2010-07-26

വി എസ്‌ പറയുമ്പോള്‍കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌.

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും.

സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌.

ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല.

ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും.

2010-07-22

തമസ്‌കരണത്തിലും രാഷ്‌ട്രീയമുണ്ട്‌നിഷ്‌പക്ഷം, സത്യസന്ധം, സമഗ്രം - ലോകത്തെ ഏത്‌ മാധ്യമ സ്ഥാപനവും സ്വയം അവകാശപ്പെടുന്ന ഗുണങ്ങളാണിവ. ക്യൂബന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രാന്‍മ മുതല്‍ അധിനിവേശാനുഗുണമായും കുത്തകക്കമ്പനികളുടെ പ്രചാരണാര്‍ഥവും പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വരെ ഇത്‌ അവകാശപ്പെടും. ഇന്ത്യയിലെ മാധ്യമങ്ങളും ഈ ഗുണങ്ങള്‍ അവകാശപ്പെടുന്നവരാണ്‌. കേരളത്തിലേക്ക്‌ വരുമ്പോള്‍ ഇവക്കൊപ്പം മതേതര, ജനാധിപത്യ സ്വഭാവം കൂടി അവകാശപ്പെട്ടേക്കാം. മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താല്‍ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണുതാനും. ഇവ നിലനിര്‍ത്തുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടിവരുമെന്നത്‌ വസ്‌തുത മാത്രം. നിലനിര്‍ത്തേണ്ടവ നിലനിര്‍ത്താതിരിക്കുക മാത്രമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മറിച്ച്‌ ജനങ്ങളിലെത്തേണ്ട ചില വിവരങ്ങളെങ്കിലും സമര്‍ഥമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്‌. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട്‌ അടുത്തിടെ പുറത്തുവന്ന കാര്യങ്ങളെ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ ഏത്‌ വിധത്തില്‍ കൈകാര്യം ചെയ്‌തുവെന്ന്‌ പരിശോധിച്ചാല്‍ ഇത്‌ വ്യക്തവുമാണ്‌.

അബ്‌ദുന്നാസര്‍ മഅ്‌ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ ചേര്‍ത്തത്‌, കോളജ്‌ അധ്യാപകന്റെ കൈവെട്ടിയത്‌, തുടര്‍ന്ന്‌ വ്യാപകമായി നടന്ന പരിശോധനകളില്‍ ബോംബും മറ്റ്‌ മാരകായുധങ്ങളും പിടിച്ചത്‌ തുടങ്ങി സംഭവ ബഹുലമായ ദിനങ്ങളാണ്‌ മുന്നിലൂടെ കടന്നുപോയത്‌. ഇതിനെല്ലാം വലിയ പ്രാമുഖ്യം നമ്മുടെ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. വാര്‍ത്തയുടെ പ്രാധാന്യം പത്രങ്ങളോ ചാനലുകളോ നിശ്ചയിക്കുമ്പോള്‍ നമ്മുടെ തൊട്ടടുത്ത്‌ നടന്ന സംഭവങ്ങള്‍ക്ക്‌ പ്രാമുഖ്യം ലഭിക്കുക സ്വാഭാവികമാണ്‌. സാങ്കേതികമായി പത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ പ്രോക്‌സിമിറ്റിക്ക്‌ നല്‍കേണ്ട പ്രാമുഖ്യം പഠിക്കുന്നുണ്ട്‌. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല, ആധികാരികമായ വിവരങ്ങളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും പഠിക്കും. പ്രോക്‌സിമിറ്റിക്ക്‌ പ്രാമുഖ്യം നല്‍കണമെന്ന പാഠം പ്രാവര്‍ത്തികമാക്കുന്നവര്‍ രണ്ടാമത്തെ പാഠം മറന്നുപോവാറുമുണ്ട്‌. 


പ്രോക്‌സിമിറ്റിയുടെ മാനദണ്ഡം പ്രയോഗിച്ചാല്‍ ഒഴിവാക്കാവുന്ന അകലം രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗക്കും ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിലെ മക്ക മസ്‌ജിദിനും മഹാരാഷ്‌ട്രയിലെ മലേഗാവിനുമുണ്ടെന്ന്‌ തോന്നുന്നില്ല. ഇവിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ അതിന്‌ വലിയ പ്രാധാന്യം നല്‍കുകയും ചെയ്‌തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്‌സ്‌പ്രസില്‍ സ്‌ഫോടനമുണ്ടായി 67 പേര്‍ മരിച്ചപ്പോഴും നമുക്ക്‌ വലിയ വാര്‍ത്തയായിരുന്നു. 2006ലും 2007ലുമായി നടന്ന ഈ സംഭവങ്ങളെക്കുറിച്ച്‌ വിവിധ ഏജന്‍സികള്‍ ഇക്കാലത്തിനിടെ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന്‌ ഇതുവരെ മനസ്സിലാക്കാനായത്‌ സ്‌ഫോടനത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചത്‌ ഹിന്ദുത്വ തീവ്രവാദ സംഘടനകളോ അത്തരം സംഘടനകളില്‍ അംഗങ്ങളായവരോ ആണെന്നാണ്‌. ഹിന്ദുത്വ ഭീകരത എന്നത്‌ പ്രചാരണമല്ല, നിലനില്‍ക്കുന്നതാണെന്ന്‌ ഭരണാധികാരികള്‍ പോലും സമ്മതിക്കുകയും ചെയ്‌തിരിക്കുന്നു. 


ഈ കേസുകളില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്‌ അടുത്ത ദിവസങ്ങളിലാണ്‌. രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ (ആര്‍ എസ്‌ എസ്‌) തന്ത്രങ്ങളാവിഷ്‌കരിക്കുന്ന സുപ്രധാന സമിതികളില്‍ അംഗങ്ങളായിരിക്കുന്ന ചിലരെ സ്‌ഫോടനക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ചോദ്യം ചെയ്‌തു. ആര്‍ എസ്‌ എസ്സിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അംഗമായ ഇന്ദ്രേഷ്‌ കുമാറിലേക്ക്‌ അന്വേഷണം കേന്ദ്രീകരിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഏറ്റവുമൊടുവില്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന്‌ വരെ.

ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ എന്ന ചാനലാണ്‌. മേല്‍പറഞ്ഞ സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന സംഘം പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന്‌ ലഭിച്ച സംഭാഷണങ്ങളാണ്‌ തങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ അവകാശപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത, അതിന്റെ ആധികാരിതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടുതന്നെ, മലയാളത്തിലെ മുഖ്യധാര എന്ന്‌ അവകാശപ്പെടുന്ന പത്രങ്ങളും ചാനലുകളും എന്തുകൊണ്ട്‌ തമസ്‌കരിച്ചുവെന്ന്‌ ആലോചിക്കേണ്ടതുണ്ട്‌. ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലെ ഹെഡ്‌ലൈന്‍സ്‌ ടുഡേയുടെ ഓഫീസ്‌ ആര്‍ എസ്‌ എസ്‌, ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയാണ്‌ മലയാള മനോരമ പത്രം നല്‍കിയത്‌. ആക്രമണത്തിനുള്ള കാരണം അവസാന വരികളില്‍ പറഞ്ഞപ്പോള്‍ ഉപരാഷ്‌ട്രപതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത നല്‍കിയതാണ്‌ പ്രകോപനമുണ്ടാക്കിയതെന്ന്‌ പറഞ്ഞുപോയെന്ന്‌ മാത്രം. അശോക്‌ വര്‍ഷ്‌നെയ്‌, അശോക്‌ ബെരി എന്നീ ആര്‍ എസ്‌ എസ്‌ നേതാക്കളെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത അവര്‍ നല്‍കിയതേയില്ല. മാതൃഭൂമിയാകട്ടെ ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതേയില്ല. ഏത്‌ വാര്‍ത്ത കൊടുക്കണം, ഏത്‌ കൊടുക്കരുത്‌ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം ആ പത്രങ്ങളുടേത്‌ മാത്രമാണ്‌. ആധികാരികമല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ കൊടുക്കാതിരുന്നതുമാവാം. പക്ഷേ, ഇത്തരം തിരിച്ചറിവുകള്‍ എല്ലാ കാര്യത്തിലുമുണ്ടാവാറില്ല എന്നത്‌ മറക്കാന്‍ സാധിക്കില്ല. 


`ലൗ ജിഹാദ്‌' എന്ന പ്രചാരണമുണ്ടായപ്പോള്‍ ഈ പക്വതയും വിവേചനബുദ്ധിയും ഈ പത്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. മനോരമയിലും മാതൃഭൂമിയിലും തന്നെയാണ്‌ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പത്രപ്രവര്‍ത്തകരുള്ളത്‌. അവരൊക്കെ ആലോചിച്ചാണ്‌ ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാര്‍ത്ത കൊടുക്കേണ്ട എന്ന്‌ തീരുമാനിക്കുന്നത്‌. ഇതേയാളുകള്‍ തന്നെയാണ്‌ ലൗ ജിഹാദിന്റെ വാര്‍ത്തക്ക്‌ വലിയ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചതും. മഅ്‌ദനിയുമായി തടിയന്റവിട നസീര്‍ ഫോണില്‍ സംസാരിച്ചുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന്‌ ലഭിച്ചപ്പോള്‍ ആധികാരികതയില്‍ സംശയം തോന്നാതിരുന്നവരാണ്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരിതയെ സംശയിച്ചത്‌. ബാംഗ്ലൂര്‍ പോലീസ്‌ രഹസ്യമായി ബംഗ്ലാദേശില്‍ പോയി തടിയന്റവിട നസീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ കേന്ദ്ര ഇന്റലിജന്‍സിന്‌ വിവരം നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌ ഉണ്ടായതെന്നും ഒന്നാം പേജില്‍ ബഹുവര്‍ണ തലക്കെട്ട്‌ നിരത്തിയവര്‍ക്കും ഹെഡ്‌ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം തോന്നി. 


ഹെഡ്‌ലൈന്‍സ്‌ ടുഡേ ചാനലിനെയാണോ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്‌തുതയെയാണോ ഇവര്‍ സംശയിച്ചത്‌? നേതാക്കളില്‍ ആരെയെങ്കിലും വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌ മുസ്‌ലിം ബന്ധങ്ങളുള്ള ഏതെങ്കിലും സംഘടനയായിരുന്നുവെങ്കില്‍ ഇവര്‍ക്ക്‌ സംശയമുണ്ടാവുമായിരുന്നോ? ഇല്ലെന്ന്‌ വേണം മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍.

ഇതിലും മനോഹരമാണ്‌ ആധികാരികത വിട്ടു കളിക്കില്ലെന്ന ശപഥം നിലനിര്‍ത്താന്‍ യത്‌നിക്കുന്ന ദി ഹിന്ദു ദിനപ്രത്രത്തിന്റെ കഥ. ഇന്ത്യയില്‍ എവിടെ നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ചും അന്വേഷണ ഏജന്‍സികള്‍ക്കുപോലുമില്ലാത്ത കൃത്യതയോടെ എഴുതുന്നയാളാണ്‌ ആ പത്രത്തിലെ പ്രവീണ്‍ സ്വാമി എന്ന ലേഖകന്‍. ആര്‍ എസ്‌ എസ്‌ ബന്ധവും ഹിന്ദുത്വ ഭീകര പ്രവര്‍ത്തനത്തിന്റെ നിലനില്‍പ്പും പുറത്തുവന്നിട്ടും ഇതേവരെ ഹിന്ദു അത്‌ സംബന്ധിച്ച റിപ്പോര്‍ട്ടൊന്നും നല്‍കിയില്ല. പ്രവീണ്‍ സ്വാമിയുടെ എഴുത്തുകളുമുണ്ടായില്ല. ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്ന ഇശ്‌റത്‌ ജഹാനും മലയാളിയായ ജാവീദ്‌ ഗുലാം ശൈഖും ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകരാണെന്ന്‌ ശക്തിയുക്തം സമര്‍ത്ഥിച്ചയാളാണ്‌ പ്രവീണ്‍ സ്വാമി. ഇവര്‍ എങ്ങനെയാണ്‌ അഹമ്മദാബാദിലെത്തിയത്‌ എന്നത്‌ സംബന്ധിച്ച്‌ ഇതുവരെ നടന്ന അന്വേഷണങ്ങളിലൊന്നും വ്യക്തതയുണ്ടായില്ല. പക്ഷേ, ഇശ്‌റത്തും ഗുലാം ശൈഖും സഞ്ചരിച്ച ഇന്‍ഡിക്ക കാര്‍ ഏതുവഴിയിലൂടെയൊക്കെ സഞ്ചരിച്ചുവെന്ന്‌ പ്രവീണ്‍ സ്വാമി ലേഖനമെഴുതിയിരുന്നു. അത്രശക്തമാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ സ്വാമിക്കുള്ള സ്രോതസ്സുകള്‍. എന്നിട്ടും മക്ക മസ്‌ജിദ്‌, മലേഗാവ്‌, അജ്‌മീര്‍ ദര്‍ഗ, സംഝോത എക്‌സ്‌പ്രസ്‌ എന്നിവയുമായി ബന്ധപ്പെട്ട ഒരു വിവരം പോലും പ്രവീണ്‍ സ്വാമിക്ക്‌ ലഭിച്ചതേയില്ല.  


അതേസമയം ഹിന്ദു മറ്റൊരു കാര്യം ചെയ്‌തു. ഇന്ദ്രേഷ്‌ കുമാര്‍ എന്ന ആര്‍ എസ്‌ എസ്‌ നേതാവ്‌ നല്‍കിയ പ്രസ്‌താവന പ്രസിദ്ധീകരിച്ചു. ആക്രമണങ്ങളുമായി ബന്ധമില്ല, അക്രമത്തില്‍ വിശ്വസിക്കുന്നയാളല്ല താന്‍ എന്നതായിരുന്നു ഇന്ദ്രേഷിന്റെ പ്രസ്‌താവന. ആ പ്രസ്‌താവന പ്രസിദ്ധീകരിച്ചപ്പോള്‍ പോലും അതിന്‌ ഇടയാക്കിയ സംഭവങ്ങളെക്കുറിച്ച്‌ പത്രം മൗനം പാലിച്ചു.

അപകടം ഇവിടെ തീരുന്നില്ല. ഇത്തരം വാര്‍ത്തകളെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌ മാധ്യമം, സിറാജ്‌, തേജസ്‌, ചന്ദ്രിക, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളാണ്‌. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍. ദേശീയ ദിനപ്പത്രങ്ങളിലോ ചാനലുകളിലോ വന്ന റിപ്പോര്‍ട്ടുകള്‍ തര്‍ജമ ചെയ്‌ത്‌ പ്രസിദ്ധീകരിക്കുകയാണ്‌ ഇവയെല്ലാം ചെയ്യുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസ്‌, കൈവെട്ട്‌ കേസ്‌ എന്നിവയില്‍ അതാത്‌ ദിവസങ്ങളിലുണ്ടാവുന്ന സംഭവ വികാസങ്ങള്‍ നല്‍കുന്നതിനൊപ്പമാണ്‌ ഇതും പ്രസിദ്ധീകരിച്ചത്‌. പക്ഷേ, മാധ്യമ ശസ്‌ത്രക്രിയ നടത്തുന്ന ചില വിശാദരന്‍മാര്‍ മുസ്‌ലിം പത്രങ്ങളെല്ലാം ആര്‍ എസ്‌ എസിന്റെ ഭീകര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നായിരിക്കും നാളെ പറയുക. മുസ്‌ലിം പത്രങ്ങളെല്ലാം ചേര്‍ന്ന്‌ ആര്‍ എസ്‌ എസ്സിനെതിരായ വാര്‍ത്തകള്‍ നല്‍കി എന്ന പൊതു ധാരണ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. മുഖ്യധാരയിലൊന്നും കാണാത്ത വാര്‍ത്തകള്‍ ഇവര്‍ ചേര്‍ന്ന്‌ സൃഷ്‌ടിച്ചതാണെന്ന്‌ വരെ വേണമെങ്കില്‍ വ്യാഖ്യാനമുണ്ടാവാം.

ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുമ്പോള്‍ ഒരു വിഭാഗത്തിനുമേല്‍ നിലനില്‍ക്കുന്ന സംശയങ്ങളുടെ കനം വര്‍ധിക്കുകയാണ്‌. ഇതറിയാത്തവരല്ല ഈ പത്രങ്ങളുടെയൊന്നും മേല്‍ത്തട്ടിലും കീഴ്‌ത്തട്ടിലും ഇരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇത്തരം തിരഞ്ഞെടുത്ത തമസ്‌കരണങ്ങളെ, അതിന്‌ പറയുന്ന കാരണങ്ങളെല്ലാം ഇവര്‍ വലിയ പ്രാമുഖ്യം നല്‍കിയ വാര്‍ത്തകളുടെ കാര്യത്തിലും പറയാനാവും, നിഷ്‌കളങ്കമായി കാണാനാവില്ല. മഅ്‌ദനിയെ എന്‍ ഐ എ ചോദ്യം ചെയ്‌തുവെന്ന്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കുന്ന ചാനലുകള്‍ ആര്‍ എസ്‌ എസ്സിന്റെ ദേശീയ നേതാവിനെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത പോലും കൊടുക്കാതിരിക്കുമ്പോള്‍ അത്‌ ബോധപൂര്‍വം തന്നെയാണ്‌. മഹാത്‌മാഗാന്ധിയെ വധിച്ച നാഥുറാ ഗോഡ്‌സെ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകനായിരുന്നുവെന്ന വസ്‌തുത പോലും മറച്ചുവെക്കാന്‍ വെമ്പുന്നവര്‍ ഇതെല്ലാം മറച്ചുവെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പുണ്ണ്‌ വ്രണമാവുന്നതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവാം.

2010-07-16

മുല്ലപ്പള്ളിയോഹം ദുരൂഹതയോഹംഭീകരത, പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ്‌ ഇന്റലിജന്‍സിന്റെ (ഐ എസ്‌ ഐ) സാന്നിധ്യം എന്നിവ സംബന്ധിച്ച വലിയ അഭ്യൂഹങ്ങള്‍ ഒരിക്കല്‍ കൂടി കേരളീയ സമൂഹത്തെ മൂടി നില്‍ക്കുന്ന അന്തരീക്ഷം വീണ്ടും സംജാതമായിരിക്കുന്നു. മുമ്പ്‌ നാല്‌ മലയാളി യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടപ്പോഴും അന്യ സമുദായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി മതം മാറ്റിക്കുകയോ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്യുന്ന `ലൗ ജിഹാദ്‌' എന്ന സംഘടിത സമ്പ്രദായം നിലനില്‍ക്കുന്നുവെന്ന അഭ്യൂഹം പരത്തപ്പെട്ടപ്പോഴും ഉള്ളതിന്‌ സമാനമായ അവസ്ഥ. 


ദൈവനിന്ദ ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെട്ട അധ്യാപകന്റെ കൈ വെട്ടിയത്‌, നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്‌ ട്യൂബുകള്‍ അറുത്തത്‌, വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ നിന്നും കണ്ണൂരിലെ ബസ്സില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്‌ എന്നിവയാണ്‌ ഈ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ പ്രേരകമായത്‌. അധ്യാപകന്റെ കൈവെട്ടിയതിന്‌ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തകരാണ്‌. ഗൂഢാലോചന നടത്തിയവരും പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന്‌ പോലീസ്‌ പറയുന്നു. ഈ സംഘടന ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ പദ്ധതിയാണോ അതോ സംഘടനയിലെ ഏതാനും പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തതാണോ എന്ന്‌ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. പോലീസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ സമര്‍പ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അതെല്ലാം അറിയാനാവൂ.

പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയും അതിന്റെ പൂര്‍വരൂപമായ നാഷനല്‍ ഡെമോക്രാറ്റിക്‌ ഫ്രണ്ടും സംസ്ഥാനത്ത്‌ വിവിധയിടങ്ങളില്‍ രാഷ്‌ട്രീയവും അല്ലാത്തതുമായ സംഘട്ടനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. അവര്‍ക്ക്‌ വിദേശത്തു നിന്നും മറ്റും വന്‍ തോതില്‍ പണം ലഭിക്കുന്നുണ്ടെന്ന ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതും സംസ്ഥാന, കേന്ദ്ര ഏജന്‍സികളാണ്‌. വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ നിന്നും കണ്ണൂരിലെ ബസ്സില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കളെക്കുറിച്ചുള്ള അന്വേഷണം നമ്മുടെ നാട്ടിലെ പതിവനുസരിച്ചാണെങ്കില്‍ എവിടെയും എത്താന്‍ ഇടയില്ല. മുമ്പ്‌ കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ജലാറ്റിന്‍ സ്റ്റിക്കുകളുടെ കൂട്ടം കണ്ടെടുത്തതു പോലുള്ള കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല എന്നത്‌ ഓര്‍ക്കുക. 


ഭീകര സംഘടനകളുടെ പ്രവര്‍ത്തനമായതുകൊണ്ടല്ല ഈ കേസുകളില്‍ ഭൂരിഭാഗവും തെളിയാത്തത്‌. കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കായ ക്വാറികളില്‍ അധികൃതവും അനധികൃതവുമായി നടക്കുന്ന പാറ പൊട്ടിക്കലുമായാണ്‌ ഇത്തരം സ്‌ഫോടക വസ്‌തുക്കളില്‍ ഭൂരിഭാഗത്തിനും പങ്കുള്ളത്‌. ക്വാറിയുടമകള്‍ സമ്പന്നരും സ്വാധീനമുള്ളവരുമായതിനാലാണ്‌ അന്വേഷണം ഇഴയുകയും പിന്നീട്‌ മുടങ്ങുകയും ചെയ്യുന്നത്‌. പക്ഷേ, ഇത്തരത്തില്‍ അന്വേഷണങ്ങള്‍ മുടങ്ങുമ്പോള്‍ ഈ സ്‌ഫോടക വസ്‌തുക്കളെല്ലാം ഭീകര പ്രവര്‍ത്തനത്തിന്റെ മേല്‍വിലാസത്തില്‍ ചാര്‍ത്തപ്പെടുന്നുണ്ട്‌.

നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചിട്ട സംഭവമാണ്‌ ഈ ഗണത്തില്‍ ഏറെ ഗൗരവമേറിയ ഒന്നായി ഗണിക്കേണ്ടത്‌. പൈപ്പുകള്‍ മുറിച്ചിട്ടതറിയാതെ ട്രെയിന്‍ യാത്ര പുറപ്പെട്ടിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ദുരന്തം എത്ര വലുതാവുമായിരുന്നു. അത്രയും വലിയൊരു ദുരന്തം സൃഷ്‌ടിക്കണമെന്ന്‌ ചിലര്‍ പദ്ധതിയിട്ടുവെന്ന്‌ ധരിക്കണം. എന്നാല്‍ ഈ സംഭവത്തെ നമ്മള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചിട്ടുണ്ടോ എന്നതിലാണ്‌ സംശയം. അന്വേഷണം ആരംഭിച്ച കേരള പോലീസ്‌ പൈപ്പ്‌ മുറിക്കാനുപയോഗിച്ച കത്തിയുടെ സ്റ്റിക്കര്‍ കണ്ടെടുത്തുവെന്നും അത്‌ എറണാകുളത്തെ കടയിലേതാണെന്ന്‌ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനപ്പുറം യാതൊന്നും പുറത്തുവന്നിട്ടില്ല. എല്ലായ്‌പ്പോഴും ഉണ്ടാവാറുള്ളതുപോലെ രാഷ്‌ട്രീയ പോരിന്‌ തുടക്കമാവുകയും ചെയ്‌തിരിക്കുന്നു. പ്രശ്‌നങ്ങളില്‍ നിഷ്‌പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തി വസ്‌തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനേക്കാള്‍ താത്‌പര്യം വെള്ളം പരമാവധി കലക്കുക എന്നതിലാണ്‌ എന്ന്‌ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്‌ നമ്മുടെ നേതാക്കള്‍.

ഇത്തവണ അതില്‍ മുഖ്യ സ്ഥാനത്ത്‌ രാഷ്‌ട്രീയത്തില്‍ പക്വതയുള്ള നേതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുകയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ഇപ്പോള്‍ പിടിപ്പത്‌ പണിയുണ്ട്‌. രണ്ട്‌ സംസ്ഥാനങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായും നാല്‌ സംസ്ഥാനങ്ങളില്‍ പലേടത്തും മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു. ജമ്മു കാശ്‌മീര്‍ സംഘര്‍ഷഭരിതമാണ്‌. കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലും കൊലകള്‍ നടക്കുന്നു. ഇത്‌ തടയാന്‍ എന്ത്‌ ചെയ്യണമെന്ന ആലോചന തകൃതിയാണ്‌. നിയമ മന്ത്രാലയത്തിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിനും ഇതില്‍ പ്രധാന വേഷമുണ്ട്‌. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ പോവുകയാണ്‌. അതിനുള്ള തയ്യാറെടുപ്പുകള്‍ മന്ത്രാലയം നടത്തേണ്ടതുമുണ്ട്‌. ഇതിനിടയിലാണ്‌ ആഭ്യന്തര സഹമന്ത്രി കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പരസ്‌പരവിരുദ്ധവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയങ്ങള്‍ക്ക്‌ ഭിന്നവുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌.

നിലമ്പൂര്‍ സംഭവം നാഷനല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാല്‍ അത്‌ പരിഗണിക്കാമെന്ന്‌ കോഴിക്കോട്ട്‌ പറഞ്ഞ മന്ത്രി മൂന്ന്‌ മണിക്കൂര്‍ സഞ്ചരിച്ച്‌ പാലക്കാട്ടെത്തിയപ്പോള്‍ ഭീകര, തീവ്രവാദികളുമായി ഉപാധികളൊന്നും കൂടാതെ ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പറഞ്ഞു. മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക്‌ ഉപാധിയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി പി ചിദംബരം പലകുറി പറഞ്ഞതാണ്‌. ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറാവുമെന്ന്‌ കരുതുന്നത്‌ വിഡ്‌ഢിത്തമാണ്‌. എന്നിട്ടും നമ്മുടെ മന്ത്രി ഉപാധികളില്ലാത്ത ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പ്രസ്‌താവന നടത്തുന്നതിന്റെ പൊരുളെന്ത്‌? 


ഇതേ മന്ത്രി ഏറെക്കുറെ ഒരു മാസം മുമ്പ്‌ തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനം വിളിച്ച്‌ പറഞ്ഞത്‌ കേരളത്തില്‍ ഐ എസ്‌ ഐയുടെ പ്രവര്‍ത്തനമുണ്ടെന്നാണ്‌. ഐ എസ്‌ ഐയുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന്‌ കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിയേക്കാള്‍ മുതിര്‍ന്ന ആര്യാടന്‍ മുഹമ്മദ്‌ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നൊന്നും പ്രഖ്യാപിക്കാന്‍ ഈ സഹമന്ത്രി തയ്യാറല്ല. നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പ്‌ മുറിച്ച സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ ചൊടിക്കുകയുംചെയ്‌തു. സംസ്ഥാന പോലീസ്‌ കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഇപ്പോള്‍ എന്‍ ഐ എയെക്കൊണ്ട്‌ അന്വേഷിപ്പിക്കണെമന്ന്‌ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നുമാണ്‌ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തപ്പോള്‍ തര്‍ക്കങ്ങളുയര്‍ന്നിരുന്നു. കേരള സര്‍ക്കാറിനെ അറിയിക്കാതെയാണ്‌ അന്വേഷണം ഏറ്റെടുത്തതെന്ന്‌ സംസ്ഥാന ആഭ്യന്തരമന്ത്രി പരാതിപ്പെട്ടു. അറിയിച്ചിട്ടുണ്ടെന്നും ഇനി വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ അന്വേഷണം ഏറ്റെടുക്കാന്‍ നിയമപ്രകാരം എന്‍ ഐ എക്ക്‌ അധികാരമുണ്ടെന്നും അന്ന്‌ പി ചിദംബരം മറുപടി നല്‍കി. വര്‍ഷങ്ങള്‍ പഴകിയ കേസ്‌ എന്‍ ഐ എ ഏറ്റെടുക്കുന്നതില്‍ വലിയ പ്രശ്‌നമൊന്നും മുല്ലപ്പള്ളിക്ക്‌ തോന്നിയില്ല. അതിനേക്കാള്‍ ഗൗരവമേറിയതാണ്‌ നിലമ്പൂരിലെ സംഭവമെന്ന്‌ മനസ്സിലാക്കാന്‍ ഏറെ ദിവസം ചോറുണ്ണേണ്ടതുമില്ല. ഏതെങ്കിലും പ്രത്യേക കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന്‌ തോന്നിയാല്‍ അത്‌ ആവശ്യപ്പെടാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിനുണ്ടുതാനും. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ അതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ദുരൂഹത കാണുന്നുണ്ടെങ്കില്‍ അതിന്‌ വലിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കേണ്ടിവരും. ദുരൂഹത എന്താണെന്ന്‌ വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിന്‌ തന്നെയാണ്‌.

എന്‍ ഐ എയുടെ ചില നടപടികളെങ്കിലും ഇതിനകം വിമര്‍ശവിധേയമായിട്ടുണ്ട്‌. ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്ന ഇശ്‌റത്‌ ജഹാന്‍ ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയായിരുന്നുവെന്ന്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞുവെന്ന വാര്‍ത്ത ആസൂത്രിതമായി ചോര്‍ത്തപ്പെട്ടതാണെന്ന്‌ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്‌. കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനം തുടങ്ങിയ കേസുകള്‍ ഏറ്റെടുക്കാന്‍ താത്‌പര്യം കാട്ടിയ എന്‍ ഐ എയെ ഗുജറാത്തില്‍ ഇതുവരെ ഏറ്റെടുത്തത്‌ ഒരു കേസ്‌ മാത്രമാണ്‌. ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കേരളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സംസ്ഥാനമാണ്‌ ഗുജറാത്ത്‌. ഇതിനകം കേരളത്തില്‍ ഏറ്റെടുത്ത കേസുകളില്‍ പറയത്തക്ക പുരോഗതി അവര്‍ ഉണ്ടാക്കിയിട്ടുണ്ട്‌ എന്നും പറയാനാവില്ല. 


കേരള പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ എന്‍ ഐ എ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന ഡല്‍ഹിയിലെ പോലീസ്‌ സ്റ്റേഷനില്‍ റീ രജിസ്റ്റര്‍ ചെയ്‌തത്‌ മാത്രം എടുത്ത്‌ പറയാം. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ കേസിലെ അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കുന്നത്‌ ഗുണകരമാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തില്‍ ദുരൂഹത കല്‍പ്പിക്കുന്നതെങ്കില്‍ അത്‌ വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ എന്‍ ഐ എയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കേണ്ടത്‌ ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്‌. അതല്ല ഇപ്പോഴുള്ള സവിശേഷമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ അത്‌ ആഭ്യന്തര സഹമന്ത്രി എന്ന വലിയ സ്ഥാനത്തിരിക്കുമ്പോള്‍ യോജ്യമല്ല. കേരളത്തിലാകെ ഐ എസ്‌ ഐയാണ്‌ എന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവനക്കുള്ള വിലയല്ല, ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകള്‍ക്ക്‌.

വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാനാണ്‌ ശ്രമമുണ്ടാവേണ്ടത്‌. അതില്ലാതാവുമ്പോഴാണ്‌ അഭ്യൂഹങ്ങള്‍ ഉണ്ടാവുന്നത്‌, അത്‌ പ്രചരിപ്പിക്കാന്‍ തത്‌പരകക്ഷികള്‍ രംഗത്തിറങ്ങുന്നത്‌. അവരുടെ വാക്കുകള്‍ക്ക്‌ പൊടിപ്പും തൊങ്ങലും നല്‍കാന്‍ എഴുത്താളന്‍മാരുണ്ടാവുന്നത്‌. അഭ്യൂഹവും ഭീതിയും പരത്തി സംശയത്തിന്റെ നിഴലുകള്‍ സൃഷ്‌ടിക്കാന്‍ പാകത്തില്‍ പഴുതുകളുണ്ടാക്കിക്കൊടുക്കാന്‍ ഇവിടെ ആളുകള്‍ക്ക്‌ പഞ്ഞവുമില്ല. അതിന്‌ ഒരു ആഭ്യന്തര സഹമന്ത്രിയുടെ സേവനം കൂടി വേണ്ടതുണ്ടോ?

2010-07-09

ഹെഡ്‌ലി പറഞ്ഞാല്‍ അപ്പീലില്ലതിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കപ്പെടുന്നുവെന്നും അതാണ്‌ അനാവശ്യ സംശയങ്ങള്‍ക്ക്‌ വഴിവെക്കുന്നതെന്നും ആരോപണമുയര്‍ത്തിയത്‌ പ്രശസ്‌ത സംവിധായകനായ മഹേഷ്‌ ഭട്ടാണ്‌. ഡേവിഡ്‌ ഹെഡ്‌ലി എന്ന പാക്‌ വംശജനായ അമേരിക്കന്‍ പൗരനുമായി തനിക്ക്‌ പരിചയമുണ്ടായിരുന്നുവെന്ന്‌ മകന്‍ രാഹുല്‍ ഭട്ട്‌ മുംബൈ പോലീസില്‍ അറിയിച്ചതിന്‌ തൊട്ടുപിറകെ ഉയര്‍ന്ന അഭ്യൂഹങ്ങളാണ്‌ മഹേഷ്‌ ഭട്ടിനെക്കൊണ്ട്‌ ഇത്‌ പറയിച്ചത്‌. 


തീവ്രവാദമോ ഭീകരവാദമോ ആയി ബന്ധപ്പെട്ട കേസുകളിലെല്ലാം ഇത്തരം ചോര്‍ത്തി നല്‍കലുകള്‍ വ്യാപകമായി നടക്കുന്നുണ്ട്‌. മഅ്‌ദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന്‌ കൊച്ചിയിലെ കോടതി മുറിക്ക്‌ പുറത്തുവെച്ച്‌ തടിയന്റവിട നസീര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞ്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നസീര്‍ എന്‍ ഐ എക്ക്‌ നല്‍കിയ മൊഴി ടൈപ്പ്‌ ചെയ്‌ത്‌ തയ്യാറാക്കിയതിന്റെ പകര്‍പ്പ്‌ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. നസീര്‍ മാധ്യമങ്ങളോട്‌ പറഞ്ഞതിനോ എന്‍ ഐ എക്ക്‌ നല്‍കിയ മൊഴിക്കോ നിയമപരമായി സാധുതയൊന്നുമില്ല. കോടതിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേറെ ഹാജരാക്കേണ്ടിവരും. അത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ടതുമാണ്‌. എന്നിട്ടും തടിയന്റവിട നസീര്‍ മാധ്യമങ്ങളോട്‌ സംസാരിച്ചതിന്‌ തൊട്ടുപിറകെ മൊഴിപ്പകര്‍പ്പ്‌ ചോര്‍ത്തിക്കൊടുക്കാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കില്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റ്‌ ഉദ്ദേശ്യമൊന്നും അതിനുണ്ടാവില്ല.
ഇപ്പോഴിതാ ഇശ്‌റത്‌ ജഹാനെന്ന യുവതി ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയായിരുന്നു (പ്രര്‍ത്തകയല്ല, ചാവേറാണ്‌) എന്ന്‌ ഡേവിഡ്‌ ഹെഡ്‌ലി `സ്ഥിരീകരിച്ചിരിക്കുന്നു'! എന്‍ ഐ എ ഉദ്യോഗസ്ഥര്‍ വാഷിംഗ്‌ടണിലെത്തി ചോദ്യം ചെയ്‌തപ്പോള്‍ ഹെഡ്‌ലി ഇക്കാര്യം പറഞ്ഞുവത്രെ. ഹെഡ്‌ലി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയ മൊഴിക്ക്‌ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്‌ മുന്നില്‍ നേരത്തെ പറഞ്ഞ വിലയേയുള്ളൂ. ഹെഡ്‌ലിയെ അമേരിക്ക കൈമാറാനുള്ള സാധ്യത വിരളമാണ്‌. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയില്‍ ഹെഡ്‌ലി വന്ന്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാനുള്ള സാധ്യതയും വിരളം. എന്നിട്ടും ഇവിടെയുണ്ടായ പ്രചാരണം ഇശ്‌റത്‌ ജഹാന്‍ ലശ്‌കര്‍ പ്രവര്‍ത്തകയാണെന്ന്‌ ഹെഡ്‌ലി സ്ഥിരീകരിച്ചുവെന്നാണ്‌. സ്ഥിരീകരണം നല്‍കാന്‍ ആരാണ്‌ ഹെഡ്‌ലി എന്ന ചോദ്യം സ്വയം ചോദിക്കാന്‍ പോലും ത്രാണിയില്ലാത്ത നമ്മുടെ ദേശീയ മാധ്യമങ്ങളും അതിലെ പ്രവര്‍ത്തകരുമാണ്‌ ഇവിടെ പ്രതിസ്ഥാനത്ത്‌. കൂട്ടു പ്രതിസ്ഥാനത്ത്‌ എന്‍ ഐ എയും
ഇശ്‌റത്‌ ജഹാന്‍, മലയാളിയായ ജാവീദ്‌ ഗുലാം ശൈഖ്‌ (പ്രാണേഷ്‌ കുമാര്‍ പിള്ള), പാക്കിസ്ഥാന്‍ വംശജരെന്ന്‌ പറയുന്ന അംജദ്‌ അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15ന്‌ പുലര്‍ച്ചെയാണ്‌ അഹമ്മദാബാദിന്‌ സമീപത്തുവെച്ച്‌ ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്നത്‌. മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടായെന്നും അതില്‍ നാലു പേരും വധിക്കപ്പെട്ടുവെന്നുമായിരുന്നു വിശദീകരണം. ഈ കേസ്‌ സുപ്രധാനമായ ഒരു ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ്‌ ഹെഡ്‌ലിയുടെ മൊഴി പുറത്തുവരുന്നത്‌. (ഹെഡ്‌ലി അത്തരമൊരു മൊഴി നല്‍കിയിട്ടുണ്ടോ എന്ന്‌ എന്‍ ഐ എയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഇതുവരെ ഉറപ്പിച്ച്‌ പറഞ്ഞിട്ടില്ല) 


ഗുജറാത്ത്‌ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്‌. മോഡി അടക്കമുള്ളവരെ വധിക്കാന്‍ ലക്ഷ്യമിട്ട്‌ തീവ്രവാദികള്‍ എത്തുന്നുവെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ ആധികാരിതകയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗുജറാത്തിലേക്ക്‌ നിയോഗിക്കപ്പെട്ട കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ചില ഉദ്യോഗസ്ഥരും ഗുജറാത്ത്‌ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധരായ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ കൃത്രിമമായി തയ്യാറാക്കിയതാണ്‌ ഈ റിപ്പോര്‍ട്ട്‌ എന്ന സംശയം ഇന്റലിജന്‍സ്‌ ബ്യൂറോക്കു തന്നെ ഇപ്പോഴുണ്ട്‌. (ഇതും സ്ഥിരീകരിച്ച റിപ്പോര്‍ട്ടല്ല) അങ്ങനെ ഏറ്റുമുട്ടല്‍ സിദ്ധാന്തത്തെക്കുറിച്ച്‌ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ്‌ ഹെഡ്‌ലിയുടെ മൊഴി പുറത്തുവന്നത്‌. അത്തരത്തിലൊരു മൊഴിയുണ്ടെങ്കില്‍ അതേക്കുറിച്ച്‌ അന്വേഷിച്ച്‌ വസ്‌തുതയാണോ അല്ലയോ എന്ന്‌ സ്ഥിരീകരിക്കും മുമ്പ്‌ പുറത്തുവിടാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥന്‍/ര്‍ തിടുക്കം കാട്ടിയിട്ടുണ്ടെങ്കില്‍ ഈ ഏജന്‍സിയെക്കുറിച്ചും അതിലെ ഉദ്യോഗസ്ഥരെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ഏതാനും മാസം മുമ്പാണ്‌ അഹമ്മദാബാദ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ എസ്‌ പി തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ഇശ്‌റത്‌ ജഹാനടക്കം നാലുപേരെ വെടിവെച്ച്‌ കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നായിരുന്നു തമാംഗിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നയുടന്‍ അത്‌ സ്റ്റേ ചെയ്യാനായി ഗുജറാത്ത്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി അത്‌ സ്റ്റേ ചെയ്യുകയും ചെയ്‌തു. മജിസ്‌ട്രേറ്റ്‌ അധികാര പരിധി ലംഘിച്ചുവെന്ന നിരീക്ഷണം പാസ്സാക്കിക്കൊണ്ടാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ റിപ്പോര്‍ട്ട്‌ സ്റ്റേ ചെയ്‌തത്‌. ഇപ്പോള്‍ ഹെഡ്‌ലിയുടെ മൊഴി എന്ന പേരില്‍ ചിലത്‌ പുറത്തുവരുമ്പോള്‍ ആര്‍ക്കും പരാതിയില്ല. ഇത്‌ എവിടെ നിന്ന്‌ വന്നു, അത്‌ വസ്‌തുതയാണോ അല്ലയോ എന്നതൊന്നും ആരെയും അലട്ടുന്നില്ല. താനെയിലെ മുംബ്ര സ്വദേശിയായ ഇശ്‌റത്‌ ജഹാനെതന്ന പെണ്‍കുട്ടിയുടെ പേരില്‍ എന്ത്‌ ആരോപിച്ചാലും ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ലല്ലോ! തമാംഗിന്റെ റിപ്പോര്‍ട്ട്‌ പോലീസിലെയും രാഷ്‌ട്രീയത്തിലെയും ഉന്നതരുടെ സ്വസ്ഥത കെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അത്‌ സ്റ്റേ ചെയ്യിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടത്‌ അനിവാര്യവുമായിരുന്നു. 


ലശ്‌കറെ ത്വയ്യിബയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡറായിരുന്ന മുസമ്മിലാണ്‌ ഇശ്‌റത്തിനെ സംഘടനയിലേക്ക്‌ കൊണ്ടുവന്നത്‌ എന്നാണ്‌ ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നതെന്ന്‌ റിപ്പോര്‍ട്ടുകളിലുണ്ട്‌. `ഏറ്റുമുട്ടല്‍' നടന്നതിന്‌ തൊട്ടുപിറകെ നരേന്ദ്ര മോഡിയും മുസമ്മില്‍ റിക്രൂട്ട്‌ ചെയ്‌തയാളാണ്‌ ഇശ്‌റത്‌ ജഹാനെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ മുസമ്മില്‍ റിക്രൂട്ട്‌ ചെയ്‌തതാണ്‌ ഇശ്‌റത്‌ ജഹാനെന്ന്‌ ആരോപിച്ചിരുന്നു. ഇത്‌ രണ്ടും ശരിവെക്കുന്നതാണ്‌ ഹെഡ്‌ലിയുടെ മൊഴി എന്നതാണ്‌ ഒരു വാദം. കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറഞ്ഞതും മോഡി ഉരുവിട്ടതുമായ കാര്യങ്ങള്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌. ഈ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടാണ്‌ വ്യാജമായി തയ്യാറാക്കിയതാണെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്‌. അപ്പോള്‍ പിന്നെ എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിക്കൊടുത്ത ഹെഡ്‌ലിയുടെ മൊഴിയുടെ അടിസ്ഥാനമെന്തായിരിക്കും? 


ഇശ്‌റത്തും കൂട്ടരും ഭീകരവാദികളാണെന്ന്‌ തെളിഞ്ഞുവെന്നും `ഏറ്റുമുട്ടലി'ല്‍ അവരെ വധിച്ചത്‌ ശരിയായിരുന്നുവെന്നുമുള്ള തങ്ങളുടെ വാദം ഹെഡ്‌ലിയുടെ മൊഴിയോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നാണ്‌ ബി ജെ പി ഔദ്യോഗികമായി പ്രതികരിച്ചത്‌. മുംബൈ ഭീകരാക്രമണം പോലുള്ള അനിതര സാധാരണമായ ഒരു ക്രൂരതയുടെ ആസൂത്രകന്റെ വാക്കുകള്‍ വിശ്വസിച്ച്‌ നിലപാട്‌ തീരുമാനിക്കുന്നതിലേക്ക്‌ ദേശീയ ബോധത്തിലും രാജ്യസ്‌നേഹത്തിലും വിട്ടുവീഴ്‌ചയില്ലാത്ത ഒരു പാര്‍ട്ടി മാറിയതും കൗതുകകരം തന്നെ.
ഹെഡ്‌ലിയുടെ മൊഴിയില്‍ ഇശ്‌റത്തിനെക്കുറിച്ച്‌ മാത്രമേ പരാമര്‍മുള്ളോ എന്നതും അറിയില്ല. പക്ഷേ, പുറത്തുവന്നത്‌ ഇശ്‌റത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ്‌. വിവരങ്ങള്‍ തിരഞ്ഞെടുത്തതാണെന്ന്‌ വ്യക്തം. ഇശ്‌റത്തിന്റെ പേരിലാണ്‌ ആ കേസ്‌ അറിയപ്പെടുന്നത്‌. അവരുടെ മാതാവ്‌ ശമീമ കൗസറാണ്‌ പരാതിയുമായി ആദ്യമെത്തിയത്‌. അവരെ നിശ്ശബ്‌ദരാക്കാന്‍ സാധിച്ചാല്‍ ചിലര്‍ക്കൊക്കെ രക്ഷപ്പെടാം. മറ്റു ചിലര്‍ക്ക്‌ തലവേദന ഒഴിയും. പിന്നെയുള്ളത്‌ ജാവീദ്‌ ഗുലാം ശൈഖാണ്‌. വൈകാതെ ഹെഡ്‌ലിയുടെ മൊഴിയിലെ ജാവീദിനെതിരായ പരാമര്‍ശങ്ങള്‍ പുറത്തുവന്നേക്കാം. ജാവീദിന്റെ പിതാവ്‌ ഗോപിനാഥ പിള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടല്ലോ. 


കൊല്ലപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ ഒന്നും സംഭവിക്കാനില്ല. കാരണം പാക്‌ വംശജരാണെന്ന്‌ കരുതുന്ന അംജദ്‌ അലി റാണയും സീഷന്‍ ജോഹറും എന്നതല്ലാതെ മറ്റൊരു വിവരവും ഇവരെക്കുറിച്ച്‌ അറിയില്ല. ഇതുതന്നെയാണോ പേരുകള്‍ എന്നതുപോലും വെടിവെച്ചിട്ട ഗുജറാത്ത്‌ പോലീസിനും മുന്നറിയിപ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കിയ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. പാക്‌ വംശജരെന്ന നിലക്ക്‌ ലശ്‌കര്‍ പ്രവര്‍ത്തകരാവാതിരിക്കാന്‍ തരമില്ല എന്നത്‌ മാത്രമാണ്‌ ന്യായം. പാക്‌ പൗരന്‍മാരാണെങ്കില്‍ ലശ്‌കറെ ത്വയ്യിബയുമായും മുസമ്മിലുമായും അതുവഴി ഡേവിഡ്‌ ഹെഡ്‌ലിയുമായും കൂടുതല്‍ ബന്ധമുണ്ടാവേണ്ടത്‌ ഇവര്‍ക്കാണ്‌. എന്നിട്ടും ഇവരെക്കുറിച്ച്‌ ഹെഡ്‌ലിയൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നില്ല. 


വിവരങ്ങളുടെ തിരഞ്ഞെടുപ്പ്‌ അത്ര സൂക്ഷ്‌മമായിരുന്നു. അങ്ങനെ സൂക്ഷ്‌മമായി വിവരങ്ങള്‍ തിരഞ്ഞെടുത്ത്‌ പ്രചരിപ്പിക്കുന്നവര്‍ എന്‍ ഐ എയിലുണ്ടെങ്കില്‍ പിന്നെ കൂടുതല്‍ പറയേണ്ടതുമില്ല. പാക്‌ പൗരന്‍മാര്‍ക്കെതിരെ ഹെഡ്‌ലി മൊഴിയൊന്നും നല്‍കിയിട്ടില്ലെങ്കില്‍ ബി ജെ പിക്ക്‌ പ്രതിഷേധിക്കാം.
ഹെഡ്‌ലിയുടെ മൊഴിയെ ആധാരമാക്കി, പരേതയായ ഇശ്‌റഹ്‌ത ജഹാനെതിരെ കേസെടുക്കുക എന്നതാണ്‌ ഇനി എന്‍ ഐ എക്ക്‌ ചെയ്യാവുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിയെ ആരോപണവിധേയരുടെ പട്ടികയില്‍ 31-ാം സ്ഥാനത്ത്‌ ചേര്‍ത്തത്‌ തടിയന്റവിട നസീറിന്റെ മൊഴിയനുസരിച്ചാണല്ലോ.

2010-07-06

കണക്കില്‍ മനം മോഹിച്ച്‌ഏപ്രില്‍ ഒന്നിന്‌ ആരംഭിച്ച്‌ മാര്‍ച്ച്‌ 31ന്‌ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ 12 മാസങ്ങളെ നാല്‌ മാസം വീതമുള്ള ഖണ്ഡങ്ങളായി തിരിച്ച്‌ ധന നയം തീരുമാനിക്കുകയാണ്‌ റിസര്‍വ്‌ ബേങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പതിവ്‌. ഈ പതിവനുസരിച്ച്‌ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നയപ്രഖ്യാപനം നടക്കേണ്ടത്‌ ഈ മാസം 27നാണ്‌. പക്ഷേ, ഇതിന്‌ മൂന്നാഴ്‌ച മുമ്പ്‌ റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളില്‍ അര ശതമാനം വീതം വര്‍ധന വരുത്താന്‍ റിസര്‍വ്‌ ബേങ്ക്‌ തീരുമാനിച്ചു. വിപണിയിലേക്ക്‌ പണമൊഴുകാന്‍ പാകത്തിലുള്ള മാറ്റമായിരിക്കും 27ന്‌ പ്രഖ്യാപിക്കുക എന്ന്‌ പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ സാമ്പത്തിക മേഖലയെ അമ്പരിപ്പിക്കുന്നതായിരുന്നു റിസര്‍വ്‌ ബേങ്കിന്റെ അപ്രതീക്ഷിത തീരുമാനം. 27ന്‌ ആദ്യ നയ പുനരവലോകനം നടക്കാനിരിക്കെ തിടുക്കപ്പെട്ട്‌ നിരക്ക്‌ വര്‍ധന നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നതാണ്‌ ഉയര്‍ന്ന പ്രധാന ചോദ്യം. 

രാജ്യത്തെ ബേങ്കുകളില്‍ പണത്തിന്റെ കുറവുണ്ടായാല്‍ റിസര്‍വ്‌ ബേങ്കില്‍ നിന്ന്‌ കടമെടുക്കാന്‍ അവസരമുണ്ട്‌. ഇങ്ങനെ കടമെടുക്കുന്നതിന്‌ നല്‍കേണ്ട പലിശ നിരക്കാണ്‌ റിപ്പോ. അഞ്ച്‌ ശതമാനമായിരുന്ന റിപ്പോ അര ശതമാനം കൂട്ടി അഞ്ചരയാക്കുമ്പോള്‍ സാധാരണക്കാരന്റെ കണക്കില്‍ അതൊരു വലിയ വര്‍ധനയല്ല. പക്ഷേ, ബേങ്കുകള്‍ റിസര്‍വ്‌ ബേങ്കില്‍ നിന്ന്‌ കടമെടുക്കുന്ന തുകയുടെ വലിപ്പം കണക്കിലെടുത്താല്‍ ഈ അര ശതമാനമെന്നത്‌ ശതകോടികളോ സഹസ്രകോടികളോ ആവാം. രാജ്യത്തെ ബേങ്കുകളില്‍ നിന്ന്‌ റിസര്‍വ്‌ ബേങ്ക്‌ നിക്ഷേപമായി സ്വീകരിക്കുന്ന തുകക്ക്‌ നല്‍കുന്ന പലിശ നിരക്കാണ്‌ റിവേഴ്‌സ്‌ റിപ്പോ. അതും അര ശതമാനം കൂട്ടി നാലാക്കിയിട്ടുണ്ട്‌. ഈ രണ്ട്‌ തീരുമാനങ്ങളും വിപണിയിലുള്ള പണത്തിന്റെ ഒഴുക്ക്‌ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌.

റിപ്പോ നിരക്ക്‌ വര്‍ധിപ്പിക്കുമ്പോള്‍ ബേങ്കുകള്‍ റിസര്‍വ്‌ ബേങ്കില്‍ നിന്ന്‌ വായ്‌പ എടുക്കുന്ന തോത്‌ കുറയും. കൂടുതല്‍ പലിശക്ക്‌ വായ്‌പ എടുക്കാന്‍ ബേങ്കുകള്‍ ഇഷ്‌ടപ്പെടില്ല. അത്തരത്തില്‍ വായ്‌പ എടുത്താല്‍ അതിന്‌ ആനുപാതിയമായി ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന വായ്‌പയുടെ നിരക്കില്‍ വര്‍ധന വരുത്തേണ്ടിവരും. അത്‌ വായ്‌പാ വിതരണത്തെ ബാധിക്കും. റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ വര്‍ധിപ്പിക്കുമ്പോള്‍ കൂടുതല്‍ പണം റിസര്‍വ്‌ ബേങ്കില്‍ നിക്ഷേപമായി നല്‍കാന്‍ ബേങ്കുകള്‍ക്ക്‌ താത്‌പര്യമുണ്ടാവും. വിപണിയിലേക്ക്‌ ഒഴുക്കേണ്ട പണം റിസര്‍വ്‌ ബേങ്കിലേക്ക്‌ കൂടുതലായി എത്തിപ്പെടുകയാവും ഫലം. 


വിപണിയെ പരമാവധി പ്രോത്സാഹിപ്പിക്കുകയും കഴിയാവുന്നത്ര കാര്യങ്ങളെല്ലാം വിപണിയുടെ തീരുമാനങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്ന ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വിപണിയിലെ പണമൊഴുക്ക്‌ നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബേങ്ക്‌ തിടുക്കപ്പെട്ട്‌ നടപടി സ്വീകരിക്കുന്നതില്‍ വൈരുധ്യമുണ്ട്‌. ഈ വൈരുധ്യം രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗവുമാണ്‌.

രാജ്യത്ത്‌ പണപ്പെരുപ്പ നിരക്ക്‌ രണ്ടക്കത്തിലെത്തിയിട്ട്‌ മാസങ്ങളായി. അവശ്യവസ്‌തുക്കളുടെ വിലയിലുണ്ടാവുന്ന വര്‍ധനയാണ്‌ പണപ്പെരുപ്പ നിരക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്‌. പണപ്പെരുപ്പ നിരക്ക്‌ പത്ത്‌ ശതമാനത്തിലധികമായിരിക്കെയാണ്‌ ഇന്ധന വില വര്‍ധിപ്പിക്കാനും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം നീക്കാനും തീരുമാനിച്ചത്‌. ഈ തീരുമാനത്തോടെ സ്വാഭാവികമായും അവശ്യവസ്‌തുക്കളുടെ വില വീണ്ടും ഉയരാന്‍ അത്‌ കാരണമാകുമെന്ന്‌ ഉറപ്പ്‌. അത്‌ അറിയാതെയല്ല ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി വില വര്‍ധിപ്പിക്കാനും നിയന്ത്രണം നീക്കാനും തീരുമാനമെടുത്തത്‌. എണ്ണക്കമ്പനിയുടെ നഷ്‌ടം നികത്താന്‍ വേണ്ടിയാണ്‌ വില കൂട്ടിയത്‌ എന്നാണ്‌ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം, ഈ വിശദീകരണം ഒരേ സമയം കളവും ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലുമാണ്‌. 


എണ്ണക്കമ്പനികള്‍ നഷ്‌ടം സഹിച്ച്‌ ഇന്ധന വില്‍പ്പന നടത്തുന്നില്ല. അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന്‌ വാങ്ങുന്ന അസംസ്‌കൃത എണ്ണ സംസ്‌കരിച്ച്‌ ഉത്‌പന്നങ്ങളാക്കി ആഭ്യന്തര വിപണിയില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക്‌ വില്‍ക്കുമ്പോള്‍ കമ്പനിക്കുണ്ടാവുന്ന ബാധ്യത സര്‍ക്കാര്‍ നികത്തി നല്‍കുകയായിരുന്നു പതിവ്‌. അതിനാണ്‌ സര്‍ക്കാര്‍ സബ്‌സിഡി എന്ന്‌ പറഞ്ഞിരുന്നത്‌. സബ്‌സിഡികള്‍ പടിപടിയായി ഒഴിവാക്കി സാമൂഹിക ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുന്ന അവസ്ഥയുണ്ടാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ 1984ല്‍ അധികാരത്തില്‍ വന്ന രാജീവ്‌ ഗാന്ധി സര്‍ക്കാര്‍ മുതലിങ്ങോട്ടുള്ളവയൊക്കെ പ്രവര്‍ത്തിച്ചിരുന്നത്‌. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ധനമന്ത്രിസ്ഥാനത്തെത്തിയപ്പോള്‍ ഈ പ്രക്രിയക്ക്‌ പുതിയ ദിശാബോധവും ഗതിവേഗവും കൈവരികയും ചെയ്‌തു. അതിന്റെ മറ്റൊരു ഘട്ടമാണ്‌ ഇപ്പോള്‍ എണ്ണമന്ത്രി മുരളി ദേവ്‌റയിലൂടെ മന്‍മോഹന്‍ നടപ്പാക്കിയത്‌. ഇന്ധന മേഖലയില്‍ കൈവെച്ചിരിക്കുന്ന അംബാനി സഹോദരന്‍മാരുമായും മറ്റും അടുത്ത ബന്ധം പുലര്‍ത്തുന്ന ദേവ്‌റക്ക്‌ വില നിയന്ത്രണം നീക്കിക്കൊടുക്കുക എന്നത്‌ വ്യവസായ കുടുംബ ആവശ്യം കൂടിയായിരുന്നു.

ഇതിന്റെ ഫലമായി അവശ്യവസ്‌തുക്കളുടെ വില വര്‍ധിക്കുകയും പണപ്പെരുപ്പ നിരക്ക്‌ വര്‍ധിക്കുകയും ചെയ്‌താല്‍ അത്‌ യു പി എ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കും. മാസങ്ങള്‍ക്കകം ബീഹാര്‍ നിയമസഭയിലേക്കും അടുത്ത വര്‍ഷാരംഭത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌ നിയമസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കുകയും ചെയ്യും. സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ കൂടുതല്‍ ഒഴിഞ്ഞു നില്‍ക്കുകയും അംബാനിമാരെപ്പോലുള്ളവരെ സഹായിക്കുകയും ചെയ്യുന്നതിനൊപ്പം തിരഞ്ഞെടുപ്പ്‌ തിരിച്ചടി ഒഴിവാക്കുക എന്നത്‌ കൂടി കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ലക്ഷ്യമാണ്‌. അതിനുള്ള കുറുക്കുവഴിയാണ്‌ റിസര്‍വ്‌ ബേങ്കിലൂടെ മന്‍മോഹന്‍ സിംഗ്‌ തേടിയത്‌. ബേങ്കിന്റെ ഇപ്പോഴത്തെ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്‌തനാണ്‌. 2005 മുതല്‍ 2007 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായിരുന്നയാള്‍.

ഇന്ധന വില വര്‍ധിപ്പിച്ചതിനു പിറകെ റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ വിപണിയിലേക്ക്‌ കൂടുതല്‍ പണമൊഴുകുന്നത്‌ തടയുക. വിപണിയിലേക്ക്‌ പണമൊഴുകുന്നത്‌ നിയന്ത്രിച്ചാല്‍ വില്‍പ്പനയില്‍ ഇടിവുണ്ടാവും. അത്‌ പണപ്പെരുപ്പ നിരക്കിനെ സ്വാധീനിക്കും. അതായത്‌ ഇന്ധന വില വര്‍ധിപ്പിച്ചതിന്റെ ആഘാതം പ്രതിഫലിക്കുന്ന മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക്‌ വിലയിരുത്തുമ്പോള്‍ അതില്‍ വലിയ മാറ്റം ദൃശ്യമാവില്ല. ഇന്ധന വില കൂടിയത്‌ അവശ്യവസ്‌തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടില്ലെന്ന്‌ കണക്കുകളിലൂടെ സമര്‍ഥിക്കാന്‍ പ്രധാനമന്ത്രിക്കും സാമ്പത്തിക വിശാരദന്‍മാരായ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും ഇതിലൂടെ സാധിക്കും. പ്രതിപക്ഷത്തിന്‌ പണപ്പെരുപ്പ നിരക്കിലെ വര്‍ധന ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമാവില്ല. ഈ പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണ്‌ നയ അവലോകനത്തിന്‌ മൂന്നാഴ്‌ച മാത്രം ശേഷിക്കെ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ്‌ ബേങ്ക്‌ തീരുമാനിച്ചത്‌.

കാര്യങ്ങള്‍ കണക്കില്‍ ഭദ്രമായിരിക്കുക എന്നതിനാണല്ലോ പ്രധാനമന്ത്രിയും സര്‍ക്കാറുകളും പ്രാമുഖ്യം നല്‍കുന്നത്‌. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്‌ പോലും, ഏഴ്‌ ശതമാനത്തിലധികമായി നിലനിര്‍ത്താന്‍ കഴിഞ്ഞത്‌ വലിയ നേട്ടമായി ആവര്‍ത്തിക്കുന്നത്‌ അതുകൊണ്ടാണ്‌. ദാരിദ്ര്യത്തില്‍ ഉഴലുന്ന ഗ്രാമങ്ങളും സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളും എണ്ണിയാലൊടുങ്ങാത്ത വിധത്തില്‍ നിലനില്‍ക്കുന്നുവെന്നത്‌ ഈ കണക്കിലെ കളിയെ ബാധിക്കില്ല. കണക്കിലെ കളികള്‍ക്കാണ്‌ അടിസ്ഥാന യാഥാര്‍ഥ്യങ്ങളേക്കാള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നത്‌ എന്നതിനാല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക്‌ കോട്ടവുമുണ്ടാവില്ല.

കണക്കിന്റെ ഈ കളിക്ക്‌ ഒരു വശം കൂടിയുണ്ട്‌. ദേശീയ തൊഴിലുറപ്പ്‌, ഗ്രാമീണ ഭവന നിര്‍മാണം, ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ മുഴുവന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ തുടങ്ങി സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്‌. ഇതിലേക്കായി ആയിരക്കണക്കിന്‌ കോടി രൂപ നീക്കിവെച്ചതിന്റെ കണക്കുകള്‍ ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി പറയാറുമുണ്ട്‌. ഇത്തരം പദ്ധതികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണം യാതൊരു ബുദ്ധിമുട്ടും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുപിടിക്കുക കൂടിയാണ്‌ ഇന്ധന വില വര്‍ധനയിലൂടെയും മറ്റും ചെയ്യുന്നത്‌. ജനങ്ങള്‍ നല്‍കുന്ന നികുതി തന്നെയാണ്‌ സര്‍ക്കാറിന്റെ വരുമാനം. പക്ഷേ, അത്‌ ഏത്‌ വിധത്തില്‍ പിരിക്കുന്നുവെന്നതും ആരില്‍ നിന്നൊക്കെ കൂടുതല്‍ പിരിക്കുന്നുവെന്നതും പ്രധാനമാണ്‌. 


ആദായ നികുതി ചട്ടങ്ങള്‍ പുതുക്കുകയാണ്‌ ധനമന്ത്രി. പത്ത്‌ ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ വര്‍ഷത്തില്‍ നല്‍കേണ്ട നികുതി പത്ത്‌ ശതമാനമാക്കി പരിമിതപ്പെടുത്താനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. ഇങ്ങനെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ ഇളവ്‌ നല്‍കാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെയാണ്‌ ഇന്ധന വില വര്‍ധിപ്പിച്ച്‌ പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ പിഴിയുന്നത്‌. ഇത്‌ മറച്ചുവെക്കുക എന്ന തന്ത്രം കൂടിയാണ്‌ പണപ്പെരുപ്പ നിരക്കിന്റെ തോത്‌ പിടിച്ചുനിര്‍ത്താനുദ്ദേശിച്ചുള്ള റിസര്‍വ്‌ ബേങ്കിന്റെ തീരുമാനത്തിന്റെ കാതല്‍. കണക്കിലെ അഡ്‌ജസ്റ്റ്‌മെന്റുകള്‍ കൃത്യമാക്കുന്നതിനിടെ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥയും അതുണ്ടാക്കുന്ന വലിയ അതൃപ്‌തിയും കാണാതെ പോവുകയാണ്‌. ഈ അതൃപ്‌തി തിരഞ്ഞെടുപ്പുകളിലാവില്ല പ്രതിഫലിക്കുക എന്ന്‌ ഇനിയും മനസ്സിലാവുന്നില്ല എന്നതാണ്‌ വലിയ ദുരന്തം.

2010-07-04

ജഡ്‌ജിമാര്‍ അറിയുന്നതിന്‌തെരുവോരങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവ്‌ പ്രാബല്യത്തിലാക്കിയതിനു ശേഷം വരുന്ന ആദ്യത്തെ ചൊവ്വാഴ്‌ച. പ്രകടനങ്ങളും പൊതുയോഗങ്ങളും ഗതാഗതത്തിന്‌ തടസ്സമാവില്ലെന്നതിനാല്‍ ജനജീവിതം കൂടുതല്‍ സുഗമമാവുമെന്ന്‌ പ്രതീക്ഷിക്കണം. പക്ഷേ, കേരള ഹൈക്കോടതിയില്‍ നിന്ന്‌ ഏറെക്കുറെ നാല്‌ കിലോമീറ്റര്‍ മാത്രം അകലെ ഗതാഗതത്തിന്‌ വലിയ ബുദ്ധിമുട്ട്‌. അപ്രതീക്ഷിതമായ കാരണങ്ങളാലൊന്നുമല്ല ഈ തടസ്സം. 


കൊച്ചി നഗരത്തില്‍ കലൂരിനടുത്തുള്ള വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്റെ ദേവാലയത്തില്‍ ചൊവ്വാഴ്‌ചത്തെ പ്രത്യേക നൊവേനക്ക്‌ എത്തിയവരുടെ തിരക്കാണ്‌ തടസ്സത്തിന്‌ കാരണം. തെരുവോരങ്ങളിലെ പൊതു സമ്മേളനം നിരോധിക്കാന്‍ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രനും പി എസ്‌ ഗോപിനാഥനും മുന്നോട്ടുവെച്ച എല്ലാ ന്യായങ്ങളും ഇവിടെയും ബാധകമാണ്‌. ആയിരത്തിലേറെ വരുന്ന ജനക്കൂട്ടം ദിവസം പലവട്ടം നടക്കുന്ന നൊവേനക്ക്‌ എത്തുന്നുണ്ട്‌. ഗതാഗതം തടസ്സപ്പെടുന്നു, പൊതു ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവുന്നു. അതിലും വലിയ അപകട സാധ്യത നിലനില്‍ക്കുന്നു (കോടതിയുടെ നിരീക്ഷണ പ്രകാരം). റോഡരികത്ത്‌ കൂട്ടം കൂടി നില്‍ക്കുന്ന ജനക്കൂട്ടതിനിടയിലേക്ക്‌ ഒരു വാഹനം പാഞ്ഞുകയറിയാല്‍... ദുരന്തത്തിന്റെ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. തീര്‍ത്തും അപകടകരമായ സാഹചര്യത്തില്‍ വര്‍ഷങ്ങളായി എല്ലാ ആഴ്‌ചയും അരങ്ങേറുന്ന ഈ പതിവ്‌ നിരോധിക്കാന്‍ ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ സി എന്‍ രാമചന്ദ്രനും പി എസ്‌ ഗോപിനാഥനും തയ്യാറാകുമോ?

പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും ചൂണ്ടിക്കാട്ടിയത്‌ ആറ്റുകാല്‍ പൊങ്കാലയെയാണ്‌. അതുപക്ഷേ, വര്‍ഷത്തിലൊരിക്കല്‍ മാത്രം അരങ്ങേറുന്ന ആരാധനാ രീതിയാണ്‌. മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ഒരു ദിവസം നടക്കുന്നതുകൊണ്ടും സ്‌ത്രീകളെക്കൊണ്ട്‌ തിരുവനന്തപുരം നഗരം നിറയുമെന്നതിനാലും അന്നേ ദിവസം അവിടെ വാഹന ഗതാഗതം ഉണ്ടാവാറില്ല. അതുകൊണ്ട്‌ പൊങ്കാലക്കിടയിലേക്ക്‌ വാഹനം പാഞ്ഞുകയറി അപകടം ഉണ്ടാവില്ല. അന്നേ ദിവസം പുരുഷന്‍മാര്‍ നഗരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ നിയന്ത്രിക്കപ്പെടും. മനോവൈകല്യമുള്ള പുരുഷന്‍മാര്‍ സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറുന്നതു മൂലം ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനും സാധ്യതയില്ല. 


ഇവിടെ കേരള ഹൈക്കോടതിയുടെ ഉമ്മറത്ത്‌ എല്ലാ ചൊവ്വാഴ്‌ചയും ആവര്‍ത്തിക്കുന്ന അന്തോണീസ്‌ പുണ്യവാളന്റെ നൊവേനയില്‍ ഇതൊന്നുമല്ല സ്ഥിതി. തിരക്കേറിയ റോഡരികത്ത്‌, പലപ്പോഴും വാഹനങ്ങളോട്‌ തൊട്ടുരുമ്മി പ്രാര്‍ഥനാനിരതരായവര്‍ നില്‍ക്കുന്നുണ്ടാവും, ആയിരക്കണക്കിനാളുകള്‍ ഒത്തുചേരുന്നു. പൊതുയോഗങ്ങളോ പ്രകടനങ്ങളോ ആണെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട്‌ അവസാനിക്കും. ഇവിടെ നൊവേനകള്‍ പലതുള്ളതിനാല്‍ ദിവസം മുഴുവന്‍ ആളുകള്‍ തിങ്ങിനിറയും. നിരോധിക്കാന്‍ സര്‍വഥാ യോഗ്യമെന്ന്‌ അര്‍ഥം. ഏറ്റവും ചുരുങ്ങിയത്‌ പ്രധാന പാതയില്‍ നിന്ന്‌ നൂറ്‌ മീറ്ററെങ്കിലും മാറിവേണം ഇത്തരം പ്രാര്‍ഥനകള്‍ നടത്താനെന്നെങ്കിലും ഉത്തരവിടേണ്ടതാണ്‌. സാധിക്കുമോ കോടതിക്ക്‌!

അങ്ങനെയൊരു ഉത്തരവിട്ടാല്‍ അത്‌ ചോദ്യം ചെയ്യാന്‍ ഭരണഘടനയില്‍ ആരാധനാ സ്വാതന്ത്ര്യം എന്ന വകുപ്പുണ്ട്‌. ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയപ്പെടുന്നത്‌ കൂടുതല്‍ ഗുരുതര പ്രശ്‌നവുമാവും. അത്തരം ചില ഭരണഘടനാദത്തമായ സ്വാതന്ത്ര്യങ്ങള്‍ രാജ്യത്ത്‌ വേറെയുമുണ്ടെന്ന്‌ കോടതികള്‍ പലപ്പോഴും മറക്കുന്നു. നഗരവാസികളുടെ കൈയടി ലഭിക്കുമെന്നത്‌ ഈ മറവിക്ക്‌ ഒരു കാരണമാവാം. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന എഴുതിത്തയ്യാറാക്കുമ്പോള്‍ സമത്വ, സുന്ദരമായ രാജ്യം എന്ന സങ്കല്‍പ്പം തന്നെയാണ്‌ അതിന്റെ ശില്‍പ്പികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ട്‌ മാത്രം സമത്വ, സുന്ദര സങ്കല്‍പ്പം പ്രാവര്‍ത്തികമാവില്ലെന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങള്‍ ശങ്കാലേശമില്ലാത്ത വിധത്തില്‍ അവര്‍ നിര്‍വചിച്ചത്‌. 


ഭരണഘടനയിലെയും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങളിലെയും അക്ഷരങ്ങള്‍ പ്രായോഗിക രൂപത്തില്‍ ജനങ്ങളിലേക്ക്‌ എത്തണമെങ്കില്‍ ഒരുപാട്‌ യുദ്ധങ്ങള്‍ നടക്കേണ്ടതുണ്ട്‌ എന്ന തിരിച്ചറിവിന്റെ ഫലം. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവിടെ സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടക്കുന്നത്‌. ചിലതൊക്കെ അക്രമത്തിന്റെ പാതയിലേക്ക്‌ വഴി തിരിഞ്ഞുപോയിട്ടുണ്ടാവാം, ചില സമരങ്ങള്‍ ജനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ടുകള്‍ സമ്മാനിച്ചിട്ടുണ്ടാവാം. പക്ഷേ, അത്തരം സംഭവങ്ങളെ മാത്രം മുന്‍നിര്‍ത്തി ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ വിലയിരുത്താന്‍ സാധിക്കുമോ എന്നത്‌ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്‌.

ജനാധിപത്യ റിപ്പബ്ലിക്കായി വിഭാവനം ചെയ്‌ത രാജ്യത്തെ സോഷ്യലിസ്റ്റ്‌ കൂടിയാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്‌ത രാജ്യമാണ്‌ നമ്മുടേത്‌. എല്ലാവര്‍ക്കും ഒരേ അവകാശവും ജീവിത സൗകര്യങ്ങളും ഉണ്ടാവണമെന്ന ലക്ഷ്യം. ഇത്‌ കഴിഞ്ഞ്‌ ദശകങ്ങള്‍ പിന്നിട്ട ശേഷവും തമിഴ്‌നാട്ടിലെ ദളിത്‌ വംശജര്‍ ക്ഷേത്രത്തില്‍ പ്രവേശം കിട്ടുന്നതിനായി സമരം ചെയ്യുകയാണ്‌. സാമൂഹിക ജീവിതത്തിന്റെ ചില മേഖലകളില്‍ ജാതിയുടെയോ തൊലിയുടെ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവേശം നിഷേധിക്കപ്പെട്ടാല്‍ അത്‌ ചോദ്യം ചെയ്യപ്പെടും. ആവശ്യം അംഗീകരിക്കാതെ വന്നാല്‍ ബലം പ്രയോഗിച്ച്‌ നേടിയെടുക്കാന്‍ ശ്രമമുണ്ടാവും. അതിന്‌ ചിലപ്പോള്‍ തെരുവില്‍ ഇറങ്ങേണ്ടിവരും. അത്‌ തടയാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷവുമുണ്ടാവും. മുന്നോട്ടുള്ള യാത്ര അങ്ങനെത്തന്നെയാണ്‌. അത്തരം മുന്നേറ്റങ്ങളെ തടയാന്‍ ന്യായാസനങ്ങള്‍ ശ്രമിക്കുമ്പോള്‍ അത്‌ അപകടകരമായ രാഷ്‌ട്രീയമായി വിലയിരുത്തേണ്ടതുണ്ട്‌. നിരോധിച്ചേ അടങ്ങൂ എന്നാണെങ്കില്‍ പ്രതിഷേധങ്ങളുയരാത്ത സ്ഥിതി കൊണ്ടുവരാന്‍ കൂടി ശ്രമിക്കണം.

ഇന്ധന വില കൂട്ടാനും പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുമേലുള്ള സര്‍ക്കാറിന്റെ നിയന്ത്രണം നീക്കാനും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ കഴിഞ്ഞയാഴ്‌ച തീരുമാനിച്ചു. ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്ന തീരുമാനത്തില്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികം. സംഘടിത രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പണിമുടക്കുകള്‍ക്ക്‌ ആഹ്വാനം ചെയ്യുന്നു. ഇവിടെ ബന്ദ്‌ നിരോധിച്ചിട്ടുണ്ട്‌ എന്ന ന്യായം പറഞ്ഞ്‌ പ്രതിഷേധത്തെ തടയാന്‍ കോടതിക്ക്‌ സാധിക്കുമോ? ഇന്ധന വില കൂട്ടുകയും വിലക്കുമേലുള്ള സര്‍ക്കാര്‍ നിയന്ത്രണം നീക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക്‌ കൈകാര്യം ചെയ്യാനാകുമോ? അങ്ങനെ കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും കോടതി തീരുമാനിച്ചാല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ഭരണഘടനയുടെ പുതിയ പതിപ്പ്‌ ഒരെണ്ണം ജഡ്‌ജിക്ക്‌ അയച്ചുകൊടുക്കും. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്നും അത്തരം തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിന്‌ പരിമിതിയുണ്ടെന്നുമുള്ള വ്യവസ്ഥ പ്രത്യേകം ചൂണ്ടിക്കാട്ടും. 


അപ്പോള്‍ പിന്നെ കേന്ദ്ര തീരുമാനം മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ജനം എന്ത്‌ ചെയ്യണമെന്ന്‌ കൂടി ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രനും പി എസ്‌ ഗോപിനാഥനും പറഞ്ഞു തരേണ്ടതുണ്ട്‌.
സാമ്പത്തിക ഉദാരവത്‌കരണ, ആഗോളവത്‌കരണ നടപടികള്‍ ആരംഭിച്ചതോടെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ സമര്‍ഥമായി നടപ്പാക്കാന്‍ തുടങ്ങിയ അരാഷ്‌ട്രീയവത്‌കരണ ശ്രമങ്ങളെ രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചത്‌ കേരളത്തിലെ ക്രിസ്‌തീയ സഭാ നേതൃത്വമായിരുന്നു. ബന്ദിനും ഹര്‍ത്താലിനുമെതിരായ പ്രസ്‌താവനകള്‍ സഭാ നേതൃത്വത്തില്‍ നിന്നുണ്ടായി. കലാലയങ്ങളെ രാഷ്‌ട്രീയമുക്തമാക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങി. ഇതേ നേതാക്കള്‍ തന്നെ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ പണിമുടക്കിന്‌ ആഹ്വാനം ചെയ്യുന്നതും തെരുവോരങ്ങളില്‍ ധര്‍ണയിരിക്കുന്നതും നമ്മള്‍ കണ്ടു. സ്വന്തം തടിക്ക്‌ കൊള്ളുമെന്നായപ്പോള്‍, ന്യായമോ അന്യായമോ എന്നത്‌ വേറെ കാര്യം, നിലപാടുകളില്‍ ഭേദഗതി വേണമെന്നായി.

വിപണിയെ അടിസ്ഥാനമാക്കി നീങ്ങുന്ന, രാഷ്‌ട്രീയമില്ലാത്ത ഒരു ജനതയെ സൃഷ്‌ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്‌ കോടതികള്‍ കൂടി അരുനില്‍ക്കുന്നുവെന്നതിന്റെ തെളിവുകളില്‍ ഒന്നായി മാത്രമേ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെ കാണാനാവൂ. നീതിന്യായ നിര്‍വഹണത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്നതല്ല ഈ ഉത്തരവുകളെന്നതും ശ്രദ്ധേയമാണ്‌. നീതിന്യായ നിര്‍വഹണത്തില്‍ എന്തെങ്കിലും ശ്രദ്ധ കോടതികള്‍ പുലര്‍ത്തുന്നുണ്ടോ എന്നത്‌ കൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്‌. കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ `ലൗ ജിഹാദ്‌' പ്രശ്‌നത്തില്‍ ഒരു ജസ്റ്റിസ്‌ നടത്തിയ നിരീക്ഷണങ്ങള്‍ മറവിയിലേക്ക്‌ മായാറായിട്ടില്ല. ഈ നിരീക്ഷണങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട്‌ മറ്റൊരു ഹൈക്കോടതി ജഡ്‌ജിയും നിലപാടെടുത്തു. 


`ലൗ ജിഹാദ്‌' എന്നത്‌ സംഘടിതമായി നടക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന ആദ്യത്തെ ജഡ്‌ജിയുടെ നിരീക്ഷണത്തെത്തുടര്‍ന്ന്‌ സൃഷ്‌ടിക്കപ്പെട്ട സാമൂഹികമായ അസ്വസ്ഥതകള്‍ ആരുടെ ഉത്തരവാദിത്വത്തില്‍ വരുന്നതാണ്‌ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നില്ല. വേണ്ടത്ര പരിശോധനകള്‍ കൂടാതെ, അനാവശ്യമായ ചില നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ജഡ്‌ജിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ വ്യക്തതയുമില്ല. ഒറ്റപ്പെട്ട പരാതികളെ പൊതുവത്‌കരിച്ച്‌ നിരീക്ഷണങ്ങള്‍ നടത്തിയതിന്‌ ഉത്തമ ഉദാഹരണമായിരുന്നു `ലൗ ജിഹാദ്‌' കേസ്‌. അതേ നിലപാടാണ്‌ സമരങ്ങളുണ്ടാവുമ്പോള്‍ ഗതാഗത തടസ്സമുണ്ടാവുന്നുവെന്നൊക്കെ ചൂണ്ടിക്കാണിച്ച്‌ സമര്‍പ്പിക്കപ്പെടുന്ന പരാതികളും മറ്റും പരിഗണിക്കുമ്പോള്‍ കോടതികള്‍ തുടരുന്നത്‌. ഇത്തരം വിധികള്‍ വിമര്‍ശ വിധേയമാവുമ്പോള്‍ കോടതിയലക്ഷ്യമെന്ന വാളുയര്‍ത്തും. അപ്പോഴും ചെറുതാവുന്നത്‌ നീതിന്യായ സംവിധാനം തന്നെയാണെന്ന ചിന്ത കോടതികള്‍ക്ക്‌ ഉണ്ടാവുന്നില്ല.

സിഗരറ്റ്‌ വില്‍ക്കാം പക്ഷേ, അത്‌ കത്തിക്കാന്‍ തീ കൊടുക്കരുത്‌, കൊച്ചിയിലെ കൊതുകുകളെ ഇല്ലാതാക്കാന്‍ നഗരസഭ ഉടന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ വിപ്ലവങ്ങള്‍ മാത്രമേ, നമ്മുടെ ന്യായാസനങ്ങള്‍ക്ക്‌ ഇക്കാലത്തിനിടെ നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത്‌ കൂടി ഓര്‍ക്കേണ്ടതുണ്ട്‌. സാമൂഹിക മാറ്റങ്ങള്‍ക്ക്‌ നിദാനമായ നിയമ നിര്‍മാണങ്ങളെല്ലാം വര്‍ഷങ്ങള്‍ നീണ്ട സമരത്തിന്റെ ഫലങ്ങളായിരുന്നു. പതിനാല്‌ വയസ്സ്‌ വരെ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പത്ത്‌ വര്‍ഷത്തിനകം നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഭരണഘടനാ ശില്‍പ്പികള്‍ രേഖപ്പെടുത്തിയത്‌. പക്ഷേ, ആറ്‌ മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ അറുപതാണ്ട്‌ കാത്തിരിക്കേണ്ടിവന്നു. 


ഭരണഘടനാ വ്യവസ്ഥപ്രകാരം കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ ഭരണകൂടത്തോട്‌ ചോദിക്കാന്‍ നിഷ്‌ണാതരായ ന്യായാധിപന്‍മാര്‍ ഇവിടെ ഉണ്ടായിരുന്നില്ലേ? അറുപതാണ്ടിന്‌ ശേഷം നിയമമെങ്കിലുമുണ്ടാവുമ്പോള്‍ അതിന്റെ പിന്നില്‍ ചില സമരങ്ങളുടെ സ്വാധീനമെങ്കിലുമില്ലേ? ഏറ്റവും ചുരുങ്ങിയത്‌ മധ്യേന്ത്യയില്‍ ആധിപത്യമുറപ്പിച്ച മാവോയിസ്റ്റുകളുടെ സ്വാധീനമെങ്കിലും. അത്‌ മനസ്സിലാവണമെങ്കില്‍ ജഡ്‌ജിമാര്‍ക്ക്‌ അവര്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച്‌ അറിവുണ്ടാവണം. ആ അറിവ്‌ ഇല്ലാതാവുമ്പോഴാണ്‌ നഗരങ്ങളിലെ സമ്പന്ന വിഭാഗക്കാരുടെ പ്രശംസ മാത്രം ലക്ഷ്യമിട്ട്‌ പേനകള്‍ ചലിക്കുന്നത്‌. ഉത്തരവാദിത്വശൂന്യമായ നിരീക്ഷണങ്ങള്‍ക്ക്‌ നാവ്‌ വഴങ്ങുന്നത്‌.

2010-07-03

ഓ ബ്രസീല്‍...

ഒരു ടീം ഒരു കളിയില്‍ തോറ്റിരിക്കാം... പക്ഷേ, ഫുട്‌ബോളിന്റെ പര്യായം മാറുന്നില്ല... അത്‌ ബ്രസീല്‍ മാത്രമാണ്‌, അതങ്ങനെ തുടരും


ലന്തക്കാര്‍, പറങ്കികള്‍, യാങ്കികള്‍, വെള്ളക്കാര്‍, നാസി - ഫാസിസ്റ്റ്‌ പിന്‍മുറക്കാര്‍ എന്നിവരുടെ വിജയം, അത്‌ ഏത്‌ മേഖലയിലുള്ളതായാലും, ആഘോഷിക്കുന്നവര്‍ മനുഷ്യകുലത്തോട്‌ ക്രൂരത കാട്ടുകയാണ്‌...

2010-07-02

ചില എന്‍ ഐ എ തമാശകള്‍ഡല്‍ഹി പോലീസ്‌ നിയമ പ്രകാരം രൂപവത്‌കരിക്കുകയും പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയം നിയന്ത്രിക്കുകയും ചെയ്യുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) പക്ഷപാതിത്വം കൂടാതെ അന്വേഷണങ്ങള്‍ നടത്തുന്ന ഏജന്‍സിയാണെന്ന ധാരണ നിലനിന്നിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പ്രതീകമായി സംസ്ഥാന പോലീസ്‌ വിഭാഗങ്ങള്‍ മാറുക കൂടി ചെയ്‌തതോടെ സി ബി ഐയുടെ പ്രശസ്‌തി വര്‍ധിച്ചു. മലയാളികള്‍ക്കിടയില്‍ ഈ പേരിന്റെ വിശ്വാസ്യത അന്വേഷിച്ച്‌ തെളിയിച്ച കേസുകളേക്കാള്‍ ഉപരി, വന്‍ വിജയം നേടിയ ഒരു ചലച്ചിത്രം സൃഷ്‌ടിച്ച പ്രതിച്ഛായയുമായി ബന്ധപ്പെട്ടതാണ്‌. എങ്കിലും കുറ്റാന്വേഷണ രംഗത്ത്‌ രാജ്യത്തെ ഏറ്റവും അവസാനത്തെ വാക്കായി സി ബി ഐ കരുതപ്പെട്ടിരുന്നു. പിടികിട്ടാപ്പുള്ളികളെ സംബന്ധിച്ച വിവരങ്ങള്‍ അന്താരാഷ്‌ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്‌ കൈമാറുന്നതും മറ്റും സി ബി ഐയാണ്‌. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ ഏജന്‍സി സി ബി ഐയാണ്‌.


ഈ ഏജന്‍സിയുടെ നിഷ്‌പക്ഷത സംബന്ധിച്ച്‌ പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതിനെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി അധികാരത്തിലിരിക്കുന്നവര്‍ ഉപയോഗിച്ചതായും ആക്ഷേപമുണ്ട്‌.
ഏറ്റവും ഒടുവില്‍ ഇന്ധന വില വര്‍ധന ചോദ്യം ചെയ്‌ത്‌ പാര്‍ലിമെന്റില്‍ ഇടതുപക്ഷവും ബി ജെ പിയും കൊണ്ടുവന്ന ഖണ്ഡന പ്രമേയത്തിന്റെ കാര്യം എടുക്കാം. ഖണ്ഡനോപക്ഷേപത്തിന്‌ നോട്ടീസ്‌ നല്‍കുന്നതിന്‌ തൊട്ടു മുമ്പ്‌ വരെ ബി എസ്‌ പി നേതാവ്‌ മായാവതിക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവിനും എതിരെ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ പായുകയായിരുന്നു സി ബി ഐ ഉദ്യോഗസ്ഥരും അഭിഭാഷകരും. അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചു, ബി ആര്‍ അംബേദ്‌കര്‍- കാന്‍ഷി റാം തുടങ്ങിയവരുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ കണക്കില്‍ കവിഞ്ഞ്‌ പണം ചെലവഴിക്കുന്നു, ജന്മ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലക്ഷക്കണക്കിന്‌ രൂപയുടെ നോട്ട്‌ മാല സമ്മാനിച്ചു എന്നു തുടങ്ങി മായാവതിക്കെതിരെ അന്വേഷണത്തിന്‌ കാരണങ്ങള്‍ നിരവധിയായിരുന്നു. പഴയ താജ്‌ കോറിഡോര്‍ അഴിമതിക്കേസ്‌ വേറെയും. സമാജ്‌വാദി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചുവെന്ന ഒരൊറ്റ കേസ്‌ മാത്രമേ നേരിട്ടുള്ളൂ. ഇതിലും കോടതി നടപടികള്‍ നിരവധി നടന്നിരുന്നു. ഇടക്കിടക്ക്‌ സി ബി ഐ പുതിയ സത്യവാങ്‌മൂലങ്ങള്‍ സമര്‍പ്പിക്കും. അപ്പോഴൊക്കെ കേസ്‌ വീണ്ടും വാര്‍ത്തകളില്‍ നിറയും. ഈ കളികളെല്ലാം സ്വിച്ചിട്ടതുപോലെ നില്‍ക്കുന്നതാണ്‌ ഖണ്ഡനോപക്ഷേപ നോട്ടീസോടെ കണ്ടത്‌. മായാവതിക്കോ, മുലായം സിംഗ്‌ യാദവിനോ എതിരായ കേസുകളില്‍ പിന്നീടിങ്ങോട്ട്‌ സി ബി ഐ സ്വന്തം താത്‌പര്യപ്രകാരം ഒന്നും ചെയ്‌തിട്ടില്ല. ഖണ്ഡനോപക്ഷേപത്തെ അതിജീവിക്കാന്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിന്‌ സാധിച്ചത്‌ മായാവതിയുടെയും മുലായം സിംഗ്‌ യാദവിന്റെയും കാരുണ്യം കൊണ്ടാണെന്ന വസ്‌തുതയാണ്‌ സി ബി ഐയുടെ മനംമാറ്റത്തിന്‌ ആധാരം.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആര്‍ ജെ ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌ത്‌ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന്‌ സി ബി ഐ തീരുമാനിച്ചത്‌ ഈയിടെയാണ്‌. ലാലു പ്രസാദ്‌ യാദവ്‌ കുറ്റവാളിയാണെന്ന മുന്‍വിധിയില്ല, പക്ഷേ, ചില കേസുകളില്‍ സി ബി ഐ എന്തുകൊണ്ട്‌ അപ്പീല്‍ പോവുന്നില്ല എന്ന സംശയം പ്രകടിപ്പിക്കുക മാത്രമാണ്‌. ഇതേ സി ബി ഐ തന്നെയാണ്‌ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണിന്‌ രക്ഷപ്പെടാന്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തത്‌ എന്നതാണ്‌ പുതുതായി പുറത്തുവന്നിരിക്കുന്ന വിവരം. ഭോപ്പാല്‍ വാതക ദുരന്തക്കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്ത ശേഷമാണ്‌ വാറന്‍ ആന്‍ഡേഴ്‌സണിന്റെ വിവാദ ഇന്ത്യാ സന്ദര്‍ശനവും രാജകീയമായ മടക്കയാത്രയുമുണ്ടായത്‌. 
ആന്‍ഡേഴ്‌സണിനെ അന്ന്‌ സി ബി ഐ അറസ്റ്റ്‌ ചെയ്യാന്‍ വിസമ്മതിച്ചു. മധ്യപ്രദേശ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്ന്‌ ആവശ്യപ്പെട്ടതുമില്ല. യജമാനന്റെ ഇംഗിതം അറിഞ്ഞ്‌ നിശ്ശബ്‌ദനായിരുന്നു ഈ വിശ്വസ്‌തന്‍.

സി ബി ഐക്ക്‌ പല്ലും നഖവും പോരെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ തോന്നിയത്‌ 2008ലെ മുംബൈ ഭീകരാക്രമണത്തോടെയാണ്‌. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക്‌ (എന്‍ ഐ എ) രൂപം നല്‍കി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളെല്ലാം തുടര്‍ന്ന്‌ അന്വേഷിക്കുക എന്‍ ഐ എ ആയിരിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി പി ചിദംബരവും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പ്രഖ്യാപിച്ചു. എന്നാല്‍ ഏറ്റെടുക്കുന്ന കേസുകള്‍, അവയുടെ അന്വേഷണം എന്നീ കാര്യങ്ങളിലെല്ലാം ചുരുങ്ങിയ കാലം കൊണ്ട്‌ സി ബി ഐയുടെതിന്‌ സമാനമായ സ്ഥാനം എന്‍ ഐ എ നേടിക്കഴിഞ്ഞോ എന്ന സംശയം ബലപ്പെടുകയാണ്‌. മുംബൈ ഭീകരാക്രമണക്കേസ്‌ അന്വേഷിച്ചതും കുറ്റപത്രം നല്‍കിയതുമൊക്കെ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡായിരുന്നു. ഡേവിഡ്‌ കോള്‍ മാന്‍ ഹെഡ്‌ലിയുടെ അധ്യായം മാത്രമാണ്‌ എന്‍ ഐ എ അന്വേഷിക്കുന്നത്‌. ഹെഡ്‌ലിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടാനുള്ള സാധ്യത കുറവായതുകൊണ്ടുതന്നെ ഈ കേസില്‍ ജയ,പരാജയങ്ങള്‍ എന്‍ ഐ എക്ക്‌ വിഷയമാവുന്നില്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന കേസുകളൊന്നും എന്‍ ഐ എ അന്വേഷിക്കുന്നില്ല. 


എന്‍ ഐ എ രൂപവത്‌കരിച്ചതിനു ശേഷം രാജ്യത്തുണ്ടായ ആദ്യത്തെ വലിയ സ്‌ഫോടനമായിരുന്നു മഹാരാഷ്‌ട്രയിലെ പൂനെയില്‍ ജര്‍മന്‍ ബേക്കറിയിലുണ്ടായത്‌. ഇതേക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്‌ട്ര പോലീസിന്റെ ഭീകരവിരുദ്ധ സേനക്കാണ്‌. എന്‍ ഐ എക്ക്‌ സഹായിയുടെ റോള്‍ മാത്രം. അബ്‌ദുസ്സമദ്‌ ഭട്‌കലിനെ അറസ്റ്റ്‌ ചെയ്‌ത്‌ അന്വേഷണ സംഘം വിളറി വെളുത്ത്‌ നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഈ കേസില്‍. മലേഗാവ്‌, മക്ക മസ്‌ജിദ്‌, അജ്‌മീര്‍ ദര്‍ഗ, സംഝോത എക്‌സ്‌പ്രസ്‌ എന്നീ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഹൈന്ദവ തീവ്രവാദ സംഘടനയുടെ കൈകളുണ്ടെന്ന ആക്ഷേപം ശക്തമാണ്‌. മലേഗാവ്‌, മക്ക മസ്‌ജിദ്‌, അജ്‌മീര്‍ എന്നീ കേസുകളില്‍ അന്വേഷണ സംഘങ്ങള്‍ ഈ ആരോപണം വ്യക്തമായി തന്നെ ഉന്നയിച്ചു കഴിഞ്ഞു. 


സംഝോതയുടെ കാര്യത്തില്‍ മുമ്പ്‌ തന്നെ ഉയര്‍ന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തി വരികയാണ്‌ ഉദ്യോഗസ്ഥര്‍. നാല്‌ സ്‌ഫോടനങ്ങളും ഒരേ തരത്തിലാണ്‌ നടത്തിയതെന്ന്‌ വിദഗ്‌ധ പരിശോധനയില്‍ കണ്ടെത്തിയെന്നാണ്‌ വിവരം. രാജസ്ഥാന്‍, ഹരിയാന പോലീസുകളും സി ബി ഐയുമാണ്‌ ഈ കേസുകള്‍ ഇപ്പോഴും അന്വേഷിക്കുന്നത്‌. നാല്‌ സ്‌ഫോടനങ്ങളുമായും ബന്ധമുണ്ടെന്ന്‌ സംശയം ഉയരുകയും അതില്‍ ആരോപിക്കപ്പെടുന്നവര്‍ക്ക്‌ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ (ആര്‍ എസ്‌ എസ്‌) നേതൃത്വവുമായി നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ വ്യക്തമാവുകയും ചെയ്‌തിട്ടും സമഗ്രമായ അന്വേഷണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതേയില്ല. മലേഗാവ്‌ കേസില്‍ അറസ്റ്റിലായ പ്രഗ്യാ സിംഗിന്‌ വിഷാദ രോഗമുണ്ടാവുമ്പോഴൊക്കെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും ബദ്ധശ്രദ്ധരാണ്‌ മഹാരാഷ്‌ട്ര പോലീസ്‌ എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. കൊല നടത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ ചുദസാമക്ക്‌ ചികിത്സ ലഭ്യമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നതുപോലെ.

ഇതേ സര്‍ക്കാറുകളും എന്‍ ഐ എയും മറ്റു ചില കാര്യങ്ങളില്‍ അമിതമായ ശ്രദ്ധ കാണിക്കുമ്പോഴാണ്‌ മേല്‍പ്പറഞ്ഞ കാര്യങ്ങളിലെല്ലാമുള്ള സംശയങ്ങള്‍ ബലപ്പെടുന്നത്‌. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സൂഫിയ മഅ്‌ദനി എന്ന സ്‌ത്രീ എറണാകുളം ജില്ല വിട്ട്‌ ആലപ്പുഴ കടന്ന്‌ കൊല്ലം ജില്ലയിലേക്ക്‌ പോകുന്നതിനെ എന്‍ ഐ എ കോടതിയില്‍ ശക്തിയുക്തം ഏതിര്‍ത്തു. അത്തരമൊരു സംഭവമുണ്ടായാല്‍ അത്‌ അന്വേഷണത്തെ വന്‍തോതില്‍ ബാധിക്കാനിടയുണ്ടെന്ന്‌ അവര്‍ രണ്ട്‌ തവണയായി കോടതിയെ അറിയിച്ചു. എറണാകുളം ജില്ലയേക്കാള്‍ വലിയ തീരപ്രദേശം കൊല്ലം ജില്ലക്കുണ്ടെന്നും അതിനാല്‍ സൂഫിയയെ കൊല്ലം ജില്ലയില്‍ കടക്കാന്‍ അനുവദിച്ചാല്‍ അതീവ ദുര്‍ബലമായ തീര സംരക്ഷണത്തെ മറികടന്ന്‌ അവര്‍ കടലിലൂടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്‍ ഐ എക്ക്‌ കോടതിയെ അറിയിക്കമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കാത്തതു കൊണ്ടുമാത്രം കര്‍ണാടക പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകാത്ത അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കാണാനാണ്‌ സുഫിയ കൊല്ലത്തേക്ക്‌ യാത്ര ചെയ്യുന്നത്‌. `ഭീകരവാദികളായ' ദമ്പതികള്‍ ഒന്നിച്ചു കണ്ടാല്‍ എന്തൊക്കെ സംഭവിച്ചുകൂടാ? എന്‍ ഐ എയുടെ സംശയങ്ങളെ തള്ളിക്കളയുന്നത്‌ ശരിയല്ല തന്നെ!

നിയമത്തിന്‌ മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന അടിസ്ഥാന സങ്കല്‍പ്പമാണ്‌ നമുക്കൊക്കെ പരിചയം. പക്ഷേ, അതങ്ങനെയല്ലെന്ന്‌ ഭരണകൂടങ്ങളുടെയും അവരുടെ ഏജന്‍സികളുടെയും നടപടികള്‍ പിന്നീട്‌ തെളിയിച്ചു തരികയും ചെയ്യും. കര്‍ണാടക പോലീസ്‌ കസ്റ്റഡിയിലെടുത്താല്‍ നേരത്തെ തമിഴ്‌നാട്‌ പോലീസ്‌ കസ്റ്റഡിയില്‍ കൊണ്ടുപോയ ശേഷമുണ്ടായതുപോലുള്ള സംഭവം ആവര്‍ത്തിക്കുമോ എന്ന്‌ ശങ്കിക്കുന്ന സ്‌ത്രീക്ക്‌ സ്വന്തം ഭര്‍ത്താവിനെ കാണുന്നതിന്‌ അനുമതി ലഭിക്കാന്‍ രണ്ട്‌ വട്ടം കോടതി കയറേണ്ടിവന്നത്‌ അതുകൊണ്ടാണ്‌. ജര്‍മന്‍ ബേക്കറി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന ആരോപണമാണ്‌ അബ്‌ദുസ്സമദ്‌ ഭട്‌കലിനെതിരെ മഹാരാഷ്‌ട്ര ഭീകരവിദുദ്ധ സേന ഉന്നയിച്ചത്‌. കോടതിയില്‍ റിമാന്‍ഡ്‌ അപേക്ഷ നല്‍കിയപ്പോള്‍ ജര്‍മന്‍ ബേക്കറിയെക്കുറിച്ച്‌ മിണ്ടാട്ടമില്ല.

തടിയന്റവിട നസീറിന്റെ മുഖം ക്യാമറക്ക്‌ മുന്നില്‍ വന്നതിലെ സുരക്ഷാ പാളിച്ചയെച്ചൊല്ലി ബഹളം വേക്കുന്ന അന്വേഷണ ഏജന്‍സിയും കേന്ദ്ര മന്ത്രിയും സമദ്‌ ഭട്‌കലിന്റെ മുഖത്ത്‌ ഭീകരവാദിയെന്ന കരി വാരിപ്പൂശിയതിന്‌ എന്ത്‌ പരിഹാരം ചെയ്യും? അത്തരമൊരു പരിഹാരം ആവശ്യമുണ്ടെന്ന്‌ ഒരു പക്ഷേ അവര്‍ക്ക്‌ തോന്നുന്നുണ്ടാവില്ല. ചില കേസുകളില്‍ തോന്നുന്നുണ്ടാവും. അതുകൊണ്ടാണ്‌ ഒരു സംഘടനയുടെ പങ്കാളിത്തം സംബന്ധിച്ച്‌ വിവിധ ഏജന്‍സികള്‍ തെളിവുകള്‍ ശേഖരിക്കുമ്പോഴും സമഗ്രമായ അന്വേഷണത്തിന്‌ മടിക്കുന്നത്‌. മഡ്‌ഗാവില്‍ സ്‌ഫോടനം നടത്തിയവര്‍ സനാതന്‍ സംസ്ഥാന്റെ ആശ്രമാവാസികളായിരുന്നുവെന്ന്‌ അറിഞ്ഞിട്ട്‌ ആ സംഘടനയെക്കുറിച്ച്‌ അന്വേഷിക്കാത്തത്‌; സനാതന്‍ സംസ്ഥാനെ നിരോധിക്കുന്ന കാര്യം ആലോചിക്കുന്നതേയില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്‌.