ഡോ. മന്‍മോഹന്‍ സിംഗ്, പി ചിദംബരം എന്നിവരില്‍ നിന്ന് താന്‍ എങ്ങനെ വ്യത്യസ്‌തനാകുന്നു എന്ന് തെളിയിക്കുന്നതാണ് പ്രണാബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച രണ്ടാം യു പി എ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും റെയില്‍വേ ബജറ്റും മുന്നോട്ടുവെച്ച സര്‍വതന്ത്ര സ്വകാര്യവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും പാതയില്‍ നിന്ന് ഒരു പരിധിവരെ മാറി നടക്കുകയാണ് പ്രണാബ് മുഖര്‍ജി ചെയ്‌തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വികാരം ഉള്‍ക്കൊണ്ടതാവാം ഇതിന് കാരണം. ഇതേ പാത വരും വര്‍ഷങ്ങളില്‍ തുടരുമോ എന്നത് വ്യക്തമല്ല. പക്ഷേ, ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ഏതളവില്‍ ബാധിച്ചേക്കാമെന്ന് മനസ്സിലാക്കി പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായിരിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതിന് നിശ്ചിതമായ ഒരു രീതി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. 51 ശതമാനം ഓഹരി സര്‍ക്കാറില്‍ നിലനിര്‍ത്തി, ബാക്കി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളിത്തം നല്‍കാതെ ഓഹരി വില്‍ക്കാനും അതിലൂടെ വരുമാനം ഉണ്ടാക്കാനുമാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ഇത് ഇതുവരെ തുടര്‍ന്നുവന്ന ഓഹരി വിറ്റഴിക്കല്‍ രീതികളില്‍ നിന്നുള്ള മാറ്റമായി കാണേണ്ടിവരും.
രാജ്യത്തിന്റെ ധനക്കമ്മിയും വരുമാനക്കമ്മിയും ഉയരുന്നത് ഗുരുതരമായ സാമ്പത്തിക പ്രശ്‌നമായി വിലയിരുത്തിക്കൊണ്ടുള്ള ധനകാര്യ മാനേജ്‌മെന്റാണ് സാമ്പത്തിക പരിഷ്‌കാര നടപടികളുടെ വക്താക്കളായ ചിദംബരം അടക്കമുള്ള മന്ത്രിമാര്‍ പിന്തുടര്‍ന്നിരുന്നത്. ഇതില്‍ നിന്ന് മാറിനില്‍ക്കുന്നു പ്രണാബ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 6.8 ശതമാനമായി ധനക്കമ്മി ഉയരുമെന്നു ധനമന്ത്രി പ്രഖ്യാപിക്കുന്നു. ധനക്കമ്മി വര്‍ധിക്കുമെന്ന ന്യായം പറഞ്ഞ് സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവ് വെട്ടിച്ചുരുക്കുന്നില്ല.
വരുമാനക്കമ്മിയെക്കുറിച്ചും അദ്ദേഹം വ്യാകുലപ്പെടുന്നില്ല. പരോക്ഷ നികുതികളുടെ വര്‍ധനയിലൂടെ 2,000 കോടി രൂപ മാത്രമാണ് അധിക വരുമാനം ലക്ഷ്യമിടുന്നത്. ബജറ്റ് ചെലവ് പത്ത് ലക്ഷം കോടിയിലേറെയാണ്. ആകെ പ്രതീക്ഷിക്കുന്ന വരുമാനം ആറു ലക്ഷം കോടിയിലേറെ മാത്രം. അതായത് വലിയൊരു കമ്മി പ്രതീക്ഷിക്കുന്നുണ്ട്. ധനകാര്യ മാനേജ്‌മെന്റ് എന്നത് ഒരു സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുണ്ടാക്കേണ്ടതല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുണ്ടാക്കേണ്ടതാണെന്ന കാഴ്‌ചപ്പാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയില്‍ പ്രണാബിന് വിശ്വാസമുണ്ട്. വരുമാനക്കമ്മി വരും വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. അതിനാലാണ് വരുമാനക്കമ്മിയെക്കുറിച്ച് അദ്ദേഹം അത്രയധികം വ്യാകുലപ്പെടാത്തത് എന്ന് കരുതേണ്ടിവരും.
ആദ്യ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ക്ക് തുക നീക്കിവെക്കാന്‍ ഇടക്കാല ബജറ്റില്‍ ധനമന്ത്രി തയ്യാറായിരുന്നു. പക്ഷേ, അത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഏത് വിധത്തില്‍ ഉപയുക്തമാവുമെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. പൊതുബജറ്റില്‍ ഇത്തരം അവ്യക്തതകള്‍ നീങ്ങുന്നുണ്ട്. പ്രതിസന്ധിയുടെ ആഘാതം ഏറെ അനുഭവിക്കേണ്ടിവരിക തൊഴിലാളികളും സാധാരണക്കാരുമാണെന്ന തിരിച്ചറിവ് ബജറ്റ് നിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് അടിസ്ഥാനമായിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമീണ, നഗര മേഖലകളിലെ നിര്‍മാണ മേഖലക്ക് കൂടുതല്‍ തുക നീക്കിവെക്കാന്‍ പ്രണാബ് തയ്യാറായത്. ഭാരത് നിര്‍മാണ്‍ പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന തുക 49 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ്‍ പദ്ധതിയുടെ വിഹിതം 59 ശതമാനം വര്‍ധിപ്പിച്ചു. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിക്ക് 7000 കോടി രൂപ നീക്കിവെച്ചു. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായ ഇന്ദിരാ ആവാസ് യോജനക്ക് 63 ശതമാനം തുക അധികമായി അനുവദിച്ചു. ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്ക് 39,100 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 144 ശതമാനം അധികമാണ് ഈ തുക. പദ്ധതിയനുസരിച്ചുള്ള കുറഞ്ഞ കൂലി 100 രൂപയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി നടത്തി. ദേശീയപാതാ വികസനത്തിനുള്ള തുക 24 ശതമാനവും ജലസേചന പദ്ധതികളുടെ നിര്‍മാണത്തിനുള്ള തുകയില്‍ 75 ശതമാനവും വര്‍ധിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നഗര വികസന പദ്ധതിക്ക് 87 ശതമാനം അധിക വിഹിതമാണ് അനുവദിച്ചത്. ഇത്തരം നിര്‍ദേശങ്ങളെല്ലാം സാമ്പത്തിക വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള പരോക്ഷ നടപടികളായി കാണേണ്ടിവരും.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിന് ധന, ഊഹ, റിയല്‍ എസ്റ്റേറ്റ് വിപണികളെ സജീവമാക്കി നിര്‍ത്താനാണ് മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ ധനവിപണിയെ ഊര്‍ജസ്വലമാക്കാമെന്ന് ധനമന്ത്രി കണക്കു കൂട്ടുന്നു. ദേശീയപാതാ വികസനം, ജലസേചന പദ്ധതികളുടെ നിര്‍മാണം ത്വരിതപ്പെടുത്തല്‍, പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതി തുടങ്ങിയവക്ക് കൂടുതല്‍ പണം അനുവദിക്കുന്നതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ സംജാതമാകും. അത് ചെറുകിട, ഇടത്തരം വിപണികളില്‍ കൂടുതല്‍ പണം എത്തിക്കും. സമ്പന്ന വിഭാഗങ്ങള്‍ ആശ്രയിക്കുന്ന വന്‍കിട വിപണികളിലെ ധനമൊഴുക്കിനേക്കാള്‍ ഉപരി ചെറുകിട, ഇടത്തരം വിപണികളില്‍ പണമെത്തിക്കാനാണ് ധനമന്ത്രി ലക്ഷ്യമിട്ടത് എന്നത് പ്രധാനപ്പെട്ട ഒരു നയ വ്യതിയാനമായി കാണേണ്ടിവരും. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍മാണ മേഖലക്കുള്ള പങ്ക് ധനമന്ത്രി കുറച്ചു കാണുന്നില്ല. അതിനു കൂടി ലക്ഷ്യമിട്ടാണ് ഗ്രാമ, നഗര പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനായി ഇത്തരത്തില്‍ കൂടുതല്‍ പണം നീക്കിവെച്ചിരിക്കുന്നത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറായതും ഗ്രാമീണ മേഖലയെയും ഇടത്തരം നഗരങ്ങളെയും ലക്ഷ്യമിട്ടു തന്നെയാണ്.
കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുത്തനെയുണ്ടായ ഇടിവ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയില്‍ നാല് ശതമാനം വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക മേഖലയിലെ വായ്‌പക്കായി 3.25 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൃത്യമായ വായ്‌പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് പലിശ നിരക്ക് ഇളവ് ചെയ്യാനുള്ള നിര്‍ദേശവും ഈ മേഖലക്കു ഗുണകരമാണ്. പക്ഷേ, വളം സബ്‌സിഡിയുടെ രീതി മാറ്റാനുള്ള നിര്‍ദേശം ആശങ്ക ജനിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി ലഭ്യമാക്കാനാണ് പുതിയ നിര്‍ദേശം. കമ്പനികള്‍ സബ്‌സിഡി നിരക്കില്‍ വളം വിതരണം ചെയ്യുകയും സബ്‌സിഡി തുക കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്ന രീതി മാറും. അര്‍ഹരായ കര്‍ഷകര്‍ക്ക് മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്താനുള്ള ശ്രമത്തിന്റെ മുന്നോടിയായി വേണം ഈ നടപടിയെ കാണാന്‍.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം പട്ടിക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുമ്പോള്‍ തന്നെ അവരെ പ്രത്യേകം അഭിസംബോധന ചെയ്യാനും ബജറ്റ് ശ്രമിച്ചിരിക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ആയിരം ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത് ആദര്‍ശ ഗ്രാമങ്ങളായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഉദാഹരണം. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ വിഹിതം 1000 കോടിയില്‍ നിന്ന് 1,740 കോടിയായി ഉയര്‍ത്തി. ഇതില്‍ 994 കോടി രൂപ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരഞ്ഞെടുത്ത ജില്ലകളില്‍ ബഹുതല വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു മാത്രമുള്ളതാണ്. എല്ലാതരം വിദ്യാഭ്യാസ വായ്‌പകള്‍ക്കും പലിശ സബ്‌സിഡി നല്‍കാനുള്ള തീരുമാനവും സ്‌ത്രീകള്‍ക്ക് പ്രത്യേക സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചതും പൊതുവെ സ്വാഗതം ചെയ്യപ്പെടും.
വന്‍തോതിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വേഗത്തിലുള്ള ഉദാരവത്‌കരണത്തിനുമാണ് സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചിരുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആദായ നികുതി മാനദണ്ഡം പരിഷ്‌കരിക്കണമെന്ന് സര്‍വേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ആനുകൂല്യത്തിന് ധനമന്ത്രി തയ്യാറായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്ക് വ്യക്തമായ മാനദണ്ഡവും സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചിരുന്നു. ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തുക, ബേങ്കിംഗ്, ചില്ലറ വില്‍പ്പന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക എന്നീ നിര്‍ദേശങ്ങളും സാമ്പത്തിക സര്‍വേ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങളെ പാടേ തള്ളിക്കളയുകയാണ് പ്രണാബ് ചെയ്‌തത്. ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് രംഗം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന നയപരമായ പ്രഖ്യാപനം അദ്ദേഹം നടത്തുകയും ചെയ്‌തു.
ചെറിയൊരു പിന്‍നടത്തമാണ് പ്രണാബ് മുഖര്‍ജി നടത്തുന്നത് എന്നത് വ്യക്തമാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ മനസ്സിലാക്കാനാവും. ബേങ്കിംഗ് മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം 40 വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ബേങ്കിംഗ് മേഖലയെ ദേശസാത്‌കരിച്ചുകൊണ്ട് നടത്തിയ വിപ്ലവകരമായ പരിഷ്‌കാരത്തെ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ദിരാ ഗാന്ധി ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയ ഈ പരിഷ്‌കാരം മൂലമാണ് ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബേങ്കിംഗ് മേഖലയെ ബാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേങ്കിംഗ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ശ്രമിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മൂലമാണ് അന്ന് അത് നടക്കാതെ പോയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ബേങ്കിംഗ് മേഖലയെ ബാധിക്കാതിരുന്നത് നേരിട്ടുള്ള വിദേശ നിക്ഷേപത്തെ തങ്ങള്‍ എതിര്‍ത്തതുകൊണ്ടാണെന്ന് ഇടതുപക്ഷം അവകാശപ്പെടുകയും ചെയ്‌തിരുന്നു. ഈ വാദത്തെ സാധൂകരിക്കുന്നത് കൂടിയാണ് പ്രണാബിന്റെ പ്രഖ്യാപനം.
പടിഞ്ഞാറിന്റെ സമ്പദ്‌മേഖലയെ അന്ധമായി അനുകരിച്ചിരുന്ന ഒരു കാലത്തില്‍ നിന്ന് പരിഷ്‌കാരങ്ങളെ പൂര്‍ണമായി തള്ളിക്കളയാതെ, അടിസ്ഥാന പ്രശ്‌നങ്ങളെയും അടിസ്ഥാന ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കുന്ന ഒരു കാലത്തിലേക്ക് ചുവടുമാറ്റാനാണ് പ്രണാബ് ശ്രമിക്കുന്നത്. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന കോണ്‍ഗ്രസിന്റെ പഴയ സിദ്ധാന്തത്തിന്റെ ലാഞ്ചനകള്‍ ഈ ബജറ്റില്‍ കാണാനാകും. ഡോ. മന്‍മോഹന്‍ സിംഗിന്റെ അജന്‍ഡകളില്‍ നിന്ന് തെന്നിമാറുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അപ്രതീക്ഷിത നേട്ടത്തിന് ശേഷം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ഗ്രാമീണ അജന്‍ഡക്ക് പ്രാധാന്യം ലഭിക്കുകയാണ്. കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന അരിയിട്ടുവാഴ്‌ചക്കു കളമൊരുങ്ങുകയാണെന്നതാണ് ഈ ബജറ്റിന്റെ രാഷ്‌ട്രീയം. അതുകൊണ്ടുതന്നെ വരും ബജറ്റുകളില്‍ പ്രണാബ് സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ ഇതില്‍ നിന്ന് ഭിന്നമാകാന്‍ ഇടയില്ല.
No comments:
Post a Comment