
ഒരു കുടം കൂടി തുറക്കാന്‍ പോകുകയാണ്. അതില്‍ നിന്ന് പുറത്തുവരുന്ന അഴിമതി ഭൂതം ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന രണ്ടാം യു പി എ സര്‍ക്കാറിനൊപ്പം നമ്മുടെ നീതിന്യായ സംവിധാനത്തെക്കൂടി പിടിച്ചുലച്ചേക്കും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന ബഹുമതി ഇപ്പോള്‍ കരസ്ഥമായിരിക്കുന്നത് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്‌ട്രം അനുവദിച്ചതിന്റെ ഭാഗമായി നടന്ന ഇടപാടിനാണ്. അതിലേക്ക് പുതിയ ഏടുകള്‍ ചേര്‍ക്കപ്പെടുന്നുമുണ്ട്. എന്നാല്‍ പ്രകൃതിവാതക ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കിയതും പിന്നീട് വാതകത്തിന്റെ വില നിശ്ചയിച്ചതുമായ ഇടപാടുകള്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ അഴിമതിപ്പട്ടം ടെലികോം ഇടപാടിന് നഷ്‌ടമാകുമെന്നാണ് സൂചനകള്‍. പ്രകൃതി വാതക ഖനനം നടത്തുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കിയത് സംബന്ധിച്ച് പരിശോധന നടത്തിയ ശേഷം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ഇതിന്‍മേല്‍ സര്‍ക്കാറിനുള്ള വിശദീകരണം കേട്ടതിനു ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. അതോടെ മാത്രമേ ഈ ഇടപാടിലെ അഴിമതിയെക്കുറിച്ചും പൊതുഖജനാവിനുണ്ടായ നഷ്‌ടത്തെക്കുറിച്ചും വ്യക്തമായ രൂപം ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോര്‍ട്ട് ഒന്നുറപ്പിക്കുന്നു, ആശാസ്യമല്ലാത്തത് ചിലത് നടന്നുവെന്ന്.
കൃഷ്‌ണ - ഗോദാവരി ബേസിനിലെ ഡി ആറ് ബ്ലോക്കില്‍ എണ്ണ ഖനനം നടത്തുന്നതിനുള്ള കരാര്‍ നേടിയത് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡാണ്. ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ആദ്യമുണ്ടാക്കിയ കരാറില്‍ മൂലധന ചെലവായി കാണിച്ചത് 240 കോടി ഡോളറായിരുന്നു. ഇത് പിന്നീട് 850 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചു. ഇങ്ങനെ ചെലവ് പെരുപ്പിച്ച് കാട്ടിയതു മൂലം പൊതു ഖജനാവിന് കോടികളുടെ നഷ്‌ടമുണ്ടായെന്നാണ് സി എ ജി പറയുന്നത്. ഇങ്ങനെ നഷ്‌ടമുണ്ടാക്കും വിധത്തില്‍ ഉത്‌പന്ന പങ്കിടല്‍ കരാറു (പ്രൊഡക്‌ഷന്‍ ഷെയറിംഗ് എഗ്രിമെന്റ് - പി എസ് എ) ണ്ടാക്കിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നതാണ് ഇനി അറിയേണ്ടത്. പി എസ് എയാണ് ഇതില്‍ പ്രധാനം. എണ്ണ, പ്രകൃതി വാതക നിക്ഷേപം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനും ഉണ്ടെങ്കില്‍ ഉത്‌പാദനം ആരംഭിക്കുന്നതിനും വേണ്ട നിക്ഷേപം വലുതാണ്. ഈ തുക നിക്ഷേപിക്കാനുള്ള ചുമതല സ്വകാര്യ കമ്പനിക്കാണ്. ഇങ്ങനെ നിക്ഷേപിക്കുന്ന തുക തിരിച്ചെടുക്കുന്നതിന് ഉത്‌പന്നത്തില്‍ ഒരു ഭാഗം കമ്പനിക്ക് ഉപയോഗിക്കാം. വിറ്റുവരവ് അവരുടെത് മാത്രം. ബാക്കി ഭാഗം വിറ്റു കിട്ടുന്നതിന്റെ നിശ്ചിത ശതമാനം കമ്പനിക്കാണ്. ബാക്കി പൊതു ഖജനാവിനും. 80 ശതമാനം പൊതു ഖജനാവിനും 20 ശതമാനം കമ്പനിക്കുമെന്നതാണ് സാധാരണ പിന്തുടരുന്ന പങ്കിടല്‍ മാതൃക. ഇതാണ് പി എസ് എ കൊണ്ടുദ്ദേശിക്കുന്നത്.
ഇവിടെ നിക്ഷേപത്തുക പെരുപ്പിച്ചുകാട്ടാന്‍ റിലയന്‍സിന് അവസരമൊരുക്കുമ്പോള്‍ അതിന് ആനുപാതികമായ പ്രകൃതി വിഭവം അവര്‍ക്ക് സൗജന്യമായി ലഭിക്കുകയാണ്. അത് വിറ്റഴിച്ച് റിലയന്‍സ് ലാഭമുണ്ടാക്കും. മുകേഷ് അംബാനി പുതിയ കൊട്ടാരങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്യും. സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വരുന്നതിന് ഏറെക്കാലം മുമ്പ് തന്നെ ചെലവ് പെരുപ്പിച്ച് കാണിച്ചുവെന്ന വിവരം കേന്ദ്ര എണ്ണ മന്ത്രാലയത്തിനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനും അറിയാമായിരുന്നു. ആദ്യ ഘട്ടത്തില്‍ 40 യൂനിറ്റ് വാതകത്തിന്റെ ഉത്‌പാദനത്തിന് 240 കോടി ഡോളര്‍ ചെലവ് വരുമെന്ന് അറിയിച്ച റിലയന്‍സ്, രണ്ടാം ഘട്ടത്തില്‍ 80 യൂനിറ്റ് ഉത്‌പാദനത്തിന് ചെലവായി കാണിച്ചത് 850 കോടി ഡോളറാണ്. ഉത്‌പാദനം ഇരട്ടിക്കുമ്പോള്‍ ചെലവ് നാലിരട്ടിയാകുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് ലോക്‌സഭാംഗമായ തപന്‍ സെന്‍ 2006ലും 2007ലും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയോ സര്‍ക്കാറോ ഇടപെടാന്‍ തയ്യാറാകാതെ മാറി നിന്നു. മുകേഷ് അംബാനിക്കുണ്ടാകുന്ന ലാഭം ഇല്ലാതാക്കേണ്ട കാര്യം അവര്‍ക്കുണ്ടായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിവരും. അംബാനിയുടെ ലാഭത്തിലൊരു ഭാഗം തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാകാം മാറി നിന്നത്. അവസരം മുതലെടുക്കാന്‍ മുകേഷ് അംബാനി ഒട്ടും മടിച്ചതുമില്ല. റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ മുപ്പത് ശതമാനം ഓഹരി 760 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റു. കെ ജെ ബേസിനില്‍ ഇടപെടാന്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് വഴിയൊരുങ്ങുകയും ചെയ്‌തു. റിലയന്‍സുമായി മാത്രമല്ല, കെയിന്‍ എനര്‍ജി തുടങ്ങിയ കമ്പനികളുമായും ഇതേ പി എസ് എയാണ് ഉണ്ടാക്കിയത്. ഖജനാവിനുണ്ടായ നഷ്‌ടം സി എ ജി കണക്ക് കൂട്ടിക്കഴിയുമ്പോള്‍ ഇത്രയധികം പൂജ്യങ്ങള്‍ താന്‍ ജീവിതത്തിലിന്നോളം കണ്ടിട്ടില്ലെന്ന് സ്‌പെക്‌ട്രം കേസില്‍ പറഞ്ഞ സുപ്രീം കോടതി ജഡ്‌ജിക്ക് പുതിയ ആശ്ചര്യത്തിന് വക കിട്ടിയേക്കും.
റിലയന്‍സ് കേസില്‍ അഴിമതിയുടെ ഒരു ഘട്ടം മാത്രമേയാകുന്നുള്ളൂ പി എസ് എ. രണ്ടാം ഘട്ടം പ്രകൃതി വാതകത്തിന്റെ വില നിശ്ചയിച്ചതിലാണ്. ഒരു മില്യന്‍(പത്ത് ലക്ഷം) ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ് (എം ബി ടി യു) വാതകത്തിന് 2.34 ഡോളറാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ആദ്യം നിശ്ചയിച്ച വില. ഇത്രയും വാതകത്തിന്റെ ഉത്‌പാദനച്ചെലവ് 1.43 ഡോളറാണെന്ന് വ്യക്തമാക്കിയാണ് വില പ്രഖ്യാപിച്ചത്. ഇതനുസരിച്ച് വാതകം വാങ്ങാന്‍ മുകേഷിന്റെ സഹോദരന്‍ അനിലിന്റെ ഉടസ്ഥതയിലുള്ള റിലയന്‍സ് കമ്പനിയും നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ ടി പി സി) റിലയന്‍സ് ഇന്‍ഡസ്‌ട്രീസുമായി കരാറുണ്ടാക്കി. ഈ വിലക്ക് വില്‍ക്കുമ്പോള്‍ പോലും അമ്പത് ശതമാനം ലാഭമുറപ്പായിരുന്നു. അധികം വൈകാതെ കരാറില്‍ പാകപ്പിഴകളുണ്ടെന്നും കൂടുതല്‍ വില നല്‍കണമെന്നും മുകേഷ് അംബാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച തര്‍ക്കം നടക്കുന്നതിനിടെ ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഒരു മില്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ് വാതകത്തിനുള്ള വില 4.2 ഡോളറായി നിശ്ചയിച്ച് നല്‍കി. എന്തിനാണ് ഇത്രയും ഉയര്‍ന്ന വില നിശ്ചയിച്ച് നല്‍കിയത് എന്ന് ചോദിക്കരുത്. നേരത്തെയുണ്ടാക്കിയ കരാറില്‍ പറയുന്ന വിലക്ക് വാതകം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അനില്‍ അംബാനി ഗ്രൂപ്പ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചു. ഇത് ചോദ്യം ചെയ്‌ത് മുകേഷ് അംബാനി സുപ്രീം കോടതിയെ സമീപിച്ചു. പ്രകൃതി വാതകം പ്രകൃതി വിഭവമാണെന്നും രാജ്യത്തിന്റെ പൊതുസ്വത്തായ ഈ വിഭവത്തിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്നുമായിരുന്നു അന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ബഞ്ച് വിധിച്ചത്. മുകേഷ് അംബാനി ഗ്രൂപ്പ്, അവര്‍ തന്നെ പറയുന്നത് പ്രകാരം, 1.43 ഡോളര്‍ ചെലവഴിച്ച് ഉത്‌പാദിപ്പിക്കുന്ന ഒരു എം ബി ടി യു വാതകത്തിന് 4.2 ഡോളര്‍ വില ലഭിക്കണമെന്ന വാശി കേന്ദ്ര സര്‍ക്കാറിനുണ്ടായി. ഇതേ വാശി സുപ്രീം കോടതിക്കും. അനില്‍ അംബാനി ഗ്രൂപ്പ് ഉയര്‍ന്ന വിലക്ക് വാതകം വാങ്ങി താപ വൈദ്യുതി നിലയങ്ങളിലും മറ്റും ഉപയോഗിക്കും. ഈ വൈദ്യുതി സര്‍ക്കാര്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കും. ഇന്ധന വിലക്കനുസരിച്ച് വൈദ്യുതി വില അനില്‍ അംബാനി കൂട്ടും. അതിനനുസരിച്ച് ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിരിക്കും. ഫലത്തില്‍ ഈ ഇടപാടിന്റെ ബാധ്യതയും ജനങ്ങളുടെ തലയിലാണ് വരുന്നത്. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ കൂടിയ വിലക്ക് വാതകം വാങ്ങുമ്പോഴും ബാധ്യത ജനങ്ങള്‍ക്കാണ്.
സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെയാണ് ഈ കേസില്‍ വിധി പറയാന്‍ കെ ജി ബാലകൃഷ്‌ണന്‍ തീരുമാനിച്ചത്. രാജ്യത്തെ പ്രമുഖ വ്യവസായികളായ സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പ്രഖ്യാപിച്ച് ചരിത്രത്തില്‍ ഇടം നേടാനായിരുന്നു കെ ജി ബാലകൃഷ്‌ണന്റെ ഉദ്ദേശ്യമെന്ന് വിശ്വസിക്കുക പ്രയാസമാണ്. അതിനപ്പുറത്ത് കാരണങ്ങളുണ്ടാകണം ഈ തിടുക്കത്തിന്. കേന്ദ്ര സര്‍ക്കാറിന് വില നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് മാത്രമാണ് വിധി. അതുകൊണ്ട് പ്രത്യക്ഷത്തില്‍ വിധിയില്‍ അപാകം കാണാനാകുകയുമില്ല. കോടികളുടെ ലാഭം മുകേഷിന് ഉണ്ടാകുമെന്ന് ജഡ്‌ജിമാര്‍ക്ക് അറിയാമായിരുന്നുവെന്ന വസ്‌തുത കാണാതിരുന്നുകൂടാ. കൂടിയ വിലക്ക് പ്രകൃതി വാതകം വില്‍ക്കാന്‍ അനുവാദം ലഭിച്ചതിന് ശേഷമാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ മുപ്പത് ശതമാനം ഓഹരി ബ്രിട്ടീഷ് പെട്രോളിയത്തിന് മുകേഷ് അംബാനി വിറ്റത്. കൂടിയ വിലക്ക് വില്‍ക്കാനുള്ള അനുവാദം ലഭിച്ചില്ലായിരുന്നുവെങ്കില്‍ 30 ശതമാനം ഓഹരിക്ക് 760 കോടി ഡോളര്‍ നല്‍കാന്‍ ബ്രിട്ടീഷ് പെട്രോളിയം തയ്യാറാകുമായിരുന്നില്ല. റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ഓഹരി വില കൂട്ടുക എന്ന ഉദ്ദേശ്യം കൂടി കേന്ദ്ര സര്‍ക്കാറിനും സുപ്രീം കോടതിക്കുമുണ്ടായിരുന്നോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.
ചുരുക്കത്തില്‍ ബഹുമുഖമായ അഴിമതിയുടെ അഗ്രം മാത്രമാണ് സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ കാണുന്നത്. ടെലികോം അഴിമതിയില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് കരുതപ്പെടുന്ന നീതിന്യായ വ്യവസ്ഥയെ ഈ ഇടപാടില്‍ എവിടെ നിര്‍ത്തും? ചെലവ് പെരുപ്പിച്ചു കാണിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌ത കത്തുകള്‍ മുന്നിലുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുകയും പ്രകൃതിവാതകത്തിന്റെ വില കൂട്ടി നല്‍കി ലാഭം വീണ്ടും ഇരട്ടിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്‌ത മന്‍മോഹന്‍ സിംഗിനെയും കൂട്ടരെയും എവിടെ നിര്‍ത്തും? ഒന്നാം യു പി എ സര്‍ക്കാറിന്റെ പകുതിയില്‍ തുടങ്ങി രണ്ടാം യു പി എ സര്‍ക്കാറില്‍ അടുത്തകാലം വരെ എണ്ണ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച മുരളി ദേവ്‌റക്ക് മുകേഷ് അംബാനിയുമായി അടുത്ത ബന്ധമുണ്ടെന്നത് പകല്‍ പോലുള്ള രഹസ്യമാണ്. കോണ്‍ഗ്രസിന്റെ ഫണ്ട് ശേഖരണത്തില്‍ ദേവ്‌റ വഹിച്ച പങ്ക് ഏത് എ ഐ സി സി ഭാരവാഹിയോട് ചോദിച്ചാലും പറഞ്ഞുതരികയും ചെയ്യും. അതുകൊണ്ട് തന്നെ ഒരു രാജയുടെയോ കനിമൊഴിയുടെയോ ഏതാനും സ്വകാര്യ കമ്പനി മുതലാളിമാരുടെയോ ചുമലില്‍ ടെലികോം അഴിമതി കെട്ടിവെച്ചതുപോലെ കാര്യങ്ങള്‍ നടന്നുകൊള്ളണമെന്നില്ല. സി എ ജിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ പ്രതിരോധമൊരുക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ എന്നത് തുടരുന്ന സംവിധാനമാണ്. നിയമസഭയില്‍ ഏത് പാര്‍ട്ടിക്ക്/മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും ആരൊക്കെ മന്ത്രിമാരായാലും ഭരണയന്ത്രത്തിന് മാറ്റങ്ങളുണ്ടാകില്ല. ഭരണയന്ത്രം ഉപയോഗപ്പെടുത്തി പാര്‍ട്ടി/മുന്നണി അല്ലെങ്കില്‍ അതിന്റെ നേതാക്കള്‍ നടപ്പാക്കുന്ന കാര്യപരിപാടികള്‍ക്ക് മാത്രമാണ് മാറ്റമുണ്ടാകുക. നയനിലപാടുകളില്‍ പാര്‍ട്ടികള്‍ക്ക്/മുന്നണികള്‍ക്ക് മാറ്റമുണ്ടെങ്കില്‍ മാത്രമേ ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാകുകയുള്ളൂ. കേരളത്തെ സംബന്ധിച്ച് അധികാരമാറ്റം എന്നത് ഭരണനടപടിക്രമങ്ങളിലെ മാറ്റമായി അനുഭവ വേദ്യമാകാറുണ്ടോ എന്നത് സംശയമാണ്. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി വിവിധ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാറുണ്ട് ഇടത് മുന്നണി. യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ ഈ മേഖലയില്‍ കാര്യമായി ശ്രദ്ധിച്ച് കാണാറില്ല. ഇനി പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചാല്‍ തന്നെ അത് കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാന്‍ മിനക്കെടില്ല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൊതു ക്രയവിക്രയങ്ങള്‍ വര്‍ധിക്കുമെന്നും അത് പൊതുവിലൊരു സമ്പന്നതക്ക് വഴിവെക്കുമെന്നുമുള്ള വിശ്വാസം കാലങ്ങളായി നിലവിലുണ്ട്. കള്ളപ്പണമൊഴുക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ഇത്തരത്തില്‍ പൊതു ക്രയവിക്രയം വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപവും സാധാരണമാണ്. അഴിമതിയുടെ തോത് വര്‍ധിക്കുന്നുവെന്നതും യു ഡി എഫ് ഭരണകാലത്തെക്കുറിച്ച് ഉയരാറുള്ള ആക്ഷേപമാണ്. ഈ ആക്ഷേപം ഇടത് ഭരണകാലത്തുണ്ടാകാറില്ല. ആക്ഷേപമുയര്‍ത്താന്‍ ത്രാണിയുള്ളവര്‍ ഭരണത്തിലാണ് എന്നതുകൊണ്ടാകാം അത്. ഇതൊഴിച്ചു നിര്‍ത്തിയാല്‍ അധികാരമാറ്റം ഭരണത്തിലെ മാറ്റമായി രൂപാന്തരപ്പെടാറില്ലെന്നതാണ് വസ്‌തുത.
ഇക്കുറി അധികാരമാറ്റമുണ്ടായതിനു ശേഷം ആവര്‍ത്തനവിരസത കൂടുതല്‍ അനുഭവപ്പെടുകയാണ്. സര്‍ക്കാറിന് മുന്നില്‍ തലവേദനയായി ആദ്യമുയര്‍ന്നത് സ്വാശ്രയമാണ്. പിന്നെയിപ്പോള്‍ കൈയേറ്റവും, അതും മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള കൈയേറ്റം. മാനേജ്‌മെന്റ് അസോസിയേഷന്‍, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, ഡീംഡ് സര്‍വകലാശാല, സര്‍ക്കാര്‍ സീറ്റ്, മെറിറ്റ് സീറ്റ്, മാനേജ്‌മെന്റ് സീറ്റ്, മാനേജ്‌മെന്റ് നടത്തുന്ന പ്രവേശനപ്പരീക്ഷ, അത് നടത്തുന്നത് തത്‌കാലത്തേക്ക് തടയല്‍ എന്നിങ്ങനെ പല കുറി ആവര്‍ത്തിച്ച വാക്കുകളും വാചക ഖണ്ഡങ്ങളും നിറയുകയാണ്. പരിയാരം സഹകരണ മെഡിക്കല്‍ കോളജിനെക്കുറിച്ച് ആരോപണമുയര്‍ന്നത് മാത്രമാണ് അല്‍പ്പം നാടകീയത നല്‍കുന്ന ഘടകം. പിന്നെ സീറ്റ് വേണ്ടെന്ന പ്രഖ്യാപനങ്ങളും. മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളുണ്ടാകും. അധികാരം എതിര്‍പക്ഷത്തായതിനാല്‍ എസ് എഫ് ഐ കുറേക്കൂടി രൂക്ഷമായി പ്രതികരിക്കും. കോടതിയില്‍ കൂടുതല്‍ ഹരജികളുണ്ടാകും. രണ്ടോ മൂന്നോ മാസം കൂടി ഇതെല്ലാം തുടരും. പിന്നെ അടുത്ത അധ്യയനവര്‍ഷാരംഭത്തില്‍ തുടരാമെന്ന ഉപചാരം ചൊല്ലി സര്‍ക്കാറും മാനേജുമെന്റുകളും പിരിയും.
സ്വാശ്രയം വര്‍ഷംതോറും ആവര്‍ത്തിക്കുന്ന നാടകമാണെങ്കില്‍ മൂന്നാര്‍ അഞ്ചാണ്ടിലൊരിക്കല്‍ ആവര്‍ത്തിക്കുന്ന ഒന്നാകണം. മൂന്നാറിലേക്ക് ജെ സി ബികള്‍ കുതിച്ചെത്തിയത് മലയാളികള്‍ എളുപ്പത്തില്‍ മറക്കാനിടയില്ല. `മനോഹര'മായ കോട്ടേജുകളുടെ മേല്‍ക്കൂരക്കു മേല്‍ ഇരുമ്പ് കൂടം പതിക്കുന്നതിന്റെ ദൃശ്യം ശബ്‌ദമുഖരിതമായി ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കാലം. നിയമവിരുദ്ധമായ കൈയേറ്റം മുഴുവന്‍ ഇതാ സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിച്ച ദിനങ്ങള്‍.
മൂന്നാറില്‍ തലങ്ങും വിലങ്ങും പാഞ്ഞ ജെ സി ബികള്‍, അവക്ക് മാര്‍ഗദര്‍ശികളായി കോട്ടിട്ടയാളുകള്‍... നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുന്നതിന് എന്തെങ്കിലു ചെയ്യണമെന്ന ആഗ്രഹം ചെറുതായെങ്കിലും ബാക്കിയുണ്ടായിരുന്ന മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥരും കൈയേറ്റം കണ്ടെത്താന്‍ സര്‍വേ ചങ്ങലയുമായി ഇറങ്ങി. പൊളിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി അംഗീകരിച്ച് പ്രശ്‌നത്തില്‍ ഇടപെടാന്‍ ജഡ്‌ജിമാര്‍ വിസമ്മതിച്ചു. മതികെട്ടാന്‍ ചോലയിലെ കൈയേറ്റം നേരിട്ടു കാണാന്‍ കാടും മലയും കയറിയ പ്രതിപക്ഷ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റം ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്താനും നടപടി സ്വീകരിച്ചപ്പോള്‍ അതിന് ജഡ്‌ജിമാര്‍ വിശ്വാസ്യത കല്‍പ്പിച്ചതില്‍ കാവ്യനീതിയുണ്ടായിരുന്നു.
എല്ലാം നിലച്ചത് പൊടുന്നനെയായിയിരുന്നു. സി പി ഐയുടെ ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആരോപണമുയരുകയും അതിന്റെ മുന്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ ജെ സി ബി വീഴുകയും ചെയ്‌തതോടെ കാര്യങ്ങള്‍ മാറി. തൊട്ടാല്‍ കൈ വെട്ടുമെന്ന ഭീഷണി, കോട്ടിട്ടയാളും അതിനുമുകളിലുള്ളയാളും മറുപടി പറയണമെന്ന ആവശ്യം. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ പേരില്‍ നാല് സെന്റ് പട്ടയ ഭൂമിയും മൂന്ന് സെന്റ് വിരിവുമെന്ന കണക്ക്. ഇതോടെ കാര്യങ്ങള്‍ താളം തെറ്റി. താളം തെറ്റിച്ചുവെന്ന് പറയുന്നതാകും ഉചിതം. ധന്യശ്രീ റിസോര്‍ട്ട് പൊളിക്കുന്നത് ചോദ്യം ചെയ്‌ത് ഉടമസ്ഥന്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാര്‍ കോടതിയെ സമീപിച്ചപ്പോള്‍ ജഡ്‌ജിമാര്‍ക്ക് അത് പരിഗണിക്കാതിരിക്കാന്‍ സാധിച്ചതുമില്ല. ഇതിനിടയില്‍ ടാറ്റ കൈയേറിയ അമ്പതിനായിരം ഏക്കര്‍ ഭൂമിയെക്കുറിച്ചുള്ള വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ടാറ്റ കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നേരിട്ടെത്തി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. വനഭൂമിയിലാണ് വി എസ് ബോര്‍ഡ് സ്ഥാപിച്ചത് എന്ന തര്‍ക്കം ഇതിനു പിറകെയും.
എല്ലാറ്റിനുമൊടുവില്‍ കോട്ടിട്ട പൂച്ചകളുടെ ദൗത്യസംഘത്തെ മാറ്റി. പുതിയ ദൗത്യ സംഘം വന്നു. ഉപഗ്രഹ സര്‍വെ നടത്തി സര്‍ക്കാര്‍ ഭൂമി ഏതെന്ന് കണ്ടെത്തുമെന്ന് പ്രഖ്യാപനം വന്നു. ഇതിന് പുറമെ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് നേരിട്ട് റീസര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം നടത്തി സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പിടിച്ചെടുത്ത് നവീന മൂന്നാര്‍ സ്ഥാപിക്കുമെന്ന് വി എസ് ആവര്‍ത്തിക്കുന്നതും കണ്ടു. ഒന്നും സംഭവിച്ചില്ല.
പുതിയ സര്‍ക്കാറിന് മുന്നിലും മൂന്നാറെത്തിയിരിക്കുന്നു. ചിന്നക്കനാല്‍, പാര്‍വതി മല, ലക്ഷ്‌മി എന്നിങ്ങനെ പണ്ട് കേട്ട സ്ഥലനാമങ്ങളെല്ലാം ഇപ്പോഴുമുണ്ട്. ആനയിറങ്കല്‍ അണക്കെട്ടിന്റെ ഓരത്തെ കൈയേറ്റ ദൃശ്യങ്ങള്‍ നമുക്ക് വീണ്ടും കാണിച്ച് തരുന്നു. റിസോര്‍ട്ട് ഉടമകള്‍ (മാഫിയ എന്ന പേര് മനഃപൂര്‍വം ഒഴിവാക്കുന്നു) ഹെലിപാഡ് നിര്‍മിക്കാന്‍ ഒരുങ്ങിയെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നേരിട്ട് മനസ്സിലാക്കിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന കൈയേറ്റങ്ങളല്ല ഇതെന്ന് ഹെലി പാഡ് നിര്‍മാണ ശ്രമത്തില്‍ നിന്ന് വ്യക്തം. ഇടത് മുന്നണി സര്‍ക്കാറില്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണവും നടന്നിരുന്നു. പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായിരുന്നു. മൂന്നാറിലും ഇടുക്കിയിലും പ്രവര്‍ത്തിക്കുന്ന സി പി എമ്മും കോണ്‍ഗ്രസും അടക്കം രാഷ്‌ട്രീയ പാര്‍ട്ടികളോ അവരുടെ പ്രവര്‍ത്തകരോ അറിയാതെ ഇതൊന്നും നടക്കുമായിരുന്നില്ല.
അധികാരമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വി എസ് സര്‍ക്കാറിന്റെ അവസാനകാലത്താണ് കൈയേറ്റം നടന്നത് എന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. എങ്കില്‍പ്പോലും അതിനെ തടയേണ്ട ബാധ്യതയുണ്ടായിരുന്നില്ലേ ഭരണ സംവിധാനത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക്? അവര്‍ അതിന് തയ്യാറാകാതെ വന്നാല്‍ ചൂണ്ടിക്കാട്ടേണ്ട ധാര്‍മിക ഉത്തരവാദിത്വമുണ്ടായിരുന്നില്ലേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്? തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൈയേറ്റ പ്രശ്‌നമുയര്‍ത്തി കുടിയേറ്റക്കാരുടെയും (മുന്‍കാലങ്ങളില്‍ കൈയേറിയവര്‍ ഇപ്പോള്‍ കുടിയേറ്റക്കാരാണ്) കൈയേറ്റക്കാരുടെയും വോട്ട് നഷ്‌ടപ്പെടുത്താന്‍ ആരും ആഗ്രഹിച്ചില്ല എന്ന് വ്യക്തം. ഇപ്പോള്‍ കൈയേറ്റ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും അതിനെ എതിര്‍ക്കാന്‍ രംഗത്തുണ്ട്.
കൈയേറ്റം തടയുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിനും പ്രത്യേക ദൗത്യ സംഘത്തിനെയൊന്നും നിയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാണിയില്‍ ജോസഫ് ലയിച്ച് ശക്തിയാര്‍ജിച്ച കേരള കോണ്‍ഗ്രസിന്റെ പാളയത്തിലേക്ക് ജെ സി ബി ഉരുട്ടിക്കളിക്കാന്‍ മാത്രം ബുദ്ധിശൂന്യത കോണ്‍ഗ്രസ് നേതൃത്വം കാണിക്കില്ല. അത്തരമൊരു ബുദ്ധിശൂന്യതക്കുള്ള പാകം നിയമസഭയില്‍ മുന്നണിക്കില്ല താനും. അതുകൊണ്ട് കൈയേറ്റം നിയമംമൂലം തടയുമെന്നാണ് പ്രഖ്യാപനം. കൈയേറ്റം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിലേക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നു.
റീസര്‍വെ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും. വ്യാജ പട്ടയങ്ങള്‍ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനും രൂപം നല്‍കിയേക്കും. വന്‍കിട കൈയേറ്റങ്ങളെല്ലാം സമയബന്ധിതമായി ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. മംഗളം, ശുഭം. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മൂന്നാര്‍ പര്യടനങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. ഇപ്പോള്‍ ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വി എസ്സിന് അപ്രഖ്യാപിത വിലക്ക് സി പി എമ്മിന്റെ ജില്ലാ നേതൃത്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനത്തോടെ ശാക്തിക സമവാക്യങ്ങളില്‍ മാറ്റമുണ്ടായാലേ വിലക്ക് മാറൂ, അതുകൊണ്ടാണ് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം മാത്രം മൂന്നാര്‍ പര്യടനങ്ങള്‍ക്ക് സാധ്യത കാണുന്നത്. അഞ്ചാണ്ടിന് ശേഷം അധികാരം മാറുകയാണെങ്കില്‍ അപ്പോഴും മൂന്നാര്‍ ചോദ്യമായി മുന്നിലുണ്ടാകും.
കൈയേറ്റമൊഴിപ്പിക്കാന്‍ തീരുമാനിക്കുന്ന സര്‍ക്കാര്‍ തന്നെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിന് വന്യമൃഗങ്ങളെ വെടിവെക്കാന്‍ (തുടക്കത്തില്‍ കാട്ട് പന്നിയെ മാത്രം) അനുവാദം നല്‍കുന്നു. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷി എത്തിയത് കൈയേറ്റത്തിലൂടെയാണെന്ന് അറിയാതെയല്ല ഈ വെടിവെപ്പ് അനുമതി. കൈയേറ്റം നിലനിര്‍ത്തുന്നതിനൊപ്പം വേട്ട കൂടി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. വന്യ മൃഗങ്ങളുടെ ശല്യമില്ലാതാകുന്നതോടെ കൂടുതല്‍ കൈയേറ്റത്തിന് അവസരമുണ്ടാക്കുകയും. പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പ് തരുന്നു, കൈയേറ്റം തടയും, അതിന് നിയമപരമായി സാധ്യമായ എല്ലാ നടപടിയുമെടുക്കും. ആവര്‍ത്തനവിരസത മാപ്പാക്കുക.
ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്ന് വിരമിച്ചത് 2005ലാണ്. കര്‍ണാടകത്തില്‍ അധികാരത്തിലുണ്ടായിരുന്ന ജനതാ ദള്‍ (സെക്യുലര്‍) - ബി ജെ പി സഖ്യ സര്‍ക്കാര്‍ 2006ല്‍ സന്തോഷ് ഹെഗ്‌ഡെയെ സംസ്ഥാന ലോകായുക്തയായി നിയമിച്ചു. 2008ല്‍ അധികാരത്തില്‍ വന്ന ബി എസ് യെദിയൂരപ്പ സര്‍ക്കാറുമായി കലഹിച്ചാണ് ലോകായുക്ത സ്ഥാനത്ത് സന്തോഷ് ഹെഗ്‌ഡെ തുടര്‍ന്നത്. ബെല്ലാരിയിലെ ഖനികള്‍ അടക്കി വാഴുന്ന, മന്ത്രി സ്ഥാനം അലങ്കരിക്കുന്ന സഹോദരന്‍മാര്‍ ജി കരുണാകര റെഡ്ഢിക്കും ജി ജനാര്‍ദന റെഡ്ഢിക്കുമെതിരെ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായതോടെ സന്തോഷ് ഹെഗ്‌ഡെയുടെ വിശ്വാസ്യത വര്‍ധിച്ചു. റെഡ്ഢി സഹോദരന്‍മാര്‍ അനധികൃത ഖനനവും ഇരുമ്പയിരിന്റെ കള്ളക്കടത്തും നടത്തുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ടതോടെ ലോകായുക്ത സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ജനതാദളി (സെക്യുലര്‍) ന്റെ നേതാക്കള്‍ എന്നിവരെല്ലാം രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ വാക്കില്‍ മാറ്റമില്ലെന്ന് ഉറച്ചു നിന്നു ജനതാ പരിവാര്‍ അധികാരത്തിലിരിക്കെ ലോക്‌സഭാ സ്പീക്കര്‍ പദം അലങ്കലിച്ച കെ എസ് ഹെഗ്‌ഡെയുടെ മകന്‍ സന്തോഷ്. പക്ഷേ, എല്‍ കെ അഡ്വാനിയും ബി ജെ പിയുടെ പ്രസിഡന്റ് നിതിന്‍ ഗാഡ്കരിയും നേരിട്ടെത്തി സംസാരിച്ചതോടെ പിണക്കം മാറി. ലോകായുക്ത സ്ഥാനത്ത് തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. അഡ്വാനി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ നിഷേധിക്കാന്‍ സാധിക്കില്ലെന്നും തുറന്നു പറയുകയും ചെയ്തു.
ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ഇന്ന് കര്‍ണാടകത്തിലെ ലോകായുക്ത സ്ഥാനത്ത് തുടരുക മാത്രമല്ല ലോക് പാല്‍ ബില്ലിലുള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംയുക്ത സമിതിയില്‍ അംഗവുമാണ്. നിയമ വിദഗ്ധനാണ് അദ്ദേഹം. രാമകൃഷ്ണ ഹെഗ്‌ഡെ കര്‍ണാടകം ഭരിച്ചപ്പോള്‍ അഡ്വക്കറ്റ് ജനറലായിരുന്നു. 1989ല്‍ കേന്ദ്രത്തില്‍ വി പി സിംഗ് അധികാരത്തിലെത്തിയപ്പോള്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി. പിന്നീട് ജനതാദളിന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി അധികാരത്തിലെത്തിയപ്പോള്‍ സോളിസിറ്റര്‍ ജനറലുമായി. 1999ല്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ആറ് വര്‍ഷം സുപ്രീം കോടതിയില്‍ സേവനം അനുഷ്ഠിച്ചു. നിയമ മേഖലയിലെ വിശാലമായ ഈ അനുഭവ പരിചയം നിയമ നിര്‍മാണ പ്രക്രിയയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പ്.
പക്ഷേ, സന്തോഷ് ഹെഗ്‌ഡെയെ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംയുക്ത സമിതിയില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധിയായി ഉള്‍പ്പെടുത്തുക? അല്ലെങ്കില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധിയെന്ന് സന്തോഷ് ഹെഡ്‌ഡെയെ എങ്ങനെയാണ് വിശേഷിപ്പിക്കുക? അങ്ങനെ വിശേഷിപ്പിക്കപ്പെടുമ്പോള്‍ സന്തോഷ് ഹെഗ്‌ഡെ പ്രതിനിധാനം ചെയ്യുന്ന പൊതു സമൂഹം ഏതാണ്?
നിയമ രൂപവത്കരണത്തിന് വിദഗ്ധ സമിതി രൂപവത്കരിച്ച് അതില്‍ നിയമവിശാരദനെന്ന നിലക്ക് സന്തോഷ് ഹെഡ്‌ഗെയെ ഉള്‍പ്പെടുത്തി എന്നാണെങ്കില്‍ ഒരു പരിധിവരെ അംഗീകരിക്കാം. പക്ഷേ, വര്‍ഗീയ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തുള്ള എല്‍ കെ അഡ്വാനിയെ പിതൃസ്ഥാനത്ത് കാണുകയും അദ്ദേഹത്തിന്റെ ഉപദേശത്തെ തള്ളാന്‍ കഴിയാത്ത മാനസികാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്ന ഒരാളെ നിയമ വിശാരദനായിപ്പോലും ഉള്‍പ്പെടുത്തുന്നത് എങ്ങനെ? രാജ്യത്തെ നിയമനിര്‍മാണ പ്രക്രിയയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തില്‍ അന്നാ ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, അരവിന്ദ് കേജ്‌രിവാള്‍, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്കരിച്ച കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതിന് പിഴ മൂളാന്‍ തുടങ്ങുകയാണ്.
സത്യഗ്രഹ സമരം തുടങ്ങിയ ബാബ രാംദേവിനെ പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു ഈ അഞ്ച് പേരും. രാംദേവിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് ആവശ്യം. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ സമിതിയിലെ ഈ സ്വതന്ത്ര അംഗങ്ങള്‍ ഏറെക്കുറെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് എന്ന് സാരം. ലോക്പാല്‍ നിയമ നിര്‍മാണ പ്രക്രിയയില്‍ നിന്ന് തത്കാലം പിന്‍വാങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല. അഴിമതി ആരോപണങ്ങളാല്‍ മൂടി നില്‍ക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നത്. എങ്കിലും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇവര്‍ നടത്തുന്ന ശ്രമത്തെ ചോദ്യം ചെയ്‌തേ മതിയാകൂ.
മേല്‍പ്പറഞ്ഞ പൊതു സമൂഹത്തിന്റെ പ്രതിനിധികളെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുകയും സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന അഞ്ച് പേരില്‍ മൂന്‍ കേന്ദ്ര നിയമ മന്ത്രിയും ജനതാ പരിവാറിന്റെ ഭാഗമായി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്ത ശാന്തിഭൂഷണൊഴികെ മറ്റാര്‍ക്കാണ് ജനങ്ങളുമായി ബന്ധമുള്ളത്? ശാന്തി ഭൂഷണിന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിഭാഷകനാണ്. ആ ജോലി പ്രൊഫഷനായി സ്വീകരിച്ച് നീതിയുടെ പക്ഷത്തു നിന്ന് വാദിക്കുന്നയാള്‍. ടെലികോം അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കാരണമായ കോടതി നടപടികളില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലവുമാണ്. പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, അതുകൊണ്ട് പ്രശാന്ത് ഭൂഷണ് പൊതു സമൂഹത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ സാധിക്കുമോ? അരവിന്ദ് കേജ്‌രിവാളിന്റെയും അന്നാ ഹസാരെയുടെയും കാര്യത്തില്‍ ഇത് തന്നെയാണ് സ്ഥിതി. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളെ മാറ്റി നിര്‍ത്തി ഇത്തരമൊരു സമിതി രൂപവത്കരിച്ചപ്പോള്‍ തന്നെ വിമര്‍ശമുയര്‍ന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറോ കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വാദിക്കുന്ന ഇക്കൂട്ടര്‍ കര്‍ണാടകത്തിലെ ലോകായുക്ത എന്ന നിലയില്‍ സന്തോഷ് ഹെഗ്‌ഡെ സ്വന്തം കര്‍ത്തവ്യം നീതിപൂര്‍വം നിറവേറ്റുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുള്‍പ്പെടെ 14 മന്ത്രിമാര്‍ക്കെതിരെ അഴിമതി സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ഹെഗ്‌ഡെ തന്നെയാണ്. എല്ലാ മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബെല്ലാരി റെഡ്ഢിമാരുടെ പ്രശ്‌നത്തില്‍ ഹെഗ്‌ഡെയുടെ രാജി നാടകം അരങ്ങേറിയിട്ട് വര്‍ഷമൊന്നായി. കരുണാകര, ജനാര്‍ദന റെഡ്ഢിമാര്‍ ഇപ്പോഴും മന്ത്രിമാരായി തുടരുന്നു. അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഭരണം നടക്കുന്നുണ്ട്. കോടതി ഇവര്‍ക്കെതിരെ പുറപ്പെടുവിച്ച ഒമ്പത് സമന്‍സുകള്‍ കൈമാറാന്‍ പോലും കര്‍ണാടക പോലീസിന് സാധിച്ചിട്ടില്ല. ഇതൊക്കെ സ്വന്തം മൂക്കിന് താഴെ നടക്കുമ്പോഴാണ് നിയമപരമായി സ്ഥാപിതമായ പദവി അലങ്കരിക്കുന്ന ഹെഗ്‌ഡെ പുതിയ നിയമ സംവിധാനത്തിനുവേണ്ടി വാദിക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കാന്‍ ത്രാണിയില്ലാത്തവരാണോ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ട് സംയുക്ത സമിതിയില്‍ ഇരിക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പുതിയ നിയമ വ്യവസ്ഥ ആവിഷ്‌കരിക്കാന്‍ കൂലംകഷമായി ആലോചിക്കുകയും ചെയ്യുന്നത്!
ബാബ രാംദേവിന്റെ രാംലീല മൈതാനത്തെ പ്രഹസനം ആര്‍ എസ് എസ് പിന്തുണയോടെ അരങ്ങേറിയതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയെ അപലപിച്ച് ലോക്പാല്‍ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അന്നാ ഹസാരെയും സംഘവും തീരുമാനിക്കുമ്പോള്‍ അത് കരുത്തേകുന്നത് ലോകായുക്ത രൂപവത്കരിക്കാന്‍ പോലും മടി കാട്ടിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കൂടി അംഗമായ സംഘ്പരിവാറിന്റെ അജന്‍ഡക്കാണ്. പരിണതപ്രജ്ഞനായ ശാന്തി ഭൂഷണിനും ഗുജറാത്തിലെ വംശഹത്യ സംബന്ധിച്ച കേസുകളില്‍ മോഡിക്കെതിരെ നിലപാടെടുക്കുന്ന പ്രശാന്ത് ഭൂഷണിനും ഇത് മനസ്സിലായില്ലെന്ന് കരുതാനാകില്ല.
ഭരണ സംവിധാനത്തെയാകെ ഗ്രസിച്ച അഴിമതി ഒരു പരിധിവരെയെങ്കിലും തടയാന്‍ ലോക്പാലിന് സാധിക്കുമെങ്കില്‍ (ലോക് പാല്‍ വന്നാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്ന കപില്‍ സിബലിന്റെ പ്രസ്താവനയെ ഓര്‍മിച്ചുകൊണ്ട്) അത് നടപ്പാകണം. അതിന് പൊതുസമുഹത്തിന്റെയാകെ പ്രാതിനിധികളായി ചിത്രീകരിക്കപ്പെടുകയോ അവകാശപ്പെടുകയോ ചെയ്യുന്ന ഇവരുടെ സാന്നിധ്യം സമിതിയില്‍ അനിവാര്യമാണെന്ന് കരുതുക വയ്യ. ലോക് പാല്‍ എന്ന സങ്കല്‍പ്പം 1969ല്‍ മുന്നോട്ടുവെച്ചത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെയായിരുന്നു. അത് ഇതുവരെ പ്രാബല്യത്തിലാക്കാതിരുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്കുണ്ട് താനും. നിയമം പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയതിനെ സ്വാഗതം ചെയ്യാം. അതിലൂടെ നിയമനിര്‍മാണ പ്രക്രിയയുടെ വേഗം കൂട്ടിയതിനെയും പിന്തുണക്കാം. അതിനപ്പുറം തങ്ങള്‍ (ഈ അഞ്ച് പേരും അവരെ പിന്തുണക്കുന്ന വരേണ്യ വ്യക്തിത്വങ്ങളും) ഉദ്ദേശിക്കുന്നതേ നടക്കാവൂ എന്ന ഈ വാശി എത്രത്തോളം ഗുണകരമാകും? ആ വാശിക്ക് വഴങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. ഇപ്പോള്‍ വാശിക്ക് പിറകിലെ രാഷ്ട്രീയം പതുക്കെ മറനീക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു.
സെന്‍ട്രി മുതല്‍ മന്ത്രി വരെ എല്ലാവരെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന അന്നാ ഹസാരെയുടെയും കൂട്ടരുടെയും ആവശ്യത്തിന്റെ പ്രായോഗികത ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍ തുടങ്ങി ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന നിയമമാണ് ആവശ്യമെന്ന് നിയമ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇതൊന്നും കണക്കിലെടുക്കാതെ അഞ്ചംഗ സംഘത്തിന്റെ നിര്‍ദേശങ്ങളെ മാത്രം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ഏത് ജനാധിപത്യ മര്യാദയാണ്? ഇതെല്ലാം നടക്കട്ടെ, അന്നാ ഹസാരെയുടെയും കൂട്ടരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലോക്പാല്‍ പ്രാബല്യത്തിലാകുകയും ചെയ്യട്ടെ. ഈ പുതിയ രീതി ഭാവിയില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള അനഭിലഷണീയ പ്രവണതകളെ (രാം ലീലകള്‍ ആവര്‍ത്തിക്കാം) ക്കുറിച്ചുള്ള ആശങ്കകള്‍ തത്കാലം മറക്കാം. ഒന്ന് മാത്രം, പൊതു സമൂഹത്തിന്റെയാകെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നതും അത്തരത്തില്‍ വിശേഷിപ്പിക്കുന്നതും ഒഴിവാക്കണം. ഇവരോട് വിയോജിക്കുന്നവര്‍ പൊതു സമൂഹത്തിലുണ്ട് എന്ന് അംഗീകരിക്കപ്പെടാനെങ്കിലും.

പോര്‍വിളിയുമായി മുന്നില്‍ നില്‍ക്കുന്നത് ശിഖണ്ഡിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ആയുധങ്ങളുപേക്ഷിച്ച് തേര്‍ത്തട്ടിലിരിക്കാന്‍ തയ്യാറായ ഭീഷ്മാചാര്യരെയാണ് ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ വേദവ്യാസന്‍ ചിത്രീകരിച്ചത്. ആണും പെണ്ണുമല്ലാത്ത ഒരാളോട് യുദ്ധം ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്നായിരുന്നു ഭീഷ്മരുടെ മതം. കുരുക്ഷേത്രത്തിന് അടുത്ത് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് സംഘപരിവാര്‍ മുന്നില്‍ നിര്‍ത്തിയ ബാബ രാം ദേവെന്ന ശിഖണ്ഡിക്ക് നേര്‍ക്ക് രാത്രിയില്‍ യുദ്ധം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ശീതീകരിച്ച സത്യഗ്രഹ വേദിയിലേക്ക് അര്‍ധരാത്രിക്ക് ശേഷം പോലീസെത്തിയപ്പോള്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധ തന്ത്രമൊരുക്കിയ സംഘപരിവാറിന് ഇരട്ടി നേട്ടം. കള്ളപ്പണക്കാര്‍ക്കെതിരായ സമരത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെടുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘ്പരിവാറുമായി ഒരു നിലക്കും സന്ധി ചെയ്യാത്തവര്‍ പോലും അഭിപ്രായപ്പെടുന്നു. ഇത് ആത്യന്തികമായി ഗുണകരമാകുക രാം ദേവിനും സംഘ്പരിവാറിനും തന്നെയാണ്. ഒരു ഹിന്ദു സന്യാസി അക്രമരഹിതമായ മാര്‍ഗത്തിലൂടെ നടത്തിയ സമരമാണ് അടിച്ചമര്‍ത്തപ്പെട്ടത് എന്ന പ്രചാരണവും വൈകാതെ സജീവമാകും. അരുണ്‍ ജെയ്റ്റ്‌ലിയുടെയും സുഷമ സ്വരാജിന്റെയും അഡ്വാനിയുടെയുമൊക്കെ വാക്കുകളില്‍ ഇപ്പോള്‍ തന്നെ ഈ പ്രചാരണം ഓളം വെട്ടുന്നത് കാണാം.
അഴിമതി തടയുന്നതിന് കടുത്ത വ്യവസ്ഥകളോടെ ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ അതിനെ മറയത്തുനിന്ന് നിയന്ത്രിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ലക്ഷ്യമിട്ടത് ഇത് തന്നെയായിരുന്നു. പ്രത്യക്ഷത്തില്‍ ഗാന്ധിയനായി ചമയുന്ന ഹസാരെക്ക് പക്ഷേ, ആര്‍ എസ് എസ്സിന്റെ ലക്ഷ്യത്തെ പ്രത്യക്ഷത്തില്‍ പിന്തുണക്കുക അസാധ്യമായിരുന്നു. കാവി വേഷധാരിയായ ബാബ രാംദേവിന് ഇത്തരം തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍.
രാത്രി യുദ്ധത്തിന് തുനിഞ്ഞപ്പോള്‍ മാത്രമല്ല തന്ത്രപരമായ പാളിച്ച യു പി എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിന് സംഭവിച്ചത്. സത്യഗ്രഹ സന്നദ്ധനായി രാം ദേവ് ഡല്‍ഹിയിലെത്തിയപ്പോള്‍ മുതല്‍ പാളിച്ചകളുണ്ടായി. യോഗ ഗുരു എന്ന അവകാശവാദത്തില്‍ വിശ്വസിച്ചും കണക്കില്ലാതെ ഒഴുകുന്ന പണത്തിന്റെ സ്വാധീനത്തില്‍ അകപ്പെട്ടും ഒപ്പം നിന്ന ഏതാനും ആയിരം അനുയായികളുടെ പിന്തുണ മാത്രമേ അപ്പോള്‍ രാം ദേവിനുണ്ടായിരുന്നുള്ളൂ. പ്രണാബ് മുഖര്‍ജി അടക്കം നാല് കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും ഡല്‍ഹി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി രാം ദേവുമായി ചര്‍ച്ചക്ക് തയ്യാറായപ്പോള്‍ വലിപ്പം വര്‍ധിച്ചു. ചര്‍ച്ച നടത്തിയെന്നും സത്യഗ്രഹ സമരവുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം ഉറച്ചിരിക്കയാണെന്നും വീണ്ടും ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും ആഭ്യന്തര മന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ രാംദേവിന്റെ വലിപ്പം വീണ്ടും കൂടി.
കേന്ദ്ര ഭരണകൂടം പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ മാത്രം വലുതാണ് ഈ സ്വാമിയെന്ന തെറ്റായ ധാരണ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിലെങ്കിലും സൃഷ്ടിക്കപ്പെട്ടു. എന്നിട്ടും ജനം രാംദേവിനൊപ്പം നില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന സൂചനകളാണ് ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും സത്യഗ്രഹം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. കള്ളപ്പണക്കാരെ കണ്ടെത്തി അനധികൃത സമ്പാദ്യത്തെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ പോലും രാംദേവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പക്ഷക്കാരായിരുന്നു. ഇതൊന്നും അറിയാതെയല്ല രാത്രി യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. സത്യഗ്രഹം തുടരുകയാണെങ്കില്‍ രാം ലീല മൈതനാത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ആര്‍ എസ് എസ് പദ്ധതി തയ്യാറാക്കിയിരുന്നു. സംഘ് പരിവാറിലെ വിവിധ സംഘടനകളും ഇതേ രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കി. ഈജിപ്തിലെയും ടുണീഷ്യയിലെയും ചത്വരങ്ങള്‍ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വരും ദിവസങ്ങള്‍ സംഘ് പരിവാറും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മുഖമായി രാം ലീല മൈതാനം മാറുമെന്ന ശങ്ക കേന്ദ്ര സര്‍ക്കാറിനെ ദ്രുതഗതിയിലുള്ള നടപടിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഈ നടപടി പോലും സംഘ് പരിവാറിന് വേണ്ടത്ര ലാഭമെടുക്കാന്‍ അവസരമൊരുക്കുന്നതായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത.
ശിഖണ്ഡിക്ക് പിറകില്‍ അമ്പ് തൊടുക്കുന്നത് ആര്‍ എസ് എസ്സും പരിവാരങ്ങളുമാണെന്ന് കേന്ദ്ര സര്‍ക്കാറിന് നേരത്തെ അറിയാമായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ രാം ദേവിനെ അപ്പോള്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമോ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ നിഷേധിച്ചുവെന്ന ആരോപണമേ നേരിടേണ്ടിവരുമായിരുന്നുള്ളൂ. അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ രാംദേവിനെ പകല്‍ വെളിച്ചത്തില്‍ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാമായിരുന്നു. ഒരു രാവ് വെളുക്കുവോളം ശീതീകരിച്ച പന്തലില്‍ സമരം തുടര്‍ന്നതുകൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. രാത്രി തന്നെ പോലീസ് നടപടി സ്വീകരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ പഴുതുകള്‍ നിരവധിയുണ്ടായി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രാം ദേവ് ചാടുന്നത് സ്ത്രീകളായ അനുയായികളുടെ മധ്യത്തിലേക്കാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അറസ്റ്റ് തടയാന്‍ വിശ്വാസികളായ സ്ത്രീകള്‍ വലയം തീര്‍ത്തു. അവരെ ബലം പ്രയോഗിച്ചു നീക്കിയാണ് രാം ദേവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഭട്ട പര്‍സൗള്‍ ഗ്രാമത്തിലെ കര്‍ഷക സമരത്തെ മായാവതി സര്‍ക്കാറിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ ഉന്നയിച്ച ആരോപണം ഇവിടെയും സംഘ്പരിവാറിന് ഉയര്‍ത്താന്‍ സാധിക്കും. രാംദേവിന്റെ അനുയായികളായ സ്ത്രീകളെ പോലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപണമുയര്‍ന്നാല്‍! ഭട്ട പര്‍സൗളിനേക്കാള്‍ വലിയ ആഘാതമായിരിക്കും അത് സൃഷ്ടിക്കുക. സ്ത്രീകളെയും കുട്ടികളെയും പോലീസ് ഉപദ്രവിച്ചുവെന്ന ആരോപണം ഇതിനകം രാം ദേവ് ഉയര്‍ത്തിയിട്ടുമുണ്ട്. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തുടരുന്ന മണ്ടത്തരങ്ങള്‍ എന്തൊക്കെ സാധ്യതകളാണ് സംഘ് പരിവാറിന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് എന്നത് ഊഹങ്ങള്‍ക്ക് അപ്പുറത്താണ്.
കേന്ദ്ര മന്ത്രിമാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയപ്പോള്‍ ഉണ്ടാക്കിയ ധാരണകള്‍ ലംഘിച്ചതുകൊണ്ടാണ് രാംദേവിനെതിരെ നടപടി സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഇപ്പോള്‍ പറയുന്നത്. ചര്‍ച്ച ചെയ്തത് എന്താണെന്നോ ധാരണ എന്തായിരുന്നുവെന്നോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. രാംദേവും അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ ട്രസ്റ്റുകളും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശേഖരിച്ച വിവരങ്ങള്‍ മുന്നില്‍വെച്ച് വിലപേശുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്നാണ് സൂചനകള്‍. എന്നാല്‍ എന്തുകൊണ്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടില്ല എന്ന ചോദ്യം ഉയരുമെന്ന് ഉറപ്പ്. ഇനി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായാല്‍, നിരപരാധിയായ ഹിന്ദു നേതാവിനെ ഭരണകൂടം ക്രൂശിക്കുകയാണെന്ന തോന്നലാകും സൃഷ്ടിക്കപ്പെടുക. രാം ദേവിന്റെ 1994 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദിഗ്‌വിജയ് സിംഗിന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇക്കാലത്തിനിടെ പലകുറി രാംദേവിനെതിരെ ആരോപണമുയര്‍ന്നിരുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് തുടങ്ങി നിരവധിയായ ആരോപണങ്ങള്‍. എന്നിട്ടിത്ര കാലം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് ആദ്യം പറയേണ്ടിവരും ദിഗ്‌വിജയ് സിംഗ് അടക്കമുള്ള നേതാക്കള്‍ക്ക്. അതുപോലും ഇപ്പോള്‍ പറയുമ്പോള്‍ എതിരാളിയെ ഇല്ലായ്മ ചെയ്യാനുള്ള വില കുറഞ്ഞ തന്ത്രമായി പ്രചരിപ്പിക്കപ്പെടാന്‍ എളുപ്പവുമാണ്.
കള്ളപ്പണക്കാരെയും അവരുടെ സമ്പാദ്യങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെത്തന്നെ കപട സന്യാസിമാരെയും ആള്‍ദൈവങ്ങളെയും അവരുടെ അനധികൃത സമ്പാദ്യങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച നേതാവെന്ന് കോണ്‍ഗ്രസ് ഇപ്പോഴും അഹങ്കാരത്തോടെ വിശേഷിപ്പിക്കുന്ന രാജീവ് ഗാന്ധി നഗ്‌ന സന്യാസിയുടെ 'അനുഗ്രഹ'മായ ചവിട്ടേല്‍ക്കാന്‍ യമുനാ തീരത്തെത്തിയ കഥ പ്രസിദ്ധമാണ്. സത്യസായിബാബയുടെ ട്രസ്റ്റുകള്‍ക്ക് സ്വതന്ത്രമായി പണമിടപാട് നടത്താന്‍ അനുവാദം നല്‍കിയതും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ തന്നെ. സായിബാബക്കെതിരെ ലൈംഗിക പീഡനമുള്‍പ്പെടെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ മൗനം ദീക്ഷിച്ചതും മറ്റൊരു പാര്‍ട്ടിയുടെ സര്‍ക്കാറല്ല. ഇവരില്‍ ചിലര്‍ തിരിഞ്ഞുനില്‍ക്കുമ്പോള്‍ പൂര്‍വകാലത്തെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അടക്കിയിരുത്താനാകുമെന്നായിരുന്നു വിചാരം. അത് രാംദേവിന്റെ കാര്യത്തിലെങ്കിലും പാളിപ്പോയിരിക്കുന്നു. ഇത് ഒരു സമരത്തിന്റെ കാര്യത്തിലെ പാളിച്ച മാത്രമല്ല. അഴിമതി, കള്ളപ്പണം എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശക്തമായപ്പോള്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ചിലയിടങ്ങളില്‍ നിന്ന് കൈമാറിക്കിട്ടിയ വിവരങ്ങള്‍ പോലും മറച്ചുവെക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ ജനങ്ങളില്‍ സൃഷ്ടിച്ച വിശ്വാസ രാഹിത്യം മുതലെടുക്കാന്‍ ബി ജെ പിക്കോ സംഘ് പരിവാറിനോ സാധിച്ചിരുന്നില്ല.
ഭീകരാക്രമണങ്ങളില്‍ ആരോപണവിധേയരായവരുമായി ആര്‍ എസ് എസ്സിനുണ്ടായ ബന്ധം പുറത്തുവന്നത്, കര്‍ണാടകത്തില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത് എന്നിങ്ങനെ പല കാരണങ്ങള്‍ തടസ്സമായുണ്ടായിരുന്നു. ശിഖണ്ഡിയെ യുദ്ധം ജയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ ഇത്തരം തടസ്സങ്ങളെല്ലാം നീക്കിക്കിട്ടുകയാണ്. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അശ്ലീല പ്രഹസനത്തെ രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച മാധ്യമ സംഭവമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാറിന് അവകാശപ്പെടാം.