2009-07-15

സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍


രാഷ്‌ട്രീയത്തിലെ പണത്തിന്റെ സ്വാധീനം അപകടരമാം വിധത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നത്‌ സമ്മതിക്കാത്തവരില്ല. പണം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടിയപ്പോള്‍ എം പിമാരെ വിലക്കുവാങ്ങുന്നതിന്‌ നല്‍കിയതെന്ന്‌ ആരോപിച്ച്‌ ബി ജെ പി അംഗങ്ങള്‍ ഒരു കോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ ചൊരിഞ്ഞത്‌ അവിശ്വസനീയതയോടെയാണ്‌ രാജ്യം കണ്ടുനിന്നത്‌. ഈ പണം എവിടെ നിന്ന്‌ വന്നു, ആര്‌ നല്‍കി, എം പിമാരെ വിലക്ക്‌ വാങ്ങാന്‍ യഥാര്‍ഥത്തില്‍ ശ്രമം നടന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ല. അതിന്‌ ഉത്തരം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും വേണ്ട. ഈ സംഭവത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചവരെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ കൂടുതല്‍ പണം കൈമാറി പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്‌ കരുതേണ്ടിവരും. രാഷ്‌ട്രീയത്തില്‍ പണത്തിന്റെ ആവശ്യകത കൂടി വരികയാണെന്ന്‌ മറ്റാര്‌ തിരിച്ചറിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ധനമന്ത്രി സ്ഥാനത്തേക്ക്‌ അവര്‍ നിയോഗിച്ച പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും തിരിച്ചറിയുന്നുണ്ട്‌.


രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നല്‍കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഇളവ്‌ നല്‍കാനുള്ള നിര്‍ദേശം ബജറ്റില്‍ മുഖര്‍ജി ഉള്‍ക്കൊള്ളിച്ചത്‌ അതുകൊണ്ടാണ്‌. പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തുള്ള ബി ജെ പിയോ സോഷ്യലിസ്റ്റ്‌ അജണ്ടയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടികളോ ഈ നിര്‍ദേശത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. സി പി എം പ്രതിനിധിയായി ബജറ്റ്‌ ചര്‍ച്ചയില്‍ സംസാരിച്ച കാസര്‍ക്കോട്‌ എം പി പി കരുണാകരന്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. സി പി എമ്മിന്റെ കേരളത്തിലെ നേതൃത്വം പണാധിപത്യത്തിന്‌ വഴിപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്ന വി എസ്‌ അച്യുതാനന്ദന്‍ പക്ഷം പ്രധാനമായി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിതാണ്‌. ഇതിനിടയിലും ബജറ്റ്‌ നിര്‍ദേശത്തെ എതിര്‍ക്കാന്‍ സി പി എം തയ്യാറാവുന്നുവെന്നതില്‍ കൗതുകം ദര്‍ശിക്കാം.



രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ഥാപനവത്‌കരിക്കപ്പെടുകയും ഏറെക്കുറെ കുത്തക കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലമാണിത്‌. പതിവ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്നെ കോടിക്കണക്കിന്‌ രൂപ പാര്‍ട്ടികള്‍ക്ക്‌ ആവശ്യമായി വരുന്നു. തിരഞ്ഞെടുപ്പുകളാവുമ്പോള്‍ ഈ കണക്ക്‌ ദശ കോടികളോ ശതകോടികളോ ആയി മാറും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി ചെലവഴിച്ചത്‌ 3,000 കോടിയാണെന്നാണ്‌ ഏകദേശ കണക്ക്‌. ഓരോ പാര്‍ലിമെന്റ്‌ മണ്ഡലത്തിലെയും പ്രവര്‍ത്തനത്തിന്‌ രണ്ട്‌ കോടി രൂപ വീതമാണ്‌ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റി നല്‍കിയത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. വടകര മണ്ഡലത്തിലേക്കുള്ള പണവുമായി വന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ട്രെയിനില്‍ ഉറങ്ങിപ്പോയതും 25 ലക്ഷം രൂപ കാണാതായതും കേരളത്തില്‍ അല്‍പ്പകാലം വിവാദമായിരുന്നു. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പണം 25 ലക്ഷമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ രണ്ട്‌ കോടി നല്‍കിയെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പരസ്യമായി സമ്മതിക്കാന്‍ കഴിയില്ല.


25 ലക്ഷം കാണാതായത്‌ സംബന്ധിച്ച്‌ കേസോ ഉത്തരവാദിയായ നേതാവിനെതിരെ നടപടിയോ ഉണ്ടാവാത്തതിന്റെ കാരണം അതാണ്‌. കാണാതായ പണത്തെക്കുറിച്ച്‌ പത്ര വാര്‍ത്തകള്‍ വന്നപ്പോള്‍ അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. ഈ പ്രശ്‌നം രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ പോലും തയ്യാറായില്ല എന്നത്‌ പണത്തിന്റെ ആധിപത്യത്തിന്‌ തെളിവുമാണ്‌.
ആകെയുള്ള 543ല്‍ 450ലേറ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചിരുന്നു. അതായത്‌ മണ്ഡലങ്ങളിലേക്ക്‌ മാത്രമായി 900 കോടി രൂപ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കി. സംസ്ഥാന നേതൃത്വങ്ങള്‍ നടത്തിയ ചെലവ്‌ പുറമെ. നേതാക്കളുടെ പര്യടനത്തിനും അതിന്റെ ക്രമീകരണങ്ങള്‍ക്കുമായി ചെലവിട്ട കോടികള്‍ വേറെ. ബി ജെ പിയും ഏതാണ്ട്‌ ഇതേ അളവില്‍ പണം ചെലവഴിച്ചിട്ടുണ്ട്‌. നിര്‍ണായക സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ചെലവ്‌ കുറച്ചിട്ടുണ്ടാവുമെന്ന്‌ മാത്രം. മറ്റ്‌ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ ചെലവഴിച്ചതുകൂടി കണക്കിലെടുക്കുമ്പോള്‍ തുക 3,000 കോടിയില്‍ നിന്നേക്കില്ല.


വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിലധികം പണം വേണ്ടിവരുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അറിയാം. അതിന്‌ വഴിയൊരുക്കുകയാണ്‌ പുതിയ ബജറ്റ്‌ നിര്‍ദേശത്തിലൂടെ പ്രണാബ്‌ മുഖര്‍ജി ചെയ്‌തിരിക്കുന്നത്‌. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ്‌ ബി ജെ പിയടക്കമുള്ള പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കാത്തതും.
പൊതുജനങ്ങളില്‍ നിന്ന്‌ രസീത്‌ നല്‍കി പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ച്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുക എന്ന രീതി അവസാനിച്ചിട്ട്‌ കാലമേറെയായി. വ്യവസായികളില്‍ നിന്നും മറ്റ്‌ വന്‍കിടക്കാരില്‍ നിന്നും വന്‍തുകകള്‍ സ്വീകരിക്കുകയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്‌. ഇതില്‍ കുറച്ച്‌ പണം ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുത്തതായി കാണിച്ച്‌ കണക്കൊപ്പിക്കും. ബാക്കി തുക കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ സൂക്ഷിക്കും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പണം കൈമാറുന്ന വ്യവസായികള്‍ക്ക്‌ നിയമാനുസൃതമായ ഇളവ്‌ അനുവദിക്കാനാണ്‌ പ്രണാബിന്റെ ബജറ്റ്‌ നിര്‍ദേശം. പാര്‍ട്ടികള്‍ക്ക്‌ സംഭാവനയായി നല്‍കുന്ന തുക ആദായനികുതിയും മറ്റും കണക്കാക്കുമ്പോള്‍ ഒഴിവാക്കും. കൂടുതല്‍ പണം സംഭാവനയായി നല്‍കാന്‍ വ്യവസായികളെയും മറ്റും പ്രേരിപ്പിക്കാനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സമ്പത്ത്‌ ഏറുമ്പോള്‍ പൊതുഖജനാവിലേക്ക്‌ നികുതി ഇനത്തില്‍ ലഭിക്കേണ്ട പണം നഷ്‌ടമാവും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവെക്കേണ്ട പണത്തില്‍ കുറവുണ്ടാവും. ഇത്തരത്തിലുണ്ടാവുന്ന കുറവുകള്‍ നികത്താന്‍ കൂടിയാണ്‌ പൊതമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതും കടമെടുക്കുന്നതും മറ്റും.



ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഇളവ്‌ കൊടുക്കുന്ന പതിവ്‌ നേരത്തെയുണ്ട്‌. അതുകൊണ്ട്‌ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും മറ്റും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സംഭാവനക്കായി പണം നീക്കിവെക്കുകയും ചെയ്‌തിരുന്നു. നാട്ടിലെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുമെന്നതിനാല്‍ ഈ ഇളവിന്‌ സാധൂകരണമുണ്ട്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സംഭാവന കൊടുക്കുമ്പോള്‍ ഇളവ്‌ ലഭിക്കുമെന്ന്‌ വന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ മാറ്റിവെക്കുന്ന പണം കൂടി രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഹുണ്ടികയിലേക്ക്‌ നല്‍കാന്‍ വ്യവസായികളും വന്‍കിടക്കാരും തയ്യാറാവും. നികുതി ഇളവ്‌ മാത്രമല്ല, ഭരണ സംവിധാനത്തിന്റെ ഭാഗത്തുനിന്നുള്ള മറ്റ്‌ ആനുകൂല്യങ്ങളും അവര്‍ പ്രതീക്ഷിക്കും. നിയമവിധേയമായി നേടാവുന്ന ആനുകൂല്യങ്ങളാവില്ല പ്രതീക്ഷിക്കുക.


കനത്ത സംഭാവനകള്‍ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ അധികാരത്തിലെത്തിയാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ നല്‍കാതിരിക്കാനും കഴിയില്ല. രാജ്യത്ത്‌ വന്‍തോതില്‍ വികസിച്ച, അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്‌ ടെലികോം. മൊബൈല്‍ ഫോണുകള്‍ മൂന്നാം തലമുറയിലേക്ക്‌ കടക്കുകയാണ്‌. മൂന്നാം തലമുറ സേവനങ്ങള്‍ ആരംഭിക്കാനുള്ള ലൈസന്‍സിന്റെ ലേലം കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ തന്നെ വിവാദമായിരുന്നു. കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യാന്‍ വകുപ്പ്‌ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പുതിയ യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യാനാണ്‌ ടെലികോം വകുപ്പ്‌ ശിപാര്‍ശ ചെയ്‌തത്‌. ഇത്‌ ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ലൈസന്‍സുകള്‍ കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യുമ്പോള്‍ പ്രയോജനം ലഭിക്കുക ഈ മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കാണ്‌. എന്നിട്ടും എന്തുകൊണ്ട്‌ കുറഞ്ഞ തുക നിശ്ചയിക്കാന്‍ നീക്കം നടക്കുന്നുവെന്ന ചോദ്യത്തിന്‌ ഒരു ഉത്തരം നേരത്തെ പറഞ്ഞ സംഭാവനകളാണ്‌. ഇപ്പോള്‍ ലേലത്തുക ഇരട്ടിയാക്കാന്‍ (ഏറെക്കുറെ 4,200 കോടി രൂപ) ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന്‌ കോടി വിറ്റുവരവുള്ള സ്വകാര്യ കമ്പനികളെ സംബന്ധിച്ച്‌ ഏറെ വലിയ തുകയല്ല അത്‌. സംഭാവനയുടെ കനം സ്വാധീനം ചെലുത്തുന്നുണ്ടെന്ന്‌ അര്‍ഥം.



ലോക്‌സഭക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്‌ നടന്ന ആന്ധ്രാ പ്രദേശില്‍ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വന്‍തോതില്‍ ഭൂമി കൈമാറ്റം ചെയ്‌തതായി ആരോപണം ഉയര്‍ന്നിരുന്നു. വന്‍തുക വിലമതിക്കുന്ന ഭൂമി സൗജന്യമായി പതിച്ച്‌ നല്‍കുകയാണ്‌ വൈ എസ്‌ രാജശേഖര റെഡ്‌ഢി സര്‍ക്കാര്‍ ചെയ്‌തത്‌. ഭൂരഹിതരായ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ദാരിദ്ര്യത്തില്‍ തുടരുമ്പോഴാണ്‌ ഇത്തരത്തില്‍ ഭൂമി അനുവദിക്കപ്പെട്ടത്‌. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ നല്‍കിയ സംഭാവനക്കുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ ഭൂമി കൈമാറ്റങ്ങളെക്കുറിച്ചൊന്നും പരിശോധന ഉണ്ടാവില്ലെന്ന്‌ ഉറപ്പായിരിക്കുന്നു. ഇത്‌ ഉദാഹരണം മാത്രമാണ്‌. ഇതുപോലെ സഹസ്ര കോടികളുടെ ഇടപാടുകള്‍ ധാരാളം നടക്കുന്ന രാജ്യത്ത്‌ സംഭാവനകള്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക്‌ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിരവധിയായിരിക്കും. പ്രണാബിന്റെ ബജറ്റിലെ നിര്‍ദേശം പ്രാബല്യത്തിലാവുന്നതോടെ കൂടുതല്‍ സംഭാവനകള്‍ എത്തും. വ്യവസായികള്‍ക്ക്‌ കൂടുതല്‍ (അനധികൃത) ആനുകൂല്യങ്ങളും. വ്യക്തികള്‍ക്കായി കൈമാറ്റം ചെയ്യപ്പെടുന്ന കൈക്കൂലിയും ഇടപാടുകളുടെ ഭാഗമായുള്ള കമ്മീഷനുകളും പുറമെയാണ്‌. ഇസ്‌റാഈല്‍ കമ്പനിയില്‍ നിന്ന്‌ മിസൈല്‍ വാങ്ങാന്‍ കരാറുണ്ടാക്കിയപ്പോള്‍ കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടത്‌ 600 കോടിയാണെന്ന ആരോപണം ഉയര്‍ന്നത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കാലത്താണ്‌.



രാഷ്‌ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പണത്തിന്റെ സ്വാധീനം വര്‍ധിക്കുന്നത്‌ തടയാന്‍ ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായിരിക്കെയാണ്‌ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്‌. പ്രചാരണത്തിന്‌ ചിലവഴിക്കാവുന്ന തുക നിജപ്പെടുത്തുകയും ചെലവ്‌ കണക്ക്‌ ബോധിപ്പിക്കണമെന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്‌തു. ഈ നിബന്ധനകള്‍ നിലനില്‍ക്കെയാണ്‌ തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കോടികള്‍ ഒഴുക്കുന്നത്‌. പാര്‍ട്ടികളുടെ പ്രചാരണ ചെലവ്‌ സ്വതന്ത്രമായി കണക്കാക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരീക്ഷകരെ നിയോഗിക്കുന്നുണ്ട്‌. ഒഴുകുന്ന കോടികളെക്കുറിച്ച്‌ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തന്നെയും ബോധ്യപ്പെടാന്‍ പ്രയാസമില്ല. പക്ഷേ, ഹാജരാക്കിയ കണക്കുകള്‍ തെറ്റാണെന്ന്‌ കാണിച്ച്‌ ഏതെങ്കിലും സ്ഥാനാര്‍ഥിയോടോ രാഷ്‌ട്രീയ പാര്‍ട്ടിയോടോ കമ്മീഷന്‍ വിശദീകരണം ചോദിച്ചതായി അറിവില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയമം ലംഘിക്കുന്നത്‌ കാണാതിരിക്കുമ്പോള്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക്‌ പാരിതോഷികം ലഭിക്കുന്നു എന്ന്‌ കരുതേണ്ടിവരും.


അഴിമതിയുടെ ഒരു ചക്രം പൂര്‍ത്തിയാവുകയാണ്‌ ഇവിടെ. പുറത്താവുന്നത്‌ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. അവര്‍ ഭൂരഹിതരും ദരിദ്രരുമായി തുടരും. അവര്‍ക്ക്‌ തൊഴിലുറപ്പ്‌ പദ്ധതിയും ഇന്ദിരാ ഭവന നിര്‍മാണ പദ്ധതിയും ഭരണകൂടം സമ്മാനമായി നല്‍കും. അടുത്ത തിരഞ്ഞെടുപ്പില്‍ പണമൊഴുക്കി വോട്ടുകള്‍ സ്വന്തമാക്കുകയും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതിനൊഴുകുന്ന കോടികള്‍ ലോക്‌സഭയുടെ മേശപ്പുറത്ത്‌ ചൊരിയപ്പെട്ടാലും നടപടികള്‍ ഉണ്ടാവുകയുമില്ല.

No comments:

Post a Comment