2014-11-06

ത്രിലോക്പുരികള്‍ ഉണ്ടാവുന്നത്...


കുപ്രസിദ്ധിക്ക് കുറവില്ലാത്ത ദേശമാണ് ഡല്‍ഹിയിലെ ത്രിലോക്പുരി. 1984 ഡിസംബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന് പിറകെ അരങ്ങേറിയ ആസൂത്രിതമായ സിഖ് വംശഹത്യയിലേക്ക് വലിയ 'സംഭാവന' നല്‍കിയ ദേശം. നാനൂറോളം സിഖുകാരെയാണ് ആ ദിനങ്ങളില്‍ ഇവിടെ ചുട്ടും വെട്ടിയും തള്ളിയത്. 30 കൊല്ലം പൂര്‍ത്തിയായി, നൃശംസത നടമാടിയ ആ നാളുകള്‍ക്ക്. ഉത്തരവാദികളെ കണ്ടെത്തി, നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനോ ആ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്കോ ആയില്ല. വെട്ടാനും ചുടാനും മുന്നിട്ടിറങ്ങിയവരെയും അവര്‍ക്ക് നേതൃത്വം നല്‍കിയവരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറവേതുമുണ്ടായതുമില്ല. കൊലയും കൊള്ളിവെപ്പും കൊള്ളയും നടത്താന്‍ തെരുവിലിറങ്ങിയ അക്രമികള്‍ക്കൊക്കെ വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കാഴ്ചക്കാരായി നിന്നിരുന്നു അക്കാലത്തെ പോലീസ് സംവിധാനം. എല്ലാറ്റിനെക്കുറിച്ചും അന്വേഷണങ്ങള്‍ പലതുണ്ടായി. ജുഡീഷ്യല്‍ അന്വേഷണങ്ങളും പലത്. പക്ഷേ, നീതിനിര്‍വഹണമെന്നത് മാത്രം ഉണ്ടായില്ല. ഒരു ക്ഷമാപണമോ മൂന്ന് ദശകം പിന്നിടുമ്പോള്‍ പ്രഖ്യാപിക്കുന്ന ചില ലക്ഷങ്ങളുടെ നഷ്ടപരിഹാരമോ സിഖ് ജനതയുടെ മനസ്സിലുണ്ടാക്കിയ മുറിവ് ഉണക്കാന്‍ പര്യാപ്തമല്ല.


ത്രിലോക്പുരി ഇപ്പോള്‍ വാര്‍ത്തകളിലേക്ക് എത്തുന്നത് മറ്റൊരു സംഘര്‍ഷത്തിന്റെ പേരിലാണ്. ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ചിലരെ ജീവച്ഛവങ്ങളാക്കി, ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമത്തിന്റെ പേരില്‍ ഏതാനും പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. സംഘര്‍ഷത്തിന് അയവുണ്ടാകുകയും സൈ്വരജീവിതം ഉറപ്പാക്കാന്‍ സമുദായഭേദമില്ലാതെ ആളുകള്‍ രംഗത്തെത്തുകയും ചെയ്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്.


 കഴിഞ്ഞ ദീപാവലിക്ക് തലേന്ന് ആരംഭിച്ച സംഘര്‍ഷം, മാധ്യമങ്ങള്‍ വലിയതോതില്‍ വാര്‍ത്തയാക്കിയിരുന്നില്ല. സംഘര്‍ഷങ്ങളെക്കുറിച്ച് തത്സമയ വിവരണം നടത്തി ഇതര ഭാഗങ്ങളെക്കൂടി ഭീതിയുടെയോ സംഘര്‍ഷത്തിന്റെയോ നിഴലിലാക്കേണ്ടതില്ലെന്ന തീരുമാനം നല്ലത് തന്നെ. സംഘര്‍ഷമടങ്ങിയ ശേഷവും അതിന്റെ കാര്യകാരണങ്ങള്‍ വലിയതോതില്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്തില്ല. സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ത്? അത് തടയുന്നതിന് ഡല്‍ഹി പോലീസ് ഉചിതമായ സമയത്ത് കാര്യക്ഷമമായി ഇടപെട്ടോ? തുടങ്ങിയ കാര്യങ്ങളില്‍ ചില മാധ്യമങ്ങള്‍ മാത്രം താത്പര്യം പ്രകടിപ്പിച്ചു. എന്തായാലും പ്രത്യക്ഷത്തിലുള്ള സംഘര്‍ഷം അടങ്ങിയ ശേഷം, ത്രിലോക്പുരിയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ചെറിയൊരു വാക്കുതര്‍ക്കം പോലും  സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിലേക്കും വളരാന്‍ പാകത്തില്‍ വര്‍ഗീയമായി ഉത്സുകമായിരിക്കുന്നു സമൂഹമെന്നതാണ് ത്രിലോക്പുരി നല്‍കുന്ന സന്ദേശം. ഡല്‍ഹിയില്‍ വേറൊരിടത്ത്, ഒരു വിഭാഗത്തിന്റെ ഘോഷയാത്ര, മറ്റൊരു വിഭാഗം പാര്‍ക്കുന്ന പ്രദേശത്തുകൂടെ പോകാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കപ്പെടുമ്പോള്‍ ത്രിലോക്പുരി ഒറ്റപ്പെട്ടതല്ലെന്ന് മനസ്സിലാകുന്നു.


ഉത്തര്‍പ്രദേശിലെ മീററ്റില്‍ 'ലവ് ജിഹാദ്' അരങ്ങേറിയെന്നാരോപിച്ച് സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതും അത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വളര്‍ന്നതും അടുത്തിടെയാണ്. മദ്‌റസയില്‍ അധ്യാപികയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും മതം മാറുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു ആക്ഷേപം. ഇതാണ് 'ലവ് ജിഹാദ്' വ്യാപകമായി അരങ്ങേറുന്നുവെന്നതിന് തെളിവായി സംഘ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവുമൊടുവില്‍ ആരോപണങ്ങളൊക്കെ നിഷേധിച്ച് യുവതി രംഗത്ത് വരികയും തന്നെ വീട്ടുതടങ്കലിലാക്കിയ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും രാഷ്ട്രീയബന്ധമുള്ള ബന്ധുവിന്റെ പ്രേരണ മൂലമാണ് മുന്‍പ് പരാതി നല്‍കിയത് എന്ന് തുറന്ന് പറയുകയും ചെയ്തു. യുവതിയുടെ പരാതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു, ഉത്തര്‍ പ്രദേശ് പോലീസ്. മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ന്യൂനപക്ഷങ്ങളോട് കാട്ടുന്ന ചായ്‌വിന്റെ ഭാഗമായി, അഖിലേഷ് യാദവ് സര്‍ക്കാറിന്റെ പോലീസ് പക്ഷപാതം കാട്ടുന്നുവെന്നായിരുന്നു അന്ന് സംഘ് പരിവാര്‍ ആക്ഷേപിച്ചിരുന്നത്. യുവതി പുതുതായി പറഞ്ഞ കാര്യങ്ങള്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. പോലീസ് സംവിധാനം, പതിവിന് വിരുദ്ധമായി വസ്തുതക്കൊപ്പം നിന്നിട്ടും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച്, ജനങ്ങളില്‍ സംശയം വളര്‍ത്താനും അതിന്റെ ലാഭമെടുക്കാനും സംഘ് പരിവാറിന് സാധിച്ചു.


പേരില്‍ സംസ്ഥാനമാണെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍ക്കൊള്ളുന്ന മേഖലയുടെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഡല്‍ഹി പോലീസിന്റെ അലംഭാവമോ കൃത്യനിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയോ ത്രിലോക്പുരിയെ അക്രമങ്ങളിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം. അലംഭാവവും കൃത്യനിര്‍വഹണത്തിലെ വീഴ്ചയും മനഃപൂര്‍വമുണ്ടായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഏതാനും ദിവസത്തെ ഭരണത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനോടാണ് യോജിപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമായതും പോലീസിന്റെ അലംഭാവവും കൃത്യനിര്‍വഹണ വീഴ്ച ഉണ്ടായതും.


ദീപാവലി ആഘോഷത്തിനൊരുക്കിയ വേദി മറ്റൊരു വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് തടയാകുമോ എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്. ഈ തര്‍ക്കം പ്രദേശത്തെ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. തര്‍ക്കത്തെക്കുറിച്ചും അത് പരിധിവിട്ട് വളരാനുള്ള സാധ്യതയെക്കുറിച്ചും പോലീസിന് വിവരം നല്‍കുകയും ചെയ്തിരുന്നു. പോലീസ് പക്ഷേ, സംഘര്‍ഷം വളരുംവരെ നോക്കി നിന്നു. ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ച ബി ജെ പി നേതാവ് തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് എത്തുന്നത് തടയാന്‍ പോലീസ് ശ്രമിച്ചില്ല. ഉത്തര്‍ പ്രദേശിലെ മഹാപഞ്ചായത്തില്‍ ബി ജെ പിയുടെ എം എല്‍ എമാര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം ഏതളവിലാണ് കാര്യങ്ങളെ മാറ്റിമറിച്ചത് എന്നറിയാത്തവരല്ല ഡല്‍ഹിയിലെ പോലീസുകാര്‍. അതേക്കുറിച്ച് നടക്കുന്ന അന്വേഷണത്തെക്കുറിച്ചും അറിയാത്തവരല്ല. എന്നിട്ടും തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് ബി ജെ പി നേതാവ് പോകുന്നത് തടയാന്‍ ഡല്‍ഹി പോലീസ് ശ്രമിച്ചില്ല എന്നത്, വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുന്നതിനാലല്ല, മറിച്ച് തങ്ങളെ നിയന്ത്രിക്കുന്ന നേതാക്കളുടെ ഇംഗിതം അനുസരിക്കുക എന്നതാണ് ജോലി എന്ന തിരിച്ചറിവിലേക്കെത്തിയതിന്റെ ഫലമാണ്. ഇവരുടെ മുന്‍ഗാമികള്‍ 1984ലെ സിഖ് വംശഹത്യാ കാലത്ത് കാട്ടിയ വിധേയത്വം പുതിയ മേധാവികളോട് കാട്ടുന്നുവെന്ന് മാത്രം.


2002ലെ വംശഹത്യാകാലത്ത് ഗുജറാത്തിലെ പോലീസ് കാട്ടിയതും അതേ വിധേയത്വമായിരുന്നു. രണ്ട് സംഭവങ്ങളിലും അക്രമികള്‍ക്ക് വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കാന്‍ ഭരണനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. 1984ലെയോ 2002ലെയോ പോലെ ത്രിലോക്പുരി വളര്‍ന്നില്ലെങ്കിലും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ച് കൊടുക്കണമെന്ന സന്ദേശം പോലീസ് മേധാവികളിലെത്തിയോ എന്ന് സംശയിക്കണം. അതല്ലാതെ സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പോലീസിനെ തടയുന്ന മറ്റൊന്നുമുണ്ടായിട്ടില്ല തന്നെ.
മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഏറെക്കുറെ തീരുമാനമായപ്പോഴാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമാകുന്നത്. ഒരു സമുദായത്തിന്റെ ഘോഷയാത്ര, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകൂടി പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് ഉറപ്പായ സമയത്താണ്. ഈ പ്രഖ്യാപനത്തിന് പിന്തുണയുമായി ബി ജെ പിയുടെയും സംഘ് പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ഉടന്‍ രംഗത്തുവരികയും ചെയ്യുന്നു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസോ ബി ജെ പിയോ തമ്മില്‍ ഭേദമില്ലെന്ന പ്രചാരണം ജനങ്ങളിലെത്തിച്ചാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകാനിടയുള്ള വോട്ടുകള്‍ക്ക് തടയിടേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. അതിന്  ഏറ്റവും എളുപ്പമുള്ള മാര്‍ഗം വര്‍ഗീയമായ ചേരിതിരിവ് സാധ്യമാക്കുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍, പിന്നാക്ക ദളിത് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സംഘര്‍ഷമുണ്ടായ ത്രിലോക്പുരിയിലെ ജന സംഖ്യയില്‍ വലിയൊരു വിഭാഗം പിന്നാക്ക, ദളിത് വിഭാഗങ്ങളാണെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സംഘ് പരിവാരത്തിന്റെ അജന്‍ഡ വ്യക്തമാകും.


വര്‍ഗീയ, വംശീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക മുതലെടുപ്പിനുള്ള ശ്രമം എക്കാലത്തുമുണ്ടായിരുന്നു. 1984ല്‍ ചുട്ടും വെട്ടിയും സിഖുകാരെ ഇല്ലാതാക്കുമ്പോള്‍ ഡല്‍ഹിയുടെ കമ്പോളത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്ന സമുദായത്തെ അതില്‍ നിന്ന് പുറന്തള്ളുക എന്നത് കൂടിയായിരുന്നു ഉദ്ദേശ്യം. ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും സിഖ് വംശജര്‍ വലിയതോതില്‍ പിന്‍വാങ്ങുന്ന കാഴ്ച പിന്നീട് കണ്ടു. അവരൊക്കെ എങ്ങോട്ടുപോയെന്നത് ഇപ്പോഴും അവ്യക്തമാണ്. ത്രിലോക്പുരിയില്‍ ഇപ്പോള്‍ സംഘര്‍ഷമരങ്ങേറുന്നതിന് പിറകില്‍ അത്തരമൊരു അജന്‍ഡകൂടിയുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഡല്‍ഹി മെട്രോയുടെ ഒരു സ്റ്റേഷന്‍ ത്രിലോക്പുരിയില്‍ വരാന്‍ പോകുകയാണ്. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള നിലമായി ത്രിലോക്പുരി മാറും. 1984 നവംബറിലെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം ശേഷിക്കുന്ന സിഖുകാരും ദളിത്, പിന്നാക്ക വിഭാഗങ്ങളും ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ തയ്യാറായാല്‍ പിന്നെ കൊയ്ത്താണ് തങ്ങള്‍ക്കെന്ന് കരുതുന്നു, റിയല്‍ എസ്റ്റേറ്റ് ലോബി. അവര്‍ക്ക് എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാനാകുന്നത് അധികാരനേട്ടത്തിന് വേണ്ടി വര്‍ഗീയവിഭജനം സാധ്യമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ്. അത്തരം ശ്രമങ്ങള്‍ ഡല്‍ഹിയില്‍ ഇനിയുമുണ്ടാകുമെന്ന് തന്നെ കരുതണം. അതാണ് പുതിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചന.
വംശഹത്യാനന്തര ഗുജറാത്ത്, ചങ്ങാത്ത മുതലാളിത്തത്തിന് ഗുണകരമാകുന്ന നയങ്ങള്‍ വളരുന്ന മണ്ണായിരുന്നു. സംഘര്‍ഷങ്ങളും ചങ്ങാത്ത മുതലാളിത്തവും ചേര്‍ന്ന് വളരുന്ന കാലത്തേക്ക് രാജ്യത്തെ നയിക്കാന്‍ ഒരുങ്ങുകയാകണം പുതിയ സര്‍ക്കാര്‍. അതിന്റെ പരീക്ഷണങ്ങളുടെ ടെസ്റ്റ് ഡോസാണോ ത്രിലോക്പുരി?

2014-11-03

എന്നെ വിശ്വസിക്കൂ, എന്നെ മാത്രം!



''എന്നെ വിശ്വസിക്കൂ, വിദേശ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം മുഴുവന്‍ ഞാന്‍ തിരികെക്കൊണ്ടുവരും. അതിനുള്ള ശരിയായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്'' - അമേരിക്കയുടെ പ്രസിഡന്റുമാരുടെ പാത പിന്തുടര്‍ന്ന് റേഡിയോ പ്രഭാഷണങ്ങള്‍ ആരംഭിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിവ. അതിസൂക്ഷ്മമായ ശബ്ദ നിയന്ത്രണത്തോടെ, വികാരതീവ്രമായാണ് കള്ളപ്പണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എം ബി ഷായുടെ നേതൃത്വത്തിലൊരു പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു, അധികാരമേറ്റയുടന്‍ മോദി സര്‍ക്കാര്‍. ഇതിനപ്പുറത്ത് എന്തെങ്കിലും ഇവ്വിഷയത്തില്‍ ചെയ്തതായി അറിവില്ല. പിന്നെ ചെയ്തത്, യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിക്കിട്ടിയ പട്ടികയിലെ മൂന്ന് പേരുകള്‍ പരസ്യപ്പെടുത്തിയതാണ്. ബാക്കി പേരുകള്‍ പരസ്യപ്പെടുത്താത്തതിനെന്ത് തടസ്സമെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍, പട്ടിക മുദ്രവെച്ച കവറില്‍ (പരസ്യപ്പെടുത്തരുതെന്ന അപേക്ഷ സഹിതം) സമര്‍പ്പിക്കുകയും ചെയ്തു. ഈ പട്ടിക, എം ബി ഷാ അധ്യക്ഷനായ കമ്മിറ്റിക്ക് സുപ്രീം കോടതി കൈമാറി. നേരത്തെ ലഭിച്ചതിനപ്പുറത്തൊന്നും പുതുതായി കിട്ടിയിട്ടില്ലെന്നും ഇതുവെച്ച് എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും ഷാ പറയുകയും ചെയ്തു. അതിന് ശേഷമാണ് കള്ളപ്പണത്തെക്കുറിച്ച് വികാര തീവ്രമായി പ്രധാനമന്ത്രി പ്രസംഗിച്ചത്.


കണക്കില്‍പ്പെടാത്തതോ നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതോ ആയ പണം ലീക്‌റ്റെന്‍സ്റ്റീനിലെ ബേങ്കുകളില്‍ സൂക്ഷിച്ച പതിനെട്ട് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ജര്‍മനിയാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിയത്. ഇങ്ങനെ കൈമാറിക്കിട്ടിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ പരമാവധി യത്‌നിച്ചിരുന്നു മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. പട്ടികയിലുള്ളവരില്‍ നിന്ന് നികുതിയും പിഴയുമീടാക്കാന്‍ നടപടി സ്വീകരിച്ചെന്നാണ് അന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്. കാലമിത്രയായ സ്ഥിതിക്ക് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അവരുടെ പേരുകളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണക്കാരുടെ കാര്യത്തില്‍ ശബ്ദത്തില്‍ കാട്ടുന്ന വികാരവും ആത്മാര്‍ഥതയും സത്യസന്ധമാണെങ്കില്‍ ആ പേരുകളെങ്കിലും മോദി സര്‍ക്കാര്‍ പുറത്തുവിടേണ്ടതല്ലേ? നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ സമ്പാദിച്ച കോടികള്‍ സ്വിസ് ബേങ്കില്‍ സൂക്ഷിച്ചുവെന്നും രാജ്യത്തെ പ്രമുഖ നേതാക്കളടക്കമുള്ളവരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും ആരോപിക്കപ്പെടുന്ന ഹസന്‍ അലി ഖാനെക്കുറിച്ചും കാശിനാഥ് തിപുരിയയെയും കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയിട്ട് കച്ചിത്തുരുമ്പ് പോലും ഇതുവരെ കിട്ടിയിട്ടില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ 'എന്നെ വിശ്വസിക്കൂ' എന്ന 'പ്രധാന സേവക'ന്റെ വാക്കുകളെ എങ്ങനെ വിശ്വസിക്കും?


എം ബി ഷാ കമ്മിറ്റിയും മറ്റ് കാക്കത്തൊള്ളായിരം ഏജന്‍സികളും ചേര്‍ന്ന് കാര്യക്ഷമമായി അന്വേഷിക്കുമെന്നും കള്ളപ്പണക്കാരെ കണ്ടെത്തുമെന്നും ആ പണം മുഴുവന്‍ രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും അതുവഴി 'പ്രധാന സേവക'ന്റെ വാഗ്ദാനം പാലിക്കപ്പെടുമെന്നും പ്രതീക്ഷിക്കുക. അക്കാലത്തിനിടെ രാജ്യത്ത് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടില്ലെന്ന് ഉറപ്പ് പറയാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുമോ? അവശ്യവസ്തുക്കളുള്‍പ്പെടെ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് സമ്പാദിക്കുന്ന അമിതലാഭം കള്ളപ്പണ സൃഷ്ടിയുടെ ഒരു വഴിയാണ്. അങ്ങനെ പൂഴ്ത്തിവെക്കുന്നവരുടെ പട്ടികയില്‍ ആരൊക്കെയുണ്ടാകും? ചില്ലറ വില്‍പ്പന മേഖലയിലേക്ക് പ്രവേശിക്കുകയും ചെറു ശൃംഖലയകളെയാകെ വിഴുങ്ങി വളരുകയും ചെയ്യുന്ന ആഭ്യന്തര കുത്തകകള്‍ ഇത്തരത്തില്‍ 'ലാഭ'മുണ്ടാക്കുന്നത് തടയാന്‍ നടപടിയെടുക്കുമോ 'പ്രധാന സേവകന്‍'? ഇത്തരക്കാര്‍ സൗജന്യമായി വിട്ടുകൊടുത്ത ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളും കൂടി ഉപയോഗിച്ച് രാജ്യത്താകെ പറന്നുനടന്ന് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്ക് ചെറുവിരല്‍ ചലിപ്പിക്കാനാകില്ലെന്ന് കറകളഞ്ഞ സംഘ് പരിവാറുകാര്‍ പോലും സമ്മതിക്കും.


സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സഹായകമായ പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ രീതിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കപ്പെട്ടത് 2.22 ലക്ഷം കോടിയാണെന്നാണ് ഏകദേശ കണക്ക്. ഇത്തരത്തില്‍ വിപണിയിലേക്ക് എത്തുന്ന പണത്തില്‍ പകുതിയിലേറെ കള്ളപ്പണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പത്തെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ 'പ്രധാന സേവകന്' ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി പിന്‍വലിച്ച് കള്ളപ്പണത്തിന്റെ ഒഴുക്കും ആ ഒഴുക്കിലൂടെയുള്ള വെളുപ്പിച്ചെടുക്കലും അവസാനിപ്പിക്കാന്‍ സാധിക്കുമോ മോദി സര്‍ക്കാറിന്?


ഉത്പാദിപ്പിക്കപ്പെടുന്ന കള്ളപ്പണം വിദേശബേങ്കുകളില്‍ സൂക്ഷിക്കുക മാത്രമല്ല, വെളുപ്പിച്ച് രാജ്യത്ത് മടക്കിയെത്തിക്കുക കൂടി ചെയ്യുന്നുണ്ട്. മൗറീഷ്യസിലോ സിംഗപ്പൂരിലോ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്, അത്തരം കമ്പനികളിലൂടെ ഇന്ത്യയിലെ കമ്പനിയിലേക്ക് നിക്ഷേപം നടത്തുകയാണ് ഒരു രീതി. ക്രിക്കറ്റ് വ്യവസായത്തിലെ പ്രധാന ഉത്പന്നങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴി ഐ പി എല്‍ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് പണമെത്തി എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിട്ട് കൊല്ലം പലതായി. അന്വേഷണം എവിടെയെങ്കിലും എത്തിയതായോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരം ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തതായോ വിവരമില്ല. വികാര തീവ്രമായ ശബ്ദത്തില്‍ കള്ളപ്പണത്തെക്കുറിച്ച് പ്രസംഗിക്കുന്ന 'പ്രധാന സേവകന്‍' ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ? ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്നതിനാല്‍ ഈ രംഗത്തെ കളികളെക്കുറിച്ച് അല്‍പ്പജ്ഞാനായാകാന്‍ ഇടയില്ല മോദി 'സാഹെബ്'. ഖനി, ഊര്‍ജം എന്ന് തുടങ്ങി ഇന്ത്യന്‍ കുത്തകകളും വിദേശ പങ്കാളികളും വ്യവഹരിക്കുന്ന ഏതാണ്ടെല്ലാ മേഖലയിലും ഇത്തരം നിക്ഷേപങ്ങളുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാനാകുമോ മോദി സര്‍ക്കാറിന്?


കര്‍ണാടകത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച റെഡ്ഢി സഹോദരന്‍മാര്‍, നിയമവിരുദ്ധമായി ഇരുമ്പയിര് കടത്തി കോടികള്‍ സമ്പാദിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നും അധികൃതമായും അനധികൃതമായും ഖനനം ചെയ്‌തെടുത്ത അയിര്, സ്വന്തം ഉടമസ്ഥതയില്‍ വിദേശത്തുള്ള കമ്പനിക്ക് നികുതി വെട്ടിച്ച് കുറഞ്ഞ വിലക്ക് വില്‍ക്കുകയാണ് ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍ ചെയ്തിരുന്നത്. വിദേശ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ കൂടിയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് റെഡ്ഢിമാര്‍ ഇപ്പോള്‍ കേസ് നേരിടുന്നത്. വിദേശത്ത് കമ്പനി തുറന്ന് നടത്തിയ കള്ളക്കച്ചവടത്തിന്റെ പേരില്‍ ഇവരെ നിയമത്തിന് മുന്നില്‍ നിര്‍ത്താനാകുമോ?


വൈ എസ് രാജശേഖര റെഡ്ഢി ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായിരിക്കെ ഹൈദരാബാദിലെയും പരിസര പ്രദേശങ്ങളിലെയും കണ്ണായ ഭൂമി വന്‍കിട കമ്പനികള്‍ക്ക് ചുളുവിലക്ക് കൈമാറാന്‍ അവസരമൊരുക്കിയതിന് പ്രതിഫലമായി കിട്ടിയ കോടികളുടെ പേരിലാണ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഇടപാടില്‍ കമ്പനികള്‍ക്കുണ്ടായ അനര്‍ഹമായ നേട്ടം കള്ളപ്പണത്തിന്റെ കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അങ്ങനെ രേഖപ്പെടുത്തി കമ്പനികള്‍ക്കെതിരെ നടപടി ആരംഭിക്കാന്‍ ഇച്ഛാശക്തിയുണ്ടാകുമോ മോദി സര്‍ക്കാറിന്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുട്ടിടിക്കും മോദി 'സാഹെബി'ന്. കാരണം അത്തരം ഇടപാടുകള്‍ക്കൊക്കെ അവസരം തുറന്ന് നല്‍കുന്ന നയമാണ് രാജ്യത്ത് വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ നയങ്ങളുടെ നടപ്പാക്കലിന്റെ വേഗം കൂട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പാകത്തിന് തൊഴില്‍ നിയമങ്ങളിലടക്കം കൂടുതല്‍ ഭേദഗതി വരുത്താനും. അതിനിടക്ക്, കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് വ്യവസായികള്‍ക്ക് പിറകെ എത്തിയാല്‍, 'മേക്ക് ഇന്‍ ഇന്ത്യ' വാചാടോപത്തിനിടയിലും താഴേക്ക് വളരുന്ന ഇന്ത്യന്‍ ഉത്പാദന - നിര്‍മാണ മേഖലയെ വീണ്ടും തളര്‍ത്തുകയാകും ഫലം. ജപ്പാനും അമേരിക്കയുമൊക്കെ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് ഒഴുകുമെന്ന് മോദി തന്നെ പ്രഖ്യാപിച്ച സഹസ്ര കോടികള്‍ (അവകാശവാദം ശരിയോ എന്നത് അഞ്ച് വര്‍ഷത്തിന് ശേഷമേ പരിശോധിക്കാനാകൂ) ഇങ്ങോട്ട് എത്താതിരിക്കുകയും ചെയ്യും.


 സ്വിറ്റ്‌സര്‍ലന്‍ഡിലെയോ ലീക്‌റ്റെന്‍സ്റ്റീനിലെയോ കേമാന്‍ ദ്വീപുകളിലെയോ ബേങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളും അവരുമായി നാഭീനാള ബന്ധം പുലര്‍ത്തുന്നവരുമാണ് രാജ്യത്തിന്റെ  സാമ്പത്തിക അധികാരം കൈയാളുന്നത്. അവര്‍ തന്നെയാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് എച്ച് എസ് ബി സി ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണം നേരിടുന്ന അംബാനിമാര്‍, നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പ്രഖ്യാപന വേദിയില്‍ വിശിഷ്ടാതിഥികളായത്. അധികാരവും ഭരണവും ഇവ്വിധമായിരിക്കുകയും നയ, നിയമങ്ങള്‍ അതിന് കൂടുതല്‍ യോജിച്ചതാക്കാന്‍ ശ്രമം നടക്കുകയും ചെയ്യുമ്പോള്‍ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ ഈ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. വികാരതീവ്രമായ ശബ്ദത്തില്‍ പ്രസംഗിക്കുകയും ദേശക്കൂറുള്ള നേതാവ്, പരമാധികാരിയായി ഇരിക്കുകയാണെന്ന വ്യാജബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും മാത്രമാണ് കരണീയമായുള്ളത്. അത് സമര്‍ഥമായി ചെയ്യുന്നുണ്ട് 'പ്രഥമ സേവകന്‍' എന്നതില്‍ സംശയം വേണ്ട. പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയിലും അതിന്റെ മുദ്ര കാണാം.


ഇതിനപ്പുറത്ത് നടക്കുന്ന പലതും ഈ ബഹളത്തില്‍ മുങ്ങിപ്പോകും. സംഘ അജന്‍ഡക്കനുസരിച്ച് ചരിത്രത്തെ മാറ്റിയെടുക്കുന്നതും ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ സംഘവത്കരിക്കുന്നതും പാഠപുസ്തകങ്ങളുടെ കാവിവത്കരണവുമൊക്കെ. അതിലേക്ക് ശ്രദ്ധതിരിക്കേണ്ട പ്രതിപക്ഷം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ് മോദിക്കും കൂട്ടര്‍ക്കും. അത് മനസ്സിലാക്കി തന്നെയാണ് കള്ളപ്പണത്തെക്കുറിച്ച് വികാരതീവ്രമായി 'പ്രധാന സേവകന്‍' സംസാരിക്കുന്നത്, 'എന്നെ വിശ്വസിക്കൂ' എന്ന് ആഹ്വാനം ചെയ്യുന്നത്.


2014-10-27

കേട്ടെഴുതാന്‍ വേണം 'ചൂലു'കള്‍


അങ്ങനെ നരേന്ദ്ര മോദി'ജി' മാധ്യമപ്രവര്‍ത്തകരെ കണ്ടു. അധികാരത്തില്‍ അര്‍ധവര്‍ഷം തികക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രവേശ കാര്‍ഡുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ 56 ഇഞ്ച് നെഞ്ചും അതിനൊപ്പം നെഞ്ചൂക്കുമുള്ള പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും തൊട്ടും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ മത്സരിച്ചും പുളകിതഗാത്രരായി. രാജ്യമാകെ ശുചീകരിക്കുക എന്ന ലക്ഷ്യത്തില്‍ (അധികാര സ്ഥാനത്തെത്തിയ നാള്‍ മുതല്‍ 'ശുചീകരണം' നരേന്ദ്ര മോദിയുടെ ഇഷ്ട വിഷയമാണ്) പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നമ്രശിരസ്സോടെ നന്ദിവാക്യം ചൊല്ലി പ്രധാനമന്ത്രി. പേന ചൂലാക്കിയതിലുള്ള തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും ചൂല് മഷിയില്‍ മുക്കി, പ്രതിച്ഛായാ വര്‍ണനം മികച്ചതാക്കിയതിനാണോ നന്ദി പ്രകടനമെന്ന ശങ്ക ബാക്കിയായി.


മോദിക്ക് മുമ്പ് പത്ത് വര്‍ഷം പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാര്യത്തിലുയര്‍ന്ന പ്രധാന വിമര്‍ശങ്ങളിലൊന്ന് അദ്ദേഹം മൗനം പാലിക്കുന്നുവെന്നതായിരുന്നു. പത്ത് വര്‍ഷത്തിനിടെ മാധ്യമങ്ങളുമായി മന്‍മോഹന്‍ സംസാരിച്ചത് നാലോ അഞ്ചോ തവണ മാത്രമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ആത്മവിശ്വാസക്കുറവുള്ളതുകൊണ്ടാണ് വിമുഖത കാട്ടിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണം നിയന്ത്രിക്കുന്നത് സോണിയാ കുടുംബമാണെന്നും അവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറത്ത് യാതൊന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ് മന്‍മോഹന്‍ നേരിട്ടുള്ള ആശയവിനിമയത്തിന് തയ്യാറാകാത്തതെന്നും വിമര്‍ശകപക്ഷത്തെ തീവ്രവാദികള്‍ കുറ്റപ്പെടുത്തിയിരുന്നു. മന്‍മോഹന്‍ സിംഗ് വേണ്ടുംവണ്ണം സംസാരിക്കാന്‍ സന്നദ്ധനാകാതിരുന്നത്, തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമായതാണെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പോലും പിന്നീട് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിലെ വിമുഖത മാത്രമായിരുന്നില്ല, അന്ന് പ്രതിപക്ഷ ബഞ്ചുകളിലെ ബഹള സാന്നിധ്യമായിരുന്ന ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലിമെന്റിലെ ഇരു സഭകളിലും മന്‍മോഹന്‍ മൗനസാന്നിധ്യമായിരുന്നുവെന്ന് അന്നവര്‍ കുറ്റപ്പെടുത്തി.


കാലവും കഥയും മാറി. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത നേതാവ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്നു. ഇങ്ങ് ശിവഗിരി മുതല്‍ അങ്ങ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ വരെ, ഒത്തുകൂടുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ മുഷ്ടികൊണ്ട് വായുവില്‍ ഇടിച്ചും 'ഭായിയോ ബഹനോ...' എന്ന് ആവര്‍ത്തിച്ചും മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണത്തിന് മുട്ടില്ലാത്തയാളാണ് സര്‍വാധികാരി. സ്വന്തം പാര്‍ട്ടിയിലുള്ള മാര്‍ഗനിര്‍ദേശക മണ്ഡലിലേക്ക് ഉയര്‍ത്തപ്പെട്ട നേതാക്കളും അല്ലാത്തവരും ചോദ്യങ്ങളുന്നയിക്കാന്‍ മടിക്കുന്ന ദേഹം. ആ മുഖത്തേക്കൊരു അപ്രിയചോദ്യമുന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരുണത്തില്‍ ത്രാണിയുണ്ടാവില്ലെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. എന്നിട്ടും മാധ്യമപ്രവര്‍ത്തകരുമായുള്ള ആദ്യത്തെ 'ചായ് പേ ചര്‍ച്ച' (ചായ സത്കാര സംഭാഷണം) അഞ്ച് മിനുട്ടോളമേ നീണ്ടുള്ളൂ. അതിലാണ് പേന, ചൂലാക്കിയ മാധ്യമപ്രവര്‍ത്തനത്തെ ഭവാന്‍ മുക്തകണ്ഠം പ്രശംസിച്ചത്. ചോദ്യോത്തര കലാപരിപാടിക്ക് പ്രധാനമന്ത്രി താത്പര്യം കാട്ടിയില്ല. തന്റെ വാക്കുകള്‍ ഉപസംഹരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി. അല്‍പ്പം കുശലം. തരംകിട്ടിയവരൊക്കെ ചിത്രങ്ങളെടുത്തു. ആദ്യ മാധ്യമ സമ്പര്‍ക്ക പരിപാടി സമ്പൂര്‍ണ വിജയമായതിന്റെ ആഹ്ലാദം ബാക്കിയായി.


ഡോ. മന്‍മോഹന്‍ സിംഗിന് തന്റെ രണ്ടാമൂഴത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്നതിന് മനഃക്ലേശമുണ്ടാകുക സ്വാഭാവികം. ശത, സഹസ്ര, ലക്ഷം കോടികളുടെ അഴിമതി ആരോപണങ്ങള്‍ തരാതരം പോലെ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പിന്തുടര്‍ന്നതിന്റെ ഉപോത്പന്നമായ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരുന്നു. അഴിമതിയില്‍ മന്‍മോഹന്‍ സിംഗിന് നേരിട്ട് പങ്കാളിത്തമുണ്ടെന്നും പലകാരണങ്ങളാല്‍ അഴിമതിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു അദ്ദേഹമെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു. 56 ഇഞ്ച് വലുപ്പമുള്ള നെഞ്ചോ അതിനുതക്ക നെഞ്ചൂക്കോ ഇല്ലാത്തതുകൊണ്ടും വായുവില്‍ മുഷ്ടിക്കിടിച്ച്, ഞാനെന്ന ഭാവം പാര്‍ട്ടിയിലും പുറത്തും സ്ഥാപിച്ചെടുക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടും ചോദ്യശരങ്ങളാല്‍ ഭവാനെ വലക്കാന്‍ തയ്യാറെടുത്തിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്തായാലും അത് തന്നെയും സര്‍ക്കാറിനെയും അതുവഴി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു മന്‍മോഹന്. എന്നിട്ടും ടെലികോം അഴിമതി ആരോപണം കത്തിനിന്ന കാലത്ത്, മന്‍മോഹന്‍ മാധ്യമങ്ങളെ കണ്ടു, ചോദ്യങ്ങള്‍ അനുവദിച്ചു, അതിന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറയാവുന്ന പരിമിതിക്കുള്ളില്‍ നിന്ന് മറുപടി പറയുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളാലൊന്നും ചൂഴ്ന്ന് നില്‍ക്കാഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ വിളിച്ചതല്ലേ, രണ്ട് ചോദ്യത്തിന് അവസരം നല്‍കിയേക്കാമെന്ന് മോദി'ജി' വിചാരിക്കാതിരുന്നതിന് കാരണമെന്താകും?


പതിമൂന്ന് കൊല്ലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്കാലത്ത് മാധ്യമങ്ങളോട് പുലര്‍ത്തിയിരുന്ന സമീപനം ഡല്‍ഹിയിലും തുടരുന്നുവെന്ന് തന്നെ കരുതണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്ന രീതി മലയാളികള്‍ കണ്ട് പരിചയിച്ചതാണ്. മോദിയുടെ കാലത്ത് ഗുജറാത്തില്‍ മന്ത്രിസഭ ചേര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തീരുമാനങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പ് ലഭിക്കും. ചോദ്യോത്തരങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ സാധ്യതയില്ലാത്ത വാര്‍ത്താക്കുറിപ്പ്. ഇതിലെന്തെങ്കിലും സംശയം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുകയും മന്ത്രിസഭയിലെ ഏതെങ്കിലും അംഗങ്ങളെ വിളിച്ച് ചോദിക്കുകയും ചെയ്താല്‍ എല്ലാം 'മോദി സാബി'ന്റെ ഓഫീസില്‍ ചോദിക്കൂ എന്ന മറുപടി ലഭിക്കും. കാര്യങ്ങളൊക്കെ വാര്‍ത്താക്കുറിപ്പായി നല്‍കിയിട്ടുണ്ടല്ലോ എന്ന മറുപടി 'മോദി സാബി'ന്റെ ഓഫീസ് നല്‍കുകയും ചെയ്യും.


സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളുടെ പ്രചാരണത്തിനുള്ള ഉപാധി എന്ന നിലക്കാണ് മോദി മാധ്യമങ്ങളെ കണ്ടിരുന്നത്. വംശഹത്യയുടെയോ വ്യാജ ഏറ്റുമുട്ടലുകളുടെയോ പേരില്‍ വിമര്‍ശമുന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും എതിരാളികളായും. രണ്ട് ഗണത്തില്‍പ്പെട്ടവരോടും വലിയ വര്‍ത്തമാനത്തിന്റെ ആവശ്യമില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു അദ്ദേഹം, ആ രീതി പിന്തുടരാന്‍ പാര്‍ട്ടിയിലെ നേതാക്കളെയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും പ്രേരിപ്പിക്കുകയും ചെയ്തു. ഏത് വകുപ്പിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനമെടുക്കുകയും അക്കാര്യം വകുപ്പ് മന്ത്രി അറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നുവെന്നതിനാല്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കൊന്നും പ്രേരണക്ക് വശംവദരായി മൗനം പാലിക്കുന്നതില്‍ പ്രത്യേകിച്ചൊരു അസ്വസ്ഥത ഉണ്ടായതുമില്ല. വാവിനും സംക്രാന്തിക്കുമൊക്കെ നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു അന്നും. തനിക്ക് പറയാനുള്ളത് പറയും, കേട്ടെഴുത്ത് തൃപ്തികരമായി പൂര്‍ത്തിയായെന്ന് തോന്നുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യും. ചോദ്യങ്ങള്‍ക്ക് അവസരം പതിവില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.


ഡല്‍ഹിയിലെ ഇരിപ്പിടത്തിലേക്ക് മാറിയപ്പോള്‍ ഗുജറാത്തിലെ ശീലങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മോദി'ജി' ചെയ്യുന്നത്. മാധ്യമ സമ്പര്‍ക്കം വേണ്ടെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. തലപ്പൊക്കം നഷ്ടപ്പെട്ടില്ലെന്ന് തെറ്റിദ്ധരിക്കുന്ന രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയുമൊക്കെ വിലക്ക് ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചുപോകുന്നതൊഴിച്ചാല്‍, നിര്‍ദേശം പാലിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയിലും മാഡിസണ്‍ സ്‌ക്വയറിലുമൊക്കെ പ്രസംഗിക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോയപ്പോള്‍ മന്ത്രിമാരില്‍ ചിലര്‍ തിരക്കിട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത് അതുകൊണ്ടാണ്. പാര്‍ട്ടി ഓഫീസില്‍ പ്രതിദിനം നടന്നിരുന്ന വാര്‍ത്താ സമ്മേളനവും വേണ്ടെന്നുവെക്കാന്‍ മോദിയുടെ നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പാര്‍ട്ടി ഓഫീസിലെ വാര്‍ത്താ സമ്മേളനങ്ങളുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്. പൊതുവിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്ന ബി ജെ പി നേതാക്കള്‍ ഇപ്പോഴും കുറവല്ല. അവരും ട്വിറ്ററിലേക്കും ഫേസ്ബൂക്കിലേക്കും വൈകാതെ മാറുമെന്ന് തന്നെ കരുതണം. പ്രതികരണം അതുവഴി മതിയെന്നാണ് മോദി'ജി'യുടെ നിര്‍ദേശം.


ഇതൊക്കെ നടക്കുന്നതിനിടെ ഗുജറാത്തിലേത് പോലെ വാവിനും സംക്രാന്തിക്കും മാധ്യമ സമ്പര്‍ക്കം നടത്തും പ്രധാനമന്ത്രി. അതിന്റെ ഡ്രസ് റിഹേഴ്‌സലാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. അദ്ദേഹം വന്നു, വേദിയിലിരുന്നു, പറയാനുള്ളത് പറഞ്ഞു, കാര്യപരിപാടി അവസാനിപ്പിച്ചു. ചോദ്യങ്ങളുന്നയിക്കാനോ ചോദ്യങ്ങളുന്നയിക്കാന്‍ അവസരം വേണമെന്ന് പറയാനോ ആരെങ്കിലും തയ്യാറുണ്ടോ എന്ന് പരീക്ഷിച്ചു. ഇല്ലെന്ന് ബോധ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ തനിക്ക് പറയാനുള്ളത് കേട്ടെഴുതാനായി (ഗുജറാത്ത് മാതൃക) അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വിളിക്കും. കേട്ടെഴുത്ത് തൃപ്തികരമെന്ന് ബോധ്യം വരുമ്പോള്‍ പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്യും. പ്രധാനമന്ത്രിയാല്‍ വിളിക്കപ്പെടാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടെഴുതാനും അവസരം ലഭിക്കുന്നതില്‍ പുളകിതഗാത്രരായി അവര്‍ മടങ്ങുകയും ചെയ്യും. അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, വെള്ളമാവശ്യപ്പെടുകയും അത് കുടിച്ചിട്ടും പരവേശമടങ്ങാതിരിക്കുകയും ചെയ്തപ്പോള്‍ അഭിമുഖമവസാനിപ്പിച്ച് ഇറങ്ങിപ്പോയതിന്റെ ഓര്‍മയുണ്ട് ഈ ഛത്രപതിക്ക്. അത്തരം സംഗതികള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹം തീരെയില്ലതാനും. അതുകൊണ്ട് കൂടിയാണ് മാധ്യമ സമ്പര്‍ക്കം ഇവ്വിധം സംവിധാനം ചെയ്യുന്നത്.


അര്‍ധവര്‍ഷത്തേക്ക് കടക്കുമ്പോള്‍ കണക്കെടുത്താല്‍, മോദി'ജി'യുടെ പ്രചാരണം വേണ്ടത്ര നിര്‍വഹിക്കപ്പെടുന്നുണ്ട്. അതിന് പാകത്തില്‍ ആസൂത്രണ, നടത്തിപ്പ് ഭംഗിയാക്കുന്നുമുണ്ട് അദ്ദേഹം. സ്വച്ഛ ഭാരത് മുതല്‍ ആദര്‍ശ് ഗ്രാമം വരെയുള്ള പദ്ധതികള്‍ മാത്രം മതി ഉദാഹരണത്തിന്. ഡീസലിന്റെ വില നിയന്ത്രണം നീക്കിയ ഗൗരവമേറിയ വാര്‍ത്തയുണ്ടാകുമ്പോള്‍ ഡീസല്‍ വില കുറച്ചതിനെ (ഏതാണ്ട് ഒരുമാസത്തോളം കൊള്ളലാഭമെടുത്ത ശേഷമാണ് കുറച്ചത് എന്നത് വിഴുങ്ങിക്കൊണ്ട്) വലിയ വാര്‍ത്തയാക്കി പിന്തുണ നല്‍കുന്നുമുണ്ട് മാധ്യമങ്ങള്‍. പ്രചാരണത്തിന് ഉപയോഗപ്പെടുന്നവ ഏതെന്നും അതിന്റെ ഉപകരണങ്ങളാരെന്നും അറിഞ്ഞ് തന്നെ പെരുമാറും മോദി'ജി' എന്ന് പ്രതീക്ഷിക്കാം. അടുത്ത മാധ്യമ സമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കാം.. പ്രധാനമന്ത്രി പദം ഭാരിച്ച ചുമതലയാണ്. രാവിലെ എട്ട് മുതല്‍ രാത്രി വൈകുവോളം ഓഫീസില്‍ ചെലവിടുകയും താനല്ലാതാരും തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ബന്ധമുണ്ടാകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെക്കാളും അപൂര്‍വമായേ മാധ്യമ സമ്പര്‍ക്കമുണ്ടാകാന്‍ തരമുള്ളൂ.

2014-10-20

തഴമ്പ് തടവുന്നവരോട്


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ കോണ്‍ഗ്രസ് ഒരു പരീക്ഷണം നടത്തി. പ്രായേണ ദുര്‍ബലമായ സംഘടനാ സംവിധാനവും ശോഷിച്ച ജനപിന്തുണയും കണക്കിലെടുക്കാതെ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ 40ല്‍ രണ്ട് എന്നതായിരുന്നു സ്‌കോര്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ ജയം നേടിയപ്പോള്‍ ബീഹാര്‍ വീണ്ടുമൊരു പരീക്ഷണത്തിന് വേദിയായി. നിയമസഭയിലെ പത്ത് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദളും ജനതാദളും (യുനൈറ്റഡ്) കോണ്‍ഗ്രസും എന്‍ സി പിയും സഖ്യമായി നിന്നു. പത്തില്‍ ആറ് സീറ്റില്‍ ജയമുണ്ടായി. ഈ രണ്ട് പരീക്ഷണങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്  തുടരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇതിന് സമാനമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കണം. തിരഞ്ഞെടുപ്പിലേല്‍ക്കുന്ന പരാജയങ്ങള്‍ വേഗത്തില്‍ മറക്കുകയും ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് (കെ കരുണാകരനോട് കടപ്പാട്) തടവിനോക്കി, ദേശീയ പാര്‍ട്ടിയെന്ന വലുപ്പം ഇതര പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയുമാണ് കോണ്‍ഗ്രസിന്റെ പതിവ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം പിന്തുടരുന്ന ശരത് പവാറിന്റെ എന്‍ സി പി മഹാരാഷ്ട്രയില്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തടവി നോക്കുക കൂടി ചെയ്തപ്പോള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. ചതുഷ്‌കോണ മത്സരത്തില്‍ ബി ജെ പി ഒന്നാമതും ശിവസേന രണ്ടാമതുമെത്തുമ്പോള്‍ മറാത്തമണ്ണ്, ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് തീറെഴുതിയതിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിനും എന്‍ സി പിക്കും അവകാശപ്പെടാം.


മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി കൂട്ടുകക്ഷി ഭരണം പതിനഞ്ചാണ്ട് പിന്നിട്ടതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷമായി ഭരിക്കുന്നു. ഭരണത്തിനെതിരായ വികാരം രണ്ടിടത്തുമുണ്ടാകുക സ്വാഭാവികം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും യു പി എയെയും  പിന്തുടര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ രണ്ട് സംസ്ഥാനങ്ങളിലും മറ്റ് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഇതുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം ചെറുതല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാനായെന്നത് ബി ജെ പിക്കും സംഘ്പരിവാറിന്റെ ഇതരഘടകങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുയുടെയുമൊക്കെ നേതാക്കള്‍ക്ക് അറിയാവുന്നതാണ്. എന്നിട്ടും നിലവിലുള്ള സഖ്യം തകരാതെ നോക്കാനും പരുക്കിന്റെ ആഴം കുറക്കാനും അവര്‍ ശ്രമിച്ചതേയില്ല. മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും വഴിപിരിയാന്‍ തീരുമാനിക്കുകയും പരസ്പരം പഴിചാരുകയും ചെയ്തത്തിന് ശേഷമാണ് 15 വര്‍ഷം നീണ്ട സഖ്യമുപേക്ഷിക്കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും നിശ്ചയിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. സഖ്യം നിലനിര്‍ത്താന്‍ ദേശീയ നേതൃത്വം ഏതെങ്കിലും വിധത്തില്‍ ശ്രമിച്ചതായും കണ്ടില്ല.


ശിവസേനാ - ബി ജെ പി സഖ്യം തകര്‍ന്നതിന് തൊട്ടുപിറകെ കോണ്‍ഗ്രസ് - എന്‍ സി പി ബന്ധം പിരിഞ്ഞതിന് പിറകില്‍ കരുനീക്കങ്ങള്‍ വേറെയുണ്ടായിരുന്നുവെന്ന വാദം അന്നുയര്‍ന്നിരുന്നു. കോഴിയാണോ മുട്ടയാണോ മൂത്തത് എന്ന് ഈ തിരഞ്ഞെടുപ്പോടെ തീരുമാനിക്കപ്പെടുമെന്നും ഫലമറിയുമ്പോഴുണ്ടാകുന്ന, ആര്‍ക്കും ഭുരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മൂത്തതെന്ന തെളിഞ്ഞവര്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നൊക്കെയായിരുന്നു കണക്ക് കൂട്ടല്‍. ആ കണക്ക് കൂട്ടലില്‍ അഭിരമിച്ചപ്പോഴാണ് മുന്‍ചൊന്ന വസ്തുനിഷ്ഠ ഭൗതിക സാഹചര്യങ്ങള്‍ മറന്നുപോയത്. ആരാണ് സഖ്യം തകര്‍ത്തത് എന്നതില്‍ എന്‍ സി പിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയം.


അപ്പുറത്ത്, ബി ജെ പിയുടെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായിരുന്നു. നിക്ഷേപം പാഴാകാതെ നോക്കുന്ന വ്യവസായികളുടെ സൂക്ഷ്മതയോടെ. രാജ് താക്കറെ പുറത്ത് പോയി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്ക് രൂപം നല്‍കുകയും ബാല്‍ താക്കറെ മരിക്കുകയും ചെയ്തതോടെ ശിവസേന ദുര്‍ബലമായെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വം സേനയെ കൂടുതല്‍ ദൗര്‍ബല്യത്തിലേക്കാണ് നയിക്കുക എന്നും ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞു. രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടി, പ്രാദേശിക പാര്‍ട്ടിയുടെ സഖ്യകക്ഷിയാകേണ്ടെന്നും തീരുമാനിച്ചു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ലോക്‌സഭാ  തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത്, വിജയ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങള്‍ മനസ്സിലാക്കി, ഒറ്റക്ക് മത്സരിച്ചാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുനീങ്ങി. എതിര്‍ പാളയം പ്രതിരോധത്തിലാണെന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അതിനൊപ്പവും തുടര്‍ന്നും ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത വര്‍ഗീയ അന്തരീക്ഷവും പ്രയോജനപ്പെടുമെന്ന ഉറപ്പും അവര്‍ക്കുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ അക്കങ്ങളില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.


വലിയ സംസ്ഥാനം, വ്യവസായ തലസ്ഥാനമായ മുംബൈ ഉള്‍ക്കൊള്ളുന്ന ദേശം, രാഷ്ട്രീയത്തേക്കാളുപരി പണം നിയന്ത്രിക്കുന്ന ചതുഷ്‌കോണ മത്സരം നടന്ന ഇടം എന്നീ നിലകളില്‍ മഹാരാഷ്ട്രയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനങ്ങളിലും മഹാരാഷ്ട്രക്ക് പ്രഥമ സ്ഥാനം ലഭിക്കുന്നു. പക്ഷേ, ഹരിയാനയിലെ ഫലമാണ് ബി ജെ പിയെ സംബന്ധിച്ചും ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ചും കൂടുതല്‍ പ്രധാനമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രം വിജയിച്ച ബി ജെ പി, ഇവിടെ ഒറ്റക്ക് അധികാരത്തിലെത്തിയിരിക്കുന്നു. കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടരാക്കിയപ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഹരിയാന രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, ഹരിയാന ജനഹിത് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ അപ്രസക്തരുമാക്കി എന്നതാണ് ബി ജെ പിയുടെ നേട്ടം.


അത്രയൊന്നും വേരോട്ടമില്ലാത്ത മണ്ണില്‍ വേഗത്തില്‍ സ്വാധീനമുറപ്പിക്കാന്‍ തങ്ങള്‍ക്കായെന്ന് തെളിയിക്കുകയാണ് ബി ജെ പി, ഹരിയാനയില്‍. ഇത് ബി ജെ പിക്ക് ഇനിയും സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്കുള്ള സന്ദേശമാണ്. ബി ജെ പിയിലേക്ക് ചായാന്‍ മടിയില്ലാത്ത, എന്നാല്‍ അധികാരത്തിലേക്കുള്ള സാധ്യതകള്‍ വിരളമായതുകൊണ്ട് മാത്രം വോട്ടിംഗ് യന്ത്രത്തില്‍ അവരെ തുണക്കാത്ത ജനവിഭാഗങ്ങള്‍ക്ക് കൂടിയുള്ള സന്ദേശം. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയും ആന്ധ്രാപ്രദേശ് മുതല്‍ അസം വരെയുമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഹരിയാന ചൂണ്ടിക്കാട്ടാന്‍ ഇനി ഇവര്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന്റെ സ്വാധീനം കുറക്കുന്നതിനൊപ്പം പ്രാദേശികപാര്‍ട്ടികളെ ഇല്ലാതാക്കുക എന്നത് കൂടിയാണ് രാജ്യത്തെല്ലായിടത്തേക്കുമുള്ള പടര്‍ച്ചക്ക് വേണ്ടത് എന്ന് ബി ജെ പി നേരത്തെ, മനസ്സിലാക്കിയിട്ടുണ്ട്.


വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി ജെ പിക്ക് അധികാരം നേടിക്കൊടുക്കുന്നതിലും നിഷേധിക്കുന്നതിലും പ്രാദേശിക പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ല. കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭിച്ച കേവല ഭൂരിപക്ഷം, 2016ലെ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നേടിയെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. (നിലവില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബി ജെ പിയെ എത്തിച്ചതില്‍ ശിവസേന, അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി എന്ന് തുടങ്ങി വിവിധ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പങ്കുണ്ട്) സ്വന്തം കാലില്‍ നില്‍ക്കാറായെന്ന് ബോധ്യം വന്നിടത്തൊക്കെ പ്രാദേശിക കക്ഷികളുടെ പ്രാധാന്യം കുറക്കുകയോ അവരില്‍ നിന്ന് വേറിട്ട് സ്വവലുപ്പം സ്ഥാപിച്ചെടുക്കുകയോ ചെയ്യും ആ പാര്‍ട്ടി. ബീഹാറില്‍ ജെ ഡി (യു) യുമായി സഖ്യമുണ്ടാക്കി, ആ പാര്‍ട്ടിയേക്കാള്‍ വലുതായതു പോലെ, ബി ജെ ഡിയുമായി സഖ്യമുണ്ടാക്കി ഒഡിഷയില്‍ വേരുകളുണ്ടാക്കിയതു പോലെ, ജനതാദളു (സെക്യുലര്‍) മായി സഖ്യമുണ്ടാക്കി കര്‍ണാടകത്തില്‍ ഒറ്റക്ക് അധികാരത്തിലെത്തിയത് പോലെ, ആന്ധ്രയില്‍ ടി ഡി പിയെ ഉപയോഗപ്പെടുത്തി വളരാന്‍ ശ്രമിക്കും. പഞ്ചാബില്‍ അകാലിദളിന്റെ ചിറകിന് കീഴില്‍ നിന്ന് മാറാന്‍ ശ്രമിക്കും. അതിന്റെ തിരനോട്ടമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ആ പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഹരിയാനയിലെ അനുഭവം സഹായിച്ചേക്കും.


കോണ്‍ഗ്രസില്ലാത്ത ഇന്ത്യ എന്നതായിരുന്നു ലോക് സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന്. മഹാരാഷ്ട്ര, ഹരിയാന ഫലങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസില്ലാത്ത ഇന്ത്യയിലേക്ക് ഒരു ചുവടുകൂടി അടുത്തുവെന്നാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഭരണനേതൃത്വത്തിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം മാത്രമാണ് ഈ വാക്കുകളില്‍ മോദിയും അമിത് ഷായും ഉദ്ദേശിക്കുന്നത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് പേര് മാത്രമായി മാറിയിരിക്കുന്നുവെന്നത് വസ്തുതയാണ്. പക്ഷേ, എല്ലായിടത്തും അങ്ങനെയായിക്കൊള്ളണമെന്നില്ലെന്ന് രാജസ്ഥാനിലും ഗുജറാത്തിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളോ പ്രാദേശിക - ഭാഷാ വികാരങ്ങളെ ആവാഹിച്ച് വളര്‍ന്ന പാര്‍ട്ടികളോ ആണ് കോണ്‍ഗ്രസിന്റെ മേധാവിത്തം മിക്കവാറുമിടങ്ങളില്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അവശിഷ്ട സാന്നിധ്യമല്ല, ഈ പാര്‍ട്ടികളുടെ സ്വാധീനമാണ് ഭാവിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയെന്ന് സംഘ് പരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി മുന്നില്‍ നിര്‍ത്തുമ്പോള്‍ പോലും ലക്ഷ്യം ഇത്തരം പാര്‍ട്ടികളാണ്. അവരെ വിഘടിപ്പിക്കുക, അവരുടെ വോട്ട് ബാങ്കില്‍ കടന്ന് കയറുക എന്നതൊക്കെയാണ് ലാക്ക്. ശിവസേനയെ പിണക്കിപ്പോലും മഹാരാഷ്ട്രയിലെ ചെറിയ ഘടകകക്ഷികള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ ആ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന സാമുദായിക വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക ബി ജെ പിയുടെ ഉദ്ദേശ്യമായിരുന്നു. അത് ഫലം കണ്ടുവെന്ന് കൂടിയാണ് മറാത്ത മണ്ണിലെ കണക്കുകള്‍ പറഞ്ഞുതരുന്നത്.


ഏവര്‍ക്കും മനസ്സിലാകുന്ന ലക്ഷ്യങ്ങളും അത് പ്രാവര്‍ത്തികമാക്കിയെടുക്കുന്നതിന് സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ? ഇല്ല എന്ന ഉത്തരമാണ് മഹാരാഷ്ട്രയും ഹരിയാനയും നല്‍കുന്നത്. ഇന്ന് കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന് ബി ജെ പിയുടെ ആഗ്രഹം സാധ്യമാക്കിയെങ്കില്‍ നാളെ നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കാശ്മീര്‍ പി ഡി പിയും കോണ്‍ഗ്രസും ചേര്‍ന്ന് ജമ്മു കാശ്മീരില്‍ അത് സാധിച്ചുകൊടുക്കും.  ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വിവിധ ഭാഗങ്ങളും കോണ്‍ഗ്രസും ആര്‍ ജെ ഡിയുമൊക്കെ ചേര്‍ന്ന് ഝാര്‍ഖണ്ഡിലും. അതിന് ശേഷവും മതനിരപേക്ഷ ശക്തികളുടെ ഏകീകരണമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാനാത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ഘോഷിക്കുകയും ചെയ്യും. അപ്പോഴാണ് നരേന്ദ്ര മോദിമാരുടെയും അമിത് ഷാമാരുടെയും നിക്ഷേപം നൂറ് മേനി പൊലിക്കുക.