2009-07-02

ഈ ബെല്ലോടെ നാടകത്തിന്റെ അവസാന രംഗം...


ഒരു `സ്വാശ്രയ നാടക'ത്തിന്റെ കൂടി അന്തിമ രംഗം ആടിത്തീരുകയാണ്‌. അഞ്ചു വര്‍ഷമായി ഓരോ അധ്യയന വര്‍ഷത്തിന്റെയും ആരംഭത്തിലെ പതിവ്‌ കാഴ്‌ചയായ നാടകം. സ്വാശ്രയ സ്ഥാപനങ്ങളിലേക്കും സെക്രട്ടേറിയറ്റിന്‌ മുന്നിലേക്കും മാര്‍ച്ച്‌ നടത്താന്‍ എസ്‌ എഫ്‌ ഐക്കാരില്ലെന്നതുമാത്രമാണ്‌ ആകെയുള്ള മാറ്റം. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ നീതിപൂര്‍വകമായ ഫീസ്‌ മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ആദ്യം വന്നു. കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ നിരക്ക്‌ വര്‍ധിപ്പിക്കണമെന്ന്‌ മാനേജുമെന്റുകള്‍ മറുപടി നല്‍കി. തുടര്‍ന്ന്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി ചര്‍ച്ച. ഫീസ്‌ സംബന്ധിച്ച്‌ ഏറെക്കുറെ ധാരണയിലെത്തുകയും കരാറൊപ്പിടാന്‍ തീരുമാനിക്കുകയും ചെയ്‌തു. പൊടുന്നനെ എതിര്‍പ്പുകളുന്നയിച്ച്‌ സി പി ഐ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ്‌ എഫ്‌ രംഗത്തെത്തി, പിന്നാലെ സി പി ഐയും. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഒപ്പിടുന്നത്‌ മാറ്റിവെക്കാന്‍ മെഡിക്കല്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചു. നാടകത്തില്‍ വരാനിരിക്കുന്ന രംഗങ്ങള്‍ ഇവയാണ്‌.


മാനേജ്‌മെന്റുകളുമായി വിദ്യാഭ്യാസ മന്ത്രിയുണ്ടാക്കിയ ധാരണകളെക്കുറിച്ച്‌ മന്ത്രിസഭയും ഇടതുമുന്നണിയും പതിവ്‌ ചര്‍ച്ച നടത്തും. ചില ചില്ലറ മാറ്റങ്ങളോടെ ധാരണകള്‍ അംഗീകരിക്കും. സ്വീകാര്യമല്ലാത്ത വ്യവസ്ഥകള്‍ ഇടതു മുന്നണി മുന്നോട്ടുവെച്ചാല്‍ പാറശ്ശാല മുതല്‍ തലശ്ശേരിവരെയുള്ള പള്ളികളില്‍ സഭാ നേതാക്കളുടെ ഇടയലേഖന വായന നടക്കും. അതോടെ സര്‍ക്കാര്‍ അനുരഞ്‌ജനത്തിന്‌ തയ്യാറാവും. തുടര്‍ന്ന്‌ കരാറില്‍ ഒപ്പ്‌ വെക്കുകയും ചെയ്യും. കരാറിനെ എതിര്‍ക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ എ ഐ എസ്‌ എഫ്‌ നേതാക്കള്‍ (ചിലപ്പോള്‍ എസ്‌ എഫ്‌ ഐ നേതാക്കളും) വാര്‍ത്താ സമ്മേളനം നടത്തുന്നതോടെ ഇക്കൊല്ലത്തെ `സ്വാശ്രയ നാടക'ത്തിന്‌ തിരശ്ശീല വീഴും. കരാര്‍ മാനേജുമെന്റുകളെ സഹായിക്കുന്നതും പാവപ്പെട്ടവരെ അവഗണിക്കുന്നതും ആണെന്നാരോപിച്ച്‌ സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ കെ എസ്‌ യു നടത്തുന്ന ഒരു പ്രകടനം ക്ലൈമാക്‌സിന്‌ കൊഴുപ്പ്‌ കൂട്ടുന്നതിനായി ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്‌.



ഇടതു, വലതു മുന്നണികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അഭിനേതാക്കള്‍ മാറുന്നുവെന്ന വ്യത്യാസമേയുള്ളൂ. ചില അഭിനേതാക്കള്‍ സ്വീകരിക്കുന്ന വേഷത്തിലും മാറ്റമുണ്ടാവും. വലതു മുന്നണിയാണ്‌ ഭരണത്തിലെങ്കില്‍ കരാറിനെ തീക്ഷ്‌ണമായി എതിര്‍ത്ത്‌ തെരുവിലിറങ്ങുന്ന വേഷമായിരിക്കും എസ്‌ എഫ്‌ ഐക്ക്‌. എതിര്‍പ്പ്‌ വാര്‍ത്താ സമ്മേളനത്തിലൊതുക്കും കെ എസ്‌ യു. ഇടതുമുന്നണിയാണ്‌ ഭരണത്തിലെങ്കില്‍ ഈ സംഘടനകള്‍ വേഷം പരസ്‌പരം മാറും. ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യരായ പാവപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ അവസരമൊരുക്കും വിധത്തില്‍ സ്വാശ്രയ കോളജുകളുടെ ഫീസ്‌ നിരക്ക്‌ നിശ്ചയിക്കണമെന്നാണ്‌ ഇരുമുന്നണികളുടെയും നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കാറ്‌. പക്ഷേ, പ്രാബല്യത്തില്‍ വരുന്നത്‌ ഇതാകാറില്ലെന്നു മാത്രം.



സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം, ഫീസ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കേരളത്തില്‍ മാത്രമുള്ള ഒന്നല്ല. ഏറെക്കാലം മുമ്പ്‌ തന്നെ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ച കര്‍ണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമയുദ്ധങ്ങള്‍ നടന്നിരുന്നു, ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഉണ്ണിക്കൃഷ്‌ണന്‍, ടി എം എ പൈ, പി എ ഇനാംദാര്‍ തുടങ്ങിയ പേരുകളില്‍ പ്രമാദമായ കേസുകളും വിധികളും ഇതേത്തുടര്‍ന്നുണ്ടായിട്ടുണ്ട്‌. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഈ വിധികളില്‍ അനുകൂലമായവ ഉയര്‍ത്തിക്കാട്ടാന്‍ വിദ്യാര്‍ഥി സംഘടനകളും മാനേജുമെന്റുകളും ശ്രമിക്കുകയും ചെയ്യും. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായ ചില കാര്യങ്ങള്‍ കേരളത്തിലുണ്ട്‌. ലാഭം മാത്രം മുന്നില്‍ കാണുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍. രാഷ്‌ട്രീയ പാര്‍ട്ടികളും ഇത്‌ മറക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നതാണ്‌ വൈരുധ്യം.



2001ലെ എ കെ ആന്റണി സര്‍ക്കാറാണ്‌ സംസ്ഥാനത്ത്‌ സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന്‌ അനുമതി നല്‍കിയത്‌. കേരളത്തിലെ വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പോയി ലക്ഷങ്ങള്‍ മുടക്കി പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നുവെന്നും ആ പണം കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന്‌ സ്വാശ്രയ കോളജുകള്‍ അനിവാര്യമാണെന്നുമായിരുന്നു വാദം. ഇതു സംബന്ധിച്ച്‌ വിവിധ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അനിഷേധ്യമായ സ്ഥാനം അലങ്കരിക്കുന്ന ക്രൈസ്‌തവസഭകള്‍ക്ക്‌ ചര്‍ച്ചകളില്‍ മുന്‍തൂക്കമുണ്ടായതില്‍ അത്ഭുതമില്ല. അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന മെറിറ്റ്‌ ലിസ്റ്റിലെ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശം അനുവദിക്കണമെന്നും അവരില്‍ നിന്ന്‌ സര്‍ക്കാര്‍ കോളജിലെ ഫീസ്‌ മാത്രമേ ഈടാക്കാവൂ എന്നും ആന്റണി സര്‍ക്കാര്‍ വ്യവസ്ഥ വെച്ചു. സഭയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതംഗീകരിച്ചു.


മാന്യന്‍മാര്‍ തമ്മിലുള്ള കരാറായാതിനാല്‍ ഇക്കാര്യം രേഖീയമാക്കേണ്ടെന്ന്‌ തീരുമാനിച്ചുവെന്നാണ്‌ ആന്റണി പിന്നീട്‌ പറഞ്ഞത്‌. കോളജുകള്‍ അനുവദിച്ചു കഴിഞ്ഞതോടെ പലരുടെയും നിറം മാറാന്‍ തുടങ്ങി. ആദ്യം നിറം മാറിയത്‌ സഭയുടെ നിയന്ത്രണത്തില്‍ തന്നെയുള്ള കോളജ്‌ മാനേജ്‌മെന്റിന്റെതാണ്‌. കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ ഫീസ്‌ ഈടാക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അവര്‍ ഹൈക്കോടതിയെ സമീപിച്ചു, അനുകൂല വിധി നേടി. പിന്നീട്‌ യു ഡി എഫ്‌ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവന്നു. അത്‌ കോടതി സ്റ്റേ ചെയ്‌തു. യു ഡി എഫിന്റെ സ്വാശ്രയ നയത്തിനെതിരെ പോരടിച്ചിരുന്ന ഇടതുപക്ഷം തുടര്‍ന്ന്‌ അധികാരത്തിലെത്തി. അവര്‍ പുതിയ നിയമം കൊണ്ടുവന്നു. അതും കോടതി സ്റ്റേ ചെയ്‌തു. നിയമമുണ്ടാക്കിയതിലെ പാളിച്ചയാണ്‌ സ്റ്റേ ചെയ്യാന്‍ കാരണമെന്ന്‌ അതാത്‌ കാലത്ത്‌ എതിര്‍ മുന്നണികള്‍ ആരോപിക്കുകയും ചെയ്‌തു.



അമ്പത്‌ ശതമാനം സര്‍ക്കാര്‍ സീറ്റ്‌ അനുവദിക്കാമെന്നത്‌ അംഗീകരിച്ചിരുന്നുവെന്ന കാര്യം മാനേജ്‌മെന്റുകളും ഈ പ്രശ്‌നത്തില്‍ രണ്ടാം വിമോചന സമരത്തിന്‌ വരെ ആഹ്വാനം നല്‍കിയ ബിഷപ്പുമാരും ഓര്‍ക്കാറേയില്ല. ഇപ്പോള്‍ ഇടത്‌, വലത്‌ മുന്നണികളും ഇക്കാര്യം ഓര്‍ക്കുന്നില്ല. രണ്ട്‌ നിയമങ്ങള്‍ സംസ്ഥാന നിയമസഭ പാസ്സാക്കിയിരുന്നുവെന്നതും ഇവരുടെ ഓര്‍മകളില്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. അതുണ്ടായിരുന്നുവെങ്കില്‍ നിയമം ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജികളില്‍ വൈകാതെ തീര്‍പ്പുണ്ടാകണമെന്ന്‌ കാണിച്ച്‌ ഒരപേക്ഷയെങ്കിലും സുപ്രീം കോടതിയില്‍ നല്‍കുമായിരുന്നല്ലോ. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാണ്‌ ഇടക്കാലത്ത്‌ ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നത്‌. ഇടത്‌ പിന്തുണയോടെ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതിന്‌ ശ്രമിക്കാന്‍ അവര്‍ തയ്യാറായില്ല.


ഇപ്പോള്‍ കോണ്‍ഗ്രസിന്റെ 13 എം പിമാര്‍ ലോക്‌സഭയിലുണ്ട്‌. ആറ്‌ കേന്ദ്രമന്ത്രിമാരും. സ്വാശ്രയ മേഖലയെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ ഇവര്‍ക്ക്‌ സമ്മര്‍ദം ചെലുത്താം. അവര്‍ അത്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാന്‍ വയ്യ. വിദേശ സര്‍വകലാശാലകള്‍ക്ക്‌ അനുമതി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനും മന്‍മോഹന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുമ്പോള്‍ ഈ ആവശ്യം മുന്നോട്ടുവെക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം പിമാര്‍ക്ക്‌ കഴിയുകയേ ഇല്ല.


പ്രവേശത്തിന്‌ തലവരി വാങ്ങുന്ന സംഭവവും മറവിയുടെ പട്ടികയിലുണ്ട്‌. സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലും തലവരി നിലനില്‍ക്കുന്നുവെന്നത്‌ ആരോപണമല്ല. തലവരി വാങ്ങുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന ഭീഷണികള്‍ ഇടക്കിടെ സര്‍ക്കാര്‍ പുറപ്പെടുവിക്കാറുണ്ട്‌. ഇക്കാലത്തിനിടെ തലവരി വാങ്ങിയ ഒരു കേസ്‌ പോലും പുറത്തുവന്നിട്ടില്ല എന്ന വസ്‌തുത മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭീഷണിയുടെ ആഴം ബോധ്യമാവും. സര്‍ക്കാറിനെതിരെ മാത്രമല്ല തലവരിക്കെതിരെയും ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു ക്രിസ്‌തീയ സഭ. എന്നാല്‍ ഈ ഇടയലേഖനം മറക്കാനാണ്‌ സഭകള്‍ക്ക്‌ കീഴിലുള്ള സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഇഷ്‌ടപ്പെടുന്നത്‌. ഈ കോളജുകളിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ചോ അധ്യാപന നിലവാരത്തെക്കുറിച്ചോ ആരും ഉത്‌കണ്‌ഠ പ്രകടിപ്പിച്ച്‌ കാണാറില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പാട്ടിലാക്കുക മാനേജ്‌മെന്റുകള്‍ക്ക്‌ പ്രയാസമുള്ള കാര്യവുമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടാല്‍ ജാതി, മത വികാരത്തിന്റെ പരിച ഫലപ്രദമായി ഉപയോഗിക്കപ്പെടും. ഈടാക്കുന്ന ഫീസിന്‌ ആനുപാതികമായ നിലവാരം കോളജുകള്‍ക്ക്‌ ഉണ്ടെന്ന്‌ ഉറപ്പാക്കാന്‍ പോലും കഴിയാത്ത സര്‍ക്കാറുകള്‍ ആരോടാണ്‌ പ്രതിബദ്ധത കാട്ടുന്നത്‌ എന്ന്‌ മനസ്സിലാക്കുക എളുപ്പമാണ്‌.



അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ്‌ അംഗീകരിച്ചാല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ മാനേജ്‌മെന്റ്‌ സീറ്റില്‍ വലിയ തുക ഫീസായി ഈടാക്കേണ്ടിവരുമെന്നും അങ്ങനെവന്നാല്‍ കോളജുകളിലേക്ക്‌ കുട്ടികളെ കിട്ടില്ലെന്നുമുള്ള വാദമാണ്‌ ആന്റണി സര്‍ക്കാറിന്റെ കാലത്ത്‌ മാനേജ്‌മെന്റുകള്‍ ഉന്നയിച്ചത്‌. ലക്ഷങ്ങള്‍ തലവരി നല്‍കി സീറ്റ്‌ വാങ്ങാന്‍ രക്ഷാകര്‍ത്താക്കള്‍ ധാരാളമുള്ളപ്പോള്‍ മാനേജ്‌മെന്റ്‌ സീറ്റില്‍ ഫീസുയര്‍ന്നാല്‍ കുട്ടികളെ കിട്ടില്ലെന്നത്‌ അവിശ്വസനീയമാണ്‌. ഉയര്‍ന്ന ഫീസിനൊപ്പം തലവരി കൂടി വാങ്ങാന്‍ സൗകര്യം ലഭിക്കണമെന്നതായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ കൂട്ടായി ഉന്നയിക്കാന്‍ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാവാത്തതാണ്‌ സ്വാശ്രയ പ്രശ്‌നത്തെ ഇത്രത്തോളം വലുതാക്കിയത്‌. മാനേജ്‌മെന്റുകള്‍ വാക്ക്‌ മാറിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്ന വസ്‌തുത ജനകീയ വിഷയമാക്കാന്‍ ശ്രദ്ധിച്ചതുമില്ല.


നിയമപരമായി നേരിടുന്നതിന്‌ പകരം സാമൂഹികമായ ഒരു സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിച്ചതുമില്ല. പകരം വിദ്യാര്‍ഥികളെ തെരുവിലേക്ക്‌ ഇറക്കിവിട്ടു. സമരം അക്രമാസക്തമായപ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക്‌ മേല്‍ക്കോയ്‌മയുണ്ടായി. സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശത്തിന്‌ വേണ്ടിയുള്ള സമരം ക്രൈസ്‌തവര്‍ക്കെതിരായ സമരമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സഭാ നേതൃത്വങ്ങള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തു. ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു എന്ന മുറവിളിക്ക്‌ വിശ്വാസ്യത കൈവരികയും ചെയ്‌തു. ഇതില്‍ കൊടിഭേദമില്ലാതെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പങ്കാളികളാണ്‌. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ അവസരങ്ങള്‍ നിലനിര്‍ത്തണമെന്ന പ്രഖ്യാപനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ഇനിയെങ്കിലും യോജിച്ച്‌ നീങ്ങാനുള്ള ഇച്ഛാശക്തി കാട്ടുകയാണ്‌ വേണ്ടത്‌.


കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പാകത്തിലുള്ള വരുമാനം മാനേജ്‌മെന്റുകള്‍ക്ക്‌ ഉറപ്പാക്കിക്കൊണ്ട്‌ പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. ലാഭമുണ്ടാക്കാനല്ല കോളജുകള്‍ എന്ന വസ്‌തുത അതിന്റെ നടത്തിപ്പുകാരെക്കൊണ്ട്‌ അംഗീകരിപ്പിക്കണം. അല്ലെങ്കില്‍ സമഗ്രവും നീതിയുക്തവുമായ ഒരു കേന്ദ്ര നിയമത്തിന്‌ വേണ്ടി ശ്രമിക്കണം. മാനേജുമെന്റുകളുടെയും അവരെ പിന്തുണക്കുന്ന മത നേതൃത്വത്തിന്റെയും എതിര്‍പ്പുണ്ടാവും. പക്ഷേ, ശ്രമം ആത്മാര്‍ഥമാണെങ്കില്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാവുമെന്ന്‌ ഉറപ്പ്‌. ക്രൈസ്‌തവ വിഭാഗങ്ങള്‍ (സഭാ നേതൃത്വം എന്ന്‌ തിരുത്തി വായിക്കണം) ഇടതുമുന്നണിയില്‍ നിന്ന്‌ അകന്നത്‌ തോല്‍വിക്ക്‌ കാരണമായെന്ന്‌ സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തില്‍ ഇതിനെല്ലാമുള്ള സാധ്യത വിരളമാണ്‌. പാര്‍ട്ടിയെയും മുന്നണിയെയും മറികടന്ന്‌ പാവങ്ങളടെ പടത്തലവനാകുന്ന വി എസ്‌ പോലും ഇക്കാര്യത്തില്‍ മൗനം തുടരുമ്പോള്‍ പ്രത്യേകിച്ചും.



ഇനി അടുത്ത അധ്യയന വര്‍ഷാരംഭത്തിലെ നാടകത്തിന്‌ തിരക്കഥ എഴുതിത്തുടങ്ങാം. അഭിനേതാക്കളില്‍ കാര്യമായ മാറ്റം വേണ്ട എന്നത്‌ സൗകര്യമാണ്‌. പുതിയൊരു ഫീസ്‌ ഘടന ആലോചിക്കണമെന്ന്‌ മാത്രം. ഒപ്പം വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ പ്രൊഫഷണല്‍ ബിരുദധാരി ആത്മഹത്യചെയ്‌തു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതിന്‌ കാത്തിരിക്കാം.

No comments:

Post a Comment