2015-01-06

ഒരു ബോട്ടിലെത്തിയ ചാകര


പാക്കിസ്ഥാന്റെതെന്ന് പറയപ്പെടുന്ന മത്സ്യബന്ധന ബോട്ടിന് പിറകെ ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ കപ്പലിന് പായേണ്ടിവന്നത് ഒരു മണിക്കൂര്‍. ബോട്ട് വേഗം കൂട്ടിയതിനാല്‍ തടയാനൊത്തില്ലെന്ന് പ്രതിരോധ വകുപ്പ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആക്രമിക്കുമെന്ന മുന്നറിയിപ്പായി തീര സംരക്ഷണ സേന വെടിയുതിര്‍ത്തു. അതോടെ ബോട്ട് നിര്‍ത്തിയവര്‍, ഉടന്‍ അതിന് തീയിട്ടു. ബോട്ട് പൊട്ടിത്തെറിച്ചു. കത്തുന്ന ബോട്ടിന്റെ ചിത്രങ്ങളെടുത്ത് തീര സംരക്ഷണ സേനാംഗങ്ങള്‍ (ആഹ്ലാദ ചിത്തരായി) മടങ്ങി. കടലില്‍ ഇരുട്ട്, കാലാവസ്ഥ മോശം, ശക്തമായ കാറ്റും - കൂടുതല്‍ തെരച്ചിലിന് സാധിക്കാതെ തീര സംരക്ഷണ സേനയുടെ കപ്പല്‍ മടങ്ങിയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലുണ്ട്.


പാക്കിസ്ഥാന്റെ മത്സ്യബന്ധന ബോട്ടിനെ നിമിഷാര്‍ധം കൊണ്ട് മറികടക്കാവുന്ന കപ്പല്‍ ഇന്ത്യയുടെ തീര സംരക്ഷണ സേനക്കില്ലെന്നോ? 'ഋഷിമാരുടെ കാലത്ത് ഗോളാന്തരയാത്രക്ക് വാഹനമൊരുക്കിയ' രാജ്യത്തിന്റെ ഈ നൂറ്റാണ്ടിലെ സ്ഥിതി ഇതോ? ഛായ് ലജ്ജാവഹം! ഇത്രനാള്‍ രാജ്യം ഭരിച്ചവര്‍ക്കൊക്കെ നാണക്കേട്. രാജ്യസ്‌നേഹം നിറഞ്ഞുകവിയുന്ന 56 ഇഞ്ച് നെഞ്ചിന്റെ ഉടമ കൂടുതല്‍ ലജ്ജിക്കണം. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍, മുന്‍ഗാമികളൊക്കെ പരാജയപ്പെട്ടെന്ന് ആരോപിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോദി, സുരക്ഷ ഉറപ്പാക്കാന്‍ പാകത്തിലുള്ള സന്നാഹങ്ങളാണോ സേനകളുടെ പക്കലുള്ളതെന്ന് പരിശോധിക്കുകയോ കുറവുകള്‍ നികത്തുകയോ ഇക്കാലത്തിനിടെ ചെയ്തില്ല എന്ന് തെളിയുകയാണ്. പരിശോധനകള്‍ നടത്തി കുറവുകള്‍ പരിഹരിക്കാന്‍ കൃതഹസ്തനായ ഒരാളെ പ്രതിരോധ വകുപ്പിലേക്ക് നിയോഗിക്കാന്‍ പോലും പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും. രാജ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കിയില്ലെന്ന തോന്നല്‍ ഉണ്ടാകില്ലേ? ലജ്ജയാല്‍ തല ഗാത്രത്തിലേക്ക് ചുരുങ്ങേണ്ടത് തന്നെ!


2015 പൊട്ടിവിടരുന്നതിന് മുമ്പും പിമ്പുമായുള്ള രാത്രിയില്‍ നടന്നുവെന്ന് പറയുന്ന ബോട്ട് കത്തിക്കലും തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയും  2008ല്‍ മുംബൈയില്‍ നടത്തിയത് പോലുള്ള ആക്രമണശ്രമത്തെ തകര്‍ത്തതായാണ് പൊതുവില്‍ വ്യവഹരിക്കപ്പെട്ടത്. കടലിലൊരു ബോട്ട് കത്തുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു. നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ ടി ആര്‍ ഒ) ചോര്‍ത്തിയെടുത്ത ഉപഗ്രഹ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്, കറാച്ചിയിലെ കേതിബുന്ദര്‍ തുറമുഖത്തു നിന്നൊരു മത്സ്യബന്ധന ബോട്ട് പുറപ്പെടുന്നുണ്ടെന്നും ആഴക്കടലില്‍വെച്ച് നിയമവിരുദ്ധമായ ചില കൈമാറ്റങ്ങള്‍ നടത്തുകയാണ് ദൗത്യമെന്നും വിവരം ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഈ വിവരം തീര സംരക്ഷണ സേനക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് നേരത്തെ പറഞ്ഞ ഒരു മണിക്കൂറോളം നീണ്ട പാച്ചിലും വെടിവെപ്പും തീവെപ്പും പൊട്ടിത്തെറിയുമൊക്കെയുണ്ടായത്.


ബോട്ടിലുണ്ടായിരുന്നവര്‍ നിയമവിരുദ്ധമായി കൈമാറാന്‍ ഉദ്ദേശിച്ചിരുന്ന ചരക്കെന്തെന്ന് ഇതുവരെ തീര്‍പ്പുണ്ടായിട്ടില്ല. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമാകാമെന്ന അഭ്യൂഹത്തിനാണ് പ്രാമുഖ്യം ലഭിച്ചത്. ഡീസലോ മദ്യമോ മയക്കുമരുന്നോ ആകാമെന്ന അഭ്യൂഹവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബോട്ടിലുണ്ടായിരുന്ന നാല് പേര്‍ (നാല് പേരേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇരുട്ടും മോശം കാലാവസ്ഥയും ശക്തമായ കാറ്റും മൂലം വലഞ്ഞിട്ടും തീരസംരക്ഷണ സേനയിലുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ട് !) മുട്ട് മറയുന്ന നിക്കറും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത് എന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളാകാന്‍ ഇടയില്ലെന്നും പറയുന്നു. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ നിക്കറും ടീ ഷര്‍ട്ടും ധരിക്കരുതെന്ന 'അന്താരാഷ്ട്ര ഉടമ്പടി'യുള്ളതിനാല്‍ അവര്‍ മത്സ്യത്തൊഴിലാളികളായിരിക്കാനുള്ള സാധ്യത തീരേയില്ലെന്ന് കരുതണം!


കള്ളക്കടത്ത് നടത്തുന്നവര്‍ പതിവായി ഉപയോഗിക്കുന്ന സമുദ്രപാതയിലല്ല ഈ ബോട്ട് ഉണ്ടായിരുന്നത് എന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് നടത്തുന്നവര്‍ പതിവായി സഞ്ചരിക്കുന്നതിനായി ഒരു പാത തിരഞ്ഞെടുക്കുമോ? കള്ളക്കടത്തുകാരെക്കുറിച്ച് പൊതുവിലുള്ള ധാരണ അവര്‍ അടിക്കടി റൂട്ട് മാറ്റുമെന്നാണ്. എന്തായാലും പ്രതിരോധമന്ത്രി അപ്രകാരം പറഞ്ഞ സാഹചര്യത്തില്‍ അവര്‍ കള്ളക്കടത്തുകാരുമാകാന്‍ പാടില്ല. പിന്നെയുള്ള ഏക സാധ്യത - തീവ്രവാദികളുടെതാണ്. അത് മുന്‍കൂട്ടി മനസ്സിലാക്കിയതുകൊണ്ടാണ് മുംബൈയില്‍ നടന്നത് പോലുള്ള ആക്രമണ സാധ്യത തടഞ്ഞ്, സ്‌ഫോടകവസ്തുക്കളുമായെത്തിയ ബോട്ട് ഇന്ത്യന്‍ തീര സംരക്ഷണ സേന തകര്‍ത്തുവെന്ന് നമ്മള്‍ മുന്‍കൂട്ടിപ്പറഞ്ഞത്.


കള്ളക്കടത്തുകാരാണെങ്കില്‍, തീരസംരക്ഷണ സേന തടഞ്ഞപ്പോള്‍ ബോട്ടിന് തീവെച്ച് അവര്‍ ആത്മഹത്യചെയ്തതെന്തിന് എന്ന ചോദ്യം പ്രതിരോധ മന്ത്രി ഉയര്‍ത്തുന്നുണ്ട്. ശത്രുസേനയുടെ കൈയിലകപ്പെടുമെന്ന് ഉറപ്പായാല്‍ ആത്മാഹുതി ചെയ്യുന്നവര്‍ ചാവേര്‍ പോരാളികളാവാതെ തരമില്ല തന്നെ. അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചവര്‍, ബോട്ടിലുണ്ടായിരുന്ന സ്‌ഫോടകവസ്തു - ആയുധ ശേഖരത്തിലൊന്ന് പോലും നമ്മുടെ തീര സംരക്ഷണ സേനക്കുനേര്‍ക്ക് ഉപയോഗിച്ചില്ല എന്നത് ചാവേറുകളുടെ മനഃശാസ്ത്രവുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബോട്ടിലായുധമുണ്ടായിരുന്നുവെന്ന തെളിവ് ഇന്ത്യന്‍ സുരക്ഷാ സേനക്ക് ലഭിക്കാനിടവരരുത് എന്ന നിര്‍ബന്ധബുദ്ധിയാലാകണം ആയുധപ്രയോഗമൊഴിവാക്കി സതിയനുഷ്ഠിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടാകുക!


അതോ ഇന്ത്യന്‍ തീരസംരക്ഷണ സേന ഉതിര്‍ത്ത വെടിയുണ്ടകളേറ്റ് ബോട്ടിന് തീപിടിച്ചതാകുമോ? ഇന്ത്യന്‍ സേനയുടെ കപ്പല്‍ പാഞ്ഞുവരുന്നത് കണ്ട് ഭയന്ന് തിരികെപ്പോകാന്‍ ശ്രമിച്ചതാണോ കത്തിയമര്‍ന്ന ബോട്ട്? സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും അതിലുള്ള പാവങ്ങളെ തടങ്കലിലാക്കുകയും ചെയ്യുന്ന 'ധീരകൃത്യം' ഇന്ത്യയും പാക്കിസ്ഥാനും മുടങ്ങാതെ അനുഷ്ഠിക്കുന്നതാണ്. ഇവരുടെ മോചനം മഹത്തായ നയതന്ത്രമായി പിന്നീട് വിശേഷിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരമൊന്നാണ് നടന്നതെങ്കില്‍, തീവ്രവാദികളെത്തിയ ബോട്ട് തടഞ്ഞുവെന്നും അതിലുണ്ടായിരുന്നവര്‍ ബോട്ടിന് തീക്കൊളുത്തി ആത്മഹത്യചെയ്തുവെന്നും പ്രചരിപ്പിക്കുക തന്നെയാണ് നന്ന്. അല്ലെങ്കില്‍ പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിന് സമാധാനം പറയേണ്ട ഉത്തരവാദിത്വം രാജ്യത്തിന് വരും. അതുണ്ടാകാതെ നോക്കേണ്ടത് രാജ്യസ്‌നേഹികളായ ഏവരുടെയും ഉത്തരവാദിത്വമാണ്! (ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേര്‍ക്ക് വെടിവെച്ചതും തുടര്‍ന്ന് നടക്കുന്ന കേസും ഓര്‍ക്കുക)


ഈ സംശയങ്ങളുന്നയിക്കുക വഴി, 'ശത്രു'വിനെ തടഞ്ഞ തീരസംരക്ഷണ സേനയെ ഇകഴ്ത്തിക്കാട്ടാനോ രാജ്യം ആക്രമിക്കാനാണ് എത്തിയതെങ്കില്‍ അവരെ നിരപരാധികളായി ചിത്രീകരിക്കാനോ അതുവഴി രാജ്യദ്രോഹിയെന്ന പേര് ഇരന്നുവാങ്ങാനോ ഉദ്ദേശിക്കുന്നില്ല. പരമാധികാരം കൈയാളുന്ന നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന നേതാവും ഗുജറാത്ത് ഭരിച്ചിരുന്ന കാലത്തെ ചില കഥകള്‍ ഓര്‍ത്തെടുക്കേണ്ടതുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഗുജറാത്തില്‍ മുപ്പതിലധികം ഏറ്റുമുട്ടലുകള്‍ നടന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെയും വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട്
ഭീകരവാദികളെത്തുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തുകയും അതിനിടെ, പോലീസുമായി ഏറ്റുമുട്ടാന്‍ മെനക്കെടുകയും ചെയ്തവരെ വധിച്ചുവെന്നായിരുന്നു എല്ലാറ്റിനും ഔദ്യോഗിക വിശദീകരണം.


ഈ സംഭവങ്ങള്‍ പലതും ആസൂത്രിതമായി നടപ്പാക്കിയ കൊലകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. അതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ പലരും അഴിക്കുള്ളിലായി. നേതാക്കളെ വധിക്കാന്‍ ഭീകരവാദികളെത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കപ്പെട്ടതാണെന്നും കണ്ടെത്തി. കേസുകള്‍ കോടതികളില്‍ തുടരുകയാണ്. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്ത് മോദിക്ക് ശേഷം മുഖ്യമന്ത്രിയായ ആനന്ദി ബെന്‍ പട്ടേല്‍, ഉപകാരസ്മരണ കാട്ടിക്കൊണ്ടിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളിലൊന്നില്‍ ആരോപണവിധേയനായിരുന്ന അമിത് ഷാക്കെതിരായ കേസില്‍ 45 മിനുട്ടു മാത്രം വാദിച്ച്, കോടതിയില്‍ നിന്ന് ഷായ്ക്ക് അനുകൂലവിധിയുണ്ടാകാന്‍ അവസരമുണ്ടാക്കി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) കൊന്ന പാപം തിന്ന് തീര്‍ക്കുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിറകില്‍ കറുത്ത താടി മാത്രമല്ല വെളുത്ത താടിയുമുണ്ടായിരുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് ഇനിയങ്ങോട്ട് അന്വേഷണമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക കൂടിയാണ് സി ബി ഐ.


56 ഇഞ്ച് നെഞ്ച് വലുപ്പമുള്ള, കറയറ്റ ദേശക്കൂറുള്ള കരുത്തനായ നേതാവിനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെത്തന്നെ ശത്രുരാജ്യം താവളമാക്കിയ ഭീകരസംഘടനകള്‍ നോട്ടമിട്ടിരുന്നുവെന്നും പലകുറി വധിക്കാന്‍ ശ്രമിച്ചുവെന്നും വരുത്തിത്തീര്‍ക്കുക എന്നത് കൂടിയായിരുന്നു സംവിധാനം ചെയ്യപ്പെട്ട വ്യാജ ഏറ്റുമുട്ടലുകളുടെ ലക്ഷ്യം. ഗുജറാത്ത് വംശഹത്യാകാലത്ത് രാജധര്‍മം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബി ജെ പിയുടെ നേതാവ് കൂടിയായ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി തന്നെ വിമര്‍ശിക്കുകയും വംശഹത്യക്ക് അരുനിന്നുവെന്ന് പൊതുവില്‍ തന്നെ കുറ്റപ്പെടുത്തപ്പെടുകയും ചെയ്ത കാലത്ത്, ശത്രുക്കളാല്‍ ചൂഴ്ന്നുനില്‍ക്കുന്നവനാണ് താനെന്ന തോന്നല്‍ സൃഷ്ടിക്കേണ്ടത് വെളുത്ത താടിയുടെ ആവശ്യവുമായിരുന്നു. അത്തരമാളുകള്‍ രാജ്യഭാരം കൈയാളുന്നതിനാലാണ് കടലില്‍ കത്തിയമര്‍ന്ന ബോട്ടിന്റെ കാര്യത്തില്‍ പലവിധ സംശയങ്ങള്‍ സാധ്യമാകുന്നത്.


നെഞ്ച് വലുപ്പത്തോടെ കസേരയില്‍ അമര്‍ന്നിരിക്കുകയും പറന്നുനടന്ന് പ്രസംഗിക്കുകയുമല്ലാതെ, പാവങ്ങളെ 'ഞാന്‍' സഹായിക്കും, ദാരിദ്ര്യം 'ഞാന്‍' നീക്കും, തൊഴിലവസരം 'ഞാന്‍' ഉണ്ടാക്കും, കള്ളപ്പണം 'ഞാന്‍' തിരിച്ചെത്തിക്കും, നിക്ഷേപം 'ഞാന്‍' കൊണ്ടുവരുമെന്നൊക്കെ പറഞ്ഞതില്‍ ഏതെങ്കിലുമൊന്നില്‍ ഒരു ചുവട് മുന്നോട്ടുവെക്കാന്‍ സാധിക്കാത്തതിലെ ജാള്യം. ഹിന്ദു രാഷ്ട്രത്തിന്റെ കവാടം തുറന്നുകഴിഞ്ഞുവെന്ന ധാരണയില്‍ സംഘ് പരിവാര സംഘടനകളാകെ നടത്തുന്ന പ്രചണ്ഡമായ പ്രചാരണങ്ങള്‍. തത്കാലത്തേക്കൊന്നു ശ്രദ്ധതിരിക്കണമെങ്കില്‍ ഇത്തരം ചില സംഗതികളുണ്ടാകാതെ വയ്യല്ലോ! പുതിയനേതാവിന്റെ കീഴില്‍ രാജ്യം കരുത്താര്‍ജിക്കുന്നത് കണ്ട് അസൂയപൂണ്ടവര്‍ ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയെന്ന് പ്രചരിപ്പിക്കുമ്പോള്‍ പ്രതിച്ഛായ മെച്ചപ്പെടാനും സാധ്യതയുണ്ട്. ജനിച്ചകാലം മുതല്‍ അനിശ്ചിതത്വവും അസ്ഥിരതയും അട്ടിമറിയും രക്തച്ചൊരിച്ചിലും പതിവാക്കിയ പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ക്ക്, പെഷാവറിലെ കൂട്ടക്കുരുതിക്കും തീവ്രവാദികളുടെ തൂക്കിലേറ്റലുകള്‍ക്കും ശേഷം ഇന്ത്യാ വിരുദ്ധവികാരം ഉത്തേജിപ്പിക്കേണ്ടതു അനിവാര്യമാണ്. പശുവിന്റെ മുകളില്‍ കാക്ക ഇരിക്കുകയാണ്.


ബോട്ടിന്റെ കാര്യത്തില്‍, അങ്ങനെയൊന്ന് (മൂന്ന് ബോട്ടുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കൂടി ഓര്‍ത്തുകൊണ്ട്) ഉണ്ടായിരുന്നുവെങ്കില്‍,  തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമപ്പുറത്ത് എന്തെങ്കിലും രാജ്യമറിയുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. വ്യാജ ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ നിയമപോരാട്ടത്തിനൊരുങ്ങിയതാണ് നുണകളുടെ നിറമിളക്കിയത്. ഇവിടെ ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കളാരും രംഗത്തുവരാനിടയില്ല. വന്നാല്‍ തന്നെ പാക്കിസ്ഥാനിലെ കോടതിയില്‍ നല്‍കുന്ന അന്യായം അതിര്‍ത്തിക്കിപ്പുറത്ത് അപ്രസക്തമാണ്.  'ശത്രു'രാജ്യങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുടെ വേഗത്തെ വെല്ലാന്‍ പാകത്തിലുള്ള കപ്പലുകള്‍ സേനക്കില്ലല്ലോ എന്നോര്‍ത്ത് ലജ്ജിക്കുക മാത്രമാണ് തത്കാലം കരണീയം.

1 comment: