2010-12-29

ചീയാതെ നാറാന്‍ കാരണങ്ങളുണ്ട്‌2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ഞാറക്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ട ശ്രീനിജനെക്കുറിച്ച്‌ പൊടുന്നനെ ആരോപണപ്രളയമുണ്ടായത്‌ എന്തുകൊണ്ട്‌? മൂന്ന്‌ മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത മണക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ചിലര്‍ ശ്രീനിജനെ ഒഴിവാക്കാന്‍ തീരുമാനിച്ചതിന്റെ ഫലം മാത്രമാണിത്‌. ആ ലക്ഷ്യം ഏറെക്കുറെ നേടിക്കഴിഞ്ഞുവെന്ന്‌ വേണം കരുതാന്‍. പക്ഷേ, അനധികൃത സ്വത്ത്‌ സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമ്പോള്‍ അത്‌ ശ്രീനിജന്റെ ബന്ധുവും സുപ്രീം കോടതിയുടെ മുന്‍ ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ്‌ ബാലകൃഷ്‌ണനെ കേന്ദ്ര സ്ഥാനത്തേക്ക്‌ കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാല്‌ വര്‍ഷം കൊണ്ട്‌ പലമടങ്ങ്‌ വര്‍ധനയാണ്‌ അഡ്വക്കറ്റ്‌ ശ്രീനജന്റെയും ഭാര്യയുടെയും സ്വത്തു കണക്കിലുണ്ടായിരിക്കുന്നത്‌. ഇത്‌ നിയമവിധേയമായ മാര്‍ഗത്തിലൂടെയുള്ള സമ്പാദ്യമാണോ അതിന്‌ ആനുപാതികമായ നികുതി ശ്രീനിജന്‍ നല്‍കിയിട്ടുണ്ടോ എന്നതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ മരുമകനായ ശ്രീനിജന്‍ കണക്കില്‍കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസിന്‌ ഒരു പങ്കുണ്ടാവുമെന്ന മുന്‍വിധി പൊടുന്നനെയുണ്ടായി. അതിന്റെ ബാക്കിയായിരുന്നു ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ പുറപ്പെടുവിച്ച പ്രസ്‌താവന. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ രാജി രാഷ്‌ട്രപതി ചോദിച്ച്‌ വാങ്ങണമെന്നും ആരോപണങ്ങളെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കൃഷ്‌ണയ്യര്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ ചൂടുപിടിച്ചു.

ശ്രീനിജനെതിയാ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ടതാണ്‌. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ ഏതെങ്കിലും നടപടികള്‍ ശ്രീനിജന്‌ അനുകൂല ഘടകമായി മാറിയിട്ടുണ്ടോ എന്നതും അന്വേഷിക്കാം. ഇത്തരം അന്വേഷണങ്ങള്‍ നടക്കുന്നതിന്‌ മുമ്പ്‌ തന്നെ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ കാര്യത്തിലൊരു മുന്‍വിധി കൃഷ്‌ണയ്യരെപ്പോലുള്ളവര്‍ക്ക്‌ ഉണ്ടാവാന്‍ കാരണമെന്ത്‌ എന്നത്‌ പ്രധാനമാണ്‌. നീതിന്യായ വ്യവസ്ഥയുടെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ അടുത്തകാലത്ത്‌ ഉണ്ടായി. ഇതില്‍ ചിലതൊക്കെ വസ്‌തുതകളാണെന്ന്‌ അംഗീകരിക്കപ്പെടുകയും ചെയ്‌തു. സുതാര്യവും സത്യസന്ധവുമായി നീതി നടപ്പാക്കാന്‍ യത്‌നിക്കുന്നവരെന്ന സങ്കല്‍പ്പത്തിന്‌ ഇതോടെ ഇടിവുണ്ടായി. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിച്ചു. മരുമകനെതിരെ ആരോപണമുണ്ടായപ്പോള്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ കാര്യത്തില്‍ മുന്‍വിധിയുണ്ടായതിന്‌ പ്രധാന കാരണം ഇത്‌ തന്നെയാണ്‌. ഇത്തരം ചില ആരോപണങ്ങളില്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ സ്വീകരിച്ച നിലപാടുകളും മുന്‍വിധിക്ക്‌ കാരണമായിട്ടുണ്ടാവണം.

ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്‌ എന്ന ഷേക്‌സ്‌പിയറുടെ വാചകം കടമെടുത്ത്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന്‌ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ അഭിപ്രായപ്പെട്ടത്‌ അടുത്തിടെയാണ്‌. അലഹബാദ്‌ ഹൈക്കോടതിയിലെ ജഡ്‌ജിമാരില്‍ ചിലരുടെ ബന്ധുക്കള്‍ ഇതേ കോടതിയില്‍ അഭിഭാഷകരായി പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. പ്രാക്‌ടീസ്‌ തുടങ്ങി മൂന്നോ നാലോ വര്‍ഷം കൊണ്ട്‌ കോടികളുടെ ആസ്‌തി ഇവര്‍ സ്വന്തമാക്കുകയും ചെയ്‌തു. എങ്ങനെയാണ്‌ ഇത്‌ സാധിക്കുന്നത്‌ എന്ന ചോദ്യമാണ്‌ സുപ്രീം കോടതി പ്രധാനമായും ഉന്നയിച്ചത്‌. ബന്ധുക്കളായ ജഡ്‌ജിമാരെ സ്വാധീനിച്ച്‌ അനുകൂല വിധികള്‍ സമ്പാദിക്കുകയാണ്‌ അഭിഭാഷകര്‍ ചെയ്യുന്നത്‌ എന്ന സൂചനയും സുപ്രീം കോടതി നല്‍കി. അഴിമതി എന്ന ദുര്‍ഭൂതം നീതിന്യായ വ്യവസ്ഥയെ ഏതളവില്‍ ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌ സുപ്രീം കോടതി കണ്ടെത്തിയ ചീഞ്ഞുനാറ്റം. തങ്ങളുടെ സഹോദരരാണ്‌ അലഹബാദ്‌ ഹൈക്കോടതിയിലുള്ളത്‌ എന്നതുകൊണ്ട്‌ ഇത്‌ കൊടിയ അഴിമതിയാണെന്ന്‌ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ തുറന്ന്‌ പറഞ്ഞില്ല എന്ന്‌ മാത്രം.

ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ സുപ്രീം കോടതിയുടെ ചീഫ്‌ ജസ്റ്റിസായിരിക്കെയാണ്‌ ജസ്റ്റിസ്‌ പി ഡി ദിനകരന്‌ സുപ്രീം കോടതിയിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുന്നത്‌. ഈ വാര്‍ത്ത പുറത്തുവന്നയുടന്‍ ജസ്റ്റിസ്‌ പി ഡി ദിനകരനെതിരായ ആരോപണങ്ങള്‍ നിരത്തി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ചീഫ്‌ ജസ്റ്റിസിനും സുപ്രീം കോടതിയുടെ കൊളീജിയത്തിനുമൊക്കെ കത്ത്‌ നല്‍കി. വെറുതെ ആരോപണം ഉന്നയിക്കുക മാത്രമല്ല ഇവര്‍ ചെയ്‌തത്‌. ആരോപണത്തിന്‌ അടിസ്ഥാനമായ രേഖകളുടെ പകര്‍പ്പ്‌ ഹാജരാക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി, വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചു, സുഹൃത്തുക്കളുടെയും മറ്റും കേസുകള്‍ പരിഗണിച്ച്‌ അനുകൂല വിധികള്‍ നല്‍കി എന്നിങ്ങനെ നീണ്ടു ആരോപണങ്ങളുടെ പട്ടിക. ഇത്തരമൊരു ആരോണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി നെല്ലും പതിരും തിരിച്ചശേഷം ജസ്റ്റിസ്‌ ദിനകരന്‌ സ്ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്ന്‌ സുപ്രീം കോടതി കൊളീജിയത്തിന്‌ തീരുമാനിക്കാമായിരുന്നു. എന്നാല്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള കൊളീജിയം അത്തരമൊരു തീരുമാനം ആദ്യം എടുത്തില്ല. പരാതിയില്‍ നടപടിയുണ്ടാവാതിരുന്നതോടെ ഇങ്ങനെയൊരു പരാതി നല്‍കിയ വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ പരാതിക്കാര്‍ തീരുമാനിച്ചു. 


ജസ്റ്റിസ്‌ ദിനകരനെതിരായ ആരോപണം മാധ്യമങ്ങള്‍ ഏറ്റെടുത്തു. അപ്പോഴും സ്ഥാനക്കയറ്റ ശിപാര്‍ശ പിന്‍വലിക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചില്ല. പലകുറി ഈ വിഷയം പരിഗണിച്ച കൊളീജിയം ഒരു തീരുമാനവും എടുക്കാതിരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ തുടരുകയും ചെയ്‌തതോടെ ജസ്റ്റിസ്‌ ദിനകരന്റെ ശിപാര്‍ശ കൊളീജിയത്തിന്‌ മടക്കി നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശം നല്‍കി. അതിന്‌ ശേഷമാണ്‌ നിയമന ശിപാര്‍ശ മരവിപ്പിക്കാന്‍ കൊളീയിയം തീരുമാനിച്ചത്‌. പക്ഷേ, ആഭ്യന്തരമായ ഒരു അന്വേഷണം നടത്താന്‍ അപ്പോഴും നടപടിയുണ്ടായില്ല.

ജസ്റ്റിസ്‌ ദിനകരന്‍ വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ്‌ രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്‌ജിമാര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്‌. ഈ ആവശ്യത്തോട്‌ വിയോജിച്ചവരുടെ മുന്‍നിരയില്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനുണ്ടായിരുന്നു. സ്വത്ത്‌ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ജഡ്‌ജിമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും സത്യസന്ധതയെ ചോദ്യം ചെയ്യുന്നതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. സ്വത്ത്‌ വിവരം വെളിപ്പെടുത്തുന്നതിനോട്‌ രാജ്യത്തെ ജഡ്‌ജിമാര്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജഡ്‌ജിമാര്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയിലെ ജഡ്‌ജി ജസ്റ്റിസ്‌ ഡി വി ശൈലേന്ദ്ര കുമാര്‍ തുറന്നടിക്കുകയും പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയിലെ ജഡ്‌ജി ജസ്റ്റിസ്‌ കണ്ണന്‍ സ്വമേധയാ സ്വത്ത്‌ വിവരം പരസ്യപ്പെടുത്തുകയും ചെയ്‌തതോടെ തകര്‍ന്നത്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ പ്രതിച്ഛായയാണ്‌. സ്വത്ത്‌ വെളിപ്പെടുത്തുന്നതിനെ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ എതിര്‍ത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം ഉയരാനും കാരണമായി.

പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ നിര്‍മല്‍ യാദവിനെതി െകോഴ ആരോപണം ഉയര്‍ന്നിരുന്നു. 15 ലക്ഷം കോഴപ്പണമടങ്ങിയ ബാഗ്‌ ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗറിന്റെ വീട്ടുവാതിക്കല്‍ നിക്ഷേപിക്കപ്പെട്ടതോടെയാണ്‌ വിവരം പുറംലോകം അറിഞ്ഞത്‌. ജസ്റ്റിസ്‌ നിര്‍മല്‍ യാദവിന്റെ വീട്ടുവാതില്‍ക്കല്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്നതായിരുന്നു ബാഗെന്ന്‌ പറയുന്നു. ഇതേക്കുറിച്ച്‌ അന്വേഷണം നടത്തിയ സി ബി ഐ കേസില്‍ തെളിവുണ്ടെന്നും ജഡ്‌ജിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ജസ്റ്റിസ്‌ യാദവിനെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന നിലപാടാണ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്വീകരിച്ചത്‌. ജസ്റ്റിസ്‌ നിര്‍മല്‍ യാദവിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സി ബി ഐ അനുമതി തേടിയിരുന്നോ എന്ന്‌ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ഇക്കാര്യം പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നാണ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ ചീഫ്‌ ജസ്റ്റിസായിരിക്കെ സുപ്രീം കോടതിയുടെ രജിസ്‌ട്രാര്‍ മറുപടി നല്‍കിയത്‌.

നീതിപതികളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവര്‍ അനീതിക്കൊപ്പം നില്‍ക്കുകയോ അതിന്‌ മറപിടിക്കുകയോ ചെയ്യുകയാണെന്ന തോന്നലാണ്‌ ഇത്തരം സംഭവങ്ങളെല്ലാം സൃഷ്‌ടിക്കുന്നത്‌. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ സൗമിത്ര സെന്നിനെ ഇംപീച്ച്‌ ചെയ്യാന്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ ശിപാര്‍ശ ചെയ്‌തിരുന്നു. അഭിഭാഷകനായിരിക്കെ കാണിച്ച സാമ്പത്തിക അഴിമതിയുടെ പേരിലായിരുന്നു ഇംപീച്ച്‌മെന്റ്‌ ശിപാര്‍ശ. ഒരുഭാഗത്ത്‌ ഇത്രയും കര്‍ശന നിലപാടെടുത്തയാള്‍ മറ്റ്‌ പല കേസുകളുടെ കാര്യത്തിലും അതാര്യത നിലനിര്‍ത്തിയത്‌ എന്തുകൊണ്ടായിരിക്കും? കാരണങ്ങളുണ്ടാവാം. ഉയര്‍ന്ന നീതി ബോധത്തിന്‌ തീര്‍ത്തും ബോധ്യപ്പെടുന്ന കാരണങ്ങളുമാവാം. പക്ഷേ, ഇത്തരം സംഭവങ്ങള്‍ അനിവാര്യമായ സംശയങ്ങള്‍ക്ക്‌ കാരണമാവും. ആ സംശയങ്ങള്‍ തന്നെയാണ്‌ മരുമകനെതിരെ ആരോപണമുയരുമ്പോള്‍ ജസ്റ്റിസ്‌ ബാലകൃഷ്‌ണനെ മുന്‍വിധിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും.

മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയെക്കുറിച്ചുള്ള തര്‍ക്കത്തിന്റെ ചൂടാറുന്നേയുള്ളൂ. മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസായിരിക്കെ താന്‍ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം ജസ്റ്റിസ്‌ രഘുപതിയുടെ കത്തു ചേര്‍ത്തിരുന്നുവെന്നും അതില്‍ മന്ത്രി രാജയുടെ പേരുണ്ടായിരുന്നുവെന്നും ജസ്റ്റിസ്‌ എച്ച്‌ എല്‍ ഗോഖലെ പറയുന്നു. മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു മന്ത്രിയുടെയും പേരുണ്ടായിരുന്നില്ലെന്ന്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ വിശദീകരിക്കുകയും ചെയ്യുന്നു. ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയാരെന്ന്‌ അന്വേഷിക്കണമെന്നോ നടപടിയെടുക്കണമെന്നോ ഉയര്‍ന്ന ന്യായാലയങ്ങള്‍ക്ക്‌ തോന്നാതിരിക്കുമ്പോള്‍ ചീഞ്ഞുനാറ്റം അലഹബാദില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന്‌ അനുമാനിക്കേണ്ടിവരും. ഒന്നും ചീയാതിരുന്നിട്ടും കൊച്ചിയില്‍ നിന്ന്‌ മണമുയരുന്നതിന്‌ ഹേതു പലതാണ്‌.

രാജ്യദ്രോഹി?!ഭരണഘടനാ നിര്‍മാണ സഭയില്‍ ഗവര്‍ണര്‍ നിയമനത്തിനുള്ള വ്യവസ്ഥകളെക്കുറിച്ച്‌ സംവാദം നടക്കുന്നു. ഗവര്‍ണറെ നിയമിക്കാനുള്ള അധികാരം രാഷ്‌ട്രപതിക്ക്‌ നല്‍കരുതെന്ന്‌ ഒരു വാദം. ഈ അധികാരം പ്രധാനമന്ത്രിക്ക്‌ നല്‍കണമെന്ന്‌ മറ്റൊരു അംഗം. ഇതിനെ എതിര്‍ത്ത്‌ രംഗത്തെത്തിയ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള അംഗം പ്രൊഫ. ശിബല്‍ലാല്‍ സക്‌സേന അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയായിരുന്നു - `` പ്രധാനമന്ത്രിക്ക്‌ നിലവില്‍ തന്നെ നിരവധി അധികാരങ്ങളുണ്ട്‌. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ ശരിയല്ല. പ്രധാനമന്ത്രി സ്ഥാനത്ത്‌ എല്ലായ്‌പ്പോഴും പണ്ഡിറ്റ്‌ നെഹ്‌റുവിനെപ്പോലൊരാളായിരിക്കുമെന്ന്‌ കരുതരുത്‌.''

അധികാരം വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിലെ അപകടത്തെക്കുറിച്ച്‌ എത്രത്തോളം ആശങ്കാകുലരായിരുന്നു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായ തലമുറ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ വാക്കുകള്‍. പക്ഷേ, ഭരണനേതൃത്വം കൂട്ടായി ആലോചിച്ച്‌ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ശ്രമിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്‌മ ചെയ്യുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. അതിന്‌ നിയമത്തിന്റെ പിന്‍ബലം ഉണ്ടാക്കിയെടുക്കാന്‍ മടിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാധ്യത ഭരണഘടനാ ശില്‍പ്പികള്‍ മുന്‍കൂട്ടിക്കണ്ടിട്ടുണ്ടാകില്ല. ഭരണഘടനാ ശില്‍പ്പികള്‍ ഏതെങ്കിലും വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ തന്നെ അതെല്ലാം രാജ്യസുരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും നിറംപിടിപ്പിച്ച കഥകളിലൂടെ മറികടക്കാന്‍ ഭരണകൂടത്തിന്‌ സാധിക്കുന്നുമുണ്ട്‌.

ബിനായക്‌ സെന്നിന്‌ വിചാരണക്കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുമ്പോള്‍ സംഭവിക്കുന്നത്‌ അതാണ്‌. സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുമ്പോഴും മഅ്‌ദനിക്കെതിരെ മൊഴി നല്‍കിയെന്ന്‌ പറയുന്നവരെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തക ഷാഹിനക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോഴും സംഭവിക്കുന്നത്‌ മറ്റൊന്നല്ല. ഇതിനെല്ലാം പാകത്തില്‍ നിയമങ്ങളുണ്ടാക്കി നല്‍കിയിരിക്കുന്നു നമ്മുടെ ഭരണകൂടം. എല്ലാ കേസുകളിലും നിയമം നിയമത്തിന്റെ വഴിക്കെന്ന അനുത്സുകമായ നിലപാട്‌ സ്വീകരിച്ച്‌ അവര്‍ മാറി നില്‍ക്കുകയും ചെയ്യുന്നു. ഇത്‌ ഭരണകൂടത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നവരുടെ രക്ഷക്കും എതിര്‍പ്പുന്നയിക്കുന്നവരുടെ ശിക്ഷക്കും കാരണമാകുന്നതിന്‌ നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിക്കാനാകും.

ശിശുരോഗ വിദഗ്‌ധനായ ഡോക്‌ടറും പൗരാവകാശ പ്രവര്‍ത്തകനുമായ ബിനായക്‌ സെന്‍ സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവെന്നാണ്‌ വിചാരണക്കോടതി കണ്ടെത്തിയത്‌. ഭീകര പ്രസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സംഘടനയാണ്‌ സി പി ഐ (മാവോയിസ്റ്റ്‌). അതുകൊണ്ടുതന്നെ അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്‌ നിയമത്തിന്റെ ദൃഷ്‌ടിയില്‍ രാജ്യദ്രോഹമാണ്‌. എന്നാല്‍ ബിനായക്‌ സെന്‍ ശിക്ഷിക്കപ്പെടുന്നത്‌ ഈ കുറ്റത്തെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമല്ല. ഛത്തീസ്‌ഗഢില്‍ നിലനില്‍ക്കുന്ന പ്രത്യേക പൊതു സുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു കൂടിയാണ്‌. 2005ലാണ്‌ ഛത്തീസ്‌ഗഢിലെ ബി ജെ പി സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തിയത്‌. 


കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശയനുസരിച്ച്‌ രാഷ്‌ട്രപതി അംഗീകാരം നല്‍കിയ നിയമം വിജ്ഞാപനം ചെയ്‌തത്‌ 2006 മാര്‍ച്ചിലും. ഈ ബില്ല്‌ നിയമസഭയില്‍ പാസ്സാക്കുമ്പോള്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇറങ്ങിപ്പോയി. കാട്ടാള നിയമമാണിതെന്ന്‌ ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. ഇപ്പോള്‍ ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്‌ ബിനായക്‌ സെന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം നടുക്കം പ്രകടിപ്പിക്കുന്നു. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറാണ്‌ ഈ നിയമം അംഗീകരിക്കാന്‍ രാഷ്‌ട്രപതിയോട്‌ ശിപാര്‍ശ ചെയ്‌തത്‌ എന്നത്‌ മറന്നുകൊണ്ടാണ്‌ നടുക്കം പ്രകടിപ്പിക്കുന്നത്‌. നാണമെന്ന വികാരത്തെക്കുറിച്ച്‌ കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ക്ക്‌ മാത്രം സാധിക്കുന്ന പ്രകടനം. ബിനായക്‌ സെന്നിനെ ശിക്ഷിച്ചതിനെ സി പി ഐ നേതാവ്‌ ഡി രാജയെപ്പോലുള്ളവര്‍ അപലപിക്കുമ്പോഴും സ്ഥിതി വ്യത്യസ്‌തമല്ല.

സംശയം തോന്നുന്നവരെ തടവിലാക്കാനും `വേണ്ടിവന്നാല്‍' വെടിവെച്ചു കൊല്ലാനും സൈന്യത്തിന്‌ അധികാരം നല്‍കുന്ന പ്രത്യേക നിയമം ജമ്മു കാശ്‌മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവിലുണ്ട്‌. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സൈനികരെ വിചാരണ ചെയ്യുന്നത്‌ നിയമം തടയുന്നുമുണ്ട്‌. ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ഇതിനായി ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരം ഒരു ദശകം പിന്നിട്ടു. ജമ്മു കാശ്‌മീരിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തന്നെ ഈ നിയമം പിന്‍വലിക്കുകയോ ഇളവ്‌ ചെയ്യുകയോ വേണമെന്ന്‌ ആവശ്യപ്പെടുന്നു. അതിനിടയിലാണ്‌ പുതിയ കാട്ടാള നിയമങ്ങള്‍ ഉദയം കൊള്ളുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നത്‌. നേരിട്ട്‌ കൊല്ലാന്‍ അധികാരം നല്‍കുന്നില്ലെങ്കിലും ഛത്തീസ്‌ഗഢിലെ നിയമം കുറേക്കൂടി കിരാതമാണ്‌. നിയമ നിര്‍വഹണത്തിന്‌ തടസ്സം സൃഷ്‌ടിക്കാനുള്ള പ്രവണത കാട്ടുന്നവരെപ്പോലും അറസ്റ്റ്‌ ചെയ്യാന്‍ ഈ പ്രത്യേക നിയമം പോലീസിന്‌ അധികാരം നല്‍കുന്നു. നിയമം ലംഘിക്കാന്‍ പ്രേരണ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അധികാരമുണ്ട്‌.

നിയമ നിര്‍വഹണത്തിന്‌ തടസ്സം സൃഷ്‌ടിക്കാനുള്ള പ്രവണത പ്രകടിപ്പിക്കുമെന്ന്‌ പോലീസിന്‌ തോന്നുന്ന ആരെയും തടങ്കലില്‍ വെക്കാനുള്ള അധികാരം ഏതളവില്‍ ദുരുപയോഗം ചെയ്യുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഡോക്‌ടറെന്ന നിലയിലും പൗരാവകാശ പ്രവര്‍ത്തകനെന്ന നിലയിലും പ്രശസ്‌തനായതുകൊണ്ട്‌ ബിനായക്‌ സെന്നിന്റെ കഥ പുറത്തുവന്നു. രണ്ട്‌ വര്‍ഷത്തിലധികം നീണ്ട വിചാരണത്തടവ്‌ അപലപിക്കപ്പെട്ടു. ഈ `ഭാഗ്യം' സിദ്ധിക്കാത്ത എത്ര സാധാരണക്കാര്‍ ഈ നിയമപ്രകാരം ഇരുമ്പഴികള്‍ക്കുള്ളിലായിട്ടുണ്ടാവും?

ജയിലില്‍ കഴിയുന്ന സി പി ഐ (മാവോയിസ്റ്റ്‌) നേതാവ്‌ നാരായണ്‍ സന്യാലിന്റെ പക്കല്‍ നിന്ന്‌ കത്ത്‌ സ്വീകരിച്ച്‌ വ്യവസായിയായ പീയൂഷ്‌ ഗുഹക്ക്‌ കൈമാറിയെന്നതാണ്‌ ബിനായക്‌ സെന്‍ ചെയ്‌തതായി കോടതിക്ക്‌ ബോധ്യപ്പെട്ട കുറ്റം. കൊല്‍ക്കത്തയിലെ മാവോയിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറാനായിരുന്നു കത്തുകള്‍. ഛത്തീസ്‌ഗഢിലെ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ്‌ നേതാവിന്‌ കത്തെഴുതാന്‍ സൗകര്യം ചെയ്‌തുകൊടുത്തു അവിടുത്തെ പോലീസുകാര്‍ എന്നത്‌ വിശ്വസിക്കുക പ്രയാസം. അത്തരം സൗകര്യമൊരുക്കിയെങ്കില്‍ തന്നെ കത്ത്‌ ബിനായക്‌ സെന്നിന്‌ കൈമാറാന്‍ സൗകര്യം ചെയ്‌തുകൊടുത്തു എന്നത്‌ തീരെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഈ രണ്ട്‌ കാര്യങ്ങള്‍ക്കും സൗകര്യം ചെയ്‌തുകൊടുത്തിട്ടുണ്ടെങ്കില്‍ ജയിലിലെ പോലീസുകാരില്‍ മാവോയിസ്റ്റ്‌ അനുഭാവികളുണ്ടെന്ന്‌ നിസ്സംശയം പറയാം. ഛത്തീസ്‌ഗഢിലെ നിയമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിയമ നിര്‍വഹണത്തിന്‌ തടസ്സം സൃഷ്‌ടിക്കാനുള്ള പ്രവണത കാട്ടുന്നവര്‍. എന്തുകൊണ്ടാണ്‌ ഇവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിചാരണ ചെയ്യാന്‍ സംസ്ഥാന ഭരണകൂടം നടപടി സ്വീകരിക്കാതിരുന്നത്‌? കത്ത്‌ കൈമാറിയെന്നത്‌ വിശ്വസിച്ച്‌ അതിന്‌ പിന്നില്‍ രാജ്യദ്രോഹോന്‍മുഖമായ ഗൂഢാലോചന നടന്നുവെന്ന്‌ അനുമാനിച്ച്‌ ജീവപര്യന്തം ശിക്ഷ വിധിച്ച ന്യായാധിപന്‍ ഇതേക്കുറിച്ച്‌ ആലോചിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുന്ന രാജ്യത്ത്‌ ഇത്തരം യുക്തികള്‍ക്ക്‌ സ്ഥാനമില്ല.

നാളെ അരുന്ധതി റോയിയുടെ കാര്യത്തിലും ഒരുപക്ഷേ ഇതൊക്കെ സംഭവിച്ചേക്കാം. മാവോയിസ്റ്റുകളുടെ താവളമായ ദണ്ഡകാരണ്യ വനമേഖല സന്ദര്‍ശിച്ച്‌ അവരെഴുതിയ ലേഖനം നിയമത്തെ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന്‌ ആരോപിച്ച്‌ ഛത്തീസ്‌ഗഢിലെ കോടതികളിലൊന്നില്‍ ആരെങ്കിലും ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ `ജമ്മു കാശ്‌മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെ'ന്ന്‌ പറഞ്ഞതിന്റെ പേരില്‍ നിലനില്‍ക്കുന്ന കേസില്‍ നിയമം നിയമത്തിന്റെ വഴി പോയാലും മതി. ഇത്തരം നിയമങ്ങളൊന്നും കേരളത്തിലോ കര്‍ണാടകത്തിലോ നിലനില്‍ക്കുന്നില്ല. പക്ഷേ, മഅ്‌ദനിക്കെതിരെ മൊഴി നല്‍കിയവരെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുക്കാന്‍ അതൊന്നും തടസ്സമല്ല. ഭീകരാക്രമണക്കേസില്‍ മൊഴി മാറ്റാന്‍ സാക്ഷികളെ നിര്‍ബന്ധിച്ചാല്‍ അത്‌ രാജ്യദ്രോഹത്തിന്‌ തുല്യവുമാണ്‌. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമ പ്രകാരം കേസെടുക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല. ഇവിടെയും നിയമത്തിന്റെ പിന്‍ബലം പോലീസിനും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനുമുണ്ട്‌.

കാര്യങ്ങളെല്ലാം നിയമവിധേയമായാണ്‌ നടക്കുന്നത്‌. ഏതെങ്കിലും വ്യക്തിയെ/വ്യക്തികളെ കുടുക്കണമെന്ന്‌ (അത്‌ അധികാരത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയ നേട്ടത്തിനോ വര്‍ഗീയ അജന്‍ഡയുടെ നടപ്പാക്കലിനോ കുത്തക കമ്പനികളുടെ താത്‌പര്യത്തിനോ) ഭരണകൂടം വിചാരിച്ചാല്‍ അതിന്‌ പാകത്തിലുള്ള അവസ്ഥ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്‌ ഏറെ ആശങ്കപ്പെടുത്തുന്നത്‌. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയുടെ പകര്‍പ്പ്‌ കൈയില്‍ സൂക്ഷിച്ചാല്‍ മാവോയിസ്റ്റ്‌ അനുഭാവിയെന്ന്‌ ആരോപിക്കപ്പെടാം. നിയമം ലംഘിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ സൂക്ഷിച്ചതെന്ന്‌ ആരോപിച്ച്‌ അതിന്‌ വേണ്ട തെളിവുകളൊരുക്കാന്‍ പ്രയാസമുണ്ടാകില്ല തന്നെ.

ബിനായക്‌ സെന്നും അരുന്ധതി റോയിയും ഷാഹിനയും വലിയ മുന്നറിയിപ്പുകളാണ്‌ നല്‍കുന്നത്‌. ആ മുന്നറിയിപ്പുകള്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കപ്പെടുന്നുണ്ടോ എന്നത്‌ സംശയമാണ്‌. ഷാഹിനക്കെതിരെ കേസെടുത്ത സംഭവത്തില്‍ പത്രാധിപന്‍മാരുടെ സംഘടന ഒരു പ്രസ്‌താവന പോലും പുറപ്പെടുവിച്ചില്ല. ബിനായക്‌ സെന്നിനെ ശിക്ഷിച്ചപ്പോള്‍ പ്രതിഷേധിക്കുന്നത്‌ കൈവിരലില്‍ എണ്ണാവുന്നവരാണ്‌. അരുന്ധതി റോയിയുടെ കാര്യത്തില്‍ ദേശസ്‌നേഹമെന്ന മാരകായുധം ഒളിഞ്ഞിരിക്കുന്നതിനാല്‍ പ്രതികരണം തുലോം കുറവായിരുന്നു.

നിയമങ്ങളുടെ പത്മവ്യുഹം സൃഷ്‌ടിച്ച്‌ ഭരണാധികാരികള്‍ അടിച്ചമര്‍ത്തല്‍ തുടരുകയാണ്‌. വ്യക്തിയില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനെ ഭയന്ന നേതാക്കളുടെ പിന്‍മുറക്കാര്‍ രാഷ്‌ട്രീയവും ആശയപരവുമായ എതിര്‍പ്പുകള്‍ക്കപ്പുറത്ത്‌ ചില കാര്യങ്ങളില്‍ യോജിക്കുന്നു. ആ യോജിപ്പ്‌ അടിച്ചമര്‍ത്തലിന്‌ വേണ്ടിയാണ്‌. ആഭ്യന്തര സുരക്ഷയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരില്‍ ചിലരെയൊക്കെ അടിച്ചോടിച്ച്‌ വികസനം സാധ്യമാക്കാനും സമ്പല്‍ സമൃദ്ധി പ്രദാനം ചെയ്യാനും വേണ്ടിയാണ്‌. അതിനെ കരുതിയിരിക്കുന്നവര്‍ക്ക്‌ കാരാഗൃഹ വാസത്തിനാണ്‌ യോഗം.

2010-12-28

കരുണാകരനെ ഇങ്ങനെയും സ്‌മരിക്കാം2006ല്‍ എഴുതിയത്‌

മനുഷ്യത്വമില്ലാത്തവന്‍ എന്ന പദത്തിന്‌ പര്യായമെഴുതാന്‍ പറഞ്ഞാല്‍ ഇനി ഞങ്ങള്‍ ആദ്യം എഴുതുക കെ കരുണാകരന്‍ എന്ന പേരായിരിക്കും. മകന്റെ മൃതദേഹം എന്തു ചെയ്‌തെന്ന ചോദ്യവുമായി 30 കൊല്ലക്കാലം വേദനയുടെ പ്രത്യക്ഷരൂപമായി ജീവിച്ച ടി വി ഈച്ചരവാരിയര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞെന്ന വിവരത്തോടുള്ള കരുണാകരന്റെ പ്രതികരണം കേട്ടവരാരും ഞങ്ങള്‍ ഈ എഴുതിയത്‌ കൂടിപ്പോയെന്ന്‌ പറയില്ല. ഈച്ചരവാര്യരുടെ മരണ വിവരം അറിയിച്ച്‌ പത്രലേഖകര്‍ പ്രതികരണം തേടുമ്പോള്‍ ഒരു വിവാഹച്ചടങ്ങില്‍ നിന്ന്‌ പുറത്തേക്ക്‌ വരികയായിരുന്നു കരുണാകരന്‍. ``അനുശോചന സന്ദേശം ചോദിക്കുന്നത്‌ ഇപ്പോഴാണോ? നിങ്ങളെ ആരാണ്‌ പത്രപ്രവര്‍ത്തനം പഠിപ്പിച്ചത്‌?'' ഇതായിരുന്നു കെ കരുണാകരന്റെ ധാര്‍ഷ്‌ട്യത്തോടെയുള്ള മറുപടി. എത്രത്തോളം ശത്രുതയുണ്ടെങ്കിലും മരിച്ചുകഴിഞ്ഞാല്‍ പിന്നെ അത്‌ മനസ്സില്‍ വെച്ച്‌ പെരുമാറുന്നത്‌ മനുഷ്യന്‌ ചേര്‍ന്നതല്ല. ഈ മാന്യത പോലും കാണിക്കാത്ത ഒരാളെ ഏറ്റവും മിതമായ ഭാഷയില്‍ വിശേഷിപ്പിക്കാവുന്നത്‌ മനുഷ്യത്വമില്ലാത്തവന്‍ എന്നുതന്നെയാണ്‌.

ഇവിടെ ടി വി ഈച്ചരവാരിയര്‍ കെ കരുണാകരന്റെ ശത്രുവല്ല, ഇരയാണ്‌. 30 വര്‍ഷത്തോളം ഈച്ചരവാര്യരെ പീഡിപ്പിച്ച കരുണാകരന്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും അതേ വൈരാഗ്യത്തോടെ പെരുമാറുന്നുവെന്നു തന്നെയാണ്‌ ഈ പ്രതികരണത്തില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. ഇനി ചിലപ്പോള്‍ കരുണാകരന്‍ അനുശോചനം അറിയിച്ചേക്കാം. മരണത്തില്‍ തനിക്കുള്ള അഗാധ ദുഃഖം രേഖപ്പെടുത്തി കണ്ണീരണിഞ്ഞേക്കാം, പക്ഷെ അതൊന്നും ഇച്ചെയ്‌ത പാതകത്തിന്‌ പ്രതിക്രിയയാവില്ല.

കരുണാകരന്റെ ആരാധ്യയായ നേതാവ്‌ ഇന്ദിരാഗാന്ധി 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഇരകളില്‍ ഒരാളായിരുന്നു ഈച്ചരവാരിയരുടെ മകന്‍ രാജന്‍. കോഴിക്കോട്‌ എന്‍ജിനിയറിംഗ്‌ കോളെജിലെ വിദ്യാര്‍ഥിയായിരുന്ന രാജനെ നക്‌സല്‍ ബന്ധം ആരോപിച്ചാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. എന്‍ജിനിയറിംഗ്‌ കോളെജില്‍ നടന്ന കലാപരിപാടിക്കിടെ `കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ...' എന്ന ഗാനം രാജന്‍ പാടിയത്‌ കരുണാകരനെയോ ഇന്ദിരാഗാന്ധിയെയോ ഉദ്ദേശിച്ചാണെന്നും ഇതില്‍ ക്ഷുഭിതരായാണ്‌ കരുണാകര ഭക്തരായ പൊലീസുകാര്‍ രാജനെ അറസ്റ്റുചെയ്‌തതെന്ന്‌ മറ്റൊരു കഥയും പ്രചരിച്ചിരുന്നു. എന്തായാലും രാജന്‍ അറസ്റ്റുചെയ്യപ്പെട്ടുവെന്നും കക്കയത്തെ കെ എസ്‌ ഇ ബി ഓഫിസ്‌ വളപ്പില്‍ ക്രൈംബ്രാഞ്ച്‌ ആരംഭിച്ച ക്യാംപില്‍ വെച്ച്‌ പൊലീസുകാരുടെ കൈകളാല്‍ കൊല്ലപ്പെട്ടുവെന്നതും ഇന്ന്‌ വ്യക്തമാണ്‌.

രാജന്‍ മരിച്ചുവെന്ന വിവരം അറിയാന്‍ വേണ്ടി അധികാരികളുടെ ഓഫിസുകളും കോടതികളും കയറി ഇറങ്ങേണ്ടിവന്ന അച്ഛനായിരുന്നു ഈച്ചരവാരിയര്‍. അടിയന്തരാവസ്ഥക്കാലത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നിര്‍ദേശപ്രകാരമാണ്‌ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പൊലീസ്‌ ക്യാംപുകള്‍ ആരംഭിച്ചത്‌. ക്രൈം ബ്രാഞ്ച്‌ ഡി ഐ ജിയായിരുന്ന ഐ പി എസുകാരന്‍ ജയറാം പടിക്കലിനായിരുന്നു ക്യാംപുകളുടെ ആകെ ചുമതല. കേരളത്തില്‍ സജീവമായിരുന്ന നക്‌സലുകളെ ഇല്ലാതാക്കുക എന്നതായിരുന്നു ക്യാംപുകളുടെ പ്രഥമ ഉദ്ദേശ്യം. സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡില്‍ പോയി പ്രത്യേക പരിശീലനം നേടി തിരിച്ചെത്തിയ ശേഷമാണ്‌ ജയറാം പടിക്കല്‍ ഇത്തരം ക്യാംപുകള്‍ ആരംഭിച്ചത്‌. പടിക്കലിനു പുറമെ, ഡിവൈ എസ്‌ പിയായിരുന്ന മുരളീകൃഷ്‌ണ ദാസ്‌, ടി വി മധുസൂദനന്‍, കെ ലക്ഷ്‌മണ, സി ഐ മാരായ സുലൈമാന്‍, ശ്രീധരന്‍, രാമാനന്ദന്‍, ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവര്‍ക്കായിരുന്നു കക്കയം ക്യാംപിന്റെ ചുമതല. 


ജയറാം പടിക്കലിന്റെ സാന്നിധ്യത്തില്‍ നേരത്തെ പറഞ്ഞ സി ഐമാര്‍ക്കൊപ്പം എസ്‌ ഐ ആയിരുന്ന പുലിക്കോടന്‍ നാരായണനും മറ്റും ചേര്‍ന്നാണ്‌ രാജനെ മര്‍ദിച്ചതെന്നാണ്‌ പിന്നീട്‌ പുറത്തുവന്ന വിവരം. പുലിക്കോടനെ മര്‍ദിക്കാനായി ക്യാംപിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. ഫോര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷനില്‍ അടുത്തിടെ പൊലീസ്‌ പരീക്ഷിച്ച്‌ `വിജയിച്ച' ഉരുട്ടലിന്‌ രാജനെ വിധേയനാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും രാജന്‍ മരിച്ചു. ശരീരം കൊക്കയിലെറിഞ്ഞെന്നും കത്തിച്ചുകളഞ്ഞെന്നുമൊക്കെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം എന്തുചെയ്‌തെന്ന്‌ ഇപ്പോഴും വ്യക്തമല്ല.

1976 ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിലൊന്നിലാണ്‌ കരുണാകരന്റെ പൊലീസ്‌ രാജനെ കസ്റ്റഡിയിലെടുക്കുന്നത്‌. മാര്‍ച്ച്‌ ഒന്നിന്‌ രാജനെത്തേടി കോളെജിലെത്തിയ ഈച്ചരവാരിയര്‍ ഇന്നലെ മരിക്കുമ്പോഴും ആ അന്വേഷണം തുടരുകയായിരുന്നു. രാജനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തുവെന്ന്‌ അറിഞ്ഞപ്പോള്‍ ഈച്ചരവാര്യര്‍ ആദ്യം പോയത്‌ കക്കയം ക്യാംപിലേക്കായിരുന്നു. അവിടെ നിന്നും മകന്റെ വിവരമൊന്നും കിട്ടാതായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനെയും അന്ന്‌ സുഹൃത്തായിരുന്ന ആഭ്യന്തര മന്ത്രി കെ കരുണാകരനെയും സമീപിച്ചു. രണ്ടുപേരും അന്വേഷിക്കാമെന്ന മറുപടി നല്‌കി. രാജനെ അറസ്റ്റു ചെയ്‌ത വിവരം അറിയില്ലെന്നാണ്‌ കരുണാകരന്‍ പറഞ്ഞത്‌. പിന്നീട്‌ കോടതിയെ സമീപിച്ചാണ്‌ ഈച്ചരവാര്യര്‍ സത്യമറിഞ്ഞത്‌. രാജനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും മരിച്ചുവെന്നും പൊലീസ്‌ കോടതിയെ അറിയിച്ചു. കോടതിയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ നല്‌കിയ സത്യവാങ്‌മൂലം രാജനെ അറസ്റ്റുചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്‌തിട്ടില്ല എന്നായിരുന്നു. ഇത്‌ തെറ്റാണെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടു. കോടതിയില്‍ കള്ളം പറഞ്ഞതിന്‌ കരുണാകരന്‌ ആഭ്യന്തരമന്ത്രിപദം രാജിവെക്കേണ്ടിവന്നു. 


അടിയന്തരാവസ്ഥക്കാലത്ത്‌ നിരവധി മനുഷ്യരെ കൊടിയ മര്‍ദനത്തിന്‌ ഇരയാക്കാന്‍ അരുനിന്നതിന്‌ കരുണാകരന്‌ ലഭിച്ച ഏകശിക്ഷ അതുമാത്രമായിരുന്നു. പിന്നീട്‌ കേരളത്തിന്റെ മുഖ്യമന്ത്രി പദം പലതവണ അലങ്കരിച്ചു, ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന്‌ ലജ്ജയില്ലാതെ പറയുകയും ചെയ്യുന്നു.
മകന്റെ മരണം തളര്‍ത്തിയ ഈച്ചരവാരിയര്‍ രാജന്റെ ശരീരം എന്തുചെയ്‌തെന്ന ചോദ്യവുമായി കോടതി കയറി ഇറങ്ങി മകനെ കൊന്നവര്‍ക്ക്‌ ശിക്ഷ നല്‌കണമെന്ന്‌ നീതിപീഠങ്ങളോട്‌ അഭ്യര്‍ഥിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നീതി അളക്കുന്ന ന്യായാധിപന്‍മാര്‍ക്കു പക്ഷെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനായില്ല. മുമ്പുതന്നെ ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഭാര്യ മകനെക്കുറിച്ച്‌ ചോദിക്കുമ്പോഴൊക്കെ നുണ പറഞ്ഞ്‌ വേദന കടിച്ചിറക്കിയായിരുന്നു ഈ യുദ്ധമത്രയും. പിന്നീട്‌ മകനെക്കുറിച്ച്‌ ഭര്‍ത്താവ്‌ പറയുന്നതെല്ലാം പൊളിയാണെന്ന്‌ തിരിച്ചറിഞ്ഞതോടെ മനോനില പൂര്‍ണമായും തെറ്റിയ അവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു; മകനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്‌ മറുപടി കിട്ടാതെ.

മകന്റെ തിരോധാനവും മരണവും അന്വേഷിച്ചുള്ള യാത്രയായിരുന്നെങ്കിലും മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ കേരളത്തില്‍ ആദ്യമായി ചര്‍ച്ചകളുയര്‍ത്താനും അതിലേക്ക്‌ ഭരണകൂടങ്ങളുടെ ശ്രദ്ധ കൊണ്ടുവരാനും ഈച്ചരവാര്യര്‍ അനുഷ്‌ഠിച്ച ത്യാഗത്തിന്‌ കഴിഞ്ഞു. ഉരുട്ടിക്കൊലകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ജനരോഷമുയരുന്നതിന്റെ പിന്നില്‍ ഈച്ചരവാരിയരുടെ ഒറ്റയാന്‍ പോരാട്ടത്തിനുള്ള പങ്ക്‌ ചെറുതല്ല. രാജന്റെ മരണത്തിന്‌ ഉത്തരവാദികളായവര്‍ പിന്നീട്‌ പൊലീസിലെയും ഭരണത്തിലെയും ഉന്നതപദവികള്‍ അലങ്കരിച്ചപ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചുവെന്ന വസ്‌തുത മലയാളികളുടെ കാപട്യത്തിന്റെയോ ഗതികേടിന്റെയോ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. പക്ഷെ, മരണത്തിനു ശേഷവും ഇരയോട്‌ ദയകാട്ടാത്ത ഒരാളെ വീണ്ടും സഹിക്കേണ്ടിവരുന്നത്‌ ഗതികേടായല്ല, നട്ടെല്ലില്ലായ്‌മയായി മാത്രമേ കാണാനാവൂ.

2010-12-22

കടലില്‍ കായം കലക്കുംകോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അഴിമതി ആരോപണങ്ങളുടെ കറ നീക്കാന്‍ പ്രവര്‍ത്തകരൊന്നടങ്കം പ്രചാരണ രംഗത്തിറങ്ങണമെന്ന സോണിയാ ഗാന്ധിയുടെ ആഹ്വാനം കൈയടിച്ച്‌ പാസ്സാക്കിക്കൊണ്ട്‌ പ്ലീനറി സമ്മേളനം സമാപിച്ചു. ഭീകരവാദവുമായി രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനും അതിന്റെ സഹ സംഘങ്ങള്‍ക്കുമുള്ള ബന്ധം അന്വേഷിക്കണമെന്ന പരാമര്‍ശം ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ പ്രമേയത്തിന്‌ സമ്മേളനം അംഗീകാരം നല്‍കുകകയും ചെയ്‌തു. ഇത്‌ രണ്ടും തന്നെയാണ്‌ ഈ സമ്മേളനം മുന്നോട്ടുവെക്കുന്ന കാതലായ ആശയങ്ങള്‍. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധമൊന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയോ അതിന്റെ നേതാക്കളോ ആവശ്യപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ പ്രമേയങ്ങള്‍ അങ്ങനെ തന്നെ നിലനിന്നുകൊള്ളും. അതിന്‌ പ്ലീനറി സമ്മേളനം തന്നെ സാക്ഷ്യം പറയും. 


വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിക്കപ്പെട്ട പ്ലീനറി സമ്മേളനത്തില്‍ രണ്ട്‌ ദിവസവും കൈയാങ്കളിയുണ്ടായി. മലയാളികള്‍ക്ക്‌ പരിചയമുള്ള ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായ കൈയാങ്കളിയായിരുന്നില്ല ഡല്‍ഹിക്കടുത്തുള്ള ബുരാരിയില്‍ അരങ്ങേറിയത്‌. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളെ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന കേന്ദ്ര മന്ത്രി മുകുള്‍ വാസ്‌നിക്ക്‌ കോഴ വാങ്ങിയെന്ന ആരോപണമാണ്‌ കൈയാങ്കളിക്ക്‌ കാരണം. ബീഹാറില്‍ നിന്നുള്ള പ്രതിനിധികള്‍ തന്നെയാണ്‌ ഈ ആരോപണമുന്നയിച്ചത്‌. പുറത്തുനിന്നാരെങ്കിലും പാര്‍ട്ടിയെ ക്ഷീണിപ്പിക്കാനും അതുവഴി രാജ്യത്തെ ക്ഷയിപ്പിക്കാനും വേണ്ടി ഉന്നയിച്ചതല്ല. സംശയത്തിന്റെ നിഴലുണ്ടായപ്പോള്‍ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും രാജി വെപ്പിക്കാന്‍ തയ്യാറായ പാര്‍ട്ടിയെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വിശേഷിപ്പിച്ച കോണ്‍ഗ്രസ്‌, ആരോപണമുന്നയിച്ചവരെ അടിച്ചിരുത്താനാണ്‌ തീരുമാനിച്ചത്‌. എന്തിനും തയ്യാറായ സേവാദള്‍ വളണ്ടിയര്‍മാര്‍ ബീഹാറില്‍ നിന്നുള്ള പ്രതിനിധികളെ വളഞ്ഞ്‌ നിശ്ശബ്‌ദരാക്കി. സമ്മേളനത്തിന്റെ രണ്ട്‌ ദിവസവും ഈ രംഗം ആവര്‍ത്തിച്ചു. 


കോഴ വാങ്ങി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുവെന്നത്‌ അഴിമതിയായി കോണ്‍ഗ്രസ്‌ നേതൃത്വം കാണുന്നുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും മറ്റും വേണ്ട പണം നല്‍കി പാര്‍ട്ടിയെ സ്ഥാനാര്‍ഥികള്‍ സഹായിച്ചുവെന്ന്‌ കരുതുന്നുണ്ടാകണം. ഈ തിരിച്ചറിവില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയ ബീഹാറുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്‌. പ്രചാരണച്ചെലവ്‌ സര്‍ക്കാര്‍ നേരിട്ട്‌ വഹിച്ച്‌ തിരഞ്ഞെടുപ്പ്‌ അഴിമതി ഇല്ലാതാക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ ഇത്തരം ആരോപണങ്ങള്‍ ഇല്ലാതാക്കാനാകും.

കേന്ദ്ര ഘന വ്യവസായ മന്ത്രിയും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്‌മുഖിന്റെ സമ്മേളന വേദിയിലെ സാന്നിധ്യം മറ്റൊരു ഉദാഹരണമായിരുന്നു. അനധികൃത പണമിടപാട്‌ സംബന്ധിച്ച പരാതിയില്‍ തന്റെ സഹോദരനെതിരെ കേസെടുക്കാതിരിക്കാന്‍ മഹാരാഷ്‌ട്ര പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ വിലാസ്‌ റാവു ദേശ്‌മുഖിനെ ശിക്ഷിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി എന്ന അധികാരം ഉപയോഗിച്ച്‌ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ അഴിമതിയായി കോണ്‍ഗ്രസ്‌ കാണുന്നുണ്ടാവില്ല. പക്ഷേ, കേസില്‍ കോടതി വിധിച്ച ശിക്ഷ കാണാതിരിക്കാനാകുമോ? അഴിമതിക്കേസില്‍ കുറ്റക്കാരെന്ന്‌ കാണുന്നവരോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന്‌ പാര്‍ട്ടിയുടെ അടുത്ത പരമാധികാരി രാഹുല്‍ പ്രസ്‌താവിക്കുന്ന സാഹചര്യത്തില്‍. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധമൊന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നില്ല എന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌.

അഴിമതി ഇല്ലാതാക്കാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ടുവെക്കുകയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ അതിനെ പിന്തുണക്കുകയും ചെയ്‌തിട്ടുണ്ട്‌. അഴിമതി നിര്‍മാര്‍ജനം ചെയ്യാനാണ്‌ കോണ്‍ഗ്രസും സര്‍ക്കാറും ശ്രമിക്കുന്നതെന്നും അത്‌ തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അത്തരമൊരു നിര്‍മാര്‍ജനത്തിന്റെ അവസാന രംഗം കണ്ടുകൊണ്ടാണ്‌ പുതുവര്‍ഷമെത്തുക. ബൊഫോഴ്‌സ്‌ കോഴക്കേസിന്റെ ഉദകക്രിയയുമായി. കേസില്‍ ആരോപണവിധേയരായ രാജീവ്‌ ഗാന്ധി മുതല്‍ ഹിന്ദുജ സഹോദരന്‍മാര്‍ വരെയുള്ളവര്‍ ഇതിനകം വിമുക്തരായിട്ടുണ്ട്‌. അഴിമതി നടക്കാത്തതുകൊണ്ടാണോ അതിന്‌ തെളിവില്ലാത്തതുകൊണ്ടാണോ തെളിവ്‌ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക്‌ സാധിക്കാത്തതുകൊണ്ടാണോ തെളിവ്‌ നശിപ്പിക്കപ്പെട്ടതുകൊണ്ടാണോ എന്ന ചോദ്യങ്ങള്‍ പ്രസക്തമല്ല. ഇനി ഈ കേസില്‍ അവശേഷിക്കുന്ന ഏക ആരോപണവിധേയന്‍ ഇടനിലക്കാരനായി നിന്നുവെന്ന്‌ കരുതപ്പെടുന്ന ഇറ്റലിക്കാരനായ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിയാണ്‌. 


ഇദ്ദേഹത്തിനെതിരായ കേസ്‌ പിന്‍വലിക്കാന്‍ സി ബി ഐ അനുമതി തേടിയിട്ട്‌ കാലം കുറേയായി. ഈ ഇടപാടുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ചില ശല്യക്കാര്‍ പരാതിയുമായി രംഗത്തുവന്നതുകൊണ്ട്‌ മാത്രം നടപടികള്‍ നീണ്ടുപോയി. ഏതായാലും കേസ്‌ അവസാനിപ്പിക്കാനുള്ള അപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ജനുവരി ആദ്യത്തില്‍ വിധി പ്രഖ്യാപിക്കാന്‍ മാറ്റിയിരിക്കയാണ്‌ കോടതി. ക്വത്‌റോച്ചിയെ അന്യ രാജ്യത്തു നിന്ന്‌ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമങ്ങളൊക്കെ വൃഥാവിലായ സാഹചര്യത്തില്‍ കേസ്‌ അവസാനിപ്പിക്കാന്‍ സി ബി ഐക്ക്‌ അനുമതി ലഭിക്കുമെന്ന്‌ തന്നെ കരുതുക. ക്വത്‌റോച്ചിയെപ്പോലൊരു വ്യക്തിയെ ഇരുപത്‌ വര്‍ഷം വിചാരണ എന്ന ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. ഇനിയും അത്‌ തുടരുന്നത്‌ മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നാണ്‌ സി ബി ഐക്കും കേന്ദ്ര സര്‍ക്കാറിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌. എത്ര ഉദാത്തമായ നീതി സങ്കല്‍പ്പമാണ്‌ നമ്മുടെത്‌ എന്ന്‌ അഭിമാനം കൊള്ളേണ്ടിവരും.

ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത്‌ ആണവ കരാര്‍ സംബന്ധിച്ച തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്‌ ക്വത്‌റോച്ചിക്കെതിരായ കേസ്‌ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐക്ക്‌ അനുമതി നല്‍കിയത്‌. പ്രധാനമന്ത്രിയുടെ കീഴിലുള്ള വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌ സി ബി ഐ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ കേസ്‌ അവസാനിപ്പിക്കാനുള്ള തീരുമാനം അദ്ദേഹം അറിയാതെയാകാന്‍ തരമില്ല. ഇത്‌ നിര്‍മാര്‍ജനത്തിന്‌ സ്വീകരിക്കുന്ന ബദല്‍ സമ്പ്രദായമാണ്‌. കേസുകള്‍ വിചാരണകൂടാതെ അവസാനിപ്പിക്കുന്നതോടെ ഒരു അഴിമതി ഇല്ലാതാകും. സമാനമായ നിലപാട്‌ മറ്റ്‌ കേസുകളില്‍ കൂടി സ്വീകരിക്കാന്‍ തയ്യാറായാല്‍ അഴിമതി നിര്‍മാര്‍ജനം ചെയ്‌തുവെന്ന്‌ വൈകാതെ പ്രഖ്യാപിക്കാന്‍ സാധിക്കും. അത്തരമൊരു പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ രാജ്യം, അതിന്‌ ഭാഗ്യം സിദ്ധിച്ച പ്രധാനമന്ത്രി, നേതൃത്വം കൊടുത്ത പാര്‍ട്ടി തുടങ്ങിയ ബഹുമതികളും സ്വന്തമാക്കാം. 


ഈ നേട്ടം കൈവരിക്കുന്നതിന്‌ ചില സാങ്കേതിക തടസ്സങ്ങള്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും മുന്നിലുണ്ട്‌. ബി എസ്‌ പി നേതാവ്‌ മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ എന്നിവര്‍ കണക്കില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസുകളാണവ. യു പി എ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ അത്‌ പരിഹരിക്കുന്നതിനായി ഈ കേസുകളുടെ അന്വേഷണവേഗം ക്രമീകരിക്കാറുണ്ട്‌. ഈ സാധ്യത ഇല്ലാതാക്കുന്നത്‌ മണ്ടത്തരമായിരിക്കും. പ്രത്യേകിച്ച്‌ യു പി എയിലെ രണ്ടാമത്തെ വലിയ ഘടക കക്ഷി തൃണമൂല്‍ കോണ്‍ഗ്രസായിരിക്കെ. പശ്ചിമ ബംഗാളില്‍ ഒറ്റക്ക്‌ ഭരിക്കാന്‍ തൃണമൂലിന്‌ ഭൂരിപക്ഷം ലഭിച്ചാല്‍ ബി എസ്‌ പിയുടെയോ സമാജ്‌വാദിയുടെയോ പിന്തുണ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്‌ വേണ്ടിവരുമെന്നുറപ്പ്‌.

പ്രതിരോധ ഇടപാട്‌ ഉറപ്പിക്കുന്നതിനുള്ള കോഴപ്പണം പാര്‍ട്ടി അധ്യക്ഷനായിരുന്നയാള്‍ നേരിട്ട്‌ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട്‌ അമ്പരക്കേണ്ടിവന്ന രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ്‌ ബി ജെ പി. പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുവരാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ആരോപണവും സഹിക്കേണ്ടിവന്നു. ഭൂമി കുംഭകോണം നടത്തിയെന്ന്‌ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട (അല്ലെങ്കില്‍ മക്കള്‍ക്ക്‌ നല്‍കിയ ഭൂമി തിരിച്ചെടുക്കേണ്ടതില്ലായിരുന്നല്ലോ) ഒരു മുഖ്യമന്ത്രി സമുദായ ബലം കാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ മുട്ടിടിച്ചുപോയത്‌ സമീപകാല ചരിത്രം. ഇതൊക്കെയാണെങ്കിലും അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്‌ അവര്‍. പാര്‍ലിമെന്റ്‌ സ്‌തംഭിപ്പിച്ചും തെരുവുകളെ പ്രക്ഷോഭസാഗരമാക്കിയും (ബംഗളൂരുവില്‍ ഈ സാഗരമുണ്ടാവില്ല. പരിപാടികള്‍ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സംഘാടക സമിതിക്കാണ്‌) സര്‍ക്കാറിനും കോണ്‍ഗ്രസിനുമെതിരെ അവര്‍ ആഞ്ഞടിക്കുന്നു. 


അതിനൊരു തടയിടാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ പ്ലീനറിക്കു മുമ്പ്‌ തന്നെ കോണ്‍ഗ്രസ്‌ ആലോചിച്ചിരുന്നു. അതിന്റെ മുന്നോടിയായിരുന്നു ദിഗ്‌വിജയ്‌ സിംഗിന്റെ അനവസരത്തിലെന്ന്‌ തോന്നിച്ച പ്രസ്‌താവനകള്‍.
പ്രഗ്യാ സിംഗ്‌, ശ്രീകാന്ത്‌ പുരോഹിത്‌ എന്നിവര്‍ അറസ്റ്റിലാകുകയും സ്വാമി അസിമാനന്ദ്‌ മുതല്‍ ഇന്ദ്രേഷ്‌ കുമാര്‍ വരെയുള്ളവരുടെ പേരുകള്‍ പുറത്തുവരികയും ചെയ്‌തപ്പോള്‍ തന്നെ ഭീകരവാദത്തിന്റെ ശൃംഖലകള്‍ ആര്‍ എസ്‌ എസ്സിലേക്ക്‌ നീളുന്നുവെന്ന്‌ വ്യക്തമായതാണ്‌. മക്ക മസ്‌ജിദ്‌, അജ്‌മീര്‍ ദര്‍ഗ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയത്‌ ഹിന്ദുത്വ ഭീകരവാദ ശക്തികളാണെന്ന്‌ അന്വേഷണ സംഘങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുകയും ചെയ്യുന്നു. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച്‌ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഇന്ദ്രേഷ്‌ കുമാറിനെപ്പോലുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്‌ എന്ന ആരോപണം ആര്‍ എസ്‌ എസ്‌ ഉന്നയിക്കുകയും ചെയ്‌തു. ആ ആരോപണത്തിനു കരുത്ത്‌ പകരാനാണ്‌ പ്ലീനറി സമ്മേളനത്തിന്റെ രണ്ടാമത്തെ സുപ്രധാന പ്രഖ്യാപനം സഹായിക്കുക. സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഇന്ദ്രേഷ്‌ കുമാറിനെ അന്വേഷണ ഏജന്‍സി ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല. ഇതിനകം അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ദ്രേഷിനെ ചോദ്യം ചെയ്യാന്‍ ഇനി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി? ആര്‍ എസ്‌ എസ്സിന്റെ ഭീകരബന്ധം അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ആവശ്യത്തിന്‌ അനുഗുണമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിതെന്ന ആരോപണം ശക്തമാകും. അത്‌ ഉന്നയിക്കുന്നവര്‍ക്ക്‌ യുക്തിയുടെ സഹായം ലഭിക്കുകയും ചെയ്യും.

ആര്‍ എസ്‌ എസ്സിന്റെ ഭീകരവാദ ബന്ധത്തിന്‌ മഹാത്‌മാ ഗാന്ധിയുടെ വധത്തേക്കാള്‍ വലിയ തെളിവൊന്നും ആവശ്യമില്ല. പിന്നീടിത്രകാലം ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട കലാപങ്ങളിലും ലഹളകളിലും വംശഹത്യകളിലും അവയുടെ നേതാക്കളും പ്രവര്‍ത്തകരും വഹിച്ച പങ്കും തെളിവാണ്‌. തലശ്ശേരി മുതല്‍ ഭഗല്‍പൂര്‍ വരെ എന്നോ ബോംബെ മുതല്‍ ഗുജറാത്ത്‌ വരെ എന്നോ അതിന്‌ പാഠങ്ങള്‍ ഒരുക്കുകയും ചെയ്യാം. ഇത്രയും കാലം ഇതേക്കുറിച്ചൊന്നും അന്വേഷിക്കണമെന്ന്‌ തോന്നാതിരുന്നവര്‍ കോഴക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ വലതു ഭീകരവാദത്തെക്കുറിച്ച്‌ ഓര്‍ക്കുന്നതിലെ ആത്മാര്‍ഥത സംശയിക്കേണ്ടിവരും. അതിനപ്പുറത്ത്‌ സ്വാഭാവിക നീതിനിര്‍വഹണ പ്രക്രിയയുടെ ഭാഗമായെടുക്കുന്ന നടപടികളെപ്പോലും സംശയത്തിലേക്ക്‌ തള്ളിവിടുകയും ചെയ്യും. ഒരിക്കലും നടക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത്‌ അല്‍പ്പം വൈകിയാണെങ്കിലും നടക്കുന്നതല്ലേ എന്ന എ കെ ആന്റണിയുടെ സിദ്ധാന്തമനുസരിച്ച്‌ കോണ്‍ഗ്രസിന്റെ പുതിയ നിലപാടിനെ അംഗീകരിക്കാം. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധം ഇവിടെയുമുണ്ടാകാന്‍ ഇടയില്ല.

2010-12-18

ജുഡീഷ്യറിയുടെ ഭൂതക്കണ്ണാടിജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിക്കപ്പെടുന്ന മന്ത്രിയുടെ പേര്‌ റിപ്പോര്‍ട്ടിലുണ്ടായിരുന്നോ ഇല്ലയോ എന്നതാണോ, ആ മന്ത്രിയാരെന്ന്‌ കണ്ടെത്തി കുറ്റക്കാരനെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ നീതിന്യായ മന്ത്രാലയം ശ്രമിച്ചില്ല എന്നതാണോ പ്രധാന പ്രശ്‌നം? സുപ്രീം കോടതിയുടെ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനും അന്ന്‌ മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസായിരുന്ന ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ്‌ എച്ച്‌ എല്‍ ഗോഖലെയും തര്‍ക്കിക്കുന്നത്‌ റിപ്പോര്‍ട്ടില്‍ പേരുണ്ടായിരുന്നോ ഇല്ലയോ എന്നത്‌ സംബന്ധിച്ചാണ്‌. ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഒരു നടപടിയും സ്വീകരിക്കാതിരിക്കുമ്പോള്‍ അത്‌ അഴിമതിയാണോ അതോ സ്വജനപക്ഷപാതമോ?

തമിഴ്‌നാട്ടിലെ പുതുക്കോട്ട മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന കൂത പെരുമാള്‍, നികുതി സര്‍ട്ടിഫിക്കറ്റിനെത്തിയ നായിനാര്‍ മൂഹമ്മദില്‍ നിന്ന്‌ 50 രൂപ കൈക്കൂലി വാങ്ങിയത്‌ 1993 ആഗസ്റ്റ്‌ 23നാണ്‌. അഴിമതിവിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പെരുമാളിനെ കൈയോടെ പിടികൂടി. വിചാരണക്കോടതി ഒരു വര്‍ഷത്തെ തടവും അഞ്ഞൂറ്‌ രൂപ പിഴയും ശിക്ഷ വിധിച്ചു. 2007 മാര്‍ച്ച്‌ ഏഴിനാണ്‌ ശിക്ഷ ശരിവെച്ച്‌ മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്‌. പെരുമാള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ശിക്ഷ അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിയുണ്ടായത്‌ 2010 ഡിസംബര്‍ 15നും. പതിനേഴ്‌ വര്‍ഷത്തിന്‌ ശേഷം പെരുമാള്‍ ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ അനുഭവിക്കാന്‍ പോകുന്നു. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന്‌ തെളിവായി ഇതിനെ ചൂണ്ടിക്കാണിക്കാം.

തെരുവോരങ്ങളില്‍ പൊതുയോഗം നിരോധിച്ച്‌ വിധി പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച്‌ ശുംഭനെന്ന പ്രയോഗം നടത്തിയ സി പി എം നേതാവ്‌ എം വി ജയരാജനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ്‌ കേരളത്തിലെ ഹൈക്കോടതി. വിധിയെ വിമര്‍ശിക്കുന്നതിന്‌ പകരം വിധി പുറപ്പെടുവിച്ച ജഡ്‌ജിമാരെ വിമര്‍ശ വിധേയരാക്കിയതാണ്‌ ജയരാജനെതിരെ നിയമ നടപടി തുടങ്ങാന്‍ കാരണം. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും അധികാര അവകാശങ്ങളും നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഈ നടപടിയെന്ന്‌ വിലയിരുത്താം. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹരജിയായി സ്വീകരിച്ച്‌ വിധികള്‍ പുറപ്പെടുവിക്കുന്നതും നമ്മുടെ നീതിന്യായ സംവിധാനത്തില്‍ അപൂര്‍വമല്ല. 


സാമൂഹിക നീതി ഉറപ്പാക്കുന്നതിനും രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കോടതികള്‍ കാട്ടുന്ന ഔത്സുക്യത്തിന്‌ തെളിവാണ്‌ ഇത്തരം നടപടികള്‍. പരിഗണനക്ക്‌ വരുന്ന വിഷയങ്ങളില്‍ നീതിന്യായ വിചാരം നടത്തുമ്പോള്‍ തന്നെ അതിലുള്‍ക്കൊണ്ടിരിക്കുന്ന പൊതുതാത്‌പര്യം കണക്കിലെടുത്ത്‌ കോടതികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നത്‌ പതിവുമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവത്‌കരിച്ച്‌ കോടതി നടത്തുന്ന നിരീക്ഷണങ്ങള്‍ അബദ്ധമായി കലാശിക്കുന്നത്‌ വല്ലപ്പോഴുമൊക്കെ ഉണ്ടാകാറുണ്ട്‌. ആഭ്യന്തര മന്ത്രി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ നടന്ന കൊലക്കേസ്‌ പരിഗണിക്കവെ, കേരള ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ ഉദാഹരണമാണ്‌. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുകയാണെങ്കില്‍ എന്താണ്‌ സ്ഥിതിയെന്ന്‌ ചോദിച്ച കോടതി സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കയാണെന്നും നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങള്‍ പിന്നീട്‌ റദ്ദാക്കിയ സുപ്രീം കോടതി, ജഡ്‌ജിമാര്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ കരുതല്‍ വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു.

ന്യായാധിപന്റെ മാത്രമല്ല, ആക്‌ടിവിസ്റ്റിന്റെ കൂടി വീക്ഷണത്തില്‍ കാര്യങ്ങളെ സമീപിക്കാന്‍ ജഡ്‌ജിമാര്‍ തയ്യാറാകുമ്പോഴാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ പലപ്പോഴും ഉണ്ടാകാറ്‌. നീതിന്യായ സംവിധാനം നിലനിര്‍ത്തുന്ന സജീവതയുടെയും ഊര്‍ജസ്വലതയുടെയും തെളിവായി ഇവയെ നോക്കിക്കാണുന്നവരുണ്ട്‌. മറിച്ച്‌ സാമൂഹിക, രാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങളോട്‌ പുറംതിരിഞ്ഞു നിന്ന്‌ അരാഷ്‌ട്രീയതയുടെയും കമ്പോളവത്‌കരണത്തിന്റെയും വക്താക്കളാകുകയും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്‌തിയുടെ പ്രലോഭനത്തില്‍പ്പെട്ടുപോവുകയും ചെയ്യുന്നതുകൊണ്ടാണ്‌ ന്യായാധിപന്‍മാര്‍ വിഷയങ്ങളുടെ വ്യാപ്‌തി മറികടന്നുള്ള നിരീക്ഷണങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും തയ്യാറാകുന്നതെന്ന്‌ കരുതുന്നവരും കുറവല്ല.

മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി രഘുപതിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണത്തിന്റെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തിയതും ഇതേ നീതിന്യായ സംവിധാനമാണ്‌. അതുകൊണ്ടാണ്‌ അത്‌ അഴിമതിയാണോ സ്വജനപക്ഷപാതമാണോ എന്ന്‌ ചോദിക്കേണ്ടിവരുന്നത്‌. പുതുശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ എം ബി ബി എസ്‌ വിദ്യാര്‍ഥിയായിരുന്ന എസ്‌ കിരുബ്‌ ശ്രീധറിന്റെ മാര്‍ക്ക്‌ ലിസ്റ്റ്‌ തിരുത്തിയെന്ന ആരോപണത്തെക്കുറിച്ച്‌ സി ബി ഐ അന്വേഷിച്ചിരുന്നു. ഈ കേസില്‍ കിരുബ്‌ ശ്രീധറിനൊപ്പം പിതാവ്‌ ഡോ. സി കൃഷ്‌ണമൂര്‍ത്തിക്കും പങ്കുണ്ടെന്ന്‌ സൂചന ലഭിച്ച സി ബി ഐ ഇരുവരെയും അറസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കിരുബ്‌ ശ്രീധറും ഡോ. കൃഷ്‌ണമൂര്‍ത്തിയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാകുന്നതിന്‌ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ തുറന്ന കോടതിയില്‍ പ്രസ്‌താവിച്ച ജസ്റ്റിസ്‌ രഘുപതി കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ വിട്ടു നിന്നു. 


സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ തമിഴ്‌നാട്‌ ആന്‍ഡ്‌ പുതുശ്ശേരി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ചന്ദ്രമോഹനായിരുന്നുവെന്നത്‌ അടുത്തിടെ പുറത്തുവന്ന വിവരം. ജഡ്‌ജിയുടെ ചേംബറിലെത്തി സംസാരിച്ച ചന്ദ്രമോഹന്‍, കേന്ദ്ര മന്ത്രി എ രാജയുടെ മൊബൈല്‍ ഫോണിലൂടെ ജസ്റ്റിസ്‌ രഘുപതിയുമായി സംസാരിക്കാന്‍ കാത്തിരിക്കുന്നുവെന്ന്‌ പറയുകയും ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷമാണ്‌ ഈ സംഭവം നടന്നത്‌. ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേന്ദ്ര മന്ത്രിയാരെന്ന ചോദ്യം അന്നു തന്നെ ഉയര്‍ന്നിരുന്നു. മന്ത്രിയാരെന്ന്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പ്രധാനമന്ത്രിയെ സമീപിച്ചു. രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമായ ഒരു സംഭവമെന്ന നിലക്ക്‌, ഈ വാര്‍ത്ത ശ്രദ്ധിച്ച എല്ലാ പൗരന്‍മാരുടെ മനസ്സിലും മന്ത്രിയാരെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ മന്ത്രിയാരെന്ന്‌ അറിയാനുള്ള കൗതുകം പോലും അന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്‌ണനുണ്ടായില്ലെന്നാണ്‌ ഇപ്പോഴത്തെ വാദപ്രതിവാദത്തിലൂടെ വ്യക്തമാകുന്നത്‌. 


ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമം നടന്ന സംഭവത്തെക്കുറിച്ച്‌ കേന്ദ്ര നിയമ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ അന്ന്‌ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ എച്ച്‌ എല്‍ ഗോഖലെയില്‍ നിന്ന്‌ വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണ റിപ്പോര്‍ട്ടും ജസ്റ്റിസ്‌ രഘുപതി തനിക്ക്‌ നല്‍കിയ കത്തും ചീഫ്‌ ജസ്റ്റിസിന്‌ അയച്ചുവെന്നാണ്‌ ജസ്റ്റിസ്‌ ഗോഖലെ പറയുന്നത്‌. എന്നാല്‍ ജസ്റ്റിസ്‌ ഗോഖലെയുടെ റിപ്പോര്‍ട്ട്‌ മാത്രമേ താന്‍ കണ്ടുള്ളൂവെന്നും അതില്‍ ഒരു കേന്ദ്രമന്ത്രിയുടെയും പേരില്ലായിരുന്നുവെന്നും ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ പറയുന്നു.

സാങ്കേതികമായി ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ വാദം ശരിയാണ്‌. ജസ്റ്റിസ്‌ ഗോഖലെയുടെ റിപ്പോര്‍ട്ടില്‍ കേന്ദ്ര മന്ത്രിയുടെ പേരില്ല. റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്ന ജസ്റ്റിസ്‌ രഘുപതിയുടെ കത്ത്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ വായിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? കേന്ദ്ര മന്ത്രിയുടെ പേര്‌ പറഞ്ഞ്‌ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ തുറന്ന കോടതിയില്‍ പ്രസ്‌താവിച്ച ജഡ്‌ജിയുടെ കത്തില്‍ എന്താണ്‌ പറയുന്നതെന്ന്‌ അറിയണമെന്ന്‌ തോന്നാതിരിക്കുമോ? റിപ്പോര്‍ട്ടിനൊപ്പം അയച്ച ജസ്റ്റിസ്‌ രഘുപതിയുടെ കത്ത്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ പക്കലെത്തിയില്ല എന്ന്‌ വിശ്വസിക്കുക. എങ്കിലും ആരാണ്‌ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ എന്ന്‌ അന്വേഷിക്കാനും സ്വാധീനം ചെലുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കാനും ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തിരുന്നയാളിന്‌ ബാധ്യതയുണ്ടായിരുന്നില്ലേ? രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത അടിവരയിട്ടുറപ്പിക്കാന്‍ ഇത്തരമൊരു നടപടി വേണമെന്ന്‌ ചീഫ്‌ ജസ്റ്റിസിന്‌ തോന്നേണ്ടതല്ലേ? മന്ത്രിയാരെന്ന്‌ അന്വേഷിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ അനുവാദം മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസിനും ആരോപണമുന്നയിച്ച ജഡ്‌ജിക്കും ആവശ്യമായിരുന്നില്ല. പക്ഷേ, അവരും ഇക്കാര്യത്തില്‍ തുടര്‍ നടപടിക്ക്‌ ശ്രമിച്ചില്ല.

മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ച ഡോ. സി കൃഷ്‌ണമൂര്‍ത്തിയും മുന്‍ മന്ത്രി എ രാജയും തമ്മിലുള്ള ബന്ധം അന്നേ പുറത്തുവന്നതാണ്‌. മന്ത്രിയാകുന്നതിന്‌ മുമ്പ്‌ അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്‌തിരുന്ന രാജയുടെ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ കൃഷ്‌ണസ്വാമിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്‌. കൊവൈ ഷെല്‍ട്ടേഴ്‌സ്‌ പ്രൊമോട്ടേഴ്‌സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടറായിരുന്നു ഡോ. കൃഷ്‌ണസ്വാമി. രാജയുടെ മരുമക്കളായ ഡോ. ആര്‍ ശ്രീധര്‍, ആര്‍ ആനന്ദഭുവനേശ്വരി, ആര്‍ സന്താനലക്ഷ്‌മി എന്നിവര്‍ ഈ കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളുമായിരുന്നു. രാജയുടെ കുടുംബത്തിന്‌ കൃഷ്‌ണസ്വാമിയുമായുണ്ടായിരുന്ന വ്യവസായ ബന്ധം പുറത്തുവന്നതിന്‌ ശേഷവും ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയാരെന്ന്‌ അന്വേഷിക്കണമെന്ന്‌ ജസ്‌റ്റിസ്‌ ബാലകൃഷ്‌ണനോ നീതിന്യായ സംവിധാനത്തിനോ തോന്നിയില്ല. എ ജി എം ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ഫിനാന്‍സസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി 2008 ഫെബ്രുവരിയില്‍ ഡോ. കൃഷ്‌ണമൂര്‍ത്തിയും സഹോദരന്‍ സത്യനാരായണനും ചേര്‍ന്ന്‌ വാങ്ങിയിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങളുടെ ലൈസന്‍സ്‌ എ രാജ അനുവദിച്ച്‌ കൃത്യം ഒരു മാസത്തിന്‌ ശേഷമാണ്‌ ഈ ഇടപാട്‌ നടന്നത്‌. രാജയുടെ ബിനാമിയാണ്‌ ഡോ. കൃഷ്‌ണസ്വാമിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ഇടപാടിലെ അഴിമതി ആരോപണം അന്വേഷിക്കുന്ന സി ബി ഐ ഏറെ വൈകി കഴിഞ്ഞ ദിവസം റെയ്‌ഡ്‌ നടത്തിയപ്പോള്‍ അതില്‍ കോവൈ ഷെല്‍ട്ടേഴ്‌സും എ ജി എം ഇന്‍വെസ്റ്റ്‌മെന്റ്‌സും ഉള്‍പ്പെട്ടിരുന്നു. 


ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയെക്കുറിച്ചും അതിന്‌ മന്ത്രിയെ പ്രേരിപ്പിച്ച ഘടകത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഒരു വര്‍ഷം മുമ്പ്‌ നീതിന്യായ സംവിധാനം തയ്യാറായിരുന്നവെങ്കില്‍ ടെലികോം അഴിമതിയിലേക്ക്‌ എത്തുമായിരുന്നുവെന്ന സൂചനയാണ്‌ ഇതില്‍ നിന്ന്‌ ലഭിക്കുന്നത്‌.
കേന്ദ്രമന്ത്രിയെക്കുറിച്ച്‌ അന്വേഷിച്ച്‌ അധികാര സ്ഥാനങ്ങള്‍ക്ക്‌ അസ്വാരസ്യമുണ്ടാക്കേണ്ടെന്ന്‌ ഉയര്‍ന്ന ന്യായാധിപന്‍മാര്‍ തീരുമാനിച്ചതിന്റെ കാരണമെന്താകും? വിരമിച്ചതിന്‌ ശേഷം ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങളാകുമോ? സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കുന്നവര്‍, രാഷ്‌ട്രീയ നേതാക്കള്‍, കുത്തക കമ്പനികളുടെ മേധാവികള്‍, ഇടനിലക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ അഴിമതിയുടെ കളമൊരുക്കലില്‍ പങ്കാളികളായെന്ന സംശയം നീര റാഡിയ ടേപ്പുകള്‍ ബലപ്പെടുത്തുന്നുണ്ട്‌. ഈ ശൃംഖലയില്‍ പുതിയ കണ്ണികളുണ്ടെന്ന അഭ്യൂഹമാണ്‌ മന്ത്രിയുടെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉയര്‍ത്തുന്നത്‌. അമ്പത്‌ രൂപ കൈക്കൂലി വാങ്ങിയ കൂത പെരുമാളിന്റെ കുറ്റം ഉറപ്പിക്കുന്ന ഭൂതക്കണ്ണാടികള്‍ ചിലത്‌ മാത്രം കാണാതെ പോകുന്നത്‌ യാദൃച്ഛികമല്ല.

2010-12-16

കുത്തകകള്‍ക്ക്‌ നിരാശയരുത്‌രാജ്യത്തെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ വിലക്ക്‌ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷ എന്ന പേരിലൊരു പദ്ധതിയെക്കുറിച്ച്‌ ആലോചന തുടങ്ങിയത്‌ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ്‌. രണ്ടാം യു പി എ സര്‍ക്കാറും പദ്ധതിയെക്കുറിച്ച്‌ ആലോചന തുടരുകയാണ്‌. കിലോക്ക്‌ രണ്ട്‌ രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം പ്രതിമാസം വിതരണം ചെയ്യണമെന്നതാണ്‌ നിര്‍ദിഷ്‌ട പദ്ധതി. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച്‌ ധനമന്ത്രാലയത്തിന്‌ ആശങ്കയുണ്ട്‌. പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തേണ്ടവരെ നിര്‍ണയിക്കാന്‍ കടുത്ത മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും പൊതുവിതരണ മന്ത്രാലയവും ആവശ്യപ്പെടുന്നു. തര്‍ക്കം തുടരുകയാണ്‌. 


കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളെക്കുറിച്ച്‌ ആസൂത്രണ കമ്മീഷനും ധന, പൊതുവിതരണ മന്ത്രാലയങ്ങളും കൂലംകഷമായ ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇത്തരമൊരു പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാത്തതിലെ നിരാശ നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പരസ്യമായി പ്രകടിപ്പിച്ചതായി അറിവില്ല. കടുത്ത വിലക്കയറ്റം നേരിടുന്ന കാലത്ത്‌ ഇത്തരമൊരു പദ്ധതി പ്രദാനം ചെയ്യുന്ന ആശ്വാസം വൈകാതെ ലഭിക്കാത്തതില്‍ പാവപ്പെട്ടവര്‍ക്കുണ്ടാവുന്ന നിരാശയെക്കുറിച്ച്‌ അദ്ദേഹം വേവലാതി പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ഒന്നാം യു പി എ സര്‍ക്കാറിന്റെ ഏറ്റവും ജനോപകാരപ്രദമായ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി എ സഖ്യം നടത്തിയ മെച്ചപ്പെട്ട പ്രകടനത്തിന്‌ കാരണങ്ങളിലൊന്ന്‌ തൊഴിലുറപ്പ്‌ പദ്ധതിയാണെന്നും വിലയിരുത്തപ്പെട്ടു. ഇപ്പോള്‍ തൊഴിലുറപ്പ്‌ പദ്ധതിയിലെ അഴിമതിയെക്കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാറുകള്‍ വക മാറ്റുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും പരിശോധന കേന്ദ്രം നടത്തുന്നുണ്ടോ എന്ന്‌ സുപ്രീം കോടതി ചോദിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. പദ്ധതി നിര്‍ദേശിക്കുന്ന കുറഞ്ഞ കൂലി പോലും നല്‍കാത്ത സംസ്ഥാനങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നു. തൊഴില്‍ കാര്‍ഡുകള്‍ സൃഷ്‌ടിച്ച്‌ പഞ്ചായത്ത്‌ അധികൃതരും മറ്റും പണം തട്ടുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്‌. ഇക്കാര്യത്തിലും നമ്മുടെ പ്രധാനമന്ത്രി എന്തെങ്കിലും ആശങ്ക പരസ്യമായി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്ല.

എന്‍ഡോസള്‍ഫാനെന്ന മാരക കീടനാശിനിയുടെ ഉപയോഗം മൂലം കാസര്‍കോട്ടും മറ്റും ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്‌. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ദുരിതം എന്‍ഡോസള്‍ഫാന്‍ പ്രയോഗം കൊണ്ടുതന്നെയാണോ എന്ന്‌ പരിശോധിക്കാന്‍ അവര്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുന്നത്‌. തലമുറകളെ വൈകല്യത്തിലേക്കും തീരാദുഃഖത്തിലേക്കും വലിച്ചെറിഞ്ഞ ഈ സംഭവത്തിലും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. വറുതിയും അതിവര്‍ഷവും ദുരിതത്തിലാക്കിയ ആന്ധ്രാ പ്രദേശിലെ കര്‍ഷകരുടെ കാര്യത്തിലോ മാവോയിസ്റ്റ്‌ വേട്ടയുടെ പേരില്‍ പോലീസും അര്‍ധ സൈനിക വിഭാഗവും കാട്ടുന്ന ക്രൂരതകളെത്തുടര്‍ന്ന്‌ ഗ്രാമം വിട്ട്‌ പലായനം ചെയ്യേണ്ടിവരുന്ന മധ്യേന്ത്യയിലെ ആദിവാസികളുടെ കാര്യത്തിലോ അദ്ദേഹം എന്തെങ്കിലും ആശങ്ക രേഖപ്പെടുത്തിയതായി അറിവില്ല. 


വ്യാവസായിക ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനും കിടപ്പാടം നഷ്‌ടപ്പെട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനുമുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ല്‌ ഏറെക്കാലമായി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്‌. ഇത്‌ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കി, കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക്‌ കുറേക്കൂടി ഭേദപ്പെട്ട പുനരധിവാസം ഉറപ്പാക്കാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രിക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ഉത്‌കണ്‌ഠയുണ്ടോ എന്നും അറിയില്ല. ഈ നിയമ ഭേദഗതി വൈകുന്നത്‌ മൂലം വന്‍കിട പദ്ധതികള്‍ക്കായി ഒഴിഞ്ഞുകൊടുത്ത്‌ പുനരധിവാസം നടക്കാതെ അലയേണ്ടി വരുന്നവര്‍ക്കുള്ള നിരാശയെക്കുറിച്ച്‌ മന്‍മോഹന്‍ സിംഗ്‌ ഉറക്കെച്ചിന്തിച്ചതായും മാധ്യമങ്ങളില്‍ കണ്ടിട്ടില്ല.

ഇത്തരം ഇല്ലായ്‌മകള്‍ക്കിടയില്‍ രാജ്യത്തെ കുത്തക കമ്പനികള്‍ക്ക്‌ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചും അതില്‍ കമ്പനി മേധാവികള്‍ക്കുള്ള നിരാശയെക്കുറിച്ചും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ആലോചിക്കുന്നുവെന്നത്‌ രാജ്യത്തെ ഏതൊരു പൗരനും `ഉള്‍പ്പുളക'മുണ്ടാക്കുന്ന കാര്യമാണ്‌. ഡല്‍ഹിയില്‍ കോര്‍പ്പറേറ്റ്‌ വാരാഘോഷത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കവെ തന്റെ ആലോചനകള്‍ അദ്ദേഹം തുറന്നുപങ്കുവെച്ചു. കുത്തക കമ്പനികളുടെയും അതിന്റെ തലപ്പത്തുള്ളവരുടെയും ഉത്‌കണ്‌ഠകളുടെ അടിസ്ഥാനം ടെലികോം ഇടപാടില്‍ ഇടനിലക്കാരിയായെന്ന്‌ കരുതപ്പെടുന്ന നീര റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചില മാധ്യമങ്ങളെങ്കിലും പുറത്തുവിടുന്നതാണ്‌. സ്വന്തം വ്യവസായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള രാഷ്‌ട്രീയ, ഭരണ കാലാവസ്ഥ സൃഷ്‌ടിക്കാന്‍ വ്യവസായ ഭീമന്‍മാര്‍ ശ്രമിച്ചതിന്റെ കഥകളാണ്‌ ഈ സംഭാഷണങ്ങളില്‍ ഏറെയും. 


ടെലികോം വകുപ്പ്‌ എ രാജക്ക്‌ ലഭിക്കേണ്ടതിന്റെ ആവശ്യകത, അത്‌ ലഭ്യമാക്കുന്നതിന്‌ നടത്തേണ്ടതും നടത്തിയതുമായ നീക്കങ്ങള്‍ എന്നിവയെല്ലാം സംഭാഷണങ്ങളില്‍ നിന്ന്‌ വ്യക്തം. ഉപരിതല ഗതാഗത വകുപ്പ്‌ കമല്‍ നാഥിന്‌ നിര്‍ദേശിച്ചത്‌ താനാണെന്ന്‌ വീരവാദം മുഴക്കുന്ന വ്യവസായ സംഘടനയുടെ മേധാവി, ഈ വകുപ്പില്‍ നിന്ന്‌ ന്യായമായ കമ്മീഷന്‍ കമല്‍ നാഥിന്‌ ലഭിക്കുമെന്ന്‌ ഉറപ്പിച്ചു പറയുന്നു. വാണിജ്യ വകുപ്പ്‌ ലഭിച്ച ആനന്ദ്‌ ശര്‍മ തീര്‍ത്തും വിശ്വസ്‌തനാണെന്ന്‌ ഇദ്ദേഹം സര്‍ട്ടിഫിക്കറ്റ്‌ നല്‍കുമ്പോള്‍ അതിന്റെ കാരണം ഊഹിക്കാന്‍ പ്രയാസമുണ്ടാകില്ല. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവരുന്നതാണ്‌ കുത്തക കമ്പനി മേഖലക്ക്‌ തലവേദനയുണ്ടാക്കുന്നത്‌, നിരാശയുണ്ടാക്കുന്നത്‌.

നീര റാഡിയയുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്‌ മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട്‌ രത്തന്‍ ടാറ്റ സുപ്രീം കോടതിയെ സമീപിച്ചതില്‍ നിന്ന്‌ തന്നെ നിരാശയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ ഏജന്‍സി ടെലിഫോണ്‍ ചോര്‍ത്തുന്നതില്‍ ടാറ്റക്ക്‌ പരാതിയില്ല. അത്‌ മാധ്യമങ്ങളിലൂടെ പരസ്യമാകുന്നതിലേയുള്ളൂ. റെക്കോഡ്‌ ചെയ്‌ത സംഭാഷണങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്‌. തങ്ങളുടെ വിശ്വസ്‌തരല്ലാത്തവര്‍ സര്‍ക്കാറിലുള്ളതുകൊണ്ടാണ്‌ സംഭാഷണങ്ങള്‍ ചോര്‍ന്നതെന്ന്‌ ടാറ്റ ന്യായമായും സംശയിക്കുന്നുണ്ടാകണം. അത്തരക്കാര്‍ അവിടെ പാടില്ല എന്നതുകൊണ്ടാണ്‌ റെക്കോഡ്‌ ചെയ്‌ത സംഭാഷണങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെടുന്നത്‌. ടാറ്റയുടെ ആവശ്യം സുപ്രീം കോടതിയുടെ മുന്നിലെത്തുമ്പോഴേക്കും സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസ്‌ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു.

ഇതിനെല്ലാം പുറമെയാണ്‌ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അധികാരസ്ഥാനമായ പ്രധാനമന്ത്രി കുത്തക കമ്പനികള്‍ക്കുള്ള നിരാശ താന്‍ മനസ്സിലാക്കുന്നുവെന്ന്‌ പ്രഖ്യാപിക്കുന്നത്‌. രാജ്യ സുരക്ഷ, നികുതി വെട്ടിപ്പ്‌ എന്നിവ തടയുന്നതിന്‌ ഫോണ്‍ ചോര്‍ത്തല്‍ ചിലപ്പോള്‍ വേണ്ടിവരും. പക്ഷേ, അത്‌ ഏറെ ശ്രദ്ധിച്ചുവേണം ചെയ്യാനെന്ന്‌ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നുണ്ട്‌. ചോര്‍ത്തിയെടുത്ത സംഭാഷണങ്ങള്‍ മാധ്യമങ്ങളിലേക്ക്‌ ചോരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഒരു മാസത്തിനകം നിര്‍ദേശിക്കാന്‍ കാബിനറ്റ്‌ സെക്രട്ടറിയോട്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു അദ്ദേഹം. 1.76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമുണ്ടാക്കിയെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) കുറ്റപ്പെടുത്തിയ ടെലികോം ഇടപാടിനെക്കുറിച്ച്‌ സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കാന്‍ മടി കാണിക്കുന്നവര്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ എത്ര പെട്ടെന്നാണ്‌ നടപടികള്‍ സ്വീകരിക്കുന്നത്‌! 


കുത്തക കമ്പനികള്‍ക്ക്‌ സൂഗമമായി പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം രാജ്യത്ത്‌ സൃഷ്‌ടിക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പും മന്‍മോഹന്‍ നല്‍കുന്നുണ്ട്‌. ഭരണം ആര്‍ക്കുവേണ്ടിയാണെന്ന്‌ ഇതിലും തുറന്ന്‌ പറയാന്‍ ഒരു പ്രധാനമന്ത്രിക്കും സാധിക്കില്ല തന്നെ.
രാജ്യത്ത്‌ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിലും ആളോഹരി വരുമാനം വര്‍ധിപ്പിക്കുന്നതിലും അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിലും സ്വകാര്യ മേഖല വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന മന്‍മോഹന്റെ പ്രസ്‌താവന അംഗീകരിക്കാം. അതില്‍ വസ്‌തുതയുണ്ട്‌. ടാറ്റയും ബിര്‍ളയും അംബാനിയുമൊക്കെ ആരംഭിച്ച വ്യവസായങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക്‌ സഹായകമായിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ പ്രയോജനം ചെയ്‌തപ്പോള്‍ തന്നെ കോടികളുടെ സമ്പത്ത്‌ ഇവര്‍ സമ്പാദിച്ച്‌ കൂട്ടുകയും ചെയ്‌തു. നിയമവിധേയമായി സമ്പത്ത്‌ സമാഹരിക്കുന്നത്‌ ചോദ്യം ചെയ്യേണ്ട കാര്യമില്ല. പക്ഷേ, നിയമങ്ങളെ മറികടന്നും ജനങ്ങളെ പറ്റിച്ചും പിഴിഞ്ഞും സമ്പത്ത്‌ സമാഹരിക്കുന്നതിനെയോ? മൂന്നാറില്‍ അമ്പതിനായിരം ഏക്കര്‍ ഭൂമി ടാറ്റ അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന്‌ പല നിയമസഭാ സമിതികള്‍ കണ്ടെത്തി. എന്നിട്ട്‌ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ ഇതുവരെ? മുംബൈയില്‍ മുകേഷ്‌ അംബാനി ഇരുന്നൂറ്‌ കോടി ഡോളറിന്റെ കൊട്ടാരം പണിതുയര്‍ത്തിയത്‌ വഖ്‌ഫ്‌ സ്വത്തിലാണെന്ന ആരോപണം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഉയര്‍ന്നിട്ട്‌ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ? ഓഹരി ഉടമകളെ അറിയിക്കാതെ വിദേശ കമ്പനികള്‍ക്ക്‌ ഓഹരി കൈമാറ്റം ചെയ്‌ത്‌ അനില്‍ അംബാനി കോടികള്‍ വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ട്‌ എന്തെങ്കിലും അന്വേഷണം നടന്നോ? കുത്തക കമ്പനികളുടെ വളര്‍ച്ചക്ക്‌ അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്‌ സര്‍ക്കാറെന്ന്‌ അതിന്റെ നേതാവ്‌ തന്നെ പ്രഖ്യാപിക്കുമ്പോള്‍ ഇതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല.

ഇത്തരം കമ്പനികളുടെ വളര്‍ച്ചയിലാണ്‌ എല്ലാം. വളരുന്ന കമ്പനികളില്‍ നിന്ന്‌ കോഴയായും സംഭാവനയായും ലഭിക്കുന്ന പണത്തിലാണ്‌ രാഷ്‌ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും നിലനില്‍പ്പ്‌. അതുകൊണ്ടാണ്‌ വഖ്‌ഫ്‌ സ്വത്ത്‌ കൈയേറിയാണ്‌ അംബാനി കൊട്ടാരം പണിയുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഉദ്യോഗസ്ഥനെ പീഡിപ്പിക്കാനും തരംതാഴ്‌ത്താനും പുറത്താക്കാനും തയ്യാറായ മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഇപ്പോള്‍ കേന്ദ്ര മന്ത്രിയായി വിരാജിക്കുന്നത്‌. പെട്രോളിയം വ്യവസായത്തില്‍ നിക്ഷേപം നടത്തിയ റിലയന്‍സ്‌ ഗ്രൂപ്പിന്റെ പിന്തുണയോടെ മുരളി ദേവ്‌റ തുടര്‍ച്ചയായ രണ്ടാം തവണയും എണ്ണ കാര്യ മന്ത്രിയായത്‌. പെട്രോളിന്റെ വില (വൈകാതെ ഡീസലിന്റെയും വരും) നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ കൈമാറി റിലയന്‍സിന്റെ പമ്പുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കി അദ്ദേഹം ഉപകാര സ്‌മരണ പ്രകടിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാറിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുമ്പോള്‍ മന്‍മോഹനും ഉപകാരസ്‌മരണയില്‍ നമ്രശിരസ്‌കനാകുകയാണ്‌. 


സമ്മതിദാനാവകാശം വിഘ്‌നം കൂടാതെ പ്രയോഗിക്കുന്ന കോടിക്കണക്കായ ആളുകളേക്കാള്‍ പ്രധാനമാണ്‌ കോടികള്‍ ഒഴുക്കാന്‍ ത്രാണിയുള്ള കമ്പനികള്‍. ധനതത്വശാസ്‌ത്ര വിദഗ്‌ധനായ ഡോ. മന്‍മോഹന്‍ സിംഗിന്‌ അത്‌ മറ്റാരേക്കാളും വേഗത്തില്‍ മനസ്സിലാകും. അതുകൊണ്ടാണ്‌ ടെലിഫോണ്‍ ചോര്‍ത്തല്‍, റാഡിയ ടേപ്പുകളുടെ ചോര്‍ച്ച എന്നിവ കമ്പനി മേഖലയില്‍ സൃഷ്‌ടിച്ച നിരാശയോട്‌ അദ്ദേഹം വേഗത്തില്‍ പ്രതികരിച്ചതും. രത്തനും മുകേഷിനും അനിലിനും തരുണ്‍ ദാസിനും അവരുടെ ഇടനിലയാകുന്ന നീരമാര്‍ക്കും ഇടനിലക്കാരുടെ ഇംഗിതാനുവര്‍ത്തികളാകുന്ന മാധ്യമകേസരികള്‍ക്കും സ്വസ്‌തി. നിര്‍ധനര്‍ക്ക്‌ ഉമിനീരും.

2010-12-15

സര്‍ക്കാര്‍ വിലാസം മാഫിയകൈക്കൂലി നല്‍കിയും വ്യാജ രേഖകള്‍ സൃഷ്‌ടിച്ചും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി തരപ്പെടുത്തിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. ഏഴോ എട്ടോ പേര്‍ മാത്രമാണ്‌ ഇത്തരത്തില്‍ ജോലി തരപ്പെടുത്തിയത്‌ എന്നാണ്‌ ഇതിനകം പുറത്തുവന്ന വിവരം. ഓരോരുത്തരും കൈക്കൂലിയായി നല്‍കിയത്‌ ശരാശരി ഏഴ്‌ ലക്ഷം രൂപ. അതായത്‌ ആകെ 56 ലക്ഷം രൂപയെന്ന്‌ കണക്കാക്കാം. ശത, സഹസ്ര കോടികളുടെ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ഇതിന്‌ ശിശുവിന്റെ സ്ഥാനം പോലും ലഭിക്കില്ല. എന്നാല്‍ കോഴയുടെ വലിപ്പത്തേക്കാളുപരി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്‌ എന്ന വിവരം പുറത്തുവന്നുവെന്നതാണ്‌ ഏറെ പ്രധാനം. 


മുടി മുതല്‍ അടി വരെ അഴിമതിയില്‍ മുങ്ങിയതെന്ന്‌ ജനം വിശ്വസിക്കുകയും അതിന്റെ രീതിമര്യാദകള്‍ അനുഷ്‌ഠിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നതാണ്‌ ഇന്നത്തെ സര്‍ക്കാര്‍ സംവിധാനം. രീതിമര്യാദകള്‍ അനുഷ്‌ഠിക്കാന്‍ തയ്യാറാകാത്തവരെ വലക്കാന്‍ ഉദ്യോഗസ്ഥര്‍ മടി കാട്ടാറുമില്ല. സ്വയം അഴിമതിയില്‍ മുങ്ങിയ ഈ സംവിധാനം പുതിയ കോഴ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അഴിമതിക്കാരെ സൃഷ്‌ടിക്കുകയും ചെയ്യുന്നുവെന്നതാണ്‌ ഇപ്പോള്‍ പുറത്തുവന്ന സംഭവങ്ങളുടെ പ്രത്യേകത. സര്‍ക്കാര്‍ ഉദ്യോഗസ്ഥ ശൃംഖല മറ്റൊരു മാഫിയയായി മാറിയിരിക്കുന്നുവെന്നതും.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പുകാര്‍, ഇടനിലക്കാര്‍, വ്യാജരേഖ നിര്‍മാതാക്കള്‍ എന്നിവര്‍ക്ക്‌ പിറകില്‍ വലിയൊരു ശൃംഖല തന്നെ ഇതിന്‌ പ്രവര്‍ത്തിക്കുന്നുണ്ടാവണം. എങ്കില്‍ മാത്രമേ ഇത്തരത്തിലൊരു തട്ടിപ്പ്‌ അരങ്ങേറാന്‍ സാധ്യതയുള്ളൂ. പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയോ തുടര്‍ന്നുള്ള അഭിമുഖ പരീക്ഷയുടെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ വകുപ്പുകളിലേക്ക്‌ നിയമനത്തിന്‌ ശിപാര്‍ശ ചെയ്യുന്ന സമ്പ്രദായമാണ്‌ നിലവിലുള്ളത്‌. ശിപാര്‍ശ ചെയ്യപ്പെടുന്ന ഒരാള്‍ ജോലിയില്‍ ചേരുമ്പോള്‍ അത്‌ പല തലങ്ങളില്‍ രേഖപ്പെടുത്തപ്പെടും. അവിടങ്ങളിലെല്ലായിടത്തും നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ എത്തുകയും ചെയ്യും. എല്ലായിടത്തും വ്യാജ രേഖ ഹാജരാക്കി നിയമനം ഉറപ്പിക്കാന്‍ ഇവര്‍ക്ക്‌ സാധിച്ചുവെങ്കില്‍ തട്ടിപ്പിന്റെ കണ്ണികള്‍ വിവിധ സ്ഥലങ്ങളിലുണ്ടാകണം. അതുണ്ടോ എന്ന്‌ അന്വേഷിച്ച്‌ നടപടികള്‍ സ്വീകരിക്കേണ്ടത്‌ ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്‌. അതിന്‌ തയ്യാറായില്ലെങ്കില്‍ നിയമന സംവിധാനത്തിന്റെയാകെ വിശ്വാസ്യത തുലാസിലാകുകയാവും ഫലം. 


ഈ തട്ടിപ്പ്‌ പുറത്തുവന്ന ശേഷമുണ്ടായ കാര്യങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ മതിയായതാണോ എന്നതില്‍ സംശയമുണ്ട്‌. വ്യാജ രേഖകള്‍ ഹാജരാക്കി ജോലി സമ്പാദിച്ചവരെയും അവരെ സഹായിച്ച ഇടനിലക്കാരെയും കേന്ദ്രീകരിച്ച്‌ മാത്രമാണ്‌ അന്വേഷണം നടക്കുന്നത്‌. കക്ഷിരാഷ്‌ട്രീയത്തില്‍ ഈ സംഭവം ഏത്‌ വിധത്തില്‍ ഗുണപരമായി ഉപയോഗിക്കാമെന്ന പരീക്ഷണവും നടക്കുന്നു.

പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്‌ ഇത്‌ ആദ്യമായല്ല. സംവരണം കൃത്യമായി നടപ്പാക്കുന്നതിലുണ്ടായ വീഴ്‌ചമൂലം പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പി എസ്‌ സിയുടെ വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ്‌ നരേന്ദ്രന്‍ കമ്മീഷന്‍ പത്ത്‌ വര്‍ഷത്തിനിടെ വിവിധ സമുദായങ്ങള്‍ക്ക്‌ നഷ്‌ടമായ തൊഴിലവസരങ്ങള്‍ കണക്കാക്കി. ഈ അവസരങ്ങള്‍ നികത്തി നല്‍കുന്നതിന്‌ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായപ്പോള്‍ തുടര്‍ന്ന്‌ അവസര നഷ്‌ടം ഒഴിവാക്കുന്നതിനായി നിയമനത്തില്‍ റൊട്ടേഷന്‍ സമ്പ്രദായം കൊണ്ടുവരാന്‍ തീരുമാനമായി. കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്തായിരുന്നു ഇത്‌. റൊട്ടേഷന്‍ സമ്പ്രദായം ഏതെങ്കിലും വിധത്തില്‍ അവസര നഷ്‌ടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടോ എന്ന വിലയിരുത്തല്‍ ഇതുവരെ നടന്നിട്ടുമില്ല. 


ഇപ്പോഴത്തെ സംഭവങ്ങളില്‍ പി എസ്‌ സിക്ക്‌ നേരിട്ട്‌ പങ്കില്ല. പക്ഷേ, പി എസ്‌ സിയുടെ രേഖകളും മറ്റും വ്യാജമായി നിര്‍മിച്ചും അവര്‍ നടത്തുന്ന പരീക്ഷകളില്‍ ആള്‍മാറാട്ടം നടത്തിയും ജോലി തട്ടിപ്പ്‌ നടത്തുന്നുവെന്ന്‌ പറയുമ്പോള്‍ പരോക്ഷമായി അത്‌ ബാധിക്കുന്നത്‌ കമ്മീഷനെ തന്നെയാണ്‌. പരീക്ഷക്കെത്തുന്നവര്‍ ചിത്രം പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ ഹാജരാക്കണമെന്ന നിബന്ധന കൊണ്ടുവന്ന്‌ ആള്‍മാറാട്ടം തടയാന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചുവെങ്കിലും മുന്‍കാലങ്ങളില്‍ ഇത്തരം തട്ടിപ്പ്‌ നടന്നിട്ടുണ്ടോ എന്ന പരിശോധന നടക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു പതിപ്പാണ്‌ പി എസ്‌ സിയിലുമുള്ളത്‌. അവിടെയുള്ളവരില്‍ ആരെങ്കിലും വ്യാജ രേഖ ചമക്കലിനും മറ്റും സഹായം ചെയ്‌തിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്‌.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശം ലഭിക്കുകയും ഫയലെഴുത്തെന്ന കല ശീലിക്കുകയും ചെയ്യുന്നതോടെ അതുവരെ താന്‍ കൂടി പ്രതിനിധാനം ചെയ്‌തിരുന്ന സമൂഹത്തെ കാണാന്‍ മറന്നുപോകുന്ന ധാര്‍ഷ്‌ട്യബുദ്ധികളായി മാറുന്നവരാണ്‌ മിക്കവാറും ആളുകള്‍. (അപവാദങ്ങള്‍ ധാരാളമുണ്ടാകാം) ഇവര്‍ക്ക്‌ തണലേകുന്ന വൃക്ഷങ്ങളാണ്‌ സര്‍വീസ്‌ സംഘടനകള്‍. അത്‌ സി പി എമ്മിന്റെതായാലും കോണ്‍ഗ്രസിന്റെതായാലും സി പി ഐയുടെതായാലും ഭേദവുമില്ല. ഇത്തരം സംഘടനകള്‍ക്ക്‌ സര്‍ക്കാറിലും മറ്റുമുള്ള സ്വാധീനം ശക്തമാണ്‌. സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്‌ ജീവനക്കാരാണ്‌. ഇവരുടെ സഹകരണമില്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്നതിനാല്‍ പരമാവധി പിണക്കാതെ നോക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കും. ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ ഏപ്രിലില്‍ നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍വീസിലേതിന്‌ തുല്യമായ ശമ്പളം നല്‍കുമെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മത്സരിച്ച്‌ വാഗ്‌ദാനം നല്‍കുന്നത്‌ അതുകൊണ്ടാണ്‌. സംഘടിത ശക്തിയിലൂടെ സമ്മര്‍ദം ചെലുത്തി ആനുകൂല്യങ്ങള്‍ക്ക്‌ വില പേശുന്ന സംഘടനകളൊന്നും സ്വന്തം ഉത്തരവാദിത്വം നിറവേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കാറില്ല. കൈക്കൂലി തടയാന്‍ സ്വന്തം നിലക്ക്‌ ശ്രമിക്കാറുമില്ല. ജീവനക്കാരെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സര്‍ക്കാറിന്‌ നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കുന്നില്ലെന്നതാണ്‌ വസ്‌തുത.

2004 ഡിസംബര്‍ 26നാണ്‌ സൂനാമി ആഞ്ഞടിച്ചത്‌. താരതമ്യേന കുറവ്‌ ആഘാതമേ കേരളത്തിലുണ്ടായുള്ളൂവെങ്കിലും തെരുവാധാരമായവര്‍ കുറവായിരുന്നില്ല. ഇവരുടെ പുനരധിവാസം ആറ്‌ വര്‍ഷത്തിന്‌ ശേഷവും പൂര്‍ണമാക്കാന്‍ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂനാമി പുനരധിവാസം പൂര്‍ത്തിയാക്കാത്തത്‌ ഇടതുപക്ഷം വലിയ പ്രചാരണ ആയുധമാക്കിയിരുന്നു. അവര്‍ അധികാരത്തിലേറി അഞ്ച്‌ വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം പൂര്‍ത്തിയായില്ലെന്നതാണ്‌ വസ്‌തുത. പണമില്ലാത്തതുകൊണ്ടല്ല ഇത്‌ പൂര്‍ത്തിയാകാത്തത്‌. മറിച്ച്‌ അത്‌ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ്‌. ഉദ്യോഗസ്ഥരെക്കൊണ്ട്‌ വേണ്ടുംവിധത്തില്‍ കാര്യങ്ങള്‍ നടത്തിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക്‌ കണക്കുണ്ടാകില്ല. കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന തീരുമാനമാണ്‌ എല്ലാ യോഗങ്ങളിലുമുണ്ടാകാറ്‌. പിന്നീടെല്ലാം പതിവ്‌ പോലെ നടക്കുമെന്ന്‌ മാത്രം. 


ഇത്‌ വലിയൊരു പദ്ധതിയുടെ കാര്യം. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളുടെ കാര്യത്തില്‍ പോലും ഇതേ മനോഭാവമാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒഴിവുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ അപേക്ഷ നല്‍കിയപ്പോഴുള്ള അനുഭവം ഇതെഴുതുന്നയാള്‍ക്കുണ്ട്‌. അപേക്ഷ നല്‍കുന്നതിനെ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ്‌ ഉദ്യോഗസ്ഥര്‍ ചെയ്‌തത്‌. ഇത്‌ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‌ ജോലിഭാരമുണ്ടെന്നായിരുന്നു വിശദീകരണം. ഒഴിവുകളെക്കുറിച്ചു യഥാര്‍ഥ വിവരം രേഖാമൂലം നല്‍കാന്‍ മടി കാണിച്ചതിന്‌ പിന്നില്‍ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കഥകളുണ്ടോ എന്ന്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യായമായും സംശയിക്കാം. ഉദാഹരണങ്ങള്‍ നിരവധി നിരത്താന്‍ സാധിക്കും.

സ്വന്തം ജോലി ചെയ്യാതിരിക്കുകയും ജനങ്ങള്‍ക്ക്‌ അര്‍ഹമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദവും അതിനെ സംരക്ഷിക്കുന്ന സംഘടനാ സംവിധാനവും ചേരുന്ന മാഫിയയെ അടിച്ചൊതുക്കാന്‍ ലഭിച്ച അവസരമാണ്‌ ഇത്‌. നിയമനങ്ങള്‍ പോലും കൈക്കൂലിയുടെയും വ്യാജരേഖയുടെയും അടിസ്ഥാനത്തില്‍ നടക്കുന്നുവെന്നത്‌ ഏതളവിലേക്ക്‌ കാര്യങ്ങളെ എത്തിച്ചിരിക്കുന്നുവെന്ന്‌ വ്യക്തമായി കാണിച്ചുതരുന്നുണ്ട്‌. അതുകൊണ്ടാണ്‌ ശുദ്ധികലശത്തിന്‌ പറ്റിയ സമയമാണിതെന്ന്‌ സൂചിപ്പിക്കുന്നത്‌. ശക്തമായ നടപടികള്‍ക്ക്‌ സര്‍ക്കാറോ അതിന്‌ നേതൃത്വം നല്‍കുന്ന മുന്നണിയോ അതിന്റെ തലപ്പത്തിരിക്കുന്ന പാര്‍ട്ടിയോ തയ്യാറുണ്ടോ എന്നതാണ്‌ ചോദ്യം. അങ്ങനെ ചെയ്യുന്നുവെങ്കില്‍ എന്‍ ജി ഒ എന്ന വോട്ട്‌ ബാങ്ക്‌ ഒരുപക്ഷേ അവര്‍ക്ക്‌ നഷ്‌ടമായേക്കും. പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയില്‍ നിന്ന്‌ ആളുകള്‍ കൊഴിഞ്ഞുപോയേക്കും. പക്ഷേ, പുറത്തുള്ള ജനങ്ങള്‍ അംഗീകരിക്കുമെന്നുറപ്പ്‌. 


മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയപ്പോള്‍, ഇടിച്ചു നിരത്തുക തന്നെ വേണമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും, അതിനെ ജനം രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന തോന്നലാണ്‌ സ്വീകാര്യതയുടെ പിന്നിലുണ്ടായിരുന്നത്‌, അല്ലാതെ നശിപ്പിക്കുന്നതിനോടുള്ള ആഭിമുഖ്യമായിരുന്നില്ല. മൂന്നാറിലുപയോഗിച്ചതിലും വലിയ `ബുള്‍ഡോസറു'കള്‍ വേണ്ടിവരും ഈ എന്‍ ജി ഒ മാഫിയകളെ ഇല്ലാതാക്കാന്‍. അതിലേറെ ഇച്ഛാശക്തിയും.

സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്‌തുവെങ്കിലും അത്‌ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചില്ല എന്നതാണ്‌ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി ഇടതു മുന്നണിയിലെ വിവിധ പാര്‍ട്ടികള്‍ വിലയിരുത്തിയത്‌. എന്തുകൊണ്ടാണ്‌ ജനങ്ങളിലെത്തിക്കാന്‍ സാധിക്കാതിരുന്നത്‌ എന്ന ആലോചനയും തിരുത്തലും ആവശ്യമല്ലേ? സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമാകും വിധത്തില്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു പരിദേവനത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയിലുള്ള ഏറ്റവും വലിയ സംഘടന സി പി എമ്മിന്റെ കീഴിലുള്ള എന്‍ ജി ഒ യൂനിയനാണ്‌. ഇതിലെ അംഗങ്ങള്‍ വിചാരിച്ചാല്‍ പോലും സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ഒരു പരിധിവരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമായിരുന്നു. അതിനുപോലും സാധിച്ചില്ല എന്നാണ്‌ തിരഞ്ഞെടുപ്പ്‌ പരാജയ വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന. എന്നിട്ടും എന്‍ ജി ഒ യൂനിയനോട്‌ എന്തെങ്കിലും പറയാന്‍ സി പി എമ്മിന്‌ കഴിയുന്നുണ്ടോ? പുതിയ തട്ടിപ്പുകള്‍ക്കു വേണ്ടി കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ. രീതിമര്യാദകള്‍ അനുഷ്‌ഠിക്കുകയും. അല്ലാത്തവര്‍ക്ക്‌ ചുവപ്പുനാടയുടെ കുരുക്ക്‌ കരുതിവെച്ചിട്ടുണ്ട്‌ ഫയലെഴുത്തുകാര്‍.

2010-12-10

ആ ദുര്‍ബലന്‍ നീ തന്നെ

രാഷ്‌ട്രീയ നേതാവ്‌ എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും ഡോ. മന്‍മോഹന്‍ സിംഗ്‌ കരുത്തനോ ദുര്‍ബലനോ എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ തര്‍ക്കം തിരഞ്ഞെടുപ്പ്‌ വിഷയമാവുകയും ചെയ്‌തു. മന്‍മോഹന്‍ സിംഗ്‌ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന വാദം ഉന്നയിച്ച്‌ രംഗത്തെത്തിയത്‌ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും `ലോഹപുരുഷ്‌' എന്ന്‌ ആ പാര്‍ട്ടിയിലെ അംഗങ്ങള്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന എല്‍ കെ അഡ്വാനിയായിരുന്നു. ഘനഗംഭീരമായ ശബ്‌ദം, ഹിമാലയ സാനുവില്‍ നിന്ന്‌ ഉയിരെടുക്കുന്ന നദിയുടെ ഒഴുക്കുപോലുള്ള പ്രഭാഷണം, തീരുമാനങ്ങളെടുക്കുന്നതിലും അത്‌ നടപ്പാക്കുന്നതിലുമുള്ള ദൃഢത എന്നിവയൊക്കെയാണ്‌ കരുത്തിന്റെ മാനദണ്ഡമായി അഡ്വാനിയും ബി ജെ പിയും മുന്നോട്ടുവെച്ചത്‌ എന്ന്‌ അന്നത്തെ അവരുടെ അഭിപ്രായപ്രകടനങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ ജയിക്കാത്ത മന്‍മോഹന്‍ സിംഗ്‌ ജനപിന്തുണയില്ലാത്ത നേതാവാണെന്നും അവര്‍ പ്രചരിപ്പിച്ചിരുന്നു. രാഷ്‌ട്രീയ നേതാവിന്റെ കരുത്തില്‍ ജനപിന്തുണക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ദുര്‍ബലനെന്ന പ്രചാരണത്തോട്‌ ഒരു ഘട്ടം വരെ മൗനം പാലിച്ച ഡോ. മന്‍മോഹന്‍ സിംഗ്‌ പിന്നീട്‌ ശക്തമായി പ്രതികരിക്കുന്നത്‌ രാജ്യം കണ്ടു. ഉറക്കെ, അനര്‍ഗളമായി സംസാരിക്കുന്നുവെന്നതു കൊണ്ട്‌ ആരും കരുത്തുറ്റ നേതാവാകില്ലെന്ന്‌ പതിഞ്ഞ ശബ്‌ദത്തില്‍ മന്‍മോഹന്‍ പറഞ്ഞു. പ്രവൃത്തിയിലാണ്‌ കരുത്ത്‌ കാട്ടേണ്ടത്‌. കാണ്ടഹാറിലേക്ക്‌ തട്ടിക്കൊണ്ടുപോയ എയര്‍ ഇന്ത്യ വിമാനത്തില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ തടവിലുണ്ടായിരുന്ന ഭീകരവാദികളെ വിട്ടുകൊടുക്കുമ്പോള്‍ എല്‍ കെ അഡ്വാനി ആഭ്യന്തര വകുപ്പിന്റെ ചുമതയലുള്ള ഉപപ്രധാനമന്ത്രിയായിരുന്നില്ലേ എന്ന്‌ മന്‍മോഹന്‍ മൃദുസ്വരത്തില്‍ ചോദിച്ചപ്പോള്‍ വിമര്‍ശകര്‍ക്കെല്ലാം ഉത്തരം മുട്ടുകയും ചെയ്‌തു. പാര്‍ട്ടി പ്രസിഡന്റിന്റെ(സോണിയാ ഗാന്ധി) പാവയാണെന്ന വിമര്‍ശവും മന്‍മോഹനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. തന്റെ പ്രവര്‍ത്തനം വിലയിരുത്തുക എന്ന മറുപടിയാണ്‌ ഇതിനും മന്‍മോഹന്‍ നല്‍കിയത്‌.

പ്രവര്‍ത്തനം വിലയിരുത്തി കരുത്തും സ്ഥൈര്യവും വിലയിരുത്തേണ്ട സമയം കൃത്യമായത്‌ ഇപ്പോഴാണ്‌. കോഴച്ചേട്ടകള്‍ കളം നിറഞ്ഞാടുന്ന ഇക്കാലത്ത്‌. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചതിലെ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി മന്ത്രിയായിരുന്ന എ രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടി ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി അപേക്ഷ നല്‍കിയതിന്‌ 15 മാസത്തിന്‌ ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ്‌ മറുപടി നല്‍കിയതിലെ ഔചിത്യം സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. സുബ്രഹ്‌മണ്യം സ്വാമി യുക്തമായ ഏതെങ്കിലും നീതിന്യായ സംവിധാനം മുമ്പാകെ പരാതി പോലും സമര്‍പ്പിക്കാതെയാണ്‌ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയത്‌ എന്നത്‌ മുഖ്യവാദമായി ഉന്നയിച്ച്‌ പ്രധാനമന്ത്രിയുടെ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചിട്ടുണ്ട്‌. മറ്റ്‌ സാങ്കേതിക വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. സുബ്രഹ്‌മണ്യം സ്വാമിയുടെ ഹരജി പരിഗണിക്കവെ, പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുറ്റപ്പെടുത്തിയിട്ടില്ല എന്നും അതെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമായിരുന്നുവെന്നും സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്‌തു.

ഒരു ഹരജി പരിഗണിക്കുന്നതിനിടെ ഇരുപക്ഷത്തെയും അഭിഭാഷകരോടായി കോടതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും അതിന്റെ തുടര്‍ച്ചയായി നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രധാന്യത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി പ്രകടിപ്പിച്ച വിയോജിപ്പ്‌ ശരിയാണ്‌. പക്ഷേ, പുരോഗമിക്കുന്ന കോടതി നടപടികള്‍ ചൂണ്ടിക്കാണിച്ചു തരുന്ന വസ്‌തുതകള്‍ കാണാതിരിക്കാനും സാധിക്കില്ല. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ പ്രധാനമന്ത്രി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്നത്‌ വസ്‌തുതയാണ്‌. ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെന്നത്‌ കേന്ദ്രമന്ത്രിമാരടങ്ങുന്ന ഉന്നതാധികാര സമിതി ആലോചിച്ച്‌ തീരുമാനിക്കണമെന്ന്‌ നിയമമന്ത്രാലയം ആവശ്യപ്പെട്ടുവെന്നതും. 2001ലെ നിരക്ക്‌ അനുസരിച്ച്‌ 2008ല്‍ ലൈസന്‍സ്‌ അനുവദിച്ച്‌ കൊടുക്കുന്നതിനെ ധനമന്ത്രാലയം എതിര്‍ത്തുവെന്നതും രേഖകളില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്‌. ഇതൊക്കെയായിട്ടും രാജയുടെ തീരുമാനമനുസരിച്ച്‌ കാര്യങ്ങള്‍ നടന്നു!
രാഷ്‌ട്രീയ, സാമ്പത്തിക, സാങ്കേതിക വിദ്യാ മേഖലകളില്‍ രാജയേക്കാള്‍ അറിവുണ്ട്‌ മന്‍മോഹന്‍ സിംഗിന്‌. രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളില്‍ പിഴക്കാതെ കരുനീക്കാന്‍ അറിയുന്ന പി ചിദംബരമായിരുന്നു അന്ന്‌ ധനമന്ത്രി. നിയമത്തില്‍ ഡോക്‌ടറേറ്റുള്ള ഹന്‍സ്‌രാജ്‌ ഭരദ്വാജായിരുന്നു അന്ന്‌ നിയമമന്ത്രി. ഇവരെയെല്ലാം മറികടന്ന്‌ എ രാജയെന്ന താരതമ്യേന ഇളമുറക്കാരനായ ഒരാള്‍ മുന്നോട്ടുപോയെങ്കില്‍ അതിന്റെ കാരണം എന്തായിരിക്കും? ടെലികോം മേഖലയിലെ കളിക്കാര്‍ രത്തന്‍ ടാറ്റയും അനില്‍ അംബാനിയുമൊക്കെയായിരുന്നുവെന്നത്‌ ഇവിടെ കൂട്ടിച്ചേര്‍ത്ത്‌ വായിക്കണം. മന്‍മോഹന്റെയും ചിദംബരത്തിന്റെയും എച്ച്‌ ആര്‍ ഭരദ്വാജിന്റെയും നിര്‍ദേശങ്ങളെ അവഗണിക്കാന്‍ രാജക്ക്‌ കരുത്തേകിയത്‌ ഇവരൊക്കെയാവണം. ഇപ്പോള്‍ നീര റാഡിയയുടെ ചോര്‍ത്തപ്പെട്ട ഫോണ്‍ കോള്‍ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ രത്തന്‍ ടാറ്റ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന്‌ തൊട്ടുപിറകെ ചോര്‍ച്ചയുണ്ടായത്‌ എങ്ങനെ എന്ന്‌ അന്വേഷിക്കാന്‍ കേനേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂറേക്കൂടി വ്യക്തമാകുന്നുണ്ട്‌. (അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ കേന്ദ്ര സര്‍ക്കാറല്ല, സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസാണ്‌ (സി ബി ഡി റ്റി) എന്ന്‌ ആഭ്യന്തര മന്ത്രി പി ചിദംബരം വിശദീകരിക്കുന്നു. സി ബി ഡി റ്റി എന്നത്‌ കേന്ദ്ര സര്‍ക്കാറുമായി പുലബന്ധമില്ലാത്ത സ്ഥാപനമാണെന്ന്‌ തോന്നിപ്പോകും ഇത്‌ കേട്ടാല്‍)

രാജ്യത്തെ ഏറ്റവും വലിയ അധികാര കേന്ദ്രത്തിന്റെ നിര്‍ദേശം അവഗണിച്ച്‌ രാജ മുന്നോട്ടുപോകുമ്പോഴുള്ള രാഷ്‌ട്രീയ സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒന്നാം യു പി എ സര്‍ക്കാറിനെ പിന്തുണച്ചിരുന്ന ഇടതു പാര്‍ട്ടികള്‍, അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി നില്‍ക്കുന്നു. ആണവ കരാറൊപ്പിടാന്‍ തീരുമാനമെടുത്ത്‌ കോണ്‍ഗ്രസും മന്‍മോഹന്‍ സിംഗും. ഈ ഘട്ടത്തില്‍ രാജ പ്രതിനിധാനം ചെയ്യുന്ന ഡി എം കെക്ക്‌ വലിയ വിലപേശല്‍ ശക്തിയുണ്ടായിരുന്നു. ഡി എം കെയെക്കൂടി പിണക്കുന്നത്‌ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ കൂടുതല്‍ ദോഷകരമായി ബാധിക്കുമായിരുന്നു. അതുകൊണ്ട്‌ രാജയുടെ ഇഷ്‌ടത്തിന്‌ അനുസരിച്ച്‌ നടക്കട്ടെ എന്ന്‌ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും തീരുമാനിച്ചതാകാം. അല്ലെങ്കില്‍ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ വേണ്ടിവന്ന കോടികള്‍ ടെലികോം ഇടപാടില്‍ അനര്‍ഹമായ ആനുകൂല്യം ലഭിച്ച കമ്പനികളുടെ അക്കൗണ്ടില്‍ നിന്ന്‌ ലഭിച്ചിട്ടുണ്ടാകാം. ആണവ കരാര്‍ പ്രശ്‌നത്തില്‍ ഇടതു പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രിയെ ആദ്യം കാണാനെത്തിയവരില്‍ ഒരാള്‍ മുകേഷ്‌ അംബാനിയായിരുന്നു എന്നത്‌ ഇവിടെ സ്‌മരിക്കാം. എന്തായാലും പ്രവൃത്തി വിലയിരുത്തി കരുത്തിന്‌ മാര്‍ക്കിടണമെന്ന മന്‍മോഹന്റെ മാനദണ്ഡം പരിഗണിച്ചാല്‍ രാജക്കോ പിറകില്‍ നിന്ന്‌ കളിച്ച മുതലാളിമാര്‍ക്കോ അവര്‍ക്ക്‌ ഇടനില നിന്ന നീര റാഡിയമാര്‍ക്കോ ആണ്‌ കൂടുതല്‍ കരുത്തെന്ന്‌ പറയേണ്ടിവരും. ദുര്‍ബലനാകുന്നത്‌ മന്‍മോഹന്‍ എന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത്‌ നിയോഗിക്കുകയും സര്‍ക്കാറിന്റെ നയനിലപാടുകള്‍ നിശ്ചയിക്കുകയും ചെയ്‌ത കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അതിന്റെ നേതാക്കളും കൂടിയാണ്‌.

ടെലികോം മന്ത്രാലയത്തിന്‌ സ്വകാര്യ വ്യവസായ സ്ഥാപനം പോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പരാമര്‍ശിക്കുന്നുണ്ട്‌. ക്രമം വിട്ട്‌ ലൈസന്‍സുകള്‍ അനുവദിക്കാന്‍ പോകുന്നു, അത്‌ അഴിമതിയുടെ വാതിലുകള്‍ തുറന്നിട്ടുകൊണ്ടാണ്‌ എന്നൊക്കെ വ്യക്തമായി മനസ്സിലാക്കിയിട്ടും ഉത്തരവാദപ്പെട്ടവര്‍ തടയാന്‍ ശ്രമിച്ചില്ല എന്ന പരോക്ഷ വിമര്‍ശമായി ഈ പരാമര്‍ശങ്ങളെ കാണേണ്ടിവരും. ആണവ കരാര്‍ പ്രശ്‌നത്തില്‍ നാലര വര്‍ഷക്കാലം ഇടതുപാര്‍ട്ടികളെ ചര്‍ച്ചകളിലൂടെ അനുനയിപ്പിച്ച്‌ നിര്‍ത്താന്‍ സാധിച്ച പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ രണ്ടാം തലമുറ ഇടപാടില്‍ എ രാജയെ അനുനയിപ്പിച്ച്‌ വിഷയം മന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ പരിഗണനക്ക്‌ വിടാന്‍ സാധിച്ചില്ല എന്നത്‌ തീര്‍ത്തും അവിശ്വസനീയമാണ്‌. അല്ലെങ്കില്‍ രാജയെയും ഡി എം കെയെയും അനുനയിപ്പിക്കാന്‍ ഒരു ശ്രമം പോലും കോണ്‍ഗ്രസോ സര്‍ക്കാറിന്‌ നേതൃത്വം നല്‍കിയവരോ നടത്തിയില്ല എന്നത്‌ മനഃപൂര്‍വമാണ്‌. മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലം ചെയ്യാന്‍ രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ ശ്രമിച്ചപ്പോള്‍ അത്‌ മന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ ശിപാര്‍ശയനുസരിച്ച്‌ മതിയെന്ന്‌ തീരുമാനിക്കാന്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ടിവന്നില്ലല്ലോ!

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്‌. സംഘാടക സമിതിക്കും ഡല്‍ഹി സര്‍ക്കാറിനും ഗെയിംസിന്റെ ഒരുക്കങ്ങള്‍ നടത്തിയ മറ്റെല്ലാ ഏജന്‍സികള്‍ക്കും മേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. വന്‍കിട പദ്ധതികളുടെയൊക്കെ അനുവാദം ഈ ഓഫീസിന്റെ അറിവോടെയാണ്‌ നല്‍കപ്പെട്ടിരുന്നതും. എന്നിട്ടും 8,000 കോടിയോളം രൂപയുടെ അഴിമതി നടക്കുവോളം അനക്കമൊന്നുമുണ്ടായില്ല. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. നാവിക സേനാ കേന്ദ്രത്തിന്‌ തൊട്ടടുത്ത്‌ 31 നില കെട്ടിടം ഉയരുന്നതിന്റെ അപകടം ചൂണ്ടിക്കാണിച്ച്‌ പശ്ചിമ നാവിക കമാന്‍ഡ്‌ മേധാവി കത്ത്‌ നല്‍കി ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌ വിവാദവും അശോക്‌ ചവാന്റെ രാജിയുമൊക്കെയുണ്ടാകുന്നത്‌. പശ്ചിമ നാവിക കമാന്‍ഡ്‌ മേധാവി, നാവിക സേനാ മേധാവിക്ക്‌ നല്‍കിയ കത്ത്‌ അദ്ദേഹം പ്രതിരോധ മന്ത്രിലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസനും കൈമാറിയെന്നാണ്‌ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍. എന്നിട്ടും എന്തുകൊണ്ട്‌ നടപടിയുണ്ടായില്ല? പ്രവൃത്തിയിലെ `കരുത്ത്‌' എന്നല്ലാതെ മറ്റൊരു മറുപടിയും ഇതിനില്ല.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വില്ലേജിന്റെ നിര്‍മാണമേറ്റെടുത്ത എമാര്‍ ഗ്രൂപ്പ്‌ തന്നെയാണ്‌ ആന്ധ്രാ പ്രദേശില്‍ ഗോള്‍ഫ്‌ കോഴ്‌സും കെട്ടിട സമുച്ചയവും വികസിപ്പിക്കാനുള്ള സഹസ്ര കോടിയുടെ പദ്ധതി ഏറ്റെടുത്തത്‌. ഇതിന്‌ ആന്ധ്രയിലെ സര്‍ക്കാര്‍ അനുവാദം നല്‍കി. സഹസ്ര കോടിയുടെ വിദേശ നിക്ഷേപ പദ്ധതിക്ക്‌ അനുവാദം നല്‍കുമ്പോള്‍ അത്‌ കേന്ദ്ര സര്‍ക്കാറും വിശിഷ്യാ പ്രധാനമന്ത്രിയുടെ ഓഫീസും അറിയാതിരിക്കുമോ? അത്തരം അറിവും അനുമതിയും കൂടാതെ മുന്നോട്ടുപോകാനാകുമോ? പതിനായിരം കോടി വിലവരുന്ന ഭൂമി എമാര്‍ ഗ്രൂപ്പിന്‌ കൈമാറിയെന്നതല്ലാതെ ഹൈദരാബാദിനടുത്തുള്ള സ്ഥലത്ത്‌ ഇലയനക്കമുണ്ടായിട്ടില്ല ഇതുവരെ. പ്രവര്‍ത്തനത്തിലെ കരുത്തായി തന്നെ ഇത്‌ വിലയിരുത്താം. തന്റെ രാഷ്‌ട്രീയ ജീവിതത്തിനിടെ ഇത്രയും മഹാനായ ഒരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, മന്‍മോഹന്‍ സിംഗിന്റെ തോളില്‍ തട്ടി പറഞ്ഞത്‌ വെറുതെയാണോ? ആ തോളില്‍ തട്ടലും പിന്തുണയുമാണ്‌ യഥാര്‍ഥ കരുത്തെന്ന്‌ മന്‍മോഹന്‍ സിംഗ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അത്‌ നിലനിര്‍ത്തുകയാണ്‌ വേണ്ടതെന്നും.  

2010-12-06

`ജഗ'ജില്ലികളുടെ നാട്‌

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം പ്രതീക്ഷിച്ച ക്ലൈമാക്‌സിലേക്ക്‌ നീങ്ങുകയാണ്‌. മുന്‍ മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്‌ഢിയുടെ മകന്‍ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഢിയും മാതാവ്‌ വിജയലക്ഷ്‌മിയും ജനപ്രതിനിധി സ്ഥാനങ്ങളും കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ഹെലിക്കോപ്‌റ്റര്‍ അപകടത്തില്‍ വൈ എസ്‌ ആര്‍ കൊല്ലപ്പെട്ട ശേഷം, കോണ്‍ഗ്രസിലെ നടപ്പ്‌ രീതിയനുസരിച്ച്‌ പുളിവേണ്ടുല നിയമസഭാ മണ്ഡലത്തില്‍ വിജയലക്ഷ്‌മി മത്സരിച്ച്‌ വിജയിച്ചു. അതിനപ്പുറം രാഷ്ട്രീയമൊന്നും വൈ എസ്‌ ആര്‍ മരിക്കുന്നിന്‌ മുമ്പോ പിമ്പോ വിജയലക്ഷ്‌മിക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഢിയുടെ രാജിയും തുടര്‍ന്നുള്ള നീക്കങ്ങളും മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. കോണ്‍ഗ്രസിലെ എത്ര എം എല്‍ എമാര്‍ ജഗനൊപ്പമുണ്ട്‌? അവര്‍ പിന്തുണ പ്രഖ്യാപിച്ച്‌ രാജി വെക്കുമോ? അതോ, പുളിവേണ്ടുലയിലെ ഉപതിരഞ്ഞെടുപ്പില്‍ ജഗന്‍ വിജയിച്ച്‌ നിയമസഭയിലെത്തിയ ശേഷം വലിയ അട്ടിമറിക്ക്‌ കോപ്പ്‌ കൂട്ടുമോ? ഇത്തരം ചോദ്യങ്ങള്‍ക്കാണ്‌ ഇനി ഉത്തരം ലഭിക്കേണ്ടത്‌. പുളിവേണ്ടുലയില്‍ നിന്ന്‌ ജഗന്‍ വിജയിച്ച്‌ നിയമസഭയലെത്തിയ ശേഷമേ അട്ടിമറി നീക്കമുണ്ടാകൂ എന്നാണ്‌ അനുമാനിക്കേണ്ടത്‌. എം എല്‍ എമാരാരും തന്നോട്‌ പിന്തുണ പ്രഖ്യാപിച്ച്‌ രാജി വെക്കരുതെന്ന്‌ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ജഗന്‍ പ്രത്യേകം പരാമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

വൈ എസ്‌ ആറിന്റെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശത്തെച്ചൊല്ലി ജഗനും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന പിടിവലിയുടെ ബാക്കി മാത്രമല്ല ഇപ്പോഴത്തെ നാടകങ്ങള്‍. അതിലപ്പുറത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും പൂര്‍വാധികം ശക്തമായി നടപ്പാക്കി വരികയും ചെയ്യുന്ന പണത്തിലും കുത്തക കമ്പനികളുടെ സൗകര്യത്തിലും അധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിന്റെ ഉപോത്‌പന്നങ്ങളാണ്‌. സാമ്പത്തിക ഉദാരവത്‌കരണവും അതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഇളവുകളും ഏറെ ഗുണം ചെയ്‌ത ഒരു മേഖല റിയല്‍ എസ്റ്റേറ്റാണ്‌. ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ നേതാക്കളെയും കൈക്കൂലി നല്‍കി ഏത്‌ വിധത്തിലാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ശൃംഖലകള്‍ നേട്ടമുണ്ടാക്കുന്നത്‌്‌ എന്നതിന്‌ കൊളാബയില്‍ 31 നിലകളിലായി ഉയര്‍ന്ന്‌ നില്‍ക്കുന്ന ഫ്‌ളാറ്റ്‌ തെളിവാണ്‌. എല്‍ ഐ സി ഹൗസിംഗ്‌ ഫിനാന്‍സിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ വായ്‌പാ കോഴ ഇടപാടും തെളിവാണ്‌. ഈ ഇടപാടില്‍ എത്ര കോടികള്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളുടെ കൈകളിലെത്തി എന്നത്‌ ഇനിയും പുറത്തുവന്നിട്ടില്ല. അത്‌ പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കേണ്ടതുമില്ല. കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പയുടെ മക്കളും സഹായികളും നടത്തുന്ന കെട്ടിട നിര്‍മാണ കമ്പനികള്‍ക്ക്‌ (പണ്ട്‌ കോണ്‍ട്രാക്‌ടര്‍, കരാറുകാരന്‍ എന്നൊക്കെ വിളിച്ചിരുന്നത്‌ ഇന്ന്‌ ഡവലപ്പേഴ്‌സ്‌ ആയി മാറിയെന്ന്‌ മാത്രം) വേണ്ടിയാണ്‌ അവിടെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ചുരുങ്ങിയ വിലക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടത്‌. രേഖകള്‍ സഹിതം ഇടപാട്‌ പുറത്തുവന്നപ്പോള്‍ കൈമാറ്റങ്ങളെല്ലാം റദ്ദാക്കി രക്ഷപ്പെടാന്‍ വഴിനോക്കുകയാണ്‌ യെദിയൂരപ്പ. മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത്‌ നടന്ന ഭൂമി ഇടപാടുകളിലെ ക്രമക്കേട്‌ കണ്ടെത്താന്‍ സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട്‌ ഞായറാഴ്‌ച പോലും ജോലി ചെയ്യിപ്പിക്കുകയാണ്‌ അദ്ദേഹം. ആരോപണങ്ങളെ ആരോപണങ്ങള്‍ കൊണ്ട്‌ നിഷ്‌പ്രഭമാക്കുക. എല്ലാവരും കോഴക്കാരെന്ന്‌ വന്നാല്‍ പിന്നെ കല്ലെറിയാന്‍ ആളുണ്ടാവില്ലല്ലോ!

കര്‍ണാടകത്തിലെ ബി ജെ പിയില്‍ യെദിയൂരപ്പക്ക്‌ എല്ലായ്‌പ്പോഴും തലവേദനയായി ജി ജനാര്‍ദന്‍ റെഡ്‌ഢി, ജി കരുണാകര്‍ റെഡ്‌ഢി എന്നീ മന്ത്രിമാര്‍. (റെഡ്‌ഢി സഹോദരന്‍മാര്‍, മൂന്നാമന്‍ സോമശേഖര റെഡ്‌ഢിയും രാഷ്‌ട്രീയത്തിലുണ്ട്‌). പോലീസ്‌ കോണ്‍സ്റ്റബിളിന്റെ മക്കളായ റെഡ്‌ഢി സഹോദരന്‍മാര്‍ കോടീശ്വരന്‍മാരും വ്യവസായികളുമായത്‌ പൊടുന്നനെയാണ്‌. ബെല്ലാരിയിലെ അനധികൃത ഖനനത്തിന്റെ ചുക്കാന്‍ പിടിച്ചും ഇരുമ്പയിര്‌ കള്ളക്കടത്ത്‌ നടത്തിയും. കോണ്‍ഗ്രസ്‌ നേതാവായിരുന്ന വൈ എസ്‌ രാജശേഖര റെഡ്‌ഢിക്ക്‌ ബി ജെ പി നേതാക്കളായ റെഡ്‌ഢി സഹോദരന്‍മാരുമായി വ്യവസായ ബന്ധമുണ്ടെന്ന ആരോപണം പഴക്കം ചെന്നതാണ്‌. കര്‍ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള ആന്ധ്രയുടെ വന മേഖലയില്‍ റെഡ്‌ഢി സഹോദരന്‍മാരുടെ കമ്പനിയായ ഒബുലാപുരം മൈനിംഗ്‌ കോര്‍പ്പറേഷന്‌ ഖനനാനുമതി നല്‍കിയത്‌ വൈ എസ്‌ ആര്‍ മുഖ്യമന്ത്രിയായിരിക്കെയാണെന്നത്‌ വസ്‌തുതയും. ഖനനത്തിന്‌ പതിച്ചു കിട്ടയ ഭൂമി മാത്രമല്ല, ഒബുലാപുരം തുരന്നത്‌. പരിസരത്തുള്ള വനവും തുരന്നു. വനത്തിലൂടെ കര്‍ണാടകത്തിലേക്ക്‌ അനധികൃതമായി റോഡ്‌ വെട്ടി. കുഴിച്ചെടുക്കുന്ന അയിര്‌ നികുതി വെട്ടിച്ച്‌ കര്‍ണാടകയിലേക്ക്‌ കടത്തി. അവിടെ നിന്ന്‌ നികുതി കൂടാതെ വിദേശത്തേക്കും. ഇത്‌ സംബന്ധിച്ച കേസുകള്‍ തുടരുന്നുണ്ട്‌. ഈ ഖനന `കമ്പനി'യില്‍ വൈ എസ്‌ ആറിന്‌ പരോക്ഷ സാന്നിധ്യമായിരുന്നുവെങ്കില്‍ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഢി പ്രത്യക്ഷ സാന്നിധ്യമായി.

2004ല്‍ തെലുങ്കു ദേശം പാര്‍ട്ടിയുടെ ദശകം നീണ്ട ഭരണം അവസാനിപ്പിച്ച്‌ വൈ എസ്‌ രാജശേഖര റെഡ്‌ഢി കോണ്‍ഗ്രസ്‌ മന്ത്രിസഭ രൂപവത്‌കരിക്കുമ്പോള്‍ അഭ്യസ്‌തവിദ്യനായ തൊഴില്‍ രഹിതന്‍ എന്നതായിരുന്നു ജഗന്‍മോഹന്‍ റെഡ്‌ഢിക്കുണ്ടായിരുന്ന അന്തസ്സ്‌. അത്രനാളും വൈ എസ്‌ ആറിന്റെ മകനെന്ന നിലയിലും അന്ന്‌ മുതല്‍ മുഖ്യമന്ത്രിയുടെ മകനെന്ന നിലയിലും പ്രാമുഖ്യവുമുണ്ടായിരുന്നു. തുടര്‍ന്നുള്ള മൂന്ന്‌ വര്‍ഷം കൊണ്ട്‌ ജഗന്‍ വ്യവയായിയായി വളരുന്ന കാഴ്‌ച കണ്ടു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മൂന്ന്‌ കമ്പനികള്‍ ആരംഭിച്ചു. പതിനെട്ട്‌ കമ്പനികളില്‍ ഓഹരി പങ്കാളിത്തമായി. മാധ്യമ കമ്പനിയായ ജഗതി പബ്ലിക്കേഷന്‍സ്‌, ഭാരതി സിമന്റ്‌സ്‌, സന്ദൂര്‍ പവര്‍ എന്നിവയാണ്‌ ജഗന്റെ ഉടമസ്ഥതയില്‍ ഇപ്പോഴുള്ള കമ്പനികളില്‍ പ്രധാനം. ജഗതി പബ്ലിക്കേഷന്‍സില്‍ നിന്നാണ്‌ സാക്ഷി പത്രവും ചാനലും സൃഷ്‌ടിയെടുക്കുന്നത്‌. രാമലിംഗരാജു സഹസ്ര കോടികളുടെ തട്ടിപ്പ്‌ നടത്തിയ സത്യം, തട്ടിപ്പ്‌ നടത്താന്‍ വേണ്ടി രൂപവത്‌കരിച്ച മത്യാസ്‌ എന്നീ സ്ഥാപനങ്ങളിലെ ജഗന്റെ പങ്കാളിത്തവും തര്‍ക്ക വിഷയമാണ്‌. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനിയായി രൂപവത്‌കരിച്ച മത്യാസിന്‌ കോടികളുടെ കരാര്‍ വൈ എസ്‌ ആര്‍ ഉറപ്പ്‌ നല്‍കിയതായി അന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു.

വൈ എസ്‌ ആര്‍ എന്ന ജനകോടികളുടെ നേതാവിന്റെ തണലും തുണയുമില്ലാതെയാണ്‌ മകന്‍ വളര്‍ന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. അന്ന്‌ വൈ എസ്‌ ആര്‍ ഗീതികള്‍ മാത്രം പാടിയിരുന്ന സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ എല്ലാറ്റിനോടും കണ്ണടച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വില്ലേജ്‌ നിര്‍മിക്കാന്‍ കരാറെടുക്കുകയും അതില്‍ പിഴവ്‌ വരുത്തിയതിന്റെ പേരില്‍ പഴി മൂളുകയും ചെയ്യുന്ന ദുബൈ കേന്ദ്രമായ എമാര്‍ പ്രോപ്പര്‍ട്ടീസ്‌, ആന്ധ്രയിലെ വൈ എസ്‌ ആര്‍ ഭരണകാലത്ത്‌ സ്വന്തമാക്കിയത്‌ 10,000 കോടിയെങ്കിലും വിലവരുന്ന ഭൂമിയാണ്‌. അതും ചുളുവിലക്ക്‌. ആന്ധ്രാപ്രദേശ്‌ ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ നനാക്രംഗുഡയില്‍ 298 ഏക്കര്‍ സ്ഥലം എമാറിന്‌ കൈമാറി. ഏക്കറിന്‌ 29 ലക്ഷം മാത്രമായിരുന്നു വില. 250 ഏക്കര്‍ സ്ഥലം 66 വര്‍ഷത്തെ പാട്ടത്തിനും നല്‍കി. നിര്‍മിച്ചെടുക്കുന്ന ഗോള്‍ഫ്‌ കോഴ്‌സില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട്‌ ശതമാനം സര്‍ക്കാറിന്‌ നല്‍കണമെന്നതായിരുന്നു പാട്ട വ്യവസ്ഥ. ഈ സ്ഥലത്ത്‌ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും മറ്റും നിര്‍മിക്കുന്ന പദ്ധതിയില്‍ ആന്ധ്രാപ്രദേശ്‌ ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കോര്‍പ്പറേഷനും പങ്കാളിയായി. പാട്ടഭൂമിയില്‍ കോര്‍പ്പറേഷന്‌ 49 ശതമാനം ഓഹരിയെന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ഇത്‌ പിന്നീട്‌ 26 ശതമാനവും നാല്‌ ശതമാനവുമാക്കി കുറച്ചു. ഈ ഇടപാട്‌ നടക്കുമ്പോള്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്ന അമ്പാടി രാംബാബു ഇന്ന്‌ ജഗന്റെ വിശ്വസ്‌തരില്‍ പ്രമുഖനാണ്‌. ഏക്കറിന്‌ പത്ത്‌ കോടി വിലമതിക്കുന്ന ഭൂമി തീരെ കുറഞ്ഞ വിലക്ക്‌ എമാറിന്‌ കൈമാറിയപ്പോള്‍ മറിഞ്ഞ കമ്മീഷനെന്നോ കോഴയെന്നോ വിളിക്കാവുന്ന കോടികള്‍ എത്രയായിരിക്കും? 2004ല്‍ വൈ എസ്‌ ആര്‍ മുഖ്യമന്ത്രിയായ ഉടനെ നടന്ന ഈ ഇടപാടിലെ കോടികളാണോ ജഗനെന്ന വ്യവസായിയെ സൃഷ്‌ടിച്ചത്‌?
2009ല്‍ വൈ എസ്‌ ആര്‍ കൊല്ലപ്പെടുകയും ജഗന്‍മോഹന്‍ റെഡ്‌ഢി കോണ്‍ഗ്രസിന്‌ തലവേദയാവുകയും ചെയ്‌ത ശേഷമാണ്‌ ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നത്‌? ഭൂമി ഇടപാടിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സോണിയാ ഗാന്ധിക്ക്‌ ചില എം എല്‍ എമാര്‍ കത്ത്‌ നല്‍കിയിട്ടുമുണ്ട്‌.

റെഡ്‌ഢി സഹോദരന്‍മാര്‍ക്ക്‌ ഖനനത്തിന്‌ ഭൂമി അനുവദിച്ചു കൊടുത്തതിലും ഹൈദരാബാദിലും പരിസരത്തുമായി നടന്ന ഭൂമി ഇടപാടുകളിലും വലിയ അഴിമതി നടന്നുവെന്ന്‌ തെലുങ്കു ദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്രബാബു നായിഡു അക്കാലത്ത്‌ തന്നെ നിയമസഭയിലും പുറത്തും ആരോപണം ഉന്നയിച്ചിരുന്നു. അന്ന്‌ വൈ എസ്‌ ആര്‍ എന്ന ആദര്‍ശധീരന്റെ തെളിഞ്ഞ ഖദറില്‍ ചളിവാരിയെറിയാന്‍ നായിഡു ശ്രമിക്കുന്നുവെന്ന വാദമുയര്‍ത്തി പ്രതിരോധിക്കുകയാണ്‌ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ ചെയ്‌തത്‌. ആന്ധ്രയിലെ ഏക്കറുകണക്കിന്‌ കൃഷി ഭൂമി വ്യവസായികള്‍ക്ക്‌ പതിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്ന്‌ സി പി എം നേതാവ്‌ സീതാറാം യെച്ചൂരിയും നേരത്തെ ആരോപിച്ചിരുന്നു. അന്ന്‌ അതിനെയും കോണ്‍ഗ്രസ്‌ മുഖവിലക്കെടുത്തില്ല. ആ അഴിമതിയില്‍ വിളഞ്ഞ കനി സംസ്ഥാന മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്‌ കരുക്കള്‍ നീക്കിയപ്പോഴാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ മൂടിന്‌ ചൂട്‌ പിടിച്ചത്‌.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പു മാത്രം കോണ്‍ഗ്രസില്‍ അംഗമാവുകയും വൈ എസ്‌ ആറിന്റെ മകനായതുകൊണ്ടുമാത്രം കഡപ്പയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജഗനെ പിതാവിന്റെ മരണശേഷം മുഖ്യമന്ത്രിയാക്കുന്നതിനെ കോണ്‍ഗ്രസിലെ ഏതാണ്ടെല്ലാ എം എല്‍ എമാരും പിന്തുണച്ചിരുന്നു. എന്തുകൊണ്ടായിരുന്നു ഈ പിന്തുണ? വൈ എസ്‌ ആര്‍ എന്ന നേതാവിനോടുള്ള ആദരവ്‌ മാത്രമോ? അതോ കേന്ദ്ര സര്‍ക്കാറിന്റെ നയനിലപാടുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വൈ എസ്‌ ആര്‍ പിന്തുടര്‍ന്ന സമ്പത്ത്‌ സൃഷ്‌ടിക്കുന്ന പദ്ധതികള്‍ തുടരണമെങ്കില്‍ ജഗന്‍ തന്നെ നേതൃത്വത്തിലുണ്ടാകണമെന്ന ആഗ്രഹമോ? 2004 - 09 കാലത്ത്‌ എന്തൊക്കെ ഇടപാടുകള്‍ നടന്നു, തുടര്‍ന്ന്‌ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്തൊക്കെ എന്ന്‌ വ്യക്തമായി അറിയാവുന്ന വ്യക്തി ജഗനാണ്‌. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ഇപ്പോഴുള്ള `സമ്പല്‍ സമൃദ്ധി' തുടരാന്‍ സാധിക്കും. അതായിരുന്നു കോണ്‍ഗ്രസ്‌ എം എല്‍ എമാരുടെ മനസ്സില്‍.

വൈ എസ്‌ ആറിന്റെ അപകട മരണവും, അതിന്റെ മുന്നനുഭവമില്ലാത്ത നാടകീയതയും ജനമനസ്സുകളില്‍ സൃഷ്‌ടിച്ച സഹാനുഭൂതി മാഞ്ഞുപോയിട്ടില്ല. ആ വളക്കൂറ്‌ മായും മുമ്പ്‌ വിത്തിറക്കണമെന്ന്‌ ജഗന്‍മോഹന്‍ കണക്കുകൂട്ടുന്നു. ജഗന്‍ അധികാരത്തിലേക്ക്‌ എത്തിയാല്‍ മുമ്പ്‌ ആലോചിച്ച പദ്ധതികള്‍ നടക്കുമെന്ന്‌ വിശ്വസിക്കുന്ന ലോബികള്‍ സജീവമാണ്‌. അവരുടെ സാമ്പത്തിക പിന്തുണ കൂടി ഈ നീക്കങ്ങള്‍ക്കുണ്ടാകുമെന്ന്‌ ഉറപ്പ്‌. ഡല്‍ഹിയില്‍ ടാറ്റയും അംബാനിമാരുമാണെങ്കില്‍ ഹൈദരാബാദില്‍ മറ്റു ചിലരാണെന്ന്‌ മാത്രം. യുനീടെക്ക്‌ എന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ കേന്ദ്ര സര്‍ക്കാറിലുള്ള സ്വാധീനം എന്താണെന്ന്‌ ഏറെക്കുറെ പുറത്തുവന്നത്‌ ടെലികോം അഴിമതിയെക്കുറിച്ചുള്ള ആരോപണത്തിലൂടെയാണ്‌. സമാനശക്തികള്‍ക്ക്‌ രാജ്യമെമ്പാടും വിളയാടാന്‍ അവസരമൊരുക്കിയവരാണ്‌ പഴിയേല്‍ക്കേണ്ടത്‌. അത്തരം നയങ്ങളിലാണ്‌ പുനരാലോചന വേണ്ടത്‌. വിളഞ്ഞ വിഷത്തേക്കാള്‍ അപകടകരം വിഷം വിളയാന്‍ അവസരം നിലനില്‍ക്കുന്നുവെന്നതാണ്‌. ആദര്‍ശ്‌, കര്‍ണാടകത്തിലെയും ഉത്തരാഖണ്ഡിലെയും ഭൂമി തുടങ്ങിയ കുംഭകോണങ്ങള്‍ ഇത്തരം അവസരങ്ങളുടെ സൃഷ്‌ടിയാണ്‌. അഴിമതിയുടെ വിശാല സാഗരത്തില്‍ നിന്ന്‌ തെറിച്ച തുള്ളികള്‍. ജഗന്റെ ചോരക്ക്‌ വേണ്ടി കോണ്‍ഗ്രസ്‌ വാളെടുക്കുമ്പോള്‍ ഏതാനും തുള്ളികള്‍ കൂടി തെറിച്ചേക്കും. അപ്പോഴും അവിഷഹ്യ മന്ദഹാസവുമായി മന്‍മോഹനാദികള്‍ കസേരകളിലുണ്ടാകും. പ്രതിഷേധങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ട്‌.