2010-04-28

സഭയുടെ വിദ്യാഭ്യാസ മുറിവുകള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വിപ്ലവകരയ നിയമ നിര്‍മാണമായാണ്‌ വിദ്യാഭ്യാസം അവകാശമാക്കിയതിനെ വിശേഷിപ്പിക്കപ്പെടുന്നത്‌. പതിനാല്‌ വയസ്സുവരെ പ്രായമുള്ളവര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കണമെന്നത്‌ ഭരണ ഘടനാ ശില്‍പ്പികള്‍ അറുപതാണ്ട്‌ മുമ്പ്‌ നിര്‍ദേശിച്ചതാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ പൂര്‍ണമായും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ പത്ത്‌ വര്‍ഷത്തിനകം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടികളുണ്ടായത്‌ അറുപത്‌ വര്‍ഷത്തിന്‌ ശേഷമാണെന്ന്‌ മാത്രം. ഈ നിയമത്തെ ചരിത്രപരം എന്ന്‌ വിശേഷിപ്പിക്കുമ്പോള്‍ തന്നെ അതിലെ ചില വ്യവസ്ഥകളെ ക്രിസ്‌തീയ സഭ എതിര്‍ക്കുന്നുണ്ട്‌. കേരള കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്റെ പൊതു ജന സമ്പര്‍ക്ക വിഭാഗം മേധാവി ഫാ. സ്‌റ്റീഫന്‍ ആലത്തറ എതിര്‍ക്കുന്ന കാര്യങ്ങളെ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌.



നിയമം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന അധികാരങ്ങള്‍, വീടിനു തൊട്ടടുത്തുള്ള വിദ്യാലയം തിരഞ്ഞെടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം, അണ്‍ എയിഡഡ്‌ സ്‌കൂളുകളിലെ 25 ശതമാനം സീറ്റ്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ വേണ്ടി സംവരണം ചെയ്യുന്ന വ്യവസ്ഥ, ന്യൂനപക്ഷ സ്ഥാപനങ്ങളെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നത്‌ തുടങ്ങിയ കാര്യങ്ങളോടാണ്‌ ക്രിസ്‌തീയ സഭകള്‍, പ്രത്യേകിച്ച്‌ കത്തോലിക്കാ സഭ വിയോജിക്കുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാറാണ്‌ നിയമം കൊണ്ടുവന്നത്‌ എന്നതിനാലാവണം വിമര്‍ശങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ്‌ സഭ ഉന്നയിക്കുന്നത്‌. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയുടെ ലേഖനത്തില്‍ അത്‌ വളരെ പ്രകടവുമാണ്‌. 




കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാറാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നതെങ്കിലുള്ള അവസ്ഥയെക്കുറിച്ച്‌ ഒന്ന്‌ ആലോചിച്ചു നോക്കുക. നിയമം കൊണ്ടുവരാന്‍ പോവുന്നു എന്നറിയുമ്പോള്‍ തന്നെ സഭ പ്രതിഷേധവുമായി രംഗത്തുവരുമായിരുന്നു. ലക്ഷക്കണക്കായ ക്രിസ്‌തീയ വിശ്വാസികള്‍ക്കു നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമായി അതിനെ വ്യാഖ്യാനിക്കുമായിരുന്നു. കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത്‌ വിമോചന സമരത്തെക്കുറിച്ച്‌ ഓര്‍മിപ്പിക്കുമായിരുന്നു. എല്ലാ ഇടവകകളിലും രണ്ടാം വിമോചന സമരത്തിന്‌ തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്‌ത്‌ ഇടയ ലേഖനങ്ങള്‍ വായിക്കുമായിരുന്നു.



ഇത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായതിനാല്‍ ഇത്തരം പതിവുകള്‍ ഉണ്ടായില്ല. നിയമത്തെക്കുറിച്ച്‌ ആലോചിച്ചപ്പോഴൊന്നും സഭ പ്രതിഷേധിച്ചില്ല. നിയമം പ്രാബല്യത്തിലായതിന്‌ ശേഷം വളരെ മൃദുവായി എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടുക മാത്രം ചെയ്യുന്നു. എതിര്‍പ്പുന്നയിക്കുന്നത്‌ സഭയായതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തള്ളിക്കളയില്ല എന്ന്‌ ഉറപ്പുള്ളതുകൊണ്ടായിരിക്കണം സഭ ഇത്രമാത്രം മൃദുസ്വഭാവം കാട്ടുന്നത്‌ എന്ന്‌ തന്നെ വേണം കരുതാന്‍. ഇതിലൊരു രാഷ്‌ട്രീയമുണ്ട്‌. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ സ്‌കൂളുകളുടെ നടത്തിപ്പില്‍ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര നിയമത്തിലുള്ള വ്യവസ്ഥ പരിഗണിക്കുക. സമാനമായ ഒരു നിര്‍ദേശം രണ്ടു കൊല്ലം മുമ്പ്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. അന്നുയര്‍ത്തിയ എതിര്‍പ്പുകള്‍ കത്തോലിക്കാ സഭയുടെ നേതാക്കന്‍മാരുടെ ഓര്‍മയില്‍ നിന്ന്‌ മാഞ്ഞിട്ടുണ്ടാവില്ല. 




മുദ്രാവാക്യം വിളിച്ചു മാത്രം ശീലമുള്ള ജനപ്രതിനിധികള്‍ സ്‌കൂള്‍ നടത്തിപ്പിനുള്ള കമ്മിറ്റിയില്‍ വന്നാല്‍ ഉണ്ടാവാന്‍ ഇടയുള്ള ഭവിഷ്യത്തിനെക്കുറിച്ചും സ്‌കൂളുകളില്‍ രാഷ്‌ട്രീയ ഇടപെടലുണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും അനാവശ്യ ഭീതികള്‍ സൃഷ്‌ടിക്കുകയാണ്‌ സഭാ നേതൃത്വം അന്ന്‌ ചെയ്‌തത്‌. വിമോചന സമരത്തെക്കുറിച്ച്‌ അടിക്കടി ഓര്‍മിപ്പിക്കുകയും ചെയ്‌തു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതേ മാതൃകയില്‍ നിയമം പാസ്സാക്കി പ്രാബല്യത്തിലാക്കിയിട്ടും എന്തുകൊണ്ടാണ്‌ പ്രതിഷേധത്തിന്‌ ഇത്ര മൃദു സ്വഭാവം? അതാണ്‌ ഇതിലെ രാഷ്‌ട്രീയം. ഈ രാഷ്‌ട്രീയം കളിക്കാന്‍ സഭ ഒരു കാലത്തും മടിച്ചിട്ടില്ല. അങ്ങനെയുള്ള സഭക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ നിയന്ത്രണം അനുവദിക്കുന്നതിലൂടെ രാഷ്‌ട്രീയ ഇടപെടലുണ്ടാവുമെന്ന്‌ പരാതി പറയാന്‍ അവകാശമില്ല തന്നെ. ഇച്ഛാശക്തിയുള്ളവരും രാഷ്‌ട്രീയത്തിന്‌ അതീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്ളതെങ്കില്‍ കേന്ദ്ര നിയമം ഫലം കാണുമായിരുന്നുവെന്നാണ്‌ സ്റ്റീഫന്‍ ആലത്തറ ചൂണ്ടിക്കാട്ടുന്നത്‌. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലല്ല അനുഭവമെന്നും അദ്ദേഹം പറയുന്നു.



ഒരു പ്രദേശത്തെ ജനതയെക്കുറിച്ചും അവരുടെ സാമ്പത്തിക, സാമൂഹിക അവസ്ഥയെക്കുറിച്ചും നേരിട്ട്‌ അറിവുണ്ടാവുക അവിടുത്തെ പ്രാദേശിക ഭരണകൂടത്തിന്‌ തന്നെയാണ്‌. അതുകൊണ്ടുതന്നെ അവര്‍ കാര്യങ്ങള്‍ പരിശോധിക്കുകയും നടത്തിപ്പില്‍ സഹായിക്കകയും ചെയ്യുന്നതില്‍ തെറ്റ്‌ പറയാനാവില്ല. ഇത്‌ മാത്രമല്ല, സ്‌കൂളിന്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതലയും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ആറ്‌ മുതല്‍ പതിനാല്‌ വരെ പ്രായമുള്ള എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നതാണ്‌ ലക്ഷ്യം. അത്‌ ഉറപ്പാക്കണമെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. അവരുടെ പങ്കാളിത്തം വേണമെങ്കില്‍ അതിന്‌ ആനുപാതിയമായ അധികാരങ്ങള്‍ അവര്‍ക്ക്‌ നല്‍കണം. അധികാര പരിധികള്‍ ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ കത്തോലിക്കാ സഭ ഭയക്കുന്നതുപോലെയൊന്നും സംഭവിക്കുമെന്ന്‌ കരുതാനാവില്ല, പ്രത്യേകിച്ച്‌ കേരളത്തില്‍. സാമൂഹിക, സാമുദായിക പ്രസ്ഥാനങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാമെങ്കില്‍ കൂടി നല്ല ബന്ധം നിലനിര്‍ത്താന്‍ ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നതാണ്‌ വസ്‌തുത.



വിദ്യാലയം തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശം നല്‍കിയത്‌, തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായാണ്‌ സ്റ്റീഫന്‍ ആലത്തറ വ്യാഖ്യാനിക്കുന്നത്‌. ഇതൊരു ഒളിച്ചുകളിയാണ്‌. സഭക്കു കീഴില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്‌കൂളുകളില്‍ പഠിക്കാന്‍ ചേരിപ്രദേശത്തുള്ളവര്‍ തീരുമാനിച്ചാല്‍ അതുള്‍ക്കൊള്ളാനാവില്ല. ഇനി സഭ ഉള്‍ക്കൊണ്ടാല്‍ തന്നെ ഇത്തരം സ്‌കൂളുകളുടെ നിലനില്‍പ്പ്‌ തന്നെ നിയന്ത്രിക്കുന്ന വരേണ്യ വിഭാഗക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവില്ല. ഇത്‌ മനസ്സിലാക്കിയാണ്‌ കുട്ടികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ എതിര്‍പ്പുന്നയിക്കുന്നത്‌. മാനേജ്‌മെന്റുകള്‍ തിരഞ്ഞെടുക്കാത്ത കുട്ടികള്‍ എത്തിപ്പെട്ടാല്‍ ഇപ്പോഴുള്ളതുപോലുള്ള `അച്ചടക്കം' പാലിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കില്ല എന്നതും ഭീഷണിയാണ്‌. കുട്ടികളെ അരാഷ്‌ട്രീയമായി വളര്‍ത്തുക എന്നതാണ്‌ ഒരു പരിധിവരെ സഭക്കു കീഴിലുള്ള സ്‌ക്കൂളുകള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. സാമ്പത്തിക നിലയില്‍ വലിയ വ്യത്യാസമില്ലാത്ത കുട്ടികള്‍ മാത്രമാവുമ്പോള്‍ അരാഷ്‌ട്രീയത നിലനിര്‍ത്താന്‍ പ്രയാസമില്ല. ഈ സംതുലനം തെറ്റുന്നതിലെ ആപത്‌ശങ്കയെ തെറ്റ്‌ പറയാനാവില്ല.



സര്‍ക്കാറിന്റെ സാമ്പത്തിക സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയിഡഡ്‌ സ്ഥാപനങ്ങളില്‍ 25 ശതമാനം സീറ്റ്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം ചെയ്യുന്നതിലെ അപാകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. സംവരണ സീറ്റില്‍ പ്രവേശനം നല്‍കുന്നവരുടെ ഫീസ്‌ സര്‍ക്കാര്‍ നല്‍കുമെങ്കിലും അത്‌ സര്‍ക്കാര്‍ സ്‌കൂളിലെ ഫീസാകയാല്‍ സ്‌കൂള്‍ നടത്തിപ്പിന്‌ മറ്റ്‌ കുട്ടികളില്‍ നിന്ന്‌ ഫീസ്‌ ഈടാക്കേണ്ടിവരും. ഇത്‌ ക്രോസ്‌ സബ്‌സിഡിയായി മാറും. ക്രോസ്‌ സബ്‌സിഡി പാടില്ലെന്ന്‌ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്‌ എന്ന്‌ സഭ വാദിക്കുന്നു. കുട്ടികളില്‍ നിന്ന്‌ ഈടാക്കുന്ന ഫീസ്‌ കൊണ്ട്‌ മാത്രമാണ്‌ അണ്‍ എയിഡഡ്‌ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നത്‌ വിശ്വസിക്കാന്‍ സാധിക്കാത്ത വാദമാണ്‌. പ്രവേശത്തിന്‌ ഈടാക്കുന്ന തലവരി പതിനായിരങ്ങള്‍ കടന്ന്‌ ലക്ഷങ്ങളിലേക്ക്‌ എത്തിനില്‍ക്കുന്നുവെന്നത്‌ ഏവര്‍ക്കും അറിയാം. 25 ശതമാനം സീറ്റില്‍ ഈ തുക നഷ്‌ടമാകുമെന്നതാണ്‌ സഭയെ വിഷമിപ്പിക്കുന്നത്‌. ലാഭത്തിന്റെ തോത്‌ കുറയുന്നതിലുള്ള വലിയ ഉത്‌കണ്‌ഠ മാത്രം.



പ്രവേശനത്തിന്‌ പരീക്ഷയോ അഭിമുഖമോ പാടില്ലെന്ന വ്യവസ്ഥയെയും ചോദ്യം ചെയ്യുന്നുണ്ട്‌. നഴ്‌സറി സ്‌കൂളിലേക്കുള്ള പ്രവേശത്തിന്‌ വരെ അഭിമുഖ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ ഇത്തരമൊരു നിയന്ത്രണത്തെ അംഗീകരിക്കാന്‍ മടിക്കുക സ്വാഭാവികം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഭരണഘടന നല്‍കുന്ന അവകാശത്തില്‍ കടന്നുകയറുന്നുവെന്നതാണ്‌ മറ്റൊരു പരാതി. വിമോചന സമര കാലം മുതല്‍ സഭ ഇടക്കിടെ ഉന്നയിക്കുന്നതാണ്‌ ന്യൂനപക്ഷ അവകാശം. ഭരണഘടനാ ശില്‍പ്പികള്‍ അനുവദിച്ച ഈ അവകാശത്തെ കുറേക്കൂടി വിശാലമായ തലത്തില്‍ കാണാന്‍ കത്തോലിക്കാ സഭ തയ്യാറാവേണ്ടതാണ്‌. ഹിന്ദുക്കള്‍ക്ക്‌ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത്‌, അവരുടെ വികാരത്തെ ഉത്തേജിപ്പിച്ച്‌ അധികാരം പിടിക്കാന്‍ മുമ്പുതന്നെ നടന്ന ശ്രമങ്ങള്‍ ബി ആര്‍ അംബേദ്‌കറിനെപ്പോലുള്ളവര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. ഹൈന്ദവ ആശയങ്ങളെ അടിത്തറയാക്കി ഉയര്‍ന്നുവരുന്ന രാഷ്‌ട്രീയ രൂപങ്ങള്‍ അധികാരത്തിലെത്തുകയും മറ്റു മത വിഭാഗങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അവര്‍ ആദ്യം കൈവെക്കുക വിദ്യാഭ്യാസത്തിലായിരിക്കും. അത്‌ നാം സമീപകാല ചരിത്രത്തില്‍ കണ്ടതുമാണ്‌. ഈ സാധ്യത തടയുക എന്നതായിരുന്നു ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചതിന്റെ ലക്ഷ്യം. 




അത്‌ സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനെ ഒരു വിധത്തിലും പരിമിതപ്പെടുത്തുന്നില്ല. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം, ആറ്‌ പതിറ്റാണ്ടായി ജനങ്ങളും സര്‍ക്കാറും അടങ്ങുന്ന സമൂഹം നിറവേറ്റാതിരുന്ന ഉത്തരവാദിത്വം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ്‌. അതിന്‌ ശ്രമിക്കുമ്പോള്‍ ചില ചില്ലറ പരുക്കുകള്‍ ഉണ്ടാവാതെ തരമില്ല. അത്‌ വകവെച്ചുകൊടുക്കാന്‍ എല്ലാവരും തയ്യാറാവേണ്ടിയും വരും. കത്തോലിക്കാ സഭ മാത്രമല്ല, നായര്‍ സര്‍വീസ്‌ സൊസൈറ്റി പോലുള്ളവയും നിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നുണ്ട്‌. ലാഭത്തില്‍ കുറവുണ്ടാവുന്നതിലുള്ള അതൃപ്‌തിയാണ്‌ എതിര്‍പ്പുകളുടെ അടിസ്ഥാനം. അധികാരം കൈവിട്ടുപോവുമോ എന്ന ഭയവും.



മാതാപിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതിക്കായാരിക്കും സ്‌കൂളിന്റെ നിയന്ത്രണമെന്നും ഉടമസ്ഥര്‍ക്ക്‌ യാതൊരു പങ്കുമുണ്ടാവില്ലെന്നും സ്റ്റീഫന്‍ ആലത്തറ വാദിക്കുന്നുണ്ട്‌. കാര്യങ്ങള്‍ പൂര്‍ണമായി പറയാതിരിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. മാനേജ്‌മെന്റിന്റെ പ്രതിനിധിയും ഈ കമ്മിറ്റിയിലുണ്ടാവുമെന്ന്‌ നിയമത്തില്‍ പറയുന്നുണ്ട്‌. ഉടമാവകാശം ചോദ്യം ചെയ്യാതെ തന്നെ കുറേക്കൂടി ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുക എന്നതാണ്‌ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്‌. അതിന്‌ ശ്രമിക്കുമ്പോള്‍ സഹിക്കവയ്യാത്ത രാഷ്‌ട്രീയ ഇടപെടലുകളും മറ്റുമുണ്ടായാല്‍ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുവോളം സഭക്ക്‌ ഭയക്കാനില്ല. അഴിമതിയുടെ കളങ്കം ഏറ്റിട്ടുണ്ടെങ്കില്‍ കൂടി വിശ്വാസ്യത ചോരാത്ത നീതിന്യായ സംവിധാനവും നിലവിലുണ്ട്‌. ജനാധിപത്യ സമ്പ്രദായം ഇല്ലാതാവുന്ന ഒരു കാലം, അത്‌ സഭക്കു മാത്രമല്ല, സ്വതന്ത്രവായു ശ്വസിക്കുന്നവര്‍ക്കെല്ലാം ഭീഷണിയാണ്‌

2010-04-22

നീതിന്യയമിദം സര്‍വം





സമതുലനം എന്നത്‌ നീതിന്യായ സംവിധാനത്തില്‍ ഏറെക്കുറെ അന്യമാണ്‌, പ്രത്യേകിച്ച്‌ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍. കുറ്റവും ശിക്ഷയും നിരപരാധിയും അപരാധിയും എന്നിങ്ങനെ ഖണ്ഡിതമായ വേര്‍തിരിവാണ്‌ ഇത്തരം കേസുകളില്‍ ഉണ്ടാവാറ്‌. ഏതെങ്കിലും കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‌ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ സംശയത്തിന്റെ അനുകൂല്യം നല്‍കി ആരോപണവിധേയരെ വിട്ടയക്കുന്നതായി പലപ്പോഴും കോടതി വിധികള്‍ ഉണ്ടാവാറുണ്ട്‌. അതൊഴിച്ചു നിര്‍ത്തിയാല്‍ നേരത്തെ പറഞ്ഞ ഖണ്ഡിതമായ വേര്‍തിരിവ്‌ സാധ്യമാവാറുണ്ട്‌. കുറ്റം ചെയ്‌തോ ഇല്ലയോ എന്നല്ല അത്‌ തെളിയിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതാണ്‌ നീതിന്യായ സംവിധാനത്തിന്‌ പ്രധാനം. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്ന അലിഖിത കീഴ്‌വഴക്കം പാലിക്കാന്‍ നീതിന്യായ സംവിധാനം ശ്രമിക്കണമെന്ന്‌ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണ്‌.



എന്നാല്‍ ചില കേസുകളിലെങ്കിലും സമതുലനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനം ശ്രമിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്‌. ഭരണകൂടങ്ങള്‍ അതിന്‌ സഹായകമായ നിലപാടുകളുമായി നീതിന്യായ സംവിധാനത്തിന്‌ കൂട്ട്‌ നില്‍ക്കുകയും ചെയ്യുന്നു. 2004 ജൂണ്‍ 15ന്‌ അഹമ്മദാബാദിലെ തെരുവില്‍ പിടഞ്ഞുവീണ നാല്‌ ജീവനുകളുടെ കാര്യത്തില്‍ ആറ്‌ വര്‍ഷത്തിനിപ്പുറവും തുടരുന്ന നിയമ നടപടികളിലെ വൈരുധ്യങ്ങളും അപൂര്‍വതകളുമാണ്‌ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. താനെ സ്വദേശിയായ ഇശ്‌റത്‌ ജഹാന്‍, മലയാളിയായ ജാവീദ്‌ ഗുലാം ശൈഖ്‌ (പ്രാണേഷ്‌ കുമാര്‍ പിള്ള) എന്നിവരും പോലീസ്‌ നല്‍കിയ പേരുകളില്‍ മാത്രം അറിയപ്പെട്ട അജ്ഞാതരായ മറ്റ്‌ രണ്ട്‌ പേരുമാണ്‌ 2004 ജൂണ്‍ പതിനഞ്ചിന്‌ പുലര്‍ച്ചെ കൊല്ലപ്പെട്ടത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്‌കറെ തയ്യിബയുടെ ഓപ്പറേറ്റര്‍മാരായ നാല്‌ പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്‌ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഡി ജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വിശദീകരിച്ചത്‌. എന്നാല്‍ ഇത്‌ കളവാണെന്നും നാലുപേരെയും വെടിവെച്ചുകൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായി. 




വസ്‌തുത അറിയാന്‍ ജാവീദ്‌ ഗുലാം ശൈഖിന്റെ അച്ഛന്‍ ചെങ്ങന്നൂര്‍ സ്വദേശി ഗോപിനാഥ പിള്ളയും ഇശ്‌റത്‌ ജഹാന്റെ ഉമ്മ ഷമീമ കൗസറും അന്ന്‌ മുതല്‍ നീതിപീഠങ്ങളുടെ മുന്നിലുണ്ട്‌. സി ബി ഐയെ പോലെ, താരതമ്യേന സ്വതന്ത്രമെന്നും നിഷ്‌പക്ഷമെന്നു കരുതുന്ന, ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ഗോപിനാഥ പിള്ള സമര്‍പ്പിച്ച ഹരജി ആറ്‌ വര്‍ഷത്തിനിപ്പുറവും ഗുജറാത്ത്‌ ഹൈക്കോടതിയിലുണ്ട്‌. പലതവണ തള്ളുകയും വീണ്ടും സമര്‍പ്പിക്കപ്പെടുകയും ചെയ്‌ത അപേക്ഷ.



ഗുജറാത്ത്‌ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ഈ കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്‌ 2009 സെപ്‌തംബറിലാണ്‌. അഹമ്മദാബാദ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌ പി തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നു. നാല്‌ പേരെയും ഗുജറാത്ത്‌ പോലീസ്‌ തട്ടിക്കൊണ്ടുവന്ന്‌ കൊലപ്പെടുത്തിയതാണെന്ന്‌ തമാംഗ്‌ റിപ്പോര്‍ട്ടിലെഴുതി. 2004 ജൂണ്‍ പതിനഞ്ചിന്‌ പുലര്‍ച്ചെ ഏറ്റുമുട്ടലൊന്നും നടന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക്‌ പരിശോധന തുടങ്ങിയവയുടെ റിപ്പോര്‍ട്ട്‌ പഠിച്ച ശേഷമാണ്‌ മജിസ്‌ട്രേറ്റ്‌ ഈ നിഗമനത്തിലെത്തിയത്‌. ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവര്‍ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത്‌ പരിഗണിച്ച ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ സ്റ്റേ ചെയ്‌തു. മജിസ്‌ട്രേറ്റ്‌ അധികാര പരിധി ലംഘിച്ചുവെന്ന്‌ വിമര്‍ശിക്കുകയും ചെയ്‌തു. മജിസ്‌ട്രേറ്റിന്റെ നടപടികളെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ ഉന്നതതല സംഘത്തെയും നിയോഗിച്ചു. 




സ്റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഷമീമ കൗസര്‍ സുപ്രീം കോടതിയെ സമീപിച്ചു. അവിടെ നിന്നുള്ള ഉത്തരവ്‌ കഴിഞ്ഞ ദിവസം വന്നു. സ്റ്റേ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. എന്നാല്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം റദ്ദാക്കി. മജിസ്‌ട്രേറ്റിനെക്കുറിച്ച്‌ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും റദ്ദാക്കി. റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ റദ്ദാക്കാത്തതിനാല്‍ മോഡി സര്‍ക്കാറിന്‌ സന്തോഷം. മജിസ്‌ട്രേറ്റിനെതിരായ അന്വേഷണവും പരാമര്‍ശങ്ങളും റദ്ദാക്കിയപ്പോള്‍ മറുപക്ഷത്തും അല്‍പ്പം ആശ്വാസം. സംഭവത്തെക്കുറിച്ച്‌ സി ബി ഐ അന്വേഷണം വേണമെന്ന ഷമീമ കൗസറിന്റെ ആവശ്യം പരിഗണിക്കാന്‍ പ്രത്യേക ഡിവിഷന്‍ ബഞ്ച്‌ രൂപവത്‌കരിക്കാന്‍ ഗുജറാത്ത്‌ ഹൈക്കോടതിക്ക്‌ നിര്‍ദേശവും നല്‍കി.



ഈ കേസ്‌ ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിശോധിക്കാം. മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഗുജറാത്ത്‌ സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഗോപിനാഥ പിള്ള സമര്‍പ്പിച്ച ഹരജിയും പരിഗണനയിലുണ്ട്‌. ഷമീമ കൗസറിന്റെ സി ബി ഐ അന്വേഷണ ആവശ്യം പരിഗണിക്കാന്‍ മറ്റൊരു ഡിവിഷന്‍ ബഞ്ച്‌ വൈകാതെ രൂപവത്‌കരിക്കും. രണ്ട്‌ ഹരജികളില്‍ ഏതെങ്കിലുമൊന്നില്‍ വാദം പൂര്‍ത്തിയാക്കി (അതിന്‌ എത്രകാലം വേണ്ടിവരുമെന്നത്‌ നിയതിക്കു വിടുക) സി ബി ഐ അന്വേഷണത്തിനെങ്ങാന്‍ ഉത്തരവുണ്ടായാല്‍ അത്‌ സുപ്രീം കോടതിയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നത്‌ ഉറപ്പ്‌. അന്വേഷണം വേണ്ടെന്നാണ്‌ ഉത്തരവെങ്കില്‍ സുപ്രീം കോടതിയില്‍ പോകാന്‍ ഗോപിനാഥ പിള്ളക്കോ ഷമീമ കൗസറിനോ ത്രാണിയുണ്ടാവുമോ എന്നത്‌ കണ്ടറിയണം. 




മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ ചോദ്യം ചെയ്‌തുള്ള ഹരജി ഗുജറാത്ത്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ പരിഗണിച്ച്‌ തള്ളണമോ കൊള്ളണമോ എന്ന്‌ തീരുമാനിക്കും. രണ്ടായാലും അപ്പീലുണ്ടാവും. ആദ്യം ഡിവിഷന്‍ ബഞ്ച്‌ മുമ്പാകെ, അത്‌ കഴിഞ്ഞാല്‍ സുപ്രീം കോടതിയില്‍. ചുരുക്കത്തില്‍ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ നീങ്ങുന്ന പന്തായി ഇത്‌ മാറിയിരിക്കുന്നു. ആറ്‌ വര്‍ഷത്തിനിപ്പുറവും ഈ നിലയില്‍ തുടരുന്ന കേസില്‍ ഏതെങ്കിലും കാലത്ത്‌ അന്തിമ തീര്‍പ്പുണ്ടാവുമെന്നോ വസ്‌തുത പുറത്തുവരുമെന്നോ പ്രതീക്ഷിക്കുക വയ്യ.



മജിസ്‌ട്രേറ്റിന്റെ നടപടികളെക്കുറിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്‌ ഉത്തരവിട്ട അന്വേഷണം സുപ്രീം കോടതി റദ്ദാക്കുമ്പോള്‍ അദ്ദേഹം പിന്തുടര്‍ന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന്‌ വരുന്നു. നടപടിക്രമങ്ങളില്‍ തെറ്റില്ലാതെയാണ്‌ അന്വേഷണം നടത്തിയതെങ്കില്‍ ആ റിപ്പോര്‍ട്ട്‌ സ്റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഇടപെടാതിരുന്നത്‌ എന്തുകൊണ്ടാണ്‌? മജിസ്‌ട്രേറ്റ്‌ അധികാര പരിധി ലംഘിച്ചുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്‌. അതായത്‌ ഇത്തരമൊരു അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റിന്‌ അധികാരമുണ്ട്‌, ആ അധികാരം അദ്ദേഹം ഉപയോഗിച്ചതില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ തുടരുന്നതിന്റെ നീതി എന്താണ്‌? മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വസ്‌തുതാപരമാണോ അല്ലയോ എന്ന്‌ വിശദമായി പരിശോധിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നില്ലേ ഉചിതം? മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ മൂല്യത്തിലേക്ക്‌ കടക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്ന്‌ ചുരുക്കം. 




ലശ്‌കറെ ത്വയ്യിബ ബന്ധം ആരോപിക്കപ്പെടുന്ന ഒരു കേസില്‍ ഒരു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ തീരുമാനമുണ്ടാക്കുന്നതില്‍ കോടതിക്ക്‌ ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവണം സമതുലനത്തിന്റെ പാത സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.



നടന്നത്‌ ഏറ്റുമുട്ടലല്ലെന്ന്‌ മോഡി സര്‍ക്കാര്‍ ഒരു കാലത്തും സമ്മതിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ ഹരജികളും സത്യവാങ്‌മൂലങ്ങളും എതിര്‍സത്യവാങ്‌മൂലങ്ങളുമായി അവര്‍ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ പ്രയാണം തുടരും. എന്നാല്‍ ഈ കളിക്ക്‌ അനുഗുണമായ നിലപാട്‌ കേന്ദ്ര സര്‍ക്കാറും സ്വീകരിക്കുന്നുവെന്നതാണ്‌ ഖേദകരമായ തമാശ. നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ ലശ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ളവര്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും ഈ സംഘത്തിലേക്ക്‌ ഇശ്‌റത്‌ ജഹാനെ റിക്രൂട്ട്‌ ചെയ്‌തത്‌ തന്ത്രമായിരുന്നുവെന്നും പറയുന്ന സത്യവാങ്‌മൂലം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്നും കൊല്ലപ്പെട്ടവര്‍ ലശ്‌കര്‍ ഓപ്പറേറ്റര്‍മാരായിരുന്നുവെന്നുമുള്ള ഗുജറാത്ത്‌ പോലീസിന്റെയും സര്‍ക്കാറിന്റെയും വാദത്തിന്‌ ബലമേകുന്ന സത്യവാങ്‌മൂലം. മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്‌ തര്‍ക്ക വിഷയമായപ്പോള്‍ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന സത്യവാങ്‌മൂലം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞില്ല. പകരം ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്നും വിശദീകരിച്ചു. 




സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഷമീമ കൗസര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്‌. വസ്‌തുതകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്ന്‌ കോടതിക്ക്‌ തോന്നുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്‌ എതിര്‍പ്പില്ലെന്നാണ്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്‌. അന്വേഷണം വേണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനില്ല. അന്വേഷണം വേണമെന്നാണ്‌ കോടതിക്ക്‌ തോന്നുന്നതെങ്കില്‍ അതിന്‌ വിരോധവുമില്ല.



മജിസ്‌ട്രേറ്റിന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച്‌ അന്വേഷണം വേണ്ടതില്ലെന്നും വ്യക്തമാക്കുമ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതിയും വേണമെങ്കില്‍ അന്വേഷണമാവാമെന്ന്‌ കോടതിയെ അറിയിക്കുന്ന കേന്ദ്ര സര്‍ക്കാറും. ഓളങ്ങളുണ്ടാവാതെ കാക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും ബോധ്യമുണ്ടെന്ന്‌ കരുതണം. ഓളങ്ങളുണ്ടായാല്‍ പൊന്തിവരാന്‍ ഇടയുള്ള വസ്‌തുതകളില്‍ ഒരു ന്യൂനപക്ഷത്തിന്‌ മാത്രമേ താത്‌പര്യമുള്ളൂ. അത്‌ അവഗണിക്കുന്നതുകൊണ്ട്‌ തെറ്റില്ല തന്നെ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍പ്പെട്ട ബട്‌ല ഹൗസ്‌ `ഏറ്റുമുട്ടലില്‍' ആവര്‍ത്തിക്കാനിരിക്കുന്നതും ഇതൊക്കെത്തന്നെയാണ്‌. മണിപ്പൂരിലും ഛത്തീസ്‌ഗഢിലും ആന്ധ്രാ പ്രദേശിലുമൊക്കെ ആരോപണവിധേയമായ നിരവധിയായ `ഏറ്റുമുട്ടല്‍' സംഭവങ്ങളുടെ കാര്യത്തിലും മാറ്റമുണ്ടാവാന്‍ ഇടയില്ല.
ഇതൊക്കെയാണെങ്കിലും നീതിന്യായ സംവിധാനത്തിലും ഭരണകൂടത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഇളക്കം കൂടാതെ തുടരണം. കാരണം അത്‌ രാജ്യസ്‌നേഹമുള്ള ഒരു പൗരന്റെ ജന്മദത്തമായ കടമയാണ്‌.

2010-04-20

`പുഷ്‌കര' കാലം

ക്രിക്കറ്റ്‌ വെറുമൊരു കളിയല്ലെന്ന്‌ ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞിട്ട്‌ കാലം കുറെയായി. ഷാര്‍ജയില്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി, ചേതന്‍ ശര്‍മ എറിഞ്ഞ അമ്പതാം ഓവറിലെ അവസാന പന്ത്‌ ബൗണ്ടറി കടത്തി, ജാവീദ്‌ മിയാന്‍ദാദ്‌ പാക്കിസ്ഥാന്‌ അപ്രതീക്ഷിത വിജയം സമ്മാനിച്ചപ്പോള്‍ നിലച്ചുപോയ ആരവങ്ങള്‍ ഇന്ത്യന്‍ ദേശീയതയുമായി കൂട്ടിച്ചേര്‍ത്താണ്‌ വായിക്കപ്പെട്ടത്‌. ജന്മനാട്‌ കളിയില്‍ തോല്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക്‌ സ്വാഭാവികമായുണ്ടാവുന്ന വികാരത്തിനപ്പുറത്ത്‌ ദേശീയതയുടെ വിജയപരാജയങ്ങളുടെ കണക്കെടുപ്പായി ഓരോ ഇന്ത്യാ- പാക്‌ മത്സരത്തെയും മാറ്റിത്തീര്‍ക്കുന്നതില്‍, ഭൂരിപക്ഷ വര്‍ഗീയത ചുരത്തുന്ന മനസ്സുകളുടെ കണക്കൂകൂട്ടിയുള്ള നീക്കങ്ങളുണ്ടായിരുന്നു. മുംബൈയിലെ പിച്ചുകളില്‍ കരി ഓയില്‍ ഒഴിച്ച്‌ ഇന്ത്യാ-പാക്‌ മത്സരം മുടക്കാന്‍ ശിവസേന മുന്‍കൈയെടുത്തപ്പോള്‍ ക്രിക്കറ്റ്‌ `ദേശീയ വികാര' വിജൃംഭനത്തിന്‌ എത്രത്തോളം ഉതകുമെന്ന്‌ തെളിയിക്കപ്പെടുകയും ചെയ്‌തു. 1983ല്‍ ഇന്ത്യ ലോകകപ്പ്‌ നേടിയതോടെ നഗരങ്ങളില്‍ നിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ കൂടി വ്യാപിച്ച ക്രിക്കറ്റ്‌ ജ്വരം തത്സമയ സംപ്രേഷണങ്ങളുമായി ടെലിവിഷന്‍ സജീവമായതോടെ വര്‍ധിച്ചു. കളിയില്‍ നിന്ന്‌ പണമൊഴുകുന്ന വഴിയിലേക്കുള്ള മാറ്റവും ഇതോടൊപ്പമുണ്ടായി.
ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി സി സി ഐ) എന്ന സംഘടന വലുതായത്‌ പണമൊഴുക്ക്‌ തുടങ്ങിയതോടെയാണ്‌. ജഗ്‌മോഹന്‍ ഡാല്‍മിയ മുതല്‍ ശരത്‌ പവാര്‍ വരെയുള്ളവര്‍ ബി സി സി ഐയില്‍ താത്‌പര്യം കാണിച്ചതും അന്നുമുതലാണ്‌. ആംഗലേയാധിപത്യത്തിന്റെ ബാക്കിയായ ക്രിക്കറ്റ്‌ എന്ന വിനോദം, ഇന്ത്യന്‍ കാലാവസ്ഥക്ക്‌ യോജിക്കില്ലെങ്കില്‍ കൂടി, നാം രണ്ട്‌ കൈയും നീട്ടി സ്വീകിച്ചതിന്റെ ഫലമായി ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്‌ ബോര്‍ഡായി ബി സി സി ഐ മാറി. വരുമാനത്തിന്റെ തോത്‌ ഇനിയും ഉയര്‍ത്തുക എന്ന ചിന്തയുടെ ഫലമായാണ്‌, ഫുട്‌ബോളിലെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ മാതൃക സ്വീകരിച്ച്‌, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ പി എല്‍) ആവിഷ്‌കരിക്കപ്പെട്ടത്‌. രൂപവത്‌കരിച്ച കാലം മുതല്‍ ഇന്നുവരെ ലളിത്‌ മോഡിയാണ്‌ ഇതിന്റെ തലപ്പത്ത്‌. ആദ്യത്തെ ഐ പി എല്‍ വന്‍ വിജയമായതോടെ ലളിത്‌ മോഡി വാഴ്‌ത്തപ്പെട്ടവനായി. രാഷ്‌ട്രീയത്തിലെ ഉന്നതരുടെ രക്ഷാകര്‍തൃത്വത്തില്‍ അരങ്ങേറുന്ന മെഗാ വിനോദമായതിനാല്‍ ടീമുകളുടെ ലേലം, അതിനൊഴുകിയെത്തുന്ന പണത്തിന്റെ സ്രോതസ്സ്‌ എന്നിവയൊന്നും ആദ്യ കാലത്ത്‌ പരിശോധന ചെയ്യപ്പെട്ടില്ല.
264 കോടി മുതല്‍ 422 കോടി വരെ രൂപ മുടക്കി എട്ട്‌ ടീമുകളാണ്‌ ആദ്യത്തെ ലേലത്തിലൂടെ സൃഷ്‌ടിക്കപ്പെട്ടത്‌. ടീം വാങ്ങാന്‍ മുടക്കിയതിനൊപ്പം പണം ടീമിലേക്ക്‌ കളിക്കാരെ വാങ്ങാനും ഉടമകള്‍ ചെലവഴിച്ചു. കളിയില്‍ തോറ്റാലും ജയിച്ചാലും ലാഭത്തില്‍ കുറവുണ്ടാകില്ല എന്നതായിരുന്നു ഇത്രയും പണം മുടക്കാന്‍ പ്രേരകമായത്‌. 296 കോടി മുതല്‍മുടക്കി ആരംഭിച്ച കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഇതുവരെയുള്ള ലീഗ്‌ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ച ടീമല്ല. എന്നിട്ടും അവരുടെ ആദ്യ സീസണിലെ മാത്രം ലാഭം 13 കോടിയായിരുന്നു. ഐ പി എല്‍ എന്ന ബ്രാന്‍ഡ്‌ നെയിമിന്‌ 2010 ആയപ്പോഴേക്കും കണക്കാക്കിയിരിക്കുന്ന മൂല്യം 18,000 കോടി രൂപയാണ്‌. കേരള സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തെ പദ്ധതി അടങ്കല്‍ 10,025 കോടി രൂപ മാത്രമാണെന്ന്‌ ഓര്‍ക്കുമ്പോള്‍ ഐ പി എല്‍ എന്ന ബ്രാന്‍ഡ്‌ നെയിമിന്റെ മൂല്യം കുറേക്കൂടി മനസ്സിലാക്കാനാവും.
കോടികളുടെ ഈ കളിയിലേക്കാണ്‌ ശശി തരൂര്‍ എന്ന മുന്‍ വിദേശകാര്യ സഹമന്ത്രി ഒന്നു കാല്‍വെച്ചു നോക്കിയത്‌. ടീമിന്‌ ചെലവായത്‌ 1,500 കോടിയോളം രൂപ. ഇനി കളിക്കാരെ സംഘടിപ്പിക്കണം. ഐ പി എല്‍ രൂപവത്‌കരിച്ച വര്‍ഷം കളിക്കാരെ ലേലം ചെയ്‌തത്‌ മൂന്നു വര്‍ഷത്തേക്കാണ്‌. ഈ സീസണോടെ കളിക്കാരുടെ ലേല കാലാവധി അവസാനിക്കും. അടുത്ത സീസണില്‍ കളിക്കാരുടെ ലേലത്തുക ഇനിയും ഉയരും. നൂറു കണക്കിന്‌ കോടികള്‍ അതിനും വേണ്ടിവരും. ഇത്തവണത്തെ സീസണിലേക്ക്‌ വെസ്റ്റ്‌ ഇന്ത്യന്‍ താരം അഡ്രിയന്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കിയത്‌ എത്ര കോടി രൂപക്കാണെന്നത്‌ ഇനിയും പുറത്തുവിട്ടിട്ടില്ല. അത്രത്തോളം അതാര്യമായാണ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സാമ്പത്തിക ഇടപാടുകള്‍. കുത്തിയൊലിക്കുന്ന ശതകോടികള്‍ എവിടെ നിന്ന്‌ വരുന്നു, ആരുടെയൊക്കെ പോക്കറ്റിലേക്ക്‌ പോവുന്നു എന്നൊന്നും വ്യക്തതയില്ല. തരൂര്‍ വിവാദം കത്തിപ്പടര്‍ന്നതിനെത്തുടര്‍ന്ന്‌ പുറത്തുവന്ന വിവരമനുസരിച്ച്‌ ഐ പി എല്‍ ടീമുകളില്‍ മിക്കതിലും ലളിത്‌ മോഡിയുടെ ബന്ധുക്കള്‍ക്ക്‌ ഓഹരിയുണ്ട്‌. ഇക്കുറി ടീമുകള്‍ക്കായി ശ്രമിച്ച വീഡിയോകോണിനും അദാനി ഗ്രൂപ്പിനുമൊപ്പം കേന്ദ്ര മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ ഉണ്ടായിരുന്നു. മോശമല്ലാത്ത പങ്കാണ്‌ ഈ മന്ത്രിമാര്‍ വാഗ്‌ദാനം ചെയ്‌തത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടീമുകളുടെ നടത്തിപ്പ്‌ മാത്രമല്ല, വെബ്‌സൈറ്റ്‌ നിര്‍മാണം, ഇന്റര്‍നെറ്റിലൂടെയുള്ള തത്സമയ സംപ്രേഷണം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി ലീഗുമായി ബന്ധപ്പെട്ട ഓരോ കരാറിലും കമ്മീഷനായി മറിയുന്ന കോടികളും എത്രയെന്ന്‌ അറിയില്ല. ഇത്തരം കരാറുകള്‍ ഏറ്റെടുക്കുന്ന കമ്പനികളിലും ലളിത്‌ മോഡിയെപ്പോലുള്ളവരുടെ ബന്ധുക്കളുണ്ട്‌.
മോഡിയുടെ മാത്രമല്ല, കേന്ദ്ര മന്ത്രിമാരുടെയും വ്യവസായ പ്രമുഖന്‍മാരുടെയും മക്കള്‍/ബന്ധുക്കള്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയും എന്‍ സി പി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണയും മദ്യ വ്യവസായിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ടീമിന്റെ ഉടമയുമായ വിജയ്‌ മല്ല്യയുടെ ദത്തു പുത്രി ലൈലയുമൊക്കെ ഇവരില്‍ ചിലര്‍ മാത്രം. ആരൊക്കെ പങ്കാളിയാവുന്നു, ആര്‍ക്കൊക്കെ കമ്മീഷനോ കോഴയോ ലഭിക്കുന്നുവെന്നതൊക്കെ രഹസ്യമായി തുടരുന്നു. ഈ രഹസ്യങ്ങളില്‍ ചിലതിന്റെയെങ്കിലും താക്കോല്‍ കൈയിലുള്ളതുകൊണ്ടാണ്‌ ലളിത്‌ മോഡിക്ക്‌ ശശി തരൂരിനെ എളുപ്പത്തില്‍ ഒതുക്കാന്‍ സാധിച്ചത്‌ എന്ന്‌ മനസ്സിലാവാന്‍ ബുദ്ധിയുടെ ആവശ്യമില്ല തന്നെ. അതുകൊണ്ടാണ്‌ തരൂരിന്റെ സുഹൃത്ത്‌ സുനന്ദ പുഷ്‌കറിന്‌ 70 കോടിയുടെ ഓഹരി കൊച്ചി ടീമിന്റെ നടത്തിപ്പുകാരായ റോന്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലുണ്ടായത്‌ ചോദ്യം ചെയ്യപ്പെട്ടിട്ടും ലളിത്‌ മോഡിയുടെ ബന്ധുക്കള്‍ക്ക്‌ വിവിധ ടീമുകളിലുള്ള ഓഹരിയുടെ കണക്കുകള്‍ ആരും ചോദിക്കാത്തത്‌. മന്ത്രിപദവിയിലിരിക്കെ സുതാര്യമല്ലാത്ത ഇടപാടുകളിലൂടെ ഐ പി എല്‍ ടീമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്‌ ഇപ്പോള്‍ തരൂര്‍ അനുഭവിച്ചത്‌. തരൂരിനപ്പുറത്തേക്ക്‌ അന്വേഷണങ്ങള്‍ പോവില്ല എന്നത്‌ ഉറപ്പാണ്‌. കാരണം കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും മാത്രമല്ല ബി ജെ പിയുടെയും നേതാക്കള്‍ ക്രിക്കറ്റ്‌ അസോസിയേഷനുകളിലുണ്ട്‌. ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ സാക്ഷാല്‍ നരേന്ദ്ര മോഡിയാണ്‌. ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷനുമായി അരുണ്‍ ജെയ്‌റ്റ്‌ലിക്കുള്ളത്‌ അഭേദ്യമായ ബന്ധമാണ്‌. ഇവരുടെയൊക്കെ താത്‌പര്യങ്ങളും ഐ പി എല്ലുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ തരൂരിലും ഇനിയങ്ങോട്ട്‌ അദ്ദേഹത്തിന്റെ രാജിയിലും മാത്രമായി കേന്ദ്രീകരിക്കുമെന്നത്‌ ഉറപ്പ്‌.
ഐ പി എല്ലിന്റെ കാര്യത്തില്‍ ഒന്നു കൂടിയേ ഇനി ചെയ്യാനുള്ളൂ. കുതിരപ്പന്തയങ്ങളിലെപ്പോലെ വാതുവെപ്പ്‌ കൂടി നിയമവിധേയമാക്കിക്കൊടുക്കുക. ഓരോ ടീമിന്റെയും ജയപരാജയങ്ങള്‍, ഓരോ ടീമും എടുക്കാന്‍ ഇടയുള്ള സ്‌കോര്‍, ഓരോ താരവും സ്‌കോര്‍ ചെയ്യാനിടയുള്ള റണ്‍സ്‌, അവര്‍ അടിച്ചുകൂട്ടാന്‍ ഇടയുള്ള സിക്‌സറുകളുടെ എണ്ണം എന്നിവയെക്കുറിച്ച്‌ നിയമവിധേയമല്ലാത്ത വാതുവെപ്പുകള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്‌. അത്‌ നിയമവിധേയമാക്കി നല്‍കുക കൂടി ചെയ്‌താല്‍ ഒഴുകാന്‍ ഇടയുള്ള കോടികള്‍ അനേകമാണ്‌. അതുകൂടി ചെയ്‌തു കൊടുക്കാന്‍ ക്രിക്കറ്റിലും രാഷ്‌ട്രീയത്തിലും അരുളി മരുവുന്ന തമ്പുരാക്കന്‍മാര്‍ തയ്യാറായാല്‍ കാര്യങ്ങള്‍ ഒന്നുകൂടി കൊഴുക്കും. 



രാജിയന്തം ധാര്‍മികത്വം  


കോണ്‍ഗ്രസ്‌ പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയുടെ വിജയമെന്നാണ്‌ തരൂരിന്റെ രാജിയെ പാര്‍ട്ടി വക്താവ്‌ ജയന്തി നടരാജനും രമേശ്‌ ചെന്നിത്തലയും വിശേഷിപ്പിച്ചത്‌. വിദേശകാര്യ സഹമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌ത്‌ റോന്‍ഡിവൂ കണ്‍സോര്‍ഷ്യത്തില്‍ സുഹൃത്തിന്‌ ഓഹരി വാങ്ങിക്കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തരൂരിനോട്‌ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ്‌ നേതൃത്വം ഒറ്റ നോട്ടത്തില്‍ ധാര്‍മികതയുടെ പക്ഷത്താണെന്ന്‌ തോന്നിപ്പോവും. എന്നാല്‍ ഈ ധാര്‍മികത എപ്പോഴാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലുണ്ടായത്‌ എന്നത്‌ പ്രധാനമാണ്‌. ബൊഫോഴ്‌സ്‌ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി രാജിവെച്ചിരുന്നില്ല. ഇപ്പോള്‍ ഈ കോഴക്കേസിലെ അവശേഷിക്കുന്ന ആരോപണവിധേയന്‍ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സി ബി ഐ ശ്രമം നടത്തുമ്പോഴും ആര്‍ക്കും ധാര്‍മികത പ്രശ്‌നമല്ല. വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലിക്കാന്‍ ഝാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയിലെ എം പിമാര്‍ക്ക്‌ പണം നല്‍കിയെന്ന ആരോപണമുണ്ടായപ്പോള്‍ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു രാജിവെക്കാതിരുന്നപ്പോഴും ധാര്‍മികത പ്രശ്‌നമായിരുന്നില്ല.
ഇപ്പോഴത്തെ യു പി എ സര്‍ക്കാറിന്റെ കാര്യമെടുക്കുക. ടെലികോം മന്ത്രി എ രാജയുടെ വീട്ടിലും ഓഫീസിലും സി ബി ഐ റെയ്‌ഡ്‌ നടത്തിയത്‌ അടുത്തിടെയാണ്‌. ആദ്യത്തെ യു പി എ സര്‍ക്കാറില്‍ രാജ ടെലികോം വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലത്തില്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു സി ബി ഐയുടെ പരിശോധന. ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന രണ്ടാം യു പി എ സര്‍ക്കാറില്‍ ടെലികോം വകുപ്പ്‌ കൈകാര്യം ചെയ്‌ത്‌ എ രാജ സുഖമായിരിക്കുന്നു. രാജയുടെ രാജി ആവശ്യപ്പെടേണ്ട, ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ടെലികോം മന്ത്രാലയത്തില്‍ നിന്നെങ്കിലും മാറ്റി നിര്‍ത്തിക്കൂടേ മന്‍മോഹന്‍ സിംഗിന്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാവാണ്‌ രാജ. കലൈഞര്‍ മുത്തുവേല്‍ കരുണാനിധിയുടെ സ്വന്തം ആള്‍. രാജയെ മാറ്റാനെങ്ങാന്‍ ശ്രമിച്ചാല്‍ കലൈഞര്‍ കോപിക്കും. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പോലും പിന്‍വലിച്ചേക്കും. ഇവിടെ ധാര്‍മികത തത്‌കാലം മറക്കുക തന്നെയാണ്‌ ഉചിതം.
76 പോലീസുകാരുടെ ജീവന്‍ പൊലിഞ്ഞതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആഭ്യന്തര മന്ത്രി പി ചിദംബരം പ്രകടിപ്പിച്ച രാജി സന്നദ്ധത പ്രധാനമന്ത്രി തള്ളുകയാണ്‌ ചെയ്‌തത്‌. മാവോയിസ്റ്റുകള്‍ നടത്തിയ കൂട്ടക്കുരുതിക്ക്‌ ആഭ്യന്തര മന്ത്രിയുടെ രാജിയല്ല പ്രായശ്ചിത്തമെന്ന്‌ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, സംഗതി അങ്ങനെയല്ലെന്ന്‌ പറയുന്നത്‌ കോണ്‍ഗ്രസിലെ തന്നെ നേതാക്കളാണ്‌. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ എന്ന പേരില്‍ ചിദംബരം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാന്‍ ആരംഭിച്ച നടപടിക്കുള്ള തിരിച്ചടിയാണ്‌ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നല്‍കിയത്‌. മാവോയിസ്റ്റുകളെ ചെറുക്കാന്‍ സ്വീകരിച്ച നടപടി പാളിപ്പോയെന്ന്‌ എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ പരസ്യമായി കുറ്റപ്പെടുത്തുമ്പോള്‍ പൊലിഞ്ഞുപോയ 76 ജീവനുകള്‍ക്ക്‌ ഉത്തരവാദി ചിദംബരമാണെന്ന്‌ തന്നെയാണെന്നാണ്‌ അര്‍ഥം. കോണ്‍ഗ്രസില്‍ ആലോചിച്ചല്ല ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ ചിദംബരം നടപ്പാക്കുന്നതെന്ന്‌ കൂടി ദിഗ്‌വിജയ്‌ സിംഗിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ചിദംബരത്തിന്റെ നടപടികള്‍ക്ക്‌ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയില്ലെന്നും. കോണ്‍ഗ്രസിന്റെയും യു പി എ സര്‍ക്കാറിന്റെയും പൂര്‍ണ പിന്തുണയില്ലാത്ത ഒരു നടപടി ആരംഭിച്ച്‌ മനുഷ്യ ജീവനുകള്‍ കുരുതികൊടുത്ത ഒരാളുടെ രാജി സ്വീകരിക്കാതിരുന്നത്‌ എന്ത്‌ ധാര്‍മികതയുടെ പേരിലാണെന്ന്‌ കൂടി എ ഐ സി സി വക്താവും കെ പി സി സി പ്രസിഡന്റും വിശദീകരിച്ച്‌ തരേണ്ടിവരും.
ഇതിപ്പോള്‍ ചേതമില്ലാത്ത ഒരു രാജിയാണ്‌. ക്രിക്കറ്റ്‌ എന്ന ഖനിയില്‍ നിന്ന്‌ കണക്കില്‍പ്പെടാത്ത ലാഭം സ്വീകരിക്കുന്ന അല്ലെങ്കില്‍ കണക്കില്‍പ്പെടാത്ത പണം ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന രാഷ്‌ട്രീയ നേതാക്കളെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ രാജി സഹായകമാകും. മറ്റു മേഖലകളിലാണെങ്കില്‍ ഹവാല എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അനധികൃത പണമിടപാട്‌ ഇവിടെ നിര്‍ബാധം തുടരാന്‍ സാധിക്കുകയും ചെയ്യും. തരൂരിന്‌ ഇപ്പോഴുണ്ടായ നഷ്‌ടം അടുത്തൊരു പുനസ്സംഘടനയില്‍ നികത്തി നല്‍കാന്‍ മന്‍മോഹന്‍ സിംഗിന്‌ കഴിയും. അതും ധാര്‍മികതയാണ്‌, ആരോപിക്കപ്പെടുന്ന തെറ്റിന്‌ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിക്കഴിഞ്ഞാല്‍ പദവികള്‍ തിരികെ നല്‍കുക എന്ന ധാര്‍മികത. 

2010-04-06

വെറും ഭീരുക്കളാണ്‌ സാര്‍...





``നക്‌സലുകള്‍ ഭീരുക്കളാണ്‌. എന്തുകൊണ്ടാണ്‌ അവര്‍ കാടുകളില്‍ ഒളിഞ്ഞിരിക്കുന്നത്‌? അവരെ ഞങ്ങള്‍ ചര്‍ച്ചക്ക്‌ ക്ഷണിച്ചു...അവര്‍ക്ക്‌ യഥാര്‍ഥത്തില്‍ വികസനമാണ്‌ വേണ്ടതെങ്കില്‍...ലോകത്തിലെ ഏതുകാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അവരെ സ്വാഗതം ചെയ്യുന്നു, അക്രമം ഉപേക്ഷിക്കണമെന്ന്‌ മാത്രം'' - അര്‍ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ സുരക്ഷാ വലയവും ഇമവെട്ടാത്ത കരിമ്പൂച്ചകളുടെ അകമ്പടിയുമായി പശ്ചിമ ബംഗാളിലെ ലാല്‍ഗഢ്‌ സന്ദര്‍ശിച്ചതിനു ശേഷം ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞ വാക്കുകളാണിവ.



ഒറ്റനോട്ടത്തില്‍ ചിദംബരത്തിന്റെ വാക്കുകള്‍ ശരിയാണ്‌. കാടുകളില്‍ മറഞ്ഞിരുന്ന്‌ പൊടുന്നനെ ആക്രമണം നടത്തി ജീവനും സ്വത്തിനും നഷ്‌ടമുണ്ടാക്കുന്നവര്‍ ഭീരുക്കള്‍ തന്നെയാണ്‌. ഭീരുത്വത്തിന്‌ അപ്പുറത്ത്‌ കൊടും ക്രൂരതയുമാണ്‌. ഇത്തരം ആക്രമണങ്ങളില്‍ നഷ്‌ടമായ ജീവനുകളുടെ കണക്കെടുക്കുമ്പോള്‍ ക്രൂരത, ഒരുപക്ഷേ, ഭീകരതയാണെന്ന്‌ പോലും പറയേണ്ടിവരും. മധ്യേന്ത്യയിലെ അമ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്ത്‌ സ്വാധീനം നിലനിര്‍ത്തുകയും മറ്റു മേഖലകളിലേക്ക്‌ കടന്നുകയറുകയും ചെയ്യുന്നു സി പി ഐ (മാവോയിസ്റ്റ്‌). ഇവരുടെ നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഒരു ഉപകരണവും പ്രവര്‍ത്തനക്ഷമമല്ല. ഒറീസയിലെ കൊറാപുത്ത്‌ പോലുള്ള ജില്ലകള്‍ ഏറെക്കുറെ പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിന്‌ പുറത്താണ്‌. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക്‌ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പലരും ചുമതലയേല്‍ക്കാന്‍ മടിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ സാധാരണം മാത്രം. ഏതാണ്ട്‌ സമാനമായ അവസ്ഥ മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും നിലനില്‍ക്കുന്നു. ആഭ്യന്തര മന്ത്രി ഭീരുക്കള്‍ എന്ന്‌ വിശേഷിപ്പിച്ചവരുടെ ശേഷി എത്രത്തോളമുണ്ടെന്നതിന്‌ ഇതുമാത്രം മതി തെളിവിന്‌.



രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക്‌ ഏറ്റവും വലിയ ഭീഷണിയായി ഡോ. മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി പി ചിദംബരവും ക്ഷീരബല പോലെ ആവര്‍ത്തിക്കുന്നതും ഈ ഭീരുക്കളെക്കുറിച്ചാണ്‌. എന്തുകൊണ്ട്‌ ഇവര്‍ ഭീരുക്കളായി? അല്ലെങ്കില്‍ യഥാര്‍ഥ ഭീരുക്കള്‍ ഇവരാണോ എന്നീ ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം മാത്രം.



ഒറീസയിലെ കലിംഗനഗര്‍. ഇവിടെയാണ്‌ ടാറ്റ ഗ്രൂപ്പ്‌ കോടികള്‍ മുടക്കി സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്‌. സ്റ്റീല്‍ പ്ലാന്റിനും വ്യാവസായിക പാര്‍ക്കിനുമായി ഒറീസ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്‌ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമിയാണ്‌. നിര്‍ദിഷ്‌ട സ്റ്റീല്‍ പ്ലാന്റിന്‌ പ്രത്യേക സാമ്പത്തിക മേഖലാ പദവി മുന്‍കൂറായി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സര്‍വ പിന്തുണയും നല്‍കുന്നുമുണ്ട്‌. വികസനത്തിന്റെ പുക ഉയരുന്നതിന്‌ കൂടിയൊഴിപ്പിക്കപ്പെടുന്നത്‌ ആയിരക്കണക്കിന്‌ ആദിവാസി കുടുംബങ്ങള്‍. ഇവര്‍ക്ക്‌ പകരം ഭൂമി നല്‍കുമെന്ന്‌ വാഗ്‌ദാനമുണ്ട്‌. ഭൂമി നല്‍കാനാവുന്നില്ലെങ്കില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ഉചിതമായ നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന്‌ അപരിചിതമായ മറ്റൊരു ഭൂമിയിലേക്ക്‌ പറിച്ചുനടുമ്പോള്‍ ഈ കുടുംബ വൃക്ഷങ്ങള്‍ കരിഞ്ഞുപോകാനുള്ള സാധ്യത ഭരണകൂടം മുന്നില്‍ കാണുന്നില്ല. ഇനി അഥവാ കരിഞ്ഞുപോയാല്‍ അത്‌ അതിജീവന ശേഷിയില്ലാത്തതിന്റെ സ്വാഭാവിക നാശമെന്ന കണക്കില്‍ എഴുതിത്തള്ളാവുന്നതേയുള്ളൂ. 




സ്വന്തം ഭൂമി സ്റ്റീല്‍ പ്ലാന്റിനും വ്യാവസായിക പാര്‍ക്കിനുമായി നല്‍കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം ആദിവാസിക്കില്ല. സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത ടാറ്റയും അതിന്‌ അനുമതി നല്‍കിയ സര്‍ക്കാറുകളും പ്ലാന്റ്‌ സ്ഥാപിക്കേണ്ട സ്ഥലം തീരുമാനിച്ചിട്ടുണ്ട്‌. ഇരുമ്പയിര്‌ സുലഭമായി ലഭിക്കുന്ന പ്രദേശം തിരഞ്ഞുപിടിച്ച്‌, അവിടെ നിന്ന്‌ തുറമുഖത്തേക്കും മറ്റുമുള്ള ഗതാഗത സൗകര്യങ്ങള്‍ പഠിച്ച്‌ സ്ഥാനം നിര്‍ണയിച്ചു കഴിഞ്ഞു. തടസ്സം ഏതാനും ആയിരം മനുഷ്യരാണ്‌. രാജ്യത്തിന്റെയാകെ വികസനത്തിന്‌ ഉതകുന്ന ഒരു വലിയ പദ്ധതി വരുമ്പോള്‍ ഭൂമി വിട്ടുകൊടുത്ത്‌ ത്യാഗം ചെയ്യാനുള്ള മനസ്സ്‌ ഇവര്‍ കാട്ടേണ്ടതല്ലേ? അതല്ലേ ധീരന്‍മാരുടെ പാരമ്പര്യം.



പക്ഷേ, ഭീരുക്കളായ ആദിവാസികള്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെ ചെറുത്തു. പുതിയൊരിടത്ത്‌ ജീവിതം ആരംഭിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ ഈ ഭീരുക്കള്‍ ഭയന്നു. ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ ഭേദപ്പെട്ട ജീവിതം ആരംഭിക്കാന്‍ പാകത്തിലുള്ള നഷ്‌ടപരിഹാരം ഭരണകൂടത്തോട്‌ വിലപേശി വാങ്ങണമെന്ന്‌ ഭീരുക്കളായ മറ്റു ചിലര്‍ ഇവരെ പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ ആദിവാസികള്‍ സമരം തുടങ്ങി. 2006 ജനുവരി. സമരം ചെയ്‌ത ആദിവാസികളെ പോലീസ്‌ പെരുമാറി. സായുധരായ പോലീസ്‌ ധീരന്‍മാരെ കണ്ട്‌ ആദിവാസികള്‍ പിന്തിരിഞ്ഞോടി. ധീരന്‍മാര്‍ പിറകില്‍ നിന്ന്‌ വെടിവെച്ചു. തിരിഞ്ഞോടിയവരില്‍ ചിലര്‍ പിടഞ്ഞുവീണു. ഓട്ടത്തിനിടെ വീണ മറ്റു ചില ആദിവാസികളെ പോലീസ്‌ വളഞ്ഞുപിടിച്ചു. ധൈര്യപൂര്‍വം നെറ്റിയില്‍ കുഴല്‍ ചേര്‍ത്ത്‌ കാഞ്ചി വലിച്ചു. ചോദിക്കാന്‍ ആരുമുണ്ടാവില്ലെന്നത്‌ ധീരതയുടെ അളവേറ്റുകയും ചെയ്‌തു. കലിംഗനഗറില്‍ ഇപ്പോഴും ഭീരുക്കള്‍ പ്രക്ഷോഭം തുടരുന്നുണ്ട്‌. ധീരന്‍മാര്‍ അത്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്‌. ഏതുവിധേനയും വികസനം കൊണ്ടുവന്നേ അടങ്ങൂ എന്ന്‌ ധീരന്‍മാരുടെ നേതാക്കളായ മഹാധീരന്‍മാര്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌. 




ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്താണ്‌ അത്രയൊന്നും ഉറപ്പില്ലാത്ത ആഭ്യന്തര മന്ത്രിയുടെ കസേര ചിദംബരം ഏറ്റെടുക്കുന്നത്‌. രണ്ടാം യു പി എ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ ഭദ്രമാണ്‌. ചിദംബരത്തിന്റെ കസേര കുറച്ചുകൂടി ഉറച്ചിരിക്കുന്നു. ഈ ഉറപ്പുണ്ടാക്കിയതില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിന്റെ സംഭാവന ചെറുതല്ല. 42ല്‍ 25 സീറ്റാണ്‌ സഖ്യം നേടിയത്‌. നേട്ടത്തിന്റെ മുഖ്യ കാരണം സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളാണെന്ന്‌ ആരും സമ്മതിക്കും. ഒപ്പം ലാല്‍ഗഢിലെ പ്രശ്‌നങ്ങളും. സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത്‌ മമതാ ബാനര്‍ജി നടത്തിയ പ്രവര്‍ത്തനങ്ങളെ ചെറുതാക്കിക്കാണുന്നില്ല, പക്ഷേ, സമരത്തിന്റെ ഊര്‍ജകേന്ദ്രം സി പി ഐ (മാവോയിസ്റ്റ്‌) തന്നെയായിരുന്നു. 




സി പി എം പ്രവര്‍ത്തകരെയും പോലീസുകാരെയും ചെറുക്കാന്‍ ആയുധങ്ങള്‍ സംഭരിക്കപ്പെട്ടത്‌, റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ തീര്‍ത്ത്‌ പോലീസ്‌ സംഘത്തിന്റെ മുന്നേറ്റം തടഞ്ഞത്‌ എന്നിങ്ങനെ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തിന്‌ തെളിവുകള്‍ ഏറെയുണ്ട്‌. ഭീരുക്കളുടെ തന്ത്രം ഫലിച്ചു. സിംഗൂരില്‍ നിന്ന്‌ ടാറ്റ ഒഴിഞ്ഞു, നന്ദിഗ്രാമിലെ കെമിക്കല്‍ ഹബ്ബ്‌ ഉപേക്ഷിക്കപ്പെട്ടു. അതിലും വലുതായിരുന്നു സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനുണ്ടായ രാഷ്‌ട്രീയ തിരിച്ചടി. ആ തിരിച്ചടിയുടെ ഫലം കൂടിയാണ്‌ ഇന്ന്‌ ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ കസേരക്കുള്ള ഉറപ്പ്‌.



ഭീരുക്കളുടെ എണ്ണം വര്‍ധിക്കുന്നത്‌ കണ്ട ഛത്തീസ്‌ഗഢിലെ ധീരന്‍മാര്‍ ചെയ്‌തത്‌ രാജ്യത്തെ നിയമങ്ങള്‍ക്കു പുറത്തൊരു ഗുണ്ടാപ്പടയുണ്ടാക്കുകയാണ്‌-സാല്‍വ ജുദും. ഇവര്‍ ഗ്രാമങ്ങളെ വളഞ്ഞു, കുടിലുകള്‍ക്ക്‌ തീയിട്ടു, ബലാത്സംഗങ്ങളും കൊലയും നടത്തി. സര്‍ക്കാറിന്‌ നേതൃത്വം നല്‍കിയ ധീരന്‍മാര്‍ ബി ജെ പി, കോണ്‍ഗ്രസ്‌ ഭേദമില്ലാതെ സാല്‍വ ജുദുമിന്‌ സംരക്ഷണം നല്‍കി. ഇതിന്റെ നേതൃസ്ഥാനത്ത്‌ വിരാജിക്കുന്ന ധീരന്‍ മഹേന്ദ്ര കര്‍മ ഇപ്പോഴും ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അംഗവുമാണ്‌. ധീരതയുടെ ഈ മുഖം മാവോയിസ്റ്റുകള്‍ക്ക്‌ സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ മുഖം കൂടുതല്‍ ജ്വലിച്ചു നില്‍ക്കുന്നത്‌ കാണാം. കൂടുതല്‍ സ്വയംഭരണാവകാശവും വിഭവങ്ങള്‍ക്കു മേല്‍ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട്‌ പോരടിക്കുന്ന സംഘടനകളെ ചെറുക്കാന്‍ ഇവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരങ്ങള്‍ നല്‍കി. സൈനികര്‍ ആരെ വെടിവെച്ചുകൊന്നാലും കേസില്ല, കൊല്ലപ്പെട്ടയാളെക്കുറിച്ച്‌ സൈനികര്‍ക്ക്‌ സംശയമുണ്ടാവണമെന്ന്‌ മാത്രം. 




സംശയിക്കപ്പെട്ട നിരവധി ഭീരുക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ താങ്‌ജം മനോരമ ദേവി എന്ന 32കാരി ഭീരുവില്‍ സൈനികര്‍ക്ക്‌ സംശയം ജനിച്ചു. ഇവരെ പിടികൂടി ബലാത്സംഗം ചെയ്‌ത്‌ കൊന്നു. പിറ്റേന്ന്‌ ഒരു കൂട്ടം ഭീരുക്കളായ സ്‌ത്രീകള്‍ അസം റൈഫിള്‍സിന്റെ ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. `ഇന്ത്യന്‍ സൈനികരേ ഞങ്ങളെ ബലാത്സംഗം ചെയ്യൂ' എന്ന ബാനറുമേന്തി പൂര്‍ണ നഗ്നരായാണ്‌ സ്‌ത്രീകള്‍ മാര്‍ച്ച്‌ നടത്തിയത്‌. ഭീരുത്വത്തിന്റെ ഉച്ചസ്ഥായി എന്നല്ലാതെ എന്ത്‌ പറയാന്‍! ധൈര്യമുള്ള സ്‌ത്രീകളാരെങ്കിലും തങ്ങളെ ബലാത്സംഗം ചെയ്യൂ എന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ സൈനിക ക്യാമ്പിലേക്ക്‌ മാര്‍ച്ച്‌ നടത്തുമോ?



ഇപ്പോള്‍ ഈ വൈകിയ വേളയില്‍ വീണ്ടും ധൈര്യം കാണിക്കാനുള്ള ശ്രമത്തിലാണ്‌ ആഭ്യന്തര മന്ത്രി പി ചിദംബരം. സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിച്ച്‌ പകരം `മാനുഷിക പരിഗണനകളുള്ള' മറ്റൊരു നിയമം കൊണ്ടുവരാന്‍ പോകുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക നിയമത്തിന്റെ അധികാരാവകാശങ്ങളുപയോഗിച്ച്‌ സൈനികര്‍ കാലപുരിക്കയച്ച ഭീരുക്കള്‍ക്കൊക്കെ ആത്മശാന്തി. മാനുഷിക പരിഗണനയുള്ള നിയമം വന്നാലും പിടികൂടി വെടിവെച്ചുകൊന്ന ശേഷം ഏറ്റുമുട്ടലില്‍ വധിച്ചെന്ന്‌ വിശദീകരിക്കുന്ന പത്തൊമ്പതാമത്തെ അടവ്‌ അവിരാമം തുടരും. ഏറ്റുമുട്ടാന്‍ ത്രാണിയില്ലാത്ത ഭീരുക്കളെ മറ്റെന്തു ചെയ്യാന്‍!



ഇത്തരം ധീരന്‍മാരുടെയും അവരുടെ ധീരതയുടെയും ബാക്കിയാണ്‌ വനത്തിലൊളിഞ്ഞിരുന്ന്‌ ആക്രമണം നടത്തുന്ന ഭീരുത്വം. അവരോട്‌ ചര്‍ച്ചയാവാമെന്ന്‌ പറയുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും? ആദിവാസികളെ ഭൂമിയുടെ അവകാശികളായി അംഗീകരിച്ച്‌ ടാറ്റയുടെയും ജിന്‍ഡാലിന്റെയും മറ്റ്‌ നിരവധിയായ കുത്തക കമ്പനികളുടെയും നിര്‍ദിഷ്‌ട പ്ലാന്റുകള്‍ മാറ്റുമോ? പോലീസുകാര്‍ നെറ്റിക്ക്‌ കുഴല്‍ ചേര്‍ത്തു കാഞ്ചി വലിച്ച ആദിവാസി യുവാക്കളുടെ ജീവന്‌ നഷ്‌ടപരിഹാരം നല്‍കുമോ? ഒന്നും കഴിയില്ല പി ചിദംബരത്തിന്‌. കാരണം കരാറുകള്‍ നേരത്തെ ഉറപ്പിക്കപ്പെട്ടതാണ്‌. അതിനനുസരിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. അതുകൊണ്ടാണ്‌ ഇല്ലെന്ന്‌ തറപ്പിച്ചു പറയുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനായി അതിര്‍ത്തി രക്ഷാ സേനയുടെ (മറ്റ്‌ അര്‍ധ സൈനിക വിഭാഗങ്ങളുടെയും) ബറ്റാലിയനുകളെ നാനാഭാഗത്തേക്കും നിയോഗിക്കുന്നത്‌. 




40,000 കോടി രൂപയാണ്‌ ഈ നടപടിക്കായി മാറ്റിവെച്ചിരിക്കുന്നത്‌. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം നടപ്പാക്കുന്നതിന്‌ വേണ്ടത്ര പണം നീക്കിവെച്ചിട്ടില്ലെന്ന്‌ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ്‌ പരാതി പറയുമ്പോഴും വേട്ടക്ക്‌ പണമുണ്ട്‌. രാജ്യത്തെ ആറ്‌ മുതല്‍ പതിനാല്‌ വരെ വയസ്സ്‌ പ്രായമുള്ളവര്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന ചെലവ്‌ 34,000 കോടി രൂപ. ഗ്രീന്‍ ഹണ്ടിന്‌ നീക്കിവെച്ചത്‌ 40,000 കോടിയും. ഏതിനാണ്‌ പ്രാമുഖ്യമെന്ന്‌ കണക്കുകളില്‍ നിന്ന്‌ വ്യക്തം. അതെ ധീരന്‍മാര്‍ക്കു തന്നെയാണ്‌ മുന്‍ഗണന, ധൈര്യത്തിന്‌ തന്നെയാണ്‌ കൂടുതല്‍ വിഹിതം.

2010-04-02

നാടന്‍ ബോംബും സമ്പത്തിന്റെ ജീവനും







ഒരു വിമാനത്തില്‍ ബോംബ്‌ വെച്ചയാളെ, ബോംബ്‌ നാടനായാലും പ്രഹരശേഷി വര്‍ധിപ്പിക്കാനുതകും വിധത്തില്‍ മികവേറിയതായാലും, സാധാരണഗതിയില്‍ നമ്മള്‍ എന്താണ്‌ വിളിക്കുക? രണ്ട്‌ ദിവസം മുമ്പ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തയാള്‍ മൂന്നാം നാള്‍ പുലര്‍ച്ചെ ഹൃദയാഘാതം വന്നു മരിച്ചുവെന്ന്‌ പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കുമോ? നമുക്കു മുന്നില്‍ അടുത്തിടെ നടന്ന രണ്ട്‌ സംഭവങ്ങളാണ്‌ ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കാരണം. ആദ്യത്തെ കേസില്‍ പൊതുരീതിയില്‍ നിന്ന്‌ മാറിച്ചിന്തിക്കാന്‍ മാധ്യമങ്ങള്‍ തീരുമാനിച്ചപ്പോള്‍ രണ്ടാമത്തെ സംഭവത്തില്‍ മാറിച്ചിന്തിച്ചത്‌ രാഷ്‌ട്രീയ പാര്‍ട്ടികളാണ്‌, അതും ഭൂരിപക്ഷ വികാരം എതിരാണെന്ന്‌ മനസ്സിലാക്കിക്കൊണ്ട്‌.



ബംഗളൂരുവില്‍ നിന്ന്‌ തിരുവനന്തപുരത്ത്‌ പറന്നിറങ്ങിയ കിംഗ്‌ ഫിഷര്‍ വിമാനത്തിന്റെ കോക്‌പിറ്റിലാണ്‌ നാടന്‍ ബോംബ്‌ കണ്ടെത്തിയത്‌. ഒരു മലായള പത്രത്തിന്റെ താളില്‍ പൊതിഞ്ഞ നിലയില്‍. ബോംബ്‌ നാടനായതുകൊണ്ടുതന്നെ പ്രഹരശേഷി കുറവ്‌. ശക്തമായ സമ്മര്‍ദമുണ്ടായാല്‍ (ഭാരമുള്ള ഏതെങ്കിലും വസ്‌തു മുകളില്‍ കയറ്റിവെക്കുകയോ മറ്റോ ചെയ്‌താല്‍) പൊട്ടാവുന്ന വിധത്തിലുള്ളതായിരുന്നു ഇതെന്ന്‌ വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദത്തിന്‌ വിധേയമായിരുന്നുവെങ്കില്‍ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന്‌ സാരം. വിമാനം തിരുവനന്തപുരത്തെത്തിയ ശേഷമാണ്‌ ബോംബ്‌ വെച്ചത്‌ എന്ന പോലീസ്‌ വാദം അംഗീകരിച്ചാല്‍ വലിയ അപകടത്തിന്‌ സാധ്യതയില്ലെന്നും കരുതണം. എങ്കിലും ഈ വിധത്തിലുള്ള ബോംബ്‌ വിമാനത്തില്‍ വെച്ചയാളെ സാധാരണഗതിയില്‍ നാം വിശേഷിപ്പിക്കുക `ഭീകരവാദി' എന്നോ `ഭീകരന്‍' എന്നോ ആയിരിക്കും. എന്നാല്‍ കിംഗ്‌ ഫിഷര്‍ വിമാനത്തിലെ നാടന്‍ ബോംബിന്റെ കാര്യത്തില്‍ ഈ പതിവില്‍ മാറ്റമുണ്ടായി. `മുഖ്യപ്രതി' എന്ന വിശേഷണം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായി.



വെറുമൊരു നാടന്‍ ബോംബ്‌ വെക്കാന്‍ തീരുമാനിച്ചയാളെ ഭീകരന്‍/ഭീകരവാദി എന്ന്‌ അഭിസംബോധന ചെയ്‌ത്‌ ആ വാക്കിന്റെ ഗൗരവം കളയേണ്ട എന്ന്‌ തീരുമാനിച്ചതാവാം. അല്ലെങ്കില്‍ ഭീകരവാദിയുടെ കൈക്രിയക്ക്‌ കിംഗ്‌ ഫിഷര്‍ വിമാനം വിധേയമായി എന്ന്‌ പറഞ്ഞാല്‍ മദ്യരാജാവ്‌ കൂടിയായ വിജയ്‌ മല്യക്ക്‌ ഉണ്ടാവാന്‍ ഇടയുള്ള മാനഹാനി ഓര്‍ത്തിട്ടാവാം. അതുമല്ലെങ്കില്‍ പിടിയിലായ ആളുടെ പേര്‌ `രാജശേഖരന്‍ നായര്‍' എന്നതായതുകൊണ്ടാവാം. ഇനി രംഗമൊന്ന്‌ മാറ്റിച്ചിന്തിക്കുക. പിടിയിലായത്‌ ഏതെങ്കിലും ബഷീറോ ഫിറോസോ നവാസോ ആയിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. എങ്ങനെയായിരിക്കും വിശേഷിപ്പിക്കപ്പെടുക. ഭീകരവാദി/ഭീകരന്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവരില്ലായിരുന്നു. അറസ്റ്റിലായ ആള്‍ക്ക്‌ സൂഫിയ മഅ്‌ദനി മുതല്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി വരെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കഥകള്‍ പുറത്തുവരും. മറ്റ്‌ സംസ്ഥാനങ്ങളില്‍ നടന്ന സമാനമായ നാടന്‍ ബോംബ്‌ വെക്കല്‍ കലാപരിപാടികളില്‍ (സൂറത്ത്‌ നഗരത്തില്‍ ആലിന്റെ മുകളില്‍ നാടന്‍ ബോംബ്‌ വെച്ചതുപോലുള്ളവ) ഇദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചുവെന്ന ഞെട്ടിക്കുന്ന ന്യൂസ്‌ ബ്രേക്ക്‌ ചെയ്യപ്പെടും. ലശ്‌കറെ ത്വയ്യിബയുടെ ഏജന്റ്‌ ഇദ്ദേഹത്തെ റിക്രൂട്ട്‌ ചെയ്‌ത്‌ നേപ്പാള്‍, ദുബൈ എന്നിവയില്‍ ഏതെങ്കിലും രാജ്യത്തുകൂടെ പാക്കിസ്ഥാനിലെത്തിച്ച്‌ നാടന്‍ ബോംബുണ്ടാക്കുന്നതില്‍ വിദഗ്‌ധ പരിശീലനം നല്‍കിയതിനെക്കുറിച്ച്‌ റിപ്പോര്‍ട്ടര്‍മാര്‍ വാചാലരാവും.



തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി, വയനാട്ടുകാരനായ കബീറിനെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തതും നിമിഷങ്ങള്‍ക്കം `ഭീകരന്‍ പിടിയില്‍' എന്ന്‌ വാര്‍ത്ത പുറത്തുവന്നതും മണിക്കൂറൊന്ന്‌ കഴിഞ്ഞപ്പോള്‍ കബീറിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ച്‌ നമ്മുടെ റിപ്പോര്‍ട്ടര്‍മാര്‍ വാചാലരായതും ഓര്‍ക്കുക. ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ കിംഗ്‌ ഫിഷര്‍ നാടന്‍ ബോംബ്‌ കേസില്‍ അറസ്റ്റിലായ ആളുടെ പേര്‌ മാറിയിരുന്നുവെങ്കില്‍ മേല്‍ വിവരിച്ച പോലുള്ള സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയായിരുന്നു. ഇതിപ്പോള്‍ ഒരു രാജശേഖരന്‍ നായര്‍. വ്യക്തിവിരോധം തീര്‍ക്കാന്‍ മാത്രമായി വെറുമൊരു നാടന്‍ ബോംബ്‌ പത്രക്കടലാസില്‍ പൊതിഞ്ഞുവെച്ചു. അതിലപ്പുറമുള്ള ത്രാണിയൊന്നും ഈ നായര്‍ക്കുണ്ടാവില്ല. സ്‌ഫോടനം നടത്തി പരിചയമുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന അഭിനവ്‌ ഭാരത്‌, സനാതന്‍ സംസ്ഥാന്‍ എന്നീ ഹൈന്ദവ സംഘടനകളുമായി ബന്ധമുണ്ടാവാനും സാധ്യതയില്ല. ബോംബുണ്ടാക്കാന്‍ പ്രത്യേകിച്ച്‌ പരിശീലനമൊന്നും ലഭിച്ചിരിക്കാനും ഇടയില്ല. മുമ്പ്‌ സി ആര്‍ പി എഫിലുണ്ടായിരുന്ന കാലത്ത്‌ കണ്ടും കേട്ടും ലഭിച്ച അറിവുവെച്ച്‌ രാജശേഖരന്‍ നായര്‍ അതു ചെയ്‌തുവെന്നു മാത്രം.
രാജശേഖരന്‍ നായര്‍ ഭീകരനാണെന്നോ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഭികരനെന്ന്‌ വിശേഷിപ്പിക്കണമായിരുന്നുവെന്നോ ഒന്നും ഇത്രയും പറഞ്ഞതിന്‌ അര്‍ഥമില്ല. സ്‌ഫോടനങ്ങള്‍ നടത്താന്‍ മടിയില്ലാത്ത തീവ്ര ഹിന്ദുത്വ സംഘടനകളുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്ന സംശയമുണര്‍ത്തലും ലക്ഷ്യമല്ല. പക്ഷേ, ഈ രീതി രാജശേഖരന്‍ നായരുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട്‌ പിന്തുടരപ്പെട്ടുവെന്നതാണ്‌ ആലോചിക്കുന്നത്‌. ഈ കേസില്‍ മറ്റൊരു പ്രത്യേകതയുമുണ്ടായി. ആരോപണവിധേയനായ ആള്‍ അറസ്റ്റിലായി ഒരു ദിവസത്തോളം കഴിഞ്ഞാണ്‌ മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത ലഭിച്ചത്‌. ലഭിച്ചപ്പോള്‍ തന്നെ അറസ്റ്റിലായ ആളുടെ പേര്‌ കിട്ടിയിരുന്നില്ല. അറസ്റ്റിലായ വാര്‍ത്ത ബ്രേക്ക്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ പേര്‌ പുറത്തുവന്നത്‌. മുന്‍ചൊന്ന പേരുകാരില്‍ ആരെങ്കിലുമാണ്‌ അറസ്റ്റിലായിരുന്നതെങ്കില്‍ പേരടക്കം വാര്‍ത്ത കിട്ടാന്‍ ഇത്രത്തോളം വൈകുമായിരുന്നില്ല എന്ന്‌ തോന്നുന്നു.



ഇനി പാലക്കാട്‌ പൂത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ ആരോപണവിധേയനായ സമ്പത്ത്‌ പോലീസ്‌ കസ്റ്റഡിയില്‍ എടുത്ത ശേഷം മരിച്ച സംഭവത്തിലേക്ക്‌ വരാം. സമ്പത്ത്‌ പ്രതിയായിരിക്കാം. വീട്ടമ്മയെ കഴുത്തറുത്തുകൊന്നപ്പോള്‍ കൈവിറച്ചിട്ടുണ്ടാവുകയുമില്ല. കുറ്റകൃത്യങ്ങളുടെ സംഭവബഹുലമായ ചരിത്രത്തിന്റെ ഉടമയുമായിരിക്കാം. എങ്കിലും ഒരാളെ മര്‍ദിച്ച്‌ മൃതപ്രായമാക്കാന്‍ (ആശുപത്രിയിലെത്തിച്ച ശേഷമാണ്‌ സമ്പത്ത്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍) പോലീസിന്‌ എന്ത്‌ അധികാരമാണുള്ളത്‌? കേസ്‌ വിചാരണ ചെയ്‌ത്‌ കുറ്റവാളിയാണോ അല്ലയോ എന്ന്‌ തീരുമാനിച്ച്‌ ശിക്ഷ വിധിക്കാന്‍ അധികാരപ്പെട്ട കോടതികള്‍ പിന്നെ എന്തിനാണ്‌? 


സമ്പത്തുള്‍പ്പെടെയുള്ളവര്‍ ചെയ്‌തുവെന്ന്‌ പറയുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ ചിന്തിക്കേണ്ടതല്ലേ പരിഷ്‌കൃതമനം. പക്ഷേ, ചിന്ത പോയത്‌ ആ വഴിക്കല്ല. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കസ്റ്റഡി മരണം. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‌ ഇതിലും നല്ല ഒരു രാഷ്‌ട്രീയ ആയുധം ഇപ്പോള്‍ കിട്ടാനില്ല. എന്നാല്‍ അവരാരും ഈ കസ്റ്റഡി മരണത്തെ ഗൗരവമായെടുത്ത്‌ പ്രതികരിച്ചുകണ്ടില്ല. പാലക്കാട്ടെ ഒരു കോണ്‍ഗ്രസ്‌ നേതാവിനോട്‌ ഇതിന്റെ കാരണം അന്വേഷിച്ചു. സമ്പത്തിന്റെ കേസില്‍ തങ്ങള്‍ ഇടപെടില്ലെന്നായിരുന്നു മറുപടി. ജനങ്ങളില്‍ ഭൂരിപക്ഷവും സമ്പത്തിനെതിരാണ്‌. അയാള്‍ കൊല്ലപ്പെട്ടത്‌ നന്നായെന്ന്‌ ജനം വിശ്വസിക്കുന്നു. അപ്പോള്‍ പിന്നെ എന്തിന്‌ പ്രശ്‌നം ഏറ്റെടുത്ത്‌ ജനങ്ങളുടെ എതിര്‍പ്പ്‌ ചോദിച്ചുവാങ്ങണം? നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ്‌ സമ്പത്ത്‌. അയാളെ പോലീസ്‌ ഇടിച്ചുകൊന്നെങ്കില്‍ അങ്ങനെ, ഹൃദയാഘാതമുണ്ടായതാണെങ്കില്‍ അത്‌ ദൈവത്തിന്റെ വിധി - കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു നിര്‍ത്തി.



ഒരുപക്ഷേ, നേതാവ്‌ പറഞ്ഞതുപോലെ തന്നെയാവണം അവിടുത്തെ ജനങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവുക. എന്നാല്‍ ഭൂരിപക്ഷത്തിന്റെ മനസ്സാണ്‌ നീതിയെന്ന്‌ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? ഭൂരിപക്ഷം ശരിയെന്ന്‌ പറയുന്നത്‌ ശരിയാണെന്ന്‌ രാഷ്‌ട്രീയക്കാര്‍ പോലും ചിന്തിക്കുന്ന അവസ്ഥയെത്തിയിരിക്കുന്നുവെന്ന്‌ സാരം. മര്‍ദിച്ചതിന്റെയും കൂര്‍ത്ത ആയുധം കൊണ്ട്‌ കുത്തിയതിന്റെയും പൊള്ളിച്ചതിന്റെയും പാട്‌ സമ്പത്തിന്റെ ദേഹത്തുണ്ടെന്നാണ്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. ജനങ്ങളില്‍ ഭൂരിപക്ഷവും കുറ്റവാളിയെന്ന്‌ കരുതുന്ന ഒരാളെ ഇത്തരത്തില്‍ പീഡിപ്പിച്ച്‌ ഇല്ലാതാക്കാന്‍ പോലീസിന്‌ അവകാശമുണ്ടെന്നാണോ? അതേ എന്ന്‌ തന്നെ സമ്മതിക്കേണ്ടിവരും. കാരണം ഭൂരിപക്ഷ ഇംഗിതത്തിനനുസരിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്‌. 




ആദ്യം പറഞ്ഞ ബോംബ്‌ കേസിലും ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിനാണ്‌ പ്രാമുഖ്യം. അതുകൊണ്ടാണ്‌ രാജശേഖരന്‍ നായര്‍ക്ക്‌ മറ്റൊരു പേരായിരുന്നുവെങ്കില്‍ ഏല്‍ക്കേണ്ടിവരുമായിരുന്ന ആരോപണങ്ങള്‍ ഒഴിവായത്‌. രാജശേഖരന്‍നായരുടെ കാര്യത്തിലുണ്ടായ ഔചിത്യ ബോധം മറ്റു ചിലരുടെ കാര്യത്തില്‍ നമ്മള്‍ പുലര്‍ത്താത്തതും അതുകൊണ്ടാണ്‌. ഇവരുടെ കാര്യത്തില്‍ വലിയ മുന്‍വിധിയുണ്ടാവുന്നത്‌ ഭൂരിപക്ഷ അഭിപ്രായത്തെക്കുറിച്ച്‌ നമുക്കുള്ളില്‍ തന്നെയുള്ള മുന്‍വിധിയാണ്‌. അല്ലെങ്കില്‍ നമുക്കുള്ളില്‍ രൂഢമൂലമായ ഭൂരിപക്ഷ മതത്തിന്റെ സ്വാധീനമാണ്‌. വിവിധ കേസുകളില്‍ ആരോപണവിധേയരായവരെ കോടതി വിചാരണ ചെയ്‌ത്‌ കുറ്റവാളിയെന്ന്‌ തീരുമാനിക്കും മുമ്പ്‌ എല്ലാ `പട്ട'ങ്ങളും ചാര്‍ത്തിക്കൊടുക്കുമ്പോള്‍ പോലീസ്‌ കസ്റ്റഡിയില്‍ നടത്തുന്ന കൊലക്കു സമാനമായതു തന്നെയാണ്‌ സംഭവിക്കുന്നത്‌. അത്‌ ചോദ്യം ചെയ്യുമ്പോഴും ഭൂരിപക്ഷ ഇംഗിതമെന്ന പ്രശ്‌നം ഉയര്‍ന്നുവരും. ഭൂരിപക്ഷ ഇംഗിതത്തിന്‌ വിരുദ്ധമായി നിന്ന്‌ എതിര്‍പ്പ്‌ സമ്പാദിച്ച്‌ നാല്‌ വോട്ട്‌ കളയേണ്ട എന്ന ചിന്തയും വരും.