മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമിനെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയത് മൂന്നു മാസത്തോളം കഴിഞ്ഞാണ് പുറത്തുവന്നത്. മുന്‍ രാഷ്‌ട്രപതിമാരെ വി ഐ പി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനകള്‍ ആവശ്യമില്ലെന്നും കാണിച്ച് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കലാമിനെ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. വിവരം പുറത്തുവരികയും വ്യോമയാന വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തതോടെ അമേരിക്കന്‍ കമ്പനി ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇതോടെ ഇതു സംബന്ധിച്ച നടപടികള്‍ അവസാനിച്ചേക്കും. പക്ഷേ, എന്തിനാണ് കലാമിനെ സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയത് എന്നതില്‍ വിശദീകരണം ആവശ്യമാണ്. അമേരിക്കന്‍ കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ അവരുടെ യുക്തിക്കും ബുദ്ധിക്കും യോജിച്ച തീരുമാനമെടുത്തതുകൊണ്ടുമാത്രമാണ് കലാമിനെ സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയത് എന്ന് വിശ്വസിക്കുക പ്രയാസമാണ്.
ഏപ്രില്‍ 21ന് കോണ്ടിനന്റല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അമേരിക്കയിലെ ന്യൂ ജഴ്‌സിയിലേക്ക് പോകാനെത്തിയ കലാമിനെ സുരക്ഷാ പരിശോധനക്ക് വിധേയനാക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനിയുടെ ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കലാം മുന്‍ രാഷ്‌ട്രപതിയും ഇന്ത്യയിലെ പ്രഥമ ഗണനീയനായ ശാസ്‌ത്രജ്ഞന്‍മാരില്‍ ഒരാളുമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായിരുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷവും പരിശോധനക്ക് വിധേയനാക്കാന്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ മികച്ച സൗഹൃദം നിലനില്‍ക്കുകയും അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാറിനെ കലാം പരസ്യമായി പിന്തുണക്കുകയും ചെയ്‌തിരുന്ന സമയത്താണ് ഈ പരിശോധന നടന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടാണ് പരിശോധനക്ക് വിധേയനാക്കണമെന്ന തീരുമാനത്തിന്റെ പിന്നിലെ മനോവികാരത്തെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നത്.
അബ്‌ദുല്‍ കലാം എന്ന പേരാണോ ദേഹപരിശോധനക്ക് പ്രേരകമായത് എന്ന സംശയം സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഈ സംശയം അസ്ഥാനത്താണെന്ന് കരുതുക വയ്യ. അല്ലെങ്കില്‍ സംശയം അസ്ഥാനത്താണെന്ന് കരുതാന്‍ മുന്‍കാല അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടിയിരുന്നു. 35 മാധ്യമ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്കൊപ്പം അമേരിക്ക സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍ അസോമിയ പ്രതിദിന്‍ എന്ന അസമീസ് പത്രത്തിന്റെ പത്രാധിപര്‍ ഹൈദര്‍ ഹുസൈന് അമേരിക്ക വിസ നിഷേധിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകനാണ് വിസ നിഷേധിക്കപ്പെട്ടത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് വിസ നിഷേധിക്കപ്പെട്ടുവെന്നത് വ്യക്തമാക്കപ്പെട്ടില്ല.
പക്ഷേ, ഒരു ദശകത്തിലേറെയായി അസോമിയ പ്രതിദിനിന്റെ പത്രാധിപരായിരിക്കുന്ന ഹൈദര്‍ ഹുസൈന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. `വടക്കു കിഴക്കന്‍ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് എന്റെത്. വിവിധ മത, രാഷ്‌ട്രീയ നേതൃത്വങ്ങള്‍ എനിക്ക് വേണ്ട ബഹുമാനവും നല്‍കുന്നുണ്ട്. ഇന്നുവരെ ന്യൂനപക്ഷ വിഭാഗക്കാരനാണ് ഞാന്‍ എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. ന്യൂനപക്ഷ വിഭാഗക്കാരനായതുകൊണ്ടാണ് അമേരിക്ക വിസ നിഷേധിച്ചത്. അത് മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷേ, പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാന്‍ തിരഞ്ഞെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകന് അമേരിക്ക വിസ നിഷേധിക്കുമ്പോള്‍ രാജ്യത്തിന്റെ ഭരണകൂടം കൈയും കെട്ടി നോക്കിയിരിക്കുകയാണ്. ഇതാണ് ഞാന്‍ ന്യൂനപക്ഷ വിഭാഗക്കാരനാണെന്ന തോന്നല്‍ ഉളവാക്കിയത്'' ഈ പ്രതികരണം ഇന്ത്യന്‍ ഭരണ വിഭാഗത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ബാസ് വൈദ്യശാസ്‌ത്ര സെമിനാറില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവവും സമാനമാണ്. അമേരിക്കന്‍ വിസ ലഭിക്കുന്നതിനു വേണ്ട നിയമപരമായ കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്‌തിരുന്നു. പക്ഷേ, താങ്കളുടെ അപേക്ഷ വാഷിംഗ്‌ടണിന്റെ അനുമതിക്കായി നല്‍കിയിരിക്കുകയാണെന്നും ഇക്കുറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമാണ് കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അബ്ബാസിനെ അറിയിച്ചത്. മുമ്പ് അമേരിക്കയില്‍ പലതവണ സന്ദര്‍ശനം നടത്തിയ തനിക്ക് വിസ നിഷേധിക്കപ്പെട്ടത് അനാവശ്യമായ സംശയങ്ങളുടെ തുടര്‍ച്ചയാണെന്ന് അബ്ബാസ് കരുതുന്നു. താനൊരു മുസ്‌ലിമായതുകൊണ്ടാണ് വിസ നിഷേധിച്ചതെന്ന് ന്യായമായും കരുതേണ്ടിവരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇത് പുറത്തുവന്ന സംഭവങ്ങള്‍ മാത്രം. പുറത്തുവരാത്ത എത്രയോ ഇങ്ങനെയുണ്ടായിട്ടുണ്ടാവും. മുസ്‌ലിം പേരുകളെ ഭീകരവാദവുമായി ചേര്‍ത്ത് വായിക്കുന്നതിന്റെ ഏറ്റവും ലഘുവായ ഉദാഹരണങ്ങള്‍ മാത്രമാണിവ. ഇതിനോടൊന്നും പ്രതികരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവാറില്ല. ഹൈദര്‍ ഹുസൈനോട് ചെയ്‌തതുപോലെ അവര്‍ കൈ മലര്‍ത്തിക്കാട്ടും. ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യന്‍ പൗരന്റെ അന്തസ്സാണ്. അശോക സ്‌തംഭത്തിന്റെ തുല്യം ചാര്‍ത്തി ഇന്ത്യന്‍ ഭരണ സംവിധാനങ്ങള്‍ കൈമാറുന്ന രേഖകളുടെ വിശ്വാസ്യതയാണ്. എങ്കിലും പരമാധികാരിയായ അമേരിക്കന്‍ സാമ്രാജ്വത്വത്തെ എതിര്‍പ്പോ അതൃപ്‌തിയോ അറിയിക്കാന്‍ ഇവിടുത്തെ വിധേയന്‍മാര്‍ തയ്യാറാവില്ല. കാരണം മേലാവില്‍ നിന്ന് അപ്രീതിയുണ്ടാവുന്നത് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ സഹിക്കാന്‍ ഇടയില്ലെന്നതു തന്നെ. ഈ വിധേയത്വം സമ്മാനിക്കുന്ന ഹുങ്കിന്റെ ബലത്തിലാണ് മുന്‍ രാഷ്‌ട്രപതി കലാമിന്റെ ദേഹ പരിശോധന നടത്താന്‍ ഒരു വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥന്‍ കല്‍പ്പിക്കുന്നത്.
മൂന്നു മാസം മുമ്പ് നടന്ന ഈ സംഭവം വാര്‍ത്തയാകുമ്പോഴാണ് ഇന്ത്യന്‍ അധികൃതര്‍ അറിഞ്ഞത് എന്ന് വിശ്വസിക്കുക പ്രയാസം. അറിഞ്ഞിട്ടും കാര്യങ്ങള്‍ പുറത്തുവരാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാവണം. അമേരിക്കന്‍ വിമാനക്കമ്പനിയെ പിണക്കാന്‍ മന്‍മോഹനോ പ്രഫുല്‍ പട്ടേലിനോ താത്‌പര്യമുണ്ടാവില്ലല്ലോ. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും രാജ്യം തന്നെ അപമാനിക്കപ്പെടുകയാണെന്ന് രാജ്യസഭാംഗങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്‌തതോടെ നിര്‍ബന്ധിതാവസ്ഥയില്‍ വിമാനക്കമ്പനിയോട് വിശദീകരണം ചോദിക്കാന്‍ തയ്യാറായതാണ് കേന്ദ്ര സര്‍ക്കാര്‍. കലാമിനോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ മാപ്പ് വിമാനക്കമ്പനി അധികൃതരോട് പറയാന്‍ നിര്‍ദേശിക്കുമെന്നാണ് വ്യോമയാന മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. വിമാനക്കമ്പനി മാപ്പ് പറഞ്ഞതോടെ കൂടുതല്‍ നടപടികള്‍ കൂടാതെ ഈ അധ്യായം അവസാനിക്കും.
ഇന്ത്യയിലെ വിമാനത്താവളത്തില്‍ വെച്ചാണ് കലാമിന് ഈ ദുര്യോഗമുണ്ടായത്. അമേരിക്കന്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങുന്ന മുസ്‌ലിം പേരുകാരനായ ഒരാള്‍ക്ക് എന്ത് സ്വീകരണമായിരിക്കും ലഭിക്കുക എന്നതിന്റെ സൂചന കൂടിയായി ഇതിനെ കാണണം. അമേരിക്കന്‍ ഇംഗിതങ്ങള്‍ക്ക് വഴങ്ങുകയും രാജ്യത്തിന്റെ പരമാധികാരം, പൗരന്റെ അന്തസ്സ് എന്നിവയേക്കാള്‍ അധികം യാങ്കികളുടെ താത്‌പര്യങ്ങള്‍ക്ക് പ്രധാന്യം കല്‍പ്പിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വം നിലവിലിരിക്കെ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം.
അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഈജിപ്‌തില്‍ വെച്ച് ലോക മുസ്‌ലിംകളെയാകെ അഭിസംബോധന ചെയ്‌ത്‌് ഒബാമ നടത്തിയ പ്രസംഗം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുസ്‌ലിം സമൂഹത്തെയാകെ ഭീകരവാദികളായി അമേരിക്ക കാണുന്നില്ലെന്നും ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നുമൊക്കെ വലിയ വായില്‍ ഒബാമ പ്രസംഗിച്ചിരുന്നു. ഈ വാക്കുകളും പ്രവൃത്തിയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നതിന്റെ കൂടി തെളിവായി വേണം കലാം സംഭവത്തെ കാണാന്‍. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം ലോകത്തിന്റെയാകെ സാമ്പത്തിക, സൈനിക മേധാവിത്വം കൈയടക്കാന്‍ ഒരുമ്പെട്ടിറങ്ങിയ അമേരിക്കക്ക് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തിയത് മുസ്‌ലിം രാജ്യങ്ങളായിരുന്നു. എണ്ണ ഉത്‌പാദനത്തിന്റെ ഭൂരിഭാഗവും ഈ രാജ്യങ്ങളില്‍ നിന്നായതുകൊണ്ട് എല്ലാവരെയും എതിര്‍ ചേരിയില്‍ നിര്‍ത്തുക അമേരിക്കക്ക് പ്രയാസവുമായി.
ഭീകരവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി ഇല്ലാതാക്കുക എന്ന തന്ത്രം അമേരിക്ക ആവിഷ്‌കരിച്ചത് അതോടെയാണ്. അഫ്‌ഗാനും ഇറാഖുമായിരുന്നു ആദ്യത്തെ ഇരകള്‍. ലോകവ്യാപാര കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണം ഉചിതമായ ഒരു മറയും സൃഷ്‌ടിച്ചുനല്‍കി. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക എന്നതിലപ്പുറം ഒരു രാജ്യത്തെയോ സംസ്‌കാരത്തെയോ മതവിഭാഗത്തെയോ ഇല്ലാതാക്കുക എന്നതിനാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. ഈ തന്ത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്ന രീതിയും.
ലണ്ടനിലും ആസ്‌ത്രേലിയയിലുമൊക്കെ മുസ്‌ലിമായതുകൊണ്ടു മാത്രം കരുതല്‍ തടങ്കലില്‍ വെക്കപ്പെട്ടതിന്റെ കഥകള്‍ നമ്മുടെ മുന്നിലുണ്ട്. ലണ്ടനിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പേരില്‍ ബംഗളൂരു സ്വദേശിയായ ഡോ. സബീല്‍ അഹമ്മദിനെ ആസ്‌ത്രേലിയയില്‍ ജയിലില്‍ അടച്ചത് സമകാലിക ചരിത്രമാണ്. തെളിവുകളൊന്നും കൂടാതെ സബീലിനെ ജയിലില്‍ വെച്ചതിന് ആസ്‌ത്രേലിയന്‍ കോടതി അവിടുത്തെ പോലീസിനെ വിമര്‍ശിച്ചിരുന്നു. സബീലിനെ സ്വതന്ത്രനാക്കുകയും ചെയ്‌തു. വ്യക്തമായ കാരണങ്ങളില്ലാതെ ഒരു ഇന്ത്യന്‍ പൗരനെ തടങ്കലില്‍ വെച്ചതില്‍ ഔദ്യോഗികമായി അതൃപ്‌തി അറിയിക്കാന്‍ പോലും ഇന്ത്യന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. ഒരു `ഭീകരനു' വേണ്ടി വാദിച്ചതിന്റെ പാപഭാരം എന്തിന് മന്‍മോഹന്‍ സിംഗ് ചുമക്കണം?
.
ReplyDeleteAmerikkan sayippinte cherippu nakkaan vare thayyarulla Manmohanjiyude nattil ithrayalle american vimanakambani cheythullu.... Kalaaminte Udumundazhichu parishodichillallo.. Mahaaaaabhagiaaaaam...
ReplyDeleteSayyid Shihab Thangal