2010-06-24

സഭ ഗാലറിയിലല്ല



വിശുദ്ധ ജോര്‍ജ്‌ ഗീവര്‍ഗീസ്‌ സഹദായുടെ പേരില്‍ ഇടപ്പള്ളിയിലുള്ള പുരാതനമായ പള്ളി. അതിനു കീഴില്‍ ഒരു ലോവര്‍ പ്രൈമറിയും ആണ്‍, പെണ്‍ ഭേദം തിരിഞ്ഞുള്ള ഹൈസ്‌കൂളുകളും. ഇതില്‍ വിശുദ്ധ ജോര്‍ജിന്റെ പേരിലുള്ള സ്‌കൂളില്‍ നിന്ന്‌ എണ്‍പതുകളുടെ അവസാനത്തിലാണ്‌ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. `പാലായിലെ പാതിരിമാര്‍ക്കും പാലക്കാട്ടെ പട്ടന്‍മാര്‍ക്കും കോഴിക്കോട്ടെ കോയമാര്‍ക്കും വിദ്യാഭ്യാസ മേഖലയാകെ തീറുകൊടുത്തൊരു സര്‍ക്കാറേ....' എന്നു തുടങ്ങിയ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ മുദ്രവാക്യം അന്തരീക്ഷത്തില്‍ സജീവമായി നിന്നിരുന്ന കാലം. 


ഈണത്തിന്റെ പ്രത്യേകത കൊണ്ട്‌ മുദ്രാവാക്യം മനസ്സില്‍ എളുപ്പത്തില്‍ പതിഞ്ഞിരുന്നുവെങ്കിലും വിശുദ്ധ ജോര്‍ജിന്റെ പേരിലുള്ള, കത്തോലിക്കാ സഭ നടത്തുന്ന എയിഡഡ്‌ സ്‌കൂളില്‍ കച്ചവടമാണെന്ന്‌ തോന്നിയിരുന്നില്ല. അധ്യാപകരില്‍ ഭൂരിഭാഗവും ക്രിസ്‌തുമത വിശ്വാസികളായിരുന്നുവെങ്കിലും സ്‌കൂളിന്റെ അന്തരീക്ഷത്തില്‍ ഒരിക്കലും ക്രൈസ്‌തവ വിശ്വാസത്തിന്റെ മുദ്രകളുണ്ടായിരുന്നില്ല. അന്തപ്പന്‍ സാറോ അന്നാമ്മ ടീച്ചറോ യേശു ക്രിസ്‌തുവിന്റെ മഹത്വമോ ക്രിസ്‌തു മതത്തിന്റെ മേന്‍മയോ വിവരിക്കാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചതായി ഓര്‍മയില്ല. ബൈബിള്‍ പുതിയ നിയമം പഠിപ്പിക്കുന്ന കാറ്റികിസം പീരിയഡ്‌ ആഴ്‌ചയിലൊരിക്കല്‍ നടന്നിരുന്നു. ആ സമയത്ത്‌ ഇതര മതവിശ്വാസികള്‍ക്ക്‌ ധാര്‍മിക മൂല്യങ്ങളെക്കുറിച്ച്‌ പ്രത്യേകം ക്ലാസ്സ്‌. എല്ലാ വെള്ളിയാഴ്‌ചയും ഉച്ചഭക്ഷണത്തിന്‌ ക്ലാസ്‌ പിരിഞ്ഞിരുന്നത്‌ പന്ത്രണ്ടരക്കാണ്‌. സ്‌കൂളില്‍ തീര്‍ത്തും ന്യൂനപക്ഷമായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്‌ ജുമുഅ നിസ്‌കരിക്കാന്‍ വേണ്ടി. 


വിശുദ്ധ ജോര്‍ജിന്റെ നാമധേയത്തിലുള്ള സ്‌കൂളില്‍ നിന്ന്‌ പീന്നിട്‌ പഠിക്കാനെത്തിയത്‌ എറണാകുളം തേവരയിലെ തിരു ഹൃദയ കലാലയത്തിലായിരുന്നു. കത്തോലിക്കാ സഭയുടെ കീഴിലുള്ള മറ്റൊരു പ്രമുഖ സ്ഥാപനം. സ്‌കൂളില്‍ കന്യാസ്‌ത്രീകളായ അധ്യാപകര്‍ മുന്നോ നാലോ പേരുണ്ടായിരുന്നു. ഇവിടെ ശുഭ്ര വസ്‌ത്രധാരികളായ അച്ചന്‍മാരാണ്‌ മാനേജര്‍, പ്രിന്‍സിപ്പല്‍ തുടങ്ങി ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്‌. അധികാര സ്ഥാനങ്ങളില്‍ സഭാ നേതൃത്വത്തിന്റെ നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ കോളജിന്റെ അന്തരീക്ഷത്തില്‍ പറയത്തക്ക ക്രൈസ്‌തവ ചിഹ്നങ്ങളുണ്ടായിരുന്നില്ല. ദിവസാരംഭത്തില്‍ കോളജ്‌ മുഴുവന്‍ മുഴങ്ങിയിരുന്ന പ്രാര്‍ഥന പോലും ഇത്തരം ചിഹ്നങ്ങളില്‍ നിന്ന്‌ മുക്തം. കോളജ്‌ ജീവനക്കാരന്‍ തന്നെയായിരുന്ന ജോണ്‍ പ്രാര്‍ഥനക്ക്‌ നല്‍കിയ ഈണത്തില്‍ നിന്ന്‌ പോലും ക്രൈസ്‌തവികത ഒഴിവായി നിന്നു. 


മലയാളി സമൂഹത്തിന്‌ വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്‌തവ സഭകള്‍ ചെയ്യുന്ന മഹത്തായ സേവനത്തെക്കുറിച്ച്‌ ബോധ്യം നല്‍കാന്‍ വേണ്ടി, ബോധപൂര്‍വം ചിഹ്നങ്ങളെ ഒഴിവാക്കി നിര്‍ത്തിയതാകാം. പക്ഷേ, അതിനുള്ള ബുദ്ധിയും വിവേകവും അന്നത്തെ സഭാ നേതൃത്വത്തിനുണ്ടായിരുന്നു. വര്‍ഗീയമായ നിലപാടുകളുടെയും ചെയ്‌തികളുടെയും പേരില്‍ മുന്‍കാലങ്ങളിലും അന്നും സഭ കുറ്റപ്പെടുത്തപ്പെട്ടിരുന്നുവെങ്കില്‍ കൂടി.

ഈ രണ്ട്‌ വിദ്യലയാന്തരീക്ഷങ്ങള്‍ കുറച്ച്‌ വിശദീകരിച്ച്‌ രേഖപ്പെടുത്തേണ്ടിവന്നത്‌, താമരശ്ശേരി രൂപത പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ്‌. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ പുലര്‍ത്തേണ്ട വിശ്വാസദാര്‍ഢ്യത്തെക്കുറിച്ച്‌ ഓര്‍മപ്പെടുത്തുന്നതാണ്‌ മാര്‍ഗനിര്‍ദേശം. `ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ ഭരണ ഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ്‌ നമ്മുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്‌. ഇത്തരത്തില്‍ നിയമിതരാവുന്ന അധ്യാപകര്‍ക്ക്‌ ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നത്‌ മറക്കരുത്‌. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്‌തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്‌' - മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
വിശുദ്ധ ജോര്‍ജിന്റെ സ്‌കൂളില്‍ അന്തപ്പന്‍ സാറും അന്നാമ്മ ടീച്ചറും ഇനി പഴയപോലെ പ്രവര്‍ത്തിച്ചാല്‍ മതിയാവില്ലെന്ന്‌ ചുരുക്കം. വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുക എന്നാല്‍ സ്വയം വിട്ടുനില്‍ക്കുക എന്നത്‌ മാത്രമല്ല ഉദ്ദേശിക്കുന്നത്‌. അവരുടെ അധ്യാപന രീതികളുടെ പ്രത്യേകതകളാല്‍ അത്തരം പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ കുട്ടികള്‍ പ്രേരിതരാവണമെന്നുകൂടിയാണ്‌. 


ഭരണഘടനാ ദത്തമായ പ്രത്യേക അധികാരത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ്‌ താമരശ്ശേരി രൂപത മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ഏത്‌ മതത്തില്‍ വിശ്വസിക്കാനും അനുവാദമുള്ളതുപോലെ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വെല്ലുവിളിയുയര്‍ത്താത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും പ്രത്യയശാസ്‌ത്രങ്ങളിലും വിശ്വസിക്കാനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌ എന്നത്‌ സഭാ നേതാക്കള്‍ മറന്നുപോയതുപോലെ തോന്നുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശവും ഭരണഘടനാദത്തമാണ്‌. ഇവയെ വെല്ലുവിളിച്ച്‌ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സഭാ നേതൃത്വത്തിന്‌ സാധിക്കില്ല എന്നതും അവര്‍ ഓര്‍മിക്കേണ്ടതായിരുന്നു.
അധ്യാപകരുടെ രാഷ്‌ട്രീയ വിശ്വാസങ്ങളെ നിയന്ത്രിക്കുക എന്നത്‌ മാത്രമല്ല ഇതിലൂടെ സഭ ചെയ്യുന്നത്‌, മറിച്ച്‌ നേരിട്ട്‌ രാഷ്‌ട്രീയത്തില്‍ ഇടപെടുക കൂടിയാണ്‌. ക്രൈസ്‌തവ വിശ്വാസത്തോട്‌ പൊരുത്തപ്പെടാത്ത പ്രത്യയശാസ്‌ത്രങ്ങളില്‍ വിശ്വസിക്കാന്‍ പാടില്ല എന്ന നിബന്ധന ആ മതം മുന്നോട്ടുവെക്കുന്ന ഉയര്‍ന്ന മാനവിക ദര്‍ശനങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമേകണമെന്ന സിദ്ധാന്തത്തെ തീര്‍ത്തും അവഗണിച്ച്‌ ലോകത്ത്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാനാവില്ല തന്നെ. ആ നിലക്ക്‌ ഏത്‌ പ്രത്യയശാസ്‌ത്രങ്ങളാണ്‌ മത വിശ്വാസത്തിന്‌ എതിരായി വരുന്നത്‌ എന്നത്‌ സഭാ നേതൃത്വം തന്നെ വ്യക്തമാക്കി തരേണ്ടതുണ്ട്‌. 


വിദ്യാഭ്യാസ മേഖലയെയാകെ രാഷ്‌ട്രീയവത്‌കരിക്കാനും നിരീശ്വരവത്‌കരിക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന്‌ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌ എവിടെയാണെന്ന്‌ ഏറെക്കുറെ വ്യക്തമാണ്‌. `മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തെക്കുറിച്ച്‌ തര്‍ക്കങ്ങളുണ്ടായപ്പോള്‍ എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്‌ത്‌ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നു. ഈ മാറ്റം തൃപ്‌തികരമായി നടപ്പാക്കപ്പെട്ടില്ലെങ്കിലോ, സമാനമായ പാഠ ഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലോ തര്‍ക്കം ഉന്നയിക്കുന്നതില്‍ അര്‍ഥമുണ്ട്‌. അത്തരം സംഗതികളൊന്നും നിലവിലില്ലാതിരിക്കെ ഇത്തരമൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്‌ പരോക്ഷമായെങ്കിലും വര്‍ഗീയതയായി കാണേണ്ടിവരും.

സംസ്ഥാനത്ത്‌ ഇതര മതവിഭാഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നടത്തുന്നുണ്ട്‌. അവരില്‍ ചിലര്‍ക്കെങ്കിലും ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശങ്ങളുമുണ്ട്‌. ഈ അവകാശങ്ങളില്ലാത്തവരുടെ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ്‌ നേരിട്ടാണ്‌ നിയമനങ്ങള്‍ നടത്തുന്നത്‌. അവരെല്ലാം ഇത്തരം മാനദണ്ഡങ്ങളുമായി രംഗത്തിറങ്ങിയാല്‍ അത്‌ സ്വാഗതാര്‍ഹമാവുമോ?

ഭരണഘടനാദത്തമായ അവകാശങ്ങളുടെ നിര്‍വഹണം മാത്രമായല്ല സഭക്കു കീഴിലെ സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതിന്‌ ലക്ഷങ്ങള്‍ ഡൊനേഷന്‍ നല്‍കണം, പ്രത്യേകിച്ച്‌ എയിഡഡ്‌ സ്ഥാപനമാണെങ്കില്‍. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തിരിച്ച്‌ നിരക്ക്‌ കൂടും. കോളേജധ്യാപക നിയമനമാണെങ്കില്‍ ദശലക്ഷങ്ങള്‍ നല്‍കേണ്ടിവരും. ഇങ്ങനെ നിയമിതരാവുന്നവരോട്‌ പ്രത്യയശാസ്‌ത്രത്തോടുള്ള വിയോജിപ്പും വിശ്വാസത്തോടുള്ള കൂറും പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ല തന്നെ. അങ്ങനെ വേണമെങ്കില്‍ നിയമനത്തിന്റെ കാര്യത്തില്‍ കൂടി ക്രിസ്‌തീയ വിശ്വാസ പ്രമാണങ്ങള്‍ പ്രാബല്യത്തിലാക്കട്ടെ. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കട്ടെ, ചുങ്കക്കാരെ മാറ്റിനിര്‍ത്തട്ടെ. സാധിക്കുമോ സഭാ നേതാക്കള്‍ക്ക്‌.

മറ്റൊരു കാര്യം കൂടിയുണ്ട്‌. ഏതാനും വര്‍ഷങ്ങളായി പള്ളികളില്‍ വായിച്ചുകേള്‍പ്പിക്കുന്ന ഇടയലേഖനങ്ങള്‍ ഊന്നിപ്പറയുന്നത്‌ `നമ്മുടെ വിശ്വാസ സ്വാതന്ത്ര്യ'ത്തെക്കുറിച്ചാണ്‌. സ്വന്തം വിശ്വാസസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഇങ്ങനെ വ്യാകുലരായ ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ ഇതരവിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ മഫ്‌ത ധരിക്കാനും അധ്യാപകര്‍ക്ക്‌ ഇതര ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും കഴിയാതെ വരിക എന്ന വൈരുദ്ധ്യം വിചിത്രമാണ്‌!
കേരളത്തില്‍ സ്വാശ്രയ കോളജുകളും കോഴ്‌സുകളും ആരംഭിക്കുന്നതോടനുബന്ധിച്ച്‌ ആരംഭിച്ച അരാഷ്‌ട്രീയവത്‌കരണ ശ്രമത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ സഭാ നിര്‍ദേശങ്ങളെയും കാണാനാവൂ. ക്യാമ്പസുകളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന്‌ വാദിച്ചതിന്റെ മുന്‍പന്തിയില്‍ സഭയായിരുന്നു. വിദ്യാര്‍ഥി സംഘടനകളെ നിരോധിക്കണമെന്ന്‌ വരെ അവര്‍ ആവശ്യപ്പെട്ടു. വിവിധ വ്യവഹാരങ്ങളില്‍ കോടതികള്‍ പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനം പലയിടങ്ങളിലും നിയന്ത്രിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌. രാഷ്‌ട്രീയമില്ലാതെ ഒരു വിദ്യാഭ്യാസവും പൂര്‍ത്തിയാവുന്നില്ലെന്ന്‌ ക്രൈസ്‌തവ സഭാ നേതൃത്വങ്ങള്‍ക്ക്‌ ഇനിയും മനസ്സിലായിട്ടില്ല. 


ഇതര മത വിഭാഗങ്ങള്‍ക്കൊന്നും രാഷ്‌ട്രീയത്തോട്‌ ഇത്രമാത്രം വിയോജിപ്പോ എതിര്‍പ്പോ ഇല്ലെന്നത്‌ കൂടി കണക്കിലെടുക്കണം. ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രൈസ്‌തവരേക്കാളധികം ചോദ്യം ചെയ്യപ്പെടുന്നവരാണ്‌ മുസ്‌ലിംകള്‍. ആരോപിക്കപ്പെടുന്ന വിഭജനോത്തരവാദിത്വത്തിന്റെ പേരില്‍ ഇപ്പോഴും ക്രൂശിതരാവുന്നവര്‍. പുതിയ ആഗോള സാഹചര്യത്തില്‍ സ്വന്തം വിശ്വാസവും വ്യക്തിത്വവും നിലനിര്‍ത്താന്‍ ഇത്രയധികം പാടുപെടേണ്ടിവരുന്ന ഒരു വിഭാഗം ലോകത്ത്‌ വേറെയില്ല. അവരും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സജീവമാണ്‌. പക്ഷേ, അവരൊന്നും ഇത്തരം നിബന്ധനകള്‍ക്കോ, അരാഷ്‌ട്രീയവത്‌കരണത്തിനോ തയ്യാറാവുന്നില്ല. ചുറ്റുവട്ടത്ത്‌ നടക്കുന്നതിനൊപ്പം ആഗോളതലത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നതിനാലാണത്‌. രാഷ്‌ട്രീയം നിഷേധിക്കുക എന്നത്‌, ചെറുത്തുനില്‍പ്പുകളെ ഇല്ലാതാക്കാനാണ്‌ എന്ന തിരിച്ചറിയല്‍ അവര്‍ക്കുണ്ട്‌. ചെറുത്തുനില്‍പ്പുകള്‍ ഇല്ലാതാവേണ്ടത്‌ ആരുടെ ആവശ്യമാണെന്നും അവര്‍ അറിയുന്നുണ്ട്‌.

ഇത്തരം അറിവുകള്‍ ഇല്ലാത്തവരല്ല, സഭാ നേതൃത്വം. അതുകൊണ്ടാണ്‌ ന്യൂനപക്ഷാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിതരാവുന്ന അധ്യാപകര്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്ന്‌ ഉദ്‌ഘോഷിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ മഫ്‌ത ധരിക്കുന്നത്‌ നിരോധിക്കുന്നത്‌. ഒട്ടും ഉദാസീനമല്ലാത്ത രാഷ്‌ട്രീയം ഇതിലുണ്ട്‌. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഭരണകൂടം പിന്തുണക്കുന്ന, അധിനിവേശത്തെ ന്യായീകരിക്കുകയും അതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയം. ലൗ ജിഹാദ്‌ എന്ന സംഘപരിവാര്‍ പ്രേരിതമായ പ്രചാരണത്തിന്‌ ജില്ല തിരിച്ചുള്ള ഇരകളുടെ കണക്ക്‌ പ്രസിദ്ധീകരിച്ച്‌ ആധികാരികതയുടെ പരിവേഷം ചാര്‍ത്താന്‍ ഇവര്‍ യത്‌നിച്ചിരുന്നുവെന്ന്‌ കൂടി ഓര്‍ക്കുക.
തൊട്ടതിനും പിടിച്ചതിനും ഇടയലേഖനങ്ങള്‍ പുറത്തിറക്കി, വിശ്വാസത്തിന്റെ പേരില്‍ നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോര്‍വിളികള്‍ മുഴക്കുന്നവര്‍, രാഷ്‌ട്രീയ വിരുദ്ധത സൃഷ്‌ടിച്ച്‌, സാമ്രാജ്യത്വത്തിനും കമ്പോളാധിപത്യത്തിനും കീഴ്‌പെടാന്‍ തയ്യാറുള്ള തലമുറയെ സൃഷ്‌ടിച്ചെടുക്കുക എന്ന ദൗത്യത്തിലാണോ എന്ന്‌ സംശയിച്ചുപോയാല്‍ തെറ്റ്‌ പറയാനാവില്ല. പണം, അധികാരം എന്നിവക്കുമേല്‍ സഭയും അതിന്റെ നേതാക്കളും സ്ഥാപിച്ചെടുത്ത മേല്‍ക്കോയ്‌മ തുടരാനും സമുഹം അരാഷ്‌ട്രീയമാവേണ്ടത്‌ അനിവാര്യമാണ്‌. 

2010-06-17

മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും



കഴിഞ്ഞ ദീപാവലിത്തലേന്ന്‌ ഗോവയിലെ മഡ്‌ഗാവില്‍ സ്‌ഫോടനമുണ്ടായി രണ്ട്‌ പേര്‍ മരിച്ചു. സ്‌ഫോടനാനന്തരം പോലീസ്‌ നടത്തിയ തിരച്ചിലില്‍ മറ്റ്‌ ചില സ്ഥലങ്ങളില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തു. പരമ്പര സ്‌ഫോടനങ്ങള്‍ നടത്തി വര്‍ഗീയ സ്‌പര്‍ധ സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്ന്‌ വിലയിരുത്തപ്പെട്ടു. സ്‌ഫോടകവസ്‌തു സ്‌കൂട്ടറില്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പൊട്ടിത്തെറിച്ചാണ്‌ മല്‍ഗോണ്ട പാട്ടീല്‍, യോഗേഷ്‌ നായിക്ക്‌ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന്‌ പോലീസ്‌ പറയുന്നു. 


സനാതന്‍ സംസ്ഥാന്‍ എന്ന തീവ്ര ഹൈന്ദവ സംഘടനയില്‍ അംഗങ്ങളാണ്‌ മരിച്ചവരെന്ന്‌ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗോവയിലെ പോണ്ടയിലെ രാംനാതിയിലുള്ള സനാതന്‍ ആശ്രമത്തിലാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷമായി മല്‍ഗോണ്ട പാട്ടീല്‍ താമസിച്ചിരുന്നത്‌. സംസ്ഥാനിന്റെ പ്രചാരണ വിഭാഗത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. സംസ്ഥാനിന്റെ സ്ഥാപകനും ആത്മീയ നേതാവുമായി അറിയപ്പെടുന്ന ജയന്ത്‌ ബാലാജി അത്‌വാലെ അടക്കമുള്ളവരുമായി മല്‍ഗോണ്ട പാട്ടീലിന്‌ ബന്ധമുണ്ടാവണം. പല തവണ, പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ടാവണം. സംസ്ഥാനിലെ മറ്റ്‌ സ്ഥിരം അന്തേവാസികളുമായും പാട്ടീല്‍ ബന്ധപ്പെടാതിരിക്കാന്‍ തരമില്ല. ഇതുവെച്ച്‌ അത്‌വാലെക്കോ സംസ്ഥാനിലെ മറ്റ്‌ അംഗങ്ങള്‍ക്കോ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ പറയാനാവുമോ? അല്ലെങ്കില്‍ ആ നിലക്കൊരു അന്വേഷണം ഗോവ പോലീസോ പിന്നീട്‌ കേസ്‌ ഏറ്റെടുത്ത നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോ നടത്തിയിട്ടുണ്ടോ? കേസില്‍ എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്‌ സനാതന്‍ സംസ്ഥാനിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്‌ എന്ന്‌ മാത്രമാണ്‌.

2002ല്‍ ഗുജറാത്തില്‍ നടന്ന ആസൂത്രിതമായ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്ന്‌ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ചിലര്‍, അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ട്‌. വംശഹത്യ നടക്കുമ്പോള്‍ ഇവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇത്‌ തെളിയിക്കുമെന്ന്‌ പറഞ്ഞത്‌ ഗുജറാത്തില്‍ എ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാറാണ്‌. ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സി ഡിയാക്കി സമര്‍പ്പിക്കുകയും ചെയ്‌തു. ഏതെങ്കിലും ഏജന്‍സി ഇതേക്കുറിച്ച്‌ അന്വേഷിച്ചോ? ഇക്കാലത്തിനിടെ എന്തെങ്കിലും നടപടിയുണ്ടായോ? ടെലിഫോണില്‍ സംസാരിച്ചതിന്റെയൊക്കെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോഡിക്കെതിരെ കേസെടുക്കാനാവില്ലല്ലോ! കനമുള്ള തെളിവുകളെന്തെങ്കിലും കൊണ്ടുവന്നാല്‍ എന്തെങ്കെലും ചെയ്യാമെന്നതാണ്‌ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ നിലപാട്‌. അവരായിട്ട്‌ അന്വേഷിച്ച്‌ തെളിവൊന്നും കണ്ടെത്താന്‍ ഉദ്ദേശിക്കുന്നുമില്ല.

ഇത്തരം അയഞ്ഞ നിലപാടുകള്‍ ചിലരുടെ കാര്യത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതാണ്‌ ഐ സി എസ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി എന്ന കേരളത്തിന്റെ സ്വന്തം `കൊടും ഭീകര'ന്റെയും ഭാര്യ സൂഫിയ മഅ്‌ദനിയുടെയും ചരിത്രം നല്‍കുന്ന പാഠം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായവരില്‍ പതിനാലാം സ്ഥാനത്തായിരുന്നു മഅ്‌ദനി. ഒമ്പത്‌ വര്‍ഷത്തോളം നീണ്ട, ഒരിക്കല്‍ പോലും ജാമ്യം ലഭിക്കാത്ത, വിചാരണത്തടവിനൊടുവില്‍ കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനി കുറ്റവിമുക്തനാക്കപ്പെട്ടു. വിധി ചോദ്യം ചെയ്‌ത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച മദ്രാസ്‌ ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുക മാത്രമല്ല, മഅ്‌ദനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സംശയലേശമില്ലാതെ വ്യക്തമാക്കുകയും ചെയ്‌തു. 


കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ്‌ തമിഴ്‌നാട്‌ പോലീസ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ കേസില്‍ ആരോപണവിധേയനായ അല്‍ ഉമ്മ നേതാവ്‌ എസ്‌ എ ബാഷയുടെ ഫോണില്‍ നിന്ന്‌ ഒരു വിളി മഅ്‌ദനിയുടെ ഫോണിലേക്ക്‌ വന്നുവെന്നത്‌ മാത്രമാണ്‌ കോടതിക്കു മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവ്‌. ഒന്നര മിനുട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ വിളി. ആ വിളിയിലാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ ഗൂഢാലോചനയില്‍ മഅ്‌ദനി പങ്കാളിയായത്‌ എന്ന്‌ വിശ്വസിക്കാന്‍ കോടതിക്ക്‌ സാധിച്ചില്ല.
തമിഴ്‌നാട്‌ സര്‍ക്കാറിന്റെ ബസ്സില്‍ നിന്ന്‌ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ട്‌ കൊച്ചി നഗരത്തിന്‌ സമീപത്തുള്ള കളമശ്ശേരിയിലേക്ക്‌ തട്ടിക്കൊണ്ടുപോയി കത്തിച്ച, രാജ്യ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ, ഭീകര പ്രവര്‍ത്തനത്തിന്റെ ഗൂഢാലോചനയിലും ഫോണ്‍ മുഖ്യ പങ്ക്‌ വഹിച്ചു. കത്തിക്കുന്നതിന്‌ മുമ്പും പിമ്പും അക്രമികള്‍ സുഫിയ മഅ്‌ദനിയെ ഫോണില്‍ വിളിച്ചുവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ബസ്സ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്‌ദനിയെ പ്രതി ചേര്‍ത്തു. 


2008 ജൂലൈയില്‍ ബംഗളുരൂവിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഇപ്പോള്‍ മഅ്‌ദനിയെ പ്രതിചേര്‍ത്തിരിക്കുന്നതും ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണെന്നാണ്‌ ലഭ്യമായ വിവരം. കര്‍ണാടക പോലീസും ദേശീയ അന്വേഷണ ഏജന്‍സിയും വേണ്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ ബദ്ധശ്രദ്ധരായതിനാല്‍, മറ്റ്‌ തെളിവുകളെന്തെങ്കിലുമുണ്ടായിരുന്നുവെങ്കില്‍, ഇതിനകം പുറത്തുവരുമായിരുന്നു. സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനെന്ന്‌ ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറുമായി മഅ്‌ദനി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണം സ്‌ഫോടനത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ്‌. ഇതിനകം സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ആരോപണവിധേയരുടെ പട്ടികയില്‍ 32 അംഗങ്ങളുണ്ട്‌. ഇതില്‍ 31-ാം സ്ഥാനത്താണ്‌ മഅ്‌ദനി. താന്‍ മഅ്‌ദനിയുമായി സംസാരിച്ചിരുന്നുവെന്ന്‌ തടിയന്റവിട നസീറാണ്‌ പോലീസിന്‌ മൊഴി നല്‍കിയത്‌. സൂഫിയ മഅ്‌ദനിയെയും ഫോണില്‍ വിളിച്ചിരുന്നുവെന്ന്‌ നസീര്‍ മൊഴി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഅ്‌ദനിയെ മാത്രം പട്ടികയില്‍ ചേര്‍ത്താല്‍ മതിയെന്ന്‌ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.

രാജ്യത്ത്‌ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്‌ പോലീസ്‌ ആരോപിക്കുന്ന കൊടും ഭീകരനാണ്‌ തടിയന്റവിട നസീര്‍. ആ നസീറിന്റെ മൊഴി വിശ്വാസത്തിലെടുത്ത്‌ മഅ്‌ദനിക്കു മേല്‍ കുറ്റം ചുമത്താന്‍ കര്‍ണാടക പോലീസ്‌ തീരുമാനിക്കുമ്പോള്‍ മറ്റ്‌ ചില കൗതുകങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടിവരും. സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഭീകരരെ സഹായിക്കുകയാണെന്ന്‌ ആരോപണം ഉന്നയിക്കുന്നത്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുതല്‍ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിവരെയുള്ളവരാണ്‌. ഭരണകൂടത്തിന്റെ ഭാഗമായി മുന്‍കാലത്ത്‌ പ്രവര്‍ത്തിക്കുകയും വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍. തടിയന്റവിട നസീര്‍ പറയുന്നതിനേക്കാള്‍ വില ഇവരുടെ വാക്കുകള്‍ക്കുണ്ടാവുമല്ലോ. എന്നിട്ടും ഭീകരരെ സഹായിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 


ആരോപണങ്ങള്‍ ആര്‍ക്കുമുന്നയിക്കാം, വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാനാവൂ എന്നാണ്‌ ഇതിന്‌ പറയുന്ന ന്യായം. ഈ ന്യായം തടിയന്റവിടെ നസീര്‍ നല്‍കിയ മൊഴി (യഥാര്‍ഥത്തില്‍ തടിയന്റവിട നസീറിന്റെത്‌ ആരോപണം മാത്രമാണ്‌, അത്‌ നേരോ നുണയോ എന്ന്‌ തെളിയിക്കേണ്ടത്‌ പോലീസാണ്‌) മാത്രം കണക്കിലെടുത്ത്‌ മഅ്‌ദനിയെ പ്രതി ചേര്‍ക്കുന്നത്‌ എങ്ങനെ? നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കാര്യമായ തെളിവുകളെന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ മഅ്‌ദനിക്ക്‌ കര്‍ണാടക പോലീസ്‌ നേരത്തെ തന്നെ വിലങ്ങ്‌ തീര്‍ക്കുമായിരുന്നു. ആരോപണവിധേയരുടെ പട്ടികയില്‍ 31-ാം സ്ഥാനത്തേക്ക്‌ താഴ്‌ത്തുകയുമില്ലായിരുന്നു.
`നീതിപൂര്‍വമായ അന്വേഷണ'ത്തിന്റെ ആനുകൂല്യം സനാതന്‍ സംസ്ഥാനിന്റെ ഭാരവാഹികള്‍ക്കും നരേന്ദ്ര മോഡിക്കും ലഭിക്കുന്നതു പോലെ മഅ്‌ദനിക്ക്‌ ലഭിക്കാതിരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. കര്‍ണാടക ഭരിക്കുന്നത്‌ ബി ജെ പി സര്‍ക്കാറാണ്‌. മുത്തലിക്കിനും കൂട്ടര്‍ക്കും `പരീക്ഷണ'ങ്ങള്‍ നടത്താന്‍ മൗനാനുവാദം നല്‍കുന്ന സര്‍ക്കാര്‍. കേരളത്തില്‍ പാര്‍ട്ടിക്ക്‌ വേരിറക്കാന്‍ സാധിക്കാത്തതിന്റെ മുഖ്യ കാരണം, വേണ്ടവിധത്തിലുള്ള വര്‍ഗീയ ധ്രുവീകരണം മലയാളി സമൂഹത്തില്‍ ഉണ്ടായിട്ടില്ല എന്നതാണെന്ന്‌ ബി ജെ പി വിലയിരുത്തുന്നുണ്ട്‌. ഭീകരവാദത്തിന്റെ വേരുകള്‍ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന്‌ സ്ഥാപിച്ചെടുത്താല്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാവും എന്നതാണ്‌ പ്രതീക്ഷ. അതിന്‌ പോലീസിനെ ഉപയോഗിക്കുന്നുവെന്ന്‌ മാത്രം. 


ഇന്ത്യയിലെ പോലീസ്‌ സേനയുടെ ചരിത്രം പരിശോധിച്ചാല്‍ വര്‍ഗീയവത്‌കരണം വ്യക്തമാണ്‌. തലശ്ശേരി കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ്‌ ജോസഫ്‌ വിതയത്തില്‍ കമ്മീഷന്റെത്‌ തുടങ്ങി ബോംബെ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ശ്രീകൃഷ്‌ണ കമ്മീഷന്റെ വരെ റിപ്പോര്‍ട്ടില്‍ പോലീസ്‌ സേനയിലെ ഹൈന്ദവ വര്‍ഗീയവത്‌കരണത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇത്‌ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ശിപാര്‍ശയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹൈന്ദവ വര്‍ഗീയതയെ അധികാരത്തിലേക്കുള്ള പാതയില്‍ ഉപയോഗപ്പെടുത്താന്‍ മടിക്കാതിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറുകളും ആസുരമായ വര്‍ഗീയതയെ അധികാരലബ്‌ധിക്കുള്ള മാര്‍ഗമാക്കിയ ബി ജെ പിയും റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്ന്‌ നടിച്ചു. ഇക്കാലത്തിനിടെ സാധുത ചോദ്യം ചെയ്യപ്പെട്ട ഏറ്റുമുട്ടല്‍ കൊലകള്‍ പരിശോധിച്ചാലും വര്‍ഗീയതയുടെ അംശങ്ങള്‍ കാണാനാവും. ഇത്തരമൊരു പോലീസ്‌ സംവിധാനം കൂടി നിലവിലുള്ളപ്പോള്‍ ബി ജെ പി സര്‍ക്കാറുകള്‍ക്ക്‌ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്‌.

കുറ്റപത്രം പരിഗണിച്ച കോടതി മഅ്‌ദനിക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചതും ശ്രദ്ധേയമാണ്‌. പി ഡി പി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവായ മഅ്‌ദനിയെ ഇതിനകം കര്‍ണാടക പോലീസ്‌ ചോദ്യം ചെയ്‌തതാണ്‌. ഇനി ചോദ്യം ചെയ്യാന്‍ എത്തിയാലും സഹകരിക്കുമെന്ന്‌ മഅ്‌ദനി വ്യക്തമാക്കിയിട്ടുണ്ട്‌. കോടതി നടപടികള്‍ക്ക്‌ വിധേയനാവാന്‍ തയ്യാറാണെന്ന്‌ പരസ്യമായി പലതവണ പറയുകയും ചെയ്‌തു. എന്നിട്ടും ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കേണ്ട ആവശ്യമെന്ത്‌? കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ്‌ അയച്ചിട്ട്‌ ഹാജരാവാതിരുന്നുവെങ്കില്‍ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുന്നതില്‍ സാംഗത്യമുണ്ട്‌. 


കോടതി നടപടികള്‍ക്ക്‌ വിധേയനാവാമെന്ന്‌ സ്വമേധയാ സമ്മതിക്കുന്ന ഒരാള്‍ക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയിലും സംശയമുണ്ടാവും. ജാമ്യം ലഭിക്കില്ല എന്ന പ്രതീതി ജനിച്ചാലേ കേരളത്തിലെ പി ഡി പിക്കാര്‍ പ്രകോപിതരാവൂ, അവര്‍ അറസ്റ്റ്‌ തടയാന്‍ ശ്രമിക്കൂ. അത്തരം സംഗതികളെന്തെങ്കിലുമുണ്ടായില്ലെങ്കില്‍ ഉദ്ദിഷ്‌ട ഫല സിദ്ധി സംഭവിച്ചില്ലെന്നു വരാം. അപ്പോള്‍ പിന്നെ ജാമ്യമില്ലാ വാറണ്ട്‌ തന്നെ വേണം. നരേന്ദ്ര മോഡിയോട്‌ കോടതികള്‍ വിധേയത്വം കാണിച്ചതിന്‌ തെളിവുകള്‍ പലതുണ്ട്‌. യെദിയൂരപ്പയോടും അതേ വിധേയത്വമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

2010-06-15

ചതി, ചതി മാത്രം



ഉറങ്ങിക്കിടന്ന ഒരു ജനതയുടെ ശ്വാസനാളത്തിലേക്ക്‌ വിഷവാതകം തുറന്നുവിട്ടിട്ട്‌ വര്‍ഷം 26 ആവുന്നു. കീടനാശിനി നിര്‍മിക്കാന്‍ വേണ്ടി യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനി ശേഖരിച്ച മാരകമായ വിഷരാസവസ്‌തുവും ഉത്‌പാദനത്തിന്‌ ശേഷം പുറന്തള്ളുന്ന വിഷമാലിന്യവും ഭൂഗര്‍ഭ ജലത്തെയും അന്തരീക്ഷത്തെയും വിഷമയമാക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം 40 ആയിട്ടുണ്ടാവും. ചോര്‍ച്ചക്ക്‌ ശേഷം പൂട്ടിയിട്ട പ്ലാന്റില്‍ ഇപ്പോഴും ടണ്‍ കണക്കിന്‌ വിഷവസ്‌തുക്കളുണ്ട്‌. വിഷവാതകം ശ്വസിച്ച്‌ ഉടന്‍ മരിച്ചവരും ജീവച്ഛവമായി തുടര്‍ന്ന്‌ പിന്നീട്‌ മരണത്തിലെത്തിയവരും കാല്‍ ലക്ഷത്തോളമാണ്‌. ശാരീരിക അസ്വസ്ഥതകളുമായി ജീവിതം തുടരുന്നവര്‍ ലക്ഷങ്ങളാണ്‌. വിഷത്തിന്റെ കാഠിന്യം മൂലം വൈകല്യങ്ങളോടെ ജനിച്ചു വീണവരും ആയിരക്കണക്കിനുണ്ട്‌. 


ഇത്രയും ഭീതിദമായ വസ്‌തുതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഒന്നും അറിഞ്ഞുകൂടെന്നാണ്‌ നമ്മുടെ ഭരണ നേതൃത്വത്തിലുള്ളവര്‍ പറയുന്നത്‌. എത്ര പേര്‍ മരിച്ചുവെന്നതിന്‌ കൃത്യമായ കണക്കില്ല, ദുരന്തത്തിന്‌ ഇരയായി തുടര്‍ ജീവിതം നയിക്കുന്നവര്‍ എത്രയുണ്ടെന്ന്‌ അറിയില്ല, വാതകചോര്‍ച്ചക്ക്‌ ഉത്തരവാദിയാരാണെന്ന്‌ അറിയില്ല, ഉത്തരവാദിയാണെന്ന്‌ ആരോപിക്കപ്പെടുന്നയാള്‍ ജാമ്യം നേടി അമേരിക്കയിലേക്ക്‌ കടന്നത്‌ എങ്ങനെയാണെന്നുമറിയില്ല. അറിയാതിരിക്കുകയല്ല, അറിയില്ലെന്ന്‌ നടിക്കുകയോ അറിയേണ്ടെന്ന്‌ കരുതുകയോ ആണെന്ന്‌ വേണം മനസ്സിലാക്കാന്‍. അറിഞ്ഞ കാര്യങ്ങളില്‍ തന്നെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന്‌ തോന്നിയതുമില്ല. അതുകൊണ്ടാണ്‌ ടണ്‍ കണക്കിന്‌ വിഷവസ്‌തുക്കള്‍ ഇപ്പോഴും ശേഷിക്കുന്ന ഭോപ്പാലിലെ പ്ലാന്റ്‌ മ്യൂസിയമാക്കി മാറ്റാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശും മധ്യപ്രദേശിലെ ഭോപ്പാല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള മന്ത്രി ബാബു ലാല്‍ ഗൗറും ചേര്‍ന്ന്‌ ആലോചിച്ചത്‌.

വിഷമാലിന്യം നീക്കി ഭൂഗര്‍ഭ ജലം വീണ്ടും വിഷലിപ്‌തമാവുന്നത്‌ തടയുന്നതിന്‌ നടപടി സ്വീകരിക്കാന്‍ ഇതുവരെ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറായില്ല. അടുത്തൊരു തലമുറക്കെങ്കിലും ശുദ്ധജലം കിട്ടാനുള്ള സാധ്യതയാണ്‌ ഇവര്‍ അടച്ചത്‌. യൂനിയന്‍ കാര്‍ബൈഡോ, പിന്നീട്‌ ആ കമ്പനി ഏറ്റെടുത്ത ഡൗ കെമിക്കല്‍സോ മാലിന്യം നീക്കുമെന്നോ അല്ലെങ്കില്‍ അതിനുള്ള ചെലവ്‌ വഹിക്കുമെന്നോ ഇവര്‍ കരുതിയിരുന്നോ? അങ്ങനെ കരുതിയിരുന്നുവെങ്കില്‍ അതിനുവേണ്ട നടപടികളെന്തെങ്കിലും സ്വീകരിച്ചിരുന്നോ? ഇല്ലെന്ന്‌ മാത്രമല്ല, യൂനിയന്‍ കാര്‍ബൈഡിനെയും ഡൗ കെമിക്കല്‍സിനെയും ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി നിര്‍ത്താന്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണ്‌ ചെയ്‌തത്‌. ആന്‍ഡേഴ്‌സണിനെ ജാമ്യം നല്‍കി അമേരിക്കയിലേക്ക്‌ പോകാന്‍ എല്ലാ സൗകര്യവും ഒരുക്കി നല്‍കിയതു മുതല്‍ യൂനിയന്‍ കാര്‍ബൈഡിനെ ഡൗ വാങ്ങിയതു വരെയുള്ള സംഭവങ്ങളിലെല്ലാം ഇത്‌ വ്യക്തവുമാണ്‌.

1984 ഡിസംബര്‍ രണ്ടിന്‌ രാത്രിയും മൂന്നിന്‌ പുലര്‍ച്ചെയുമായാണ്‌ വിഷവാതകം ചോര്‍ന്നത്‌. ഡിസംബര്‍ ഏഴിന്‌ ആന്‍ഡേഴ്‌സണ്‍ ഭോപ്പാല്‍ സന്ദര്‍ശിച്ചു. പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത ആന്‍ഡേഴ്‌സണിനെ മണിക്കൂറുകള്‍ക്കം ജാമ്യം നല്‍കി, മധ്യപ്രദേശ്‌ സര്‍ക്കാറിന്റെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്‌ ആചാരോപചാരങ്ങളോടെ മടക്കി അയക്കാന്‍ അര്‍ജുന്‍ സിംഗ്‌ (മധ്യപ്രദേശ്‌ മുഖ്യമന്ത്രി) മുതല്‍ രാജീവ്‌ ഗാന്ധി (പ്രധാനമന്ത്രി) വരെയുള്ളവര്‍ ജാഗരൂകരായി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ആന്‍ഡേഴ്‌സണിനെ വേഗം ഭോപ്പാലില്‍ നിന്ന്‌ മാറ്റുകയായിരുന്നുവെന്നാണ്‌ അര്‍ജുന്‍ സിംഗ്‌ അന്ന്‌ വിശദീകരിച്ചത്‌. ഇപ്പോള്‍ ഇതേ വാദം കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അമേരിക്കക്കും ഇന്ത്യന്‍ ഭരണകൂടത്തിനും കൊല്ലപ്പെട്ട ആയിരങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടതായിരുന്നു ആന്‍ഡേഴ്‌സണിന്റെ ജീവനെന്നും അതിനാല്‍ സുരക്ഷിതനാക്കുന്നതിന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റിയെന്നും ആശ്വസിക്കുക. ഡല്‍ഹിയിലും സുരക്ഷ പോരെന്ന്‌ തോന്നിയതിനാലാണോ അമേരിക്കയിലേക്ക്‌ മടങ്ങാന്‍ അനുവദിച്ചത്‌ എന്ന ചോദ്യത്തിന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഉത്തരമുണ്ടാവില്ല. 


ആന്‍ഡേഴ്‌സണിനെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യുന്നത്‌ ഒഴിവാക്കി സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കി, അമേരിക്കയിലെ സ്വന്തം എസ്റ്റേറ്റില്‍ സുഖജീവിതം ഒരുക്കിക്കൊടുത്തുവെങ്കില്‍ അതിന്റെ പിന്നില്‍ യു എസ്‌ സമ്മര്‍ദം അത്രമേലുണ്ടായിക്കാണണം. അത്‌ മാത്രമല്ല, ആന്‍ഡേഴ്‌സണ്‍ പുറത്തുപറയാന്‍ ഇടയുള്ള ചില കാര്യങ്ങളെങ്കിലും ഇന്ത്യന്‍ ഭരണാധികാരികളെ ബുദ്ധിമുട്ടിലാക്കുമെന്ന ഭീതിയും ഉണ്ടായിട്ടുണ്ടാവണം.
ആന്‍ഡേഴ്‌സണിന്‌ രക്ഷാപാതയൊരുക്കിയതോടെ അവസാനിക്കുന്നില്ല ചതിയുടെ ചരിത്രം. യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‌ രക്ഷപ്പെടാനും ഇന്ത്യന്‍ ഭരണകൂടം അവസരമൊരുക്കിക്കൊടുത്തു. ഭോപ്പാലിലെ പ്ലാന്റ്‌ നടത്തിയിരുന്നത്‌ യൂനിയന്‍ കാര്‍ബൈഡ്‌ ഇന്ത്യാ ലിമിറ്റഡ്‌ എന്ന കമ്പനിയായിരുന്നു. അമേരിക്കയിലെ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ സന്തതി. 


കാര്‍ബൈഡ്‌ ഇന്ത്യാ ലിമിറ്റഡിലുണ്ടായിരുന്ന ഓഹരികളൊക്കെ 1994ല്‍ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ വിറ്റൊഴിഞ്ഞു. ഇന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ധനമന്ത്രിയായിരിക്കെയാണ്‌ ഈ വില്‍പ്പന നടന്നത്‌. ഓഹരികള്‍ വിറ്റൊഴിയണമെങ്കില്‍ നിയമപ്രകാരം അതിന്‌ അനുമതികള്‍ വാങ്ങേണ്ടതുണ്ട്‌. ഭോപ്പാലിലെ ഇരകള്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം ലഭ്യമാവാതിരിക്കെ, അവിടുത്തെ വിഷവസ്‌തുക്കള്‍ നീക്കാന്‍ നടപടിയൊന്നും സ്വീകരിക്കാതിരിക്കെ, ഓഹരികള്‍ വിറ്റൊഴിഞ്ഞ്‌ പോകാന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‌ അനുമതി ലഭിച്ചത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കേണ്ട ബാധ്യത ഡോ. മന്‍മോഹന്‍ സിംഗിനുമുണ്ട്‌.

2001ല്‍ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷനെ ഡൗ കെമിക്കല്‍സ്‌ വാങ്ങിയപ്പോഴാണ്‌ ചതിയുടെ അടുത്ത അധ്യായം. കമ്പനികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്നത്‌ അപൂര്‍വമായ സംഗതിയല്ല. ഒരു കമ്പനി വാങ്ങുമ്പോള്‍ അതിന്റെ ആസ്‌തികള്‍ മാത്രമല്ല ബാധ്യതകള്‍ കൂടിയാണ്‌ വാങ്ങുന്നത്‌. പക്ഷേ, യൂനിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ്‌ വാങ്ങിയപ്പോള്‍ ഭോപ്പാലെന്ന ബാധ്യത ഏറ്റെടുത്തില്ല. ഈ ബാധ്യത ഏറ്റെടുക്കാതെ വില്‍പ്പന നടത്തുന്നതിനെ ഇന്ത്യന്‍ ഭരണകൂടം ചോദ്യം ചെയ്‌തതുമില്ല. 1994ല്‍ കാര്‍ബൈഡ്‌ ഇന്ത്യാ ലിമിറ്റഡിലെ ഓഹരികളെല്ലാം കോര്‍പ്പറേഷന്‍ വിറ്റിരുന്നതിനാല്‍ ഭോപ്പാലെന്ന ബാധ്യത ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നാണ്‌ ഡൗ വാദിക്കുന്നത്‌. ഈ വാദത്തിന്‌ പിന്തുണയേകാന്‍ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിംഗ്‌വിയെപ്പോലുള്ള അഭിഭാഷകര്‍ പിന്നീടുണ്ടാവുകയും ചെയ്‌തു. കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ വില്‍പ്പനക്കാലത്ത്‌ ഭോപ്പാലിന്റെ ഉത്തരവാദിത്വ പ്രശ്‌നം ഇന്ത്യ ഉന്നയിച്ചിരുന്നോ എന്നതും അറിയില്ലെന്നാണ്‌ ഇപ്പോഴത്തെ കമ്പനി കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറയുന്നത്‌. ഇക്കാര്യം കൈകാര്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ ആരാണെന്നതും അറിയില്ല.

ഭോപ്പാലിലെ മാലിന്യങ്ങള്‍ നീക്കുന്നതിനായി 100 കോടി രൂപ ഡൗ കെമിക്കല്‍സ്‌ കെട്ടിവെക്കണമെന്ന്‌ മധ്യപ്രദേശ്‌ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്‌ 100 കോടി രൂപ കെട്ടിവെക്കാന്‍ രാസവസ്‌തു, വളം വകുപ്പ്‌ നിര്‍ദേശം നല്‍കി. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ രാം വിലാസ്‌ പാസ്വാന്‍ രാസവസ്‌തു, വളം വകുപ്പ്‌ കൈകാര്യം ചെയ്യുമ്പോഴായിരുന്നു ഇത്‌. എന്നാല്‍ അന്ന്‌ ധനമന്ത്രിയായിരുന്ന പി ചിദംബരം, വാണിജ്യ മന്ത്രിയായിരുന്ന കമല്‍നാഥ്‌ തുടങ്ങിയവരെല്ലാം ഡൗ കെമിക്കല്‍സിനൊപ്പം നിന്നു. 100 കോടി കെട്ടിവെക്കാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. പിന്നെ അതേക്കുറിച്ചും ആര്‍ക്കും അറിവില്ലാതായി. ഇപ്പോഴും അറിവുണ്ടാവാന്‍ തരമില്ല.

ഇപ്പോള്‍ കാല്‍നൂറ്റാണ്ടിനു ശേഷം വിചാരണക്കോടതി ലഘുവായ ഒരു ശിക്ഷ വിധിക്കുകയും പ്രതികള്‍ക്ക്‌ കൈയോടെ ജാമ്യം അനുവദിക്കുകയും ചെയ്‌തപ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ മെല്ലെപ്പോക്കിനെ പഴിക്കുകയാണ്‌ നിയമമന്ത്രി വീരപ്പ മൊയ്‌ലി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ആന്‍ഡേഴ്‌സണിനെ രാജ്യം വിടാന്‍ സഹായിച്ചതിലും യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‌ (പിന്നീട്‌ ഡൗവിനും) ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിയാന്‍ അവസരമുണ്ടാക്കിയതിലും ഒരു ഖേദവും ഇവര്‍ക്കാര്‍ക്കുമില്ല. ഇക്കാലത്തിനിടെ ഭോപ്പാലിലെ വിഷബാധയേറ്റ അഞ്ച്‌ ലക്ഷത്തിലധികം വരുന്നയാളുകള്‍ക്കായി അപകട ഇന്‍ഷ്വറന്‍സുള്‍പ്പെടെ നഷ്‌ടപരിഹാരമായി ലഭിച്ചത്‌ 47 കോടി ഡോളറാണ്‌. ഇത്‌ രൂപയിലാക്കി അഞ്ച്‌ ലക്ഷം പേര്‍ക്ക്‌ പങ്കുവെച്ചാല്‍ ആളോഹരി പന്ത്രണ്ടായിരത്തോളം രൂപയേ വരൂ. ഇന്നത്തെ നിലക്ക്‌ ഒരു മാസത്തെ മരുന്നിന്‌ പോലും ഇത്‌ മതിയാകാതെ വന്നേക്കും. ഈ പണം തന്നെ കിട്ടാത്തവരും ധാരാളം.

ഇത്‌ നീതിനിഷേധമായിട്ടോ അവഗണനയായിട്ടുപോലുമോ നമ്മുടെ ഭരണകൂടം കണക്കാക്കുന്നുണ്ടെന്ന്‌ കരുതാനാവില്ല. ഭോപ്പാലിലെ പ്ലാന്റില്‍ വിഷമാലിന്യങ്ങളൊന്നും ശേഷിക്കുന്നില്ലെന്ന്‌ സ്ഥാപിച്ച്‌ അതൊരു മ്യൂസിയമാക്കി മനോഹരമാക്കുന്നതിലാണ്‌ അവര്‍ക്ക്‌ കൗതുകം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയൊരു മന്ത്രിസഭാ സമിതി നിയോഗിക്കപ്പെട്ടിട്ടുണ്ട്‌. ഡൗ കെമിക്കല്‍സില്‍ നിന്ന്‌ 100 കോടി ഈടാക്കുന്നതിനെ എതിര്‍ത്ത പി ചിദംബരമാണ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍. അംഗങ്ങളില്‍ ഭൂരിഭാഗവും മുമ്പ്‌ ഡൗ കെമിക്കല്‍സിനെ തുണച്ചവരും. അവരില്‍ നിന്ന്‌ എന്ത്‌ മറിമായമാണ്‌, പ്രായം ആഴത്തില്‍ വരകള്‍ വീഴ്‌ത്തിയിട്ടും പ്രക്ഷോഭം തുടരുന്ന ഭോപ്പാലിലെ നിസ്സഹായര്‍ പ്രതീക്ഷിക്കുക? ഏതാനും ലക്ഷങ്ങളോ? വിഷം കൊടുത്തതിനും ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നതിനും മാത്രമല്ല, 26 കൊല്ലം ദുരിതത്തില്‍ ജിവിക്കാന്‍ വിധിച്ചതിനും മന്‍മോഹന്‍ സിംഗും കൂട്ടരും നഷ്‌ടപരിഹാരം നല്‍കുമോ? 

ഇക്കാലത്തിനിടെ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷനെയും ആന്‍ഡേഴ്‌സണിനെയും സഹായിച്ചതിന്‌ മാപ്പ്‌ ചോദിക്കുമോ? ഒന്നും ഉണ്ടാവാന്‍ ഇടയില്ല. 


തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട ഭോപ്പാലിലെ ഏതാനും ലക്ഷം പേരിലല്ല ഇന്ത്യയുടെ പുരോഗതി എന്ന്‌ മന്‍മോഹന്‍ സിംഗിന്‌ നന്നായി അറിയാം. അത്‌ ഡൗവിനെപ്പോലെയും ജനറല്‍ ഇല്‌ക്‌ട്രിക്കല്‍സിനെപ്പോലെയുമുള്ള വന്‍കിട ബഹുരാഷ്‌ട്ര ഭീമമന്‍മാരുടെ കൈയിലാണ്‌. അതുകൊണ്ടാണ്‌ ഒരു കൂട്ടക്കുരുതിക്ക്‌ ശേഷം കാര്‍ബൈഡിനും ഡൗവിനും ചെയ്‌തു കൊടുത്ത സഹായങ്ങള്‍ ജനറല്‍ ഇലക്‌ട്രിക്കല്‍സ്‌ പോലുള്ളവക്ക്‌ മുന്‍കൂട്ടി ചെയ്‌തുകൊടുക്കാന്‍ മന്‍മോഹന്‍ സിംഗ്‌ തിടുക്കം കൂട്ടുന്നത്‌. ആണവ അപകടമുണ്ടായാല്‍ റിയാക്‌ടറും മറ്റ്‌ സാമഗ്രികളും വിതരണം ചെയ്യുന്ന വിദേശ കമ്പനികള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന്‌ നിയമം മൂലം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്‌. ഭോപ്പാലിലോ മറ്റേതെങ്കിലും പ്രദേശത്തോ ചെറുത്തുനില്‍പ്പുകള്‍ പ്രതീക്ഷിക്കുന്നില്ല. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചാല്‍ കുത്താന്‍ മുദ്രകളുണ്ട്‌, മാവോയിസ്റ്റ്‌, തീവ്രവാദി... ഇല്ലാതാക്കാന്‍ ഏറ്റുമുട്ടല്‍ രീതികളുമുണ്ട്‌. 

2010-06-12

ഫല്‍ഗുനേട്ടന്‌...





ഇരുപത്‌ വര്‍ഷം മുമ്പത്തെ എറണാകുളം നഗരം. കാനന്‍ ഷെഡ്‌ റോഡിലെ സി പി എം ഓഫീസിലേക്ക്‌ എസ്‌ എഫ്‌ ഐ നേതാവായിരുന്ന പ്രവീണിനെയും (ഇന്ന്‌ അഡ്വ. പ്രവീണ്‍) കൂട്ടരെയും കാണാന്‍ കൂട്ടിക്കൊണ്ടുപോയത്‌ അനില്‍ കുമാറായിരുന്നു (കൊച്ചിന്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായ അഡ്വ. അനില്‍ കുമാര്‍). എല്ലാവരും നല്ല സഖാക്കളാണല്ലോ എന്ന്‌ കുശലം പറഞ്ഞപ്പോള്‍ അനിലിന്റെ മറുപടി ഇതായിരുന്നു - `യഥാര്‍ഥ സഖാക്കളെ കാണണമെങ്കില്‍ കണ്ണൂരുകാരെയും വടകരക്കാരെയും കാണണം. നല്ല സഖാക്കളാണവര്‍, വലിയ സ്‌നേഹമുള്ളവരും.'


കണ്ണൂര്‍, വടക സഖാക്കളുടെ സാമ്പിള്‍ കണ്ടത്‌ രാജീവന്‍ കാവുമ്പായിയിലും പി കെ ഫല്‍ഗുനനിലുമായിരുന്നു. പ്രസ്‌ അക്കാദമിയില്‍ പഠിക്കുമ്പോള്‍ രാജീവന്‍. എതിര്‍ക്കാം, തല്ലുകൂടാം, വേണമെങ്കില്‍ തല്ലുകയുമാവാം പക്ഷേ, ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്തയാള്‍. വടകരക്കാരന്‍ സഖാവിനെ കാണാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. 




ദേശാഭിമാനിയില്‍ നിന്ന്‌ കൈരളിയിലേക്ക്‌ ചേക്കേറി പാലക്കാട്‌ റിപ്പോര്‍ട്ടറായി നിയമിതനായ കാലം. ഒറ്റക്കൊരു ബ്യൂറോ കൊണ്ടുനടക്കുന്നതിലെ ആവേശവും പരിഭ്രമവുമായി പാലക്കാട്ടെത്തി. മുമ്പ്‌ ജോലി ചെയ്‌തിരുന്ന സ്ഥാപനമായതിനാല്‍ നേരെ പോയത്‌ ദേശാഭിമാനി ബ്യൂറോയിലേക്ക്‌. വിക്‌ടോറിയ കോളെജിന്‌ സമീപത്തെ പഴയ വീട്‌. രണ്ടര വര്‍ഷത്തോളം നീണ്ട ദേശാഭിമാനി ജീവിതത്തിനിടെ കേട്ട്‌ മാത്രം പരിചയമുള്ള പേരായിരുന്നു ഫല്‍ഗുനന്‍, ആളെ കണ്ടിട്ടില്ല.


പഴയ വീടിന്റെ വരാന്തയിലേക്ക്‌ ചായ്‌ച്ച്‌ മേഞ്ഞ ഓടില്‍ തലമുട്ടാതെ തടിച്ചുകൂറ്റനായ ഒരാള്‍ ഇറങ്ങിവന്നു. മുഖം നിറയുന്ന രോമക്കൂട്ടം. പുറത്തേക്ക്‌ തള്ളി ചോര തുളുമ്പി നില്‍ക്കുന്ന കണ്ണുകള്‍. ഒറ്റനോട്ടത്തില്‍ ആരും അടുക്കാന്‍ മടിക്കുന്ന ശരീര പ്രകൃതം. ശരീരത്തിന്‌ യോജിക്കുന്നതായിരുന്നില്ല ശബ്‌ദം. പെരുമാറ്റവും.


`നീ എന്നു മുതലാ തുടങ്ങുന്നേ' അപരിചിതമായ വടകര സ്ലാങ്ങില്‍ തുടക്കം. അന്നോളം കണ്ടിട്ടില്ലെങ്കിലും നീ എന്ന ഒരൊറ്റ സംബോധന കൊണ്ട്‌ ചങ്ങാത്തം സ്ഥാപിക്കപ്പെട്ടിരുന്നു. ഏറെ ജൂനിയറാണെന്ന തോന്നല്‍ എനിക്കുണ്ടായതേയില്ല. തനിക്കൊപ്പമുള്ളയാള്‍ എന്ന നിലയില്‍ സംസാരിച്ചു. തനിക്കൊപ്പമുള്ളയാള്‍ എന്ന നിലയില്‍ കൊണ്ടുനടന്നു പിന്നെയങ്ങോട്ട്‌ ഒന്നര വര്‍ഷം, അവിടെ നിന്ന്‌ മടങ്ങുമ്പോഴേക്കും ജീവിതത്തില്‍ സംഭവിച്ച എല്ലാറ്റിലും പി കെ ഫല്‍ഗുനന്റെ നനുത്ത ശബ്‌ദത്തിന്റെ ഇടപെടലുണ്ടായിരുന്നു. എനിക്ക്‌ മാത്രമല്ല, പാലക്കാട്ടെ പത്രപ്രവര്‍ത്തകര്‍ക്കാകെ സ്വീകാര്യമായിരുന്നു ഈ ശബ്‌ദം. എതിര്‍ക്കാം, കലഹിക്കാം, രോഷത്തോടെ പ്രതികരിക്കാം, പക്ഷേ, ഒരിക്കലും നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല ആര്‍ക്കും.


വാര്‍ത്താ ശേഖരണത്തിനുള്ള യാത്രകള്‍ മിക്കവാറും ഒന്നിച്ചായി. മടിയുണ്ടായിരുന്നതേയില്ല ആര്‍ക്കും. ഏത്‌ സാഹസികതക്കും കൂടെ നില്‍ക്കും. ആളിയാറിലെ അണക്കെട്ടില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ വിഷ്വലെടുത്തത്‌...തമിഴ്‌നാട്ടിലെ സുരക്ഷാ ജീവനക്കാര്‍ അനുവദിക്കില്ലെന്ന്‌ അറിയാമായിരുന്നു. വിഷ്വലെടുക്കാന്‍ പോവുകയാണെന്ന്‌ ഫല്‍ഗുനേട്ടനോട്‌ പറഞ്ഞു. നീ വേഗം എടുത്തിട്ട്‌ പോര്‌, എന്ത്‌ സംഭവിച്ചാലും നോക്കാമെന്ന്‌ മറുപടി. വിഷ്വലെടുക്കാന്‍ തുടങ്ങിയപ്പോള്‍ പലഭാഗത്തു നിന്ന്‌ ഒച്ചയും വിളിയും ഓടിക്കൂടലും. വണ്ടിയുടെ മുന്‍ സീറ്റില്‍ നിന്ന്‌ ഫല്‍ഗുനന്‍ എന്ന വലിയ മനുഷ്യന്‍ ഇറങ്ങി നിന്നപ്പോള്‍ എതിര്‍ക്കാന്‍ എത്തിയവര്‍ ഒന്നറച്ചു. വണ്ടിയില്‍ നിന്നിറങ്ങി സിഗരറ്റ്‌ കത്തിച്ച്‌ വലിക്കുന്ന ഈ മനുഷ്യന്‍ വെറും പാവമാണെന്ന്‌ അവര്‍ക്ക്‌ അറിയില്ലല്ലോ!


വിഷ്വലെടുത്ത്‌ മടങ്ങുമ്പോള്‍ നേര്‍ത്ത ചിരിയോടെ ഫല്‍ഗുനേട്ടന്‍ - `അവരെങ്ങാനും നിങ്ങളെ തല്ലിയിരുന്നുവെങ്കില്‍ ഞാന്‍ എന്ത്‌ ചെയ്‌തേനേ?'


പത്രപ്രവര്‍ത്തകന്റെ ജീവിതത്തില്‍ സാധാരണമായ മറ്റ്‌ നിരവധി സംഘര്‍ഷങ്ങളിലും ഈ ചിരിയും നനുത്ത ശബ്‌ദവും സഹായമായി ഉണ്ടായിരുന്നു. പലഘട്ടങ്ങളെയും നേരിടാനുള്ള വലിയ ആയുധം നിസ്സംഗതയാണെന്ന്‌ പഠിപ്പിക്കുകയായിരുന്നു. പാലക്കാടു നിന്ന്‌ പിരിഞ്ഞതിന്‌ ശേഷം കാണലും വിളിക്കലും വല്ലപ്പോഴുമായി. വല്ലപ്പോഴുമുള്ള കാഴ്‌ചയും വിളിയും പരിഭവത്തില്‍ മുങ്ങിയിരുന്നില്ല. ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ സംസാരിച്ചു, തീര്‍ത്തും അത്മാര്‍ഥമായി. 




ഞാന്‍ കൊച്ചിയില്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോള്‍ പി കെ ഫല്‍ഗുനന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. ഇടക്ക്‌ രണ്ട്‌ വട്ടം വീട്ടില്‍ വന്നു. `ഞാന്‍ രണ്ട്‌ ദിവസം ഒളിച്ചു താമസിക്കാന്‍ വന്നതാണ്‌. തിരക്കും ഫോണുമില്ലാതെ. വടകരയിലെ വീട്ടില്‍പ്പോയാലും തിരക്കുണ്ടാവും. ഇവിടെയാവുമ്പോള്‍ ആരുമറിയില്ല'. പായ വിരിച്ച്‌ നീണ്ട്‌ നിവര്‍ന്ന്‌ കിടന്നു, സ്വസ്ഥമായി ഉറങ്ങി. ഔപചാരികതകള്‍ക്കൊന്നും ഇടയില്ലാതെ താമസിച്ചു, മടങ്ങി. വടകരക്കാരനായ സഖാവിന്റെ എല്ലാ നന്മകളുമായി.


ഇപ്പോള്‍ വീണ്ടും ഔപചാരികതള്‍ക്കൊന്നും ഇട ബാക്കിവെക്കാതെ മടങ്ങിയിരിക്കുന്നു. നനുത്ത ശബ്‌ദവും ചിരിയും ഇനി കാണാനാവില്ല. കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലെ എട്ടാം വാര്‍ഡില്‍ കാണുമ്പോള്‍ മുഖത്ത്‌ ശാന്തത മാത്രം. ശ്വസിക്കുന്നുണ്ടെന്ന്‌ തോന്നുന്നുവെന്ന്‌ ഗായത്രി രണ്ടോ മൂന്നോ വട്ടം പറഞ്ഞു. മരണം വിശ്വസിക്കാന്‍ പ്രയാസം. ആദ്യം കണ്ടപ്പോള്‍ നീയെന്ന്‌ അഭിസംബോധന ചെയ്‌ത ഓര്‍മ ഗായത്രിക്കുമുണ്ട്‌. ആ വിളി ഒട്ടും അലോസരപ്പെടുത്തിയില്ലെന്നതും.


പത്രപ്രവര്‍ത്തകര്‍ എല്ലാവരെക്കുറിച്ചും എഴുതും. അവരെക്കുറിച്ച്‌ എഴുതാന്‍ ആരുമുണ്ടാവാറില്ല. ഇതൊരു സ്വന്തം ഇടമാണ്‌, ഫല്‍ഗുനേട്ടനെ സ്‌നേഹത്തോടെ ഓര്‍ക്കാന്‍...

2010-06-07

ത്‌ഫൂൂൂൂ...

വാറന്‍ ആന്‍ഡേഴ്‌സന്റേതാണ്‌ സര്‍ക്കാറുകള്‍

വാറന്‍ ആന്‍ഡേഴ്‌സന്റേതാണ്‌ കോടതികള്‍

എന്നിട്ടും ഇവര്‍ പ്രതീക്ഷിക്കുന്നു, ആവശ്യപ്പെടുന്നു

മരിക്കുന്നതായിരുന്നു ഭേദം