2015-01-29

പര്‍ദക്ക് പിറകില്‍ ചിലതുണ്ട്


വിദേശകമ്പനികള്‍ വരുത്തുന്ന തെറ്റിന്റെ ബാധ്യത എന്തിന് ഇന്ത്യാ സര്‍ക്കാറും പൊതുമേഖലയും രാജ്യത്തെ നികുതിദായകരും ഏറ്റെടുക്കണം? രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ നേതാവായിരിക്കെ, 2010ല്‍ ആണവ ബാധ്യതാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത്, അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ച ചോദ്യമാണിത്. പാര്‍ലിമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തി ബി ജെ പി ഉയര്‍ത്തിയ പ്രതിരോധവും ഇടത് പാര്‍ട്ടികളടക്കമുള്ളവയുടെ പ്രതിഷേധവും കണക്കിലെടുത്ത് ആണവ അപകടമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധി 1,500 കോടി രൂപയായും ഉപകരണങ്ങളുടെ അപാകമോ തകരാറോ കൊണ്ടാണ് അപകടമുണ്ടായതെങ്കില്‍ അവ വിതരണം ചെയ്ത കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയും ബില്ല് പരിഷ്‌കരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ തയ്യാറായി. അപകടത്തിന് ഇരകളാകുന്നവര്‍ക്ക് ആണവ സാമഗ്രികളുടെ വിതരണക്കാരായ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതികളെ സമീപിക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി.


ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗീകരിച്ച ഈ ബില്ലിന്റെ (രാഷ്ട്രപതി കൂടി ഒപ്പിട്ടതോടെ നിയമമായി) വ്യവസ്ഥകളെ മറികടന്ന് നഷ്ടപരിഹാരബാധ്യത ഇന്ത്യയുടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ചുമലിലിട്ട് അമേരിക്കയുമായുള്ള ആണവകരാറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നടത്തിപ്പിന് പച്ചക്കൊടി വീശുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഇതിന് ശേഷം യു എസ് പ്രസിഡന്റ് ബരാക് ഒബാമക്കൊപ്പം രാജ്യത്തെ അഭിമുഖീകരിച്ചപ്പോള്‍ 56 ഇഞ്ച് നെഞ്ചളവുള്ള, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വം എപ്പോഴും ഉദ്‌ഘോഷിക്കുന്ന, നരേന്ദ്ര മോദി പറഞ്ഞു - ''ഞങ്ങള്‍ സംസാരിച്ചതൊക്കെ പര്‍ദയുടെ മറയത്ത് ഇരിക്കട്ടെ.'' അമേരിക്കയുടെ പ്രസിഡന്റുമായി സംസാരിച്ചത് ജനങ്ങളോട് പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെങ്കില്‍, ജനങ്ങളോട് പറയാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സംസാരിച്ചത് എന്ന് മനസ്സിലാക്കേണ്ടിവരും. അല്ലെങ്കില്‍ ഇന്ത്യന്‍ യൂനിയനിലെ ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത് എന്ന് മനസ്സിലാക്കേണ്ടിവരും. അത്തരമൊരു സംസാരത്തിനൊടുവിലുണ്ടാകുന്ന ധാരണകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാകില്ല എന്നും.


രാജ്യകാര്യങ്ങള്‍ പലതും ഭരണകൂടം മറച്ചുവെക്കുന്നത് പുതുമയുള്ള കാര്യമല്ല. പണ്ട് അമേരിക്ക സന്ദര്‍ശിച്ച് ആണവകരാറുണ്ടാക്കാന്‍ ധാരണയായി മടങ്ങിയെത്തിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും മുഴുവന്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. പറയാവുന്നത് പറയുകയും ബാക്കിയുള്ളതില്‍ മൗനം പാലിക്കുകയുമാണ് ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രതന്ത്രജ്ഞതയുള്ള നേതാക്കള്‍ ചെയ്യുക. സംസാരിച്ചതും തീരുമാനിച്ചതുമൊക്കെ മറയത്ത് ഇരിക്കട്ടെ എന്ന് പറയാറില്ല. രാജ്യത്തെ ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെക്കാന്‍ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരാള്‍ രാജ്യാധികാരം കൈയാളുന്നതില്‍ കൗതുകമുണ്ട്, അതിനേക്കാളേറെ അപകടവും. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ മറികടന്ന്, വ്യവസ്ഥകളുണ്ടാക്കാന്‍ മടിക്കാത്തവര്‍ പാര്‍ലിമെന്റിന്റെയും ജനാധിപത്യ സമ്പ്രദായത്തിന്റെയും അടിസ്ഥാനമാണ് ചോദ്യംചെയ്യുന്നത്. അത് മറച്ചുവെക്കാന്‍ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം മറച്ചുവെക്കലുകള്‍ക്ക് മടികൂടാതെ വഴങ്ങിക്കൊടുക്കുന്ന ഷണ്ഡന്മാരായ 130 കോടി ജനങ്ങളാണ് ഇന്ത്യന്‍ യൂനിയനിലെന്ന് വിദേശ രാഷ്ട്രത്തലവനെ ബോധ്യപ്പെടുത്തിക്കൊടുക്കുക കൂടിയാണ് നരേന്ദ്ര മോദി ചെയ്തത്. പാര്‍ലിമെന്റിനെ മറികടന്നും ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെച്ചും അമേരിക്കന്‍ ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തയ്യാറുള്ള ഏകാധിപതിയാണ് താനെന്ന് ചിരിച്ചുകൊണ്ട് മൃദുവായി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നു.


ആണവകരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏത് വിധത്തിലുള്ള വിട്ടുവീഴ്ചകളാണ് ചെയ്തിരിക്കുന്നത് എന്നത് പൂര്‍ണമായി പുറത്തുവന്നിട്ടില്ല. ആണവ അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്‍ നിന്ന് വിദേശ കമ്പനികളെ, വിശിഷ്യാ അമേരിക്കന്‍ കമ്പനികളെ, ഒഴിവാക്കിയിരിക്കുന്നുവെന്ന് വ്യക്തം. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും മറ്റ് നാല് പൊതുമേഖലാ കമ്പനികളും ചേര്‍ന്ന് 750 കോടിയുടെ നിധിയുണ്ടാക്കി, നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ വിനിയോഗിക്കാന്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പണം നല്‍കും. അരുണ്‍ ജെയ്റ്റ്‌ലി 2010ല്‍ രാജ്യസഭയില്‍ പറഞ്ഞ അതേ സാഹചര്യം. അന്യന്റെ തെറ്റിന് കേന്ദ്ര സര്‍ക്കാറും പൊതുമേഖലാ സ്ഥാപനങ്ങളും അതുവഴി രാജ്യത്തെ നികുതി ദായകരും പിഴ മൂളേണ്ടിവരും. വിദേശ കമ്പനികള്‍ക്ക്  അനര്‍ഹമായ ആനുകൂല്യം ലഭിക്കുന്ന സാഹചര്യമൊരുക്കി, ഒരു അപകടമുണ്ടായാല്‍ അതിന്റെ ബാധ്യതകളില്‍ നിന്ന് അവര്‍ക്ക് പൂര്‍ണമായി ഒഴിവാകാന്‍ നിയമപരമായ അവസരമുണ്ടാക്കി 'രാജ്യസ്‌നേഹം' പ്രകടിപ്പിക്കാന്‍ യു പി എ സര്‍ക്കാറിനെ അനുവദിക്കേണ്ടെന്നും നിയമത്തെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട് ആ 'രാജ്യസ്‌നേഹം' രാഷ്ട്രീയ സ്വയം സേവക് സംഘിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബി ജെ പി പ്രകടിപ്പിച്ചുകൊള്ളാമെന്നുമായിരിക്കണം അന്ന് അരുണ്‍ ജെയ്റ്റ്‌ലി ഉദ്ദേശിച്ചിട്ടുണ്ടാകുക!


യു പി എ സര്‍ക്കാര്‍ പാസ്സാക്കിയ നിയമമനുസരിച്ച് പരമാവധി ബാധ്യത 1,500 കോടിയായി നിജപ്പെടുത്തിയിട്ടുണ്ട്. ആ നിയമ വ്യവസ്ഥ നിലനില്‍ക്കെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിക്കുന്ന 750 കോടിയും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന വെളിപ്പെടുത്താത്ത തുകയുമായി എങ്ങനെ മാറ്റാന്‍ സാധിക്കും. അമേരിക്കയുടെ നിരന്തര സമ്മര്‍ദത്തിന് വഴങ്ങി അത്തരത്തിലൊരു മാറ്റത്തിന് തയ്യാറായെങ്കില്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ അംഗീകരിക്കാത്ത ഒന്നായി നരേന്ദ്ര മോദി ഭരണകൂടം മാറുകയാണ്. അപകടമുണ്ടായാല്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക്, വിദേശ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതികളെ സമീപിക്കാന്‍ അധികാരം നല്‍കുന്ന നിയമ വ്യവസ്ഥ ഒഴിവാക്കിക്കൊടുക്കാമെന്ന് വാക്കു നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ല. അത് മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പര്‍ദയുടെ മറയത്താണ്.


അമേരിക്കയുമായുണ്ടാക്കിയ ആണവകരാറും അതിന്റെ ഭാഗമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുണ്ടാക്കിയ സുരക്ഷാ മാനദണ്ഡ കരാറും രാജ്യത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നതാണെന്ന ആക്ഷേപം നേരത്തെ മുതലുണ്ട്. കരാറനുസരിച്ച് രാജ്യത്തെ റിയാക്ടറുകളെ സൈനികം, സൈനികേതരം എന്നിങ്ങനെ തിരിക്കേണ്ടിവരും. നിലവില്‍ കൈവശമുള്ള ആണവ സ്വത്തുക്കളെന്തെന്ന്, ഇന്ധനത്തിന്റെ അളവ് സഹിതം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കൈമാറുകയും അവരുടെ പരിശോധനക്ക് ആണവ നിലയങ്ങളെ വിധേയമാക്കേണ്ടിയും വരും. ആണവായുധ നിര്‍മാണത്തിന് നീക്കം നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പ്രധാനമായും ഈ പരിശോധന. കരാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗത്തിലായി, അമേരിക്കയുടെ കമ്പനികള്‍ ഇന്ത്യയില്‍ റിയാക്ടറുകള്‍ ആരംഭിച്ച ശേഷം ആയുധ നിര്‍മാണം ലാക്കാക്കി ഇന്ത്യ നടത്തുന്ന പ്രവൃത്തികള്‍ വലിയ ആഘാതം സൃഷ്ടിക്കാനിടയുണ്ട്. അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന റിയാക്ടറുകളിലേക്കുള്ള ഇന്ധന വിതരണം മുടക്കാന്‍ അമേരിക്കക്ക് സാധിക്കും. ഉപരോധമുള്‍പ്പെടെ മറ്റ് നടപടികളിലേക്ക് പോകാനും സാധിക്കും.  


ഇന്ത്യയെ ആണവ ശക്തിയായി അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സൈനിക പ്രവൃത്തികള്‍ക്ക് വിഘാതമുണ്ടാകില്ലെന്നുമാണ് യു പി എ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. അതേ വിശദീകരണം മോദി ഭരണകൂടവും നല്‍കും. പക്ഷേ ആണവ നിര്‍വ്യാപനകരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള ആണവ ശക്തിയായി ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ വാക്കുലുള്ള അംഗീകാരത്തിന് വില കല്‍പ്പിക്കേണ്ട ബാധ്യത അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകില്ല. ലോകത്തിന് ഭീഷണിയാകും വിധത്തിലുള്ള ആയുധ നിര്‍മാണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ ഭാവിയില്‍ നടത്താന്‍ അമേരിക്കക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ചുരുക്കം. ഇവ്വിധം രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒത്തുതീര്‍പ്പുകള്‍ ചെയ്ത് ഒപ്പിട്ട കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് ബാധ്യതകള്‍ സ്വന്തം ചുമലില്‍ പേറാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പരമാധികാര രാഷ്ട്രമെന്ന പദവി അമേരിക്കയുടെ പാദത്തില്‍ സമര്‍പ്പിച്ച് വണങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്.


മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അമേരിക്കയുടെ സാമന്ത രാജ്യമെന്ന സ്ഥാനത്തേക്കാണ് ഇന്ത്യയെ താഴ്ത്തിയതെങ്കില്‍ അമേരിക്കക്ക് വിധേയപ്പെട്ട് നില്‍ക്കുന്ന രാഷ്ട്രമെന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് നരേന്ദ്ര മോദി. ഒബാമയുടെ ഓഫീസുമായുള്ള ഹോട്ട് ലൈന്‍ ബന്ധം, ലോകത്തിന്റെയാകെ അധികാരിയെന്ന് സ്വയം വിശ്വസിക്കുന്ന രാഷ്ട്രത്തിന്റെ നായകനൊപ്പം നില്‍ക്കുന്ന നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ നാടകങ്ങള്‍ (സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ ബറാകും ഞാനുമെന്ന് മോദി ആവര്‍ത്തിച്ചത് ഓര്‍ക്കുക) എന്നിവക്കപ്പുറത്ത് ഈ സന്ദര്‍ശനവും കൂടിക്കാഴ്ചയും രാജ്യത്തിനോ ജനങ്ങള്‍ക്കോ നേട്ടങ്ങളുണ്ടാക്കിയെന്ന് കരുതാനാകില്ല.


മുന്നറിയിപ്പും താക്കീതുമായി ഭോപ്പാല്‍ നമ്മുടെ മുന്നിലുണ്ട്. മീഥൈല്‍ ഐസോ സയനേറ്റ് കലര്‍ന്ന കാറ്റേറ്റ് പിടഞ്ഞുമരിച്ചവരുടെ ബന്ധുക്കള്‍ക്കും ശാരീരിക അവശതകളുണ്ടായി ദുരിതമനുഭവിക്കുന്നവര്‍ക്കും വിഷവാതകത്തിന്റെ ആഘാതത്താല്‍ വൈകല്യങ്ങളുമായി ജനിച്ചുവീണവര്‍ക്കും അര്‍ഹിക്കുന്ന സഹായമെത്തിക്കാന്‍ ഇതുവരെ നമ്മുടെ ഭരണ സംവിധാനത്തിന് സാധിച്ചിട്ടില്ല. ഭോപ്പാലിലെ പ്ലാന്റില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാതക സംഭരണികളെ ശീതീകരിച്ച് നിര്‍ത്താനുള്ള സംവിധാനങ്ങള്‍ തകരാറിലാണെന്നുമൊക്കെ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുകയാണ് യൂനിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മേധാവികള്‍ ചെയ്തത്. ഇന്ത്യയിലെ ദരിദ്രര്‍, വിഷവാതകമേറ്റ് മരിക്കുന്നതിനേക്കാള്‍ പ്രധാനമായിരുന്നു ഭോപ്പാലിലെ പ്ലാന്റ് അറ്റകുറ്റപ്പണി ചെയ്യാന്‍ ചെലവിടേണ്ട പണം അവര്‍ക്ക്.   കൂട്ടക്കുരുതിക്ക് ശേഷം ഇന്ത്യയിലെത്തിയ വാറന്‍ ആന്‍ഡേഴ്‌സണിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് എത്തിക്കാനും അവിടെ നിന്ന് അമേരിക്കയിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കാനും ഇന്ത്യന്‍ ഭരണാധികാരികള്‍ തിടുക്കം കൂട്ടി. കേസില്‍ വിചാരണ നേരിടാതെ ആന്‍ഡേഴ്‌സണ്‍ അടുത്തിടെ യമലോകം പൂകി.


ജീവജാലങ്ങളുടെ തലമുറകളെ തകര്‍ത്തെറിഞ്ഞതിന് പാകത്തിലൊരു നഷ്ടപരിഹാരം യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് വാങ്ങിയെടുക്കാന്‍ പോലും ഇന്ത്യാ ഗവണ്‍മെന്റിന് സാധിച്ചില്ല.  ആണവ അപകടമുണ്ടായാല്‍ ബാധിക്കുക, പല തലമുറകളെയാകും. അതിന്റെ ബാധ്യതയില്‍ നിന്നാണ് വിദേശ (അമേരിക്കന്‍) കമ്പനികളെ മോദി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തത്.