2011-07-10

അണിയറയിലെ കള്ളന്‍മാര്‍



ടെലികോം അഴിമതിക്കേസിന്റെ പുതിയ അധ്യായത്തിന്റെ രചന നടക്കുകയാണ്. 2004  മുതല്‍ 2007 വരെ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇത് എഴുതാന്‍ ആരംഭിക്കുന്ന സമയം വരെ ടെക്‌സ്റ്റൈല്‍സ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി ദയാനിധി മാരനാണ് ഈ അധ്യായത്തില്‍ വില്ലന്‍. ആദ്യ അധ്യായത്തില്‍ എ രാജയും തുടര്‍ന്നുള്ള അധ്യായങ്ങളില്‍ കനിമൊഴിയും പ്രതിനായക സ്ഥാനത്തുണ്ടായിരുന്നു. പിന്നെ കുറേ കുത്തക കമ്പനികളും അവരുടെ നടത്തിപ്പുകാരും. സാന്‍, യുനിടെക്ക്, ലൂപ് എന്ന് തുടങ്ങിയ പടുമുളകളായ കമ്പനികളും അവയുടെ മേധാവികളും. ഇവയുടെയെല്ലാം പിറകില്‍ ചരടുവലിക്കാരായി നിന്ന ടാറ്റയോ ബിര്‍ലയോ അംബാനിയോ  പ്രതിനായക സ്ഥാനത്തെത്തുന്ന അധ്യായങ്ങള്‍ രചിക്കപ്പെടില്ല എന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു. രാജയുടെയും കനിമൊഴിയുടെയും കാര്യത്തിലെന്ന പോലെ ദയാനിധി മാരന്റെ കാര്യത്തിലും ആരോപണങ്ങളെല്ലാം മാരനില്‍ മാത്രം കേന്ദ്രീകരിക്കും. ഇതിനെല്ലാം അരു നിന്നവരെല്ലാം രക്ഷപ്പെടുകയും ചെയ്യും. ആര്‍ക്കെതിരെയും ഒന്നും സംസാരിക്കാന്‍ മാരന് സാധിക്കില്ല. പുറത്ത് കാണുന്നതിന് അപ്പുറത്ത് ഏറെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയത്തിലെ ബന്ധങ്ങള്‍. അതിലേറെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയ നേതാക്കളും കുത്തക കമ്പനികളും തമ്മിലുള്ള ബന്ധങ്ങള്‍. 


തമിഴ്‌നാട്ടിലെ ശിവ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി സി ശിവശങ്കരന്‍ മൊബൈല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് എയര്‍സെല്‍ എന്ന പേരില്‍ കമ്പനി രൂപവത്കരിക്കുകയും ലൈസന്‍സിനും സ്‌പെക്ട്രത്തിനും അപേക്ഷ നല്‍കുകയും ചെയ്തു. ഡി എം കെയുമായും അതിന്റെ അധികാരി എം കരുണാനിധിയുമായും അടുത്ത ബന്ധമുള്ളയാളാണ് ശിവശങ്കരന്‍. അതുകൊണ്ട് തന്നെ തടസ്സങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിച്ചില്ല. തമിഴ്‌നാട്ടില്‍ സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സും സ്‌പെക്ട്രവും വേഗത്തില്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ മറ്റ് മേഖലകളിലേക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയപ്പോള്‍ മന്ത്രിയായിരുന്ന ദയാനിധി മാരന്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. രണ്ട് വര്‍ഷത്തോളം അപേക്ഷകളില്‍ തീരുമാനമെടുത്തില്ല. 


ഇക്കാലയളവില്‍ ടെലികോം മേഖലയില്‍ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മലേഷ്യയിലെ വ്യവസായ സമ്രാട്ട് അനന്തകൃഷ്ണന്‍ അതിനകം തന്നെ എയര്‍ സെല്ലില്‍ നോട്ടമിട്ടിരുന്നു. അനന്തകൃഷ്ണന്റെ കീഴിലുള്ള മാക്‌സസ് എന്ന സ്ഥാപനം എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വൈകാതെ വാങ്ങി. ഓഹരി കൈമാറ്റം നടന്ന് മാസങ്ങള്‍ക്കകം എയര്‍സെല്ലിന്റെ ലൈസന്‍സ് അപേക്ഷകളെല്ലാം അനുവദിക്കപ്പെട്ടു. ദിവസങ്ങള്‍ക്കകം അനന്ത കൃഷ്ണന്‍ ഗ്രൂപ്പില്‍ നിന്ന് 599.01 കോടി രൂപയുടെ നിക്ഷേപം മാരന്‍ കുടുംബത്തിന്റെ കീഴിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയിലെത്തി. ഇത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സി ബി ഐ കരുതുന്നു. എയര്‍ സെല്ലിന്റെ ഓഹരി വില്‍ക്കുന്നതിന് ശിവശങ്കരന് മേല്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ഈ കഥയനുസരിച്ചാണെങ്കില്‍ വ്യക്തമായ അഴിമതിക്കേസ് തന്നെ, നിശ്ചയം. 


വില്ലന്‍ ഒറ്റക്ക് രംഗ പ്രവേശം ചെയ്യാറില്ലെന്നതാണ് പൊതു അനുഭവം. കൂടെ ആളുണ്ടാവും, ഒഴുക്കാന്‍ പണവുമുണ്ടാവും. ആ സ്ഥാനത്താണ് അനന്തകൃഷ്ണന്‍ എന്ന വ്യവസായി. അനന്തകൃഷ്ണന്റെ മാക്‌സസിന് എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങാന്‍ അവസരമൊരുക്കിയത് ആരാണ്? എയര്‍ സെല്ലിന്റെ അപേക്ഷ വൈകിപ്പിച്ച കാലത്ത് മാരന്‍ ഈ അനുമതി ഒറ്റക്ക് നേടിയെടുത്തതാകാന്‍ ഇടയില്ല.  വിദേശ നിക്ഷേപം അനുവദിക്കുന്നതോ അനുവദിച്ചതില്‍ തന്നെ പരിധി ഉയര്‍ത്തുന്നതോ ഒക്കെ തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ സമിതികളാണ്. ആ സമിതിയിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യം ധനമന്ത്രിയും. അന്ന് ധനമന്ത്രി പി ചിദംബരമായിരുന്നു. 


ശിവ ഗ്രൂപ്പ് മേധാവി ശിവശങ്കരനെ അറിയാത്തയാളല്ല പളനിയപ്പന്‍ ചിദംബരം. എന്നിട്ടും എയര്‍ സെല്ലിന്റെ ഓഹരി വാങ്ങാന്‍ അനന്തകൃഷ്ണന്റെ കമ്പനിക്ക് ചിദംബരം ഉള്‍പ്പെടുന്ന സമിതി അനുമതി നല്‍കി. നടക്കാന്‍ പോകുന്നത് അഴിമതിയുടെ കറ പുരണ്ട ഇടപാടുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് നല്‍കിയത് എന്ന് അടുത്ത രംഗം കണ്ടാല്‍ മനസ്സിലാകും. സണ്‍ നെറ്റ്‌വര്‍ക്കില്‍ 600 കോടിയുടെ നിക്ഷേപം നടത്താന്‍ മാക്‌സസിന്റെ സഹോദര സ്ഥാപനം അനുമതി തേടുന്നു. അതിന് ഇതേ ചിദംബരം ഇരിക്കുന്ന കേന്ദ്ര മന്ത്രിസഭാ സമിതി അനുവാദം നല്‍കുന്നു. ഇതിനടിയില്‍ നടന്ന യഥാര്‍ഥ ഇടപാട് മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തയാളല്ല പി ചിദംബരം. ഇതറിയാവുന്നത് ചിദംബരത്തിന് മാത്രമോ എന്നത് മാത്രമേ ആലോചിക്കാനുള്ളൂ. 


ദയാനിധി മാരന്‍ മന്ത്രിയായിരിക്കെ നടന്ന ടെലികോം ഇടപാടില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ഇത്രകാലം ആവര്‍ത്തിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയാതിരിക്കുമോ കോടികള്‍ കൊണ്ടുള്ള ഈ കളി. പ്രകൃതി വാതക ഖനനത്തിന്റെ ചെലവ് പെരുപ്പിച്ച് കാണിച്ചതിലൂടെ കോടികളുടെ നഷ്ടം ഖജനാവിനുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) കരട് റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിറകെ ഈ കഥയിലെ പ്രധാന പ്രതിനായകന്‍ മുകേഷ് അംബാനിയെ പരവതാനി വിരിച്ച് സ്വീകരിച്ച് ചായയും വടയും നല്‍കി സത്കരിക്കാന്‍ ധൈര്യം കാട്ടിയയാളാണ്. ഈ ധൈര്യം ഇക്കാലത്തിനിടെ മറ്റൊരു ഭരണാധികാരിയും കാട്ടിയിട്ടുണ്ടാവില്ല. ശത കോടികള്‍ എയര്‍ സെല്ലിലും പിന്നെയും ശത കോടികള്‍ സണ്‍ നെറ്റ്‌വര്‍ക്കിലും വര്‍ഷിക്കാന്‍ ത്രാണിയുള്ള അനന്തകൃഷ്ണനെ മന്‍മോഹന്‍ സിംഗ് അറിയാതിരിക്കുമോ? 


പെരുകി വളരുന്ന അഴിമതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനും അത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് വരുത്താനും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് തോന്നിപ്പിക്കാനും ഏറെ വിയര്‍പ്പൊഴുക്കുന്നുണ്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കളും. എന്നാല്‍ ഇതിന്റെയെല്ലാം ഉത്പാദാക്കളും പരോക്ഷ ഉപഭോക്താക്കളും ഇവരൊക്കെത്തന്നെയാണ്. ടെലികോം മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഇന്ത്യയിലെത്തിയത് മാക്‌സിസ് മാത്രമല്ല. യുനീടെക്കിന്റെ ടെലികോം കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ടെലിനോര്‍ വന്നു, സ്വാനിന്റെ ഓഹരികള്‍ വാങ്ങാന്‍ ഇതിസലാത്ത് വന്നു, സ്വാനിന് ലൈസന്‍സ് അനുവദിക്കപ്പെട്ടതിന് തൊട്ടുപിറകെ ആ കമ്പനിയിലുണ്ടായിരുന്ന 9.9 ശതമാനം ഓഹരികള്‍ വലിയ വിലക്ക് വിറ്റഴിച്ച് റിലയന്‍സ് വന്‍ ലാഭം കൊയ്തു. ഇതിന്റെ പിറകിലെല്ലാം ക്രമക്കേടുകളുണ്ടെന്ന് സി ബി ഐ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 


ഇത്തരം ഇടപാടുകള്‍ ഉണ്ടാകുമെന്ന് അറിയാതെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ ധനകാര്യ വിദഗ്ധരായ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രണാബ് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഭരണകൂടം അനുവാദം നല്‍കിയത് എന്ന് വിചാരിക്കുന്നില്ല. അതായത് കൊടിയ സാമ്പത്തിക തട്ടിപ്പിന് വേണ്ട അവസരമെല്ലാം പ്രദാനം ചെയ്തത് ഇവരൊക്കെ തന്നെയാണ്. അല്ലെങ്കില്‍ ഇവരെ പിറകില്‍ നിന്ന് നിയന്ത്രിക്കുന്നവരാണ്. പിന്നില്‍ നിന്നുള്ള നിയന്ത്രണം ബി ജെ പി ആരോപിക്കുന്നത് പോലെ സോണിയാ ഗാന്ധിക്കല്ല, അവര്‍ ഈ സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് ലാഭമെടുക്കുന്ന ഉപഭോക്താവ് മാത്രമാണ്. പിന്നില്‍ നിയന്ത്രിക്കുന്നത് ടാറ്റയും ബിര്‍ളയും അംബാനിമാരും അവരുടെ ഉടമകളുമാണ്.  


ഇപ്പറഞ്ഞ കോടികളൊക്കെ സമാഹരിക്കപ്പെടുന്നത് നമ്മുടെയൊക്കെ വിയര്‍പ്പില്‍ നിന്നാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. സെക്കന്‍ഡിന് ഒരു പൈസ എന്ന വാഗ്ദാനം മുന്നോട്ടുവെച്ച് കൂടുതല്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചും ആവശ്യപ്പെടാതെ തന്നെ ലഭ്യമാക്കുന്ന കോളര്‍ ട്യൂണുകളുടെ വാടകയായുമൊക്കെ നമ്മില്‍ നിന്ന് ഈടാക്കുന്ന പണമാണ് വിദേശത്തും സ്വദേശത്തുമൊക്കെയായി പങ്കുവെച്ച് കളിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ടവറുകള്‍ സ്ഥാപിച്ച് നമ്മുടെ ജൈവ വ്യവസ്ഥയെ തകര്‍ത്തും മനുഷ്യാരോഗ്യത്തെ ദീര്‍ഘകാലം കൊണ്ട് നശിപ്പിച്ചും സമ്പാദിക്കുന്നതാണ്. അതിന്റെ ഓഹരിയാണ് മാരന്റെ നെറ്റ്‌വര്‍ക്കിലെ വെളിപ്പെട്ട 600 കോടിയും മറ്റ് അറിയപ്പെടാത്തയാളുകളുടെ അജ്ഞാത നെറ്റ്‌വര്‍ക്കുകളിലെ സഹസ്ര കോടികളും. 


എ രാജയും കനിമൊഴിയും ദയാനിധിമാരനും ഒരു നിലക്ക് ഇരകള്‍ മാത്രമാണ്. പ്രശ്‌നങ്ങളുണ്ടായാല്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ നേരത്തെ തന്നെ ഒരുക്കി നിര്‍ത്തപ്പെട്ട നേര്‍ച്ചക്കോഴികള്‍. യഥാര്‍ഥ പ്രതികള്‍ ഇതിനെല്ലാം അവസരമുണ്ടാക്കിക്കൊടുത്തവരാണ്. അവരിലേക്ക് ഒരു കാലത്തും അന്വേഷണം ഏത്തില്ലെന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു. നിര്‍ണയത്തില്‍ പിഴവുകളുണ്ടായെന്ന് പ്രധാനമന്ത്രി പിഴ മൂളിയിട്ടുണ്ട്, രാജ ആരോപണ വിധേയനായ കേസില്‍. നിര്‍ണയത്തിലുണ്ടാകുന്ന പിഴവുകള്‍ ഒരു കേസിനും കാരണമാകുന്നില്ല. ഒരു അഴിമതിയും ആരോപിക്കപ്പെടുകയുമില്ല.   ദയാനിധി മാരന്റെ കേസിലും നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് മാത്രമേ പ്രധാനമന്ത്രിക്ക് മുന്നോട്ടുപോകാനാകൂ. എല്ലാ കാര്യങ്ങളും ചികഞ്ഞ് പരിശോധിക്കുക പ്രായോഗികവുമല്ല. 


അതുകൊണ്ട് ദയാനിധി മാരന്റെ കേസിലും ഡോ. മന്‍മോഹന്‍ സിംഗ് തന്റെ പ്രതിച്ഛായ നിലനിര്‍ത്തും. കോടതിയുടെ മുമ്പാകെ ആരോപണമുണ്ടായ നിമിഷത്തില്‍ തന്നെ രാജിവെപ്പിക്കാന്‍ തയ്യാറായില്ലേ എന്ന് കോണ്‍ഗ്രസിലെ പാണന്‍മാര്‍ പെരുമ പാടി നടക്കുകയും ചെയ്യും. പക്ഷേ, ഈ നയങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍, അതിന്റെ ഭാഗമായ ഓരോ തീരുമാനവും എടുത്തപ്പോള്‍ നടക്കാന്‍ പോകുന്ന അരും കൊള്ള മുന്നില്‍ കണ്ടില്ലെന്ന് മാത്രം പറയരുത്. കാരണം സമകാലിക ചരിത്രം തന്നെ അത് നിഷേധിക്കും. യു ടി ഐ കുംഭകോണം, ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി തട്ടിപ്പ് ഇവയൊക്കെ നടന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മന്‍മോഹന്‍ യുഗം ആരംഭിച്ചതിന് ശേഷമാണ്. ആ യുഗം ആരംഭിച്ചതിന് ശേഷമാണ് വിദേശത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് കൂടിയത്. അതില്‍ നിന്നൊന്നും പാഠം പഠിക്കാതെയാണ് ഡോ. മന്‍മോഹന്‍ സിംഗ് മുന്നോട്ടുപോയത് എന്ന് കരുതാനാകുമോ? അതോ ഏത് തട്ടിപ്പും സാധ്യമാകും വിധത്തിലുള്ള സാമ്പത്തിക സംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു 1991 മുതല്‍ ഇദ്ദേഹം വേഗത്തിലാക്കിയ പരിഷ്‌കരണ, ഉദാരവത്കരണ നയങ്ങളുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണമോ? 


മാരന്‍ ഭരണകാലത്ത് എയര്‍ സെല്ലിന് പുറമെ നടന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും കഥകള്‍ അധ്യായത്തില്‍ ചേര്‍ക്കപ്പെടും. അതൊരു തന്ത്രമാണ്. കൊടിയ അഴിമതിക്കാരനെന്ന മുദ്ര ചാര്‍ത്തിക്കൊടുക്കപ്പെട്ടാല്‍ പിന്നെ അയാള്‍ പറയാനിടയുള്ള കാര്യങ്ങള്‍ക്കെല്ലാം വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനുള്ള വില മാത്രമേ കല്‍പ്പിക്കപ്പെടൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായി അറിയാം. സ്വന്തം ഭരണകാലത്ത് നടന്ന കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ പാകത്തിലുള്ള ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മന്‍മോഹന്‍ സിംഗിന് സാധിച്ചുവെന്ന് പെരുമ പാടുന്നവര്‍ക്ക് വായ്ത്താരിയാക്കുകയും ചെയ്യാം.

2011-07-07

തെറി കയ്ക്കുന്നു



കുറേക്കാലം മുമ്പത്തെ കഥയാണിത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനും കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തഴക്കുന്നതിനും മുമ്പ് നടന്നത്. കാലം പരിഷ്‌കരിക്കപ്പെട്ടിരുന്നില്ലെങ്കിലും സാഹിത്യത്തില്‍ അത് വന്നിരുന്നു. ആധുനികത പിന്നിട്ട് ഉത്തരാധുനികത നാമ്പിട്ട് തുടങ്ങിയിരുന്നു. പ്രീ ഡിഗ്രി സമ്പ്രാദയത്തില്‍ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുത്തവര്‍ക്ക് (ഒന്നാം ഭാഷ ഇംഗ്ലീഷ് ഐച്ഛികമല്ല) നവീന കവിത എന്ന പേരിലൊരു സമാഹാരം പഠിക്കാനുണ്ടായിരുന്നു. അതില്‍ കെ ജി ശങ്കരപ്പിള്ളയുടെ കവിതയും. ഈ പുസ്തകം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ ഗാന്ധിയനായ ഒരു ക്രിസ്ത്യന്‍ നാമധാരി. പരമ സാത്വികനായിരുന്ന അദ്ദേഹത്തിന് വിരമിക്കാനുള്ള പ്രായം അടുത്തുവരികയും ചെയ്യുന്നു. 


കവിത ഛന്ദോബദ്ധമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന ഇദ്ദേഹത്തിന് ആധുനിക കൃതികളോട് സ്വാഭാവികമായ അപ്രിയം. അതുകൊണ്ട് തന്നെ കെ ജി ശങ്കരപ്പിള്ളയുടെ കവിതയിലെ ''പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവ് കയ്ക്കുന്നു'' എന്ന വരികളൊക്കെ ഉറക്കെ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തെറി എന്ന പദം കവിതയിലുപയോഗിച്ചതില്‍ അദ്ദേഹം അത്ഭുതം കൂറിയത് ഇപ്പോഴും മനസ്സിലുണ്ട്. സംവിധാനങ്ങളുടെ തെറ്റായ നടപടികളോട് പ്രതികരിക്കാന്‍ തോന്നുകയും അങ്ങനെ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതിലെ പ്രയാസം ദ്യോതിപ്പിക്കുകയാണ് കവി ഈ വാചകത്തിലൂടെ എന്ന് വ്യാഖ്യാനിച്ചു തന്നു സാത്വികനായ ഗുരുനാഥന്‍. എങ്കിലും ''പറയാത്ത തെറി വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നത്'' എങ്ങനെയാണെന്ന് അന്ന് വേണ്ടത്ര മനസ്സിലായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള അത്രയൊന്നും അനുഭവതീഷ്ണമല്ലാതെ തുടരുന്ന ചെറു ജീവിത കാലത്ത് എന്താണ് ഈ കയ്പ്പ് എന്ന് പലകുറി ബോധ്യപ്പെട്ടു. ഇപ്പോള്‍ ദിനേന എന്നോണം ബോധ്യപ്പെടുകയും ചെയ്യുന്നു. അത്തരം ചില കയ്പ്പുകളിലേക്ക്. 


ജോര്‍ജ് പോളും 
ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും


ആദ്യം സര്‍ക്കാര്‍, സഹകരണ മേഖലയിലും പിന്നീട് സ്വകാര്യ മേഖലയിലും സ്വാശ്രയ കോളജുകള്‍ ആരംഭിക്കുകയും സ്വകാര്യ സ്വാശ്രയ കോളജുകളിലെ പ്രവേശവും ഫീസും കോടതിയിലും തെരുവിലും യുദ്ധത്തിന് കളമൊരുക്കുകയും ചെയ്തതിന് ശേഷമുള്ള കാലമാണ് കടന്നുപൊകുന്നത്. എല്ലാ കൊല്ലവും എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും വിധത്തിലുള്ള 'അന്യോന്യം' സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുണ്ടാകും. ഒടുവില്‍ ആര്‍ക്കും മനസ്സിലാകാത്ത വിധത്തിലുള്ള ഒരു ഒത്തുതീര്‍പ്പും. രണ്ട് പക്ഷവും വിജയം അവകാശപ്പെടും.  ഇതിനിടെ മാനേജുമെന്റുകള്‍ ഭിന്നിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടും എം ഇ എസ്സും മറ്റും നേതൃത്വം നല്‍കുന്ന മൂന്നാമത്തേതും. ഇതില്‍ തന്നെ വിചിത്രവാദങ്ങളുന്നയിച്ച് കാണികളെ രസിപ്പിച്ചത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലായിരുന്നു. 


ഇക്കുറി പ്രവേശ, ഫീസ് കരാറുകളുടെ ചര്‍ച്ചയുടെ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. തക്കം നോക്കി നിന്ന മാനേജ്‌മെന്റുകള്‍ ഒരു കടുംവെട്ടിന് അവസരം കണ്ടു. എല്ലാ സീറ്റിലും സ്വന്തം നിലക്ക് പ്രവേശം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് പണം മുന്‍കൂറായി വാങ്ങുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വാശ്രയം വീണ്ടും തെരുവില്‍ തിളച്ചു/തിളപ്പിച്ചു. ഇക്കുറി ഒന്നും ചെയ്യാനാകില്ലെന്നും അടുത്ത വര്‍ഷം കാര്യങ്ങള്‍ ഭംഗിയാക്കാമെന്നും കെ എം മാണിയും മറ്റും പറഞ്ഞുനോക്കിയെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് അത് അത്രയെളുപ്പം ദഹിക്കുമായിരുന്നില്ല. ഒന്നു വാദിച്ചുനോക്കുകയെങ്കിലും ചെയ്യാതെ കീഴടങ്ങിയാല്‍ പിന്നെ എന്ത് മുഖ്യമന്ത്രി പദം! 
ആദ്യം പി ജി സീറ്റുകളില്‍ പിടിച്ചു. വൈകിയെത്തിയതിലുള്ള അതൃപ്തി മറച്ചുവെച്ചില്ലെങ്കിലും സര്‍ക്കാറിനുള്ളത് സര്‍ക്കാറിന് തന്നെയെന്ന് സുപ്രീം കോടതി വിധിച്ചു. അതോടെ ഉമ്മന്‍ ചാണ്ടിക്ക് ആത്മവിശ്വാസമായി. എം ബി ബി എസ് സീറ്റുകളുടെ കാര്യത്തിലും അമ്പത് ശതമാനം സീറ്റ് സര്‍ക്കാറിന് വേണമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. 


സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അനാവശ്യമായ ഇടപെടലിന് ശ്രമിക്കുകയാണ് സര്‍ക്കാറെന്നായി ജോര്‍ജ് പോള്‍. കോളജുകള്‍ പൂട്ടാന്‍ ആലോചിക്കുന്നു, ഇങ്ങനെയാണെങ്കില്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ല, ലാഭമുണ്ടാക്കുകയല്ല, സമൂഹത്തിന് സേവനം നല്‍കുകയാണ് ചെയ്യുന്നത് എന്നിങ്ങനെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് വേണ്ടി വാദങ്ങളുമായി അദ്ദേഹം രംഗത്തുവന്നു. ഏറെ ബദ്ധപ്പാട് സഹിച്ചാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ കോളജുകള്‍ നടത്തി എം ബി ബി എസ് ബിരുദധാരികളെ വിരിയിച്ച് സമൂഹത്തിന് നല്‍കുന്നതെന്നും ജോര്‍ജ് പോള്‍ വാദിച്ചു. അധ്യാപകര്‍ക്ക് പ്രതിമാസം നല്‍കുന്ന ഒരു ലക്ഷത്തിലേറെ വരുന്ന ശമ്പളത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. സഹനം ക്രൈസ്തവര്‍ക്ക് പുത്തരിയല്ല, അതുകൊണ്ട് എല്ലാം സഹിച്ച് സ്വാശ്രയ വ്യവസായ രംഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുക. 


ഇതേ ആളുകളൊക്കെയാണ് പണ്ട് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ പറ്റിച്ചതെന്ന് ജോര്‍ജ് പോളിന് അറിയാതെ വരുമോ? രണ്ട് സ്വകാര്യ സാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സിദ്ധാന്തത്തിന് അല്ലേലുയ പാടി. അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റും ഫീസുമെന്ന് അംഗീകരിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയതിന് തൊട്ടുപിറകെ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാര്‍ മെറിറ്റും ഫീസുമൊന്നും വഹിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് സ്ഥാപിച്ചെടുത്തു. ഈ വഞ്ചന സഹിച്ചതിന് ശേഷവും വെല്ലുവിളി തുടരുകയാണ് സ്വാശ്രയ മാനേജുമെന്റുകള്‍, പ്രത്യേകിച്ച് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ളവ ചെയ്തത്. എന്നിട്ടും വേണ്ട രീതിയില്‍ ഇടപെടാന്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാറും പിന്നീട് വന്ന ഇടത് മുന്നണി സര്‍ക്കാറും തയ്യാറാകാതിരുന്നത് ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടിത ശേഷി ഉപയോഗിച്ച് ഇവര്‍ നടത്തിയ വിലപേശല്‍ മൂലമായിരുന്നു. 


പാവപ്പെട്ട രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാരെ പരസ്യമായി വിചാരണ ചെയ്ത് 'ഞാന്‍ കുറ്റക്കാരനെ'ന്ന് എഴുതിയ ബാനര്‍ കഴുത്തില്‍ കെട്ടിത്തൂക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട് കേരളത്തില്‍ പലേടത്തും. കൊടിയ വഞ്ചന കാട്ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ശേഷവും ലജ്ജ ലേശമില്ലാതെ മുറുമുറുപ്പ് തുടരുന്ന ജോര്‍ജ് പോളിനെപ്പോലുള്ളവരുടെ കാര്യത്തില്‍ അത്തരമൊന്ന് ചെയ്യാന്‍ ആരും അവശേഷിച്ചിട്ടില്ല എന്നത് കയ്പ്പായി നിലനില്‍ക്കുന്നു. 


ജോര്‍ജ് പോളിന്റെ വാദങ്ങള്‍ മാത്രം പോരെന്ന് തോന്നിയതു കൊണ്ടാവണം കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ ഭാരവാഹിയായ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നേരിട്ട് രംഗത്തുവന്നത്. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്ത് സ്വാശ്രയ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ വിമോചന സമരാഹ്വാനം മുഴക്കിയിരുന്നു അന്ന് തൃശൂര്‍ രൂപതാ ബിഷപ്പായിരുന്ന ആന്‍ഡ്രൂസ് താഴത്ത്. കുറുവടി സേന വീണ്ടും വരും, കുണ്ടുകുളം പിതാവിന്റെ വാക്കുകള്‍ ഇപ്പോവും മുഴങ്ങുന്നുണ്ട് എന്നൊക്കെ ഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴിതാ ന്യൂനപക്ഷ സമുദായത്തിന്റെ അവകാശത്തില്‍ സര്‍ക്കാര്‍ കൈവെക്കുകയാണെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നു. ഭരിക്കുന്നത് ഇടത് സര്‍ക്കാറല്ലാത്തതുകൊണ്ട് രണ്ടാം വിമോചന സമരത്തെക്കുറിച്ച് പറയുന്നില്ലെന്ന് മാത്രം. ലക്ഷങ്ങള്‍ തലവരിയും ലക്ഷങ്ങള്‍ ഫീസും ഈടാക്കി പ്രവര്‍ത്തിക്കുന്ന  സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ന്യൂനപക്ഷ സമുദായ സ്ഥാപനമെന്ന പദവി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കെ ജി ശങ്കരപ്പിള്ളയുടെ വരികള്‍ വീണ്ടും പ്രസക്തമാകുകയാണ്. ഈ ബിഷപ്പിനോട് പറയാത്ത തെറി വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നവര്‍ എത്രവരും!


കോഴിക്കോട് 
റെയില്‍വേ സ്റ്റേഷന്‍


രാജ്യാന്തര സ്റ്റേഷനാക്കി ഉയര്‍ത്തുകയാണ് ഇതിനെ. ചുറ്റിലും ടൈല്‍സ് പാകി. എല്ലായിടത്തും കയറു കെട്ടി നോ പാര്‍ക്കിംഗ് ബോര്‍ഡ് വെച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മുതിര്‍ന്ന പൗരന്‍മാരായ മാതാപിതാക്കളെ സ്റ്റേഷനിലിറക്കാന്‍ രാവിലെ ആറരയോടെ എത്തിയപ്പോള്‍ സ്റ്റേഷന്‍ ശൂന്യം. കയറുകെട്ടിത്തിരിക്കാത്ത ഒരിടത്ത് കാര്‍ പാര്‍ക്ക് ചെയ്തു. ട്രെയിന്‍ സ്റ്റേഷനിലെത്തിയിരുന്നു. ടിക്കറ്റെടുത്ത് അവരെ കയറ്റി വിടാന്‍ 15 മിനുട്ട്. ട്രെയിന്‍ സ്റ്റേഷന്‍ വിടും വരെ കാത്തില്ല. തിരിച്ചെത്തിയപ്പോഴേക്കും റെയില്‍വേ പോലീസിന്റെ അധികാര ചിഹ്നങ്ങളുമായി രണ്ട് പേര്‍ കാറിന് സമീപം തയ്യാര്‍. ഇവിടെ കാറിടാന്‍ പാടില്ലെന്ന് അറിയില്ലേടാ എന്ന് ചോദ്യം. മാതാപിതാക്കളെ ട്രെയിന്‍ കയറ്റാന്‍ പോയതാണ് 15 മിനുട്ടേ എടുത്തുള്ളൂ എന്ന് പറഞ്ഞുനോക്കി. രക്ഷയില്ല, പിഴയടച്ചേ വിടൂ എന്ന് റെയില്‍വേ പോലീസിന് നിര്‍ബന്ധം. കേസ് ചാര്‍ജ് ചെയ്‌തോളൂ  ബാക്കി പിന്നെ നോക്കാമെന്ന് അപ്പോഴത്തെ വാശിക്ക് പറഞ്ഞു. വിലാസം പറഞ്ഞുകൊടുത്തപ്പോള്‍ മനഃപൂര്‍വം തെറ്റിക്കുകയും ചെയ്തു. 


മാതാപിതാക്കളെ ട്രെയിന്‍ കയറ്റി വിടാന്‍ വേണ്ടി 15 മിനുട്ട് നേരം സ്റ്റേഷന്‍ വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വലിയ പാതകമാണെന്ന് തോന്നിയില്ല, അതുകൊണ്ട് തന്നെയാണ് വിലാസം തെറ്റിച്ചു നല്‍കിയത്. 
ഇന്നലെ (06-07-2011) ഉച്ചക്ക് ഒരു മണി. ഒന്നരക്കുള്ള ജനശതാബ്ദിയില്‍ പോകേണ്ട ഭാര്യക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തി. നേരത്തെ റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്യാന്‍ കാരണമായ അതേ സ്ഥാനത്ത് കാറുകളുടെ നീണ്ട നിര. അവക്കിടയിലേക്ക് കാറൊതുക്കുമ്പോഴേക്ക് ചീട്ടെഴുത്തുകാരനെത്തി. 


ഈ സ്ഥലം പ്രീമിയം പാര്‍ക്കിംഗ് സ്ഥലമായി ലേലം ചെയ്തിരിക്കുന്നുവെന്ന്. മദ്യ കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡ് പുറത്തിറക്കുന്ന പതിവുണ്ട്. കുറഞ്ഞ വിലക്ക് വില്‍ക്കുന്ന മദ്യം ഒന്നു പൊതിഞ്ഞ് പ്രീമിയം എന്ന് രേഖപ്പെടുത്തി വില കൂട്ടൂന്ന രീതി. അതുപോലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലവും പ്രീമിയമായിരിക്കുന്നു. പാര്‍ക്കിംഗ് ഫീസ് 15 രൂപ. ഇത്രയും തുകക്ക് വേണ്ടി തര്‍ക്കിക്കുക എന്നത്  ഇക്കാലത്ത് 'മാന്യന്‍'മാര്‍ക്ക് ചേര്‍ന്നതല്ല, അന്തസ്സിന് ഒട്ടൊരു ഇടിവാണ് താനും. എങ്കിലും തര്‍ക്കിച്ചു. പണം കൊടുക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു.   കൊടുക്കാതെ പോരുകയും ചെയ്തു. ഒരാളെ ട്രെയിന്‍ കയറ്റി വിടാന്‍ എത്തി പത്തോ പതിനഞ്ചോ മിനുട്ട് പാര്‍ക്ക് ചെയ്ത് മടങ്ങുമ്പോള്‍ 15 രൂപ ഫീസ് നല്‍കേണ്ടിവരുന്നത് നീതിയല്ലെന്ന തോന്നലായിരുന്നു കാരണം. റോഡിനും പാലങ്ങള്‍ക്കും വന്‍തുകകള്‍ ടോള്‍ പിരിക്കുന്നതും ഈ പിഴിയലും തമ്മില്‍ വലിയ വ്യത്യാസമില്ല. ഇ അഹ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണെങ്കില്‍ ഒരു പരാതിയെങ്കിലും നല്‍കി സായൂജ്യമടയാമായിരുന്നു. ഇപ്പോഴതും സാധിക്കില്ല, അതുകൊണ്ട് കയ്പ്പ് ഇങ്ങനെ തീര്‍ക്കുകയേ മാര്‍ഗമുള്ളൂ. 


ജനത്തെ പിഴിയാനുള്ള ഒരു പഴുതും ഭരണകൂടം ഒഴിവാക്കുന്നില്ല. അവര്‍ ഒഴിവുകള്‍ നല്‍കുന്നതോ റിലയന്‍സിന്, ടാറ്റക്ക്, യുനീടെക്കിന്, സ്വകാര്യ സ്വാശ്രയ കോളജ് മാനേജുമെന്റുകള്‍ക്ക്...  ചെറിയ പ്രതിഷേധം പോലും പ്രകടിപ്പിക്കാതെ എല്ലാ സേവന ഫീസുകളുമൊടുക്കി അന്തസ്സ് കാക്കുന്നു നമ്മള്‍. പ്രീമിയം പാര്‍ക്കിംഗ് സ്ഥലം കരാറെടുത്തവന്റെ തെറി സഹിക്കുന്നു. ഇത്തരം പല  കയ്പ്പുകള്‍ കെട്ടിക്കിടന്ന് മനസ്സ് വീര്‍പ്പുമുട്ടും. ആ വീര്‍പ്പുമുട്ടല്‍ ജോലിസ്ഥലത്തോ വീട്ടിലോ തീര്‍ക്കുകയും ചെയ്യും.

2011-06-23

'ധര്‍മ'ക്ഷേത്രേ കുരുക്ഷേത്രേ




ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ചൂത് കളികൂടി കഴിഞ്ഞു. വ്യാസസൃഷ്ടിയായ മഹാഭാരതത്തിലേതെന്ന പോലെ അംഗബലമുള്ള കൗരവര്‍ ബുദ്ധിബലമുള്ള പാണ്ഡവരെ കൗശലം കൊണ്ട് കീഴ്‌പ്പെടുത്തി. ചൂതില്‍ തോറ്റവര്‍ക്ക് പുതിയ രാഷ്ട്രതന്ത്രത്തിന്റെ കാലത്ത് വനവാസ, അജ്ഞാതവാസ ശിക്ഷകളില്ല. അതുകൊണ്ട് തന്നെ തോറ്റിറങ്ങിയയുടന്‍ അവര്‍ ധാര്‍ത്തരാഷ്ട്രന്‍മാരുടെ കള്ളനീക്കങ്ങളെക്കുറിച്ച് അത്യുച്ചത്തില്‍ രോഷം കൊള്ളുന്നു. കള്ളത്തരം കാട്ടിയവരെ തകര്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ധര്‍മപുത്രര്‍ അന്നം മുടക്കി സമരം ചെയ്യാന്‍ പോകുന്നു. സമരമാരംഭിക്കുന്നതിന് മുമ്പുള്ള അമ്പത്  ദിവസം അദ്ദേഹം എന്ത് ചെയ്യും. രാജ്യമെമ്പാടും സഞ്ചരിച്ച് സ്വന്തം അക്ഷൗഹിണിയിലേക്ക് ആളെക്കൂട്ടാന്‍ ശ്രമിക്കുമായിരിക്കും. ഈ ദിവസങ്ങളിലെല്ലാം രാഷ്ട്രതന്ത്രത്തിലെ കൗശലത്തിന്റെ സ്ഥാനത്തെക്കുറിച്ച് ദുര്യോധനാദി കൗരവര്‍ ഉറക്കെ വിളിച്ച് പറയും. ചൂതിലെ ജയം ഭരണത്തിന്റെതും അധികാരത്തിന്റെതുമായി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കും. അതിന് സാമന്തരെ കൂട്ടുപിടിക്കും. വേണ്ടിവന്നാല്‍ ഇത്രനാളും എതിരാളികളായി കണ്ടിരുന്നവരുമായി ചങ്ങാത്തം സ്ഥാപിക്കും. 


കുരുക്ഷേത്ര ഭൂമിയില്‍ പിതാമഹനെയും ഗുരുവിനെയും ഭ്രാതാവിനെയും അര്‍ധ സഹോദരന്‍മാരെയും വധിച്ച് പാണ്ഡവര്‍ വിജയശ്രീലാളിതരായി ഇന്ദ്രപ്രസ്ഥത്തില്‍ പ്രവേശിക്കുന്നുവെന്നതാണ് മഹാഭാരത കഥ. നന്മയുടെ പക്ഷത്ത് പാണ്ഡവരായിരുന്നുവെന്ന് പൊതുവെ പറയും. നന്മയുടെ പക്ഷത്തായിരുന്നില്ലെങ്കില്‍ ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവപക്ഷത്തുണ്ടാകുമായിരുന്നില്ലല്ലോ! പക്ഷേ, ഏത് രാജ്യത്തിന് വേണ്ടിയായിരുന്നു കുരുക്കളും പാണ്ഡവരും യുദ്ധം ചെയ്തത്? അതിന്‍മേല്‍ അവര്‍ക്ക് എന്തവകാശമാണുണ്ടായിരുന്നത്? പാണ്ഡുവും ധൃതരാഷ്ട്രരും ഹസ്തിനപുരം ഭരിച്ചിരുന്നു. ഇവരുടെ മക്കളെന്ന നിലക്കാണ് രാജ്യാധികാരത്തില്‍ ഇരുകൂട്ടരും അവകാശം ഉന്നയിച്ചിരുന്നത്. കൗരവാദി നൂറ്റുവരും ദുശ്ശളയും പാണ്ഡവരും ധൃതരാഷ്ട്രരുടെയോ പാണ്ഡുവിന്റെയോ മക്കളായിരുന്നില്ല എന്നാണ് തുടക്കത്തിലെ കഥ. അപ്പോള്‍ പിന്നെ അവകാശവാദത്തിന്റെയും യുദ്ധത്തിന്റെയും പിടിച്ചെടുക്കലിന്റെയുമൊക്കെ അര്‍ഥമെന്തായിരുന്നു? ഈ അസംബന്ധത്തിന്റെ തുടര്‍ച്ച പലകുറി ആവര്‍ത്തിച്ചു. ഇപ്പോള്‍ ലോക്പാലിന്റെ പേരില്‍ ഒരുവട്ടം കൂടി.   


അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധികളും ലോക്പാലിന്റെ പേരില്‍ നടത്തിയ ആശയ സംവാദങ്ങള്‍ ഏറെക്കുറെ ചൂതാട്ടത്തിന്റെ മട്ടിലായിരുന്നു. സര്‍ക്കാറിനും നീതിന്യായ സംവിധാനത്തിനുമൊക്കെ മുകളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന അധികാരകേന്ദ്രം ഉണ്ടാകണമെന്ന വാദത്തില്‍ ഉറച്ചു നിന്ന് അന്നാ ഹസാരെയും കൂട്ടരും കരുക്കള്‍ നീക്കി. പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലിമെന്റിനുള്ളിലെ എം പിമാരുടെ പ്രവര്‍ത്തനം, നീതിന്യായ വ്യവസ്ഥ തുടങ്ങി ചിലത് പുറത്ത് നിര്‍ത്തണമെന്ന് സര്‍ക്കാറും വാദിച്ചു. ലോക്പാലിനെ തീരുമാനിക്കാനുള്ള സമിതിയില്‍ സര്‍ക്കാറിന് മേധാവിത്വം വേണമെന്നും നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ അധികാരത്തിന്റെ തണലും നിയമം നിര്‍മിക്കാന്‍ വേണ്ട ഭൂരിപക്ഷവുമുള്ളതുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. 


നേരത്തെ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെച്ച കരട് ബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാലിന് കീഴില്‍ കൊണ്ടുവരാന്‍ വ്യവസ്ഥ ചെയ്തിരുന്നു. പുതിയ കരടില്‍ അതുപോലുമില്ലെന്ന തിരിച്ചറിവില്‍ അഞ്ചംഗ സംഘം സത്യഗ്രഹ സമരത്തിന് തയ്യാറെടുക്കുന്നു. സത്യഗ്രഹത്തിന് പകരം കുരുക്ഷേത്ര യുദ്ധത്തിന് കൂടുതല്‍ തയ്യാറെടുക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുള്ളവരും കൂട്ടത്തിലുണ്ട്. വനവാസത്തിനോ അജ്ഞാതവാസത്തിനോ പോകുകയല്ല ഇപ്പോള്‍ തന്നെ ദുര്യോധനന്റെ ഊരുഭംഗം വരുത്തുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട ഭീമസേനനെപ്പോലുള്ളവര്‍. 


ഫലശൂന്യത എന്നത് തന്നെയാണ് ഈ ചൂതിന് ശേഷവും ഇനിയുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനും ശേഷം സംഭവിക്കാന്‍ പോകുന്നത് എന്നത് കാണികളായ രാജ്യവാസികള്‍ക്ക് ഉറപ്പിക്കാം. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമാണ് ലോക്പാലിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള എത്ര സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. മനുഷ്യാവകാശ കമ്മീഷനുകള്‍ക്കെല്ലാം ഈ സ്വഭാവമാണ്. എല്ലാ സംസ്ഥാനങ്ങളിലും വിവിധ വിഭാഗങ്ങള്‍ക്കായി ഇത്തരം അവകാശ കമ്മീഷനുകളുണ്ട്. എടുത്തു പറയാവുന്ന എന്ത് പ്രയോജനമാണ് ഇവ പ്രദാനം ചെയ്തത് എന്ന് ആലോചിക്കുന്നത് കൗതുകകരമായിരിക്കും. 


കേരളത്തില്‍ പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ അടുത്തിടെ പറഞ്ഞ പഴകിപ്പുളിച്ച കേസിന്റെ കാര്യമെടുക്കുക. സംസ്ഥാന വനിതാ കമ്മീഷന്‍ പലകുറി പരിഗണിച്ച കേസാണിത്. പ്രത്യേകിച്ച് എന്തെങ്കിലും ഇതുവരെ സംഭവിച്ചിട്ടില്ല. സ്ഥലനാമങ്ങളുടെ പേരുകളില്‍ പ്രസിദ്ധമായ മറ്റ് ലൈംഗിക കൈയേറ്റ കേസുകള്‍ എടുക്കുക. എല്ലാം സംസ്ഥാന വനിതാ കമ്മീഷന്‍ പരിഗണിച്ചതാണ്. ഏതെങ്കിലുമൊന്നില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ നമ്മുടെ കമ്മീഷന് സാധിച്ചോ? ഇത്തരം കമ്മീഷനുകളെല്ലാം വിവിധ കേസുകള്‍ പരിഗണിക്കവെ നിയമ, നീതിനിര്‍വഹണ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാറുകള്‍ക്ക് ശിപാര്‍ശകള്‍ നല്‍കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങളില്‍ ഒരു ശതമാനമെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ? 


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്നില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ പരിതപിക്കുന്നത് അടുത്തിടെ കണ്ടു. അര്‍ധ ജുഡീഷ്യല്‍ സംവിധാനമെന്ന നിലയില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്താനുള്ള അധികാരം കമ്മീഷനുണ്ട്. പക്ഷേ, കമ്മീഷനുകള്‍ അതിന് തുനിയാറില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തോന്നാറുമില്ല. ലോക്പാല്‍ ഇതുപോലെയാകില്ലെന്ന് പ്രതീക്ഷിക്കുക. 
നിയമത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാറുദ്യോഗസ്ഥരുള്‍പ്പെടെ പൊതുസേവകര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കുമെന്നതാണ് കരട്  ബില്ലിലെ മറ്റൊരു വ്യവസ്ഥ. ലോക്പാല്‍ ആദ്യമായി മുന്നോട്ടുവെക്കപ്പെട്ട 1969കളിലാണെങ്കില്‍ ഇത്തരമൊരു വ്യവസ്ഥക്ക് സാംഗത്യമുണ്ടായേനേ. 


ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ഏതൊരാളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും അത് ഓരോ വര്‍ഷവും പുതുക്കണമെന്നും വ്യവസ്ഥ വെക്കാന്‍ ബുദ്ധിമുട്ടില്ല. അതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനമൊരുക്കാന്‍ പ്രയാസവുമില്ല. ഇത് ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തില്‍ പരസ്യപ്പെടുത്താനും സാധിക്കും. ഈ വ്യക്തി ഏതെങ്കിലും വിധത്തിലുള്ള സ്ഥാവര, ജംഗമ സ്വത്തുക്കള്‍ സമാഹരിക്കുമ്പോള്‍ അത് സ്വമേധയാ ഈ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുന്ന വിധത്തില്‍ വിവര ശൃംഖല രൂപപ്പെടുത്താനും ബുദ്ധിമുട്ടില്ല. സെന്‍ട്രി മുതല്‍ മന്ത്രി വരെയുള്ള ലക്ഷക്കണക്കായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടോ എന്ന് എളുപ്പത്തില്‍ പരിശോധിച്ച് നിജപ്പെടുത്താനും സാധിക്കും. കൈക്കൂലിയായി വാങ്ങുന്ന പണം വീട്ടുവളപ്പില്‍ കുഴിച്ചിടാന്‍ തീരുമാനിക്കുന്ന തിരിമുറിഞ്ഞ കള്ളന്‍മാരുടെ കാര്യത്തില്‍ ഇതൊന്നും സാധിക്കില്ലെന്ന് സമ്മതിക്കുന്നു. യജുര്‍ മന്ദിരത്തില്‍ സായിബാബ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചത് പുറത്താരും അറിഞ്ഞിരുന്നില്ലല്ലോ ഇതുവരെ? അത് സ്വാഭാവികമായി പുറത്തുവരും. അതിന് കാത്തിരിക്കുകയേ നിര്‍വാഹമുണ്ടാകൂ. അന്നാ ഹസാരെയും കൂട്ടരും നിര്‍ദേശിക്കും വിധത്തില്‍ ലോക്പാലുണ്ടായാല്‍പ്പോലും ഇത്തരക്കാരെ കണ്ടെത്താന്‍ സാധിക്കില്ല. 


ലോക്പാലിന്റെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ അധികാരമുണ്ടാകുമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഉത്തര്‍ പ്രദേശില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ആരോപിക്കപ്പെടുന്നവരും കേരളത്തില്‍ കൊലക്കേസില്‍ അറസ്റ്റിലായയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുമായ പോലീസുകാരുടെ കൂട്ടത്തില്‍ നിന്ന് തന്നെയാകില്ലേ അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുക? എല്ലാവരും അത്തരക്കാരാണെന്നല്ല, അത്തരക്കാര്‍ കൂടി ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മാത്രം. പ്രോസിക്യൂഷന്‍ വിംഗുണ്ടാകും നിര്‍ദിഷ്ട ലോക്പാലിന് കീഴില്‍. പെണ്‍വാണിഭക്കേസില്‍ കൈക്കൂലി കൊടുത്ത് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പോലീസ് ചോദ്യം ചെയ്തയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വക്കീലായി നിയമിച്ച രീതി ഈ പ്രോസിക്യൂഷന്‍ വിംഗിലുമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാകുമോ? ഒരു ലോക്പാല്‍ കൊണ്ട് വൃത്തിയാക്കാവുന്ന തൊഴുത്തല്ല നമ്മുടെ മുന്നിലുള്ളത് എന്ന തിരിച്ചറിവ് അന്നാ ഹസാരെ പക്ഷത്തിന് നഷ്ടമായിരിക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. തൊഴുത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ ആളുകയറാത്തതായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. 


മാറിയ കാലവും സാങ്കേതിക വിദ്യയുമൊക്കെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് രണ്ട് കൂട്ടര്‍ക്കും ചിന്തകളില്ല. നിയമങ്ങളില്ലാത്തതല്ല, അത് മറികടന്ന് പ്രവര്‍ത്തിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ഈ പ്രവര്‍ത്തനം വൈകാതെ മാഫിയയായി രൂപാന്തരപ്പെടുകയുമാണ് ചെയ്യുന്നത്. അതിന് മറുമരുന്നാകും ലോക്പാലെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ മൗഢ്യമെന്ന് മാത്രമേ കരുതാനാകൂ. മാലിന്യ നിര്‍മാര്‍ജനത്തിന് മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ നടപടി സ്വീകരിക്കുന്നില്ല എന്ന് നിലവിളിക്കുന്ന നഗരവാസികളുടെ കാര്യമെടുക്കൂ. മാലിന്യം ഉത്പാദിപ്പിക്കുന്നവന് അത് സംസ്‌കരിക്കാനുള്ള ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ല. അതിന് അവന്‍ ശ്രമിക്കേണ്ടതുപോലുമില്ല. കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ അതിന് വഴിയൊരുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് തന്നെയാണ് അഴിമതിയെന്ന ശൃംഖലയുടെയും സ്ഥിതി. പണം കൊടുത്ത് കാര്യം നേടാന്‍ സന്നദ്ധരായി നില്‍ക്കുന്നവര്‍ക്ക് അഴിമതി തടയുന്നതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതില്ലല്ലോ! 


സങ്കീര്‍ണമായ സാഹചര്യങ്ങളൊന്നും അറിയാതെയല്ല അന്നാ  ഹസാരെ പക്ഷവും സര്‍ക്കാറും ചൂതുകളിച്ചത്. ബഹുവിധ അഴിമതി ആരോപണങ്ങളില്‍ വലയുന്ന സര്‍ക്കാറിന് തങ്ങളെന്തെങ്കിലും ചെയ്തുവെന്ന് വരുത്തേണ്ടതുണ്ട്. അതിന് സഹായകമാകും ലോക്പാലെന്ന് അവര്‍ കരുതുന്നു. അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന്റെ മറയത്ത് മറ്റ് ചിലരുണ്ട്. അവര്‍ക്ക് അധികാരത്തിലേക്ക് വഴിയൊരുങ്ങണമെങ്കില്‍ സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കണം. അവര്‍ നേരിട്ട് രംഗത്തുവരുന്നതിനേക്കാള്‍ ഫലപ്രദം പൊതുസ്വീകാര്യനെന്ന പ്രതിച്ഛായ സൃഷ്ടിച്ച് മറ്റൊരാളെ രംഗത്തിറക്കുകയാണ്. കാരണം ഇപ്പോഴുയര്‍ന്ന ചില ആരോപണങ്ങളുടെ പിന്‍കാലം അന്വേഷിച്ചാല്‍ ഈ മറയത്തു നില്‍ക്കുന്നവരും ഗുണഭോക്താക്കളായുണ്ടാകുമെന്ന് ഉറപ്പ്. മാത്രവുമല്ല, കോടികള്‍ കൈക്കൂലിയായി നല്‍കിയ ഇതേ കമ്പനികളില്‍ നിന്നാണ് ഇപ്പോഴും പിന്നീടും തങ്ങളുടെ സ്വന്തം ഖജാനയിലേക്ക് പണമൊഴുകേണ്ടത് എന്ന തിരിച്ചറിവുമുണ്ട്.


 സംഭവിക്കേണ്ടതെല്ലാം സംഭവിക്കും. കര്‍മം ചെയ്യുക എന്നത് മാത്രമാണ് ഓരോരുത്തരും ചെയ്യുന്നത്. ഒരു വ്യത്യാസം മാത്രം - ഫലം ഇച്ഛിക്കുന്നുണ്ട്. അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത അധികാരമെന്ന ഫലം. കുരുക്ഷേത്രത്തിലേത് പോലെ.

2011-06-22

യശഃശരീരന്റെ ഇന്ദ്രജാലം


വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊതു ഖജനാവിലേക്ക് മുതല്‍ക്കൂട്ടണമെന്നായിരുന്നു ആവശ്യം. ഈ പ്രധാന ആവശ്യത്തില്‍ ഊന്നിയാണ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബ രാംദേവ് സത്യഗ്രഹ സമരം ആരംഭിച്ചത്. വയറിലെ തിരയിളക്കങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ച് നമ്മുടെ വാര്‍ത്താ ചാനലുകള്‍ രാംദേവിന്റെ ശേഷികളെ ബോധ്യപ്പെടുത്തി നല്‍കാന്‍ ശ്രമിച്ചു. കാവി വേഷധാരിയായ യോഗാചാര്യന്റെ സമരത്തെ പരോക്ഷമായി പിന്തുണച്ചിരുന്ന ബി ജെ പിയും സംഘ്പരിവാറിലെ ഇതര അംഗങ്ങങ്ങളും പിന്നീട് പരസ്യമായി രംഗത്തുവന്നു. സത്യഗ്രഹം തത്കാലത്തേക്ക് അവസാനിപ്പിച്ചുവെങ്കിലും തന്റെ സമരം തുടരുമെന്നാണ് രാംദേവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാംലീല മൈതാനത്തു നിന്ന് രാംദേവിനെ പോലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഹരിദ്വാറില്‍ തുടര്‍ന്ന സമരത്തെ തിരിഞ്ഞുനോക്കിയതേയില്ല. അത് കൊണ്ടുകൂടിയാണ് സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത് എന്നതാണ് വസ്തുത. രാംദേവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതും ഒരുപക്ഷേ വയറില്‍ വിദ്യയുള്ള സ്വാമിയെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചുണ്ടാകണം. 


അനധികൃതമായി സമ്പാദിച്ചതോ നികുതി വെട്ടിച്ച് കടത്തിയതോ ആയ കോടിക്കണക്കിന് രൂപ ഇന്ത്യന്‍ പൗരന്‍മാര്‍ വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്നതിലും. ലീച്ച്‌റ്റെന്‍സ്റ്റീനെന്ന ചെറു ദ്വീപ് രാജ്യത്തെ ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ഏതാനും പേരുടെ വിവരങ്ങള്‍ ഇതിനിടെ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചു. ഇതില്‍ 18 പേരില്‍ നിന്ന് നികുതിയും പിഴയും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നാല്‍ കള്ളപ്പണക്കാരാരൊക്കെ എന്ന വിവരം പുറത്തുവിട്ടില്ല. പേരുകള്‍ പരസ്യമാക്കി മാനഹാനിയുണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടല്ല. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്ന ന്യായം പറയാനുമുണ്ടായിരുന്നു. എത്ര മൂടിവെച്ചാലും ചില കാര്യങ്ങള്‍ പുറത്തുവരും. അതുകൊണ്ട് നികുതിയും പിഴയും അടക്കാന്‍ നോട്ടീസ് നല്‍കപ്പെട്ടയാളുകളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇനിയും വിവരങ്ങള്‍ പുറത്തുവന്നേക്കും. ഇതെല്ലാം മൂടിവെച്ച കാര്യങ്ങളാണ്. 


ഇതിന് സമാന്തരമായി മറ്റ് ചില കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അതേക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. കാവി വേഷധാരിയായ രാംദേവോ, പിന്തുണ നല്‍കാന്‍ രാജ്ഘട്ടില്‍ സമൂഹനൃത്തം നടത്തിയ ബി ജെ പിയോ ആര്‍ഷഭാരത മൂല്യബോധത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, അച്ചടക്കത്തിന്റെ പര്യായ ശബ്ദമെന്ന് അവകാശപ്പെടുന്ന ആര്‍ എസ് എസ്സോ ഇത് കണ്ട മട്ട് കാണിക്കില്ല. വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരെ സംരക്ഷിക്കുക എന്നത് സ്വന്തം ബാധ്യതയായി കണക്കാക്കുന്ന കോണ്‍ഗ്രസിനോ അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ക്കോ ഇതൊരു പ്രശ്‌നമായി തോന്നുകയുമില്ല. പറയുന്നത് സത്യസായി ബാബയെക്കുറിച്ചും അദ്ദേഹത്തിന്റെ യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കളെക്കുറിച്ചും അവിടെ നിന്ന് കടത്തപ്പെടുന്ന കോടികളെക്കുറിച്ചുമാണ്. യജുര്‍ മന്ദിരത്തില്‍ നിന്ന് ലഭിച്ചതെല്ലാം സത്യസായി ബാബക്ക് സംഭാവനയായി ലഭിച്ചതാണെന്ന് കരുതാം. നേരിട്ട് വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തിയിരുന്നില്ല എന്നതുകൊണ്ട് ആ വഴിക്ക് ധനസമ്പാദം സത്യസായി  ബാബക്ക് സാധിക്കില്ലല്ലോ. 


ബാബക്ക് സംഭാവനയായി ലഭിക്കുന്ന പണമാണ് സത്യസായിയുടെ പേരിലുള്ള വിവിധ ട്രസ്റ്റുകളുടെ മൂലധനമമെന്നും അതുപയോഗിച്ചാണ് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത് എന്നുമാണ് ട്രസ്റ്റുകളുടെ ഭാരവാഹികള്‍ വിശദീകരിക്കുന്നത്. സത്യസായിക്ക് സംഭാവനയായി ലഭിക്കുന്നത് ട്രസ്റ്റുകളിലേക്ക് മുതല്‍ക്കൂട്ടുകയും അത് വിവിധ ജനക്ഷേമ പരിപാടികള്‍ക്കായി ചെലവഴിക്കുകയും ചെയ്യപ്പെടുന്നുവെന്നാണ് ഈ വിശദീകരണത്തിലൂടെ മനസ്സിലാകുക. അങ്ങനെയെങ്കില്‍ ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളില്‍ പറയുന്ന 11.56 കോടി രൂപ ഈച്ചപോലും കടക്കാതെ കാത്തിരുന്ന യജുര്‍ മന്ദിരത്തിന്റെ ചുവരലമാരകളില്‍ ഈ ആള്‍ദൈവം അട്ടിയിട്ട് സൂക്ഷിച്ചത് എന്തിനാണ്? 98 കിലോ സ്വര്‍ണവും 317 കിലോ വെള്ളിയും രഹസ്യമായി സൂക്ഷിച്ചത് എന്തിനാണ്? ഇങ്ങനെ രഹസ്യമായി പണം സൂക്ഷിക്കുന്നത് നിയമവിധേയമാണോ? 


സത്യസായി ബാബക്ക് സംഭാവനമായി ലഭിക്കുന്ന പണത്തിന് ആദായ നികുതി ഒഴിവാക്കിക്കൊടുത്തിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. കണക്കിലേറെപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന വ്യക്തമായ തെളിവ് ലഭിച്ചാല്‍ പോലും സത്യസായി ബാബ ജീവച്ചിരിക്കെ, പ്രശാന്തി നിലയത്തിലോ യജുര്‍ മന്ദിരത്തിലോ തിരച്ചില്‍ നടത്താന്‍ ഇന്ത്യാ മഹാരാജ്യത്തിലെ ഒരു ഏജന്‍സിയും തയ്യാറാകുമായിരുന്നില്ല. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ വന്ന് നമ്രശിരസ്‌കരരായി നില്‍ക്കുന്ന സംവിധമായിരുന്നു അത്. ഇനിയൊരുപക്ഷേ, ബാബയെ സംസ്‌കരിച്ച സ്ഥലത്തുയരുന്ന സ്മാരകത്തിന് മുന്നില്‍പ്പോലും ഇവരെത്തി തൊഴുതു നില്‍ക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും ഇത്രമാത്രം സ്വത്ത് തീര്‍ത്തും രഹസ്യമായി സൂക്ഷിക്കാന്‍ ഈ ആള്‍ദൈവം നിശ്ചയിച്ചത് എന്തുകൊണ്ടായിരിക്കും? 


സംഭാവനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നത് കൊണ്ടാണ് അതിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഇക്കാണായ പണവും സ്വര്‍ണവും വെള്ളിയും രത്‌നങ്ങളും വജ്രങ്ങളും യാതൊതു വിധ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടി ചെലവാക്കാന്‍ സത്യസായി ബാബ തയ്യാറായിരുന്നില്ല എന്ന് ഇപ്പോള്‍ വ്യക്തമാണ്. അതായത് ഒരിറ്റ് വിയര്‍പ്പ് പോലും വീഴ്ത്താതെ ലഭിച്ച വലിയ സമ്പത്ത് സംഭാവനയുടെ കണക്കില്‍പ്പോലും പെടുത്താതെ സൂക്ഷിച്ചിരുന്നു സായിബാബ.  ഇത് കള്ളപ്പണമല്ലാതെ മറ്റെന്താണ്? വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ച പണത്തിന് 18 പേരില്‍ നിന്ന് നികുതിയും പിഴയും ഈടാക്കിയതുപോലെ ഇവിടെയും നടപടി സ്വീകരിക്കുമോ കേന്ദ്ര സര്‍ക്കാറും അതിന് കീഴിലുള്ള ആദായ നികുതി വകുപ്പും! ആലംബഹീനര്‍ക്ക് അത്താണിയൊരുക്കാന്‍ വിനിയോഗിക്കുമെന്ന വിശ്വാസത്തില്‍ അനുയായികള്‍ നല്‍കിയ വലിയ സമ്പത്ത് അതിന് ചെലവഴിക്കാതെ സ്വന്തം അറയില്‍ ഒളിപ്പിച്ചുസൂക്ഷിച്ചത് വിശ്വാസവഞ്ചനയല്ലേ? വിശ്വാസവഞ്ചനക്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമോ നമ്മുടെ ഭരണകൂടം? 


എവിടെ നിന്നാണ് ഇത്രയും ധനം യജുര്‍ മന്ദിരത്തിലേക്ക് എത്തിയത് എന്നതിന് എന്തെങ്കിലും രേഖകളുണ്ടോ എന്ന് പരിശോധിച്ച് ദാതാക്കളാരൊക്കെ എന്ന് പരസ്യപ്പെടുത്തുകയെങ്കിലും വേണം. ട്രസ്റ്റിലേക്ക് കൈമാറിയിരുന്നില്ല എന്നത് കൊണ്ടുതന്നെ ഈ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രശാന്തി നിലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് രശീത് ട്രസ്റ്റ് ഭാരവാഹികളെ ഏല്‍പ്പിക്കാനാണ് നമ്മുടെ അധികാരികള്‍ തീരുമാനിച്ചത്. ഇതിലൊന്നും ബാബ രാംദേവിനോ ബി ജെ പിക്കോ പ്രയാസം തോന്നാന്‍ ഇടയില്ല. സായിബാബയുടെ 'സമ്പാദ്യ'മായി മാത്രമേ അവരൊക്കെ ഇതിനെ കാണാന്‍ ഇടയുള്ളൂ. യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്തതിന് പിറകെ പുട്ടപര്‍ത്തിയില്‍ നിന്ന് കോടികള്‍ പുറത്തേക്ക് ഒഴുകുന്നുവെന്നാണ് തുടര്‍ന്നുള്ള വാര്‍ത്തകള്‍. എവിടെ നിന്നാണ് ഈ കോടികള്‍? എവിടേക്കാണ് ഇതൊക്കെ കൊണ്ടുപോകുന്നത്? ആര്‍ക്കും ചോദ്യങ്ങളില്ല, ആര്‍ക്കും ഉത്തരങ്ങള്‍ ആവശ്യവുമില്ല. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച പി എന്‍ ഭവഗതിയെപ്പോലുള്ളവരുടെ മേല്‍നോട്ടമുള്ളപ്പോഴാണ് ഇത്തരം കള്ള ഇടപാടുകള്‍ നടക്കുന്നത് എന്നത് സംഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാറില്‍ കടത്തിയ 35.5 ലക്ഷവും ബസ്സില്‍ കടത്തിയ അഞ്ച് കോടി രൂപയും മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ. ഇതിലുമെത്രയധികം ഇവിടെ നിന്ന് കടത്തിക്കൊണ്ട് പോയിട്ടുണ്ടാകും. പണം മാത്രമാകുമോ കടത്തിയിട്ടുണ്ടാകുക? 


പുട്ടപര്‍ത്തിയിലും രാജ്യത്തെ ഇതര ഭാഗങ്ങളിലും ഭൂമി ഇടപാടുകള്‍ ധാരാളം നടത്തിയിട്ടുണ്ട് സത്യസായി ട്രസ്റ്റ്. അയ്യായിരം കോടിയിലേറെ രൂപയുടെ ഭൂമി പുട്ടപര്‍ത്തിയുടെ പരിസരത്ത് ഉണ്ടെന്ന് സത്യസായി ബാബ ഏതാനും വര്‍ഷം മുമ്പ് പറഞ്ഞതായി അടുത്ത ഒരു അനുയായി വെളിപ്പെടുത്തിയിരുന്നു. ബാബയുടെ പേരില്‍, അല്ലെങ്കില്‍ അറിവോടെ ബിനാമിയായി നടത്തിയ ഭൂമി ഇടപാടുകള്‍ എത്രയുണ്ടാകും? ബാബ മരിച്ച് രണ്ട് മാസത്തോളമായിട്ടും യജുര്‍ മന്ദിരം തുറക്കാത്തത് ദുരൂഹമാണെന്ന തോതില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ യജുര്‍ മന്ദിരത്തിനകത്ത് എന്താണുള്ളത് എന്നത് കൗതുകത്തോടെ വലിയൊരു വിഭാഗം ശ്രദ്ധിച്ചിരുന്നു, ചുരുങ്ങിയത് സത്യസായിയുടെ അനുയായികളെങ്കിലും. ഇത്തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് സൂക്ഷ്മമായി വീക്ഷിക്കപ്പെടുന്നതിനിടെയാണ് ലക്ഷങ്ങളും കോടികളും കടത്തിക്കൊണ്ടുപോയത്/പോകാന്‍ ശ്രമമുണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരമൊരു അവസ്ഥയില്‍ പണം കടത്താന്‍ ശ്രമിച്ചവര്‍ ഇതിലും വലിയ സൗകര്യം ലഭിച്ചിരുന്ന കാലത്ത് എത്രത്തോളം കടത്തിയിട്ടുണ്ടാകും.! 


സായിബാബയുടെ സമ്പത്തിന്റെയോ സംഭാവനയായി ലഭിച്ച പണത്തിന്റെയോ വിനിയോഗത്തെക്കുറിച്ചല്ല, മറിച്ച് നടക്കുന്ന പകല്‍ക്കൊള്ളയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രസക്തമാകുന്നത്. അതിന് നമ്മുടെ സര്‍ക്കാറുകള്‍ നടപടിയെടുക്കുമോയെന്നതും. 'മാധവ സേവ മാനവ' സേവയെന്ന് ഉദ്‌ഘോഷിച്ചും വായുവില്‍ നിന്ന് ഭസ്മവും ആഭരണവുമെടുക്കുന്ന ഇന്ദ്രജാലത്തിലൂടെ ആളുകളെ അമ്പരിപ്പിച്ചും വലിയ അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുത്ത സത്യസായിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നവരുടെ മനസ്സില്‍പ്പോലും പ്രകാശം പരത്താന്‍ സാധിച്ചില്ല എന്നത് കൂടി വ്യക്തമാകുകയാണ് ഇതിലൂടെ. 


സത്യസായിക്ക് അതൊന്നും ലക്ഷ്യമേ ആയിരുന്നില്ലെന്ന് യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത ഇതര വസ്തുക്കള്‍ സാക്ഷ്യം പറയും. ആള്‍ദൈവം സ്വന്തം ശരീരത്തില്‍ നിന്ന് വിവിധ തരത്തിലുള്ള സുഗന്ധം വമിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. അലമാരകളില്‍ ലോകോത്തരമായ സുഗന്ധ ദ്രവ്യങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിച്ചത് അതുകൊണ്ടാണല്ലോ. മുടിയുടെ സൗന്ദര്യത്തിലും ബദ്ധശ്രദ്ധനായിരുന്നു ആള്‍ദൈവം. ഹെയര്‍ സ്‌പ്രേകളുടെ ശേഖരം സാക്ഷി. സ്വര്‍ണം കെട്ടിച്ച വെള്ളിക്കട്ടിലിലുറങ്ങി, സ്വര്‍ണത്താമ്പാളങ്ങളില്‍ ഉണ്ട്, രത്‌നഖജിതമായ സ്വര്‍ണക്കുമ്പിളില്‍ നിന്ന് വെള്ളം കുടിച്ച് ജീവിക്കുകയും പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുവെന്ന ധാരണ ജനിപ്പിക്കുകയും ചെയത വൈരുധ്യാത്മക ആത്മീയവാദിക്ക്, ഉചിതരായ ശിഷ്യരെ ലഭിച്ചുവെന്ന് പരലോകത്തിരുന്ന് അഭിമാനിക്കാം. വ്യാജ പ്രതിച്ഛായയില്‍ മയങ്ങി ഭജനകള്‍ ആലപിക്കുന്നവര്‍ക്ക് അത് തുടരുകയും ചെയ്യാം. എന്തെന്നാല്‍ കള്ളപ്പണത്തെക്കുറിച്ചോ, കള്ളക്കടത്തിനെക്കുറിച്ചോ ആരും കൂടുതല്‍ അന്വേഷിക്കില്ല. ചക്കരക്കുടത്തില്‍ കൈയിടാന്‍ അവസരം ലഭിക്കാതെ നിരാശരായ ചില ട്രസ്റ്റ് അംഗങ്ങളോ പ്രശാന്തി നിലയം ഭാരവാഹികളോ ചോര്‍ത്തിക്കൊടുത്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പോലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കൂടി അവസരം കൊടുത്ത് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായ ട്രസ്റ്റ് അംഗങ്ങള്‍ കാര്യങ്ങള്‍ ഭംഗിയാക്കും. കാരണം അവര്‍ക്ക് മുന്നില്‍ പ്രശാന്തി നിലയത്തിലുയരുന്ന സ്മാരകം പൊന്‍മുട്ടയിടുന്ന താറാവായിട്ടുണ്ട്.