2009-07-15

വിശുദ്ധ വി എസ്‌ (സി സി)


പറയുന്നത്‌ ചെയ്യാതിരിക്കുക, ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച്‌ ഉറച്ച ശബ്‌ദത്തില്‍ ആവര്‍ത്തിച്ച്‌ പറയുക, ആഗ്രഹങ്ങളെ ഗൂഢമായി സൂക്ഷിക്കുക-സാധാരണ മലയാളികളുടെ പൊതു സ്വഭാവമാണിത്‌ എന്ന്‌ പറഞ്ഞാല്‍ (അപവാദങ്ങള്‍ അപൂര്‍വമല്ല) തെറ്റാവില്ല. ഇത്തരം ഒരു സമൂഹത്തില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന നേതാക്കള്‍ക്കും അവരുടെ കൂട്ടായ്‌മ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കും ഇതേ സ്വാഭാവങ്ങളുണ്ടാവുക സ്വാഭാവികം. സി പി എമ്മില്‍ ദശകങ്ങളായി തുടരുന്ന വിഭാഗീയതയിലും അതിന്റെ തുടര്‍ച്ചയായി വി എസിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിലും പ്രതിഫലിക്കുന്നതും മറ്റൊന്നല്ല. വിഭാഗീയതയില്‍ പക്ഷം ചേരുകയും ജനപക്ഷത്ത്‌ നിന്ന വി എസ്സിനെതിരെ നടപടി എടുത്തതില്‍ വിലപിക്കുകയും ചെയ്യുന്നവരും ഇതേ ഗണത്തിലാണ്‌.


കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്‌ ഇത്‌ ആദ്യമായല്ല. സി പി ജോഷി, പി സുന്ദരയ്യ, സി രാജേശ്വര റാവു, എസ്‌ എ ഡാങ്കെ തുടങ്ങി പ്രഗത്ഭരായ നേതാക്കളെല്ലാം നടപടികള്‍ ഏറ്റുവാങ്ങിയവരാണ്‌. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുന്നതിന്‌ പാര്‍ട്ടി സ്വീകരിക്കേണ്ട നയപരിപാടികളെക്കുറിച്ചുള്ള ആശയ സംവാദത്തിനൊടുവിലാണ്‌ ഇവരെല്ലാം നടപടികള്‍ ഏറ്റുവാങ്ങിയത്‌. ഇവിടെ അച്യുതാനന്ദന്റെ കാര്യത്തില്‍ അത്തരം പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളൊന്നും ഉയരുന്നില്ല. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നത്‌ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെക്കുറെ ഒരു മരീചിക മാത്രമാണെന്ന്‌ വി എസ്സും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചവരും ഏറെക്കുറെ അംഗീകരിക്കുന്നുവെന്ന്‌ വ്യക്തം. കേരളത്തില്‍ പാര്‍ട്ടിയിലും പാര്‍ലിമെന്ററി സ്ഥാനങ്ങളിലും അധികാരം ഉറപ്പിക്കാന്‍ നടക്കുന്ന `സമര'ത്തിന്റെ തുടര്‍ച്ച മാത്രമാണ്‌ ഇപ്പോഴത്തെ നടപടികള്‍. അത്‌ ഏറെക്കുറെ കൃത്യമായി സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുമുണ്ട്‌.


സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനം ഏറെക്കുറെ പൂര്‍ണമായി പിണറായി വിജയന്റെ പക്ഷത്തു നില്‍ക്കുമ്പോള്‍ അധികാരം ഉറപ്പിക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന്‌ അറിയാമെങ്കില്‍ കൂടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക്‌ കഴിയുമായിരുന്നില്ല എന്നതും വ്യക്തമാണ്‌. വി എസ്സിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അത്‌ അദ്ദേഹം സ്വീകരിച്ച ജനപക്ഷ നിലപാടുകളെ തള്ളിക്കളയലാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുക സ്വാഭാവികം മാത്രം. എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളെ പൂര്‍ണമായും തള്ളിക്കളയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തിലാണ്‌ മേല്‍ച്ചൊന്ന മലയാളികളുടെ പൊതുസ്വഭാവവും അതിനെ പ്രതിഫലിപ്പക്കുന്ന നേതാക്കളും അവരുടെ പാര്‍ട്ടിയും പ്രസക്തമാവുന്നത്‌.


ജനപക്ഷ നിലപാടുകള്‍


2006ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്‌ അധികാര പദവികളിലൊന്നും വി എസ്‌ ഉണ്ടായിരുന്നില്ല. എം എല്‍ എ, പ്രതിപക്ഷ നേതാവ്‌ എന്നീ സ്ഥാനങ്ങളില്‍ മാത്രമാണ്‌ അദ്ദേഹമുണ്ടായിരുന്നത്‌. മുഖ്യമന്ത്രി പദം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ഒരിക്കലും തുറന്നുപറയാന്‍ തയ്യാറായില്ല. 1987ല്‍ അധികാരത്തില്‍ വന്ന നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ സമീപകാല ചരിത്രത്തില്‍ തെറ്റില്ലാത്ത ഭരണം കാഴ്‌ചവെച്ച ഒന്നായിരുന്നു. 1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക്‌ വന്‍ജയം നേടിക്കൊടുത്തതില്‍ സര്‍ക്കാറിന്റെ പ്രകടനം വലിയ പങ്ക്‌ വഹിച്ചിരന്നു. വി എസ്‌ മുഖ്യമന്ത്രിയാവാന്‍ ആദ്യം ശ്രമിച്ചത്‌ അക്കാലത്താണ്‌. അന്നും അത്‌ തുറന്ന്‌ പറയാന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടിസ്ഥാനങ്ങളും പാര്‍ലിമെന്ററി രംഗത്തെ സ്ഥാനങ്ങളും പരസ്‌പരം മാറണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയാണ്‌ ചെയ്‌തത്‌. സെക്രട്ടറിക്കുള്ള മേല്‍ക്കോയ്‌മ അന്നും ഇന്നും ഒരുപോലെയാണ്‌ സി പി എമ്മില്‍. അതുകൊണ്ടുതന്നെ വി എസ്സിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. ഭരണത്തിന്റെ മികവില്‍ അധികാരം നിലനിര്‍ത്താനാവുമെന്നും ബംഗാളിലെപ്പോലെ തുടര്‍ച്ചയായ ഇടതു ഭരണം സാധ്യമാവുമെന്നും അദ്ദേഹം തുടര്‍ന്ന്‌ വാദിച്ചു. കാലാവധി പൂര്‍ത്തിയാവും മുമ്പ്‌ നിയമസഭ പിരിച്ചുവിട്ട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാന്‍ സി പി എം തീരുമാനിച്ചത്‌ ഈ വാദം അംഗീകരിച്ചുകൊണ്ടാണ്‌.


വി എസ്സിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടു. എല്‍ ടി ടി ഇ രാജീവിനെ വധിച്ചപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി രംഗത്തെയും സ്ഥാനങ്ങള്‍ പരസ്‌പരം മാറണമെന്ന്‌ നിര്‍ദേശിച്ച്‌ തിരഞ്ഞെടുപ്പിനിറങ്ങിയ വി എസ്‌, സംഘടനാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ നിലപാട്‌ മാറ്റി. കോഴിക്കോട്‌ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിച്ചു. നായനാരോട്‌ തോറ്റു. മുഖ്യമന്ത്രി പദമില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം തനിക്കുണ്ടാവണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു സഖാവിന്‌.


1996ലെ തിരഞ്ഞെടുപ്പില്‍ വി എസ്‌ തന്നെയായിരുന്നു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മുന്നണി ജയിച്ചപ്പോള്‍ വി എസ്‌ മാരാരിക്കുളത്ത്‌ തോറ്റു. വി എസ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആരംഭിച്ച വിഭാഗീയത അദ്ദേഹത്തെ തിരിഞ്ഞുകൊത്തി. 2001ല്‍ മലമ്പുഴയില്‍ മത്സരിക്കാനെത്തുമ്പോഴും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വി എസ്‌ തന്നെയായിരുന്നു. അവിടെ കഷ്‌ടിച്ച്‌ ജയിച്ചുവെങ്കിലും മുന്നണി തോറ്റു. 2006ല്‍ തിരഞ്ഞെടുപ്പ്‌ അടുത്തപ്പോഴേക്കും കാര്യങ്ങള്‍ വി എസ്സിന്റെ കൈയില്‍ നിന്ന്‌ പോയിരുന്നു. മത്സരിക്കണമെന്നും മുഖ്യമന്ത്രിയാവണമെന്നുമുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും പി ബി യോഗത്തില്‍ അദ്ദേഹം അത്‌ തുറന്ന്‌ പറഞ്ഞില്ല. മത്സരിക്കാനില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറിയും പി ബി അംഗവുമായ പിണറായി വ്യക്തമാക്കിയപ്പോള്‍ താനും മത്സരിക്കാനില്ലെന്ന്‌ വി എസ്‌ പറഞ്ഞു.


പ്രതിപക്ഷ നേതാവ്‌ എന്ന നിലക്ക്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ മേന്‍മ പരിഗണിച്ച്‌ വി എസ്‌ തന്നെ ഇടതുമുന്നണിയെ തിരഞ്ഞെടുപ്പില്‍ നയിക്കണമെന്ന്‌ പറയാനുള്ള ബുദ്ധി പോളിറ്റ്‌ ബ്യൂറോ കാട്ടിയില്ല. അറുപതാണ്ടോളം പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഇതുവരെ അധികാര സ്ഥാനത്തൊന്നും എത്താതിരുന്ന നേതാവിന്‌ മുഖ്യമന്ത്രിയാവാന്‍ ഒരവസരം നല്‍കാമെന്ന സൗമനസ്യം സംസ്ഥാന നേതൃത്വവും കാട്ടിയില്ല. വി എസ്സിനെ മത്സരിപ്പിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രവര്‍ത്തന മികവിനുള്ള അംഗീകാരം പാര്‍ട്ടി അറിഞ്ഞ്‌ നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്തായപ്പോള്‍ മൗനത്തിന്റെ മതിലിനുള്ളിലിരുന്ന്‌ വി എസ്‌ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ പ്രത്യേക പി ബി ചേര്‍ന്ന്‌ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.


സീറ്റ്‌ നിഷേധിക്കപ്പെട്ടപ്പോഴുയര്‍ന്ന പ്രതിഷേധങ്ങളെല്ലാം വി എസിന്റെ ജനപക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെട്ടു. ജനപക്ഷ നിലപാടുകളിലൊന്ന്‌ കൊക്ക കോള, പെപ്‌സി കമ്പനികള്‍ നടത്തിയ ജലചൂഷണത്തിനെതിരെയുള്ളതായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ പ്ലാച്ചിമടയിലെ കോള കമ്പനിക്കു മുന്നിലും പുതുശ്ശേരിയിലെ പെപ്‌സി കമ്പനിയുടെ മുന്നിലും സമരങ്ങള്‍ക്കെത്തിയിരുന്നു വി എസ്‌. അന്നോളം ആദിവാസികളും സാധാരണക്കാരും നടത്തിവന്ന സമരത്തിന്റെ തലം വി എസ്സിന്റെ സാന്നിധ്യമുണ്ടായതോടെ ഉയര്‍ന്നു. പ്ലാച്ചിമടയില്‍ ജലചൂഷണം മാത്രമായിരുന്നില്ല പ്രശ്‌നം. വിഷാംശമടങ്ങുന്ന കമ്പനി മാലിന്യം പുറന്തള്ളിയതും ഈ മാലിന്യം വളമായി കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്‌തതും ഇതുണ്ടാക്കിയ നാശങ്ങളുമൊക്കെയുണ്ടായിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വി എസ്‌ ഒരിക്കല്‍ പോലും പ്ലാച്ചിമടയില്‍ പോയതായി അറിവില്ല.


വന്‍കിടക്കാരും സ്വകാര്യ കമ്പനികളും നടത്തുന്ന അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെയായിരുന്നു മറ്റൊരു ജനപ്രിയ സമരം. ഇത്തരം ഭൂമി പിടിച്ചെടുക്കാന്‍ മൂന്നാറില്‍ നടപടി തുടങ്ങിയെങ്കിലും പാര്‍ട്ടി ഓഫീസുകളുടെ പട്ടയം വിവാദമയപ്പോള്‍ സി പി ഐയും സി പി എമ്മും പ്രകടിപ്പിച്ച എതിര്‍പ്പും പിടിച്ചെടുക്കുന്നതിനേക്കാള്‍ തകര്‍ത്തൊടുക്കാനുള്ള ഉദ്യോഗസ്ഥരുടെ താത്‌പര്യവും കൂടിയായപ്പോള്‍ അത്‌ പാതിവഴിയില്‍ മുടങ്ങി. സംസ്ഥാനത്ത്‌ മൂന്നാറില്‍ മാത്രമായിരുന്നില്ല കയ്യേറ്റം. മൂന്നാറിലേത്‌ മുടങ്ങിയെങ്കിലും മറ്റിടങ്ങളിലേത്‌ തുടരാന്‍ തടസ്സമില്ലായിരുന്നു. പക്ഷേ, അതിന്‌ നടപടിയുണ്ടായില്ല. കയ്യേറ്റങ്ങള്‍ക്കെതിരെ ശബ്‌ദിച്ച മുഖ്യമന്ത്രി അതിന്‌ തയ്യാറായതുമില്ല. കയ്യേറ്റ ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കുമെന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ ചെങ്ങറയില്‍ ഹാരിസണ്‍ എസ്റ്റേറ്റില്‍ അവകാശം സ്ഥാപിച്ച്‌ സമരം നടത്തുന്നവരെ റബ്ബര്‍ കള്ളന്മാര്‍ എന്ന്‌ വിളിക്കുന്നത്‌ പിന്നീട്‌ കേള്‍ക്കുകയും ചെയ്‌തു.


ജനപക്ഷ നിലപാടെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന മറ്റൊന്ന്‌ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടതാണ്‌. ഈ കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ അംഗീകരിക്കുക. കരാര്‍ നടപ്പാക്കുന്ന കാലത്ത്‌ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‌ പങ്കുണ്ടെന്നതും. ഇത്‌ ഉന്നയിക്കുന്ന വി എസ്സിന്റെ നിലപാടിനെയും അംഗീകരിക്കുക. പക്ഷേ, കരാറിന്‌ തുടക്കമിട്ട ജി കാര്‍ത്തികേയന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ സി ബി ഐ കോടതി ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വി എസ്‌ അച്യുതാനന്ദന്‍ ഉന്നയിക്കാതിരിക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നിപ്പോവും.


ലാവ്‌ലിന്‍ കേസിന്‌ തുടക്കമാവുന്നത്‌ സി എ ജി റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെയാണ്‌. ക്യാന്‍സര്‍ സെന്ററിനുള്ള പണം ലഭ്യമാക്കാന്‍ കഴിയാത്തത്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ഈ പണം നേടിയെടുക്കാന്‍ നടപടി സ്വീകരിക്കുക എന്ന ചുമതല പിണറായിക്കു ശേഷം വൈദ്യുതി മന്ത്രിയായിരുന്ന എസ്‌ ശര്‍മക്കുണ്ടായിരുന്നു. എന്തുകൊണ്ട്‌ ശര്‍മ അതിന്‌ ശ്രമിച്ചില്ല എന്നത്‌ അന്വേഷിക്കണമെന്ന്‌ ഒരിക്കല്‍ പോലും വി എസ്‌ ആവശ്യപ്പെട്ടിട്ടില്ല. ലാവ്‌ലിനിലെ ജനപക്ഷ നിലപാട്‌ പിണറായി വിജയനെതിരെ മാത്രമാണെന്നും അത്‌ പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി രംഗത്തെയും സ്ഥാനമുറപ്പിക്കാന്‍ മാത്രമുള്ളതാണെന്നും വിലയിരുത്തേണ്ടിവരും. മറ്റ്‌ ജനപക്ഷ നിലപാടുകളിലൂം ഈ വൈരുധ്യം കാണാനാവും. പരസ്യമായി പറയുന്നതല്ല, ലക്ഷ്യമെന്ന്‌ ചുരുക്കം.


ഔദ്യോഗികം (സോഷ്യല്‍ ഡെമോക്രാറ്റ്‌)


തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നത്‌ മരീചികയാണെന്ന്‌ തിരിച്ചറിഞ്ഞവര്‍ കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ചേരുംപടി ചേര്‍ത്ത്‌, സമ്മിശ്ര സമ്പദ്‌വ്യവസ്ഥ അംഗീകരിച്ച്‌ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്‌ ഇന്നോ ഇന്നലെയോ സ്വീകരിച്ചതുമല്ല. പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസോടെ തുടങ്ങിവെക്കുകയും 2005ല്‍ ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിക്കുകയും ചെയ്‌ത നയപരിഷ്‌കാരങ്ങള്‍ സോഷ്യല്‍ ഡെമോക്രസിയിലേക്കുള്ള മാറ്റത്തിന്റെ നാന്ദിയായിരുന്നു. ഈ നയങ്ങള്‍ 2008ലെ കോയമ്പത്തൂര്‍ കോണ്‍ഗ്രസ്‌ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.


വരട്ടുതത്വവാദം ഉപേക്ഷിക്കണമെന്നും വിദേശനിക്ഷേപമുള്‍പ്പെടെ ഉപയോഗപ്പെടുത്തി വ്യവസായവത്‌കരണം കൊണ്ടുവരണമെന്നും അഞ്ച്‌ വര്‍ഷം മുമ്പ്‌ പരസ്യമായി പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യക്കെതിരെ പാര്‍ട്ടി നടപടി എടുക്കാതിരുന്നത്‌ അതുകൊണ്ടാണ്‌. പക്ഷേ, ഇത്‌ തുറന്ന്‌ സമ്മതിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറല്ല. കമ്മ്യൂണിസത്തിലും മാര്‍ക്‌സിസത്തിലും അടിയുറച്ച്‌, തൊഴിലാളികളുടെയും മറ്റ്‌ അടിസ്ഥാന വര്‍ഗത്തിന്റെയുമൊപ്പം തുടരുന്നുവെന്ന്‌ നടിച്ചില്ലെങ്കില്‍ നിലവില്‍ പാര്‍ട്ടിക്ക്‌ വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ കൂടി തിരിച്ചടിയുണ്ടാവുമെന്ന്‌ അവര്‍ ഭയക്കുന്നു.


നിക്ഷേപം ആകര്‍ഷിക്കുകയും വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ നിലമൊരുക്കുകയും ചെയ്യുമ്പോള്‍ തൊഴിലാളി, അടിസ്ഥാന വര്‍ഗങ്ങളുടെ താത്‌പര്യങ്ങളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ വേണ്ടിവരും. നയവ്യതിയാനം പരമാവധി മൂടിവെച്ച്‌ ഈ ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കുകയാണ്‌ ഔദ്യോഗിക നേതൃത്വങ്ങള്‍. എ ഡി ബി വായ്‌പ സ്വീകരിക്കാനുള്ള തീരുമാനം ഇതൊടൊപ്പം ചേര്‍ക്കാം. അന്താരാഷ്‌ട്ര കരാറുകളിലെ കമ്മീഷനുകള്‍ ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്‌ ആഗോളവത്‌കരണ കാലത്തിലാണ്‌. ലാവ്‌ലിന്‍ ഇടപാടിലെ കമ്മീഷന്‍ സി പി എം അംഗീകരിക്കുന്നത്‌ ആഗോളവത്‌കരണത്തിന്റെ പാര്‍ശ്വഫലങ്ങളെ അംഗീകരിക്കുന്നതുകൊണ്ടുമാണ്‌. നോക്കുകൂലി ഇല്ലാതാക്കി, തൊഴിലാളി സംഘടനകള്‍ക്ക്‌ നിയന്ത്രണം കൊണ്ടുവരാന്‍ പാര്‍ട്ടി മുന്‍കൈ എടുക്കുന്നതിലും പുതിയ നയങ്ങളുടെ സ്വാധീനമുണ്ട്‌.


മൂന്നാറിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെ പ്രത്യക്ഷത്തില്‍ സ്വാഗതം ചെയ്‌തുവെങ്കിലും സ്വകാര്യ നിക്ഷേപകര്‍ അകലുന്നതിലുള്ള അങ്കലാപ്പ്‌ ഔദ്യോഗികപക്ഷത്തിനുണ്ടായിരുന്നു. തിരിച്ചുപിടിക്കല്‍ അട്ടിമറിക്കപ്പെടുന്നതിനെ പരോക്ഷമായി തുണച്ചത്‌ അതുകൊണ്ടാണ്‌. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചിലരെങ്കിലും ഇപ്പോഴും നഷ്‌ടപരിഹാരം കിട്ടാതെ ഉഴലുമ്പോഴും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള റെയില്‍പാതക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ കുടുംബങ്ങളെ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞപ്പോഴും സി പി എം നേതൃത്വത്തിന്‌ വേദനിക്കാതിരുന്നത്‌ അതുകൊണ്ടാണ്‌. ചെങ്ങറയിലെ ഭൂസമരത്തെ കായികശേഷി കൊണ്ട്‌ നേരിടാന്‍ പാര്‍ട്ടി ഒരുങ്ങിയതും മറ്റൊന്നുകൊണ്ടല്ല.


പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള പശ്ചിമ ബംഗാളില്‍ വ്യവസായവത്‌കരണത്തിന്‌ വിദേശ നിക്ഷേപത്തെ ആശ്രയിച്ചപ്പോള്‍ സമ്പന്നരെ കൂട്ടുപിടിച്ച്‌ പാര്‍ട്ടിക്കു കീഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനാണ്‌ കേരളത്തില്‍ തീരുമാനിച്ചത്‌. പാര്‍ട്ടിക്ക്‌ ആസ്‌തി വര്‍ധിച്ചപ്പോള്‍ ഇതിന്‌ കൂടെ നിന്ന സമ്പന്ന വിഭാഗങ്ങളെ പിണക്കാതെ നോക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായി. അതുകൊണ്ടാണ്‌ ഫാരിസ്‌ അബൂബക്കര്‍മാരും ലിസ്‌ ചാക്കോച്ചന്‍മാരും സാന്റിയാഗോ മാര്‍ട്ടിന്‍മാരും വാര്‍ത്തകളില്‍ നിറഞ്ഞത്‌.


ഇതൊക്കെ വസ്‌തുതകളായി നിലനില്‍ക്കെ അധ്വാനിക്കുന്നവരുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും പ്രതിനിധിയായി പാര്‍ട്ടി തുടരുന്നുവെന്ന്‌ അവകാശപ്പെടുകയാണ്‌ നേതൃത്വം. മാര്‍ക്‌സിസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌ സ്വഭാവവും ലെനിനിസ്റ്റ്‌ സംഘടനാ ചട്ടക്കൂടും നിലനിര്‍ത്തുന്നുവെന്ന്‌ നടിക്കുകയും ചെയ്യുന്നു. അതിനുള്ള എളുപ്പവഴികളാണ്‌ അച്ചടക്ക നടപടികള്‍. പാര്‍ട്ടിയെയും അതിന്റെ ആനുകൂല്യം അനുഭവിക്കുന്ന പ്രവര്‍ത്തകരെയും ഒരുമിപ്പിച്ച്‌ നിര്‍ത്തുകയും എതിരാളിയുടെ പിഴവ്‌ മുതലെടുത്ത്‌ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്യുക എന്ന അതിജീവന തന്ത്രത്തിന്റെ തുടര്‍ച്ച ഇനിയും കാണും. അപ്പോഴും നയവ്യതിയാനം അംഗീകരിക്കില്ല. കമ്മ്യൂണിസ്റ്റ്‌, മാര്‍ക്‌സിസ്റ്റ്‌ നിലപാടുകളില്‍ ഉറച്ച്‌ ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമാക്കുന്നുവെന്ന്‌ ആവര്‍ത്തിക്കും. പാര്‍ട്ടിയിലെയും പാര്‍ലിമെന്ററി രംഗത്തെയും അധികാര സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട്‌ പുതിയ ചേരികള്‍ ഉയര്‍ന്നുവരികയും ചെയ്യും. വി എസ്സിന്റെ ജനപക്ഷത്തിന്‌ പകരം മറ്റെന്തെങ്കിലുമൊരു പക്ഷം അപ്പോഴുമുണ്ടാവും. പറച്ചിലും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധമൊന്നുമുണ്ടായില്ലെങ്കിലും.


വിമര്‍ശകരും എതിരാളികളും


സി പി എമ്മിലെ ചേരികളെപ്പോലെ തന്നെ പറച്ചിലും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്തവരാണ്‌ ഇക്കൂട്ടരും. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരത്തെയും ഉദാരവത്‌കരണനയത്തെയും ആവുന്നത്ര പിന്തുണക്കുന്നവര്‍ എ ഡി ബി വായ്‌പക്കെതിരായ വി എസ്‌ അച്യുതാനന്ദന്റെ നിലപാടുകളെ പിന്തുണക്കുന്ന കാഴ്‌ചയാണ്‌ വിമര്‍ശക പക്ഷത്ത്‌ കണ്ടത്‌. ഇസ്‌റാഈല്‍ പ്രതിരോധ ഇടപാടില്‍ അറുന്നൂറ്‌ കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണമുണ്ടായപ്പോള്‍, എ കെ ആന്റണിയുടെ വിശദീകരണക്കുറിപ്പ്‌ മാത്രം നല്‍കി സായൂജ്യമടഞ്ഞ പത്രം ലാവ്‌ലിന്‍ കേസിനായി ഇക്കാലത്തിനിടെ ചെലവഴിച്ചത്‌ എത്രമാത്രം സ്ഥലമായിരുന്നുവെന്ന്‌ പരിശോധിച്ചാല്‍ മാത്രം മതി കാപട്യത്തിന്റെ അളവ്‌ അറിയാന്‍.


വി എസ്‌ പാര്‍ട്ടിയില്‍ ശക്തനായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ എസ്‌ എഫ്‌ ഐയുടെ സമരാഹ്വാനം ലംഘിച്ച്‌ കൊല്ലം ടി കെ എം എന്‍ജിനിയറിംഗ്‌ കോളജില്‍ പ്രൊഫഷണല്‍ കോഴ്‌സിന്റെ പരീക്ഷ എഴുതിയത്‌ ഒന്നാം പേജില്‍ നിരത്തിയവര്‍ ഇപ്പോള്‍ വി എസ്സിന്റെ സ്‌തുതിപാഠകരാവുന്നു. വെട്ടിനിരത്തല്‍ സമരത്തിന്റെ പേരില്‍ ആക്ഷേപിച്ചവര്‍ അദ്ദേഹത്തെ ജനപക്ഷ നേതാവാക്കുന്നു. എതിരാളികളില്‍ പ്രമുഖരെല്ലാം പാര്‍ട്ടിയെക്കൊണ്ട്‌ പ്രയോജനമുണ്ടായവരോ അതിന്റെ മുന്‍ നേതാക്കളോ ആണ്‌. ഇതില്‍ ഒഞ്ചിയത്തെ `വിമതന്‍'മാരെ മാറ്റി നിര്‍ത്താം. അവര്‍ക്ക്‌ മാത്രമേ ജനകീയ സമരങ്ങളുടെ പിന്‍ബലമോ ജനപിന്തുണയുടെ കരുത്തോ അവകാശപ്പെടാനാവൂ. പാര്‍ട്ടിയെ ഉപയോഗിച്ച്‌ സ്ഥാനങ്ങളിലെത്തുകയും അധികാരപ്പോരില്‍ പുറംതള്ളപ്പെട്ടപ്പോള്‍ വി എസ്സിന്‌ പിന്തുണ അറിയിച്ച്‌ രംഗത്തെത്തുകയും ചെയ്‌തവരാണ്‌ ഭൂരിഭാഗവും.


വി എസ്സിനെ പിന്തുണച്ച്‌ അഭിപ്രായ പ്രകടനം നടത്തുന്നവരെ അവര്‍ സി പി എമ്മിന്‌ അനഭിമതരാവുന്നതിന്‌ മുമ്പ്‌ ഏതെങ്കിലും സമരമുഖത്ത്‌ കണ്ടിട്ടുണ്ടോ എന്ന്‌ പരിശോധിച്ച്‌ നോക്കുക. നയപരിപാടിയില്‍ സി പി എമ്മിനേക്കാള്‍ വലതുപക്ഷത്തുള്ളവരിലൂടെ ആശയ സംവാദത്തിന്‌ തയ്യാറാവുകയും വലതുപക്ഷത്തെ സഹായിക്കുകയും ചെയ്യുക എന്നതിനപ്പുറത്ത്‌ ഇവര്‍ക്ക്‌ പ്രവര്‍ത്തന മേഖലയില്ല. മേഖലയുണ്ടെങ്കില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുകയുമില്ല. കാരണം അധികാരപ്പോരില്‍ കക്ഷിചേര്‍ന്ന്‌ തര്‍ക്കം കൊഴുപ്പിക്കുന്നവര്‍ എന്നതിനപ്പുറത്ത്‌ എന്തെങ്കിലും സ്ഥാനം ജനം ഇവര്‍ക്ക്‌ വകവെച്ചുനല്‍കും എന്ന്‌ പ്രതീക്ഷിക്കുന്നത്‌ അബദ്ധമാവും. ദാവീദിനെ എതിര്‍ത്ത ഗോലിയാത്തിന്‌ ചരിത്രത്തില്‍ ഒരു സ്ഥാനമുണ്ട്‌. പക്ഷേ എല്ലാവര്‍ക്കും ഗോലിയാത്തുമാരാവാന്‍ കഴിയില്ല എന്നത്‌ മറവിയിലാണ്‌ എന്ന്‌ മാത്രം.


അഴിമതിക്കേസില്‍ എല്ലാക്കാലത്തും പ്രതിസ്ഥാനത്തിന്‌ വേണ്ടി വാദിച്ചിരുന്ന കോണ്‍ഗ്രസും സഖ്യകക്ഷികളും ലാവ്‌ലിന്‍ നിധിപോലെ കൊണ്ടുനടക്കുന്നതില്‍ അത്ഭുതമില്ല. ലക്ഷ്യം അധികാരം മാത്രമാണെന്നത്‌ വസ്‌തുത മാത്രം. ജി കാര്‍ത്തിയേകന്റെ പങ്ക്‌ അന്വേഷിക്കണമെന്ന സി ബി ഐ കോടതി വിധി അവരുടെ വാദങ്ങളുടെ തീവ്രത കുറച്ചുവെന്ന്‌ മാത്രം.


വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും അഭിനേതാക്കളും ഉള്‍ക്കൊള്ളുന്ന ചലച്ചിത്രം തുടരുകയാണ്‌. പല ക്ലൈമാക്‌സുകള്‍ കഴിഞ്ഞിട്ടും അവസാനിക്കാതെ. പുതിയ ക്ലൈമാക്‌സുകള്‍ ഇനിയുമുണ്ടാവും. ചലച്ചിത്രം തുടരുമ്പോള്‍തന്നെ അതിനുള്ള തിരക്കഥ തയ്യാറാവുന്നുണ്ട്‌. പാര്‍ട്ടി അച്ചടക്കം പാലിച്ച്‌ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുന്ന വി എസ്സിനെ അല്‍പ്പകാലം നമ്മള്‍ കാണും. പാര്‍ട്ടിയും അധികാരവും പണവും കൈയിലുള്ള സി പി എമ്മിലെ ഔദ്യോഗികപക്ഷത്തിനെതിരെ നീക്കാവുന്ന പുതിയ ആയുധം തയ്യാറാവും വരെ. പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്‌ത്‌ നിലപാടെടുക്കാത്ത പുതിയ ആയുധം. അത്‌ ലഭിക്കും വരെ ചെറിയ ഇടവേള.

No comments:

Post a Comment