2015-01-25

കോഴ വിഷാദ യോഗം (വലതും ഇടതും)


 കെ എം മാണി ഉള്‍പ്പെട്ടതായി പറയുന്ന കോഴകളില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് വാമൊഴിയായി പുറത്തുവന്നത് ബാറുകളുടേതില്‍ മാത്രമാണ്. കോഴി, ബേക്കറി, സ്വര്‍ണം, ക്രഷര്‍ തുടങ്ങിയ ഇനങ്ങളില്‍ ബജറ്റില്‍ നികുതി നിര്‍ദേശിച്ച് പിന്നീട് ഒഴിവാക്കിക്കൊടുക്കുകയോ നിലവിലുണ്ടായിരുന്ന നികുതി ബജറ്റിലൂടെ ഒഴിവാക്കിക്കൊടുക്കുകയോ ചെയ്ത് കോടികള്‍ സമാഹരിച്ചതായി ആക്ഷേപമുണ്ട്. സി പി എമ്മിന്റെ നിയമസഭാ സാമാജികരില്‍ കരുത്തുറ്റ സാന്നിധ്യമായി ഇന്നോളം അറിയപ്പെടാത്ത ശിവന്‍ കുട്ടിയദ്ദ്യവും പ്രതിപക്ഷത്തെ രണ്ടാം ബറ്റാലിയനായ സി പി ഐയും മാത്രമാണ് ഈ ആക്ഷേപം സജീവമായി ഉന്നയിക്കുന്നത്. കോഴ കൊടുത്തവരോ കോഴ കൊടുത്തവരുമായി സംഘടനാ ബന്ധമുള്ളവരോ പ്രത്യക്ഷത്തില്‍ ആരോപണവുമായി രംഗത്തുവന്നിട്ടില്ല. കോഴ കൊടുക്കാന്‍ പോകുംവഴി കൊട്ടാരക്കരയില്‍ വന്ന് തന്നെ വണങ്ങിയിരുന്നുവെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ വാക്കുകള്‍ക്ക് ശ്രാദ്ധത്തിന് തൊട്ടുനിന്നവന്റെ സ്ഥാനമേയുള്ളൂ.


ആയതിനാല്‍ കോഴയാക്ഷേപങ്ങളില്‍ തത്കാലം ആരോപണബലമുള്ളത് ബാറിന്റേതില്‍ തന്നെ. അതില്‍ പ്രമാണസ്ഥാനം ബിജു രമേശിനും. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കാന്‍  ഇടം കൈ കൊണ്ടും പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ പൂട്ടിത്തന്നെ കിടക്കാന്‍ വലം കൈ കൊണ്ടും കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ലോകത്തെ തന്നെ ഏക നേതാവും ഒരുപക്ഷേ കെ എം മാണിയാകണം. 'ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുതെ'ന്ന വേദപുസ്തകവാക്യം ഇത്ര അര്‍ഥവത്താക്കിയ സ്ഥിതിക്ക് വാഴ്ത്തപ്പെടലിന് പരിഗണിക്കാവുന്നതാണ്.


പൂട്ടിയത് തുറക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ടതിന്റെയും ഒരു കോടി കൊടുത്തതിന്റെയും തെളിവായി ബിജു രമേശ് വാമൊഴികള്‍ അവതരിപ്പിച്ചു. പൂട്ടിയത് പൂട്ടിത്തന്നെ കിടക്കാന്‍ രണ്ട് കോടി കൊടുത്തതിനും വാമൊഴികളുണ്ട്. ഈ വാമൊഴികളുടെ ഉടമകളില്‍ ചിലര്‍ തന്നെ കോഴ കൊടുത്തിട്ടില്ലെന്നും സംഭാഷണങ്ങള്‍ വെട്ടിമുറിച്ച് ചേരുംപടി ചേര്‍ത്തതാണെന്നുമൊക്കെ പിന്നീട് വാമൊഴി നല്‍കിയിട്ടുണ്ട്. വാമൊഴികളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും അവകളുടെ നാഥനില്ലായ്മയെ അപഹസിച്ചും തെക്കു വടക്ക് വാമൊഴി യുദ്ധം വേറെയും നടക്കുന്നു. ഈ വാമൊഴി സാഗരത്തില്‍ നിന്നൊരു തുള്ളിപോലും തെളിവായി തങ്ങളുടെ മുഖത്തേക്ക് തെറിക്കില്ലെന്ന് ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടിയും സംഘവും. കൂടു വിട്ട് കൂടുമാറി മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുക്കുമെന്ന് പ്രചരിപ്പിക്കുകയും ചിലപ്പോഴെങ്കിലും ഉച്ചത്തിലുള്ള ആത്മഗതം പോലെ പറയുകയും ചെയ്ത കെ എം മാണിയെ (നേരത്തെ തന്നെ ചാര്‍ത്തിക്കിട്ടിയ സാര്‍ പദവി, അഴിമതിയിലെ കൈയടക്കത്തിനാണോ എന്ന് പില്‍ക്കാലത്തെ സംശയം. അതിനാല്‍ മാണി സാര്‍ എന്ന പൊതുവിളി ഒഴിവാക്കുന്നു) കൂട്ടുമുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്തിയതിന്റെ അഹങ്കാരവുമുണ്ട് ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും.


ആര്‍ക്കും ആരെയും തള്ളാനോ കൊള്ളാനോ പാടില്ലാത്ത വിധത്തില്‍ കൂടിക്കുഴഞ്ഞിരിക്കുന്നുവെന്നതാണ് ഭരണപക്ഷത്തിന് രക്ഷയാകുന്നത്. മാണിക്കെതിരായ ആരോപണം, അതിന്റെ രാഷ്ട്രീയോദ്ദേശ്യം കൈവരിച്ച് കഴിഞ്ഞതിനാല്‍ അന്വേഷണം സത്യത്തിലേക്ക് നീങ്ങേണ്ട ആവശ്യം ഉമ്മന്‍ ചാണ്ടിക്കില്ല. അഥവാ അതങ്ങനെ സത്യത്തിലേക്ക് നീങ്ങിയാല്‍ മറ്റുള്ളവരാരൊക്കെ യന്ത്രം സ്ഥാപിച്ച് നോട്ടെണ്ണുന്നുവെന്ന് കൂടി പുറത്തുവന്നേക്കും. ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല എന്ന് ആവര്‍ത്തിക്കാനേ കെ എം മാണിക്ക് സാധിക്കൂ. കോഴക്കുടത്തില്‍ കൈയിട്ടവര്‍ വേറെയുമുണ്ടെന്ന് പറയാന്‍ സാധിക്കില്ല തന്നെ. ആരോപണം മാണിക്കു നേരെ മാത്രമുയര്‍ന്നതിന് പിറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കുറ്റപ്പെടുത്താനേ കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന് സാധിക്കൂ. ആ ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ ആരൊക്കെ എന്ന് അറിയാമെങ്കിലും പറയാനാകില്ല. വാമൊഴി സാഗരത്തില്‍ നിന്നൊരു തുള്ളി തെളിവായി, മാണിയുടെ റോസ് പൗഡറിട്ട് ശോഭിപ്പിച്ച മുഖത്തേക്ക് തെറിക്കുന്നത് ഒഴിവാക്കണമെങ്കില്‍ ഗൂഢാലോചനാ സിദ്ധാന്തമൊക്കെ പെട്ടിയില്‍ വെച്ച്, ഭരണത്തിന്റെ ഭാഗമായി ഉറച്ചുനിന്ന് മുഖ്യമന്ത്രി തെളിക്കുന്ന വഴിയേ പോകുക എന്നതിനപ്പുറത്തൊരു വഴി തത്കാലമില്ല തന്നെ.


ആരോപണത്തിലുറച്ചു നില്‍ക്കാന്‍ ബിജു രമേശിനെ പ്രേരിപ്പിക്കുകയും ബാര്‍ ഹോട്ടല്‍ അസോസിയേഷനിലെ ഇതര അംഗങ്ങളെക്കൊണ്ട് അത് നിഷേധിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രം ഉമ്മന്‍ ചാണ്ടി പയറ്റുന്നതിന് മറ്റ് കാരണങ്ങളുണ്ട്. സോളാര്‍ മുതല്‍ പാറ്റൂര്‍ വരെ നീളുന്ന പലവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രി തന്നെയോ ലക്ഷ്യമാക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെ ബന്ധിപ്പിച്ചുള്ള കഥകള്‍ വേറെയും. ഇതിന്റെ പൊട്ടും പൊടിയുമൊക്കെ ചേര്‍ത്തുവെച്ച് പ്രതിക്കൂടുണ്ടാക്കാന്‍ മുന്നണിയിലെ മൂന്നാംകക്ഷിക്ക് സാധിക്കുമെന്ന തോന്നല്‍ ശക്തമായുണ്ട് മുഖ്യമന്ത്രിക്ക്. ഇതേ ശങ്കകള്‍ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും നേതാക്കള്‍ക്കുമുണ്ടാകാം.


കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശവും ആരോപണങ്ങള്‍ക്ക് അകമ്പടിയായുണ്ടെന്ന് കരുതണം. ആരോപണം നേരിടുന്നൂ, നേതാവ്. അതൊതുക്കാന്‍ ഇടപെട്ടെന്ന ആക്ഷേപത്തിന് അടിയില്‍ നില്‍ക്കുന്നൂ, പിതാവിന് ശേഷം ഉടമയാകുമെന്ന് കരുതപ്പെടുന്ന മകന്‍.  ഇവരില്ലെങ്കില്‍ സഭാ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നേതൃസ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ള പി ജെ ജോസഫും, ആരോപണമൊതുക്കാന്‍ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്നു. ആരോപണാക്ഷേപങ്ങളുടെ ഈ ദശാസന്ധിയില്‍, പാര്‍ട്ടിയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ കരുനീക്കാന്‍ ത്രാണിയുള്ള ഒന്നേയുള്ളൂ ബാക്കി - അത് പി സി ജോര്‍ജാണ്. മാണിക്ക് വേണ്ടിയാകും താന്‍ പരസ്യമായി സംസാരിക്കുക, അത് കാര്യമാക്കേണ്ടെന്ന് ബിജുവിനോട് ഫോണില്‍ പറയുകയും അത് മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവരാരെന്ന് മനസ്സിലാക്കുന്നതിന് ബിജുവുമായി ബന്ധമുണ്ടാക്കാനാണെന്ന് വാദിച്ച് സ്ഥാപിക്കുകയും ചെയ്യുന്ന തന്ത്രജ്ഞത കാണണമെങ്കില്‍ ജോര്‍ജിന്റെ നികടത്തില്‍ തന്നെ ചെല്ലണം.


ആരോപണങ്ങള്‍ക്ക് മിഴിവേകാന്‍ വാമൊഴിഞ്ഞ ആര്‍ ബാലകൃഷ്ണപിള്ളക്കുമുണ്ട് പരിമിതികളും സാധ്യതകളും. കേരള കോണ്‍ഗ്രസിന്റെ മൂപ്പിളമത്തര്‍ക്കങ്ങളില്‍ എക്കാലത്തും കെ എം മാണിയുടെ എതിര്‍പക്ഷത്തായിരുന്നു പിള്ള. അതിന്റെ നഷ്ടങ്ങള്‍ പലതുണ്ടായി. അഴിമതിക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെടാന്‍ കാരണഭൂതന്‍ പോലും മാണിയാണെന്ന വിശ്വാസം പിള്ളയദ്ദ്യത്തില്‍ രൂഢമൂലം. ഏറ്റമൊടുവില്‍ മകന്റെ മന്ത്രിസ്ഥാനനഷ്ടത്തിന് പിറകിലും കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങാനാകുമോ ഒരു നായര്‍ പ്രമാണിക്ക്. എന്തൊക്കെ പറഞ്ഞാലും തന്നെയും മകനെയും യു ഡി എഫില്‍ നിന്ന് പുറത്താക്കില്ലെന്ന ഉറപ്പുമുണ്ട് രാമന്‍ പിള്ള ബാലകൃഷ്ണപിള്ളക്ക്. കത്തുന്നപുരയിലേക്ക് കുറച്ച് മണ്ണെണ്ണയൊഴിച്ച് കൊടുത്താല്‍ മകനെ മന്ത്രിസഭയിലെടുത്ത് തീകെടുത്താനുള്ള യജ്ഞത്തില്‍ പങ്കാളിയാക്കുമെന്ന് പിള്ള പ്രതീക്ഷിക്കുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചപ്പോള്‍ ഗണേശന്‍ കണ്ട സ്വപ്‌നവും മറ്റൊന്നാകാന്‍ ഇടയില്ല.


അന്തിച്ചര്‍ച്ചകളിലെ സജീവ സാന്നിധ്യമെങ്കിലും വാമൊഴി സാഗരത്തിന്റെ തീരത്ത് എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ച് നില്‍ക്കുകയാണ് സി പി എമ്മിനാല്‍ നയിക്കപ്പെടുന്ന പ്രതിപക്ഷം. അധികാരം അത് കൃത്യമായ ഇടവേളകളിലെങ്കിലുമില്ലെങ്കില്‍ പാര്‍ട്ടിയില്ലെന്ന തിരിച്ചറിവ് സി പി എമ്മിന് നേരത്തെയുണ്ടായതാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരള കോണ്‍ഗ്രസ് (മാണി) കൂടി മുന്നണിയിലുണ്ടായിരുന്നുവെങ്കില്‍ അധികാരം കൊയ്യാന്‍ എളുപ്പമാകുമെന്ന് ലളിത ഗണിതത്തിലാക്കുകയും ചെയ്തു. അടുത്തകുറി നിയമസഭയിലെ ഭരണപക്ഷ ബെഞ്ചിലെത്തിയില്ലെങ്കില്‍ കേരളം ബംഗാളാകുമെന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു ഈ ലളിത ഗണിതം.


ദീര്‍ഘമായി വീക്ഷിക്കാനുള്ള പാര്‍ട്ടി കൈയിലില്ലാത്ത സി പി ഐയും സൈന്യാധിപന്റെ തേര്‍ത്തട്ടില്‍ ഒരിക്കല്‍ക്കൂടി താന്‍ നിന്നാല്‍ ജയം ഉറപ്പെന്ന് ഇപ്പോഴും വിശ്വസിക്കുന്ന വി എസ് അച്യുതാനന്ദനും
വിഘ്‌നേശ്വരരായപ്പോള്‍ സങ്കലനഗണിതം വ്യവകലനമായി. സോളാര്‍ കേസില്‍ 'രാഷ്ട്രീയ വിജയം' നേടിയ സമരം ഒത്തുതീര്‍പ്പിന്റെ കറയില്‍ കുളിച്ചപ്പോള്‍ പ്രതിപക്ഷച്ഛായക്ക് മങ്ങലേറ്റു. മാണിക്കെതിരായ ആരോപണത്തെ, നേതൃത്വം ലഘുവായിക്കണ്ടെന്ന് പാര്‍ട്ടി അണികള്‍ തന്നെ കുറ്റം പറഞ്ഞപ്പോള്‍ സി പി എമ്മിന്റെ, ലാവ്‌ലിന്‍ കാറ്റിലുലഞ്ഞ, അഴിമതി വിരുദ്ധത മണ്ണോടുചേരുന്നോ എന്ന തോന്നലുമുണ്ടായി. ഒടുവില്‍ മാണിയെ പൊതുചടങ്ങുകളില്‍ ബഹിഷ്‌കരിക്കുക എന്ന 'കടുത്ത' തീരുമാനത്തിലേക്ക് ഇടത് മുന്നണിയെ നയിക്കേണ്ടിയും വന്നു.


അല്ലെങ്കില്‍ തന്നെ എന്ത് സമരം ചെയ്യും? റോഡുപരോധിച്ചാല്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിന് കേസാകും. ജീവിക്കാനുള്ള തത്രപ്പാടില്‍ പായുന്ന ജനങ്ങളൊക്കെ പഴിക്കും. വേണ്ടിവന്നാല്‍ നേരിട്ട് ചീത്തയും വിളിക്കും. സെേക്രട്ടറിയറ്റ് വളയാമെന്ന് വെച്ചാല്‍ സോളാറനുഭവമുള്ളവരാരും അതിലേക്ക് വരില്ല. വന്നാല്‍ തന്നെ, ഈ സമരമൊക്കെ ഒരു നാടകമല്ലേ എന്ന ചോദ്യത്തിന് മറുപടിയുമുണ്ടാകില്ല. ഉപരോധത്തിനും വളയലിനുമൊക്കെ തീരുമാനിച്ചാല്‍ തന്നെ സമരത്തിനിടെ സംഘര്‍ഷമുണ്ടായാല്‍ പഴി പാര്‍ട്ടിക്ക് തന്നെയാകും. സംഘര്‍ഷത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍, നഷ്ടപരിഹാരത്തിന് തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ചാലേ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം കിട്ടൂ. ഇപ്പോഴുള്ള കേസുകള്‍ക്ക് ജാമ്യത്തുകയും പാര്‍ട്ടി സമ്മേളന നടത്തിപ്പിനുള്ള ഫണ്ടും പിരിച്ച് കൈകഴച്ച പ്രവര്‍ത്തകരോട് ഇനിയൊരു പിരിവിനെക്കുറിച്ച് പറയാനൊക്കുമോ?


വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പാകത്തിലൊരു അന്വേഷണം ആവശ്യപ്പെടാമെന്ന് വെച്ചാല്‍, അതിനും വക അഷ്ടിയിലില്ല. അഴിമതി ആരോപണങ്ങളില്‍ പതിവ് ജുഡീഷ്യനാണ്. സോളാറില്‍ അത്തരമൊന്ന് സാധിച്ചെടുത്തിട്ട്, പ്രതിപക്ഷപുംഗവരൊന്നും കമ്മീഷന്റെ ഓഫീസ് വഴിയിലേക്ക് തിരിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. പിന്നെയൊന്നുള്ളത് സി ബി ഐ. നേരറിയണമെങ്കില്‍ സി ബി ഐ തന്നെ വേണമെന്ന ശാഠ്യം അച്യുതാനന്ദനെപ്പോലെ ആവര്‍ത്തിക്കാന്‍ സി പി എമ്മിന് സാധിക്കില്ല. ലാവ്‌ലിന്‍ കേസില്‍ സി ബി ഐക്കെതിരെ അരയും തലയും മുറുക്കിയവര്‍ ഇപ്പോഴെങ്ങനെ അവരെ വിളിക്കണമെന്ന് ആവശ്യപ്പെടും?
കോണ്‍ഗ്രസിന്റെ കീഴിലുള്ള സി ബി ഐ അല്ല, ബി ജെ പിയുടെ കീഴിലുള്ള സി ബി ഐ എന്നും അതിനാല്‍ അവരെ വിളിക്കാമെന്നും പറഞ്ഞാല്‍, അന്വേഷണ ഏജന്‍സിയെ സര്‍വസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഭരണമെന്ന് അംഗീകരിക്കലാകും. ഒരിക്കലും സാധ്യതയില്ലാത്ത ഒന്നിനെ കാരണമായി പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ പോലും കളിയാക്കും.


അഴിമതി ആരോപണത്തിന് ബലമേകുന്ന ഭരണമുന്നണിക്കാരുടെ വാക്കിനെ തുണയ്ക്കാനും സാധിക്കില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാവിന്റെ വാക്കുകളെ ഇപ്പോഴെങ്ങനെ വിലയ്‌ക്കെടുക്കും? ഗാര്‍ഹികപീഡനക്കേസ് മൂലം മന്ത്രിസ്ഥാനനഷ്ടമുണ്ടായ പുത്രന്റെ വാക്കുകള്‍ക്കൊപ്പം എങ്ങനെ നില്‍ക്കും?

കാരണമില്ലാതെ കാര്യമില്ല. ആരോപണത്തിന്, നിഷേധത്തിന്, സമരത്തിന്, സമരം ചെയ്യാതിരിക്കുന്നതിന്, അന്വേഷണത്തിന്, അന്വേഷണം ആവശ്യപ്പെടാത്തതിന്, അന്വേഷണം അട്ടിമറിക്കുന്നതിന്, സംഭരിച്ച വാമൊഴികളില്‍ അല്‍പ്പം പുറത്തുവിടുന്നതിന്, കൂടുതല്‍ പുറത്തുവിടാത്തതിന് ഒക്കെ. കാരണകാര്യങ്ങളുടെ ഏകോപനത്തില്‍ ഉമ്മന്‍ചാണ്ടിയോളം പോന്ന ഒരാള്‍ മുമ്പില്ല, ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. കൃത്രിമമായി സൃഷ്ടിക്കുന്ന വിക്കോടുകൂടി പറഞ്ഞാല്‍, ഈ സര്‍ക്കാറിന് ജന....ജനങ്ങളുടെ അംഗീകാരമുണ്ട്,,,പിന്തുണയുണ്ട്. അതുള്ളിടത്തോളം സ...സ...സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താമെന്ന്...അസ്ഥിരപ്പെടുത്താമെന്ന് ആരും ക....ക... രുതേണ്ട.!


അറിയിപ്പ്
വി എം സുധീരനെന്ന് പേരായ ഒരാള്‍ കേരളത്തിലുണ്ടായിരുന്നു. കെ പി സി സിയുടെ പ്രസിഡന്റായ ഈ ദേഹത്തെ കണ്ടുകിട്ടുന്നവര്‍ തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ അറിയിക്കുക. ആദര്‍ശ 'പങ്കില'നാണ് എന്ന ഒരൊറ്റ കാരണത്താല്‍ മനംനൊന്തിരിക്കെ കാണാതായെന്നാണ് കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ പറയുന്നത്. മദ്യനയത്തിന്റെ യുക്തി നിലവില്‍ തന്നെ ചോദ്യംചെയ്ത കോടതികള്‍, കോഴയാരോപണത്തിന്റെ പശ്ചാത്തല സംഗീതം കൂടിയുള്ളതിനാല്‍ നയം വൈകാതെ റദ്ദാക്കുകയും ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യും. ആയതിനാല്‍ വര്‍ജന, നിരോധ കീര്‍ത്തനാലാപനം എട്ടുകട്ടയില്‍ തുടരുന്നതിന് പ്രസിഡന്റിന് തടസ്സമൊന്നുമില്ലെന്നും കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നു.