
``അതിര്‍ത്തിത്തര്‍ക്കങ്ങള്‍, പകരക്കാരെ ഉപയോഗിച്ച് നടത്തുന്ന യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന പ്രകോപനം, മത യാഥാസ്ഥിതികത്വം, പരിഷ്കരണങ്ങള്‍ക്ക് വാദിക്കുന്ന തീവ്രവാദം, വംശീയ സംഘര്‍ഷങ്ങള്‍, സാമൂഹ്യ - സാമ്പത്തിക അസമത്വം എന്നിവ ദക്ഷിണേഷ്യയുടെ മുദ്രയായി മാറിയിരിക്കുന്നു''
- ജനറല്‍ ദീപക് കപൂര്‍, ഇന്ത്യന്‍ കരസേനയുടെ മേധാവി
ഇവര്‍ കരുത്തുറ്റ സ്ത്രീകളാണ്
ഹേമന്ത് കാര്‍ക്കറെ, വിജയ് സലസ്കര്‍, അശോക് കാംതെ, സന്ദീപ് ഉണ്ണിക്കൃഷ്ണന് തുടങ്ങി അക്രമികളുടെ വെടിയേറ്റു വീണ ധീരന്മാര്. വര്‍ഷമൊന്ന് പിന്നിടുമ്പോഴും ഇതില്‍ ചിലരുടെ മരണങ്ങളെക്കുറിച്ചെങ്കിലും സംശയങ്ങള്‍ തുടരുന്നുണ്ട്. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ത് കാര്‍ക്കറെ. ആക്രമണത്തിന്റെ വിവരമറിഞ്ഞയുടന്‍ കാമ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ഭീകരരുടെ വെടിയേറ്റു വീണു. കാര്‍ക്കറെക്ക് പിറകെ കാമ ആശുപത്രിക്ക് മുന്നിലേക്ക് തിരിച്ച വിജയ് സലസ്കറുടെയും അശോക് കാംതെയുടെയും വിധി വ്യത്യസ്തമായില്ല. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ വിധവകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്കി കാത്തിരിക്കുകയാണ് ഇപ്പോഴും. തങ്ങളുടെ ഭര്ത്താക്കന്മാര് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നറിയാന്‍.
``അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രഥമസ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ചരിത്രപരമായ ഭിന്നതകള്‍, പ്രത്യയശാസ്ത്രപരമായ പക്ഷപാതിത്വങ്ങള്‍, സാമ്പത്തിക അസമത്വം, ഊര്‍ജ സുരക്ഷ, ജലക്ഷാമം എന്നിവയും സംഘര്‍ഷങ്ങളുടെ സൃഷ്ടിയില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. പുതിയകാലത്തെ സംഘര്‍ഷങ്ങള്‍ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടുള്ളവ മാത്രമല്ല, ഉപ ദേശീയതകള്‍, തീവ്രവാദം, മതമൗലികവാദം, വംശീയ താത്പര്യങ്ങള്‍ എന്നിവ കൂടി കാരണങ്ങളാണ്''
- എ കെ ആന്റണി, പ്രതിരോധ മന്ത്രി
രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഇവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. പശ്ചിമേഷ്യയെപ്പോലെ ദക്ഷിണേഷ്യയും സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നുവെന്ന അഭിപ്രായവും ഇരുവരും പ്രകടിപ്പിച്ചു കണ്ടു.
മൂംബൈയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. എട്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 164 പേര് കൊല്ലപ്പെട്ടു. ഭീകരരില്‍ ഒമ്പതു പേരും കൊല്ലപ്പെട്ടു. അജ്മല്‍ അമീര്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടിയത്. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തിയ വലിയ ആഘാതമേല്‍പ്പിക്കുന്നത് രാജ്യം ഇതിന് മുമ്പ് പലതവണ കണ്ടതാണ്. ഒരു നഗരത്തിന്റെ പലഭാഗത്തായി തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടത്തുന്നതും പലകുറി ആവര്‍ത്തിച്ചു. പാര്‍ലിമെന്റിനു നേര്‍ക്ക് പോലും ആക്രമണമുണ്ടായി. ഇവകളോടൊന്നും താരതമ്യം ചെയ്യാനാവില്ല മുംബൈയെ. താജ് മഹല്‍, ഒബ്റോയ് ട്രിഡന്റ് ഹോട്ടലുകളിലും ജൂത അധിവാസ കേന്ദ്രമായ നരിമാന് ഹൗസിലും തമ്പടിച്ച ഭീകരര്‍ മൂന്നു ദിവസത്തോളം രാജ്യത്തെ ഉത്കണ്ഠയുടെ മുള് മുനയില്‍ നിര്‍ത്തി. ദേശീയ സുരക്ഷാ ഗാര്‍ഡ് അടക്കമുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിനൊടുവിലാണ് അവരെ കീഴടക്കാനായത്.
ഇതുകൊണ്ടു മാത്രമല്ല മൂംബൈയിലെ ആക്രമണം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാവുന്നത്. ആസൂത്രണം, നടത്തിപ്പ്, പരമാവധി ആഘാതമേല്‍പ്പിക്കല്‍ എന്നിവയിലെല്ലാം രാജ്യത്തെയാകെ അമ്പരിപ്പിക്കാന്‍ അക്രമികള്‍ക്ക് കഴിഞ്ഞു. ആക്രമണം നടത്തുന്നതിനിടെപ്പോലും അതിന്റെ ആസൂത്രകരുമായി ഭീകരര്‍ ഉപഗ്രഹ ഫോണിലൂടെ ആശയ വിനിയമം നടത്തി. ഇന്ത്യന്‍ സുരക്ഷാ സേനയുടെ നീക്കങ്ങള്‍ ഒരു പരിധിവരെ അറിയാനും പ്രതിരോധ തന്ത്രങ്ങള്‍ മെനയാനും ഈ ആശയ വിനിമയം അവരെ സഹായിച്ചിട്ടുണ്ടാവാം. അതുകൊണ്ടാവണം മൂന്നു ദിവസത്തോളം പിടിച്ചുനില്ക്കാന് അവര്‍ക്ക് കഴിഞ്ഞത്.
അക്രമികള്‍ എത്രപേരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച്, ആക്രമണം ആരംഭിച്ച് മൂന്നാം ദിവസം പോലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രൂപമുണ്ടായിരുന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തെ ഇങ്ങനെ സംഗ്രഹിക്കാം. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യിബ ആസുത്രണം ചെയ്തതായിരുന്നു ആക്രമണ പദ്ധതി. ഇത് നടപ്പാക്കാന്‍ തിരഞ്ഞെടുത്തവര്‍ക്ക് ലശ്കര്‍ മൂന്നുമാസത്തോളം പരിശീലനം നല്കി. കറാച്ചിയില്‍ നിന്ന് കപ്പല്‍ വഴി ഗുജറാത്ത് തീരത്തെത്തിയ അക്രമികള്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് മുംബൈ തീരത്തോട് അടുത്തു. തുടര്‍ന്ന് റബ്ബര്‍ ബോട്ടില്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഛത്രപതി ശിവജി റെയില്‍വേ ടെര്‍മനില്‍ രക്തത്തില്‍ മുക്കിയ രണ്ടുപേരില്‍ ഒരാളാണ് അമീര്‍ അജ്മല്‍ കസബ്. നവംബര്‍ 29ന് ടാജ് മഹല്‍ ഹോട്ടലിലെ എല്ലാ ഭാഗത്തെയും പരിശോധന പൂര്‍ത്തിയായതോടെയാണ് ആക്രമണത്തിന്റെ പിടിയില്‍ നിന്ന് മുംബൈ മോചിതയായത്.
ഇത്തരം ഗുരുതരമായ വെല്ലുവിളികളുണ്ടാവുമ്പോള്‍ നേരിടുന്നതില്‍ ഇന്ത്യന്‍ സംവിധാനങ്ങള്‍ക്കുള്ള പോരായ്മ, ആക്രമണത്തെക്കുറിച്ചുള്ള യാതൊരു മുന്നറിയിപ്പും നല്കാന് കഴിയാതിരുന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയം തൂടങ്ങി നിരവധി വിഷയങ്ങള്‍ മുംബൈ സംഭവത്തിന് ശേഷം ഉയര്‍ന്നുവന്നു. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് പ്രാദേശിക കേന്ദ്രങ്ങളുണ്ടാക്കുകയും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മാതൃകയില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) രൂപവത്കരിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന നടപടികള്‍. തീര സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു. മുംബൈക്കു ശേഷം രാജ്യത്ത് വലിയ ആക്രമണങ്ങള്‍ ഇതുവരെ ഉണ്ടായില്ല എന്നത് തങ്ങള്‍ സ്വീകരിച്ച കര്‍ശന നടപടികളുടെ മേന്മയായി സര്‍ക്കാറിന് അവകാശപ്പെടാം.
ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ ഏജന്‍സികളുടെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അതിന്റെ ആസൂത്രകര്‍ ലശ്കറെ ത്വയ്യിബയുടെ നേതാക്കളാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത് സംബന്ധിച്ച തെളിവുകള്‍ പാക്കിസ്ഥാന് കൈമാറി. ആ രാജ്യം ലശ്കര്‍ നേതാക്കളായ ഏഴു പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ പിടിയിലായ കസബും നേരത്തെ തന്നെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്ന രണ്ടുപേരെയും മുംബൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുകയാണ്. അന്വേഷണങ്ങളും കോടതി നടപടികളും മുറപോലെ നടക്കും. രാജ്യത്തിനെതിരായ യുദ്ധമാണ് നടന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ അതിന് പതിവില്കവിഞ്ഞ വേഗവും കാര്യക്ഷമതയും ഉണ്ടാവുകയും ചെയ്യും. അന്വേഷണങ്ങള്‍ക്കും കുറ്റവാളികളെ കണ്ടെത്തലുകള്‍ക്കുമപ്പുറത്ത് എന്തുകൊണ്ട് ഇത്തരം ആക്രമണങ്ങള്‍ എന്ന പ്രശ്നത്തില്‍ അധിഷ്ഠിതമായ ഗൗരവമേറിയ ചിന്തകള്‍ ഉണ്ടായോ എന്നത് സംശയാണ്.
ഇവിടെയാണ് പശ്ചിമേഷ്യക്കൊപ്പം ദക്ഷിണേഷ്യയും സംഘര്‍ഷങ്ങളുടെ കേന്ദ്രമായിമാറുന്നതിലെ ആശങ്ക പങ്കുവെച്ചുകൊണ്ട് കരസേനാ മേധാവി ദീപക് കപൂറും പ്രതിരോധ മന്ത്രി എ കെ ആന്റണിയും പറഞ്ഞ വാക്കുകള്‍ അര്ഥവത്താവുന്നത്. ആ വാക്കുകളില്‍ എല്ലാമുണ്ട്, ഒപ്പം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല, കഴിയില്ല എന്ന നിസ്സഹായതയുമുണ്ട്. രാജ്യത്തിന് നേര്‍ക്കുണ്ടായ അത്യപൂര്‍വവും ശക്തവുമായ ആക്രമണമെന്ന നിലക്ക് ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ് ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്. ജനതയുടെ വികാരം പങ്കുവെച്ചുകൊണ്ട് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും സമാനമായ നിലപാട് സ്വീകരിച്ചു. (മൂന്നു ദിവസം നീണ്ട ആക്രമണവും അതിനെ ചെറുക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളും തത്സമയ സംപ്രേഷണ മത്സരമാക്കിയ ടെലിവിഷന്‍ ചാനലുകളെയും അത് ഒരു ഹോളിവുഡ് സിനിമപോലെ കണ്ടിരിക്കുകയും ചെയ്തവരെ ഒഴിവാക്കാം)
ആക്രമണം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കും. പക്ഷേ, പൊതു ജീവിതത്തില്‍ അതേല്‍പ്പിച്ച മുറിവുകള്‍ ഏറെക്കുറെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദേശീയത, രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല കാരണങ്ങള്‍ക്കപ്പുറത്ത് ആക്രമണത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഭാവിയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടാവാതിരിക്കാന്‍ അതാണ് വേണ്ടതും. പലവിധ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടും ഇത്തരമൊരു ആലോചനയാണ് നമ്മുടെ നേതാക്കളും നമ്മള് തന്നെയും ചെയ്യാതിരുന്നതും.
പശ്ചിമേഷ്യയോട് തെക്കനേഷ്യയെ താരതമ്യം ചെയ്ത് കരസേനാ മേധാവിയും പ്രതിരോധ മന്ത്രിയും നടത്തിയ വിശകലനങ്ങള്‍ ഈ വഴിക്ക് ചില സൂചനകള്‍ നല്‍കുന്നുണ്ട്. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന് ഒരു ജനതയെ പറിച്ചെറിഞ്ഞ് അവിടെ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്റാഈലിന് വഴിയൊരുക്കിക്കൊടുത്തതാണ് പശ്ചിമേഷ്യ ഇന്നും സംഘര്‍ഷ ഭരിതമായി തുടരാന്‍ കാരണം. അധിനിവേശത്തില്‍ നിന്ന് അവരെ പിന്മാറ്റാന് അധിനിവേശത്തിന് വഴിയൊരുക്കിയവര്‍ക്കു പോലും ഇന്നും കഴിയുന്നുമില്ല.
പശ്ചിമേഷ്യയോട് തെക്കനേഷ്യയെ താരതമ്യം ചെയ്ത് കരസേനാ മേധാവിയും പ്രതിരോധ മന്ത്രിയും നടത്തിയ വിശകലനങ്ങള്‍ ഈ വഴിക്ക് ചില സൂചനകള്‍ നല്‍കുന്നുണ്ട്. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന് ഒരു ജനതയെ പറിച്ചെറിഞ്ഞ് അവിടെ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്റാഈലിന് വഴിയൊരുക്കിക്കൊടുത്തതാണ് പശ്ചിമേഷ്യ ഇന്നും സംഘര്‍ഷ ഭരിതമായി തുടരാന്‍ കാരണം. അധിനിവേശത്തില്‍ നിന്ന് അവരെ പിന്മാറ്റാന് അധിനിവേശത്തിന് വഴിയൊരുക്കിയവര്‍ക്കു പോലും ഇന്നും കഴിയുന്നുമില്ല.
സമാനമായ സാഹചര്യമാണ് അഫ്ഗാനിസ്ഥാനിലും ഒരു പരിധിവരെ പാക്കിസ്ഥാനിലും ഇന്ന് നിലനില്‍ക്കുന്നത്. ലോകവ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പേരില്‍ അല്‍ഖാഇദക്കും അതിന്റെ തലവനായ ഉസാമ ബിന്‍ ലാദനുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക പിന്നീട് അഫ്ഗാന് ജനതയെ വേട്ടയാടുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയുടെ ഭീകരവിരുദ്ധ `യുദ്ധ'ത്തെ സര്‍വാത്മനാ പിന്തുണച്ച പാക്കിസ്ഥാന് ഒമ്പതു വര്‍ഷത്തിനിപ്പുറം എത്തി നില്‍ക്കുന്നത് പൊട്ടിത്തെറികളുടെയും രക്തപ്പുഴയുടെയും നടുക്കാണ്. മതയാഥാസ്ഥികത്വം, തീവ്രവാദം, വംശീയ സംഘര്‍ഷം എന്നിവക്കൊപ്പം സാമ്പത്തിക, സാമുഹ്യ അസമത്വങ്ങളും ഇവിടുത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് ഈ രാജ്യങ്ങളില്‍ നിന്ന് പുറത്തുവരുന്ന നിഷ്പക്ഷമെന്ന് കരുതാവുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാവുന്നത്. തോക്കുകള്‍ക്ക് പഞ്ഞമില്ലാത്ത അഫ്ഗാനില്‍ പട്ടിണിയാണ്.
വര്‍ഷങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന് വിധേയമാവുന്ന (പ്രത്യക്ഷത്തില്‍ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിട്ടില്ല, ആക്രമണങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ നിഷേധിക്കുകയും ചെയ്യും) അഫ്ഗാനോട് ചേര്‍ന്നു കിടക്കുന്ന പാക് അതിര്‍ത്തി ഗ്രാമങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിദേശരാജ്യത്തിന്റെ മിസൈലുകളില്‍ നിന്ന് തങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം മടിക്കുന്നത് കണ്ട് മടുത്താണ് അവര്‍ ആയുധമെടുത്തത്. ഇപ്പോള്‍ ഒരു ഭാഗത്തു നിന്ന് പാക് സൈന്യവും മറു ഭാഗത്തു നിന്ന് അമേരിക്കന്‍ മിസൈലുകളും അവരെ മുച്ചൂടും മുടിക്കാന്‍ ശ്രമിക്കുന്നു. ഇവിടുത്തെ ജനതയുടെ സാമുഹ്യ, സാമ്പത്തിക അവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കാറുപോലുമില്ല. ക്രൂരതകള്‍ കണ്ട് മടുത്ത്, പ്രതികാര വാഞ്ഛയുമായി നടക്കുന്ന ഇത്തരക്കാരുടെ മനസ്സുകളെയാണ് ലശ്കര്‍ പോലുള്ള സംഘടനകള്‍ പലപ്പോഴും ലക്ഷ്യമിടുന്നത്. സ്വന്തം വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ലശ്കര്‍ നേതാക്കള്‍ക്ക് പ്രയാസമുണ്ടാവില്ല.
ഇസ്റാഈലുമായി ഇന്ത്യയുണ്ടാക്കുന്ന കോടികളുടെ ആയുധ ഇടപാട്. അതിലൂടെ ഇസ്റാഈലിന് ലഭിക്കുന്ന വരുമാനം. ആ വരുമാനം ഫലസ്തീന് ജനതക്കുമേല്‍ തീയുണ്ടയായി വര്‍ഷിക്കുന്നുവെന്ന വാദത്തിന് കനമേറെയുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന മിസൈലുകള്‍ തൊടുക്കുന്ന അമേരിക്കയുടെ ഒരു കൈ ഇന്ത്യയുടെ കൈയുമായി ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന വാദവും എളുപ്പത്തില്‍ തറഞ്ഞുകയറാന്‍ പാകത്തിലുള്ളതാണ്. ഈ ഹസ്തദാനം ദിനം പ്രതി മുറുകുകയാണ്. ഭീകരതക്കെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ട്. തങ്ങളെ കൊന്നൊടുക്കുന്നവനോട് ഏല്ക്കാന് കഴിഞ്ഞില്ലെങ്കില്‍ അവന്റെ സഹായിയെങ്കിലും അപായപ്പെടുത്തണമെന്ന ആഹ്വാനം. ഇത് ഉചിതമായ ഭാഷയിലും വികാരത്തിലും വസ്തുതകളും അതിഭാവുകത്വം കലര്‍ന്ന കഥകളും ചേര്‍ത്ത് അവതരിപ്പിക്കപ്പെടുമ്പോള്‍ ചാവേറാകാന്‍ ആളുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശയപ്രചാരണത്തിന് അവസരമൊരുക്കിക്കൊടുക്കുന്നത് നമ്മള് തന്നെയാണെന്ന വസ്തുതയും മറന്നുകൂട.
ഇസ്റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് നമ്മുടെ ഭരണകൂടം. അതുവഴി അവര്‍ ചെയ്യുന്ന പാതകങ്ങളുടെ ചോര സ്വന്തം ദേഹത്തു കൂടി പുരളുകയാണെന്നത് അവഗണിച്ചുകൊണ്ട്. ഈ ബന്ധം കൊണ്ട് എന്തെങ്കിലും വിധത്തിലുള്ള പ്രയോജനം ലഭിക്കുന്നുണ്ടോ എന്നതിലും സംശയങ്ങളുണ്ട്. മുംബൈ ആക്രമണത്തിന്റെ അന്വേഷണത്തില്‍ അമേരിക്ക പങ്കാളിയായിരുന്നു. അമേരിക്കന്‍ പൗരന്മാര് കൊല്ലപ്പെട്ടതില്‍ അവിടെയും കേസ് നിലവിലുണ്ട്. എന്നിട്ടും ആക്രമണത്തിന്റെ സൂത്രധാരന്മാരെന്ന് ഇന്ത്യ തെളിവുകളോടെ ആരോപിക്കുന്നവര്‍ക്കെതിരെ പാക്കിസ്ഥാനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ അമേരിക്കക്ക് സാധിക്കുന്നില്ല. ഇന്ത്യക്കെതിരെ തുടരുന്ന ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആ രാജ്യത്തിന് മേല്‍ കാര്യമായ സമ്മര്‍ദം അമേരിക്ക ചെലുത്തുന്നുമില്ല. അഫ്ഗാന് അതിര്‍ത്തിയിലെ ഗോത്രവര്‍ഗ ജനതക്കു മേല്‍ മിസൈല്‍ വര്‍ഷിക്കാന്‍ മടിയില്ലാത്തവര്‍ക്ക് നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ മടിയെന്ത്?
പുതിയ ഇഴയടുപ്പങ്ങള്‍ രാജ്യത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇന്ത്യയുടെ വാക്കുകള്‍ക്ക് ഏതെങ്കിലും ചേരിയുടെ ഗന്ധമുണ്ടോ എന്നതും. ഇതിന് മറുപടി കാണുകയാണ് ആദ്യം വേണ്ടത്. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനായില്ലെങ്കില്‍ വീണ്ടും മുംബൈകളെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പ്. സാമ്പത്തിക അധിനിവേശത്തിന്റെ ഇരകളായി മാറുന്നവര്‍ക്കിടയിലേക്ക് പരിഷ്കരണങ്ങള്‍ക്ക് വാദിക്കുന്ന തീവ്ര ആശയക്കാര്‍ വേരുകള്‍ ആഴ്ത്തുന്നുണ്ട്. അത് മറ്റൊരു ഭാഗത്ത് വലിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. വംശം, പ്രദേശം, ഉപദേശീയത തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെ. പ്രസംഗങ്ങളില്‍ ഇവ ഓര്‍മിക്കുകയും ആക്രമണങ്ങളുടെ വാര്‍ഷികങ്ങളില്‍ രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല വാദങ്ങളില്‍ തലപൂഴ്ത്തുകയും ചെയ്യാം. ഇരകളില്‍ ഭൂരിഭാഗവും തെരുവുകളിലുള്ളവരാണല്ലോ!
ഇവര്‍ കരുത്തുറ്റ സ്ത്രീകളാണ്
ഹേമന്ത് കാര്‍ക്കറെ, വിജയ് സലസ്കര്‍, അശോക് കാംതെ, സന്ദീപ് ഉണ്ണിക്കൃഷ്ണന് തുടങ്ങി അക്രമികളുടെ വെടിയേറ്റു വീണ ധീരന്മാര്. വര്‍ഷമൊന്ന് പിന്നിടുമ്പോഴും ഇതില്‍ ചിലരുടെ മരണങ്ങളെക്കുറിച്ചെങ്കിലും സംശയങ്ങള്‍ തുടരുന്നുണ്ട്. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ത് കാര്‍ക്കറെ. ആക്രമണത്തിന്റെ വിവരമറിഞ്ഞയുടന്‍ കാമ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ഭീകരരുടെ വെടിയേറ്റു വീണു. കാര്‍ക്കറെക്ക് പിറകെ കാമ ആശുപത്രിക്ക് മുന്നിലേക്ക് തിരിച്ച വിജയ് സലസ്കറുടെയും അശോക് കാംതെയുടെയും വിധി വ്യത്യസ്തമായില്ല. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ വിധവകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്കി കാത്തിരിക്കുകയാണ് ഇപ്പോഴും. തങ്ങളുടെ ഭര്ത്താക്കന്മാര് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നറിയാന്‍.
രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരാക്രമണമുണ്ടാവുമ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ഇവരുടെ കാര്യത്തിലുമുണ്ടായിട്ടുണ്ടാവും. കൃത്യമായി കാര്യങ്ങള്‍ പരസ്പരം അറിയിക്കാനും പഴുതില്ലാത്ത ഒരു ഓപ്പറേഷന് ആസുത്രണം ചെയ്ത് രംഗത്തിറങ്ങാനും മഹാരാഷ്ട്ര പോലീസിന് കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ സംഭവമറിഞ്ഞയുടന്‍ കര്മോത്സുകരായ ഈ ഉദ്യോഗസ്ഥര്‍ ആക്രമണ സ്ഥലത്തേക്ക് തിരിച്ചതില്‍ അത്ഭുതമില്ല. അക്രമികളെക്കുറിച്ചോ അവരുടെ പക്കലുള്ള ആയുധങ്ങളെക്കുറിച്ചോ അറിവില്ലാതെ ഏറ്റുമുട്ടലിനൊരുങ്ങിയ ധീരര്‍, അവര്‍ ഇരകളായി വീണു. ഒരു പക്ഷേ, ഇവര്‍ ഇത്രയും സാഹസികത കാട്ടിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നിരപരാധികളുടെ ജീവന് നഷ്ടമാവുകയും ചെയ്യുമായിരുന്നു.
പക്ഷേ, അക്രമികളെ നേരിടാന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് പോയ ഹേമന്ത് കാര്‍ക്കറെയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ജാക്കറ്റുണ്ടായിരുന്നില്ല എന്നത് വസ്തുതയായി ശേഷിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന കവിത കാര്‍ക്കറെയുടെ ചോദ്യത്തിന് മറുപടികള്‍ ഉണ്ടാവുന്നില്ല. മഹാരാഷ്ട്ര പോലീസിനു വേണ്ടി വാങ്ങിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ സംബന്ധിച്ച പ്രധാന രേഖകളൊന്നും കാണുന്നില്ല എന്ന മറുപടിയും കവിത കാര്‍ക്കറെക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസിനെ കാമ ആശുപത്രിക്കു സമീപത്തേക്ക് അയക്കണമെന്ന് ഹേമന്ത് ആവശ്യപ്പെട്ടിരുന്നുവെന്നും 40 മിനുട്ടിനു ശേഷവും കൂടുതല്‍ പോലീസുകാര്‍ നിയോഗിക്കപ്പെട്ടില്ല എന്നും കവിത പറയുന്നു. എന്തുകൊണ്ടാണ് കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ കഴിയാതിരുന്നത് എന്ന കവിതയുടെ ചോദ്യത്തിന് മറുപടിയില്ല.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനെ സംബന്ധിച്ച അവ്യക്തതകളും തുടരുന്നു. ധീരരക്തസാക്ഷികള്‍ എന്ന് രാജ്യം വിശേഷിപ്പിക്കുന്നവരുടെ കാര്യത്തിലാണ് ഇത്തരം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് ബന്ധുക്കളോട് തുറന്നുപറയാനുള്ള സത്യസന്ധതയെങ്കിലും കാണിക്കുക എന്നതായിരിക്കും ഇവര്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി.
ഗോഡ്സെയുടെ മകനായ ഗാന്ധിജിയുടെ പേരില്‍ റേഷന്‍ കാര്‍ഡുണ്ടാവുന്ന നാട്ടില്‍, നിലവാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി, അതിന്റെ രേഖകള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെങ്കില് അത്ഭുതപ്പെടേണ്ടതില്ല.