ലോക്‌സഭാ തിരഞ്ഞെടുപ്പും അതിലെ ജനവിധിയും രാജ്യത്തെ വര്‍ഗീയ ശക്തികളുടെ അജന്‍ഡകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതിന്റെ സൂചനകള്‍ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പതിവുപോലെ ഇതിന് വലിയ പ്രാധാന്യം നല്‍കിയതുമില്ല. സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വലിയ കാന്‍വാസൊരുക്കുക എന്നതിനപ്പുറം മുന്‍കൂട്ടി കാര്യങ്ങള്‍ കണ്ട് പ്രവര്‍ത്തിക്കുക എന്ന പാഠം ഇവര്‍ മറന്നിട്ട് കാലം കുറച്ചധികമാവുകയും ചെയ്‌തിരിക്കുന്നു. സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ നടക്കുന്ന ധ്രുവീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതാണ് ആദ്യത്തെ സംഭവം. രണ്ടാമത്തേത് മഹാരാഷ്‌ട്ര നിയമസഭയിലാണ് അരങ്ങേറിയത്. സംസ്ഥാനത്ത് മുസ്‌ലിംകളായ ആണ്‍കുട്ടികളും ഹിന്ദുക്കളായ പെണ്‍കുട്ടികളും തമ്മില്‍ നടക്കുന്ന വിവാഹങ്ങളെക്കുറിച്ച് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് എന്‍ സി പി നേതാവ് കൂടിയായ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ജയന്ത് പാട്ടീല്‍ പ്രഖ്യാപിച്ചു.
പ്രത്യക്ഷത്തില്‍ കുഴപ്പമില്ലെന്ന് തോന്നുന്ന രണ്ട് സംഭവങ്ങളാണിവ. വിവാഹങ്ങളെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം എന്ന ഉത്‌കണ്‌ഠയോ കൗതുകമോ ഉണ്ടായെന്ന് വരാം. ഗുജറാത്തിലെ ജുഡീഷ്യല്‍ കമ്മീഷന്റെ കാര്യം നോക്കുക. 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ച സംഭവത്തിന് ശേഷം അരങ്ങേറിയ ആസൂത്രിതമായ വംശഹത്യയാണ് ഈ കമ്മീഷന്റെ നിയമനത്തിന് ആധാരം. ഈ കൊടും ക്രൂരതക്ക് ശേഷം സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണമുണ്ടാകുന്നുവെന്ന് സര്‍ക്കാറിതര സംഘടനകള്‍ ആരോപിച്ചിരുന്നു. വംശഹത്യ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിനിടെ കോടതികളിലും ഈ ആരോപണം ഉയര്‍ന്നു. ഇതൊന്നും ശാസ്‌ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണമല്ലെന്നാണ് മോഡി സര്‍ക്കാറിന്റെ നിലപാട്. മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണം നടക്കുന്നുണ്ടോ എന്ന് ശാസ്‌ത്രീയമായി പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സാഹചര്യം ഇതാണെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വരിമിച്ച ജഡ്‌ജി ബി ജെ സേതനയെ കമ്മീഷനായി നിയോഗിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
1947 ആഗസ്‌ത് 15ന് ഗുജറാത്തിലുണ്ടായിരുന്ന മത വിഭാഗങ്ങള്‍, അവര്‍ അധിവസിച്ചിരുന്ന പ്രദേശങ്ങള്‍ എന്നിവയെ ആധാരമാക്കി പഠനം നടത്താനാണ് നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ പത്തു വര്‍ഷത്തിലും സംസ്ഥാനത്തേക്കുണ്ടായ കുടിയേറ്റത്തിന്റെ തോത് കണക്കാക്കണം. ഈ സമയങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണമുണ്ടായോ എന്നും പഠിക്കണം. സംസ്ഥാനത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടുണ്ടോ എന്ന് അറിയാനും അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാനുമുള്ള നിര്‍ദോഷമായ നിര്‍ദേശം എന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. പക്ഷേ, ഗുജറാത്തിന്റെയും മോഡിയുടെയും ചരിത്രം അതിന് അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ വര്‍ഗീയ വിഭജനം ശക്തമായി നിലനിന്നിരുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നത് അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. ഗോവധ നിരോധം ആദ്യം പ്രാബല്യത്തിലാക്കിയ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ഈ വസ്‌തുതകളെ മുന്നില്‍ നിര്‍ത്തിവേണം മോഡി സര്‍ക്കാറിന്റെ പുതിയ പഠനത്തെ കാണാന്‍.
2002ലെ വംശഹത്യക്കു ശേഷം മത വിഭാഗങ്ങളുടെ ധ്രൂവീകരണം സംസ്ഥാനത്ത് ശക്തമായിട്ടുണ്ടെന്നത് വസ്‌തുതയാണ്. ഹൈന്ദവ വര്‍ഗീയവാദികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ നടത്തിയ കൊടും കുരുതിയില്‍ പൊലിഞ്ഞത് രണ്ടായിരത്തോളം ന്യൂനപക്ഷ ജീവനുകളായിരുന്നു. ബലാത്സംഗത്തിന് ഇരയായവരും അംഗഭംഗം വന്നവരും നിരവധി. വീടും സ്വത്തും നഷ്‌ടപ്പെട്ട് അഭയാര്‍ഥികളായവര്‍ പതിനായിരങ്ങള്‍. അക്രമികള്‍ക്ക് കൂട്ടുനിന്ന സര്‍ക്കാര്‍, അനീതിക്ക് ഇരയായവര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ കോടതികള്‍ തുടര്‍ച്ചയായി തള്ളിക്കളഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. ഏതു നിമിഷവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ കഴിഞ്ഞ ന്യൂനപക്ഷങ്ങള്‍ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടാന്‍ തീരുമാനിക്കുക സ്വാഭാവികം. അതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക് താമസം മാറ്റിയവരും നിരവധി.
ഇതിനൊരു മറുവശമുണ്ട്. ഭീതിയില്‍ കഴിയുന്ന ന്യൂനപക്ഷങ്ങളെ സംഘടിതമായി കുടിയൊഴിപ്പിച്ചതാണത്. കൊലക്കത്തിയുടെ മുന്നിലാണെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ കുടിയൊഴിയാതിരിക്കുന്നതെങ്ങനെ? ഇങ്ങനെ കുടിയൊഴിയേണ്ടിവന്നവര്‍ സ്വന്തം മതത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് മാറുകയാണ് ചെയ്‌തത്. ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന മോഡി സര്‍ക്കാര്‍ ഇത്രയും നാള്‍ യാതൊന്നും ചെയ്‌തില്ല. അക്രമത്തിന് ഇരയായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്‌തു.
മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് പഠിച്ചു മനസ്സിലാക്കേണ്ട കാര്യമൊന്നുമില്ലെന്ന് ചുരുക്കം. എല്ലാവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം നില്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒരു ഭാഗത്തേക്ക് ചേരിതിരിയുന്നത് സ്വാഭാവികം മാത്രമാണ്. വര്‍ഗീയ അജന്‍ഡയുടെ കൂടെ നിന്നാല്‍ പ്രയോജനമുണ്ടെന്ന് മനസ്സിലാക്കുന്ന ഭൂരിപക്ഷം അതിനെ അടിസ്ഥാനമാക്കിയും ചേരിതിരിയും. ഇത് അറിയാതെയല്ല കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. എന്താവും കമ്മീഷന്റെയും പഠനത്തിന്റെയും ഉദ്ദേശ്യം?
അതറിയണമെങ്കില്‍ കമ്മീഷനായി നിയമിക്കപ്പെട്ട ഹൈക്കോടതി മുന്‍ ജഡ്‌ജി ബി ജെ സേതനയുടെ ചരിത്രം കൂടി അറിയണം. വംശഹത്യക്കിടെ നടന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊലക്കേസില്‍ ആരോപണവിധേയരായ 21 പേരെയും വിട്ടയച്ച അതിവേഗ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി ബഞ്ചിന് നേതൃത്വം നല്‍കിയത് ഇതേ സേതനയായിരുന്നു. ഈ വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി മുംബൈയില്‍ പ്രത്യേക കോടതി സ്ഥാപിച്ച് കേസ് വിചാരണ ചെയ്യാന്‍ നിര്‍ദേശിച്ചു. പ്രത്യേക കോടതി 21 പ്രതികളെയും ശിക്ഷിക്കുകയും ചെയ്‌തു. ഗുജറാത്ത് ഹൈക്കോടതിയിലെ സഹജഡ്‌ജി പി ബി മജുംദാരെ കയ്യേറ്റം ചെയ്‌തതിലും ആരോപണവിധേയനായിരുന്നു സേതന. മജുംദാരുടെ പരാതി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സേതനയെ സ്ഥലം മാറ്റി. ഈ ഉത്തരവ് സ്വീകരിക്കാതിരുന്ന സേതന രാജിവെച്ച് ഒഴിഞ്ഞു. ഈ സേതനയെ കമ്മീഷനായി നിയോഗിച്ച നരേന്ദ്ര മോഡി 2011 ജനുവരി 31നകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2012ലാണെന്നത് ഓര്‍ക്കുക.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഇറക്കാനുള്ള വര്‍ഗീയ കാര്‍ഡ് തയ്യാറാക്കുകയാണ് മോഡി. 1947 മുതല്‍ ഗുജറാത്തിലേക്ക് ന്യൂനപക്ഷങ്ങള്‍ കുടിയേറിയതിന്റെ കണക്ക്, അത് സാമൂഹിക രംഗത്ത് ഉളവാക്കിയ അസംതുലിതാവസ്ഥ, ന്യൂനപക്ഷ വിഭാഗങ്ങള്‍ സാമ്പത്തികമായി മുന്നേറ്റം കൈവരിച്ചത് മൂലം ഭൂരിപക്ഷ വിഭാഗങ്ങളിലുണ്ടായ അപകര്‍ഷതാ ബോധം, അതുളവാക്കിയ ധ്രുവീകരണം എന്നിവയാവും സേതനയുടെ റിപ്പോര്‍ട്ടിലുണ്ടാവുക എന്ന് ഇപ്പോഴേ പ്രവചിക്കാം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ഏതൊക്കെ എന്ന് കൃത്യമായി അളന്ന് തിരിച്ച് രേഖപ്പെടുത്തുകയും ചെയ്യും കമ്മീഷന്‍. 2002 ആവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ എവിടെയൊക്കെ സംഘടിതമായ ആക്രമണം നടത്താമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം മോഡിക്കും സംഘ് പരിവാറിനും ലഭിക്കുമെന്ന് ചുരുക്കം. ഗുജറാത്തില്‍ ഭരണം തുടരാനും കേന്ദ്രത്തില്‍ ഒറ്റക്ക് അധികാരം പിടിക്കാനും ചോരപ്പുഴകള്‍ വേണ്ടിവരുമെന്ന് നരേന്ദ്ര മോഡി മുന്‍കൂട്ടി കാണുന്നുവെന്ന് ഭയക്കണം.
മഹാരാഷ്‌ട്രയിലേതും സമാനമായ അജന്‍ഡ തന്നെയാണ്. ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കാനും ലൈംഗികമായി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാനും മുസ്‌ലിം ആണ്‍കുട്ടികളെ ചില സംഘടനകള്‍ പ്രേരിപ്പിക്കുന്നുവെന്ന എസ് എം എസ് സന്ദേശം ഏറെക്കുറെ ആറ് മാസം മുമ്പ് കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നതാണ്. ഇതിനായി ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നും ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ തന്നെയാണ് ഈ സന്ദേശങ്ങള്‍ അയച്ചിരുന്നത്. കേരളത്തില്‍ ഈ പ്രചാരണം ഏശിയില്ല. മഹാരാഷ്‌ട്രയിലും സമാനമായ പ്രചാരണം നടന്നുവെന്ന് വേണം കരുതാന്‍. അതിന്റെ തുടര്‍ച്ചയായാണ് ഈ വിഷയം ബി ജെ പിയിലെ രണ്ട് എം എല്‍ എമാര്‍ നിയമസഭയില്‍ ഉന്നയിച്ചത്.
വ്യക്തമായ തെളിവുകളൊന്നുമില്ലാതെ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യം മഹാരാഷ്‌ട്ര സര്‍ക്കാറിനുണ്ടായിരുന്നില്ല. പക്ഷേ, ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് നിയമസഭയില്‍ അറിയിക്കുകയാണ് ആഭ്യന്തര മന്ത്രിയായ ജയന്ത് പാട്ടീല്‍ ചെയ്‌തത്. അതുവഴി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു ആരോപണത്തിന് അംഗീകാരം നല്‍കുകയാണ് മഹാരാഷ്‌ട്രയിലെ എന്‍ സി പി - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ചെയ്‌തത്. ആഭ്യന്തരമന്ത്രിയുടെ നിലപാടിനെ തള്ളിക്കളയാന്‍ കോണ്‍ഗ്രസിന്റെയോ എന്‍ സി പിയുടെയോ നേതൃത്വം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്‌ട്രയില്‍ വരുന്ന ഒക്‌ടോബറോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. വലിയ വെല്ലുവിളി നേരിടുന്ന ബി ജെ പി - ശിവസേനാ സഖ്യത്തിന് വര്‍ഗീയത ആളിക്കത്തിക്കേണ്ടത് അനിവാര്യമാണ്. അതിന് മുന്നോട്ടുവെക്കുന്ന ആയുധങ്ങളിലൊന്നായി വേണം ഈ ആരോപണത്തെ കാണാന്‍. ആരോപണത്തിന് അംഗീകാരം നല്‍കി അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന നിലപാട് കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാറും സ്വീകരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ എന്‍ സി പിക്ക് ഭൂരിപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കേണ്ടി വന്നേക്കും. അത് പാര്‍ട്ടി മുന്‍കൂട്ടിക്കാണുന്നതിന്റെ പ്രതീകം കൂടിയാവാം ജയന്ത് പാട്ടീലിന്റെ പ്രഖ്യാപനം. എന്തായാലും വര്‍ഗീയതയെ നേരിടുന്നുവെന്ന് പറയുന്നവര്‍ തന്നെ അതിന്റെ ഉപയോക്തക്കളാവുന്ന കാഴ്‌ചയാണ് ഇവിടെ.
ക്ഷീണാവസ്ഥയിലായ ബി ജെ പി. അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എ നേരിട്ട തകര്‍ച്ച. നിലവിലുള്ള ഘടകകക്ഷികളില്‍ പ്രധാനപ്പെട്ട ജനതാദള്‍ യുനൈറ്റഡ്, സഖ്യം ഉപേക്ഷിച്ചേക്കുമെന്ന സൂചന. ബി ജെ പിക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള പാത ദുര്‍ഘടമാണ്. തീവ്ര വര്‍ഗീയ നിലപാടുകളിലൂടെ വലിയൊരു ധ്രുവീകരണമുണ്ടാവേണ്ടത് അധികാരം പിടിക്കാന്‍ അനിവാര്യമാവുന്നു. ഹിന്ദുത്വയില്‍ ഊന്നണമെന്ന ആര്‍ എസ് എസ്സിന്റെ കല്‍പ്പന ഇവിടെ അര്‍ഥവത്തുമാണ്. ഗുജറാത്തും മഹാരാഷ്‌ട്രയും പുതിയ പരീക്ഷണശാലകളാവാനുള്ള സാധ്യത ഏറെയാണ്. കരുതിയിരിക്കേണ്ടവര്‍ അലംഭാവം കാട്ടുമ്പോള്‍ പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്‌തേക്കാം.
No comments:
Post a Comment