2009-05-31

ലെനിനിസ്റ്റ്‌ രീതി - ബംഗാള്‍ സ്റ്റൈല്‍എന്റെ സുവര്‍ണ ബംഗാള്‍ - സ്വന്തം നാടിനെക്കുറിച്ച്‌ ബംഗാളികള്‍ പുലര്‍ത്തിയ അഹങ്കാരത്തിന്റെ പ്രതീകമാണ്‌ തലമുറകള്‍ കൈമാറുന്ന രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഈ പ്രയോഗം. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍, പ്രത്യേകിച്ച്‌ സി പി എമ്മുകാര്‍ ബംഗാളിനെക്കുറിച്ച്‌ അഹങ്കരിച്ചിരുന്നു. കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ അധികാരം നഷ്‌ടമായിക്കൊണ്ടിരിക്കുമ്പോള്‍ മുഷിവു തട്ടാതെ തുടര്‍ന്നിരുന്ന ബംഗാളിലെ ചുവപ്പു പരവതാനിയെക്കുറിച്ച്‌ അവര്‍ വാതോരാതെ സംസാരിച്ചിരുന്നു. ബംഗാളിനെക്കണ്ട്‌ പഠിക്കാന്‍ മലയാളികളെ ഉപദേശിക്കുന്ന സി പി എം, ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ പതിവ്‌ കാഴ്‌ചയുമായിരുന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കേരളത്തെപ്പോലെ ബംഗാളിലും ചുവപ്പിന്റെ നിറം മങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിന്‌ ശേഷമുണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ കേരളത്തിലെ സി പി എം പ്രവര്‍ത്തകരോടും നേതാക്കളോടും ബംഗാളിനെ കണ്ട്‌ പഠിക്കാന്‍ ഉപദേശിക്കേണ്ടിവരുമെന്ന്‌ തോന്നുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും ഇക്കുറി തിരിച്ചടിയുണ്ടാവുമെന്ന്‌ സി പി എം നേതാക്കള്‍ക്കൊക്കെ അറിയാമായിരുന്നു. പക്ഷേ, ഇത്ര ശക്തമായ തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്ന്‌ മാത്രം. 32 വര്‍ഷത്തിന്‌ ശേഷമുണ്ടാകുന്ന കനത്ത പരാജയം ബംഗാളിലെ പാര്‍ട്ടി നേതൃത്വത്തിന്‌ തീര്‍ത്തും സഹിക്കാന്‍ കഴിയാത്തതായിരുന്നു. ഏഴും എട്ടും തവണ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്‌ വിജയിച്ച ഹന്നന്‍ മുള്ളയെപ്പോലുള്ള നേതാക്കള്‍ പോലും തോറ്റു. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനും തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മൂന്നാം മുന്നണി തട്ടിക്കൂട്ടാനും തീരുമാനമെടുത്ത കേന്ദ്ര നേതൃത്വമാണ്‌ പരാജയത്തിന്‌ കാരണമായതെന്ന്‌ ഈ നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെതിരെ ബംഗാള്‍ ഘടകം രംഗത്തുവരുന്നുവെന്ന പ്രതീതിയാണ്‌ ഇതുളവാക്കിയത്‌. പോളിറ്റ്‌ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാതെ കനംതിങ്ങിയ മുഖവുമായി മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ്‌ ബില്‍ഡിംഗില്‍ ചടഞ്ഞുകൂടി. ഇതും കേന്ദ്ര നേതൃത്വത്തിനെതിരായ പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ദിവസങ്ങള്‍ കഴിയുമ്പോള്‍ ചിത്രം മാറി. സി പി എമ്മിന്റെ ജില്ലാ ഘടകങ്ങളില്‍ നിന്ന്‌ പരാജയം വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. സംസ്ഥാന സമിതി കൂടി. പ്രാദേശിക വിഷയങ്ങള്‍ പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും തോല്‍വിക്ക്‌ കാരണമായെന്ന്‌ അവര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍, പാര്‍ട്ടിയുടെയും മുന്നണിയുടെയും നിയന്ത്രണത്തിലുള്ള പഞ്ചായത്ത്‌, മുനിസിപ്പല്‍ ഭരണകൂടങ്ങള്‍ എന്നിവയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകള്‍ തോല്‍വിക്ക്‌ കാരണമായെന്ന്‌ സംസ്ഥാന സമിതി വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ അവര്‍ ജനങ്ങളെ അറിയിച്ചു. ജനങ്ങള്‍ക്ക്‌ അപ്രീതിയുണ്ടാക്കിയ ഘടകങ്ങളില്‍ തിരുത്തലുകളുണ്ടാവുമെന്നും പാവപ്പെട്ടവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അവര്‍ അറിയിച്ചു. പരാജയകാരണങ്ങള്‍ കൂടുതല്‍ പഠിക്കാനും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കാനും അടുത്തമാസം സംസ്ഥാന സമിതി ചേരാനും തീരുമാനിച്ചു. ഇതെല്ലാം ഔദ്യോഗികമായി സി പി എം നേതൃത്വം അറിയിച്ച കാര്യങ്ങളാണ്‌. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ കുറ്റസമ്മതം നടത്തിയെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ട്‌. സിംഗൂരിലും നന്ദിഗ്രാമിലും അടക്കം ഭൂമി ഏറ്റെടുക്കുന്നതിന്‌ സ്വീകരിച്ച നടപടികള്‍ തോല്‍വിക്ക്‌ മുഖ്യ കാരണമായെന്ന്‌ അദ്ദേഹം സംസ്ഥാന സമിതിയില്‍ സമ്മതിച്ചുവത്രെ. വേണ്ടത്ര ആലോചിക്കാതെ, ധൃതിപിടിച്ച്‌ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ്‌ പാളിച്ചയായി ബുദ്ധദേവ്‌ പറഞ്ഞത്‌. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ വെറും പറച്ചിലില്‍ നില്‍ക്കുന്നില്ല, പ്രവൃത്തിപഥത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഖരഗ്‌പൂരില്‍ വാണിജ്യ, കായിക സമുച്ചയം നിര്‍മിക്കുന്നതിന്‌ 120 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ബംഗാള്‍ മന്ത്രിസഭ റദ്ദാക്കി. വ്യവസായവത്‌കരണത്തിന്‌ വേഗം കൂട്ടാന്‍ രൂപവത്‌കരിച്ച ലാന്‍ഡ്‌ യൂസ്‌ ബോര്‍ഡ്‌ വ്യവസായ മന്ത്രി നിരുപം സെന്നില്‍ നിന്ന്‌ ഭൂവിനിയോഗവകുപ്പിന്റെ ചുമതലയുള്ള അബ്‌ദുര്‍ റസാഖ്‌ മുല്ലയുടെ പക്കലേക്ക്‌ തിരിച്ച്‌ നല്‍കുകയും ചെയ്‌തു. ഇതുകൊണ്ട്‌ എല്ലാമായെന്നോ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള ഊര്‍ജം സി പി എമ്മിനും ഇടതുമുന്നണിക്കും ഉണ്ടാവുമെന്നോ അര്‍ഥമില്ല. പക്ഷേ, ചിലത്‌ തുടങ്ങിവെക്കാനെങ്കിലും തയ്യാറാവുന്നു എന്നത്‌ കാണാതിരിക്കാനാവില്ലെന്ന്‌ മാത്രം. ഭൂമിയുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങള്‍ തനിക്ക്‌ ഇനി ലഭിക്കാനിടയില്ലെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി പോലും ഉറപ്പിച്ചിരിക്കുന്നു. സിംഗൂരില്‍ ഏറ്റെടുത്തതില്‍ 400 ഏക്കര്‍ കര്‍ഷകര്‍ക്ക്‌ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട്‌ തൃണമൂല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ അവര്‍ പ്രഖ്യാപിച്ചത്‌ അതിനാലാണ്‌. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രശ്‌നങ്ങള്‍ സജീവമാക്കി നിലനിര്‍ത്തുകയും ബംഗാളിന്റെ മുഖ്യമന്ത്രിയാവുക എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാത്‌കരിക്കുകയും ചെയ്യുക എന്നതാണ്‌ മമതയുടെ ലക്ഷ്യം. ആ ലക്ഷ്യം കണക്കിലെടുത്താല്‍ മമതയുടെ രാഷ്‌ട്രീയത്തെ കുറ്റം പറയാനാവില്ല. ഇവിടെ കേരളത്തിലേക്ക്‌ വരുമ്പോള്‍ സി പി എമ്മിലെ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. തിരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പരാജയത്തിന്റെ മുന്നിലും അണ്ടിയാണോ മാങ്ങയാണോ മൂത്തത്‌ എന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറല്ല. കനമേറിയ പരാജയത്തെ ആര്‍ത്തു ചിരിച്ച്‌ സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍. തോല്‍വിയുടെ ഉത്തരവാദിത്തം വി എസ്സിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൂട്ടരും. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്‌ ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ വി എസ്‌ അച്യുതാനന്ദനും പിണറായി വിജയനും ഒരേ ഗ്രൂപ്പിലായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അമ്പേ പരാജയപ്പെടുകയും മലമ്പുഴയില്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാവുകയും ചെയ്‌തപ്പോള്‍ സി പി എം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസിലെ മുറിയില്‍ തളര്‍ന്നു കിടക്കുകയായിരുന്നു വി എസ്‌. തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം താത്‌പര്യം പ്രകടിപ്പിച്ചില്ല. ഇക്കുറി കനത്ത പരാജയം നേരിട്ടപ്പോള്‍ അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതികരണം അറിയിച്ചു, പതിവിലേറെ ഉല്ലാസവാനായി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും ഭേദപ്പെട്ട നില കൈവരിച്ചിരുന്നുവെങ്കില്‍ തന്റെ മുഖ്യമന്ത്രിക്കസേരക്ക്‌ ഇളക്കമുണ്ടാവുമെന്ന്‌ അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. അതുണ്ടായില്ലല്ലോ എന്ന ആഹ്ലാദമാണ്‌ മുഖത്ത്‌ നിറഞ്ഞത്‌. തിരഞ്ഞെടുപ്പു ഫലം വരുന്നതിന്‌ മുമ്പു തന്നെ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ വിളിച്ചുകൂട്ടി മുഖ്യമന്ത്രി മാറണമെന്ന ചര്‍ച്ച ഉയര്‍ത്തിയ പിണറായി വിജയനും കൂട്ടരും ഈ ചിരിയിലേക്ക്‌ ചെയ്‌ത സംഭാവന കുറവല്ല തന്നെ. ഒടുവില്‍ ലെനിനിസ്റ്റ്‌ സംഘടനാരീതികള്‍ ലംഘിക്കപ്പെട്ടത്‌ ചൂണ്ടിക്കാട്ടി വി എസ്‌ കുറ്റവാളി തന്നെഎന്ന്‌ ഉറപ്പിക്കുകയും ചെയ്യുന്നു പാര്‍ട്ടി നേതൃത്വം.ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ പിന്തുണ നഷ്‌ടപ്പെട്ടത്‌, പി ഡി പിക്കും മഅ്‌ദനിക്കും മുസ്‌ലിം വോട്ടുകള്‍ വേണ്ടത്ര ഇടതുമുന്നണിയുടെ പെട്ടിയിലെത്തിക്കാന്‍ കഴിയാതിരുന്നത്‌, വിഭാഗീയത മൂലം വോട്ട്‌ ചോര്‍ന്നത്‌, മാധ്യമങ്ങള്‍ ഒന്നിച്ചെതിര്‍ത്തത്‌ തുടങ്ങിയ കാരണങ്ങളാണ്‌ തോല്‍വിയിലേക്ക്‌ നയിച്ചതെന്നാണ്‌ സി പി എം ഇപ്പോള്‍ വിലയിരുത്തുന്നത്‌. ഇതെല്ലാം കാരണങ്ങളാവാം. അതിലും പ്രധാനം പൊതു സമൂഹത്തിന്‌ സി പി എമ്മിലും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിലുമുണ്ടായ അവിശ്വാസമാണ്‌ പ്രതിഫലിച്ചത്‌. അതിന്‌ കാരണക്കാര്‍ പാര്‍ട്ടിയും മന്ത്രിസഭയിലുള്ളവരും മാത്രവുമാണ്‌. കര്‍ഷകര്‍ക്ക്‌ ആശ്വാസമെത്തിക്കാന്‍ കടാശ്വാസ കമ്മീഷന്‍, ക്ഷേമപെന്‍ഷനുകളില്‍ വരുത്തിയ വര്‍ധന, അത്‌ കൃത്യമായി നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായ പുരോഗതി, ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ കിലോക്ക്‌ രണ്ടു രൂപക്ക്‌ അരി നല്‍കുന്നത്‌ എന്നു തുടങ്ങി സ്വാഗതാര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാറിന്റെ കാലത്തുണ്ടായി. എന്നിട്ടും ജനങ്ങള്‍ എന്തുകൊണ്ട്‌ പിന്തുണക്കുന്നില്ല എന്നതാണ്‌ ആലോചിക്കേണ്ടത്‌. ജനങ്ങള്‍ക്കു മുന്നില്‍ പ്രകടമായുണ്ടായത്‌ വിവാദങ്ങളും തര്‍ക്കങ്ങളുമാണ്‌. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയാണ്‌. സി പി എം നേതൃത്വം വിശ്വസിക്കാത്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രി വിശ്വസിക്കാത്ത പാര്‍ട്ടി നേതൃത്വവുമാണ്‌. വിവാദങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനല്ല, അത്‌ കൂടുതല്‍ സജീവമായി നിര്‍ത്താനാണ്‌ പലപ്പോഴും വി എസ്‌ ശ്രമിച്ചത്‌. മെര്‍ക്കിസ്റ്റണ്‍, ഐ എസ്‌ ആര്‍ ഒ ഭൂമി, എച്ച്‌ എം ടി ഭൂമി, കവിയൂര്‍ - കിളിരൂര്‍ കേസ്‌ ഫയല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തെ പ്രതിനിധീകരിക്കാനല്ല, മറിച്ച്‌ സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌ എന്നത്‌ വ്യക്തം. ഈ പ്രശ്‌നങ്ങളിലൊക്കെ മുഖ്യമന്ത്രിയെക്കൂടി വിശ്വാസത്തിലെടുത്ത്‌ ചര്‍ച്ചകള്‍ നടത്താനോ ന്യായയുക്തമായ ഒരു തീരുമനമുണ്ടാക്കാനോ പാര്‍ട്ടി നേതൃത്വവും ശ്രമിച്ചില്ല. മുഖ്യമന്ത്രിയുടെ നിലപാടിന്റെ എതിര്‍ സ്ഥാനത്താണ്‌ തങ്ങള്‍ എന്ന സൂചന പലപ്പോഴും നല്‍കുകയും ചെയ്‌തു. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച്‌ ബംഗാളിലെ കിസാന്‍ സഭാ (സി പി എമ്മിന്റെ കീഴിലുള്ള കര്‍ഷക സംഘടന) നേതാക്കള്‍ നല്‍കിയ വിശദീകരണം ഇവിടെ ശ്രദ്ധേയമാണ്‌. സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവ്‌ സര്‍ക്കാര്‍ തീരുമാനിക്കും മുമ്പ്‌ കിസാന്‍ സഭയുമായി ആലോചിച്ചില്ല. അത്തരമൊരു ആലോചന നടന്നിരുന്നുവെങ്കില്‍ കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കാന്‍ കഴിയുമായിരുന്നു. തിരിച്ചടിയുടെ ആഘാതം കുറക്കാനും കഴിഞ്ഞേനെ. കേരളത്തിലെ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ കാര്യം എടുക്കുക. പാര്‍ട്ടിയെയും മുന്നണി ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്തല്ല മൂന്നാറില്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനും തീരുമാനിച്ചത്‌. അതുകൊണ്ടാണ്‌ വി എസിന്റെ ഫസ്റ്റ്‌ ലെഫ്‌റ്റനന്റുമാരില്‍ ഒരാളായിരുന്ന സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി അദ്ദേഹത്തിനെതിരെ തിരിഞ്ഞത്‌. ഇടിഞ്ഞത്‌ വന്‍കിട കയ്യേറ്റക്കാരുടെ കെട്ടിടങ്ങളായിരിക്കാം. പക്ഷേ, ഇതു കഴിഞ്ഞാല്‍ തങ്ങളുടെ ഭൂമി കൂടി നഷ്‌ടമാവുമെന്ന ഭീതിയാണ്‌ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും ചെറുകിട, നാമമാത്ര കയ്യേറ്റക്കാരിലുണ്ടായത്‌. അല്ലെങ്കില്‍ അത്തരം ഭീതി ആസൂത്രിതമായി സൃഷ്‌ടിക്കപ്പെട്ടു. പാര്‍ട്ടിയിലും മുന്നണിയിലും ആലോചിച്ച്‌ ആസൂത്രിതമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ജനങ്ങളെ ബോധവത്‌കരിക്കാനും വന്‍കിടക്കാര്‍ കയ്യേറിയ ഭൂമി പൂര്‍ണമായും ഒഴിപ്പിച്ചെടുക്കാനും കഴിയുമായിരുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെ കയ്യേറ്റങ്ങളും ഒഴിപ്പിച്ചെടുക്കാമായിരുന്നു. പക്ഷേ, എല്ലാം അവസാനിച്ചു. പൊളിച്ചതിന്റെ ക്രഡിറ്റിനെച്ചൊല്ലി പാര്‍ട്ടി നേതൃത്വവും വി എസും നടത്തിയ തര്‍ക്കം മാത്രം ജനങ്ങളുടെ മുന്നില്‍ ബാക്കിയായി. ബംഗാളിലെ കിസാന്‍ സഭാ നേതാക്കള്‍ ചെയ്‌തതുപോലെ വൈകിയെങ്കിലും വസ്‌തുതകള്‍ തുറന്നു പറയാനും അത്‌ സ്വീകരിക്കാനും ഇവിടെ ആരും തയ്യാറല്ല. ഇവിടെ ഇപ്പോഴും ഇടതുപക്ഷത്തെ ആസൂത്രിതമായി തോല്‍പ്പിക്കാനുള്ള അമേരിക്കന്‍ ശ്രമം വിശദീകരിച്ച്‌ സംതൃപ്‌തിയടയുകയാണ്‌ ജയരാജന്‍മാര്‍. കുത്തകകളെ ചെറുക്കുകയും സാമ്രാജ്യത്വത്തിനെതിരെ നിലപാടെടുക്കുകയും ചെയ്യുമ്പോഴും വികസനത്തെക്കുറിച്ച കാഴ്‌ചപ്പാടുണ്ടാവേണ്ടത്‌ അനിവാര്യമാണ്‌. കേരളത്തിന്റെ താത്‌പര്യങ്ങള്‍ ഉറപ്പാക്കുന്ന വ്യവസ്ഥകളുമായി സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ ടീകോമിനെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ കഴിഞ്ഞെന്നാണ്‌ വി എസും മറ്റും പറഞ്ഞിരുന്നത്‌. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പ്രദേശത്ത്‌ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതം മാത്രം തുടരുന്നു. സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാവുമെന്ന ഒരുറപ്പും സര്‍ക്കാറിന്‌ നല്‍കാന്‍ കഴിയുന്നില്ല. വിട്ടുവീഴ്‌ചകള്‍ ചെയ്‌തായാലും പദ്ധതി നടപ്പാക്കുന്ന ഉമ്മന്‍ ചാണ്ടിയാണ്‌ ഭേദമെന്ന്‌ യുവാക്കളെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. സര്‍ക്കാറിന്റെ സ്ഥിതി ഇതാണെങ്കില്‍ പാര്‍ട്ടിയുടെ സ്ഥിതിയും മെച്ചമല്ല. സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന്‌ ദേശാഭിമാനിക്കു വേണ്ടി വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സി പി എം തീരുമാനിച്ചു. അപ്പോഴും ചെയ്‌തത്‌ തെറ്റായിപ്പോയെന്ന തോന്നല്‍ വാങ്ങിയ നേതാവിനുണ്ടായില്ല. ഞങ്ങള്‌ വാങ്ങി, ശരിയല്ലെന്ന്‌ കണ്ടപ്പോള്‍ തിരിച്ചുകൊടുത്തു. അതിന്‌ നിങ്ങള്‍ക്കെന്ത്‌ ചേതം എന്ന മട്ടിലായിരുന്നു അന്നുണ്ടായ പ്രതികരണം. പ്രതികരണം മാധ്യമങ്ങളോടായിരുന്നുവെങ്കിലും അത്‌ കണ്ട ജനം തങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി. മറ്റ്‌ വിമര്‍ശനങ്ങളോടും അസഹിഷ്‌ണുത പ്രകടമായിരുന്നു. ഞങ്ങളുടെ പാര്‍ട്ടി, ഞങ്ങളുടെ പാര്‍ട്ടി എന്ന്‌ ഈ നേതാക്കള്‍ ആവര്‍ത്തിച്ചതു മുഴുവന്‍ അല്‍പ്പം ധാര്‍മികത നിലനില്‍ക്കുകയും അഴിമതിക്കും വര്‍ഗീയതക്കുമെതിരെ നിലപാടെടുക്കുകയും ചെയ്യുമെന്ന്‌ ജനം കരുതുന്ന പാര്‍ട്ടിയെക്കുറിച്ചാണെന്ന്‌ നേതാക്കള്‍ ഓര്‍ത്തില്ല. പരാജയം വിലയിരുത്തുമ്പോഴും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാനും ഇടയില്ല. കാരണം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മാത്രമേ ഇവിടുത്തെ നേതാക്കള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അപ്പോഴേക്കും അടുത്ത യു ഡി എഫ്‌ മന്ത്രിസഭ കാര്യങ്ങള്‍ ഇടതുപക്ഷത്തിന്‌ പരുവപ്പെടുത്തിയിരിക്കും. എതിരാളികളുടെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിജയം കൊയ്യാന്‍ കാത്തിരിക്കുന്നവരായി സി പി എം മാറിയിരിക്കുന്നുവെന്ന്‌ ചുരുക്കം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്‌ അവരുടെ വിശ്വാസം നേടിയെടുത്ത്‌ വിജയിക്കണമെങ്കില്‍ കുറച്ചേറെ മിനക്കെടേണ്ടതുണ്ട്‌. അതിനാണ്‌ ബംഗാളിലെ പാര്‍ട്ടിയുടെ ശ്രമം. അവര്‍ക്ക്‌ 2011ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തണമെന്ന ആഗ്രഹമെങ്കിലുമുണ്ട്‌. ഇപ്പോഴാരംഭിച്ചിരിക്കുന്ന നടപടികള്‍ തുടരുകയും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുകയും ചെയ്‌താല്‍ അത്‌ അസംഭവ്യവുമല്ല.

2009-05-22

യാങ്കീദാസ്യം തുടരുമോ?


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയാണ്‌. അഞ്ചു വര്‍ഷം മുമ്പ്‌ യു പി എ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോഴുണ്ടായിരുന്ന ദൗര്‍ബല്യമോ ഉത്‌കണ്‌ഠകളോ മന്‍മോഹനോ കോണ്‍ഗ്രസിനോ ഇക്കുറിയില്ല. അന്ന്‌ ലാലു പ്രസാദ്‌ യാദവ്‌, രാം വിലാസ്‌ പാസ്വാന്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കളെ പിണക്കാതെ നോക്കേണ്ട ബാധ്യതയുണ്ടായിരുന്നു. പുറത്തുനിന്ന്‌ പിന്തുണക്കുന്ന ഇടതുപാര്‍ട്ടികള്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും തുടര്‍ നടപടികള്‍ക്ക്‌ ഉയര്‍ത്തിയേക്കാവുന്ന തടസ്സങ്ങളും അന്ന്‌ അലട്ടിയിരുന്നു. ഇത്തരം കെട്ടുപാടുകളില്ലാതെയാണ്‌ മന്‍മോഹന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്‌. പുതിയ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷകളുണ്ടെന്നും അത്‌ നിറവേറ്റാന്‍ പാകത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ അംഗങ്ങളുടെ പ്രഥമ യോഗത്തില്‍ പ്രധാനമന്ത്രി തന്നെ പറയുകയുണ്ടായി. സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുക, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുക എന്നിവക്കായിരിക്കും പ്രഥമ പരിഗണനയെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. 206 എന്ന മോശമല്ലാത്ത അംഗ സംഖ്യ കോണ്‍ഗ്രസിന്‌ നല്‍കുകയും യു പി എക്ക്‌ സര്‍ക്കാറുണ്ടാക്കാന്‍ വഴിയൊരുക്കുകയും ചെയ്‌ത വോട്ടര്‍മാര്‍ക്ക്‌ തീര്‍ച്ചയായും പ്രതീക്ഷകളുണ്ടാവും. അതുപോലെ തന്നെ ആശങ്കകളും. ഇതു രണ്ടും മന്‍മോഹന്‍ സിംഗ്‌ സൂചിപ്പിച്ച സാമ്പത്തിക, സുരക്ഷാ മേഖലകളെ ചുറ്റിപ്പറ്റിത്തന്നെയാണ്‌.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുന്നതിന്‌ മുഖ്യപരിഗണന നല്‍കുമെന്ന്‌ പറഞ്ഞപ്പോള്‍ തന്നെ അതിനായി കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പരിഷ്‌കരണങ്ങളുടെ സ്വഭാവമെന്തായിരിക്കുമെന്നതിലാണ്‌ ആദ്യത്തെ ആശങ്ക. കോണ്‍ഗ്രസും ഘടക കക്ഷികളും ഇടതുപാര്‍ട്ടികളും ചേര്‍ന്ന്‌ ആലോചിച്ച്‌ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഭരണം നടത്തിയത്‌. കോണ്‍ഗ്രസും പ്രത്യേകിച്ച്‌ മന്‍മോഹന്‍ സിംഗും പി ചിദംബരവും സാമ്പത്തിക നയങ്ങളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെ പ്രതിരോധിക്കാന്‍ പൊതുമിനിമം പരിപാടിയില്‍ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ ശ്രദ്ധിച്ചിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കില്ലെന്നത്‌ അതില്‍ ഒന്നായിരുന്നു. പക്ഷേ, അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മന്‍മോഹനും ചിദംബരവും ശ്രമിച്ചത്‌ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും നവരത്‌ന പദവി നല്‍കി രാജ്യം കാത്തുസൂക്ഷിക്കുന്നതുമായ ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ ലിമിറ്റഡിന്റെ (ഭെല്‍) പത്തു ശതമാനം ഓഹരി വിറ്റഴിക്കാനാണ്‌. ഭെല്ലിന്റെ ഓഹരി വിറ്റാല്‍ പിന്തുണയുണ്ടാവില്ലെന്ന്‌ ഇടതുപാര്‍ട്ടികള്‍ ഭീഷണി മുഴക്കിയപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറായി. ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാനുള്ള നിര്‍ദേശം ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ സന്നദ്ധമായ പി ചിദംബരം മറ്റൊരു സൗജന്യം ഇടതു പാര്‍ട്ടികളില്‍ നിന്ന്‌ നേടിയെടുത്തു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന്‌ 49 ആക്കി ഉയര്‍ത്താനുള്ള നിര്‍ദേശം, ബാങ്കിംഗ്‌ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദേശം, ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദേശം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഇക്കാലത്ത്‌ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, ഇടതു പാര്‍ട്ടികളുടെ എതിര്‍പ്പ്‌ മൂലം ഇതുമായി കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന്‌ തുടക്കം കുറിച്ച്‌ അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വന്‍കിട ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ പിടിച്ചുനിന്നത്‌ അവയുടെ പൊതുമേഖലാ സ്വഭാവം നിലനിന്നതുകൊണ്ടാണെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളില്‍ ഇന്‍ഷ്വറന്‍സ്‌ സ്ഥാപനങ്ങള്‍ പാപ്പര്‍ ഹരജികളുമായി രംഗത്തെത്തിയപ്പോള്‍ ഇന്ത്യയില്‍ അവ പിടിച്ചു നിന്നത്‌ എല്‍ ഐ സി എന്ന സ്ഥാപനം സര്‍ക്കാറിന്റെ കീഴില്‍ ഉരുക്കുതൂണ്‍ പോലെ ഉണ്ടായിരുന്നതുകൊണ്ടാണെന്നും വിലയിരുത്തലുണ്ടായി. ഇത്‌ ഏറെക്കുറെ ശരിയാണ്‌ താനും. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഏറ്റുവാങ്ങിയെങ്കിലും ബാങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ രംഗത്തെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിച്ചത്‌ ഇടതുപാര്‍ട്ടികളുടെ ശരിയായ നിലപാടും ഇടപെടലും കൊണ്ടാണെന്ന്‌ പറയാതിരിക്കാനാവില്ല.


കോണ്‍ഗ്രസിന്‌ 206 എന്ന താരതമ്യേന ഭേദപ്പെട്ട അംഗസംഖ്യ ഉണ്ടാവുകയും ഘടക കക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാവുകയും ചെയ്‌തതോടെ നിയന്ത്രണങ്ങളുടെ ചരട്‌ ഇല്ലാതാവുകയാണ്‌. പരിഷ്‌കാര നടപടികളെ പിന്തുണക്കുന്നവയാണ്‌ നിലവിലുള്ള ഘടകകക്ഷികളെല്ലാം. പരിഷ്‌കരണ നടപടികളുണ്ടാവുമെന്ന്‌ പ്രധാനമന്ത്രി തന്നെ പറയുമ്പോള്‍ കൂടുതല്‍ തുറന്നുനല്‍കലുകള്‍ ഉണ്ടാവുമെന്ന്‌ തന്നെ കരുതണം. അത്‌ മൂലധന ശക്തികള്‍ പ്രതീക്ഷിക്കുന്നുമുണ്ട്‌. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറുണ്ടാവുമെന്ന്‌ ഉറപ്പായതിനു ശേഷം ഓഹരി വിപണി തുറന്നപ്പോള്‍ അമ്പത്‌ സെക്കന്റു കൊണ്ട്‌ ആറു ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുകയും പോയിന്റ്‌ നിലയില്‍ വന്‍ കുതിപ്പുണ്ടാവുകയും ചെയ്‌തത്‌ ഈ പ്രതീക്ഷകളുടെ പ്രതിഫലനമാണ്‌. ഇവരുടെ പ്രതീക്ഷകള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത മന്‍മോഹനുണ്ട്‌. കാരണം പതിനായിരം കോടിയോളം വരുന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കിയവര്‍ ഊഹ വിപണിയിലെ സാമ്രാട്ടുകളാണ്‌. മാത്രമല്ല, സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതിലുപരി സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുക എന്ന്‌ ലക്ഷ്യമിടുമ്പോള്‍ ഓഹരി വിപണികളിലെ സൂചികകള്‍ ഉയര്‍ന്നു നില്‍ക്കേണ്ടത്‌ അനിവാര്യമാണ്‌. ധന, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ വളര്‍ച്ചയാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏഴിനും ഒമ്പതിനും ഇടക്ക്‌ വളര്‍ച്ചാ നിരക്ക്‌ നേടാന്‍ ഇന്ത്യയെ സഹായിച്ചത്‌.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിക്കൊണ്ടും ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുമുള്ള തീരുമാനങ്ങള്‍ അധികം വൈകാതെയുണ്ടാവും. പുതിയ ബജറ്റില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്‌. 35,000 കോടി ഡോളറിന്റെ മൂല്യമുണ്ടെന്ന്‌ ആഗോള കുത്തകകള്‍ കണക്കാക്കുന്ന ഇന്ത്യന്‍ ചില്ലറ വിപണി 2015 ആവുമ്പോഴേക്കും ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്നാണ്‌ അവരുടെ പ്രതീക്ഷ. തങ്ങള്‍ക്ക്‌ ലാഭം കൊയ്യാനുള്ള ഏറ്റവും വലിയ കമ്പോളമായും ആഗോള കുത്തകകള്‍ ഇതിനെ കാണുന്നു. ഇത്‌ തുറന്നു നല്‍കുന്നതോടെ നമ്മുടെ ചെറുകിട കച്ചവടക്കാര്‍ അപ്രത്യക്ഷരാവും. വന്‍കിടക്കാരുടെ ഷോപ്പിംഗ്‌ മാളുകളില്‍ എടുത്തുകൊടുപ്പുകാരായി ഇവര്‍ മാറേണ്ടിവരും. ഇത്തരം തുറന്നു നല്‍കലുകള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ആഗോള സാമ്പത്തിക ശക്തികളെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയും ബ്രിട്ടനും ജര്‍മനിയും സമ്മര്‍ദം ചെലുത്തുമെന്ന്‌ ഉറപ്പ്‌. പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ അവര്‍ ലക്ഷ്യമിടുന്നത്‌ ഇന്ത്യയുടെയും ചൈനയുടെയും കമ്പോളങ്ങളെയാണ്‌. ധനക്കമ്മിയും വരുമാനക്കമ്മിയും ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ പണം സമാഹരിക്കുമെന്ന്‌ ബജറ്റിനു മുന്നോടിയായി നടത്തുന്ന ചര്‍ച്ചകളില്‍ കേന്ദ്ര റവന്യൂ സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്‌. അഞ്ചു വര്‍ഷത്തിനപ്പുറം ഇന്ത്യയില്‍ പൊതുമേഖല എന്നൊന്ന്‌ ഉണ്ടാവുമോ എന്നത്‌ സംശയമാണ്‌.


ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയുണ്ടാവുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ പറയുമ്പോള്‍ അതിലെ അമേരിക്കന്‍ പങ്കിനെക്കുറിച്ചും വിദേശ നയത്തില്‍ ഉണ്ടാവാന്‍ പോവുന്ന വലിയ മാറ്റത്തെക്കുറിച്ചുമാണ്‌ ആശങ്ക ഉയരുന്നത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാവും സര്‍ക്കാര്‍ ആദ്യം ശ്രമിക്കുക. ഇതിനൊപ്പം അമേരിക്ക മുന്നോട്ടുവെച്ച മൂന്ന്‌ പ്രതിരോധ കരാറുകള്‍ അംഗീകരിക്കേണ്ടിവരും. ആയുധങ്ങളെ സംബന്ധിച്ച രഹസ്യം സൂക്ഷിക്കുന്നതിനുള്ളതാണ്‌ ഒരു കരാര്‍. അമേരിക്കയില്‍ നിന്ന്‌ വാങ്ങുന്ന ആയുധങ്ങള്‍ നിര്‍ദിഷ്‌ട ആവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്താന്‍ യു എസ്‌ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്‌ അനുമതി നല്‍കുന്നതാണ്‌ മറ്റൊന്ന്‌. അമേരിക്കയുടെ പോര്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുന്നതാണ്‌ മൂന്നാമത്തേത്‌. രണ്ടും മൂന്നും കരാറുകള്‍ ഇന്ത്യന്‍ താത്‌പര്യങ്ങള്‍ക്ക്‌ ഏറെ ദോഷകരമാവും. ഇന്ത്യയുടെ ആയുധ ശേഖരം അമേരിക്കക്കു മുന്നില്‍ തുറന്നിടുന്നതാണ്‌ രണ്ടാമത്തെ കരാര്‍. മുന്നാമത്തേതില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമായാല്‍ ദശകങ്ങളായി ഇന്ത്യയുമായി സൗഹൃദം പങ്കുവെക്കുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ അപ്രീതി ഏറ്റുവാങ്ങുകയാവും ഫലം.


ഇന്ത്യയില്‍ ഏതു സര്‍ക്കാറാണ്‌ അധികാരത്തില്‍ വരുന്നത്‌ എന്നതിനെക്കൂടി ആശ്രയിച്ചാണ്‌ അഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും `ഭീകരരെ' ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട്‌ ഒബാമ പ്രഖ്യാപിച്ച നയം നടപ്പാക്കാനുള്ള രീതി തീരുമാനിക്കുക എന്ന്‌ യു എസ്‌ ഉദ്യോഗസ്ഥര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്‌. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും ഭരണത്തില്‍ തുടരുമോ എന്ന്‌ കാത്തിരിക്കുകയായിരുന്നു അവര്‍. മന്‍മോഹന്‍ തിരിച്ചെത്തിയില്ലെങ്കിലും തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ദീര്‍ഘ വീക്ഷണം യു എസ്‌ ഭരണകൂടത്തിനുണ്ടായിരുന്നു. ബി ജെ പി നേതാവ്‌ എല്‍ കെ അഡ്വാനിയെയും ടി ഡി പി നേതാവ്‌ ചന്ദ്രബാബു നായിഡുവിനെയും കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ നിയോഗിച്ചത്‌ അതുകൊണ്ടാണ്‌. മന്‍മോഹന്‍ സിംഗ്‌ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പോര്‍ വിമാനങ്ങള്‍ക്കും മറ്റും ഇന്ധനം നിറക്കാനുള്ള കരാര്‍ വൈകാതെ പ്രാബല്യത്തിലാവുമെന്ന്‌ അമേരിക്ക പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കില്‍ ഇന്ത്യ എന്ന താവളം മുന്നില്‍ക്കണ്ട്‌ അഫ്‌ഗാനിലും പാക്കിസ്ഥാനിലും എങ്ങനെ ആക്രമണം നടത്തണമെന്ന്‌ തീരുമാനിക്കാം. ഈ അനുമതി നല്‍കുകയും സാമ്പത്തികം, സുരക്ഷ, വിദേശനയം എന്നിവയില്‍ കൂടുതല്‍ അമേരിക്കന്‍ അനുകൂല നിലപാട്‌ തുടരുകയും ചെയ്‌താല്‍ ഭാവിയില്‍ ഇന്ത്യക്ക്‌ ദോഷമേ ചെയ്യൂ എന്നത്‌ ഉറപ്പാണ്‌. ഇസ്‌റാഈലുമായി കൂടുതല്‍ സഹകരിക്കുക കൂടി ചെയ്‌താല്‍ മാറ്റം പൂര്‍ണവുമാകും. അമേരിക്കയുടെ തീയുണ്ടകളെ അതിജീവിച്ച്‌ അധിനിവേശ വിരുദ്ധ പോരാളികള്‍ സജീവമാണ്‌. കൊല്ലപ്പെടുന്നതിലും അധികം പേര്‍ പോരാട്ടത്തിന്‌ സന്നദ്ധരാവുന്നുമുണ്ട്‌. അമേരിക്ക മാത്രമല്ല, അവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യുന്ന രാജ്യങ്ങളും പോരാളികള്‍ ലക്ഷ്യമിടും. അതുകൊണ്ടുതന്നെ നയം മാറ്റം സൂക്ഷിച്ചായില്ലെങ്കില്‍ അല്‍ഖാഇദ, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി നമ്മുടെ രാജ്യം മാറും. ഇത്തരം സംഘടനകള്‍ക്ക്‌ വേരുമുളക്കാനും സ്വാധീനമുറപ്പിക്കാനും പറ്റുന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ച ശേഷം പിന്നീട്‌ ഭീകരാക്രമണം എന്ന്‌ വിലപിക്കുന്നതില്‍ അര്‍ഥമുണ്ടാവില്ല.


സോവിയറ്റ്‌ യൂണിയന്റെ കാലത്ത്‌ ആ ചേരിയോട്‌ ചാഞ്ഞു നിന്നിരുന്നു ഇന്ത്യ. അന്നാണ്‌ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തമുണ്ടാക്കുന്നത്‌. ആയുധങ്ങളും പണവും നല്‍കി പാക്കിസ്ഥാനെ അവര്‍ പിന്തുണച്ചു. പാക്കിസ്ഥാനില്‍ വന്ന ഭരണകൂടങ്ങള്‍(അത്‌ ജനായത്ത രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതായാലും പട്ടാള മേധാവികളുടെ നേതൃത്വത്തിലുണ്ടായ ഏകാധിപത്യമായാലും) അമേരിക്കയുടെ ഇംഗിതങ്ങള്‍ സാധിച്ചു കൊടുത്തു. 2001ല്‍ അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം ആരംഭിച്ചപ്പോള്‍ ഏറെ പിന്തുണച്ചത്‌ മുശര്‍റഫിന്റെ നേതൃത്വത്തിലുള്ള പാക്‌ ഭരണകൂടമായിരുന്നു. അഫ്‌ഗാന്‍ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക്‌ താലിബാന്‍ സ്വാധീനം വളര്‍ന്നതിനു പിന്നില്‍ മുശര്‍റഫിന്റെ ഈ നയത്തിനുള്ള സ്ഥാനം ചെറുതല്ല. അഫ്‌ഗാന്റെ അതിര്‍ത്തി പ്രദേശത്തേക്കെന്ന വ്യാജേന പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണങ്ങള്‍ നടത്തുക കൂടി ചെയ്‌തതോടെ അധിനിവേശത്തിനെതിരെ ഉണര്‍ന്ന പാക്‌ ജനത മുന്നില്‍ കണ്ട വഴി താലിബാനായിരുന്നു. ഇന്ന്‌ `ഭീകരതക്കെതിരായ യുദ്ധ'ത്തില്‍ അമേരിക്കയുടെ മുഖ്യലക്ഷ്യം പാക്കിസ്ഥാനാണ്‌.


ഇറാഖിലെ സദ്ദാം ഭരണകൂടം സാമ്പത്തിക, സാമൂഹിക മേഖലയില്‍ ആരംഭിച്ച പരിഷ്‌കരണ നടപടികളെ അമേരിക്ക ഒരു കാലത്ത്‌ പ്രശംസിച്ചിരുന്നു. 1980കളിലെ ഇറാഖ്‌- ഇറാന്‍ യുദ്ധകാലത്ത്‌ ഇറാഖിനെ ആയുധവും പണവും നല്‍കി സഹായിക്കുകയും ചെയ്‌തു. ഒന്നര ദശകം കഴിഞ്ഞപ്പോള്‍ അമേരിക്കക്കു മുന്നില്‍ ഇറാഖ്‌ ഭീകരരാജ്യമായി. മാരകായുധങ്ങള്‍ ശേഖരിച്ച്‌ ലോകത്തിന്‌ ഭീഷണിയുയര്‍ത്തുന്നതായി സദ്ദാം ഹുസൈന്‍ ഭരണകൂടം. അവിടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഒഴുകിയ ചോര ഇനിയും ഉണങ്ങിയിട്ടില്ല. ചരിത്രം ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്‍മോഹന്‍ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാണ്‌. അടുത്ത അഞ്ചുവര്‍ഷം നിര്‍ണായകമാണെന്നും `മാറ്റത്തിന്റെ വണ്ടി' നഷ്‌ടപ്പെടുത്താനാവില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. നിര്‍ണായകമായ മാറ്റത്തിന്റെ വണ്ടി അടുത്ത തലമുറക്ക്‌ തീയുണ്ടകളും തോക്കുകളും നല്‍കുന്നതും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ദുരിതങ്ങള്‍ സമ്മാനിക്കുന്നതും ആവരുതേ എന്ന്‌ പ്രാര്‍ഥിക്കുക.

2009-05-21

വിലപേശലും വിശ്വാസ്യതയും


ഇന്ത്യന്‍ ജനാധിപത്യത്തിലെ മറ്റൊരു ഉത്സവ കാലം അവസാനിച്ചു. ഇനി അഞ്ചു വര്‍ഷത്തിനു ശേഷമേ ഇത്തരമൊരു ഉത്സവത്തിനു രാജ്യം സാക്ഷിയാവൂ. നൂറു കോടിയിലേറെ വരുന്ന ജനങ്ങളില്‍ അറുപത്‌ ശതമാനത്തിന്റെ പങ്കാളിത്തത്തോടെ ഒരു മാസം നീണ്ട പ്രക്രിയയിലൂടെ പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പ്‌ പ്രക്രിയ ലോകത്തെ മറ്റു ജനാധിപത്യ ശക്തികളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിലും അത്ഭുതകരമാകുന്നത്‌ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന്‌ ഏറെക്കുറെ ഭൂരിപക്ഷത്തിന്‌ അടുത്ത സീറ്റുകളാണ്‌ ലഭിച്ചത്‌. കുറേക്കൂടി വിശ്വാസം ജനിപ്പിക്കാന്‍ ഈ മുന്നണിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഒറ്റക്കു ഭൂരിപക്ഷം ലഭിക്കുമായിരുന്നു. കോണ്‍ഗ്രസിന്‌ 1991നു ശേഷം ഇതാദ്യമായി ഇരുന്നൂറിലധികം സീറ്റും ലഭിച്ചു. ബി ജെ പിയും ഇടതു പാര്‍ട്ടികളും തിരഞ്ഞെടുപ്പു തോല്‍വി പരിശോധിച്ചു തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റു പാര്‍ട്ടികളും പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്‌. ഈ പാര്‍ട്ടികളുടെ പരാജയം എന്നതിലുപരി ഇത്‌ കോണ്‍ഗ്രസിന്റെ വിജയമായി കാണുകയാവും ഉചിതം.

തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി തീര്‍ത്തും ദുര്‍ബലമായിരുന്നുവെന്ന വിലയിരുത്തലായിരുന്നു ഉണ്ടായിരുന്നത്‌. ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനോ അവരുള്‍ക്കൊള്ളുന്ന സഖ്യത്തിനോ മികച്ച വിജയം കാഴ്‌ചവെക്കാന്‍ കഴിയില്ലെന്ന നിഗമനമായിരുന്നു ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. അന്നത്തെ സാഹചര്യം വെച്ചുനോക്കിയാല്‍ അത്‌ തീര്‍ത്തും ശരിയുമായിരുന്നു. ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി എസ്‌ പിയും മുലായം സിംഗ്‌ യാദവിന്റെ എസ്‌ പിയും ആന്ധ്രയില്‍ ടി ഡി പിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുടെ നേതൃത്വത്തിലുള്ള മുന്നണിയും വന്‍ നേട്ടമുണ്ടാക്കുമെന്ന്‌ പ്രതീക്ഷിച്ചവര്‍ ധാരാളം. പക്ഷേ, തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പും അതിനു ശേഷവും നടന്ന സംഭവവികാസങ്ങള്‍ ഈ കണക്കുകൂട്ടലുകളെ തെറ്റിച്ചു. അവിടെ നിന്നാണ്‌ കോണ്‍ഗ്രസിന്റെ വിജയം തുടങ്ങുന്നതും.


മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ധാരണയില്‍ മത്സരിക്കാമെന്നു തിരഞ്ഞെടുപ്പിനു മുമ്പ്‌ പറഞ്ഞു. തിരഞ്ഞെടുപ്പെത്തിയപ്പോള്‍ കോണ്‍ഗ്രസിനു പതിനേഴ്‌ സീറ്റ്‌ മാത്രമേ നല്‍കാനാവൂ എന്ന്‌ ശഠിച്ചു. 25 സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ല എന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. ഇതിനിടയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന ബി ജെ പി നേതാവ്‌ കല്യാണ്‍ സിംഗുമായി സഖ്യമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കൂടെ നിന്ന മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നു ഈ തീരുമാനം. പിന്നെയും കളികള്‍ തുടര്‍ന്നു. ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ ജെ ഡിയെയും രാം വിലാസ്‌ പാസ്വാന്റെ എല്‍ ജെ പിയെയും ചേര്‍ത്തു കുറുമുന്നണിയുണ്ടാക്കി. ഹിന്ദി മേഖലയിലെ ഹൃദയ ഭാഗത്തു ഈ സഖ്യമില്ലാതെ ആരു സര്‍ക്കാറുണ്ടാക്കുമെന്നു കാണട്ടെ എന്നു വെല്ലുവിളിച്ചു. വേണ്ടിവന്നാല്‍ പ്രധാനമന്ത്രി സ്ഥാനം അവകാശപ്പെടാനുള്ള ശക്തി തങ്ങള്‍ക്കുണ്ടാകുമെന്ന്‌ അഹങ്കാരത്തോടെ പറഞ്ഞു. എസ്‌ പിയുടെ ഈ സമ്മര്‍ദങ്ങള്‍ക്കും
വിലപേശലിനും വഴങ്ങാതെ ഒറ്റക്കു മത്സരിക്കുക എന്ന ധീരമായ തീരുമാനം കോണ്‍ഗ്രസ്‌ എടുത്തു. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാടിനെ വിശ്വാസത്തിലെടുത്തുവെന്നതിനു തിരഞ്ഞെടുപ്പ്‌ ഫലം തെളിവ്‌. 2004ല്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുന്ന സമയത്തുപോലും മുലായം സിംഗ്‌ യാദവിനെ കൈവിടാതിരുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ അധികാരവും പദവികളും മാത്രം ലക്ഷ്യമിട്ടുള്ള ചാഞ്ചാട്ടം പൊറുക്കാന്‍ തയ്യാറായില്ല.


ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ ജെ ഡി - അടുത്ത മന്ത്രിസഭയില്‍ കൂടുതല്‍ വിലപേശലിനു കരുത്തുണ്ടാക്കാനാണ്‌ ബീഹാറില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ലാലുവും രാം വിലാസ്‌ പാസ്വാനും തിരുമാനിച്ചത്‌. സീറ്റ്‌ പങ്ക്‌ വെച്ചപ്പോള്‍ മൂന്നെണ്ണം മാത്രം തങ്ങള്‍ക്കു നീക്കിവെച്ചത്‌ അംഗീകരിക്കാന്‍ തയ്യാറാവാതെ എല്ലാ സീറ്റിലും ഒറ്റക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. രണ്ടു സീറ്റില്‍ അവര്‍ക്കു ജയിക്കാനായി. ഒപ്പം ലാലുവിന്റെയും പാസ്വാന്റെയും കോട്ടകളെല്ലാം തകര്‍ന്നു വീഴുന്നത്‌ കോണ്‍ഗ്രസ്‌ കണ്ടു രസിച്ചു. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ട എന്ന ശക്തമായ തീരുമാനം ബീഹാറില്‍ വേണ്ടത്ര ഗുണം ചെയ്‌തില്ലെങ്കിലും രാജ്യത്താകെയുള്ള ജനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള മതിപ്പ്‌ വര്‍ധിക്കുകയായിരുന്നു.


മായാവതിയുടെ ബി എസ്‌ പി - ഉത്തര്‍പ്രദേശില്‍ അമ്പതു സീറ്റോളം നേടുമെന്ന്‌ അഹങ്കരിച്ചിരുന്ന ഇവര്‍ക്കു തിരിച്ചടിയായത്‌ സ്വന്തം ചരിത്രമാണ്‌. പ്രധാനമന്ത്രിപദമാണ്‌ ലക്ഷ്യമെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു മായാവതി. അത്‌ നേടിയെടുക്കാന്‍ ആരുമായും അവര്‍ കൂട്ടുകൂടാനുള്ള സാധ്യത ജനം മുന്‍കൂട്ടിക്കണ്ടു. മുമ്പ്‌ മൂന്നു വട്ടം ബി ജെ പിയുമായി സഖ്യമുണ്ടാക്കി ഉത്തര്‍പ്രദേശില്‍ സര്‍ക്കാറുണ്ടാക്കിയതിന്റെ ഓര്‍മ ജനത്തിനുണ്ടായിരുന്നു. അഴിമതിക്കും രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ മായാവതി വാഗ്‌ദാനങ്ങള്‍ക്കു പുല്ലുവിലപോലും കല്‍പ്പിച്ചില്ല എന്നതും വോട്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നു. ഡി പി യാദവിനെപ്പോലെ കുറ്റാരോപണങ്ങള്‍ കൊണ്ട്‌ അഭിഷിക്തരായ നിരവധി പേരെ ബി എസ്‌ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി. ദളിത്‌ വിഭാഗങ്ങള്‍ വിശ്വസ്‌തത നിലനിര്‍ത്തിയതുകൊണ്ടു മാത്രമാണ്‌ ബി എസ്‌ പി ക്ക്‌ 20 സീറ്റിലെങ്കിലും വിജയിക്കാനായത്‌.


ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയും മഹാസഖ്യവും - ആന്ധ്രയിലെ മഹാസഖ്യം അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന പ്രവനചങ്ങള്‍ തെറ്റിച്ചത്‌ ടി ഡി പിയുടെ ചരിത്രമാണ്‌. വേണ്ടിവന്നാല്‍ ബി ജെ പിയുമായി വീണ്ടുമൊരു സഖ്യത്തിനു ചന്ദ്രബാബു മടിക്കില്ലെന്നു ജനത്തിന്‌ അറിയാമായിരുന്നു. തെലുങ്കാന രാഷ്‌ട്ര സമിതിയെക്കുറിച്ചും അവര്‍ക്ക്‌ സംശയങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ്‌ നേടാനാണ്‌ മഹാസഖ്യമുണ്ടാക്കിയതെന്നും വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടി ടി ഡി പിയും ടി ആര്‍ എസും വിലപേശുമെന്നും വോട്ടര്‍മാര്‍ മുന്‍കൂട്ടിക്കണ്ടു. വോട്ടെടുപ്പ്‌ കഴിഞ്ഞയുടന്‍ എന്‍ ഡി എയില്‍ ചേര്‍ന്നു ടി ആര്‍ എസ്‌ ജനങ്ങളുടെ ദീര്‍ഘവീക്ഷണം ശരിവെക്കുകയും ചെയ്‌തു. വൈ എസ്‌ രാജശേഖര റെഡ്‌ഢി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ്‌ കോണ്‍ഗ്രസിനെ വീണ്ടും വിജയിപ്പിച്ചതിനു കാരണം മറ്റൊന്നും തേടേണ്ടതില്ല.


ജയലളിതയുടെ എ ഐ എ ഡി എം കെയും മുന്നണിയും - മൂന്നാം മുന്നണിക്കൊപ്പമായിരുന്നുവെങ്കിലും ഏപ്പോഴും എവിടേക്കും ചായാമെന്ന പ്രതീതിയാണ്‌ എ ഐ എ ഡി എം കെ പ്രകടിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തോടു സൗഹൃദം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ബി ജെ പി നേതാവും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി ഹോട്ട്‌ലൈന്‍ ബന്ധം നിലനിര്‍ത്തുകയും ചെയ്‌തിരുന്നു ജയലളിത. ശ്രീലങ്കയിലെ തമിഴ്‌ വംശജരുടെ പ്രശ്‌നത്തില്‍ ഡി എം കെക്കെതിരെ വോട്ടര്‍മാര്‍ തിരിയാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ്‌ യു പി എ ഘടകകക്ഷിയായിരുന്ന പി എം കെ അവസാന നിമിഷത്തില്‍ എ ഐ എ ഡി എം കെ സഖ്യത്തിലേക്കു മാറിയത്‌. വൈകോയുടെ എം ഡി എം കെയാവട്ടെ കളംമാറ്റിച്ചവിട്ടുന്നതില്‍ യാതൊരു മടിയുമില്ലാത്ത പാര്‍ട്ടിയാണ്‌. ഈ പാര്‍ട്ടികളുണ്ടാക്കിയ സഖ്യത്തെ എങ്ങനെ മുഖവിലക്കെടുക്കുമെന്നു തമിഴ്‌നാട്ടുകാര്‍ സ്വയം ചോദിച്ചിരുന്നുവെന്നതാണ്‌ തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്‌. ഡി എം കെയും കോണ്‍ഗ്രസും പ്രകടിപ്പിച്ച രാഷ്‌ട്രീയ വിശ്വാസ്യതയെ (ലങ്കന്‍ പ്രശ്‌നം കത്തിനില്‍ക്കുന്ന സമയത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും തമിഴ്‌നാട്ടില്‍ വന്നു ഡി എം കെക്കും കരുണാനിധിക്കും ഒപ്പമാണ്‌ കോണ്‍ഗ്രസ്‌ എന്നു തറപ്പിച്ചുപറഞ്ഞിരുന്നു) അവര്‍ മാനിച്ചു. ഈ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുകയും സ്വാധീനവും ഭരണവുമുള്ള സംസ്ഥാനങ്ങളില്‍ പിഴവുകള്‍ ആവര്‍ത്തിക്കുകയും ചെയ്‌തത ഇടതുപാര്‍ട്ടികളെ കണക്കിനു പ്രഹരിക്കാനാണ്‌ വോട്ടര്‍മാര്‍ തീരുമാനിച്ചത്‌.


ഇതിലും പ്രധാനം കഴിഞ്ഞ രണ്ടു ദശകത്തോളമായി ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിരുന്ന മേല്‍പ്പറഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ എന്താണ്‌ ചെയ്‌തത്‌ എന്ന്‌ ജനം തിരിച്ചറിഞ്ഞുവെന്നതാണ്‌. 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ്‌ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കിയതിലൂടെ പിന്നാക്ക, ദളിത്‌ ജനവിഭാഗങ്ങളിലുണ്ടാക്കിയ വിശ്വാസ്യതയും 1992ല്‍ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍ നിന്നു പൂര്‍ണമായി അകന്ന മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണയുമായിരുന്നു എസ്‌ പി, ആര്‍ ജെ ഡി ആദിയായ പാര്‍ട്ടികളുടെ മുടക്കുമുതല്‍. അധികാര സ്ഥാനം ലക്ഷ്യമിട്ട്‌ ജനതാദളിനെ പലതായി പിളര്‍ത്തിയതിനെ ജനം സഹിച്ചു. മുന്നണികള്‍ മാറിയും മറിഞ്ഞും അധികാരം ലക്ഷ്യമിട്ടു വര്‍ഷങ്ങളോളം പ്രയാണം നടത്തിയതു ക്ഷമിക്കുകയും ചെയ്‌തു. അധികാര സ്ഥാനത്തിരുന്നപ്പോഴൊന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ഇവര്‍ക്കു കഴിഞ്ഞതുമില്ല. ബീഹാറില്‍ ലാലുവും പിന്നീട്‌ ഭാര്യ റാബ്‌റിയും അധികാരത്തിലിരുന്ന കാലം മാത്രം മതി തെളിവായി. ഒരു സാമൂഹിക മാറ്റത്തിനും വഴിയൊരുക്കാന്‍ സോഷ്യലിസ്റ്റ്‌ പാരമ്പര്യം അവകാശപ്പെടുന്ന ആര്‍ ജെ ഡിക്കു കഴിഞ്ഞില്ല. ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ്‌ അധികാരത്തിലിരുന്നപ്പോഴും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കേന്ദ്രഭരണത്തില്‍ പങ്കാളിത്തം ലഭിച്ചപ്പോഴും സ്വന്തം താത്‌പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്‌. ബീഹാറിലേക്കു ധാരാളം ട്രെയിന്‍ അനുവദിച്ചതുകൊണ്ടോ ഛാപ്രയില്‍ കോച്ച്‌ ഫാക്‌ടറിയും മറ്റും സ്ഥാപിച്ചതുകൊണ്ടോ വോട്ടര്‍മാരുടെ പിന്തുണ ലഭിക്കില്ലെന്നു ലാലു പ്രസാദ്‌ യാദവിന്‌ ഇപ്പോള്‍ മനസ്സിലായിക്കാണണം.


പ്രാദേശിക വികാരവും ജാതിസമവാക്യങ്ങളിലൂടെ വീണ്ടും വിജയിക്കാമെന്ന ആത്മവിശ്വാസവും കൈമുതലായുള്ള ഇക്കൂട്ടര്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിയായിരിക്കെ പരിമിതമായ ചുറ്റുപാടുകള്‍ മാത്രമേ കണ്ടുള്ളൂ. യു പി എ ഘടകകക്ഷികളുമായിപ്പോലും ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അമേരിക്കയുമായി ആണവ കരാര്‍ ഉറപ്പിച്ചപ്പോള്‍ ലാലുവോ പാസ്വാനോ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. യു പി എ അംഗീകരിച്ച പൊതു മിനിമം പരിപാടിക്കു വിരുദ്ധമായി സ്വകാര്യവത്‌കരണ നയങ്ങളുമായി മുന്നോട്ടുപോയപ്പോഴും ഇവര്‍ നിശ്ശബ്‌ദരായിരുന്നു. റയില്‍വേയെ ശതകോടികളുടെ ലാഭത്തിലേക്കു നയിച്ച ലാലുപ്രസാദ്‌ യാദവിന്റെ മാനേജുമെന്റ്‌ മാജിക്ക്‌ പോലും മന്‍മോഹന്‍ സിംഗിന്റെയും പി ചിദംബരത്തിന്റെയും ബുദ്ധിയുടെ പ്രതിഫലനമായിരുന്നു. റെയില്‍വേയില്‍ സ്വകാര്യവത്‌കരണം നടപ്പാക്കാന്‍ അവര്‍ ലാലുവിനെ ഫലപ്രദമായി ഉപയോഗിച്ചു. ലാലുവിന്റെ സ്വതസിദ്ധമായ ശൈലി ഒരു മറയാക്കിയെന്നു മാത്രം. ലാലു മാനേജുമെന്റ്‌ വിദഗ്‌ധനായി അറിയപ്പെടുന്നതില്‍ മന്‍മോഹനോ ചിദംബരത്തിനോ പരാതിയുണ്ടായില്ല. അവര്‍ക്കു വേണ്ടത്‌, ആരുടെയും എതിര്‍പ്പില്ലാതെ ചില കാര്യങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു. അധികാരസ്ഥാനങ്ങള്‍ ഉറപ്പാക്കാനും അവിടെ തുടരാനുമായി സ്വന്തം വ്യക്തിത്വം ബലികഴിക്കുകയാണ്‌ ഈ പാര്‍ട്ടികള്‍ ചെയ്‌തത്‌. ഒപ്പം അവസരവാദത്തിന്റെ അപ്പോസ്‌തലരാവുകയും. ടി ഡി പിയും എ ഐ എ ഡി എം കെയുമൊന്നും ഇക്കാര്യത്തില്‍ പിറകിലായിരുന്നില്ല. ഒന്നര ദശകത്തോളമായി തുടരുന്ന ഈ നാടകം വോട്ടര്‍മാര്‍ക്കു മടുത്തിരിക്കുന്നുവെന്നതിന്റെ സൂചനയായി വേണം ജനവിധിയെ കാണാന്‍.


ഒപ്പം കോണ്‍ഗ്രസും മന്‍മോഹന്‍ സിംഗും യുവാക്കള്‍ക്കു നല്‍കിയ പ്രതീക്ഷയും. ആഗോള സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറന്‍ രാജ്യങ്ങളെ ബാധിച്ച തോതില്‍ ഇന്ത്യയെ ബാധിക്കാതിരുന്നതിന്റെ കാരണം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിന്റെ നടപടികളാണെന്ന്‌ അവര്‍ കരുതുന്നു. ലോകസമ്പദ്‌ വ്യവസ്ഥ പ്രതിസന്ധി തരണം ചെയ്യുവോളം മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നതാവും ഉചിതമെന്ന്‌ അവര്‍ ചിന്തിച്ചിട്ടുണ്ടാവും. യുവാക്കളുടെ പ്രതീക്ഷകളെ മുന്‍കൂട്ടിക്കാണാന്‍ സോണിയാ ഗാന്ധിക്കു കഴിഞ്ഞുവെന്നതാണ്‌ കോണ്‍ഗ്രസിന്റെ നേട്ടത്തിന്‌ ഒരു കാരണം. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുണ്ടായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്‍മോഹന്‍ തന്നെയായിരിക്കും പ്രധാനമന്ത്രിയെന്ന്‌ അവര്‍ അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത്‌ അതുകൊണ്ടാണ്‌. ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന്‌ ബി ജെ പിയും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍ കെ അഡ്വാനിയും മന്‍മോഹനെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയതു കോണ്‍ഗ്രസിനു ഗുണമായി. മന്‍മോഹന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ വീണ്ടും വിലയിരുത്താന്‍ ജനം തയ്യാറായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഴിമതി ആരോപണങ്ങളൊന്നും മന്‍മോഹന്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിരുന്നില്ല. (ഇസ്‌റാഈല്‍ ആയുധ ഇടപാടില്‍ കോഴയുണ്ടെന്ന ആരോപണമുയര്‍ന്നത്‌ തിരഞ്ഞെടുപ്പു കാലത്താണ്‌) മുമ്പ്‌ മുന്നണികള്‍ സര്‍ക്കാറുണ്ടാക്കിയപ്പോഴെല്ലാം അതിന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണ ഉപയോഗപ്പെടുത്തി, ന്യൂനപക്ഷ മുന്നണി സര്‍ക്കാറിനെ യാതൊരലോസരവും കൂടാതെ നയിക്കാന്‍ കഴിഞ്ഞു. ഇതെല്ലാം നല്ല വശങ്ങളായി വോട്ടര്‍മാര്‍ കണ്ടിട്ടുണ്ടാവണം. ചുരുക്കത്തില്‍ കോണ്‍ഗ്രസ്‌ നിലനിര്‍ത്തിയ രാഷ്‌ട്രീയ വിശ്വാസ്യതക്കാണ്‌ വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയത്‌. ഒപ്പം വിലപേശല്‍ രാഷ്‌ട്രീയം ശീലമാക്കിയവര്‍ക്കുള്ള മുന്നറിയിപ്പും.

2009-05-18

റെഡ്‌ സല്യൂട്ട്‌


ഒരു ലക്ഷ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചു, അതിനു വേണ്ടി മരിച്ചു. ഇതിലപ്പുറം ജീവിതം സഫലമാക്കാനാവില്ല

2009-05-14

മുസ്‌ലിംകളുടെ വോട്ട്‌ ക്രിസ്‌ത്യാനികളുടെയും


പതിനഞ്ചാം ലോക്‌സഭയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്‌ സമാപിച്ചു. മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന്‌ ആഘോഷമാക്കിയ ഉത്സവത്തിനാണ്‌ കൊടിയിറങ്ങിയത്‌. ഇനി തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമുള്ള കൂറുമാറ്റങ്ങള്‍ക്കും അതിന്റെ ഫലമായി കേന്ദ്രത്തില്‍ ഉരുത്തിരിയുന്ന സര്‍ക്കാറിനും വേണ്ടി കാത്തിരിക്കാം. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരേണ്ട സര്‍ക്കാറിനെക്കുറിച്ചു വിവിധ വീക്ഷണങ്ങള്‍ ഇക്കാലത്തിനിടെ സജീവ ചര്‍ച്ചാവിഷയമായിരുന്നു. ശക്തമായ മതേതര നിലപാടുള്ള സര്‍ക്കാറെന്ന ആശയമാണ്‌ കോണ്‍ഗ്രസ്‌ മുന്നോട്ടുവെച്ചത്‌. അതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ തന്നെയാകണമെന്ന നിര്‍ബന്ധ ബുദ്ധി അവര്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസും ബി ജെ പിയുമില്ലാത്ത, സാമ്രാജ്യത്വ അധിനിവേശത്തെ ചെറുക്കുന്ന മതേതര സര്‍ക്കാര്‍ എന്ന ആശയമാണ്‌ ഇടതു പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചത്‌. അതിനായി അവര്‍ മൂന്നാം മുന്നണിയെന്ന സങ്കല്‍പ്പം അവതരിപ്പിച്ചു. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ശക്തമായ സര്‍ക്കാര്‍ എന്ന ആശയമായിരുന്നു ബി ജെ പിക്കും അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എക്കും. ഹിന്ദുത്വ അജന്‍ഡകളില്‍ നിന്നു പിന്മാറുന്നില്ലെന്നു വ്യക്തമാക്കിയ ബി ജെ പി, അവര്‍ ഒറ്റക്ക്‌ അധികാരത്തില്‍ വരുന്ന കാലത്തേ ഈ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കൂ എന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിലേത്‌ എന്ന തിരഞ്ഞെടുപ്പാണ്‌ പ്രാഥമികാമായി നടക്കേണ്ടത്‌. പക്ഷേ, ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തു പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്‌നങ്ങളോടെടുക്കുന്ന നിലപാടുകളുമൊക്കെ വോട്ടിംഗില്‍ പ്രതിഫലിക്കുക സ്വാഭാവികം. വിവിധ സംസ്ഥാനങ്ങളില്‍ അധികാരം കൈയാളുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായ വികാരവും ഫലത്തെ സ്വാധീനിക്കും. ഈ പൊതുധാരയില്‍ നിന്നു വിട്ടു നിന്നു തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്‌ രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്‌. മുസ്‌ലിം, ക്രിസ്‌ത്യന്‍, ആദിവാസി വിഭാഗങ്ങള്‍. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്‌.


പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കിയാണെങ്കിലും കേന്ദ്രത്തില്‍ ഭരണം കൈയാളാന്‍ ബി ജെ പിക്കു ശക്തിയുണ്ടാവുകയും ഈ ശക്തിയുടെ മറ ഉപയോഗിച്ച്‌ ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി, ബജ്‌രംഗ്‌ദള്‍ തുടങ്ങിയ സംഘടനകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ മുസ്‌ലിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കു പൊതുധാരയില്‍ നിന്നു വേറിട്ടു ചിന്തിക്കേണ്ടിവരുന്നത്‌. മധ്യപ്രദേശിലെ ജാബുവയില്‍ ക്രിസ്‌തീയ പുരോഹിതന്‍മാര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും നേരെയുണ്ടായ ആക്രമണം, ഒറീസ്സയിലെ മനോഹര്‍പൂരില്‍ ക്രിസ്‌തീയ മിഷണറി പ്രവര്‍ത്തകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും കുട്ടികളെയും ചുട്ടുകൊന്നത്‌ ഇതൊക്കയായിരുന്നു ക്രിസ്‌തീയ സമുദായത്തിനെതിരെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ നടത്തിയ കൊടും ക്രൂരതക്ക്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്‌. ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ്‌ ഒറീസ്സയിലെ കാന്ദമല്‍ ജില്ലയിലും പരിസരത്തും ഒരു വര്‍ഷം മുമ്പ്‌ വര്‍ഗീയവാദികള്‍ ആഞ്ഞടിച്ചത്‌. ഒറീസ്സയില്‍ അധികാരം പങ്കിട്ടിരുന്ന ബി ജെ പിയുടെ പിന്തുണയോടെയായിരുന്നു ഈ ആക്രമണമെന്നതു വ്യക്തം. അക്രമികളെ വേഗത്തില്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടു. കാര്യങ്ങളുടെ ഗൗരവം മുന്‍കൂട്ടിക്കണ്ടു പ്രതികരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറും. ഈ സാഹചര്യത്തില്‍ രാജ്യത്തെ ക്രിസ്‌തീയ സമൂഹം തിരഞ്ഞെടുപ്പിനെ ഏതുവിധം പ്രയോജനപ്പെടുത്തണമെന്ന ഗൗരവമേറിയ ചിന്ത ആ സമുഹത്തിനു നേതൃത്വം കൊടുത്തവര്‍ നടത്തിയോ എന്നത്‌ സംശയമാണ്‌. സ്വാശ്രയ കോളജ്‌ പ്രശ്‌നത്തില്‍ സംസ്ഥാന ഭരണകൂടവുമായും അതിനു നേതൃത്വം കൊടുക്കുന്ന സി പി എമ്മുമായുമുണ്ടായ അഭിപ്രായ വ്യത്യാസത്തോടെ ആരംഭിച്ച പോരിന്റെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനെ കാണാനാണ്‌ കേരളത്തില്‍ സഭാ നേതൃത്വങ്ങള്‍ ശ്രമിച്ചത്‌. കേരളത്തോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടകത്തില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതൊന്നും ഇവിടുത്തെ സഭാ നേതൃത്വങ്ങള്‍ക്കു വിഷയമായതുമില്ല.


പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണ്‌ ഇന്ത്യയിലെ ക്രിസ്‌തീയ വിഭാഗം. ഈ പിന്തുണ ഉയര്‍ത്തിക്കാട്ടി ഭൗതികമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ ശ്രമിക്കുന്നുമുണ്ട്‌. കാലക്രമത്തില്‍ കോണ്‍ഗ്രസ്‌ ദുര്‍ബലമാവുകയും അവരുടെ ദൗര്‍ബല്യവും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളോട്‌ അവര്‍ തുടരുന്ന അവഗണന മനോഭാവവും മുതലെടുത്തു ബി ജെ പി വളരാന്‍ ശ്രമിക്കുമ്പോള്‍ അത്‌ ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ ഇവര്‍ ബോധവാന്‍മാരല്ല തന്നെ. അതുകൊണ്ടാണ്‌ കര്‍ണാടകത്തില്‍ ബി ജെ പി ഒറ്റക്ക്‌ അധികാരം പിടിച്ചശേഷം അവിടെ ക്രിസ്‌തീയ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവം നമ്മുടെ സഭാ നേതൃത്വങ്ങള്‍ക്ക്‌ വിഷമല്ലാതായി മാറിയത്‌. കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്‌ തുടരുമ്പോള്‍ തന്നെ ആ പാര്‍ട്ടിക്ക്‌ വ്യക്തമായ ചില രാഷ്‌ട്രീയ സന്ദേശങ്ങള്‍ നല്‍കാന്‍ ക്രിസ്‌തീയ സഭാ നേതൃത്വം ഈ തിരഞ്ഞെടുപ്പില്‍ തയ്യാറാവണമായിരുന്നു. ആക്രമണങ്ങളുടെ ആഘാതം മനസ്സിലുള്ള ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്പിനെപ്പോലുള്ളവര്‍ മാത്രമാണ്‌ അതിനു തയ്യാറായത്‌. സഭക്കു കീഴിലുള്ള എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങള്‍, അതിലൂടെ സമാഹരിക്കുന്ന പണവും സ്വത്തും. അതിനു മേല്‍ സ്വസ്ഥമായി ഉറങ്ങുക എന്നതില്‍ ക്രിസ്‌തീയ സഭാ നേതൃത്വത്തിന്റെ രാഷ്‌ട്രീയം അവസാനിക്കുന്നുവെന്നതുകൊണ്ടാണ്‌ വളര്‍ന്നുവരുന്ന ഭീഷണികളെ അവഗണിച്ചു സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രശ്‌നത്തില്‍ കടിച്ചുതൂങ്ങാന്‍ അവര്‍ തയ്യാറായത്‌.


സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ മാനസികമായ അരക്ഷിതാവസ്ഥ അഭിമുഖീകരിച്ചു രാജത്തു ജീവിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. ജനസംഖ്യയില്‍ പതിനാലു ശതമാനത്തോളം വരുന്ന ഇവര്‍ക്ക്‌ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടുമില്ല. പല കാലത്തായി നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഏറെക്കുറെ എല്ലാറ്റിലും നഷ്‌ടം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഇവര്‍ക്കാണ്‌. 1992ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതും തുടര്‍ന്നുണ്ടായ ബോംബെ കലാപവും ഇവരുടെ അരക്ഷിതാവസ്ഥയുടെ അളവ്‌ വര്‍ധിപ്പിച്ചു. ബോംബെ കലാപത്തിനു പ്രതികാരമെന്ന്‌ അവകാശപ്പെട്ട്‌ 1993 മാര്‍ച്ചില്‍ അധോലോക നായകന്‍ ദാവൂദ്‌ ഇബ്‌റാഹീമും കൂട്ടരും ആസുത്രണം ചെയ്‌തു നടപ്പാക്കിയ ബോംബെ സ്‌ഫോടന പരമ്പരക്കു ശേഷം ഈ സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവണത വര്‍ധിച്ചു. ഗുജറാത്ത്‌ വംശഹത്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും വംശഹത്യാക്കേസിലെ പ്രതികള്‍ക്കെതിരെ കാര്യക്ഷമമായ നടപടിയുണ്ടാവാത്തത്‌ ഇവര്‍ക്ക്‌ ഭരണകൂടത്തിലുള്ള വിശ്വാസ്യത കെടുത്തുകയും ചെയ്‌തു. ഭീകരാക്രമണക്കേസുകളില്‍ അറസ്റ്റിലാവുന്ന മുസ്‌ലിം നാമധാരികള്‍, കുറ്റം ചാര്‍ത്തപ്പെടുന്ന മുസ്‌ലിം സംഘടനകള്‍, ആവര്‍ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ എന്നിങ്ങനെ പ്രശ്‌നങ്ങളുടെ ചുഴികള്‍ വേറെയുമുണ്ട്‌ ഈ സമുദായത്തിന്‌. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കു നേര്‍ക്ക്‌, ഒരു പരിധിവരെ ഇത്‌ മുസ്‌ലിം സമുദായത്തിന്‌ നേര്‍ക്കാണ്‌, അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന അധിനിവേശവും അതിന്‌ സമീപകാലത്തായി ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയും ഇവരുടെ അഭിപ്രായഗതികളെ സ്വാധീനിച്ചിട്ടുണ്ട്‌. അമേരിക്കയുമായി ആണവ കരാറുണ്ടാക്കുന്നതിനെയും ഇസ്‌റാഈല്‍ കമ്പനിയുമായി ആയുധക്കരാറുണ്ടാക്കുന്നതിനെയും മുസ്‌ലിംകളിലെ ശക്തമായ ഒരു വിഭാഗം കഠിനമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌.


അരക്ഷിതാവസ്ഥ, ഭരണകൂടം സൃഷ്‌ടിച്ച വിശ്വാസരാഹിത്യം എന്നിവക്കു രാഷ്‌ട്രീയമായി മറുപടി കൊടുക്കുന്നതില്‍ ഈ സമുദായം വിജയിച്ചോ എന്നതാണ്‌ തിരഞ്ഞെടുപ്പില്‍ പ്രധാനമായും അന്വേഷിക്കേണ്ടത്‌. ഇല്ല എന്ന മറുപടിയായിരിക്കും ഈ അന്വേഷണത്തിന്‌ ലഭിക്കുക. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസില്‍ വിശ്വസിച്ചു മുന്നോട്ടുപോകാനാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും തീരുമാനിച്ചത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന പാര്‍ട്ടി കേരളത്തിലെ ഏതാനും പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയത്‌ അതുകൊണ്ടാണ്‌. പശ്ചിമ ബംഗാള്‍, അസം മേഖലകളില്‍ മുസ്‌ലിം ലീഗിന്‌ കേരളത്തിലേക്കാളധികം സ്വാധീനമുണ്ടായിരുന്നു മുമ്പ്‌. അവിടങ്ങളിലെല്ലാം ഈ പാര്‍ട്ടി ഇല്ലാതായതു മുസ്‌ലിംകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ്‌. അത്‌ അക്കാലത്ത്‌ ഒരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുകയും ചെയ്‌തിരുന്നു.


1992ലെ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍ നിന്ന്‌ അകന്ന സമുദായം ജനതാദള്‍, സമാജ്‌വാദി, രാഷ്‌ട്രീയ ജനാതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ പിറകില്‍ അണിനിരക്കുകയായിരുന്നു. മതേതര, ജനധിപത്യ നിലപാടുകളില്‍ ഊന്നിക്കൊണ്ട്‌ പിന്നാക്ക, ദളിത്‌ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പുതിയ ഒരു രാഷ്‌ട്രീയ സംവിധാനത്തെക്കുറിച്ച്‌ ആലോചിക്കാന്‍ അവര്‍ക്കായില്ല. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിറകില്‍ അണിനിരന്നുകൊണ്ട്‌ ബി ജെ പിയെ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍ നിന്ന്‌ ഒഴിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്നതു കാണാതിരുന്നുകൂടാ. അപ്പോഴും രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മുഖ്യധാരയില്‍ ഇവര്‍ക്ക്‌ എത്താനായില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗാവട്ടെ, പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ കീഴിലാവുകയും കേരളത്തിലെ മന്ത്രിസ്ഥാനങ്ങളും കേന്ദ്രത്തില്‍ ലഭിക്കാനിടയുള്ള ഒരു സഹമന്ത്രി സ്ഥാനവും മാത്രം ലക്ഷ്യമിടുന്ന അവസ്ഥയിലേക്കു ചുരുങ്ങുകയും ചെയ്‌തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ എന്തെങ്കിലും ധാരണ ഈ പാര്‍ട്ടിക്ക്‌ ഉണ്ടെന്നു കരുതുന്നത്‌ അവിവേകമാവും. പശ്ചിമ ബംഗാളില്‍ ഏതാനും സീറ്റില്‍ മത്സരിക്കുന്നുവെന്നതില്‍ തീരുന്നു ഈ പാര്‍ട്ടിയുടെ ദേശീയ കാഴ്‌ചപ്പാട്‌.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോജിച്ചൊരു നിലപാടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന ചെറുതും വലുതുമായ നിരവധി രാഷ്‌ട്രീയ സംഘടനകള്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ മനിതനേയ മക്കള്‍ കക്ഷി, ആന്ധ്രയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, ഉത്തര്‍ പ്രദേശില്‍ ഉലമാ കൗണ്‍സിലും പീസ്‌ പാര്‍ട്ടിയും, പശ്ചിമബംഗാളില്‍ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ കൗണ്‍സില്‍, അസമില്‍ അസം യുണൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ എന്നിവ ഇവയില്‍ ചിലതാണ്‌. ഇതില്‍ മൗലാന ബദറുദ്ദീന്‍ അജ്‌മല്‍ നേതൃത്വം നല്‍കുന്ന അസം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടാണ്‌ ഏറെ ശ്രദ്ധേയം. വ്യവസായിയായ ബദറുദ്ദീന്‍ അജ്‌മലിന്റെ പണത്തിന്റെ കരുത്തിലാണ്‌ പാര്‍ട്ടി മുന്നോട്ടുപോവുന്നതെങ്കിലും വ്യക്തമായ കാഴ്‌ചപ്പാട്‌ ഉണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. മുസ്‌ലിംകള്‍, ആദിവാസികള്‍, പൊതുധാരയില്‍ നിന്നു പുറന്തള്ളപ്പെട്ട മറ്റു വിഭാഗങ്ങള്‍ എന്നിവരെ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നു. സി പി എം, സി പി ഐ തുടങ്ങിയ പാര്‍ട്ടികളുമായി എ യു ഡി എഫ്‌ സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും അതില്‍ നിന്ന്‌ പിന്നീട്‌ പിന്മാറി. അപ്പോഴും ആദിവാസി വിഭാഗത്തിന്‌ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നതില്‍ എ യു ഡി എഫ്‌ ശ്രദ്ധിച്ചു. നേരത്തെ പറഞ്ഞ പാര്‍ട്ടികളില്‍ എ യു ഡി എഫ്‌ മാത്രമാണ്‌ ഏതാനും സീറ്റില്‍ വിജയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി. ഇത്‌ വരുംകാലത്ത്‌ ന്യൂനപക്ഷ രാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താനുള്ള സാധ്യത ഏറെയാണ്‌.


ഒറിസ്സയിലെ കലിംഗ നഗറില്‍ വ്യവസായത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്‌ത ആദിവാസികളെ ഭരണകൂടം അടിച്ചമര്‍ത്തിയത്‌ തോക്കുപയോഗിച്ചാണ്‌. പതിനേഴ്‌ ആദിവാസികള്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ വധിക്കാന്‍ നടന്ന ശ്രമം ലാല്‍ഗഢിലെ ആദിവാസികള്‍ക്കു മേല്‍ ദുരിതം വിതച്ചു. പോലീസ്‌ അതിക്രമത്തിനെതിരെ സംഘടിച്ച അവര്‍ ഇപ്പോള്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന്‌ വ്യവസായം തുടങ്ങുന്നതിന്‌ ഭൂമി കൈമാറിയതിനെതിരെയും സമരം ചെയ്യുകയാണ്‌. ആദിവാസികള്‍ക്ക്‌ വനഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന നിയമം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തുന്ന സമരം രാജ്യത്തെല്ലായിടത്തും തുടരുകയാണ്‌. രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മുഖ്യധാരയില്‍ നിന്നു പൂര്‍ണമായി അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു ഈ ജനത. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പലയിടങ്ങളിലും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ മാവോയിസ്റ്റുകളാണ്‌. സായുധ സമരരീതിയാണ്‌ ഇവര്‍ പിന്തുടരുന്നത്‌. ഇത്‌ പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന്‌ കരുതുക വയ്യ. ഈ സാഹചര്യത്തില്‍ അസം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിനെപ്പോലുള്ള പാര്‍ട്ടികള്‍ ആദിവാസികളുടെ പ്രശ്‌നം കൂടി ഉന്നയിച്ചു ജനാധിപത്യ രീതിയില്‍ മുന്നോട്ടുവരുന്നതു ഫലപ്രദമാവുമെന്നു പ്രതീക്ഷിക്കണം.
വിവിധ സംസ്ഥാനങ്ങളിലുള്ള മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ തലത്തിലേക്ക്‌ വികസിക്കാനാവുമോ എന്നതാണ്‌ പ്രധാന പ്രശ്‌നം. സംസ്ഥാനത്തെ സവിശേഷ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ ദേശീയ തലത്തിലുള്ള പൊതുവായ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒന്നിക്കാനാവുമോ എന്നതും. ഇത്തരത്തിലൊരു യോജിച്ച മുന്നേറ്റത്തിനു സാധ്യതകള്‍ ഏറെയാണ്‌.


14 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തിനു ജനസംഖ്യാനുപാതികമായ കണക്കനുസരിച്ച്‌ ലോക്‌സഭയില്‍ 76 സീറ്റ്‌ ലഭിക്കണം. പതിനാലാം ലോക്‌സഭയില്‍ 37 മുസ്‌ലിംകളാണ്‌ ഉണ്ടായിരുന്നത്‌. ഏറ്റവും അധികം മുസ്‌ലിംകള്‍ പാര്‍ലിമെന്റിലെത്തിയത്‌ 1980ലാണ്‌ - 46 പേര്‍. രാജ്യത്തിന്റെ നയരൂപവത്‌കരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന അവസ്ഥയിലേക്ക്‌ മാറണമെങ്കില്‍ കൂടുതല്‍ പ്രാതിനിധ്യം കൂടിയേ മതിയാവൂ. അതിനു യോജിച്ച മുന്നേറ്റങ്ങള്‍ അനിവാര്യമാണ്‌. ക്രിസ്‌ത്യന്‍, മുസ്‌ലിം, ആദിവാസി വിഭാഗങ്ങള്‍ പൊതുവായ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്‌. വര്‍ഗീയ സംഘടനകളുടെ ആക്രമണമോ കടന്നുകയറ്റമോ ആണ്‌ ഇതില്‍ പ്രധാനം. സമ്പത്തിന്റെയും അധികാരത്തിന്റെയും വിഭജനത്തിലുള്ള അസന്തുലിതാവസ്ഥയാണ്‌ മറ്റൊന്ന്‌ (ഇക്കാര്യത്തില്‍ ക്രിസ്‌തീയ വിഭാഗം താരതമ്യേന മെച്ചമാണ്‌). വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയും, മുസ്‌ലിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ കാര്യത്തില്‍ അത്‌ സാമൂഹ്യമാണെങ്കില്‍ ആദിവാസികളുടെ കാര്യത്തില്‍ അത്‌ സാമ്പത്തികം കുടിയാണ്‌, ഒരു പോലെ ബാധകമാണ്‌. ഇത്‌ പരിഹരിക്കപ്പെടണമെങ്കില്‍ വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടോടെ സംഘടിതമായ ഒരു രാഷ്‌ട്രീയ സംവിധാനം അനിവാര്യമാണ്‌. അതിലേക്ക്‌ ചില സുപ്രധാന സംഭാവനകള്‍ ചെയ്യാന്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സഹായിച്ചേക്കും.


പിന്നാക്ക, ദളിത്‌ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുഖ്യധാരയിലേക്ക്‌ എത്തിക്കഴിഞ്ഞിട്ടുണ്ട്‌. ഇത്തരം പാര്‍ട്ടികളുടെ നേതാക്കളുടെ ഏകാധിപത്യ മനോഭാവവും നിലനില്‍പ്പുറപ്പാക്കിക്കൊണ്ടുള്ള രാഷ്‌ട്രീയ നിലപാടുകളും താത്‌ക്കാലികം മാത്രമാണ്‌. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ സംവിധാനങ്ങള്‍ കൂടി സജീവമായാല്‍ പുതിയൊരു രാഷ്‌ട്രീയ കാലാവസ്ഥയാവും സംജാതമാവുക. മതേതര കാഴ്‌ചപ്പാട്‌ പുലര്‍ത്തുന്ന, അധിനിവേശ ശക്തികളെ ചെറുക്കുന്ന ഒരു കൂട്ടായ്‌മ ഭാവിയില്‍ ഉണ്ടാവുമ്പോള്‍ ഈ രണ്ടു പക്ഷത്തിനും അതില്‍ സുപ്രധാന പങ്ക്‌ വഹിക്കാനും സാധിക്കും.

2009-05-13

ചോരയുടെ തീരത്തെ കച്ചവടക്കണക്കുകള്‍


സദ്ദാം ഹുസൈന്‍ ഭരണകൂടം ശേഖരിച്ചുവെച്ചിരിക്കുന്ന മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ലോകജനതക്കു ഭീഷണിയാണെന്നു പ്രഖ്യാപിച്ചാണ്‌ അമേരിക്കയും മറ്റ്‌ അധിനിവേശ ശക്തികളും 2003ല്‍ ഇറാഖിനെ ആക്രമിച്ചത്‌. 2001 ല്‍ അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്നതിനു ന്യായം മറ്റൊന്നായിരുന്നു - ലോകവ്യാപാര കേന്ദ്രം ആക്രമിച്ചു തകര്‍ത്തവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കിയ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ അവിടെ ഒളിച്ചിരിക്കുന്നുവെന്നതും അല്‍ഖാഇദയുടെ സ്വതന്ത്ര താവളമായി അഫ്‌ഗാന്‍ മാറിയെന്നതും. രണ്ടിടത്തും നിരപരാധികളും നിസ്സഹായരുമായ ആയിരക്കണക്കിനാളുകളെ കൊന്നുതള്ളിക്കൊണ്ടാണ്‌ അധിനിവേശം മുന്നേറിയത്‌. അധിനിവേശത്തിനെതിരെ സ്വയം പൊട്ടിത്തെറിക്കാന്‍ സജ്ജരായി നുറു കണക്കിനാളുകള്‍ ഉണ്ടായപ്പോള്‍ ആ വഴിക്കും ചോരപ്പുഴകള്‍ ഒഴുകി. രക്തമുണങ്ങാതെ രണ്ടു രാജ്യങ്ങളും ശേഷിക്കുന്നു. രണ്ടിടത്തും അമേരിക്കന്‍ സൈന്യവും. ഇറാന്‍ കൈവരിക്കാന്‍ ഇടയുള്ള ആണവശേഷി, ഭാവിയില്‍ ലോക സമാധാനത്തിനു ഭീഷണിയാകുമെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഇതേ കണ്ടെത്തല്‍ ഉത്തര കൊറിയയുടെ കാര്യത്തിലുമുണ്ടായി. രണ്ടു രാജ്യങ്ങള്‍ക്കും മേല്‍ കടുത്ത ഉപരോധങ്ങള്‍ കൊണ്ടുവന്നു. പുതിയ ഉപരോധങ്ങളെക്കുറിച്ച്‌ ആലോചനകള്‍ നടത്തുകയും ചെയ്യുന്നു. ജനതതിക്കു ഭീഷണികളുയരുമ്പോള്‍ പരപ്രേരണ കൂടാതെ ഇടപെടാന്‍ അധികാരമുള്ള ശക്തിയാണെന്ന സ്വയം വിലയിരുത്തലുണ്ട്‌ അമേരിക്കക്ക്‌. സാമ്പത്തിക താത്‌പര്യങ്ങള്‍ കൂടി പരിഗണിച്ചു ബ്രിട്ടനും ഫ്രാന്‍സും അടക്കം സഖ്യശക്തികള്‍ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. രൂപവത്‌കരിച്ച കാലം മുതല്‍ അമേരിക്കയുടെ ആധിപത്യം അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭ എല്ലാറ്റിനും സര്‍വ സഹായവും ചെയ്‌തു കൂടെയുണ്ടു താനും. ഇവര്‍ക്കു മുന്നിലേക്കാണ്‌ ശ്രീലങ്കയില്‍ നിന്നു തമിഴരുടെ ചോര ഒഴുകിയെത്തുന്നത്‌. പതിവ്‌ പ്രസ്‌താവനകള്‍ മാത്രം ഇറക്കി എല്ലാവരും നിഷ്‌ക്രിയരായി ഇരിക്കുന്നു. പുലികളെ തകര്‍ക്കാന്‍ നേരത്തെ ശ്രീലങ്കയിലേക്കു സൈന്യത്തെ നിയോഗിച്ച ഇന്ത്യ, ആഭ്യന്തരമായി ഉയരുന്ന ശക്തമായ രാഷ്‌ട്രീയ സമ്മര്‍ദം വകവെക്കാതെ മൗനം തുടരുകയും ചെയ്യുന്നു.


ശ്രീലങ്കയില്‍ നടക്കുന്നതു ഭരണകൂടവും മുപ്പതിലേറെ വര്‍ഷമായി അതിനെ സായുധമായി വെല്ലുവിളിക്കുന്ന ഗറില്ലകളും തമ്മിലുള്ള പോരാണ്‌. വ്യവസ്ഥാപിതമായ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്‍ ടി ടി ഇയെ ഭീകര സംഘടനയെന്ന്‌ ഐക്യരാഷ്‌ട്രസഭയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളും മുദ്രകുത്തിയിട്ടുമുണ്ട്‌. തമിഴ്‌ വംശജരുടെ അവകാശങ്ങള്‍ക്കായി പോരടിക്കുന്ന ഈ സംഘടന, മുന്‍കാലങ്ങളില്‍ ചാവേര്‍ ആക്രമണങ്ങളിലൂടെ ലങ്കന്‍ തെരുവുകളെ ചോരയില്‍ മുക്കിയിരുന്നു. ഈ ചാവേര്‍ ആക്രമണങ്ങളിലൂടെയാണ്‌ ദ്വീപിന്റെ വടക്കും കിഴക്കും മേഖലകളില്‍ സ്വാധീനമുറപ്പിച്ചതും സമാന്തര ഭരണ സംവിധാനമുണ്ടാക്കിയതും. ചാവേര്‍ ആക്രമണങ്ങളുടെയും സായുധ പോരാട്ടത്തിന്റെയും പാതയിലൂടെ രാഷ്‌ട്രീയ അധികാരം സ്ഥാപിച്ചെടുക്കാന്‍ തമിഴ്‌ ജനത ശ്രമിച്ചതിനു കാരണങ്ങള്‍ നിരവധിയുണ്ട്‌. അതെല്ലാം ശ്രീലങ്കയിലെ സിംഹള വിഭാഗത്തിനു മേധാവിത്തമുള്ള രാഷ്‌ട്രീയ സംവിധാനത്തിന്റെ നടപടികളുടെ ഭാഗവുമായിരുന്നു. അതെല്ലാം തള്ളിക്കളയുക. എല്‍ ടി ടി ഇ എന്ന സംഘടനയെ തീവ്രവാദികളോ ഭീകരവാദികളോ ആയി മുദ്രകുത്തിയത്‌ അംഗീകരിക്കുകയും ചെയ്യുക. പക്ഷേ, അതുകൊണ്ടും ലങ്കയില്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ശനിയാഴ്‌ച രാത്രിമുതല്‍ ഞായറാഴ്‌ച ഉച്ചവരെ സൈന്യം നടത്തിയ ആക്രമണത്തില്‍ പൊലിഞ്ഞത്‌ രണ്ടായിരത്തോളം ജീവനുകളാണെന്ന്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്‌ ഏറെക്കുറെ ശരിയാണെന്നു സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെയും വാക്കുകള്‍ തെളിയിക്കുന്നുമുണ്ട്‌. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമായിരുന്നു.


ഭക്ഷണമോ മരുന്നോ തല ചായ്‌ക്കാന്‍ തണലോ ഇല്ലാതെ അഭയാര്‍ഥികളായി മാറിയ അമ്പതിനായിരത്തോളം തമിഴ്‌ വംശജര്‍ക്കു നേരെയാണ്‌ സൈന്യം ആക്രമണം നടത്തുന്നത്‌. ഇവര്‍ക്കു പിറകില്‍ പോരാട്ടം തുടരുന്ന എല്‍ ടി ടി ഇ പ്രവര്‍ത്തകരെ വധിക്കുകയും നേതാക്കളെ പിടികൂടുയുമാണ്‌ ലക്ഷ്യം. സമര്‍ഥമായ തന്ത്രമാണ്‌ ഇതിനായി സൈന്യം ആവിഷ്‌കരിച്ചിരിക്കുന്നത്‌. കിളിനൊച്ചിയില്‍ നിന്നും പുലികള്‍ക്കൊപ്പം പിന്‍വാങ്ങിയ തമിഴ്‌ വംശജര്‍ പുതുക്കുടിയിരുപ്പില്‍ തമ്പടിച്ചപ്പോള്‍ മുതല്‍ സൈന്യം നടപ്പാക്കി വരുന്ന തന്ത്രം. ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി തമിഴ്‌ വംശജര്‍ക്കു നേര്‍ക്ക്‌ ആക്രമണം നടത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും ആക്രമണം നടക്കുന്ന പ്രദേശത്തേക്കു കടക്കാന്‍ അനുമതിയില്ല. അതുകൊണ്ട്‌ ആക്രമണത്തിന്റെയും അതുണ്ടാക്കിയ ആഘാതത്തിന്റെയും റിപ്പോര്‍ട്ട്‌ പുറത്തുവരാന്‍ വൈകും. റിപ്പോര്‍ട്ട്‌ പുറത്തുവരുമ്പോഴേക്കും ആക്രമണം അവസാനിപ്പിക്കും. ഇതിനിടയില്‍ ജീവന്‍ രക്ഷിക്കാന്‍ തത്രപ്പെടുന്ന സാധാരണക്കാരില്‍ ഒരു ഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു മാറും. തുടര്‍ന്നുള്ള മുന്നേറ്റത്തിന്‌ അല്‍പ്പ ദിവസം കാത്തിരിക്കും. കൂട്ടക്കുരുതികളുടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അവസാനിക്കുകയും അന്താരാഷ്‌ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവനകളുടെ ഒഴുക്ക്‌ നിലക്കുകയും ചെയ്യുന്നതോടെ അടുത്ത ആക്രമണത്തിനു തുടക്കമാവുകയായി. ഇത്തരത്തില്‍ മൂന്നു മാസത്തിലേറെയായി നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്ക്‌ ഒരിക്കലും പുറത്തുവരില്ല തന്നെ. കാരണം മൃതദേഹത്തില്‍ എല്‍ ടി ടി ഇയുടെ യൂനിഫോം ചാര്‍ത്തി കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം കുറക്കാന്‍ സൈന്യത്തിനു കഴിയുന്നുണ്ട്‌.

ചുരുക്കത്തില്‍ എല്‍ ടി ടി ഇ യെ ഉന്‍മൂലനം ചെയ്യുക എന്ന പേരില്‍ തമിഴ്‌ വംശഹത്യയാണ്‌ ലങ്കയില്‍ നടക്കുന്നത്‌. അതിനു മറയിടുന്നതില്‍ സൈന്യവും മഹിന്ദ രജപക്‌സെ ഭരണകൂടവും വിജയിച്ചിരിക്കുന്നുവെന്നു മാത്രം. ആത്യന്തികമായ ലങ്ക സിംഹളരുടെതാണെന്നു സേനാ മേധാവി ലഫ്‌റ്റനന്റ്‌ ജനറല്‍ ശരത്‌ ഫൊണ്‍സെക പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. ലക്ഷ്യം തമിഴരെ ഇല്ലാതാക്കുകയോ അവരുടെ സംഘടിക്കാനുള്ള ശേഷി തകര്‍ക്കുകയോ ആണെന്ന്‌. രാഷ്‌ട്രത്തലവനെന്ന നിലയില്‍ മഹിന്ദ രജപക്‌സെക്ക്‌ ഇത്‌ തുറന്നു പറയാനാവില്ല. അതുകൊണ്ടു രജപക്‌സെയുടെ ലക്ഷ്യം ശരത്‌ ഫൊണ്‍സെക പറയുന്നുവെന്നു മാത്രം.
ഇതെല്ലാം അറിഞ്ഞിട്ടും അമേരിക്ക മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും മൗനം തുടരുന്നു. ഉത്തര കൊറിയയുടെയും ഇറാന്റെയും ആണവ നിലയങ്ങളില്‍ ആളനക്കമുണ്ടായാല്‍ ഉപരോധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതി മൂന്നു മാസമായി ലങ്കയിലൊഴുകുന്ന നിരപരാധികളുടെ ചോര കണ്ടില്ലെന്നു നടിച്ചു. ആശങ്കകളും ഉത്‌കണ്‌ഠകളും പങ്കുവെക്കുന്ന പ്രസ്‌താവനകള്‍ ഇറക്കി രക്ഷാസമിതിയുടെ നേതൃത്വം കടമ നിറവേറ്റി. ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ (ഇപ്പോള്‍ പാക്കിസ്ഥാനിലും) അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ലക്ഷ്യം വ്യക്തമായിരുന്നു. ഈ മേഖലയിലെ എണ്ണ നിക്ഷേപത്തിന്‍മേല്‍ അവരുടെ നിയന്ത്രണമുണ്ടാവണം. 2003ലെ ആക്രമണത്തിലൂടെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ ഇല്ലാതാക്കിയ ശേഷം ഇറാഖിന്റെ എണ്ണ ഉത്‌പാദന, സംസ്‌കരണ, കയറ്റുമതി മേഖലകളിലേക്ക്‌ എത്തിയ ബ്രിട്ടീഷ്‌, അമേരിക്കന്‍ കമ്പനികളുടെ എണ്ണം മാത്രമെടുത്താല്‍ അവര്‍ ലക്ഷ്യം സാധിച്ചുവെന്നു മനസ്സിലാക്കാനാവും.

എന്നാല്‍ ഇത്തരം താത്‌പര്യങ്ങള്‍ ലങ്കയുടെ കാര്യത്തിലില്ല. പക്ഷേ, ജാഫ്‌ന എന്ന വലിയ തുറമുഖമുള്‍ക്കൊള്ളുന്ന ലങ്കയുടെ വടക്കു കിഴക്കന്‍ തീരത്ത്‌ ഈ രാജ്യങ്ങള്‍ക്കെല്ലാം താത്‌പര്യമുണ്ട്‌. തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നു ലങ്കയുടെ വടക്കന്‍ മുനമ്പിലേക്കുള്ള കടലിടുക്ക്‌ (പാക്‌ കടലിടുക്ക്‌) പുരാതനകാലം മുതല്‍ തിരക്കേറിയ കപ്പല്‍പ്പാതയാണ്‌. വലിയ കപ്പലുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയില്ലെങ്കിലും മത്സ്യബന്ധന ബോട്ടുകള്‍ക്കും ചെറുകിട കപ്പലുകള്‍ക്കും യഥേഷ്‌ടം സഞ്ചരിക്കാവുന്ന പാത. അര്‍മീനിയ മുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളും ഇസ്‌റാഈലും അടങ്ങുന്ന ഈജിപ്‌ത്‌ വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമേഷ്യയെ (ഇന്ത്യന്‍ കാഴ്‌ചപ്പാടില്‍ മധ്യപൗരസ്‌ത്യമേഖല) തെക്കനേഷ്യയുമായി കടല്‍ വഴി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്‌ ലങ്കയുടെ സമുദ്രാതിര്‍ത്തി. ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുടെ തീരത്തേക്ക്‌ എത്തിച്ചേരാനുള്ള സുഗമമായ കപ്പല്‍പ്പാത കൂടിയാവുന്നു ഇത്‌. ഈ സാധ്യതകള്‍ കണക്കിലെടുത്ത്‌ പാക്‌ കടലിടുക്കിന്റെ ആഴം വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. 1890ല്‍ ഇന്ത്യയും ലങ്കയുമൊക്കെ ബ്രിട്ടന്റെ ആധിപത്യത്തില്‍ കഴിയുന്ന കാലത്ത്‌. ഇതേ ആശയമാണ്‌ സേതുസമുദ്രം പദ്ധതിയെന്ന പേരില്‍ ഇന്ത്യ പിന്നീടു നടപ്പാക്കാന്‍ ശ്രമിച്ചത്‌.


പുതിയ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ പശ്ചിമേഷ്യയും ഇന്ത്യയും ചൈനയുമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും ശക്തമായ സാന്നിധ്യമാണ്‌. അവരുടെ വിപണികള്‍ കയ്യടക്കുക എന്നത്‌ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വികസിത രാജ്യങ്ങളുടെ ആവശ്യവും. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി പങ്ക്‌വെക്കുന്ന കപ്പല്‍ച്ചാലുകളിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കേണ്ടത്‌ ഇവരുടെ ആവശ്യമായി വരുന്നു. ഈ കപ്പല്‍ച്ചാലുകളില്‍ ഗണ്യമായ ഭാഗത്തിന്റെ നിയന്ത്രണം വ്യവസ്ഥാപിതമല്ലാത്ത ഒരു ഭരണ സമ്പ്രാദയത്തിന്റെ കീഴില്‍ തുടരുന്നത്‌ അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ എതിരാണ്‌. എല്‍ ടി ടി ഇയുടെ കൈയില്‍ നിന്ന്‌ ഈ പ്രദേശങ്ങളെ മോചിപ്പിച്ചാല്‍ വികസിച്ചുവരാവുന്ന വ്യാപാര, വാണിജ്യ സാധ്യതകള്‍ സമ്പന്ന രാഷ്‌ട്രങ്ങള്‍ മുന്‍കൂട്ടിക്കാണുന്നുണ്ട്‌. ഇന്ത്യക്കു മുമ്പേ തന്നെ കമ്പോളങ്ങള്‍ തുറന്നു നല്‍കി, സാമ്രാജ്യത്വ മൂലധന ശക്തിയുടെ സ്വാധീനത്തിന്‌ വഴങ്ങിയ ശ്രീലങ്കയിലെ ഔദ്യോഗിക ഭരണകൂടത്തെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാകുമെന്നും അവര്‍ കരുതുന്നു. തമിഴരുടെ ചോരയില്‍ കഴുകി ശുദ്ധമാക്കിയ തീരവും കടല്‍പ്പാതയും വണിക്കുകളും മൂലധനശക്തികളും കാത്തിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ കൂട്ടക്കുരുതി കണ്ടില്ലെന്നു നടിക്കുന്നത്‌. എല്‍ ടി ടി ഇയെ ഉന്‍മൂലനം ചെയ്‌തു കഴിഞ്ഞുള്ള ലങ്കയില്‍ തമിഴ്‌ വംശജര്‍ക്കു പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ പ്രസ്ഥാനങ്ങള്‍ മുളപൊട്ടരുതെന്ന നിര്‍ബന്ധബുദ്ധിയുടെ കാരണവും മറ്റൊന്നല്ല. വിമത ശബ്‌ദങ്ങള്‍ ഉയരാത്ത, മുതലാളിത്ത മൂലധന വ്യവസ്ഥക്കു വഴിപ്പെട്ടുകൊണ്ടുള്ള സമ്പൂര്‍ണ ലങ്കയാണ്‌ സമ്പന്ന രാഷ്‌ട്രങ്ങളുടെ ലക്ഷ്യം. അതിനുള്ള വഴി രജപക്‌സെ ഒരുക്കുമ്പോള്‍ എതിര്‍ക്കേണ്ട കാര്യമില്ലല്ലോ.


ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമാണ്‌ ശ്രീലങ്കന്‍ സൈന്യത്തിനു മുന്നില്‍ ബാക്കിയുള്ളത്‌. അവിടെ തമ്പടിച്ചിരിക്കുന്ന പതിനായിരക്കണക്കിനു സാധാരണക്കാരായ തമിഴരും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരുപിടി എല്‍ ടി ടി ഇ പ്രവര്‍ത്തകരും മാത്രമേ പ്രതിരോധമായുള്ളൂ. വരും ദിവസങ്ങളില്‍ വലിയൊരു കൂട്ടക്കുരുതിക്കു ശേഷം എല്ലാം കീഴ്‌പ്പെടുത്തിയെന്ന മഹിന്ദ രജപക്‌സെയുടെ പ്രഖ്യാപനമുണ്ടാവും. അതിനുശേഷം ലങ്കയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്‌ ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും നടത്തുന്ന ഭാഷാശുദ്ധിയുള്ള പ്രസ്‌താവനകളും വരും. മരണമടഞ്ഞവരുടെ കണക്ക്‌ ലോകം അറിയില്ല. മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുന്നവരുടെ കണക്കും ആരും അറിയില്ല. സര്‍വം ഭദ്രമെന്ന്‌ അഹങ്കരിക്കുന്നവരുടെ മുഖത്തേക്കു ചോരത്തുള്ളികള്‍ തെറിപ്പിക്കാന്‍ പ്രഭാകരന്‍മാര്‍ വീണ്ടും ഉണ്ടാവുമോ എന്നതാണ്‌ കാത്തിരുന്നു കാണേണ്ടത്‌. മരണങ്ങള്‍ കണ്ടു മടുത്ത ഒരു ജനതയാണ്‌ ലങ്കയിലെ തമിഴ്‌ വംശജര്‍. അവര്‍ പ്രതീക്ഷകള്‍ തെറ്റിക്കും. അപ്പോള്‍ വണിക്കുകളുടെ സ്വപ്‌നങ്ങളും കുരുതികള്‍ക്കു മുന്നില്‍ മൗനം ഭജിച്ചവരുടെ സ്വസ്ഥതയുമാവും തകര്‍ക്കപ്പെടുക.

2009-05-07

ചോരുന്ന പണവും ചോരന്‍മാരും


വരവില്‍ കവിഞ്ഞുള്ള സ്വത്ത്‌ - അഴിമതിയുടെ തെളിവായി ഇത്‌ കണക്കാക്കപ്പെടുന്നു. രാഷ്‌ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വസതികളില്‍ ആദായ നികുതി, സ്വത്തു നികുതി തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ്‌ വരവും സമ്പാദ്യവും തമ്മിലുള്ള താരതമ്യം ഉണ്ടാവാറ്‌. ചിലപ്പോള്‍ വിജിലന്‍സോ സി ബി ഐയോ നടത്തുന്ന പരിശോധനയിലും ഈ താരതമ്യം ഉണ്ടാവാറുണ്ട്‌. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌, ബി എസ്‌ പി നേതാവ്‌ മായാവതി എന്നിവര്‍ വരവില്‍ കവിഞ്ഞ്‌ സ്വത്തു സമ്പാദിച്ചതിന്‌ സി ബി ഐ അന്വേഷണം നേരിടുന്നുണ്ട്‌. കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ ജെ ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ സി ബി ഐ ആദ്യം അന്വേഷിച്ചത്‌ ലാലുവിന്റെയും റാബ്‌റിയുടെയും വരവെത്ര, ചെലവെത്ര, സമ്പാദ്യമെത്ര എന്നായിരുന്നു. ചെലവും സമ്പാദ്യവും വരവുമായി യോജിച്ചുപോകുന്നില്ലെങ്കില്‍ ചെലവിലും സമ്പാദ്യത്തിലുമുള്ള ആധിക്യത്തിന്റെ സ്രോതസ്സ്‌ അന്വേഷിച്ചാല്‍ അഴിമതിയുടെ ഉറവിടം വെളിപ്പെടുമെന്ന ലളിതമായ യുക്തി. താജ്‌ കോറിഡോര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ്‌ മായാവതി വരവില്‍ കവിഞ്ഞ്‌ സ്വത്തുസമ്പാദിച്ചെന്ന ആരോപണം ഉയരുന്നത്‌.


രാഷ്‌ട്രീയക്കാര്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങി രാജ്യത്തെ എല്ലാ പൗരന്‍മാരും തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ഭരണകൂടത്തെ അറിയിച്ചുകൊള്ളണമെന്നതാണ്‌ വ്യവസ്ഥ. ഒരു പരിധിയില്‍ കവിഞ്ഞുള്ള വരുമാനത്തിന്‌ നികുതി ഒടുക്കണമെന്നും. ഇത്തരത്തില്‍ ആദായനികുതി ഇനത്തില്‍ ലഭിക്കുന്ന പണമാണ്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രധാന വരുമന സ്രോതസ്സുകളില്‍ ഒന്ന്‌. വരുമാന സ്രോതസ്സ്‌ എന്ന നിലക്കു മാത്രമല്ല, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ധനസ്രോതസ്സുകള്‍ തിരിച്ചറിയാനും പണം ഏതൊക്കെ മാര്‍ഗങ്ങളില്‍ ചെലവഴിക്കപ്പെടുന്നുവെന്ന്‌ തിരിച്ചറിയാനും കൂടിയാണ്‌ ഇത്തരം സംവിധാനങ്ങള്‍. നികുതികള്‍ ഏര്‍പ്പെടുത്തപ്പെട്ട കാലം മുതല്‍ അത്‌ വെട്ടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. സ്ഥാവര ജംഗമ സ്വത്തുക്കള്‍ കുടുംബാംഗങ്ങളുടെ പേരിലേക്ക്‌ മാറ്റുക എന്നതായിരുന്നു ആദ്യകാലത്ത്‌ സ്വീകരിച്ചിരുന്ന വഴികള്‍. പിന്നീട്‌ അത്‌ വിശ്വസ്‌തരായ മറ്റുള്ള ആളുകളുടെ പേരിലേക്ക്‌ മാറ്റാന്‍ തുടങ്ങി. ഇതാണ്‌ ബിനാമി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. ഇത്തരം മാര്‍ഗങ്ങളൊന്നും പോരാതെ വന്നപ്പോഴാണ്‌ ധനകാര്യ ഇടപാടുകള്‍ രഹസ്യമായി സൂക്ഷിക്കുന്ന ചെറുകിട രാജ്യങ്ങളുടെ ബാങ്കുകളെ വ്യക്തികളും സ്ഥാപനങ്ങളും ആശ്രയിക്കാന്‍ തുടങ്ങിയത്‌.


അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ തന്നെയാണ്‌ ഈ പതിവിന്‌ തുടക്കമിട്ടത്‌. ഭരണകൂടങ്ങളുടെ അറിവോടെയും മൗന സമ്മതത്തോടെയും ആരംഭിച്ച ഈ പതിവ്‌ പിന്നീട്‌ സമാന്തര ധനകാര്യ സമ്പദ്‌ വ്യവസ്ഥയായി വളര്‍ന്നുവന്നു. നിക്ഷേപിക്കുന്ന പണത്തിന്‌ നികുതികള്‍ ഇളവു ചെയ്യുകയോ ഒഴിവാക്കി നല്‍കുകയോ ചെയ്യുകയാണ്‌ ഈ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്‌തിരുന്നത്‌. പണം എവിടെ നിന്ന്‌ ലഭിച്ചുവെന്ന വിവരം പറയേണ്ടതില്ല. സ്വന്തം പേരിലോ മറ്റു ബിനാമി പേരുകളിലോ നിക്ഷേപങ്ങള്‍ നടത്താനുള്ള സൗകര്യവും ഇക്കൂട്ടര്‍ ചെയ്‌തുകൊടുത്തു. ആഭ്യന്തരമായ ധനാഗമ മാര്‍ഗങ്ങള്‍ പരിമിതമായ ചെറു രാജ്യങ്ങളിലെയും ദ്വീപുകളിലെയും ധനകാര്യ സ്ഥാപനങ്ങളാണ്‌ ഈ സൗകര്യം ചെയ്‌തുകൊടുത്തിരുന്നത്‌. നിക്ഷേപങ്ങളെ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുന്നതിന്‌ ആഭ്യന്തരമായ നിയമനിര്‍മാണങ്ങള്‍ നടത്തി ഇവിടങ്ങളിലെ ഭരണകൂടം ഈ സമാന്തര ധനകാര്യ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ലോകത്താകെ അമ്പത്‌ രാജ്യങ്ങള്‍ ഇത്തരം പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. അമേരിക്കയിലെ പൗരന്‍മാരും സ്ഥാപനങ്ങളും പ്രധാനമായി ആശ്രയിച്ചിരുന്നത്‌ കേയ്‌മാന്‍സ്‌ ദ്വീപുകളെയും മറ്റുമായിരുന്നു. ബ്രിട്ടനിലുള്ളവര്‍ ജേഴ്‌സി, ഗേണ്‍സി, ഇലി ഓഫ്‌ മാന്‍, ബര്‍മൂഡ തുടങ്ങിയ ചെറു രാജ്യങ്ങളെ ആശ്രയിച്ചു. നികുതികള്‍ വെട്ടിക്കുന്നതിന്‌ വേണ്ടി പണം മറ്റുരാജ്യങ്ങളുടെ ബാങ്കുകളിലേക്ക്‌ ഒഴുക്കുന്നതിലൂടെ ബ്രിട്ടന്‌ പ്രതിവര്‍ഷം അഞ്ചു കോടി ഡോളര്‍ നഷ്‌ടമുണ്ടാവുന്നുവെന്നാണ്‌ ഏകദേശ കണക്ക്‌. അമേരിക്കക്കുണ്ടാവുന്ന നഷ്‌ടം ഇതിലും ഏറെ വലുതാണ്‌.


കോടികളുടെ ആസ്‌തിയുള്ള വ്യക്തികളെയും വന്‍കിട കമ്പനികളെയും സഹായിക്കുന്നതിന്‌ വേണ്ടി മുന്‍കാലങ്ങളില്‍ കണ്ണടച്ചത്‌ വലിയ നഷ്‌ടമാണുണ്ടാക്കിയതെന്ന്‌ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ തിരിച്ചറിഞ്ഞത്‌ സാമ്പത്തിക മാന്ദ്യം മുന്നില്‍വന്നപ്പോഴാണ്‌. ബേങ്കുകളും സ്വകാര്യ കമ്പനികളും പ്രതിസന്ധിയിലാവുകയും അവയെ സംരക്ഷിക്കുന്നതിന്‌ പൊതുഖജനാവില്‍ നിന്ന്‌ വന്‍തുകകള്‍ ചെലവഴിക്കേണ്ടിവരികയും ചെയ്‌തു ഈ രാജ്യങ്ങള്‍ക്ക്‌. ആഭ്യന്തരവരുമാനത്തിലുണ്ടായ കമ്മി നികത്തുന്നതിന്‌ സഹസ്രകോടികള്‍ വായ്‌പയെടുത്താണ്‌ ഈ രാജ്യങ്ങള്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നത്‌. പലപ്പോഴും ദൈനംദിന ചെലവുകള്‍ക്ക്‌ പോലും കടമെടുക്കേണ്ടിവന്നിരുന്നു. ഇരുന്നൂറു കോടി ഡോളറാണ്‌ പ്രതിദിനം അമേരിക്ക കടമായി സ്വീകരിച്ചുകൊണ്ടിരുന്നത്‌. കടമായി ലഭിക്കുന്ന പണത്തെ അടിസ്ഥാനമാക്കി സമ്പദ്‌ വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ്‌ സ്വകാര്യ കമ്പനികള്‍ക്കും ബേങ്കുകള്‍ക്കും വന്‍തുകകള്‍ പൊതുഖജനാവില്‍ നിന്ന്‌ നല്‍കേണ്ടിവന്നത്‌. എങ്ങിനെ ശ്രമിച്ചാലും പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥ. അപ്പോഴാണ്‌ ആഭ്യന്തര നികുതികള്‍ വെട്ടിച്ചുകൊണ്ട്‌ വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ച്‌ ഇവര്‍ ചിന്തിച്ചത്‌. അടുത്തിടെ ചേര്‍ന്ന ജി 20 ഉച്ചകോടിയില്‍ ഇത്തരം കള്ളപ്പണം രാജ്യത്തേക്ക്‌ തിരികെക്കൊണ്ടുവരുന്നതിനെക്കുറിച്ച്‌ ആലോചനകളുണ്ടായി. അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന്‌ ജി 20 ഉച്ചകോടി ആഹ്വാനം ചെയ്‌തു. വിദേശ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക്‌ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ട്‌ ജര്‍മനി മുന്നോട്ടുപോവുകയും ചെയ്‌തു. നികുതി വെടിച്ച്‌ കടത്തുന്ന പണം രഹസ്യമായി സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന രാജ്യങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്‌ ജര്‍മനിയും ഫ്രാന്‍സും തീരുമാനിച്ചത്‌.


ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലും സമാനമായ ചര്‍ച്ചകള്‍ ആരംഭിച്ചത്‌. ജി 20 ഉച്ചകോടിയില്‍ ഈ പ്രശ്‌നം ഉന്നയിക്കണമെന്നും വിദേശത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്‌ ബി ജെ പി നേതാവ്‌ എല്‍ കെ അഡ്വാനി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചു. ലിച്ചന്‍സ്റ്റീന്‍, സിറ്റ്‌സര്‍ലാന്‍ഡ്‌, സിംഗപ്പൂര്‍, ഹോംഗ്‌കോംഗ്‌ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അത്‌ തിരിച്ച്‌ രാജ്യത്തേക്ക്‌ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടേതായി വിദേശ ബേങ്കുകളിലുള്ള നിക്ഷേപത്തിന്റെ കണക്കും അഡ്വാനി പുറത്തുവിട്ടു. 2001ല്‍ രണ്ടു ലക്ഷത്തി അറുപതിനായിരം കോടി ഡോളറായിരുന്ന നിക്ഷേപം 2007 ആയപ്പോഴേക്കും അഞ്ചു ലക്ഷത്തി എഴുപതിനായിരം കോടി ഡോളറായി ഉയര്‍ന്നുവെന്ന്‌ അഡ്വാനി അവകാശപ്പെട്ടു. ഈ കണക്കുകള്‍ യഥാര്‍ഥമാണോ അല്ലയോ എന്ന്‌ വ്യക്തമല്ല. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച കണക്കുകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പക്ഷേ, കോടിക്കണക്കിന്‌ രൂപ വിദേശ ബേങ്കുകളില്‍ നിക്ഷേപമായി ഉണ്ടെന്നത്‌ വസ്‌തുതയാണ്‌.


പക്ഷേ, ഈ പണം കണ്ടെത്താനോ അത്‌ തിരിച്ചുകൊണ്ടുവരാനോ കേന്ദ്ര സര്‍ക്കാറോ അതിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസോ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. 1984ല്‍ അധികാരത്തിലേറിയ രാജീവ്‌ ഗാന്ധി സര്‍ക്കാറിന്റെ കാലത്താണ്‌ വിദേശ ബേങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വിവാദങ്ങള്‍ ആരംഭിക്കുന്നത്‌. ബൊഫോഴ്‌സ്‌ തോക്കിടപാടില്‍ കോഴയായി ലഭിച്ച പണം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്കുകളില്‍ നിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച്‌ അന്വേഷണങ്ങള്‍ നടക്കുകയും ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയുടെ ലണ്ടന്‍ ബേങ്കിലെ അക്കൗണ്ടുകള്‍ കണ്ടെത്തുകയും ചെയ്‌തു. പക്ഷേ, ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച അന്വേഷണം അന്നും നടന്നില്ല. പിന്നീട്‌ ഇടതുപക്ഷത്തിന്റെ പിന്തുണയുള്ള ദേശീയ മുന്നണി സര്‍ക്കാറുകളും ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും അധികാരത്തിലെത്തിയെങ്കിലും ഈ വഴിക്കുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പു കാലത്തുയര്‍ന്ന ഈ ചര്‍ച്ചകള്‍ എവിടെയെങ്കിലും എത്തുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തുമാണ്‌. അധികാരത്തിലേറിയാല്‍ നൂറു ദിവസത്തിനകം ഈ പണം രാജ്യത്ത്‌ തിരിച്ചുകൊണ്ടാവരുമെന്ന്‌ ബി ജെ പിയും അവരുടെ നേതാവ്‌ എല്‍ കെ അഡ്വാനിയും ഇപ്പോള്‍ പറയുന്നതില്‍ ആത്മാര്‍ഥത കാണാനാവില്ല. കാരണം കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും പിന്തുടരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ തന്നെയാണ്‌ ബി ജെ പിയും പിന്തുടരുന്നത്‌. ധനകാര്യവിപണിയെ ഊര്‍ജസ്വലമാക്കി നിര്‍ത്തുകയും അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തുകയും ചെയ്യുക എന്ന നയം. അതിന്‌ ആനുപാതികമായ നയങ്ങള്‍ മാത്രമേ ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാനാവു.


ധനവിപണിയെ ഊര്‍ജസ്വലമാക്കി നിര്‍ത്താന്‍ ഇക്കൂട്ടര്‍ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്‌ ഓഹരി അടക്കമുള്ള ഊഹ വിപണികളെയാണ്‌. ഈ വിപണികളില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തിലേറെയും കണക്കില്‍പ്പെടാത്ത പണമാണെന്നത്‌ ഇതിനകം വ്യക്തമായ കാര്യവും. സിംഗപ്പൂരിലും ഹോംഗ്‌കോംഗിലുമൊക്കെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണ്‌ ഇന്ത്യന്‍ ഊഹ വിപണിയില്‍ പണമിറക്കുന്നവരില്‍ ഏറെയും. ഇവര്‍ക്ക്‌ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ വിപണിയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്‌തിരിക്കുന്നു. ഈ പണത്തിന്റെ ഒഴുക്കു തടയാനും ഊഹ വിപണിയില്‍, പ്രത്യേകിച്ച്‌ ഓഹരി വിപണിയില്‍, ഇടിവുണ്ടാക്കാനും ബി ജെ പിയുടെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാവുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ ഓഹരി വിപണികളുപയോഗിച്ച്‌ പണമുണ്ടാക്കുന്നുവെന്നും അത്‌ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം കെ നാരായണന്‍ പ്രസ്‌താവിച്ചിട്ട്‌ വര്‍ഷം രണ്ടു കഴിഞ്ഞു. പക്ഷേ, ഇതേക്കുറിച്ച്‌ അന്വേഷിക്കാനോ ഇത്തരത്തില്‍ ഓഹരി വിപണിയെ ഉപയോഗിക്കുന്നവരെ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അറിവില്ല. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ മുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയ ശേഷവും ഇത്തരത്തലൊരു അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറായതുമില്ല. ഈ ആവശ്യം ബി ജെ പി പോലും ഉന്നയിച്ചതുമില്ല. അപ്പോള്‍ പിന്നെ വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ച പണം കണ്ടെത്തുമെന്നൊക്കെ അവകാശവാദം ഉന്നയിക്കുന്നത്‌ തിരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള തന്ത്രമായി മാത്രമേ കണക്കാക്കാനാവൂ. ഇക്കാര്യത്തില്‍ കുറേക്കൂടി സത്യസന്ധമായ നിലപാട്‌ കോണ്‍ഗ്രസിന്റേതാണ്‌. നികുതി വെട്ടിച്ച്‌ വിദേശ ബേങ്കുകളില്‍ പണം നിക്ഷേപിച്ചവരെ കണ്ടെത്തുമെന്നോ ആ പണം രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്നോ ഉള്ള വാഗ്‌ദാനമൊന്നും അവര്‍ നല്‍കിയിട്ടില്ല. സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച്‌ സമര്‍പ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹരജിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത്‌ പൊതുതാത്‌പര്യ ഹരജി ബി ജെ പിയുടെ താത്‌പര്യപ്രകാരമുള്ളതാണെന്നാണ്‌. പൂനെയില്‍ കുതിരപ്പന്തയശാല നടത്തുന്ന ഹസന്‍ അലി ഖാന്‍, ഭാര്യ റീമ ഖാന്‍, വ്യവസായ പങ്കാളി കാശിനാഥ്‌ തപുരിയ എന്നിവര്‍ സ്വിസ്‌ ബാങ്കുകളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരം മാത്രമാണ്‌ സത്യവാങ്‌മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്‌. ഇവര്‍ 75,000 കോടി രൂപ സ്വിസ്‌ ബേങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകക്ക്‌ ആദായനികുതി നല്‍കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ ഒരു വര്‍ഷത്തെ ബജറ്റിന്‌ തുല്യമായ പണം വിദേശ ബേങ്കുകളില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന്‌ ബി ജെ പി ആരോപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കലുള്ളത്‌ മൂന്നേ മൂന്നു പേരുകള്‍ മാത്രം.


ഏറെ ഗൗരവമുള്ള വിഷയം പതിവില്‍ കവിഞ്ഞ ഗൗരവത്തോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നിലെത്തി എന്നതുമാത്രമാണ്‌ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളുടെ ഏക പ്രയോജനം. അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ലിച്ചന്‍സ്റ്റീന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ഹോംഗ്‌കോംഗ്‌, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാറുകള്‍ കത്തുകള്‍ അയച്ചേക്കും. ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ഇവിടെ അവസാനിക്കാനാണ്‌ സാധ്യത. അതിലുമപ്പുറത്തേക്ക്‌ നടപടികള്‍ സ്വീകരിച്ചാല്‍ പൊള്ളലേല്‍ക്കുന്നവരുടെ എണ്ണം വലുതായിരിക്കുമെന്ന്‌ എല്ലാവര്‍ക്കും അറിയാം. മുലായം സിംഗ്‌ യാദവും ലാലു പ്രസാദ്‌ യാദവും മായാവതിയും മാത്രമാവില്ല വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന കേസില്‍ ഉള്‍പ്പെടുക. രാഷ്‌ട്രീയ നേതാക്കള്‍, അവരുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വന്‍കിടക്കാര്‍ എല്ലാവര്‍ക്കും പ്രയാസങ്ങളുണ്ടാവും. അത്‌ ഒഴിവാക്കാനാവും കോണ്‍ഗ്രസും ബി ജെ പിയും ആഗ്രഹിക്കുക എന്നുറപ്പ്‌. സാമ്പത്തിക മാന്ദ്യമുയര്‍ത്തുന്ന വെല്ലുവിളി തരണം ചെയ്യാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ അമേരിക്കയും ബ്രിട്ടനും ഈ വഴിക്ക്‌ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്റും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവും. അങ്ങിനെയെങ്കില്‍ കള്ളപ്പണക്കാരുടെ നീണ്ട പട്ടിക രാജ്യത്തിനു മുന്നില്‍ തുറന്നുവെക്കപ്പെടും. സാമ്പത്തിക മാന്ദ്യം ചില ഗുണഫലങ്ങളുണ്ടാക്കിയെന്ന്‌ വിലയിരുത്തേണ്ടിയും വരും.