും അതിന്റെ അവസരങ്ങള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയും ചെയ്യുമ്പോള്‍ തന്നെ ആര്‍ എസ് എസ്സിന് അവസരമൊരുക്കി ഇവ രണ്ടും ഒരുമിച്ച് നീങ്ങുന്നവയാണെന്ന് തെളിയിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
ആഘോഷങ്ങളെയും ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമൊക്കെ കമ്പോളവുമായി ബന്ധിപ്പിച്ച് പൊതുസ്വീകാര്യമാക്കുകയും അതിലൂടെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കിയെടുക്കുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ രാജ്യത്ത് നേരത്തെ തന്നെയുണ്ട്. ഗണേശോത്സവം മുതല്‍ അക്ഷയതൃതീയ വരെയുള്ളവ ഉദാഹരണം. നവരാത്രി പൂജയും വിജയദശമിയിലെ വിദ്യാരംഭവും (ഏത് വിദ്യയുടെ ആയാലും) കമ്പോളം ഏറ്റെടുക്കുകയും രാജ്യത്തിന്റെ ആചാരമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയദശമി ദിനത്തിലെ ആര്‍ എസ് എസ് മേധാവിയുടെ പ്രഭാഷണം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തപ്പോള്‍ കമ്പോളം സൃഷ്ടിച്ചെടുത്ത പൊതുസ്വീകാര്യതയെ സംഘ്പരിവാരത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റപ്പെടുക കൂടിയാണ് ചെയ്തത്. കമ്പോളം മുതല്‍ പ്രണയം വരെയും ചലിച്ചിത്രം മുതല്‍ സദാചാരം വരെയുമുള്ള ഏത് വിഷയത്തിലും ഹിന്ദുത്വ വിരുദ്ധമോ/അനുകൂലമോ ആയ ഘടകങ്ങള്‍ കണ്ടെത്തി അതിന് അക്രമോത്സുകമായ വാക്കും പ്രവൃത്തിയും കൊണ്ട് പ്രചാരണം നല്‍കുകയാണ് ആര്‍ എസ് എസ്സിന്റെ വിവിധ പോഷക ഘടകങ്ങള്‍.


ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്, ഏക സിവില്‍ കോഡ്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങി സംഘ് പരിവാരത്തിന്റെ എല്ലാ ഇഷ്ടവിഷയങ്ങളും മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വാര്‍ത്തകളും ചര്‍ച്ചകളുമൊക്കെയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന 'ലൗ ജിഹാദ്' പ്രചാരണം, മതം മാറ്റത്തര്‍ക്കങ്ങളുടെ സാഹചര്യത്തില്‍ പൂതിയ രൂപത്തില്‍ കൊണ്ടുവന്നിരിക്കുന്നു ബജ്‌രംഗ്ദള്‍. അന്യ സമുദായത്തിലെ പെണ്‍കുട്ടികളെ ഹിന്ദുക്കളായ യുവാക്കള്‍ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ഇങ്ങനെ വരുന്ന പെണ്‍കുട്ടികള്‍ക്ക് ഹിന്ദു മതത്തില്‍ മാന്യമായ സ്ഥാനം നല്‍കണമെന്നും ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ അന്യ മതക്കാരെ വിവാഹം കഴിക്കുന്നത് തടയണമെന്നുമുള്ള പ്രചാരണമാണ് ബജ്‌രംഗ്ദള്‍ ഏറ്റെടുത്തിരിക്കുന്നത്.


ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് മതം മാറ്റിക്കുന്നതിന് മുന്‍കൈ എടുത്ത ധര്‍മ ജാഗരണ്‍ മഞ്ച് വലിയ കേട്ടുകേള്‍വിയുള്ള സംഘടനയല്ല. 'ലൗ ജിഹാദ്' എന്ന വ്യാജ ആരോപണത്തിന് ഏതാനും വര്‍ഷം മുമ്പ് കേരളത്തിലും കര്‍ണാടകത്തിലും കാറ്റുപിടിപ്പിക്കാന്‍ ശ്രമിച്ച ജനജാഗ്രുതി സമിതി എന്ന സംഘടനയും അന്ന് വലിയ കേട്ടുകേള്‍വിയുണ്ടായിരുന്ന ഒന്നായിരുന്നില്ല. ഇപ്പോള്‍ 'ലൗ ജിഹാദി'ന് പുതിയ വ്യാഖ്യാനം നല്‍കുന്ന ബജ്‌രംഗ്ദള്‍ കേട്ടുകേള്‍വിയുള്ളതാണെങ്കിലും വലിയ അനുയായി വൃന്ദമുള്ള ഒന്നല്ല. ആര്‍ എസ് എസ്സിന്റെയോ ബി ജെ പിയുടെയോ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരം സംഘടനകളുടെയെല്ലാം പ്രവര്‍ത്തകരോ അനുയായികളോ.  സമുദായത്തില്‍ കാലുഷ്യമോ   സംഘര്‍ഷമോ സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കാന്‍ ഉപയോഗിക്കാവുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം സംഘടനകളെയാണ് ആര്‍ എസ് എസ്സും ബി ജെ പിയും നിയോഗിക്കുന്നത്. ഇവയെ എതിര്‍ത്തും അനുകൂലിച്ചുമുയരുന്ന അഭിപ്രായങ്ങള്‍, പ്രചാരണായുധമായി സാമര്‍ഥ്യപൂര്‍വം ഉപയോഗിക്കുകയും ചെയ്യും. എതിര്‍ പ്രചാരണങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കാനാവുക എന്ന് ആര്‍ എസ് എസ്സിന് ബോധ്യപ്പെടുത്തിക്കൊടുത്തതാണ് നരേന്ദ്ര മോദി അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കേന്ദ്രീകരിക്കുമ്പോള്‍ മൊത്തം കാഴ്ചയില്‍ ഒരാള്‍ മാത്രമാകുന്നതിന്റെ ഗുണം കൂടിയായിരുന്നു മോദി, നേടിയെടുത്ത തിരഞ്ഞെടുപ്പ് വിജയം.


മഹാത്മാ ഗാന്ധിയോളമോ അതിലധികമോ ദേശസ്‌നേഹമുള്ളയാളായിരുന്നു നാഥുറാം ഗോഡ്‌സെയന്ന പരാമര്‍ശം, ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനും 'മഹത്വം' വെളിവാക്കുന്ന ചലച്ചിത്രമെടുക്കാനുമുള്ള ശ്രമം, രാമന്റെ മക്കള്‍ വേണോ പിതൃശൂന്യര്‍ വേണോ എന്ന ചോദ്യം എന്ന് തുടങ്ങിയവയെല്ലാം ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാണ്. സംഘ് പരിവാര്‍ സംഘടനകളും അതിന്റെ വിവിധ സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളും നടത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് നിര്‍ത്താനുള്ള ശ്രമമാണ്. ഇതേക്കുറിച്ചുയരുന്ന ചര്‍ച്ചകളിലൂടെ, ഈ അജന്‍ഡകളിന്‍മേലുണ്ടാകുന്ന തീരുമാനങ്ങളാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുക എന്ന തോന്നല്‍ സൃഷ്ടിക്കുകയും അവര്‍ പറയുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ എന്താണ് കുഴപ്പമെന്ന പൊതുബോധമുണ്ടാക്കുകയുമാണ് ഉദ്ദേശ്യം.


ശാസ്ത്ര ശാഖകളുടെ വികാസത്തോടെയുണ്ടായ പല കണ്ടുപിടിത്തങ്ങളും വേദകാലത്ത് ആശയങ്ങളായി നിലനിന്നതോ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നതോ ആണെന്ന മട്ടിലുള്ള അവകാശവാദങ്ങള്‍, ഈ പ്രചാരണങ്ങള്‍ക്കൊപ്പം വായിക്കേണ്ടതാണ്. ഏത് വികസിത രാഷ്ട്രങ്ങളെയും വെല്ലുന്ന വികസിതാവസ്ഥ, വേദകാലത്ത് നിലനിന്നിരുന്നുവെന്ന വ്യാജം പ്രചരിപ്പിച്ചുറപ്പിക്കേണ്ടത്, അത്തരമൊരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ളതാണ് ഹിന്ദുത്വ അജന്‍ഡകള്‍ എന്ന വ്യാജത്തെ ഉറപ്പിച്ചെടുക്കുന്നതിന് അനിവാര്യമാണ്. ഇടക്കാലത്തുണ്ടായ പിന്നാക്കംപോക്കിന് കാരണം, സവര്‍ണ ഹൈന്ദവതയെ കൈവിട്ട്, മതനിരപേക്ഷ രാജ്യമെന്ന സങ്കല്‍പ്പത്തിലേക്ക് മാറിയതാണെന്ന് ബോധ്യപ്പെടുത്താനും. ഗാന്ധിക്കും നെഹ്‌റുവിനും മേലെ സര്‍ദാര്‍ പട്ടേലിനെ പ്രതിഷ്ഠിക്കുകയും നെഹ്‌റുവിന് പകരം പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്തിന്റെ മുഖം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ വ്യതിചലനത്തിന്റെ കാരണക്കാരെ കണ്ടെത്തുകയാണ് സംഘ് പരിവാരം ചെയ്യുന്നത്.


ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ബി ജെ പിയുടെ ഭാരവാഹികളും ഇത്തരം പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് ഭാവിക്കും. ഏതെങ്കിലും സംഘടനകള്‍ ഒറ്റക്കും തെറ്റക്കും നടത്തുന്ന പ്രവൃത്തികളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ആവര്‍ത്തിക്കും. മത പരിവര്‍ത്തനം നടക്കുന്നതുകൊണ്ടല്ലേ തിരിച്ചുള്ള പരിവര്‍ത്തനത്തിന് ശ്രമമുണ്ടാകുന്നതും ചിലരെങ്കിലും അതില്‍ പങ്കെടുക്കുന്നതുമെന്ന് സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തും വിധത്തില്‍ ചോദ്യങ്ങളുന്നയിക്കും. സംഘര്‍ഷം വളര്‍ത്താനുതകും വിധത്തിലുള്ള പ്രവൃത്തികള്‍ പരിശോധിക്കാനോ അതിന് ശ്രമിക്കുന്നവരെ തടയാനോ ശ്രമിക്കാതെയാണ് ഭരണാധികാരികളും പാര്‍ട്ടിയുടെ നേതാക്കളും ഇതിന്റെയൊന്നും ഭാഗമല്ലെന്ന് ഭാവിക്കുകയും കേവല യുക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് എന്നത് ആരും ശ്രദ്ധിക്കുകയുമില്ല. എതിര്‍പ്പുകള്‍ പോലും പ്രചാരണോപാധിയാകുകയും ഇതരമതസ്ഥര്‍ എതിര്‍പ്പുന്നയിച്ചാല്‍, അത് ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ അംഗീകരിക്കുന്നതിനുള്ള മടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുമെന്നത്, നരേന്ദ്ര മോദി - അമിത് ഷാ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.


ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണെന്നും വരുന്ന വര്‍ഷങ്ങളില്‍ ഹിന്ദുക്കളെയാകെ ഒന്നിപ്പിക്കുമെന്നും മോഹന്‍ ഭാഗവത് പ്രഖ്യാപിക്കുന്നത് അണിയറയില്‍ തയ്യാറായ വിശാലമായ പദ്ധതിയുടെ മുഖവാക്യമായി വേണം കാണാന്‍. ആ പദ്ധതിയുടെ ഭാഗമാണ് ഈ പ്രചാരണങ്ങളും സംഘര്‍ഷ സൃഷ്ടിയും വിട്ടുനില്‍ക്കുന്നുവെന്ന് ഭാവിക്കലുമൊക്കെ. അതിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നയാളുടെ വാക്കിന് വലിയ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് വിജയദശമി ദിനത്തില്‍ ദൂരദര്‍ശന്‍ ചെയ്തത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയുടെ വിജയത്തേക്കാള്‍, സത്യപ്രതിജ്ഞയേക്കാള്‍, പാര്‍ലിമെന്റിന് മുന്നില്‍ നടത്തിയ നമസ്‌കാരത്തേക്കാളൊക്കെ വലിയ രാഷ്ട്രീയ സംഭവമായി അത് മാറുന്നത്. ബ്രിട്ടന്റെ കീഴിലായിരുന്ന ഇന്ത്യയുടെ മധ്യം നാഗ്പൂരായിരുന്നു. മോദിയുടെ കീഴിലായ ഇന്ത്യയുടെ രാഷ്ട്രീയമധ്യമായി നാഗ്പൂര്‍ മാറുകയാണ്. അത് എത്രയും വേഗം സാധിച്ചെടുക്കാന്‍, മരുന്നിന് തീക്കൊളുത്തിയാണ് കലണ്ടര്‍ മറിയുന്നത്.