2015-01-31

ഹൈപ്പ്, ഹൈപ്പര്‍, ഹൈപ്പസ്റ്റ്...


യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്ന് ദിനം നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിനിടെ അപഹസനീയമാം വിധം തിളങ്ങി നിന്നത് നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ ഒബാമയെയും ഭാര്യ മിഷെലിനെയും സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച ബാലെ (കേരളത്തില്‍ നിലവിലുണ്ടായിരുന്ന കലാരൂപമാണിത്) വേഷം മുതല്‍ സ്വന്തം പേര് കിഴുക്കാംതൂക്കായി ആയിരം തവണ രേഖപ്പെടുത്തിയ കോട്ട് വരെയും ഹൈദരാബാദ് ഹൗസിലെ പുല്‍ത്തകിടിയില്‍ അരങ്ങേറിയ നടപ്പും സംസാരവും മുതല്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലെ 'ബരാകും ഞാനു'മെന്ന പ്രയോഗം വരെയും നീളുന്ന അഹംബോധാധിഷ്ഠിതമായ പ്രകടനങ്ങളാണ് ഇപ്രകാരം തിളങ്ങി നില്‍ക്കാന്‍ നരേന്ദ്ര മോദിയെ സഹായിച്ചത്. ''ഞാന്‍ ഹൈപ്പ് സൃഷ്ടിക്കുകയാണെന്ന് ജനം പറയുന്നു, ഹൈപ്പ് സൃഷ്ടിക്കുന്നത് കാര്യങ്ങള്‍ നടത്തിയെടുക്കാനാണ്'' എന്നാണ് അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി തന്നെ പറഞ്ഞത്.


ഇവിടെ കണ്ടതും 'ഹൈപ്പ്' സൃഷ്ടിക്കലാണ്. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ നടത്തിയെടുത്തുവെന്നത് വരുംകാലങ്ങളില്‍ മാത്രമേ അറിയാനാകൂ, അതിന്റെ ആഘാതം എന്തൊക്കെയെന്നും. വിമാനത്താവളത്തിലെ സ്വീകരണം മുതല്‍ സംയുക്ത റേഡിയോ പ്രഭാഷണം വരെയുള്ള കാര്യങ്ങള്‍ മോദിക്ക് മേല്‍ക്കൈ ലഭിക്കും വിധത്തില്‍ സംവിധാനം ചെയ്തത് ആരെന്ന് മാത്രമേ അറിയാനുള്ളൂ. അത് ആരായാലും അര്‍ഹിക്കുന്ന പ്രതിഫലം ഇതിനകം ലഭിച്ചുകഴിഞ്ഞു. ക്ഷണിച്ചുവരുത്തിയ വിരുന്നുകാരനെ, (രാജ്യം റിപബ്ലിക്കായതിന്റെ വാര്‍ഷിക ദിനത്തില്‍ ക്ഷണിക്കപ്പെടേണ്ടയാളാണോ അധിനിവേശോദ്യുക്തമായി എക്കാലവും നിലകൊള്ളുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്നത് തന്നെ തര്‍ക്കവിധേയമാണ്) അപ്രസക്തനാക്കും വിധത്തില്‍ വീട്ടുകാരന്‍ തിണ്ണമിടുക്ക് കാട്ടിയെന്ന തോന്നല്‍ ശക്തമായതുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മോദിയുടെ താന്‍പോരിമ പ്രകടനത്തെ ആവും വിധം അപഹസിച്ച് രംഗത്തുവന്നത്. നാട്ടിലാകട്ടെ, അമേരിക്കന്‍ പ്രസിഡന്റിന്റെ തോളൊപ്പമോ അതിലധികമോ ഉയര്‍ന്ന് നില്‍ക്കാന്‍ പാകത്തിലുള്ള നേതാവാണ് പ്രധാനമന്ത്രിക്കസേരയിലിരിക്കുന്നത് എന്ന് സംഘ് പ്രവര്‍ത്തകര്‍ക്ക് പാടിനടക്കാന്‍ പാകത്തില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.


പ്രധാനമന്ത്രിയായിരിക്കെ ഡോ. മന്‍മോഹന്‍ സിംഗിനോട് വലിയ അടുപ്പം യു എസ് പ്രസിഡന്റ് ബരാക് ഒബാമ കാട്ടിയിരുന്നു. ഇതര രാഷ്ട്രങ്ങളുടെ തലവന്‍മാരോടുള്ളതിനേക്കാള്‍ ബഹുമാനം മന്‍മോഹനോട് ബരാക് ഒബാമ കാട്ടിയിരുന്നുവെന്നത്, ഇപ്പോള്‍ നാം കണ്ടത് പോലുള്ള നാടകങ്ങളുടെയോ താന്‍പോരിമാപ്രഖ്യാപനങ്ങളുടെയോ ഫലമായല്ല, അമേരിക്കന്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവ ഉദാഹരണ സഹിതം വിവരിച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അതിന്റെ ആഘാതം ഇന്ത്യയെ വല്ലാതെ ബാധിക്കാതിരിക്കാന്‍ കാട്ടിയ കൈയടക്കമാണ് (മന്മോഹനടക്കമുള്ളവര്‍ വിറ്റഴിക്കാന്‍ തിടുക്കം കാട്ടിയ ബേങ്കുകളടക്കം പൊതുമേഖലാ സ്ഥാപനങ്ങളാണ് കൈയടക്കം കാട്ടാന്‍ അവസരമുണ്ടാക്കിയതെന്നത് വേറെ കാര്യം) മന്‍മോഹനെന്ന അക്കാദമീഷ്യനോട് ബഹുമാനം തോന്നാന്‍ ഒബാമക്ക് പ്രേരണയായതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ബരാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ആദ്യം സ്വീകരിച്ച ഔദ്യോഗിക അതിഥിയും മന്‍മോഹന്‍ സിംഗായിരുന്നു. 2011ല്‍ മന്‍മോഹന്‍ രണ്ടാം വട്ടം അമേരിക്ക സന്ദര്‍ശിച്ചതിന് തൊട്ടുപിറകെയാണ് അന്ന് ചൈനയുടെ പ്രസിഡന്റായിരുന്ന ഹു ജിന്താവോ എത്തിയത്. മന്‍മോഹന് ലഭിച്ച വലിയ സ്വീകരണത്തിന്റെ നിഴല്‍ പോലുമുണ്ടായിരുന്നില്ല ഹു ജിന്താവോക്ക് എന്ന് വിദേശ മാധ്യമങ്ങളൊക്കെ എഴുതി.


ഇന്ത്യയെന്ന വലിയ കമ്പോളത്തെ ചൂഷണം ചെയ്യുക എന്നത് സാമ്പത്തിക ആരോഗ്യത്തിന് പ്രധാനമാണെന്ന് വലിയ മുതലാളി തിരിച്ചറിഞ്ഞതിന്റെ ഭാഗമായിരുന്നു മന്‍മോഹന് ലഭിച്ച സ്വീകരണമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. വ്യാപാര, വാണിജ്യ മേഖലകളില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ അംഗീകരിച്ചുകൊടുക്കും വിധത്തിലുള്ള തീരുമാനങ്ങള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറെടുക്കുകയും ചെയ്തു- ആണവകരാറിന്റെ കാര്യത്തിലുള്‍പ്പെടെ. ഇപ്പോള്‍ റിപബ്ലിക് ദിനത്തില്‍ അതിഥിയാകാനുള്ള ക്ഷണം സ്വീകരിച്ച് ബരാക് ഒബാമ രണ്ടാമതൊരു ഇന്ത്യാ സന്ദര്‍ശനത്തിന് വന്നതിന്റെ പിറകില്‍ അവരുടെ വാണിജ്യ താത്പര്യങ്ങളല്ലാതെ മറ്റൊന്നല്ല. ആണവ കരാര്‍ പ്രാവര്‍ത്തികമാക്കി, ജി ഇക്കും വെസ്റ്റിംഗ് ഹൗസിനും റിയാക്ടര്‍ നിര്‍മിക്കാനും സ്ഥാപിക്കാനുമുള്ള അവസരമുണ്ടാക്കണം. അതുവഴി അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണ മേഖല- നരേന്ദ്ര മോദി വന്നതിന് ശേഷം കൂടുതല്‍ വിദേശ നിക്ഷേപത്തിന് തുറന്നിട്ടത്- പരമാവധി പ്രയോജനപ്പെടുത്തണം. മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയാമെന്ന് മോദി അമേരിക്കയില്‍ വന്ന് നല്‍കിയ ഉറപ്പ്, വൃത്തത്തിലാക്കി അമേരിക്കന്‍ കമ്പനികള്‍ക്ക് പുതിയ വിപണി ലഭ്യമാക്കണം അങ്ങനെ പല ലക്ഷ്യങ്ങള്‍. അതുകൊണ്ടാണ് ഇവിടെ സംവിധാനം ചെയ്യപ്പെട്ട നാടക പരമ്പരകള്‍ക്കൊക്കെ വിധേയപ്പെട്ട് ഒബാമ നിന്നത്.


ഈ താത്പര്യങ്ങള്‍ക്കൊക്കെ വിധേയപ്പെട്ട് കൊടുക്കുന്നതിനൊപ്പം 'ഞാന'ന്നെ ഭാവത്തിലൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്താനും മന്മോഹനേക്കാള്‍ ഒബാമക്ക് പ്രിയപ്പെട്ടവനായി താന്‍ മാറിയിരിക്കുന്നുവെന്ന് തെളിയിക്കാനും മോദി ശ്രമിച്ചു. വംശഹത്യയുടെ കറയൊക്കെ ലോകം മറന്നുവെന്നും തന്റെ ക്ഷണം സ്വീകരിക്കാന്‍ നേതാക്കള്‍ വരിനില്‍ക്കുന്നുവെന്നും പറയാതെ പറയുകയാണ് ഇതിലൂടെ. 'ലോകമേധാവി'യുടെ തോളില്‍ കൈയിട്ട് നടക്കാന്‍ പാകത്തിലുള്ള വലുപ്പം ആര്‍ജിച്ചിരിക്കുന്നുവെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനും. ദുര്‍ബലനെന്ന് ബി ജെ പി നിരന്തരം ആക്ഷേപിച്ചിരുന്ന മന്‍മോഹന്‍ സിംഗിനൊപ്പമോ അതിനേക്കാളേറെയോ അടുപ്പം യു എസ് എയുടെ പ്രസിഡന്റുമായി താന്‍ കുറച്ചുകാലം കൊണ്ട് നേടിയെടുത്തുവെന്ന് തെളിയിക്കുകയും- ഇതാണ് യഥാര്‍ഥ ഹൈപ്പ്. ആ ഹൈപ്പിന് പിറകിലുള്ളതില്‍ ഭൂരിഭാഗവും രാജ്യ താത്പര്യത്തിന് എതിരായി വരാനാണ് സാധ്യത. അതിന്റെ ബാധ്യതകള്‍ ജനം അനുഭവിക്കാന്‍ കാലം കുറച്ച് വേണ്ടിവരുമെന്ന് മാത്രം. അതുകൊണ്ടാണ് ''ഞങ്ങള്‍ സംസാരിച്ചതൊക്കെ പര്‍ദക്ക് പിറകില്‍ ഇരിക്കട്ടെ'' എന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്.


ആണവ അപകടമുണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഉണ്ടാകുമായിരുന്ന ബാധ്യത, ഇന്ത്യയുടെ പൊതുമേഖലാ കമ്പനികളുടെ ചുമലിലേക്ക് മാറ്റിയതാണ് ആദ്യത്തെ ആഘാതം. അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന ആണവ ഉപകരണങ്ങളുടെ കേടുകൊണ്ട് എന്തെങ്കിലും അപകടം ഉണ്ടായാലും വിതരണക്കാരായ കമ്പനികള്‍ക്ക് ബാധ്യതയൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം. കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ വേണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റ് സ്തംഭിപ്പിക്കുകയും വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുകയും ചെയ്ത അതേ ബി ജെ പിയുടെ പ്രധാനമന്ത്രിയാണ് പാര്‍ലിമെന്റിനെയും അവിടെ പാസാക്കിയ നിയമത്തെയും മറികടന്ന് ഇളവ് അനുവദിക്കുന്നത്. പാര്‍ലിമെന്റിനെയും അവിടെ പാസാക്കിയ നിയമത്തെയും മറികടക്കാന്‍ ജനായത്ത രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എന്തധികാരമെന്ന് ചോദിക്കരുത്, അതാണ് നരേന്ദ്ര മോദി കാലത്തെ ജനാധിപത്യം.


പ്രതിരോധ സാമഗ്രികളുടെ വികസനത്തിലും ഉത്പാദനത്തിലും സംയുക്തമായി നീങ്ങാനും ധാരണയായിട്ടുണ്ട്. അമേരിക്കന്‍ കമ്പനികള്‍ക്കായി ഇന്ത്യന്‍ പ്രതിരോധ മേഖല തുറന്നിടുകയാണെന്ന് ഇതിലും മനോഹരമായി പറയാനാകില്ല തന്നെ. പകരമായി ഇന്ത്യന്‍ വ്യവസായ - വാണിജ്യ മേഖലക്ക് ഗുണകരമായ എന്തെങ്കിലും കാര്യങ്ങളില്‍ ധാരണയായിട്ടുണ്ടോ? ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ ധാരണകളൊന്നുമുണ്ടായതായി റിപ്പോര്‍ട്ടില്ല. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരം നിലവില്‍ സാമ്പത്തിക വര്‍ഷം 600 കോടി ഡോളറെന്നത് ഇനിയും വര്‍ധിപ്പിക്കണമെന്ന് ബരാക് ഒബാമ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ കാര്യത്തിലുള്ള വിസാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ചും അമേരിക്കയിലെ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് ഇവര്‍ നിര്‍ബന്ധമായും നല്‍കേണ്ട സംഭാവനകള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരാമെന്ന ധാരണയാണ് ഉണ്ടായത്. ചര്‍ച്ചകള്‍ ഫലപ്രദമായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഒബാമ ഭരണകൂടം സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് നല്‍കുന്ന പ്രാമുഖ്യം കണക്കിലെടുത്താല്‍ ഇളവുകള്‍ തത്കാലം പ്രതീക്ഷിക്കേണ്ടതില്ല.


ഇന്ത്യയില്‍ സൗരോര്‍ജോപയോഗം വ്യാപിപ്പിക്കുന്നതില്‍ അമേരിക്ക സഹകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സൗരോര്‍ജ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളുടെ പാനലുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനാകില്ലെന്ന് ലോക വ്യാപാര സംഘടനയില്‍ ആ രാജ്യം പരാതി പറഞ്ഞിരുന്നു. അന്നൊക്കെ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നും 'മേക്ക് ഇന്‍ ഇന്ത്യ'യാണ് മോദി സര്‍ക്കാറിന്റെ   നയമെന്നും പ്രതിനിധികള്‍ ഊറ്റം കൊണ്ടിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങി ഇന്ത്യയില്‍ സൗരോര്‍ജോത്പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്ക സമ്മതിച്ചതാണ് പുതിയ സഹകരണമെന്ന് വിശ്വസിക്കുക പ്രയാസം. ആയതിനാല്‍ നേരത്തെയുള്ള ഊറ്റം പറച്ചിലില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്നാക്കം പോയിട്ടുണ്ടാകണം; അതെല്ലാം പര്‍ദക്ക് പിറകില്‍ ഇരിക്കുന്നുണ്ടാകണം.


സമുദ്ര സുരക്ഷയില്‍ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വലിയ നേട്ടമായാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അമേരിക്കന്‍ കപ്പല്‍പ്പടക്ക് തമ്പടിക്കാന്‍ അവസരമുണ്ടാകുന്നുവെന്നതാണ് ഇതിലൂടെ സംഭവിക്കുക. മധ്യപൗരസ്ത്യ മേഖലയിലെ രാഷ്ട്രങ്ങളില്‍ ഇടപെടാന്‍ അവിടുത്തെ ചില രാഷ്ട്രങ്ങളുടെ സമുദ്രാതിര്‍ത്തി ഏത് വിധത്തിലാണ് അമേരിക്ക ഉപയോഗിച്ചത് എന്ന് സമീപകാല ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയതാണ്. അതുപോലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയും വൈകാതെ ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പ്. അതുകൊണ്ടാണ് ഏഷ്യ - പസഫിക് മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യമുണ്ടാകുന്നതിലെ അപകടം ചൂണ്ടിക്കാട്ടി ചൈന ഉടന്‍ രംഗത്തുവന്നത്. ചൈന പറയുന്നത് അവരുടെ താത്പര്യമാണെങ്കില്‍ക്കൂടി, ഇന്ത്യന്‍ സമുദ്ര മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം അനുവദിക്കുന്നത്, രാജ്യത്തിന്റെ അയല്‍പക്കത്തുള്ളവരുടെയൊക്കെ അപ്രീതി വിളിച്ചുവരുത്താന്‍ പര്യാപ്തമാണ്.


നിയമനിര്‍മാണത്തിന് പാര്‍ലിമെന്റിനുള്ള അധികാരം പോലും അടിയറ വെച്ച്, അമേരിക്കന്‍ ഇംഗിതം സാധ്യമാക്കിക്കൊടുത്തുവെന്നതില്‍ നരേന്ദ്ര മോദിക്ക് അഭിമാനിക്കാം. 'താന്‍പോരിമ'ക്കുള്ള ഒരവസരവും പാഴാക്കിയില്ലെന്നതിലും.